സ്‌നേഹത്തോടെ: ഭാഗം 6

 

രചന: മഹാദേവൻ

പതിയെ ആ പൊതി തുറന്ന് അതിലേക്ക് ഭയത്തോടെ നോക്കുമ്പോൾ അഭി പറഞ്ഞ വാക്കായിരുന്നു അവളിൽ ഓടിയെത്തിയത്. " ഇതാണ് നീ കൊതിയോടെ കാത്തിരുന്ന ആ സാധനം ! മനസ്സിനെ ഒരു പറവയെപ്പോലെ വിഹായസ്സിലുടനീളം പറത്താൻ കഴിവുള്ള ജിന്ന് ! സാക്ഷാൽ കഞ്ചാവ്..... " അവൾ പരവേശത്തോടെ അതിലേക്ക് തന്നെ നോക്കിയിരുന്നു കുറച്ചു നേരം. ഉച്ചയ്ക്ക് അവിടെ അവർക്ക് മുന്നിൽ ഭയത്തോടെ നിന്ന സമയത്ത് ഒന്നും ഓർമ്മയുണ്ടായില്ല. ഇനി ഓർത്താൽ തന്നെ അതൊന്നും എടുക്കാനോ അഭിയുടെ കയ്യിൽ തിരികെ ഏൽപ്പിക്കാനോ പറ്റിയ സന്ദർഭമായിരുന്നില്ലല്ലോ അപ്പോൾ. പക്ഷേ, ഇനി ഇതെന്ത് ചെയ്യും എന്ന ചിന്തയോടെ അവളാ പൊതി മടക്കി കയ്യിൽ മുറുക്കെ പിടിച്ചു. മനസ്സിൽ ഭയത്തേക്കാൾ ഉപരി മറ്റുള്ളവരോടുള്ള ദേഷ്യവും അവളുടെ ചിന്തകളെ ഭ്രാന്തമാക്കുന്നുണ്ടായിരുന്നു. അഭി പറഞ്ഞപ്പോലെ ഇതൊന്നു ഉപയോഗിച്ച് നോക്കിയാലോ.

മനസ്സിനെ എല്ലാം മറന്നൊരു ലോകത്തേക്ക് എത്തിക്കാൻ കഴിയുമെങ്കിൽ... പക്ഷേ എങ്ങനെ... വീട്ടിലായതുകൊണ്ട് തന്നെ അതിനുള്ള സന്ദര്ഭമോ സാഹചര്യമോ അല്ല. ഇനി ആരും കാണാതെ ഉപയോഗിച്ചാൽ തന്നെ എങ്ങനെ ആകുമെന്നോ എന്താകുമെന്നോ അറിയില്ല എങ്കിലും എങ്ങനെ ഉപയോഗിക്കണമെന്ന് അഭി പറഞ്ഞതോർമ്മയുണ്ടായിരുന്നു. പക്ഷേ, അതിനൊരു സിഗരറ്റ്..... പിന്നെയും നിരാശ്ശയോടെയും ദേഷ്യത്തോടെയും അവൾ കയ്യിലെ ബാഗ് ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. പിന്നെ സ്വന്തം മുടിയിലോട്ട് വിരൽ കടത്തി ദേഷ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. അതെ സമയത്തായിരുന്നു അടഞ്ഞ വാതിലിൽ ആരോ പുറത്ത് നിന്ന് മുട്ടാൻ തുടങ്ങിയത്. ശിവനൊപ്പം ക്ലബ്ബിൽ ഇരിക്കുമ്പോൾ അനിരുദ്ധൻ ആകെ മൂഡോഫ് ആയിരുന്നു. അമ്മയെ പലപ്പോഴും വിഷമിപ്പിക്കേണ്ടി വരുന്നതെല്ലാം ഒറ്റ വിഷയത്തിൽ ആണെന്ന് ഓർക്കുമ്പോൾ.... ഒരു പെണ്ണിന്റ പേരിൽ ജീവിതം തുലയ്ക്കുന്നവൻ എന്ന് അമ്മ എപ്പോഴും പറയുമ്പോൾ എന്തോ എവിടെയോ ഒരു വിങ്ങലുണ്ട്. അത് അവളെ നഷ്ട്ടപ്പെട്ടതോർത്തല്ല.

ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്ന ആ പാവം പിടിച്ച പെണ്ണിനെ ആണല്ലോ അമ്മ ഇപ്പോഴും പഴിചാരുന്നത് എന്നോർക്കുമ്പോൾ...... " നീ എന്താടാ ഇങ്ങനെ ഇരിക്കുന്നത്. ഉച്ചക്ക് വീട്ടിൽ പോകുംവരെ ഉണ്ടായിരുന്ന ഉഷാർ ഒന്നും ഇപ്പോൾ ഇല്ലല്ലോ. അമ്മ മോനെ എയറിൽ കേറ്റിയോ " ശിവൻ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു. അവനത് കൊളുത്തും മുന്നേ ശിവന്റെ ചുണ്ടിൽ നിന്ന് അത് വാങ്ങി സ്വന്തം ചുണ്ടിലേക്ക് വെച്ച് കൊളുത്തിയിരുന്നു അനിരുദ്ധൻ. " ശിവാ. നീ കരുതുംപ്പോലെ അല്ല കാര്യങ്ങൾ. അന്നത്തെ അടിയും ജയിലിൽ പൊക്കും കൂടി ആയപ്പോൾ അമ്മക്ക് പിന്നെ ആധിയാണ്. ഒറ്റ മോനല്ലേ. വീട്ടിൽ എത്തുമ്പോൾ ഓരോന്ന് പറയും, അതിന്റ കൂടെ പെണ്ണ് കെട്ടാത്തതിന്റെ വേറെയും. ആ കാര്യം പറഞ്ഞ് തുടങ്ങിയാ പിന്നെ അവസാനിക്കുന്നത് അവളിൽ ആണ്. " " ഓഹ്‌. നിന്റ എക്സ് ലവ്വറിൽ " ശിവൻ തലയാട്ടി ചിരിച്ചു. " ടാ... നീ പറയുംപ്പോലെ അതൊരു ദിവ്യപ്രണയമൊന്നും അല്ല. നിനക്ക് അറിയാവുന്നതല്ലേ ഞങ്ങളുടെ സൗഹൃദം. എന്തും തുറന്നു പറയാൻ കഴിയുന്ന ഒരാൾ.

അതായിരുന്നു അവൾക്ക് ഞാനും എനിക്ക് അവളും. " അവനപ്പോൾ കണ്ണിൽ കാണുകയായിരുന്നു നിറമുള്ള ഒരായിരം ചിത്രങ്ങൾ മെല്ലെ ഒഴുകിയകലുന്നത്. " ടാ, അനി ദേ, ആ പെണ്ണവിടെ കരഞ്ഞുനിൽപ്പുണ്ട്. " കോളേജിന് പുറത്തുള്ള പെട്ടിക്കടയിൽ ഒരു ചായയും കുടിച്ച് നിൽകുമ്പോൾ ആണ് ഒരുത്തൻ ഓടി അരികിലെത്തിയത്. " എന്റെ അഭി, നീ സ്ലോമോഷനിൽ ചായേം കുടിച്ച് ചെല്ലുമ്പോഴേക്കും ആ പെണ്ണിന്റ കണ്ണീരു വറ്റും. നിന്റ ബെസ്റ്റി അല്ലേ അവൾ, എന്നിട്ടാണോ നീ... " കൂട്ടുകാരന്റെ ചോദ്യം കേട്ടപ്പോൾ അനിരുദ്ധൻ ഒന്ന് പുഞ്ചിരിച്ചു. പിന്നെ " അച്ചുവേട്ടാ പറ്റിലെഴുതിക്കോ " എന്നും പറഞ്ഞ് അവിടെ കുപ്പിക്ക് മേലേ വെച്ചിരുന്ന ഒരു ബുക്കും എടുത്ത് കോളേജിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് നടന്നു. കോളേജിനകത്തെ പുളിമരച്ചോട്ടിലേക്ക് ചെല്ലുമ്പോൾ അവിടെ കൂട്ടുകാരികൾക്കിടയിൽ കലങ്ങിയ കണ്ണുമായി നിൽപ്പുണ്ടായിരുന്നു അവൾ.

