സുറുമി: ഭാഗം 3

 

എഴുത്തുകാരി: അവന്തിക

ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. സുറുമിയുടെയും ഹനയുടെയും എക്സാം കഴിഞ്ഞു. മഷൂദ്‌ നിക്കാഹിന്റെ തിരക്കിലും . ഒരാഴ്ച്ച മുമ്പേ നിഹാൽ എത്തിയത് കൊണ്ട് മഷൂദ് ന്ന് കുറെ ഭാരം ഒഴിഞ്ഞ പോലെ തോന്നി. അഭിപ്രായം ചോദിക്കാനും നിർദേശങ്ങൾ നൽകാനും നിഹാൽ കൂടെപിറപ്പിനെ പോലെ തന്നെ ഓടി നടന്നു .ഹന യുടെ എക്സാം കഴിഞ്ഞ അടുത്ത ദിവസം തന്നെ നിഹാൽ ഹനയെയും ഉമ്മിയെയും കൂട്ടി ഷെറിൻ ക്ക് ഫങ്ക്ഷന് ഇടാനുള്ള ഗൗണും സഫ ക്ക് നല്ലൊരു പാർട്ടി വെയറും എടുത്തു. അങ്ങനെ നിക്കാഹിന്റെ ദിവസം വന്നെത്തി .. .കുടുംബത്തിലെ മുതിർന്ന ആണുങ്ങളും മഷൂദ്‌ ന്റെ അടുത്ത ഫ്രണ്ട്സും മാത്രമാണ് നിക്കാഹിനു വേണ്ടി പയ്യന്റെ വീടിന്റെ അടുത്തുള്ള പള്ളിയിലേക്ക് പോയത്. കല്യാണം അടുത്ത വർഷം ആയത് കൊണ്ട് നിക്കാഹ് ചെറിയ രീതിയിൽ മതിയെന്ന് ആദ്യമേ തീരുമാനിച്ചിരിന്നു. ഷെറിനെ ഇത് വരേ സംരക്ഷിച്ച വ്യക്തി എന്ന നിലയിൽ മഷൂദ് വരന്റെ കയ്യ് പിടിച്ചു കൊണ്ട് സാക്ഷികളെയും പണ്ഡിതനെയും മുൻനിർത്തി

'വെങ്ങാട്ട് മഷൂദ്‌ എന്ന ഞാൻ എന്റെ സഹോദരി ഷെറിൻ ബഷീർ നെ നാലകത്ത് മുഹമ്മദ്‌ ന്റെ മകൻ നിയാസ് അഹ്‌മദ്‌ ന്ന് നിക്കാഹ് ചെയ്തു കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ, വേങ്ങാട് മഷൂദ്‌ ന്റെ സഹോദരി ഷെറിൻ ബഷീർ നെ ഈ സ്വർണം മഹറാക്കി നിശ്ചയിച്ചു കൊണ്ട് ഞാൻ എന്റെ ഭാര്യയായി സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് നിക്കാഹ് ന്റെ ചടങ്ങ് കഴിഞ്ഞു . ശേഷം സന്തോഷത്തോടെയും സ്നേഹത്തോടെയും നിയാസ് നെ മഷൂദ് ഇറുകെ പുണർന്നപ്പോൾ എന്റെ മരണം വരേ ഞാൻ സംരക്ഷിച്ചോളാം എന്ന അർത്ഥത്തിൽ നിയാസും ഗാഢമായി മഷൂദ്‌ നെ പുണർന്നു. ശേഷം മഹ്റായി നിശ്ചയിച്ച സ്വർണം വെച്ച ജ്വല്ലറി ബോക്സ്‌ നിയാസ് മഷൂദ് നെ ഏൽപ്പിച്ചു. അതിഥികൾക്കായി ഒരുക്കിയ ഭക്ഷണം കഴിച്ചാണ് അവർ മടങ്ങിയത്. അന്ന് രാത്രി തന്നെ പരിപാടി ഉണ്ടായത് കൊണ്ട് വീട്ടിൽ എത്തിയ ശേഷവും മഷൂദ് തിരക്കിലായിരുന്നു. രാത്രി ചെക്കനും കൂട്ടരും എത്തി ഷെറിനെ മഹർ അണിയിച്ചു. നിയാസിനെ അന്ന് അവിടെ അറ കൂട്ടിയ ശേഷമാണ് ചെക്കന്റെ കൂട്ടർ മടങ്ങിയത്.

