സ്നേഹദൂരം.....💜: ഭാഗം 7

 

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഞാൻ പറയാൻ പോകുന്ന കാര്യം കേട്ട് ജയന്തി ടെൻഷൻ അടിക്കരുത്..... അതുകൊണ്ടാണ് നേരത്തെ തന്നെ പറയുന്നത്.... അമ്മയുടെ മുഖത്തേക്ക് നോക്കി സേതു അങ്കിൾ അത് പറഞ്ഞപ്പോൾ ജാനകിയിലും വല്ലാത്തൊരു ഭയം തോന്നിയിരുന്നു...... തങ്ങളെ സംബന്ധിക്കുന്ന ഒരു കാര്യമാണ് പറയാനുള്ളത് എന്ന് അവൾക്ക് മനസ്സിലായിരുന്നു...... ഒരു നിമിഷം എല്ലാവരും ആകാംക്ഷയോടെ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ വേണ്ടി കാതോർത്തു...... " ജോത്സ്യൻ വിളിച്ചിരുന്നു ഞാൻ പറയാതിരുന്നത് അപ്പോഴത്തെ സന്തോഷം നഷ്ടപ്പെടുത്തേണ്ട എന്ന് വിചാരിച്ചിട്ട് ആണ്.... നമ്മുടെ ജാനി മോളുടെ ജാതകത്തിന് ഒരു പ്രശ്നമുണ്ട്....... " അമ്മയുടെ മുഖം ആശങ്കയാൽ നിറഞ്ഞു..... " പ്രശ്നം എന്ന് വച്ച് പേടിക്കേണ്ട പ്രശ്നമൊന്നുമില്ല..... സേതു ആദ്യം പറഞ്ഞപ്പോൾ തന്നെ ജയന്തിക്ക് പരിഭ്രമം തുടങ്ങിയിരുന്നു...... "

എന്താ അച്ഛാ എന്താ അവളുടെ ജാതകത്തിൽ പ്രശ്നം.... ശ്രീ ഹരിക്കും ആശങ്കയായി..... "ഞാൻ പറഞ്ഞില്ലേ അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല..... മോൾക്ക് ഇരുപതു വയസ്സിനുള്ളിൽ വിവാഹം നടക്കണം........ അതായത് 20 വയസ്സ് തികയുന്നതിനു മുൻപ്........ ഇപ്പോൾ 19 വയസ്സായില്ലേ......? ഇല്ലെങ്കിൽ പിന്നെ 38 വയസ്സ് കഴിഞ്ഞിട്ട് വിവാഹം നടക്കു എന്നാണ് പറയണത്....." പ്രതീക്ഷിച്ചത്ര ദുരന്ത പരമായ ഒന്നുമായിരുന്നില്ല കേട്ടത് എന്ന ഒരു ആശ്വാസം എല്ലാ മുഖങ്ങളിലും തെളിഞ്ഞിരുന്നു..... " അത്രയേ ഉള്ളോ....? ഞാൻ പേടിച്ചുപോയി..... " സുഗന്ധി പറഞ്ഞു..... "അത്രയേ ഉള്ളൂന്നോ....? അത് ചെറിയ കാര്യമാണോ....? അവൾ ചെറിയ കുട്ടിയല്ലേ.....? ഇപ്പോഴെ അവളെ പിടിച്ച് കെട്ടിക്കാൻ പറ്റുമോ.....?

ശ്രീദേവ് അമ്മയുടെ നേരെ ചോദ്യമുന്നയിച്ചു...... " 20വയസ് എന്ന് പറയുന്നത് പെൺകുട്ടികളെ കെട്ടിക്കാൻ പറ്റുന്ന പ്രായം തന്നെയാണ്...... അത് അത്ര ചെറിയ പ്രായമൊന്നുമില്ല...... ഇതിപ്പോ അവൾക്ക് 19 വയസ്സ് തുടങ്ങിയിട്ടേയുള്ളൂ....... നമുക്ക് ഒരു ചെക്കനെ നോക്കാനുള്ള സമയം കിട്ടുകയും ചെയ്യും....... സുഗന്ധി പറഞ്ഞപ്പോൾ ജയന്തിക്കും നേരിയ ഒരു ആശ്വാസം തോന്നി...... എങ്കിലും പെട്ടെന്ന് ഒരുവിവാഹം...... അതിനെ പറ്റി ചിന്തിക്കാൻ ജയന്തിക്ക് സാധിച്ചിരുന്നില്ല....... അതിനു മാത്രം ഒന്നും ഞങ്ങൾ കരുതിവെച്ചിട്ടില്ലയിരുന്നില്ല മകൾക്കുവേണ്ടി....... എന്നാൽ ഈ വാർത്തയുടെ നടുക്കത്തിൽ ആയിരുന്നു ജാനകി.....

