സ്നേഹദൂരം.....💜: ഭാഗം 21

 

എഴുത്തുകാരി: റിൻസി പ്രിൻസ്

ഈ കുറച്ചു ദിവസങ്ങൾ അവൾ തന്നോട് സംസാരിക്കാതെ ഇരുന്നപ്പോൾ താൻ പ്രതീക്ഷിച്ചത് അവൾ തന്നെ പൂർണമായും മറന്നിട്ട് ഉണ്ടാകുമെന്ന് ആണ്, ഒരു ഭ്രമത്തിന് അതിൽ കൂടുതൽ ആയുസ്സ് ഉണ്ടാകും എന്ന് അവൻ വിചാരിച്ചിരുന്നില്ല, പക്ഷേ വീണ്ടും വീണ്ടും തന്നെ കൊല്ലാതെ കൊല്ലുന്നത് പോലെ, അവളുടെ നിറഞ്ഞ മിഴികൾ അവനിൽ ഒരു അസ്വസ്ഥത പടർത്തിയിരുന്നു. വിവാഹത്തിനുള്ള ഓരോ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഇടയിലും ജാനകി ഒന്നും സംസാരിച്ചിരുന്നില്ല, മരവിച്ച ഒരു അവസ്ഥയായിരുന്നു ജാനകിക്ക് എന്ന് അവനും മനസ്സിലായിരുന്നു, അവന്റെ മിഴികൾ ഇടയ്ക്കിടെ അവളെ തേടുന്നുണ്ടായിരുന്നു......... പക്ഷേ അറിയാതെ പോലും ഒരു നോട്ടം അവൾ അവനു നേരെ നൽകിയിരുന്നില്ല, സ്വന്തം ജീവിതത്തോട് തന്നെ ഒരു പ്രതിഷേധം കാണിക്കുന്നത് പോലെ ആയിരുന്നു അവന് തോന്നിയിരുന്നത്...........

ഭാവിയിലേക്ക് ഉള്ള പ്രതീക്ഷയുടെ ഒരു നീക്കിയിരിപ്പും ആ കണ്ണുകളിൽ അവൻ കണ്ടില്ല, അജ്ഞാതമായ ഏതോ ഒരു വികാരത്തിന്റെ പിടിയിലാണ് അവൾ എന്ന് അവന് തോന്നി........... എല്ലാവരുടെയും ഇഷ്ടത്തിന് നിന്ന് കൊടുക്കുന്നു, ആരൊക്കെയോ സെലക്ട് ചെയ്യുന്നത് ഒന്ന് നോക്കുകപോലും ചെയ്യാതെ സമ്മതം പറയുന്നു....... അവസാനം അവളുടെ മുടി കെട്ടി നിൽക്കുന്ന മുഖം ശ്രീദേവ് ശ്രദ്ധിച്ചുതുടങ്ങി, " നിനക്കെന്താ പറ്റിയത്.......? നിന്റെ വിവാഹനിശ്ചയം ആണ്, നീ ഒരു അഭിപ്രായങ്ങളും പറയുന്നില്ലല്ലോ, അവൻ ചോദിച്ചു.... " എല്ലാം നിങ്ങൾ തന്നെ എടുത്താൽ മതി എനിക്ക് തലവേദന ആണ്, അങ്ങനെ ഒരു മറുപടിയിൽ ഒതുക്കി അവൾ , "എന്തുപറ്റി മോളെ നിനക്ക്....?