അവരെ വകഞ്ഞുമാറ്റി അവൾക്കരികിൽ നിൽകുമ്പോൾ അവൾ കണ്ണുകൾ തുടച്ചു ചിരിക്കാൻ ശ്രമിച്ചു. " എന്താടി ഒരു കണ്ണീരും കിനാവും. " അനുരുദ്ധന്റെ ചോദ്യം കേട്ട് അവൾ മിണ്ടാതെ നിൽക്കുമ്പോൾ കൂടെ ഉള്ളവർ പറയുന്നുണ്ടായിരുന്നു " ആ ശിവനും ഗ്യാങ്ങും ഇവളോട്... " കേട്ട പാടെ അനിരുദ്ധൻ തിരിഞ്ഞുനടന്നു. " അവനിപ്പോൾ എവിടെ ഉണ്ടെടാ " കൂടെ ഉള്ളവനോട്‌ ആയിരുന്നു ചോദ്യം. " അവനാ ക്ലാസ്സ്‌ വരാന്തയിൽ കാണും. " അനിരുദ്ധൻ വരാന്ത ലക്ഷ്യമാക്കി നടക്കുമ്പോൾ കൂടെ ഉള്ളവർ അവനൊപ്പം നടന്നെത്താൻ കഷ്ട്ടപ്പെടുകയായിരുന്നു. മുണ്ട് മടക്കിക്കുത്തി അനിരുദ്ധൻ വരാന്തയിലേക്ക് കയറുമ്പോൾ വരാന്തയുടെ ഒരറ്റത്ത്‌ സംസാരിച്ചു നിൽപ്പുണ്ടായിരുന്നു ശിവനും കൂട്ടുകാരും. അകലെ നിന്ന് അനിരുദ്ധന്റെ വരവ് കണ്ടപ്പോൾ തന്നെ ശിവൻ കാര്യം മനസ്സിലായപ്പോൾ കൂടെ ഉള്ളവരെ ചട്ടംകെട്ടി. " നീ എന്തിനാടാ അവളെ കരയിപ്പിച്ചത്?

" നേർക്കുനേർ നിന്നുള്ള അനിരുദ്ധന്റെ ചോദ്യം കേട്ട് ശിവനും കൂടെ ഉള്ളവരും പരസ്പ്പരം ചിരിച്ചു. " എന്തോന്നടെ ഇത്. ഏത് പെണ്ണ് കരഞ്ഞുകാണിച്ചാലും ചോദിക്കാൻ ഇറങ്ങിയേക്കുവാണോ ഇവൻ. നീയാരാ, ഈ കോളേജിലെ പെണ്ണുങ്ങളുടെ രക്ഷകനോ? പിന്നെ എന്തേലും ചോദിക്കുമ്പോഴേക്കും പെണ്ണൊന്നു കരഞ്ഞുകാണിച്ച മുണ്ടും മടക്കിക്കുത്തി ഇറങ്ങാൻ നാണമില്ലേ നിനക്ക്. " എല്ലാവരും വീണ്ടും പൊട്ടിച്ചിരിക്കുമ്പോൾ അനിരുദ്ധൻ കൂടെ ഉള്ളവരെ ഒന്ന് നോക്കി. പിന്നെ ശിവന്റെ നെഞ്ചിലൊന്ന് കൈ വെച്ചു. " മോനെ ശിവാ, എന്നോടുള്ള ചൊരുക്ക്‌ തീർക്കാൻ നീ കാണിക്കുന്ന തന്തയില്ലായ്മയ്ക്ക് ചെയ്യേണ്ടത് എനിക്ക് അറിയാഞ്ഞിട്ടല്ല.. പക്ഷേ, എന്നെ പഠിപ്പിച്ച ടീച്ചറുടെ മോനെന്ന പരിഗണന, അത് മാത്രമാണ് നിന്റ ഈ മുഖത്ത്‌ ഞാൻ കൈ വെക്കാത്തത്. പക്ഷേ, ഇനീം ഇതുപോലുള്ള വെടക്ക് പരിപാടിയുമായി ഇറങ്ങിയാൽ നിന്റ ഈ വടിച്ചുവെച്ച മോന്തയിൽ ചോര പൊടിയും. "