തന്റെ പ്രണയം തിരിച്ചറിഞ്ഞ ദിവസം തന്നെ തനിക്ക് കേൾക്കേണ്ടി വന്നത് തൻറെ വിവാഹ കാര്യത്തെ പറ്റിയുള്ള ചർച്ചകൾ ആണ്.......... " എങ്കിൽ പിന്നെ രണ്ടു വിവാഹവും ഒരുമിച്ച് നടത്താം...... സുഗന്ധി അങ്ങനെ ഒരു അഭിപ്രായം പറഞ്ഞപ്പോൾ സേതുവിനും അത് നല്ലതാണ് എന്ന് തോന്നിയിരുന്നു..... " എൻറെ കാര്യം അവിടെ നിൽക്കട്ടെ..... എനിക്ക് ജാതകത്തിൽ കുഴപ്പമൊന്നുമില്ലല്ലോ ഏതായാലും ജാനികുട്ടിക്ക് 20 വയസ്സിന് മുൻപ് ഒരു ചെക്കനെ എങ്ങനെയേലും കണ്ടുപിടിക്കണം...... ഞാൻ പോകുന്നതിനു മുൻപ് തന്നെ നല്ലൊരു ചെക്കനെ ഇവൾക്കുവേണ്ടി കണ്ടുപിടിക്കണം...... ശ്രീഹരി അത് പറഞ്ഞപ്പോൾ വല്ലാത്തൊരു ഹൃദയവേദന അവൾ അനുഭവിക്കുന്നുണ്ടായിരുന്നു....

എനിക്ക് മറ്റാരെയും കണ്ടുപിടിക്കേണ്ട ഹരിയേട്ടൻ തന്നെ എന്നെ കല്യാണം കഴിക്കു എന്ന് പറയാൻ അവളുടെ മനസ്സ് വെമ്പി....... പക്ഷേ വാക്കുകൾ പുറത്തേക്ക് വന്നിരുന്നില്ല....... ഒന്നും പറയാതെ അവൾ മുകളിലേക്ക് കയറി പോയപ്പോൾ ശ്രീവിദ്യയും അവളെ അനുഗമിച്ചിരുന്നു...... ശ്രീദേവിനും അത്ര നേരത്തെ അവളെ വിവാഹം കഴിപ്പിക്കുന്നതിനു താൽപര്യമുണ്ടായിരുന്നില്ല......അവൾ പോയി കഴിഞ്ഞപ്പോൾ അവൻ ആ കാര്യം തുറന്നു പറയുകയും ചെയ്തു....... " ഇതൊക്കെ ഒരോ അന്ധവിശ്വാസങ്ങൾ അല്ലേ അച്ഛാ.....? എന്തിനാ ഇത്ര ചെറുപ്പത്തിലെ അവളെ കല്യാണം കഴിപ്പിക്കുന്നത്.....? ഇപ്പോൾ 20 വയസ്സ് ആയിട്ടുള്ളൂ..... ശ്രീദേവ് പറഞ്ഞപ്പോൾ ശ്രീഹരി അവനെ തിരുത്തി....