ശ്രീവിദ്യയും അലിവോടെ അവളുടെ തലമുടിയിലേക്ക് തലോടിക്കൊണ്ട് ചോദിച്ചപ്പോൾ അവളുടെ മുഖത്ത് നിസ്സംഗമായ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നു..... "എൻറെ ഇഷ്ടത്തിന് ഒക്കെ എന്ത് പ്രാധാന്യമാണ് ചേച്ചി, മറുപടി ഒന്നും പറയാതെ അവൾ എഴുനേറ്റു പോയപ്പോൾ ജയന്തിയും ശ്രീവിദ്യയും അസ്വസ്ഥതയോടെ പരസ്പരം നോക്കിയിരുന്നു, സുഗന്ധിയും അത് കേട്ടിരുന്നു....ഇത്രയും പെട്ടന്ന് വിവാഹം നടക്കുന്നതിനുള്ള ദേഷ്യം ആയിരിക്കും അവൾക്ക് എന്നായിരുന്നു എല്ലാവർക്കും തോന്നിയിരുന്നത്, ജയന്തിയുടെ മുഖം മങ്ങുന്നത് കണ്ടപ്പോൾ സുഗന്ധി അവരെ ആശ്വസിപ്പിച്ചു, " ജയ വിഷമിക്കേണ്ട അവൾ കൊച്ചുകുട്ടിയല്ലേ, അവളുടെ എതിർപ്പുകളൊന്നും കാര്യമാക്കേണ്ട,

നല്ലൊരു ജീവിതം ലഭിക്കുമ്പോൾ, അതിൽ സന്തോഷം നിറഞ്ഞുനിൽക്കുമ്പോൾ അവൾ ഈ പറഞ്ഞതൊക്കെ മറന്നോളും..... നമ്മളൊക്കെ സമ്മതത്തോടെ വിവാഹം കഴിച്ചവരാണോ.....? പിന്നീട് ജീവിതത്തിൽ ഒരു സുരക്ഷിതത്വവും സ്നേഹവും ഒക്കെ കിട്ടി തുടങ്ങുമ്പോൾ അവളുടെ വിശ്വാസങ്ങളൊക്കെ മാറിക്കോളും, ഹരി പറഞ്ഞത് അനുസരിച്ച് നല്ല വീട്ടുകാരാണ്, അതുകൊണ്ട് ആ വിവാഹം നടക്ട്ടെ, അത് കഴിയുമ്പോൾ അവന്റെ സ്നേഹവും കരുതലും ലഭിച്ച കഴിയുമ്പോൾ അവളുടെ മനസ്സിലുള്ള എല്ലാ വിഷമങ്ങളും മാറിക്കോളും, അതോർത്ത് നീ വിഷമിക്കേണ്ട..... സുഗന്ധിയുടെ വാക്കുകൾ ഹരിയിലും ഒരു പ്രതീക്ഷ പടർത്തിയിരുന്നു,

ശരിയാണ് പാതിയുടെ സ്നേഹവും കരുതലും കിട്ടുമ്പോൾ എല്ലാം മറക്കാത്ത ഏത് പെൺമനസ് ആണുള്ളത്.....? അമലിന്റെ സ്നേഹത്തിൽ വീർപ്പുമുട്ടുന്ന നിമിഷങ്ങളിൽ അവൾ തന്നെ പതിയെ മറന്നു കൊള്ളും, ഈ പ്രായത്തിൽ അവൾ ക്ക് തോന്നിയ ഒരു കയ്യബദ്ധം ആയി പിൽക്കാലത്ത് അവൾക്ക് ഓർത്തു ചിരിക്കാവുന്ന ഒരു ഓർമ്മയായി, അങ്ങനെ മനസിൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുന്നവളെ കണ്ടപ്പോൾ അവൻറെ മനസ്സും ഒന്ന് പിടഞ്ഞു, താൻ നെഞ്ചോട് ചേർത്ത് നടന്ന കുട്ടിയാണ്, ഇങ്ങനെ ഉരുകുന്നത് കാണാൻ വയ്യ......... എല്ലാവരും വീണ്ടും ഷോപ്പിങിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ അവളുടെ അരികിലായി ശ്രീഹരിയും ചെന്നിരുന്നു,