പേടിച്ച് കരയാനായി വെമ്പി നിൽക്കുന്ന ഷെറിനെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ച ശേഷം കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി ഷെറിനെ അറയിലേക്ക് വിടുമ്പോൾ മഷൂദിന്റെയും കണ്ണുകൾ എന്തന്നില്ലാതെ ഈറനണിഞ്ഞു. രാത്രിയുള്ള ഫങ്ക്ഷന് നിഹാൽ ന്റെ കൂടെ ഉമ്മിയും ഹനയും വന്നിരിന്നു. അറ കൂട്ടൽ കഴിഞ്ഞ് ചെക്കന്റെ കൂട്ടരും അടുത്ത ബന്ധുക്കളും പോയി കഴിഞ്ഞതിനു ശേഷമാണ് നിഹാൽ പോകാൻ ഇറങ്ങിയത്. അഥിതികൾക്കായി നിരത്തി വെച്ചിരിക്കുന്ന കസേരകളിൽ ഒരറ്റത്തായി ചിന്തകളിൽ മുഴുകിയിരിക്കുന്ന മഷൂദ്‌ നെ കണ്ടപ്പോൾ നിഹാലിന് വല്ലാത്ത വാത്സല്യം തോന്നി.. ആ മനസ്സ് മുഴുവൻ കൂടപ്പിറപ്പിന്റെ ജീവിതമോർത്തുള്ള ആധിയാണെന്ന് അവൻക്ക് അറിയാമായിരുന്നു. ഇറങ്ങുന്നത് പറയാൻ ചെന്ന നിഹാലിനെ ആധിയോടെ പുണർന്ന മഷൂദ് നെ നിഹാൽ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു. '''അവർക്ക് വേണ്ടി ഞാൻ തിരഞ്ഞെടുത്ത ഈ ജീവിതം തെറ്റായിരുന്നു എന്ന് എന്നെങ്കിലും അവർ എന്നോട് പറയോ ടാ '''എന്ന് ഇടറുന്ന ശബ്ദത്തിൽ മഷൂദ് ചോദിച്ചപ്പോൾ കേട്ടു നിന്ന നിഹാലിന്റെ മാത്രമല്ല ഹനയുടെയും ഉമ്മിയുടെയും കണ്ണുകളും നിറഞ്ഞു.

അന്ന് ആധിയോടെ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന മഷൂദ് ന്റെ ഉള്ളം, നീണ്ട കണ്പീലികൾക്കിടയിലൂടെ പെരൽ മീനിനെ പോലെ പിടഞ്ഞു കൊണ്ടിരിക്കുന്ന സുറുമയിട്ട കണ്ണുകളും അതിന്റെ ഉള്ളിലെ മഷി മറുകും മാത്രമായിരുന്നു... ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു. ഹനക്കും സുറുമിക്കും വിരസതയുടെ നാളുകളായിരുന്നു... വേനൽ ആയത് കൊണ്ട് ഒരുപാട് ഫർണിച്ചറുകളുടെ ഓഡർ കാരണം സൽമാനും ഷെറിന്റെ നിക്കാഹിനു വേണ്ടി ഒരാഴ്ച ലീവ് എടുത്തത് കൊണ്ട് നിഹാലിനും ഒഴിവില്ലത്തത് അവരുടെ കൂടികാഴ്ചകളെ ഇല്ലാതാക്കി. അങ്ങനെയാണ് ഹനയും അവരുടെ കൂടെ തന്നെയുള്ള അഭിരാമി എന്ന ആമി യും കൂടെ വിളിച്ചിട്ട് എവിടേലും പോകാം ന്ന് പ്ലാൻ ചെയ്യുന്നത്.. ഷെയർ ചെയ്ത് ക്യാഷ് എടുത്തിട്ട് വൈകുന്നേരം ഏതെങ്കിലും കൂൾബാറിൽ കയറാൻ അവർ തീരുമാനിച്ചു. തീരുമാനിച്ചുറപ്പിച്ച പോലെ ടൗണിൽ തന്നെയുള്ള കോഫീ ഷോപ്പിൽ അവർ കയറി. മെനു കാർഡ് കയ്യിൽ കിട്ടിയിട്ടും തിരിച്ചും മറിച്ചും നോക്കി