" ഒക്കെ ഒരു വിശ്വാസമല്ലേ ദേവാ..... നാളെ നമ്മൾ ഇതൊന്നും കേൾക്കാതെ അവളുടെ വിവാഹം നടത്തി എന്ന് വെക്കുക, മറ്റൊരിക്കൽ അവൾക്ക് ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം വന്നാൽ നമ്മൾ തന്നെ ചിന്തിക്കില്ലേ ഒരുപക്ഷേ അന്ന് വിവാഹം നടത്തിയിരുന്നെങ്കിൽ നന്നായിരുന്നുവെന്ന്....... ഇതിപ്പോ നമുക്കൊരു സാവകാശം ഉണ്ടല്ലോ....... പയ്യനെ കണ്ടു പിടിക്കാനും കാര്യങ്ങൾ അന്വേഷിക്കാനും ഒക്കെ നമ്മൾ എല്ലാരും ഇല്ലേ......? നമ്മൾ എല്ലാവരും കൂടി അവൾക്കുവേണ്ടി കണ്ടുപിടിക്കുന്നത് മോശപ്പെട്ടത് ഒന്നും ആയിരിക്കില്ല...... ശ്രീഹരി അത് പറഞ്ഞപ്പോൾ ജയന്തിയ്ക്കും ഒരു ആശ്വാസം തോന്നിയിരുന്നു..... സുഗന്ധി ജയന്തിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.....

" ജയ വിഷമിക്കേണ്ട....... നമുക്ക് എല്ലാവർക്കും കൂടി നല്ലൊരു പയ്യനെ തന്നെ അവൾക്കുവേണ്ടി കണ്ടുപിടിക്കാം...... " ഞങ്ങളെല്ലാവരും അതിനു വേണ്ടി അരയും തലയും മുറുക്കി ഇറങ്ങാൻ പോവാ...... അല്ലേ ദേവ... ശ്രീദേവിനെ നോക്കി ശ്രീഹരി ചോദിച്ചപ്പോൾ ആശങ്കയോടെ നിൽക്കുന്ന ജയന്തിയുടെ മുഖത്തിനു മുൻപിൽ മറ്റു മറുപടികൾ ഒന്നും പറയുവാൻ അവനും ഉണ്ടായിരുന്നില്ല..... " അതെ..... അങ്ങനെ അവൻ പറഞ്ഞപ്പോൾ ജയന്തിക്കും ഒരു ആശ്വാസം തോന്നിയിരുന്നു..... താൻ ഒറ്റക്ക് അല്ല എന്ന ഒരു ആശ്വാസം.... 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ഈ വിവരം കേട്ടപ്പോൾ മുതൽ മിണ്ടാതെ ഇ നിൽക്കുന്ന ജാനകിയുടെ അരികിലേക്ക് ശ്രീവിദ്യ വന്ന് അവളുടെ തോളിൽ പിടിച്ചു....

" എനിക്കറിയാം നിനക്ക് വിഷമം ആയിട്ടുണ്ടാവും..... എന്ത് ചെയ്യാനാ അല്ലെങ്കിലും നമ്മൾ പെൺകുട്ടികളുടെ വില്ലൻ എന്നു പറയുന്നത് ജാതകം ആണ്.... അതിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ വന്നാൽ പിന്നെ വീട്ടിലുള്ളവർ സ്വസ്ഥത തരില്ല..... നീ വിഷമിക്കേണ്ട ഏതായാലും ഉടനടി ഒന്നു നിൻറെ കല്യാണം നടക്കില്ല...... കുറച്ചെങ്കിലും സമയമെടുക്കും..... അതിനുള്ളിൽ നമുക്ക് എന്തെങ്കിലും ഒരു വഴി തെളിഞ്ഞുവരും...... സമാധാനമായിട്ട് ഇരിക്ക്..... ഒരു വഴി അടയുമ്പോൾ മറ്റൊരു വഴി ഈശ്വരൻ തുറക്കും എന്നാണ് പറയുന്നത്..... ശ്രീ വിദ്യ അങ്ങനെയൊക്കെ പറഞ്ഞിട്ടും അവളുടെ മനസ്സ് തണുത്തിരുന്നില്ല........