തൊട്ടരികിൽ ആ സാന്നിധ്യം അറിഞ്ഞപ്പോൾ അവൾ പെട്ടെന്ന് മുഖം ഉയർത്തി അവനെ നോക്കി, പെട്ടെന്ന് തന്നെ അവൻറെ മുഖത്ത് നിന്നും ശ്രെദ്ധ മാറ്റി ഫോണിലേക്ക് നോക്കുകയും ചെയ്തു, "ജാനി കുട്ടിക്ക് എന്താ പറ്റിയത്......? ഏത് നിമിഷം മുതൽ ആണ് മോളെ നിൻറെ മനസ്സിലേക്ക് വേണ്ടാത്ത കാര്യങ്ങൾ ഒക്കെ കടന്നു തുടങ്ങിയത്...... നീ ഇങ്ങനെ വിഷമിച്ചിരിക്കുന്ന കാണാൻ എനിക്ക് ഇഷ്ടമല്ല...... ജാനി മോളെ നീ ആ പഴയ ജാനി കുട്ടി ആവണം, ഹരി ഏട്ടനോട് കളി തമാശകളും കുസൃതികളും ഒക്കെ പറയണം, വീണ്ടും ഒന്നും സംഭവിക്കാത്തത് പോലെ, അവളുടെ മുഖത്തേക്ക് നോക്കി അവൻ പറയാൻ ശ്രമിച്ചിരുന്നു,

എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ മുഖത്തേക്ക് നോക്കി ആത്മാർത്ഥമായി അങ്ങനെ പറയാൻ അവനും കഴിയുന്നുണ്ടായിരുന്നില്ല, തന്നെ മറ്റൊരു കണ്ണിൽകണ്ട അവളോട്‌ നേരിയ പരിഭവം ഉള്ളിലെവിടെയോ നിറഞ്ഞുനിൽക്കുന്നതുപോലെ, പക്ഷേ അവളുടെ മുൻപിൽ അത് കാണിച്ചില്ല, ചിലപ്പോൾ ആ പരിഭവവും അവളെ തകർത്തുകളയാൻ പാകം ഉള്ളതായിരിക്കും, " ഇനി ഒരിക്കലും എനിക്ക് ഹരിയേട്ടന്റെ പഴയ ജാനി ആവാൻ സാധിക്കില്ല, എൻറെ മനസ്സിൽ അക്കാലത്ത് ഹരി ഏട്ടനോട് ഉണ്ടായിരുന്നത് ബഹുമാനവും സ്നേഹവും ഒക്കെ ആയിരുന്നു, പക്ഷേ എൻറെ മനസ്സിൽ ഇപ്പോൾ ഹരിയേട്ടന്റെ സ്ഥാനം അങ്ങനെയല്ല, എന്നും ഒരു വേദനയോടെ മാത്രം,

ഓർക്കാൻ കഴിയുന്ന ഒരു നഷ്ടപ്രണയം മാത്രമാണ് എനിക്ക് ഇപ്പോൾ ഹരിയേട്ടൻ........ മറ്റാരോടും ഇതൊന്നും പറയാൻ പോലും സാധിക്കാതെ എൻറെ മനസ്സ് വീർപ്പുമുട്ടുകയാണ്, പക്ഷേ എന്റെ സ്നേഹം ഹരിയേട്ടന് ഒരു ബാധ്യത ആവില്ല, ഹരിയേട്ടന്റെ നല്ല ജീവിതത്തിന് ഞാനൊരു തടസ്സം ആകുകയില്ല, ഹരിയേട്ടന് വേണ്ടിയാണ് എല്ലാം......... ഒട്ടും താല്പര്യം ഇല്ലാത്ത ഈ വിവാഹം പോലും, മനസ്സുകൊണ്ട് ഞാൻ എന്നും ഹരിയേട്ടന്റെ മാത്രമായിരിക്കും, ശരീരം കൊണ്ട് മറ്റൊരാളുടെ സ്വന്തം ആയാലും എൻറെ മനസ്സിൽ എന്നും ഹരിയേട്ടൻ മാത്രമായിരിക്കും. ........ പക്വതയുള്ള ഒരു സ്ത്രീയെ പോലെ അവൾ പറഞ്ഞപ്പോൾ അത്ഭുതമായിരുന്നു ശ്രീഹരിക്ക് തോന്നിയിരുന്നത്,

