സ്നേഹദൂരം.....💜: ഭാഗം 56

 

എഴുത്തുകാരി: റിൻസി പ്രിൻസ്

ആ രാത്രി ഉറങ്ങാൻ അവൾക്ക് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു......ഹൃദയം തുടിക്കുകയാണ്, പ്രിയപ്പെട്ടവനെ ഒരു നോക്ക് കാണാൻ ആ നെഞ്ചിലേക്ക് ചേരാൻ, ഒന്ന് കണ്ടാൽ മതി..... അല്ലെങ്കിലും ഈ ജന്മം മുഴുവൻ നോക്കിയിരുന്നാലും തനിക്ക് മടുക്കാത്ത ഒരു മുഖം അത്‌ മാത്രമാണ്....... എപ്പോൾ മുതൽ ആയിരുന്നു ആ ഹൃദയത്തോട് എനിക്ക് പ്രണയം തോന്നിത്തുടങ്ങിയത്.....? ആകർഷണം എന്താണെന്ന് അറിയുന്ന പ്രായം മുതൽ ആ മനസ്സിനോട് തോന്നിയത് പ്രണയം തന്നെയായിരുന്നു, അന്ന് പക്ഷേ അതിനെ പ്രണയം എന്ന് പറയാൻ തനിക്ക് അറിയില്ലായിരുന്നു...... എന്നും ഹരിയേട്ടന് മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു, സ്വന്തമാക്കണമെന്ന് ഒരിക്കൽപോലും ആഗ്രഹിച്ചിട്ടില്ല,

കൂടെ ഉണ്ടാകണം അവസാനകാലം വരെ എന്ന് പ്രാർത്ഥിച്ചിരുന്നു...... ഇപ്പോഴും ഒറ്റ പ്രാർത്ഥനയേയുള്ളൂ ഈ സിന്ദൂരചുവപ്പോടെ ഈ മണ്ണിലേക്ക് ലയിക്കണമെന്ന്, ഏഴ് ജന്മങ്ങളിൽ എവിടേലും ഒരു ജന്മം കൂടി ബാക്കി ഉണ്ടേൽ ഇനിയും ജനിക്കണം, ആ ഒരുവനെ പുണരാൻ കഴിയുമെങ്കിൽ മാത്രം....... തളർന്ന തനുവോടെ അവൻറെ നെഞ്ചിലേക്ക് മാത്രം അടർന്നു വീഴാൻ സാധിക്കുമെങ്കിൽ മാത്രം....... ഋതുക്കളുടെ ഒരു ഭാവഗീതങ്ങളും തന്നെ ഭ്രമിപ്പിക്കുന്നതല്ല, പക്ഷേ ആ കണ്ണുകൾക്ക് മുൻപിൽ തെളിയുന്ന തന്നോടുള്ള പ്രണയം, അത് തന്നെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിക്കുന്നു...... പ്രണയത്തിൻറെ മൂർധന്യാവസ്ഥയിൽ ആയി പോകുന്നു,

പ്രണയവും രതിയും കലർന്ന അവൻറെ ഓരോ സ്പർശനങ്ങളും തൻറെ തനുവിൽ പുതിയ പൂക്കളാണ് വിരിയിക്കുന്നത്...... മാറി കിടന്ന ആ താലിയെ ഒരിക്കൽ കൂടി ഒന്ന് ചുണ്ടോട് ചേർത്ത് അവൾ നിദ്രയെ പുണരാൻ ആയി കണ്ണുകളടച്ചു...... ആ ഒരു മുഖം മാത്രം മനസ്സിൽ ആലേഖനം ചെയ്തു, പിറ്റേന്ന് രാവിലെ തിരക്കോട് ആയിരുന്നു ആ തറവാട് ഉണർന്നത്...... ഉത്സവം എന്ന് പറഞ്ഞാൽ അവിടെ വലിയൊരു ആഘോഷമാണെന്ന് അവൾക്ക് മനസ്സിലായി...... രാവിലെ മുതൽ സ്ത്രീ ജനങ്ങളെല്ലാം അടുക്കളയിലാണ്...... അവരോടൊപ്പം സഹായവുമായി എത്തിയെങ്കിലും കുട്ടികൾ ആയുള്ള സംഘങ്ങളെ എല്ലാം അവർ ഓടിച്ചുവിട്ടു.......