ജാതകത്തിൽ ഉണ്ടായ പൊരുത്തക്കേട് ആയിരുന്നില്ല അവളുടെ വേദന എന്ന് അവൾ മനസ്സിലാക്കുകയായിരുന്നു....... ഹരിയേട്ടൻ പറഞ്ഞ ആ വാക്കുകളാണ്...... തനിക്ക് വേണ്ടി ഒരു വിവാഹ ചെറുക്കനെ കണ്ടു പിടിക്കാം എന്ന്...... അതിന് ഹരിയേട്ടൻ തന്നെ മുൻകൈ എടുക്കാം എന്ന്....... താൻ കൂടുതൽ മനസ്സിൽ ഇപ്പോൾ കൊണ്ടുനടക്കുന്ന രൂപം ഹരി ചേട്ടൻറെ ആണല്ലോ........ ഹരിയേട്ടൻ തന്നെ തനിക്ക് വേണ്ടി വിവാഹ ചെറുക്കനെ കണ്ടു പിടിക്കും എന്ന് പറഞ്ഞപ്പോൾ ഒരു നോവ് മനസ്സിൽ ഉടലെടുത്തു..... ഹരിയേട്ടന് ഒന്നും അറിയില്ലല്ലോ എന്ന് പറഞ്ഞു മനസ്സിനെ തണുപ്പിക്കാൻ നോക്കിയിട്ടും അത് കഴിയുന്നില്ല....... ഹരിയേട്ടൻ തന്നിൽ നിന്നും അകന്നു പോകാൻ തുടങ്ങുകയാണ് എന്ന് മനസ്സ് പറയുന്നത് പോലെ.......

ആ ചിന്ത പോലും അവളെ വല്ലാതെ ഭയത്തിൽ കൊണ്ടുചെന്ന് ആഴ്ത്തി...... വീണ്ടും എന്തൊക്കെയോ പറഞ്ഞു ശ്രീവിദ്യ ആശ്വസിപ്പിച്ചു അതൊന്നും അവൾ കേട്ടില്ല....... അവളുടെ മനസ്സിൽ ഒരു രൂപം മാത്രം തെളിഞ്ഞു നിന്നു...... ആ ഹൃദയം അറിയാതെ തന്റെ പ്രണയം മനസ്സിൽ നിറഞ്ഞു നിൽക്കുക അല്ലേ...?ഉടലും ഉലകും അറിയാതെ തന്റെ ഹൃദയം തടവിൽ ആക്കിയവൻ, താൻ പോലും അറിയാതെ തന്നെ പ്രണയിക്കാൻ പഠിപ്പിച്ചവൻ.... പെട്ടന്ന് മറക്കാൻ കഴിയുമോ അവനെ തനിക്ക്....? ഇല്ല അങ്ങനെ ഒരു ഭ്രമം അല്ല ജാനകിക്ക് ശ്രീഹരി....അവന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഓരോ സെക്കന്റുകളും തന്റെ പ്രണയം അതിന്റെ ആഴം കൂട്ടുകയാണ്...

അവളുടെ മനസ് വലിയ മസ്തിഷ്ക യുദ്ധം തന്നെ നടത്തി, തിരിച്ചും മറിച്ചും ഒക്കെ ചിന്തിച്ചു നോക്കിയിട്ടും ശ്രീഹരി എന്ന പ്രണയനാളം കൂടുതൽ ജ്വലിച്ചു തന്നെ നിന്നു, പ്രഭയോടെ തന്നെ....ഒരാളുടെ സ്വന്തം ആകുന്നത് മാത്രം ആണോ പ്രണയം...? അല്ലേല്ല ഒരു നിർബന്ധങ്ങളും ഇല്ലതെ അയാളെ മനസ്സിൽ സൂക്ഷിക്കുന്നത് പ്രണയം തന്നെ അല്ലേ....? വ്യവസ്ഥകൾ ഇല്ലാത്ത പ്രണയം.... "ജാനീ നിന്നെ ഹരിയേട്ടൻ വിളിക്കുന്നു...... എത്ര ഗ്രാഹ്യമായ ആലോചനയും പരിസമാപ്തിയിൽ എത്താൻ ആ ഒരു പേര് തന്നെ ധാരാളം അല്ലേ തന്നിൽ....!! വിദ്യചേച്ചി അങ്ങനെ പറഞ്ഞപ്പോൾ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു അവൾക്ക്.......