ഇങ്ങനെയൊക്കെ സംസാരിക്കാൻ അവൾക്ക് അറിയാമോ എന്ന് പോലും അവൻ ചിന്തിച്ചു പോയിരുന്നു....... അവളുടെ മനസ്സ് വല്ലാത്തൊരു അവസ്ഥയിലാണ് ഈ നിമിഷം എന്നും അവനു തോന്നിയിരുന്നു, ഇല്ലെങ്കിൽ അവൾ ഇങ്ങനെ ഒന്നും സംസാരിക്കില്ല എന്ന് അവന് ഉറപ്പായിരുന്നു, എന്തു പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുന്നത് എന്ന് അവനും അറിയില്ലായിരുന്നു, ആശ്വാസവാക്കുകൾ ഒന്നും ഫലം കാണില്ല എന്ന് മാത്രമല്ല വീണ്ടും അവളുടെ മനസ്സിലേക്ക് മറ്റൊരു മോഹത്തിന്റെ ഉറവ പൊട്ടാൻ കാരണം ആവുകയുള്ളൂ എന്നും അവന് ഉറപ്പായിരുന്നു, വെറുതെ ഒരിക്കൽ കൂടി അവളുടെ മനസ്സിൽ ഒരു മോഹം നൽകേണ്ട, ഇപ്പോൾ തന്നോടുള്ള വാശിയുടെയും ദേഷ്യത്തിന്റെയും പേരിലാണെങ്കിലും അവൾ വിവാഹത്തിനു സമ്മതിച്ചു ഇരിക്കുന്നത് വളരെ നല്ലൊരു കാര്യമാണ് എന്ന് അവനു തോന്നി.......

അത് അങ്ങനെ തന്നെ ഇരിക്കട്ടെ, അതുകൊണ്ടുതന്നെ കൂടുതൽ അവളെ നിർബന്ധിക്കാനും അവൻ പോയില്ല, അവളുടെ അരികിൽ നിന്നും എഴുന്നേറ്റ് നടന്നിരുന്നു ശ്രീഹരി... തിരികെയുള്ള യാത്രയിൽ എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം വീട്ടിലേക്ക് പോകാം എന്ന് തീരുമാനിച്ചിരുന്നു, ഒരു ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തി എല്ലാവരും ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴും ഭക്ഷണത്തിൽ വെറുതെ ഇളകിക്കൊണ്ടിരിക്കുന്ന ജാനകിയെ കണ്ടപ്പോൾ ശ്രീഹരിക്ക് ദേഷ്യമാണ് തോന്നിയത്, തിരികെയുള്ള യാത്രയിൽ ജാനകി മൗനത്തിലായിരുന്നു...... അവന് കാണാവുന്ന രീതിയിൽ ആയിരുന്നു അവൾ പുറകിലത്തെ സീറ്റിൽ ഇരുന്നിരുന്നത്,

ആരോടും ഒന്നും സംസാരിക്കാതെ കാറിലേക്ക് കയറി ഒതുങ്ങിയ സ്ഥലം കണ്ടുപിടിച്ചു കണ്ണുകളടച്ച് കിടക്കുകയായിരുന്നു, അവളുടെ മനസ്സിലെ വിഷമം മനസ്സിലാക്കി കൊണ്ട് തന്നെ ആരും അവളോട് ഒന്നും ചോദിച്ചിരുന്നില്ല, കല്യാണ വിഷയത്തെപ്പറ്റിയുള്ള മറ്റുകാര്യങ്ങൾ ആയി ചർച്ചയിൽ നിറഞ്ഞുനിന്നു, സ്റ്റീരിയോ ഇന്നും ഗാനം നിറഞ്ഞു കേൾക്കുന്നുണ്ട്, ഇന്ന് ഗാനങ്ങളെല്ലാം ശ്രീവിദ്യയുടെ ഇഷ്ടത്തിലായിരുന്നു ഇട്ടിരുന്നത്, ഹരി കൊപ്പം മുൻ സീറ്റിൽ ആയിരുന്നു ശ്രീവിദ്യ, ബൈക്കിൽ പുറകെ ശ്രീദേവും സേതുവും കാറ്ററിംഗ് ബുക്ക്‌ ചെയ്യാൻ പോയതായിരുന്നു അവർ...... മറ്റു കാര്യങ്ങൾ പറയുന്ന തിരക്കിലായിരുന്നു എല്ലാരും.....