മുതിർന്നവർ ആ ഒരു ചുമതല ഏറ്റെടുത്തു, എങ്കിലും ജാനകിയുടെ കണ്ണുകൾ എപ്പോഴും പടിപ്പുരയിലേക്ക് തന്നെയായിരുന്നു പാറിവീണു കൊണ്ട് ഇരുന്നത്..... പ്രിയപ്പെട്ടവന്റെ കാലോച്ച കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു കൊണ്ടിരുന്നു...... ആ കാലൊച്ച പോലും തനിക്ക് പരിചിതമാണല്ലോ.....? പഴമ വിളിച്ചോതുന്നതായിരുന്നു തറവാട്..... അതിന് ഉള്ളിൽ നിറഞ്ഞു നിന്നിരുന്ന ദേവവൃക്ഷങ്ങളും അതോടൊപ്പം തന്നെ പേരറിയാത്ത പൂക്കളും,പഠിപ്പുരവാതിലും ചെറിയ മൺപാതയും എല്ലാം അതുപോലെ തന്നെ........ ഒരു ചിത്രകാരൻ പകർത്തി വച്ചത് പോലെ തോന്നി അവിടുത്തെ പ്രകൃതിഭംഗികൾ എല്ലാം തന്നെ......

അതൊക്കെ അവൾക്ക് ഇഷ്ടമായിരുന്നു, കാവും കുളവും പടിപ്പുരയും നെൽപ്പാടവും അങ്ങനെ കാണാൻ ഏറെ കാഴ്ചകളായിരുന്നു അവിടെ ഉണ്ടായിരുന്നത്....... ഇടയ്ക്ക് തിരക്കുകളിൽ ജാനകി വ്യാപൃതനായി പോയിരുന്നു...... അതിനിടയിലാണ് പഠിപ്പുര മുൻപിൽ ഒരു ഇന്നോവ കാർ വന്ന് നിർത്തുന്നത് അവൾ കണ്ടത്..... ഹൃദയം പെരുമ്പറ മുഴക്കി തുടങ്ങി, ആ സാമിപ്യം മനസ്സ് തിരിച്ചറിഞ്ഞത് പോലെ..... കാലുകൾക്ക് വേഗത കൂടുന്നു....... കാറിൽ നിന്നും ആദ്യം ഇറങ്ങിയത് ശ്രീദേവ് ആയിരുന്നു, ശ്രീദേവിന് പുറകെ കോ ഡ്രൈവർ സീറ്റിൽ നിന്ന് ചിരിയോടെ ഇറങ്ങി വരുന്ന ആളെ കണ്ടപ്പോഴേക്കും ഒരു നിമിഷം ഹൃദയം മിടിക്കാൻ മറന്നത് പോലെ.......

ഈ മുഖം എന്നും അവൾക്കു പുതുമ നിറയ്ക്കുന്നത് ആണല്ലോ....... ഏറെ കാലങ്ങൾക്കുശേഷം കാണുന്നതുപോലെ....... ആ കണ്ണുകളും ആരെയോ തിരയുന്നു...... തന്നെ കാണുന്നില്ല, ആ അന്വേഷണം തന്നെയാണെന്ന് മനസ്സിലാക്കിയ നിമിഷം ജാനകിയുടെ മനസ് നിറഞ്ഞിരുന്നു........ ആൾക്കൂട്ടത്തിൽ ഓരോരുത്തർക്കും ഇടയിൽ ആ കണ്ണുകൾ പരതുകയാണ്, ഒടുവിൽ തിരഞ്ഞ മുഖത്തേക്ക് എത്തുന്നതും ആ കണ്ണുകളിൽ അവൾക്ക് മാത്രം കാണാൻ കഴിയുന്ന ഒരു പ്രകാശം...... തന്റെ അന്ധകാരങ്ങളുടെ ഉണ്മ ആ കണ്ണുകളിലെ പ്രകാശം മാത്രം അല്ലേ.....? ആ മുഖത്ത് വിരിഞ്ഞ കുസൃതിച്ചിരി...... മറ്റുള്ളവർ കാണാതെ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു....