ഇപ്പോൾ ആ സാമീപ്യം തന്നെ തനിക്ക് നൽകുന്ന സന്തോഷം എത്രവലുതാണെന്ന് ജാനകി വിചാരിക്കുകയായിരുന്നു... " ഹരിയേട്ടനോ എവിടെ....?? " അങ്ങനെ ചോദിച്ചപ്പോൾ സ്വരം അല്പം ഉയർന്നു പോയോ എന്ന് പോലും അവൾ ഭയന്നു...... ശ്രീവിദ്യയുടെ മുഖത്ത് വലിയ മാറ്റമൊന്നുമില്ല എന്ന് കണ്ടപ്പോൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു... "ഏട്ടൻ ബാൽക്കണിയിൽ ഉണ്ട്...." പെട്ടെന്ന് തന്നെ അവിടേക്ക് നടക്കുവാൻ കാലുകൾക്ക് ഒരു പ്രത്യേക ധൃതി പോലെ അവൾക്ക് തോന്നി..... അവനെ കണ്ടപ്പോഴേക്കും ഓടി അരികിൽ എത്താൻ മനസ്സ് വെമ്പൽ കൊള്ളുന്നു....... ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു നിൽക്കുന്നവനെ കണ്ട നിമിഷം മുതൽ മനസ്സിൽ നിറയുന്ന വികാരങ്ങളെ നിയന്ത്രിക്കാൻ അവൾ പെടാപ്പാട് പെടുകയാണ്....... പഴയതുപോലെയല്ല ഹരിയേട്ടനെ കാണുമ്പോൾ അല്ല ഇപ്പോൾ അനുഭവപ്പെടുന്നത്.....

താൻ എവിടെ ആണ് നില്കുന്നത് എന്നും തന്റെ മുന്നിൽ നിൽക്കുന്ന ആൾ തനിക്ക് ആരാണ് എന്നും ഒക്കെ ആ നിമിഷം വിസ്മരിക്കും പോലെ,പ്രിയപ്പെട്ടവനെ കണ്ടപ്പോൾ മുതൽ ലോകം അവനിലേക്ക് ചുരുങ്ങി പോയത് പോലെ.... തെറ്റ് തെറ്റ് തെറ്റ് എന്ന് ആയിരം വട്ടം മനസാക്ഷി അലമുറയിടുമ്പോളും മനസ്സ് അത് കേൾക്കാൻ കൂട്ടാകുന്നില്ല... അവന്റെ അരികിൽ നിൽക്കുമ്പോൾ എല്ലാം തനിക്ക് തോന്നുന്നത് പ്രണയം മാത്രം ആണ്...... പ്രണയത്തിൻറെ ഏറ്റവും മധുരമായ നിമിഷമായി മാറുന്നു..... താൻ ഏറ്റവും പ്രണയിക്കാൻ ഇഷ്ടപ്പെടുന്ന ആൾ തന്റെ മുൻപിൽ വന്നു നിൽക്കുമ്പോൾ തനിക്ക് ഉണ്ടാകുന്ന സന്തോഷം, ആ സാന്നിധ്യം തന്റെ അരികിൽ ഉണ്ടാകുമ്പോൾ കണ്ണിലൂടെ കടന്നുപോകുന്ന വികാരങ്ങൾക്ക് മറ്റൊരു നിറം ആണ്....... ഇതിനുമുൻപ് എത്രയോവട്ടം ഒറ്റക്ക് ഹരിയേട്ടൻ തന്നോടൊപ്പം നിന്നിരിക്കുന്നു......

" മോളെ..... ആ നിമിഷത്തെ അവൻറെ ഒരു ഒറ്റ വിളി മതിയായിരുന്നു അവളുടെ മനസ്സിൽ തോന്നിയ എല്ലാ മോഹങ്ങളെയും തച്ചുടയ്ക്കാൻ..... " മോളെ " എന്ന് അവൻറെ വിളി വീണ്ടും ആ പഴയ ജാനകി ആയി പോകും പോലെ, അല്ലെങ്കിൽ തന്നെ ഒരു സഹോദരന്റെ വാത്സല്യം നൽകിയാണ് സ്നേഹിക്കുന്നത് എന്ന തോന്നൽ, അതോടെ തൻറെ മനസ്സിൽ അവനോട് തോന്നുന്ന എല്ലാ പ്രണയവും ഒരു നിമിഷം കൊണ്ട് നിസഹായം മാത്രം ആകുന്നത് പോലെ....... തന്റെ പ്രണയം പെട്ടെന്ന് തന്നെ മനസ്സിനുള്ളിലെ ജാലകത്തിലേക്ക് ചേക്കേറി...... "നിനക്ക് ഭയങ്കര വിഷമം ആണെന്ന് വിദ്യ പറഞ്ഞു...... എന്തുപറ്റി ..... അവളുടെ തോളിലൂടെ കയ്യിട്ടു തന്നോട്‌ ചേർത്തുനിർത്തി ആണ് പറയുന്നത്.....