കയ്യിലുള്ള ക്യാഷ് വെച്ച് എന്തെല്ലാം ഓഡർ ചെയ്യാം എന്നൊക്കെ കണക്ക് കൂട്ടുന്ന ഹനയെയും ആമിയെയും ഒരു ചിരിയോടെ സുറുമി നോക്കിയിരുന്നു. ടേബിൾ ന്റെ ഒരു വശത്ത് ഹനയും ആമിയും മറുവശത് സുറുമിയുമാണ് ഇരുന്നത്. അവരെ നോക്കി ഇരിക്കുന്നതിന്റെ ഇടയിൽ അവരുടെ രണ്ട് പേരുടെയും തലയുടെ ഇടയിലൂടെ, ഒരു ടേബിൾ ന്ന് അപ്പുറം ഒരു പെൺകുട്ടിയുടെ മറുവശത്തായി ഇരിക്കുന്നയാളെ സുറുമി കണ്ടത്...ആളെ മനസ്സിലായതും അയാൾ അവളെ കണ്ടതും ഒരുമിച്ചായിരുന്നു. ആ കണ്ണുകൾ അത്ഭുതം കൊണ്ട് വിടരുന്നതും മുഖത്തു വിരിഞ്ഞ കുസൃതി ചിരിയോടെ അയാൾ അടുത്തിരിക്കുന്ന പെൺകുട്ടിയോട് പറഞ്ഞ് എഴുനേറ്റ് വരുന്നതും സുറുമി താളം തെറ്റിയ ഹൃദയമിടിപ്പോടെ കണ്ടു.. തുടരും.. മുസ്ലിം ആചാര പ്രകാരമുള്ള വിവാഹമാണ് ഞാൻ മേലെ വിവരിച്ചത് . മുസ്ലിം ആചാര പ്രകാരം നിക്കാഹ് എന്നാൽ വിവാഹ ഉടമ്പടിയാണ് 'മഹർ' എന്നാൽ വരൻ വധുവിനു കൊടുക്കുന്ന ധനമാണ്. 'മഹർ' സ്വർണ്ണം തന്നെ വേണമെന്ന് നിർബന്ധമില്ല. വധു ആവിശ്യപെടുന്ന എന്തും മഹറായി നൽകാൻ വരൻ ബാധ്യസ്ഥനാണ്.. ഈയിടെ ഒരു പാവപെട്ടപെൺകുട്ടിക്ക് വീട് മഹറായി നൽകിയ ദമ്പതികൾ വാർത്തയിൽ വന്നിരിന്നു. നിക്കാഹ് കഴിഞ്ഞാൽ അവർ ഭാര്യയും ഭർത്താവുമാണ്.

അവർ ഒരുമിച്ച് താമസിച്ച ശേഷം നടത്തേണ്ടതാണ് വിവാഹ സൽക്കാരം. അതായത് ക്ഷണിക്കപ്പെട്ടവർക്ക് വരന്റെ ചിലവിൽ ചെയ്യേണ്ടതാണ് ആ സൽക്കാരം. നമ്മുടെ നാട്ടിൽ പ്രേതേകിച്ചും മലബാർ ഏരിയകളിൽ നിക്കാഹ്, കല്യാണം വേറെവേറെ ആയി നടത്തുന്നത് അപൂർവമല്ല. നിക്കാഹ് അവർക്ക് രണ്ട് പേർക്കും പരസ്പരം മനസ്സിലാക്കാനും പ്രണയിക്കാനുമുള്ള ലൈസൻസ് കൂടെയാണ്. സാധാരണ നിക്കാഹ് കഴിഞ്ഞാൽ വധു അവളുടെ വീട്ടിൽ തന്നെയായിരിക്കും. വിവാഹസൽക്കാരത്തോടെ വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്യുന്നു. ഇതൊക്കെ നാട്ടുനടപ്പാണ് ചുരുക്കത്തിൽ ഇന്ന് കാണുന്ന രീതിയിൽ സ്ത്രീക്ക് ധനമായും ചില്ലറയുമായി കൊടുക്കുന്ന രീതി നാട്ടുനടപ്പാണ്. വധു പറഞ്ഞ 'മഹർ ' കൊടുക്കേണ്ടതും അവർ ഒരുമിച്ചു താമസിച്ച ശേഷം വിവാഹ സൽക്കാരം നടത്തേണ്ടതും വരാനാണ്. വായനക്കാർക്ക് മനസ്സിലാകാൻ പറഞ്ഞതാണ്.ഇവിടെ നിക്കാഹ് കഴിഞ്ഞ അന്ന് നിയാസ് ഷെറിന്റെ വീട്ടിൽ നിന്നു എന്ന് വായിക്കുമ്പോൾ നിങ്ങൾക്ക് സംശയം സ്വാഭാവികമാണ്.നിക്കാഹ് വെറും വിവാഹനിശ്ചയം അല്ല. അത് വിവാഹം തന്നെയാണ്. .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...