തനിക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന പ്രണയത്തിൻറെ ഒരു പ്രത്യേക ഭാവം ആ മുഖത്ത്...... തന്നെ ഒന്ന് ആവോളം പുണരാനുള്ള ആഗ്രഹമാണെന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു....... എല്ലാവരെയും നോക്കി പുഞ്ചിരിയും കുശലാന്വേഷണങ്ങളും എല്ലാം നടത്തുന്നതിനിടയിൽ പലപ്പോഴും നോട്ടങ്ങൾ തമ്മിൽ പരസ്പരം ഇടഞ്ഞു...... ഒരു കണ്ണ് ഇറുക്കി കാണിച്ചു ആരും കാണാതെ അവൻ...... രക്തവർണ്ണം നിറഞ്ഞു പോയി ആ പെണ്ണിന്റെ മുഖത്ത്..... പക്ഷേ ഇരുവർക്കും സംസാരിക്കാൻ പോലും ഉള്ള അവസരങ്ങൾ ലഭിച്ചിരുന്നില്ല എന്നതാണ് സത്യം....... ഒരുപാട് വർഷങ്ങൾക്കു ശേഷം കണ്ടതുകൊണ്ട് തന്നെ ബന്ധുജനങ്ങൾ എല്ലാവരും ശ്രീഹരിയെ ചുറ്റിയിരുന്നു......

എല്ലാവരോടും വിശേഷങ്ങൾ പറയുന്നുണ്ടെങ്കിലും ശ്രീഹരിയുടെ ശ്രദ്ധ മുഴുവൻ ആ ഒരുവളിലായിരുന്നു.....അവളാണെങ്കിൽ ചലിക്കാൻ പോലും കഴിയാതെ നിൽക്കുകയാണ്...... ഒന്ന് കണ്ടാൽ മാത്രം മതി, അരികിൽ പ്രിയപ്പെട്ടവൻ, ആവോളം ആ മുഖം മനസ്സിലേക്ക് പതിപ്പിക്കുകയാണ് അവൾ എന്ന് അവന് മനസ്സിലായി....... ഒന്നൂടെ വെളുത്തിട്ട് ആൾ, നീല ജീൻസും കറുത്ത നിറത്തിൽ ഉള്ള ഷർട്ടും ആണ് വേഷം.... ആരും കാണുന്നില്ല എന്ന് മനസ്സിലാക്കി കൊണ്ട് അവൻ വെറുതെ അവൾക്ക് വേണ്ടി ചുണ്ടുകൾ കൊണ്ട് ഉമ്മ നൽകി.... ആ നിമിഷം പൂത്തുലഞ്ഞു പോയിരുന്നു പെണ്ണ് വീണ്ടും......അത്‌ കണ്ട് അറിയാതെ ശ്രീഹരി ചിരിച്ചു പോയി.... അവൾക്ക് എന്നും പ്രിയപ്പെട്ട ആ നുണക്കുഴി തെളിഞ്ഞു..... 

തിരക്കുകളിലേക്ക് ആരൊക്കെയോ ജാനകി വിളിച്ചുകൊണ്ടുപോയി, ഒരു നോക്ക് കാണുക അല്ലാതെ ഒരു വാക്കുപോലും മിണ്ടാൻ സാധിച്ചില്ല....... ആ ഒരു വേദന രണ്ടുപേരുടെയും ഉള്ളിൽ ഒരു നൊമ്പരമായി അവശേഷിച്ചു...... എങ്കിലും പരിചയക്കാരോടൊക്കെ സംസാരിച്ചു ചിരിച്ചു കൊണ്ടിരുന്ന ശ്രീഹരിയെ ഒട്ടൊരു കൗതുകത്തോടെ തിരക്കുകൾക്കിടയിൽ നിന്നും ജാനകി വീക്ഷിക്കുന്നുണ്ടായിരുന്നു....... പിന്നീട് രണ്ടുപേരും കാണുന്നത് ഉച്ചയ്ക്ക് സദ്യയുടെ സമയത്ത് ആയപ്പോഴാണ്..... ശ്രീഹരിക്ക് അരികിൽ തന്നെ ശ്രീവിദ്യ ജാനകിയെ ഇരുത്തി...... രണ്ടുപേരുടെയും മാനസിലേ വിഷമം മനസ്സിലാക്കി എന്നതുപോലെ.....