പെട്ടെന്നാണ് സ്റ്റീരിയോയിൽ നിന്നും ആ ഗാനം വന്നത്, 🎶🎶 അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ.. മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ, മാറോടമർത്തി കൊതിച്ചിരുന്നു.. എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു എത്രയോ സ്നേഹിച്ചിരുന്നിരുന്നു 🎶🎶 ജാനകി മിഴികൾ വലിച്ചു തുറന്നു, കണ്ണാടിയിലൂടെ കൃത്യമായി തന്നെ ശ്രീഹരി അത് കാണുകയും ചെയ്തു, 🎶🎶 എന്തിനെന്നറിയില്ല ഞാൻ എൻറെ മുത്തിനെ എത്രെയോ സ്നേഹിച്ചിരുന്നിരുന്നു, എത്രയോ സ്നേഹിച്ചിരുന്നിരുന്നു.....🎶🎶ആ വരികൾ കേട്ടപ്പോൾ അറിയാതെ അവളുടെ മിഴികൾ നനഞ്ഞു തുടങ്ങിയിരുന്നു,

അരികിലിരിക്കുന്ന ആരും കാണാതെ അവൾ ഷോൾ കൊണ്ട് ആ മിഴികൾ ഒപ്പി, പക്ഷെ ശ്രീഹരിയുടെ മനസ്സിൽ ആ നിറഞ്ഞ മിഴികൾ ഒരു വേദനയായി നിന്നിരുന്നു.......... അവളുടെ മനസ്സിൽ അവനുള്ള സ്ഥാനം, അവനോടുള്ള പ്രണയം നഷ്ടപ്പെട്ട അപ്പോൾ അവൾ അനുഭവിക്കുന്ന മാനസിക സംഘർഷം, അവയെല്ലാം ആ മിഴികളിൽ നിന്നും അവന് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ടായിരുന്നു......... അത്ഭുതത്തോടെ അറിയാതെ ശ്രീഹരി തിരിഞ്ഞു നോക്കി പോയിരുന്നു, കൃത്യമായി തന്നെ നോട്ടം ചെന്നത് ജാനകിയുടെ മുഖത്തേക്ക് ആയിരുന്നു, " ഹരിയേട്ടാ നോക്കി വണ്ടി ഓടിക്ക്..... ശ്രീവിദ്യ പറഞ്ഞപ്പോഴാണ് ശ്രീഹരിക്ക് ബോധം വന്നത്, അവൻ പെട്ടെന്ന് തന്നെ ഡ്രൈവിങ് ശ്രദ്ധകേന്ദ്രീകരിച്ചു,