പക്ഷേ ആ സ്പർശം അത് നൽകുന്നത് വാത്സല്യവും കരുതലും അല്ല ഹരിയേട്ടാ, പ്രണയം മാത്രമാണ്..... ചുട്ടുപൊള്ളുന്ന പ്രണയം....!! അവൾ മനസ്സിൽ പറഞ്ഞു...... " വിഷമിക്കേണ്ട കാര്യമൊന്നുമില്ല ജാനികുട്ടി...... എനിക്കറിയാം പെൺകുട്ടികളെ ഇത്ര പെട്ടെന്ന് കല്യാണം കഴിച്ചു വിടേണ്ട കാര്യമൊന്നുമില്ല എന്ന്..... നിനക്ക് പഠിക്കാൻ നല്ല കഴിവുണ്ട്, വിദ്യാഭ്യാസം പൂർത്തിയാക്കുക തന്നെ വേണം.... എത്രത്തോളം പഠിക്കാം അതിനൊക്കെ മോൾക്ക് സഹായം തരുന്ന മോളെ മനസ്സിലാക്കുന്ന ഒരാൾക്ക് മാത്രമേ നിന്നെ കൊടുക്കുന്നുള്ളൂ...... ജാതകത്തിൽ ഇങ്ങനെ ഒരു പ്രശ്നം വന്നു എന്ന് കരുതി എടുത്തു പിടിച്ചു കല്യാണം ഒന്നും നടക്കാൻ പോകുന്നില്ല.......

.വളരെ പതുക്കെ നമുക്ക് എല്ലാ കാര്യങ്ങളും തീരുമാനിച്ച് ഉറപ്പിച്ചേ കല്യാണം നടത്തുകയുള്ളൂ...... നീ അതൊന്നും ഓർക്കേണ്ട കാര്യമില്ല ...... സൗമ്യമായി തന്നെ അവൻ പറഞ്ഞു..... " ഹരിയേട്ടാ....!! എനിക്ക് കല്യാണം ഒന്നും വേണ്ട ഇപ്പൊൾ.... അവൾ കരയും എന്ന നിലയിൽ ആയി ... " ഉടനെ ഒന്നും ആരും നടത്തുന്നില്ലടാ ഞാൻ പറഞ്ഞില്ലേ.....? നീ അതൊന്നും ഓർത്ത് ടെൻഷനടിക്കേണ്ട, ഹരിയേട്ടൻ അല്ലേ പറയുന്നത്..... ഹരിയേട്ടൻ പറഞ്ഞാൽ നിനക്ക് വിശ്വാസമില്ലേ........? അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ ഹരിയേട്ടൻ പറയുന്നതിനപ്പുറം മറ്റൊന്നും തനിക്ക് ഇല്ല എന്ന് ആർത്തലച്ച് മനസ്സ് പറയുന്നുണ്ടായിരുന്നു.....

" മോള് വിഷമിക്കരുത് നീ വിഷമിച്ചിരുന്നാൽ നിന്റെ അമ്മയ്ക്കും വിഷമം ആകും..... നിനക്കറിയാലോ...... വയ്യാതെ ഇരിക്കുക ആണ്..... നിൻറെ കാര്യത്തിൽ ഒന്നാമത് ടെൻഷൻ ആണ്...... അമ്മയെ സംബന്ധിച്ചെടുത്തോളം നിന്റെ വിവാഹം കഴിയുമ്പോൾ അമ്മയുടെ മനസ്സിൽ ഒരു സമാധാനം ആണ്.... എൻറെ കുട്ടി സമാധാനത്തോടെ ഇരിക്ക്.... ഇപ്പൊ ഇങ്ങനെ ഒരു കാര്യം നിൻറെ മനസ്സിനെ വിഷമിപ്പിക്കാൻ പാടില്ല കേട്ടോ, ഹരിയേട്ടന് വേണ്ടി..... അത് പറഞ്ഞപ്പോൾ അവൾ തലകുലുക്കി സമ്മതിച്ചിരുന്നു...... "ഇനി ഹരിയേട്ടന്റെ കുട്ടി നന്നായി ഒന്ന് ചിരിച്ചേ......? ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ വിടർന്നൊരു പുഞ്ചിരി അവന് വേണ്ടി അവൾ സമ്മാനിച്ചിരുന്നു....