എങ്കിലും എല്ലാവരും ഒരുമിച്ച് തറയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിൽ ഒന്ന് സംസാരിക്കാൻ ഉള്ള അവസരം ലഭിക്കുന്നില്ല, എങ്കിലും ഒരു നേർത്ത സ്പർശം ആ കൈകൾക്കുള്ളിൽ ശ്രീഹരി നൽകിയിരുന്നു...... അവളുടെ കൈകളിൽ ആരും കാണാതെ അവനൊന്ന് മുറുക്കിപ്പിടിച്ചു, സ്നേഹം മുഴുവൻ പകർന്നുനൽകുന്നത് പോലെയുള്ള ഒരു ചേർത്തു പിടിക്കൽ തന്നെ....... അവൾക്ക് മനസ്സിലായിരുന്നു അവൻറെ മനസ്സ് ആ മുഖത്തേക്ക് നോക്കിയപ്പോൾ....... ഇരുകണ്ണുകളും തമ്മിൽ ഉടക്കി..... ഒരു പുഞ്ചിരി അവൾക്കുവേണ്ടി സമ്മാനിച്ചു...... ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഒരു ഉറക്കത്തിന് പോലും സമയം നൽകാതെ ശ്രീഹരി തിരക്കിൽ പെട്ടു.....

കുടുംബക്ഷേത്രത്തിലെ ഉത്സവമാണ് അതുകൊണ്ടുതന്നെ പുരുഷജനങ്ങൾ എല്ലാവരെയും അവിടേക്ക് മുതിർന്ന കാർണോർ കൊണ്ടുപോയിരുന്നു...... അക്കൂട്ടത്തിൽ ശ്രീഹരിയും ഉണ്ടായിരുന്നു, അവിടെ ചിട്ടവട്ടങ്ങൾ എല്ലാം നോക്കി കണ്ടതിനുശേഷം തിരികെ വന്ന എല്ലാവർക്കും കൂടി പോകാം എന്ന് പറഞ്ഞതിനാൽ ഭക്ഷണശേഷം ശ്രീഹരിയൊടെ ഒറ്റയ്ക്ക് സംസാരിക്കാം എന്നുള്ള അവളുടെ മോഹവും പാഴായി...... പിന്നീട് വൈകുന്നേരം കുളത്തിൽ ആയിരുന്നു എല്ലാരും കുളിച്ചത്, വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു ജനകിയെ സംബന്ധിച്ചെടുത്തോളം അത്....... കുളിയൊക്കെ കഴിഞ്ഞ് തിരികെ വന്നപ്പോൾ അപ്പോഴേക്കും കുട്ടി പട്ടാളം കുറച്ച് മുല്ലപ്പൂക്കളും ആയി വന്നിരുന്നു.......

മുടിയിൽ മുല്ല പൂക്കൾ എല്ലാം തിരികി വന്നപ്പോഴാണ് വിയർത്ത് കുളിച്ചു വരുന്ന ശ്രീഹരിയെ കണ്ടത്......ഒരു നിമിഷം ഒന്ന് കൂട്ടിമുട്ടുകയും ചെയ്തു, വീഴാൻ പോയവളെ തന്റെ കൈക്കുള്ളിൽ ചേർത്തവൻ.... " ഇതുവരെ സാരി ഉടുത്തു നടക്കാൻ പഠിച്ചില്ലേടി നീ.... ഒരു കുസൃതിയോടെ അവൻ ചോദിച്ചു..... ഒരു നിമിഷം മറുപടി പറയാൻ പോലും അവൾ മറന്നുപോയി.... ആ നിമിഷം രണ്ടു പേരുടെയും കണ്ണുകൾ പരസ്പരം പുണർന്നു....അവൻ ചേർത്തുനിർത്തി അവളെ കാണുകയായിരുന്നു..... " ശ്രീയേട്ടാ..... ഏറെ പ്രണയത്തോടെ ഉള്ള വിളി.... " എന്തോ..... അതിലും ആർദ്രമായ മറുപടി.... ചേർത്ത് നിർത്തിയ കരങ്ങൾ അവളെ നെഞ്ചോട് ചേർത്തു,