തന്നോട് അവൾക്ക് തോന്നിയ കുറച്ചു ദിവസത്തെ പ്രണയത്തിന് ഇത്രയും ആഴം ഉണ്ടായിരുന്നു എന്ന് പോലും അവനെ തോന്നിയിരുന്നു....... അവളുടെ മിഴികളിൽ തെളിഞ്ഞു നിന്ന ആ നിസ്സഹായവസ്ഥ കൊല്ലാതെ കൊല്ലുന്ന താണ് എന്ന് തോന്നി അവന്...... തന്റെ മനസ്സമാധാനം നഷ്ടപ്പെട്ട് തുടങ്ങിയെന്ന് ഒരു വേവലാതിയോടെ തന്നെ ശ്രീഹരി അറിഞ്ഞു, പക്ഷേ രണ്ടു മൂന്നു ദിവസങ്ങൾ കൂടി ഉള്ളൂ അവൾ മറ്റൊരാളുടെ ആയി മാറാൻ, ആ ഒരു സമാധാനം അവനിൽ നിറഞ്ഞുനിന്നു, അവളുടെ മനസ്സിന്റെയും പ്രായത്തിന്റെയും ചാപല്യം ആണ് അത് എന്ന് സ്വന്തം മനസ്സാക്ഷിയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും തന്നെ പ്രണയം നിറഞ്ഞ മുഖത്തോടെ നോക്കുന്ന ആ പെണ്ണിൻറെ മുഖം അവൻറെ മനസ്സിൽ തന്നെ തെളിഞ്ഞു നിന്നിരുന്നു, തന്നെ ഇത്രത്തോളം സ്നേഹിക്കുന്നവളെ വേദനിപ്പിക്കുന്നത് തെറ്റാണോ എന്ന ചിന്തയും ഒരു വേള അവൻറെ മനസ്സിലേക്ക് വന്നു.......

അങ്ങനെ ചിന്തിച്ചിട്ടും അവളെ ഒരിക്കലും മറ്റൊരു സ്ഥാനത്തേക്ക് കാണുവാൻ തനിക്ക് സാധിക്കില്ല എന്ന സത്യത്തിനെ അവൻ അംഗീകരിച്ചു തുടങ്ങിയിരുന്നു, വികാരവും വിവേകവും തമ്മിൽ വലിയ യുദ്ധം നടക്കുന്നതുപോലെ, പക്ഷെ എത്രയൊക്കെ തിരിച്ചു മറിച്ച് ചിന്തിച്ചാലും അവൾ തനിക്ക് അനുജത്തി മാത്രമാണ് എന്ന അനുമാനത്തിൽ എത്താൻ മാത്രമേ ശ്രീഹരിക്ക് കഴിഞ്ഞിരുന്നുള്ളൂ......... അവളെ ഒരിക്കലും തനിക്ക് ചേർത്തു പിടിക്കാൻ സാധിക്കില്ല, അന്നത്തെ ദിവസം പിന്നീട് ജാനകി ഹരിയോട് സംസാരിക്കാൻ നിന്നില്ല.......... നിർബന്ധിച്ച് അവളുടെ അരികിലേക്ക് ചെല്ലാൻ അവനും ആഗ്രഹിച്ചിരുന്നില്ല,

ആ ഒരു നിമിഷം ഒറ്റക്കിരിക്കുവാൻ അവനും ആഗ്രഹിച്ചിരുന്നു, പെട്ടെന്ന് തന്നെ അവിടെ നിന്നും യാത്ര പറഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴും ജാനകിയുടെ നനഞ്ഞ കണ്ണുകൾ തന്നെ വേട്ടയാടുന്നത് ശ്രീഹരി തിരിച്ചറിഞ്ഞു, ഇനി ഒരു പക്ഷേ ജീവിതകാലം മുഴുവൻ ആ കണ്ണുകൾ തന്നെ വേട്ടയാടുന്നോ എന്നൊരു ഭയം അവനിൽ നിറഞ്ഞിരുന്നു, പിന്നീടുള്ള അവൻറെ രാത്രികൾ നിദ്രാവിഹീനങ്ങളായിരുന്നു...... എത്ര ശ്രമിച്ചിട്ടും അവളുടെ വേദനിച്ച് മുഖം മനസ്സിൽ നിന്നും മായുന്നില്ല, പക്ഷേ അവളോടുള്ള ഇഷ്ടത്തിന്റെ നിറത്തിൽ ഒരു തരി പോലും മാറ്റം വന്നിട്ടില്ല, അത് വാൽസല്യം ആയി തന്നെ നില നിൽക്കുകയാണ്, പ്രണയത്തിൻറെ പരിവേഷം ഒട്ടുമില്ല,