അനിരുദ്ധൻ വിരൽ നീട്ടി എല്ലാവരെയും നോക്കി. പിന്നെ മുണ്ടും മടക്കിക്കുത്തി പോകാൻ തിരിയുമ്പോൾ പിന്നിൽ നിന്ന് ശിവൻ അവന്റെ തോളിൽ കൈ വെച്ചു. " നീയിങ്ങനെ നെഞ്ചും വിരിച്ചു നാല് കടിച്ചാൽ പൊട്ടാത്ത ഡയലോഗും പറഞ്ഞ് മുണ്ടും മടക്കിക്കുത്തി കയ്യടിയും വാങ്ങി അങ്ങ് പോയാൽ അതും കണ്ടു കണ്ടവന്റെ ഷേവ് ചെയ്യാൻ നിൽക്കുകയാണ് ഞങ്ങളിവിടെ എന്ന് കരുതിയോ നീ? ആ പെണ്ണ് കരഞ്ഞെങ്കിൽ നിനക്ക് എന്താടാ. ഞങ്ങടെ സങ്കടനയിൽ മത്സരിച്ചു ജയിച്ചിട്ട് നിങ്ങൾക്ക് ഒത്താശ പാടുന്ന അവളോട് ഞങ്ങളായത് കൊണ്ട് ഇത്രേ ചെയ്തുള്ളു. അപ്പോഴേക്കും മുണ്ടും മടക്കിക്കുത്തി ഇറങ്ങിയേകുന്നു ഒരു രക്ഷകൻ , അല്ലെങ്കി തന്നെ അവളുടെ കണ്ണൊന്നു നിറഞ്ഞപ്പോഴേക്കും നിനക്കിത്ര പൊള്ളാൻ അവള് നിന്റ ആരാടാ.? അതോ ഇനി ഞങ്ങളറിയാത്ത വല്ല ബന്ധവും ഉണ്ടോ " ശിവന്റെ പുച്ഛം നിറഞ്ഞ ചിരിയും വാക്കുകളും കേട്ടപ്പോൾ അടിമുടി പെരുത്തുകയറുന്നുണ്ടായിരുന്നു അനിരുദ്ധന്. ആ ദേഷ്യത്തിൽ തന്നെ അവൻ തോളിൽ വെച്ച ശിവന്റെ കൈ ബലമായി പിടിച്ചുമാറ്റി. "

പുന്നാരമോനെ, ശിവാ.. ഒരാണും പെണ്ണും നിന്നാൽ മറ്റേ അർത്ഥത്തിൽ മാത്രം ചിന്തിക്കുന്ന നിന്നോട് അവളാരെന്ന് പറഞ്ഞാ മനസ്സിലാവില്ല. എന്നാലും പറയാം. അവളെന്റെ സുഹൃത്ത് ആണ്. നിനക്കൊന്നും ചിന്തിക്കാൻ പോലും കഴിയാത്ത ബന്ധത്തിന് ഇങ്ങനേം ഒരു നിർവചനമുണ്ട്. അല്ലേ, ഇതൊന്നും നിന്നോട് പറഞ്ഞിട്ട് കാര്യമില്ല. എന്നാലും ഒന്നുടെ ഓർമ്മപ്പെടുത്തുവാ. രണ്ട് സംഘടന എന്ന ഒറ്റ കാരണത്തിൽ എന്നോടുള്ള ദേഷ്യം ഇതുപോലെ പെണ്ണുങ്ങളോട് കാണിക്കാൻ നിൽക്കരുത്, എന്തേലും ചെയ്യാനോ പറയാനോ ഉണ്ടെങ്കിൽ ആണുങ്ങളെപ്പോലെ നേരിട്ട് ആവാ. കേട്ടല്ലോ, അല്ലെങ്കിൽ നാട്ടുകാരൻ ആണ്, ടീച്ചറുടെ മകനാണ് എന്നതൊക്കെ ഞാനങ് മറക്കും, ഇതൊരു സംഘടനയിലെ പ്രവർത്തകന്റെ വാക്കല്ല, നല്ല ഒരു സുഹൃത്തിന്റെ വാക്കാണ്. ഒരു സൗഹൃദത്തിന്റെ ഉറപ്പാണ് "! അനിരുദ്ധൻ ശിവനെ നോക്കി മീശയൊന്ന് തടവിക്കൊണ്ട് തിരികെ നടക്കുമ്പോൾ പിന്നിൽ ദേഷ്യത്താൽ പല്ലിറുമ്മുകയായിരുന്നു ശിവൻ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...