വിയർപ്പും പെർഫ്യൂമും ചേർന്ന സുഗന്ധം അവന്റെ ശരീരത്തിൽ നിന്ന് വമിച്ചു.... അവളിൽ നിന്ന് ആവട്ടെ മുല്ലപ്പൂവിന്റെയും സിന്ദൂരത്തിന്റെയും എല്ലാം കൂടി കലർന്ന ഗന്ധം.... അവളുടെ നീളൻ വിരലുകൾ അവന്റെ മുഖത്ത് തഴുകി..... ഒരു നിമിഷം പരിസരം മറന്നുപോയവൾ.....ഇടുപ്പിൽ മുറുകിയ അവന്റെ കരങ്ങൾ അവളുടെ ഉള്ളിലെ മോഹത്തിനെ വർധിപ്പിച്ചു.....അവളുടെ കരങ്ങൾ അവന്റെ കഴുത്തിന്റെ പിന്നിൽ എത്തി മെല്ലെ അവന്റെ മുഖം അവൾ തനിക്ക് അരികിലേക്ക് താഴ്ത്തി ആ നെറ്റിയിലേക്ക് അവളുടെ അധരങ്ങൾ നീണ്ട നിമിഷം അവൻ കണ്ണുകൾ അടച്ചു....! "ഹരിയേട്ടാ, ആരുടെയോ വിളികേട്ടപ്പോഴാണ് അവളിൽ നിന്നും അവൻ കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞകന്നു ......

പിന്നെ പെട്ടെന്ന് കുളത്തിലേക്ക് കുളിക്കാൻ പോകുന്നത് കണ്ടു..... കുറച്ചു സമയം കഴിഞ്ഞിട്ടും അവനെ കാണാൻ കഴിയില്ല എന്ന് മനസ്സിലാക്കി, സ്ത്രീകൾ എല്ലാവരും അമ്പലത്തിലേക്ക് പോകാൻ തയ്യാറായപ്പോഴും കണ്ണുകൾ ശ്രീഹരിയെ തിരഞ്ഞിരുന്നു..... ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുപ്പോഴും അവൾ മനസ്സിലാക്കിയിരുന്നു തന്റെ മനസ്സ് ശ്രീഹരിയുടെ അരികിൽ മറന്ന് വച്ചിരിക്കുകയാണെന്നും, ഒരു അപ്പൂപ്പൻതാടിതുണ്ട് പോലെ അത്‌ ഇങ്ങനെ പാറി നടക്കുകയാണ് എന്നും, ശ്രീഹരിയെ ഒന്ന് കണ്ടിരുന്നുവെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചിരുന്നു....... അതിനിടയിൽ വിദ്യയുടെ ഫോട്ടോയെടുപ്പും ഇൻസ്റ്റഗ്രാം റിലും ഒക്കെ തകൃതിയായി നടക്കുന്നുണ്ട്.....

ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവൾക്ക് സാധിക്കുന്നില്ല..... ഇടയ്ക്കിടെ കണ്ണുകൾ തിരയുന്നുണ്ട് പ്രിയപ്പെട്ടവനെ, പക്ഷേ ഊർജ്ജം ആയി തിരഞ്ഞു അവ പരാജയപ്പെടും..... അവസാനം പിൻവാങ്ങും..... ഇടയിൽ വന്ന് കുശലം ചോദിക്കുന്ന ബന്ധുകാരോടും പരിചയക്കാരോടും ഒക്കെ സുഗന്ധി വളരെയധികം സന്തോഷത്തോടെ മരുമകളെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു..... ആളുകൾക്ക് മുൻപിൽ ചിരിയോടെ നിൽക്കുമ്പോഴും ജാനകിയുടെ കണ്ണുകൾ തിരയുന്നത് അവളുടെ ജീവൻറെ ജീവനായിരുന്നു...... ഉത്സവത്തിന് ഓരോ പരിപാടികളും വീക്ഷിച്ചു കൊണ്ടിരുന്നു.... ഇരുട്ടു വീണു തുടങ്ങിയ സമയത്ത് വിളക്കുകൾ തെളിഞ്ഞു,