പരിശുദ്ധമായ ഒരു ബന്ധമായി മനസ്സില് നില നിന്ന് കൊണ്ടിരിക്കുകയാണ്, അവളുടെ അവസ്ഥയിൽ വേദന തോന്നിയാലും അവളെ പ്രണയിക്കുവാനൊ ഭാര്യയുടെ സ്ഥാനത്തേക്കോ അവളെ കാണുവാൻ സാധിക്കില്ല എന്ന സത്യത്തിന് ശ്രീഹരി അംഗീകരിച്ചു കഴിഞ്ഞിരുന്നു......... റിൻസി  വിവാഹനിശ്ചയത്തിന്റെ തലേരാത്രി എത്ര ശ്രമിച്ചിട്ടും ജാനകിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ല........ഈ രാത്രി മരിച്ചു പോയിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചിരുന്നു, ഹരിയേട്ടൻ അതറിയണം, ഉരുകിയുരുകി താൻ മരിച്ചു എന്ന് അറിയുമ്പോൾ എങ്കിലും തന്നോട് ഒരു ഇഷ്ടം ഹരിയേട്ടനെ തോന്നിയാലോ......?

അത്തരം ചിന്തകൾ അവളുടെ മനസ്സിലൂടെ തന്നെ പോയിരുന്നു, എത്ര ഭാഗ്യം ഇല്ലാത്ത ഒരു പെൺകുട്ടിയാണ് താൻ എന്ന് ആ നിമിഷം അവൾ ചിന്തിച്ചു പോയിരുന്നു, ഇത്രയും ഭാഗ്യം കെട്ട ഒരു വ്യക്തി ലോകത്ത് വേറെ ഉണ്ടായിരിക്കില്ല ചിലപ്പോൾ, അച്ഛന്റെ ലാളനം കിട്ടേണ്ട സമയങ്ങളിൽ തന്നെ അത് നഷ്ടപ്പെട്ടു, അമ്മ പിന്നീട് അച്ഛൻറെ ഓർമ്മകളിൽ ആയിരുന്നു ജീവിച്ചിരുന്നത്, തന്നെ കാര്യമായി അമ്മ ശ്രദ്ധിച്ചു പോലും ഇല്ലായിരുന്നു, അച്ഛൻ മരിച്ചതിനുശേഷം അമ്മ ഒരു ലോകം ഉണ്ടാക്കി അതിൽ തന്നെയായിരുന്നു ജീവിതം, മുഴുവൻ കരുതലും സംരക്ഷണവും എല്ലാം ലഭിച്ചത് അവനിൽനിന്ന് മാത്രം ആയിരുന്നു, അതുകൊണ്ട് തന്നെ താൻ ഒരുപാട് ആഗ്രഹിച്ചിരുന്നു

ആ ഒരുവനോടൊപ്പം ഉള്ള ഒരു ജീവിതവും, പക്ഷേ അതും തൻറെ മനസ്സിനെ ചുട്ടു പൊളിക്കാനുള്ള ഒരു ആയുധമായാണ് ഈശ്വരൻ കണക്കാക്കിയിരുന്നത് ...... ഈ ജന്മം ആഗ്രഹിച്ചിട്ട് ഒന്നും ലഭിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിയാണ് താൻ അവൾക്ക് സ്വയം തോന്നിത്തുടങ്ങിയിരുന്നു, അറിയാതെ മിഴികൾ നനഞ്ഞു വന്നു....... ഓരോന്ന് ഓർത്തു എങ്ങനെയോ ആ രാവ്‌ വെളുപ്പിച്ചു........ അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടിരുന്നു, അമ്മ ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് അവൾ പെട്ടെന്ന് തന്നെ എഴുനേറ്റു, ഈ ദിവസം തന്നെ കാത്തിരിക്കുന്ന ജീവിത വിധികളെ പറ്റി അറിയാതെ................................ തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...