" എങ്കിൽ മോള് പോയി കിടന്നോ.....? യാത്ര ഒക്കെ ചെയ്തത് അല്ലേ.... ഹരിയേട്ടന് ഉറക്കം വരുന്നു....... അവളോട് യാത്ര പറഞ്ഞു പോകാൻ തുടങ്ങിയ അവൻറെ കൈത്തണ്ടയിൽ അവൾ പിടിച്ചിരുന്നു..... " എന്താ ജാനികുട്ടി........ " എൻറെ ജീവിതത്തിൽ അവസാനം വരെ ഹരിയേട്ടൻ എനിക്ക് ഒപ്പം ഉണ്ടാവില്ലേ....? അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു.... രാവിലെ അവൾ തന്നോട് പങ്കുവെച്ച് ഒരു സംശയം മനസ്സിൽ വച്ച് തന്നെ ആയിരിക്കും അവൾ സംസാരിക്കുന്നത് എന്ന് അവനു തോന്നിയിരുന്നു...... വിവാഹം കഴിഞ്ഞാൽ തന്നെയും ഈ കുടുംബത്തെയും ഒക്കെ പിരിയേണ്ടി വരും എന്ന് അവൾ ഭയക്കുന്നുണ്ട്.....

ഒരുപക്ഷേ അതു കൊണ്ടായിരിക്കും വിവാഹത്തിൻറെ കാര്യത്തിൽ അവൾക്ക് ഒരു വേദന തോന്നിയതെന്ന് അവനു തോന്നി..... ആ നിമിഷം അവളെ ആശ്വസിപ്പിക്കേണ്ടത് തന്റെ കടമയാണെന്നും അവന് മനസ്സിലായിരുന്നു.... "ഈ ഹരിയേട്ടൻ ജീവനോടെ ഉള്ള കാലം വരെ ജാനികുട്ടിക്കൊപ്പം ഉണ്ടാകും..... അവളുടെ കൈകളിലേക്ക് കൈവെച്ച് അങ്ങനെ ഒരു ഉറപ്പ് അവൾക്ക് കൊടുക്കുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്തൊരു വിശ്വാസം തോന്നിയിരുന്നു..... " എങ്കിൽ എൻറെ തലയിൽ കൈവെച്ച് പറയുമോ.....? കൊച്ചുകുട്ടികളെപ്പോലെ അവൾ അത് ചോദിച്ചപ്പോൾ മനസ്സിലാവാതെ ചോദ്യഭാവത്തിൽ അവളെ തന്നെ നോക്കി അവൻ...

" അതെന്താ ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസമായില്ലേഡി....... " വിശ്വാസകുറവ് കൊണ്ടല്ല ഹരിയേട്ടാ, എന്റെ ഒരു ഉറപ്പിനു വേണ്ടി അങ്ങനെയൊന്ന് ഹരിയേട്ടൻ പറഞ്ഞാൽ എനിക്കൊരു സമാധാനം ആയേനെ...... ഇല്ലെങ്കിൽ ഇന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റില്ല..... "ഇനി ഇത് വിചാരിച്ചു നീ ഇന്ന് രാത്രി ഉറങ്ങാതെ ഇരിക്കണ്ട.... ശ്രീഹരി മരിക്കുന്ന നാൾ വരെ നിന്നോടൊപ്പം ഉണ്ടാകും..... അവളുടെ തലയിലേക്ക് കൈവെച്ച് അങ്ങനെയൊരു സത്യം നൽകുമ്പോൾ ആ പെണ്ണിൻറെ മനസ്സിൽ അത് ഒരു പ്രണയസാഗരം ആയി തനിക്കായി അലയടിക്കുന്നുണ്ട് എന്ന് അവൻ അറിഞ്ഞില്ല......................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...