അതിമനോഹരമായ ഉത്സവപറമ്പ് ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവൾ നോക്കി കണ്ടു...... വഴിവാണിഭക്കാരോക്കേ എത്തിയിട്ടുണ്ട്..... അതോടൊപ്പം ഈശ്വരനെ തൊഴാനെത്തുന്ന ഭക്തരുടെ എണ്ണവും വർധിച്ചുവരുന്നുണ്ട്, പ്രാർത്ഥനാ മന്ത്രങ്ങൾ ഒഴുകിയിറങ്ങുന്ന ഒരു നിമിഷം എപ്പോഴോ അവളുടെ കണ്ണുകൾ പ്രിയപ്പെട്ട ഒരുവനിൽ എത്തി നിന്നു... കരിനീല നിറത്തിലുള്ള ഷർട്ടും അതിനു ചേരുന്ന കരിനീല കരയുള്ള മുണ്ടും ഉടുത്തു സുന്ദരനായി നിൽക്കുന്ന ശ്രീഹരിയുടെ നോട്ടം തന്നിൽ ആണെന്ന് കണ്ട നിമിഷം അവളുടെ മുഖം ഒന്നുകൂടി വിടർന്നു....... കൈകൾകൊണ്ട് സൂപ്പർ എന്ന് അവളെ നോക്കി കാണിച്ചപ്പോൾ ആ മുഖം കുങ്കുമ വർണ്ണം തൊട്ട് എടുക്കാവുന്ന രീതിയിൽ ആയി.....

ഒരു കണ്ണ് ഒന്നു ഇറുക്കി കാണിച്ച് വീണ്ടും പുഞ്ചിരിച്ചു...... ദേവനും അതോടൊപ്പം തറവാട്ടിലെ സിദ്ധാർത്ധും ഉണ്ട്...... അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും അവൻ അവരൊന്നും കാണാതെയാണ് തന്നോടുള്ള ഈ ചേഷ്ടകൾ എന്നും അവൾക്ക് മനസ്സിലായിരുന്നു..... ഒരു നിമിഷം അവന്റെ മുഖത്ത് നിന്ന് മിഴികൾ എടുക്കാൻ പോലും അവൾ മറന്നു..... കണ്ണുകൾ കൊണ്ട് ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് അവൻ ആംഗ്യം കാണിച്ചു, അവിടേക്ക് വരാൻ ആണ് അവൻ പറഞ്ഞത് എന്ന് മനസ്സിലാക്കി അവളും ആൾക്കൂട്ടത്തിൽ നിന്നും മാറാൻ തീരുമാനിച്ചിരുന്നു, എന്നാൽ അവിടേക്ക് നടക്കാൻ തുടങ്ങിയ ശ്രീഹരിയുടെ കൈകളിൽ പിടിച്ചു

ദേവൻ മറ്റാരെയോ പരിചയപ്പെടുത്തി കൊടുക്കുന്നത് കണ്ടപ്പോൾ നിസ്സഹായതയോടെ അവളെ നോക്കാൻ മാത്രമേ അവനും കഴിഞ്ഞിരുന്നുള്ളൂ..... ആ ഒരു നിമിഷം അവളുടെ മുഖത്ത് സങ്കടം നിറഞ്ഞു..... കുറച്ച് സമയം കഴിഞ്ഞപ്പോൾ സിദ്ധാർത്ഥ ശ്രീഹരിയെയും കൂട്ടി എവിടേക്ക് പോകുന്നത് കണ്ടു, പിന്നീട് നോക്കി നിന്നിട്ടും കാര്യമില്ലെന്ന് മനസ്സിലായി വിദ്യയ്ക്ക് ഒപ്പം ജാനകിയും കൂടി... ഓരോന്ന് വെറുതെ നോക്കിക്കൊണ്ടിരുന്നു,ഇടയ്ക്ക് വിദ്യയെ കാണാതെ ആയപ്പോൾ സുഗാന്ധിക്ക് ഒപ്പം കൂടി.... " നീ ഇങ്ങ് വന്നേ ഒരു കാര്യം പറയാനുണ്ട്..... പെട്ടെന്ന് ശ്രീവിദ്യ പിടിച്ചു വലിച്ചു കൊണ്ട് പോയപ്പോൾ കാര്യമൊന്നും മനസ്സിലായില്ലെങ്കിലും അവൾ അവൾക്കൊപ്പം പോയി...

പാടത്തിന്റെ അരികിൽ കൂടി നടന്ന ഒരു കൈത്തോട് കയറി ആണ് പോകുന്നത്, അവളെ പിന്തുടരുക അല്ലാതെ മറ്റു മാർഗങ്ങളൊന്നും അപ്പോൾ ജാനകിക്ക് ഉണ്ടായിരുന്നില്ല..... ഒരുവിധത്തിൽ വിദ്യയ്ക്ക് ഒപ്പം എത്തിയപ്പോൾ ഒരു കൈ വഴി കണ്ട് വിദ്യ പറഞ്ഞു.... " ഇതിലെ പോയാൽ നമ്മുടെ തറവാട് ആണ്..... കുളക്കര ആണ് കാണാൻ കഴിയുന്നത്....നീ അങ്ങോട്ട് ചെല്ല്.... " എന്തിനാ....? " അവിടെ നിന്നെ കാത്ത് ഒരാൾ ഉണ്ട്.... " ആര്.... " നിന്റെ കെട്ടിയോൻ അല്ലാതെ ആരാ.... ഒരു നിമിഷം അവളുടെ കണ്ണുകൾ വിടർന്നത് വിദ്യ കണ്ടിരുന്നു..... " ചേച്ചി.... ചേട്ടന് പറഞ്ഞത് ആണോ....? " പറയില്ലല്ലോ, ഞാൻ അങ്ങോട്ട് ചോദിച്ചു... അവളെ വിളിച്ചോണ്ട് വരണോന്ന്,

നിങ്ങൾ കാണിക്കുന്ന കഥകളിയോക്കെ ഞാൻ കാണുന്നുണ്ട്...... ആ വിഷമം കണ്ട് ഞാൻ അങ്ങോട്ട് ചോദിച്ചത് ആണ്... ജാനകിയുടെ മുഖത്ത് ചമ്മലായിരുന്നു..... " ഏതായാലും എൻറെ കാര്യത്തിന് നിന്റെയും ഹരിയേട്ടന്റെയും ഫുൾ സപ്പോർട്ട് ചെയ്താലേ പറ്റൂ..... അപ്പോൾ നിങ്ങൾക്ക് ഞാൻ ചെറിയ ചെറിയ സഹായങ്ങൾ ഒക്കെ ചെയ്ത് തന്നേ പറ്റൂ..... ചെറിയ ചിരിയോടെ വിദ്യ പറഞ്ഞപ്പോൾ ജാനകി ചിരിച്ചു പോയിരുന്നു...... " പിന്നെ തറവാട്ടിലെ ഉത്സവം അല്ലേ, എല്ലാരും വരാൻ ഒരുപാട് സമയമെടുക്കും..... ചിലപ്പോൾ രാവിലെ ആയി എന്നും വരും, സമാധാനത്തോടെ ഇരുന്ന് സംസാരിച്ചോ, പിന്നെ ഇതിനൊക്കെ സ്മരണ വേണം..... സ്മരണ..... അത്രയേ ഉള്ളൂ പറയാൻ....

🎶പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ പനിമതി മുഖി ബാലേ പത്മനാഭനിന്നെന്നില്‍ കനിവില്ലായ്കയാല്‍ കാമന്‍ പാരം എന്നു മനസി ദുഃസ്സഹമയ്യോ മദന🎶 ഒരു താളത്തിൽ അവൾ പാടി.... " ഒന്ന് പോ ചേച്ചി..... ചെറുചിരിയോടെ അതും പറഞ്ഞ് വിദ്യാ നടന്നപ്പോൾ അവൾ കാണിച്ചുതന്ന വഴിയിലൂടെ ജാനകി അപ്പുറത്തേക്ക് നടന്നിരുന്നു...... ഹൃദയം തുടിക്കോട്ടുന്നത് അറിഞ്ഞിരുന്നു...... അവിടേക്ക് ചെന്നപ്പോൾ ആരെയും കണ്ടില്ല.... ഒരു നിമിഷം ഒരു ഭയം അവൾക്ക് തോന്നി..... ഇരുട്ട് വീണ് തുടങ്ങി.... ഭയന്നു നിന്ന നിമിഷംതന്നെ ഒരു കൈ വന്നു അവളെ നെഞ്ചോട് ചേർത്തിരുന്നു, ആ കൈകളുടെ സ്പർശം അവൾ മനസ്സിലാക്കിയിരുന്നു.... ആ സ്പർശം അവൾക്ക് പരിചിതമാണല്ലോ..... കാത്തിരിക്കൂ..💙

ഹരിയെ വിട്ടതിനു എന്നോട് ദൈവം ചോദിച്ചോളും എന്ന് പറഞ്ഞോരൊക്കെ വായോ....😄

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...