സുറുമി: ഭാഗം 40

 

എഴുത്തുകാരി: അവന്തിക

സഫയുടെ ലാസ്റ്റ് ഡേറ്റ്ന് പന്ത്രണ്ടു ദിവസം ഉണ്ടേങ്കിലും അതിന് മുമ്പേ പൈൻ വരോ എന്ന പേടിയായിരുന്നു സുറുമിക്ക് .. എത്ര കണ്ട് ലേറ്റ് ആകാൻ പറ്റോ അത്ര കണ്ട് ലേറ്റ് ആയി ഡെലിവറി നടന്നാൽ മതി എന്ന പ്രാർത്ഥനയായിരുന്നു ഓരോ ദിവസവും ..അത്രയും മഷൂദ് നാട്ടിൽ കാണുമല്ലോ.... അവൻ പോകുന്നത് നെഞ്ച് പൊട്ടുന്ന വേദനയാണ്.. പക്ഷെ അവന്റെ നിസ്സഹായവസ്ഥ ഓർക്കുമ്പോ സ്വയം സമാധാനം കൊള്ളും... വേദനിക്കരുത്.. കരയരുത് ...ആ കണ്ണുനീർ അവനെ കൂടുതൽ മുറിവേൽപ്പിക്കും എന്നൊക്കെ അറിയാമെങ്കിലും നെഞ്ചാകെ ഒരു നീറ്റൽ..... പന്ത്രണ്ട് ദിവസം കഴിഞ്ഞും വേദനയുടെ ലാഞ്ജന പോലും സഫയിൽ കാണായിട്ടാണ് ഹോസ്പിറ്റൽ കൊണ്ട് പോയത്... പൈൻ വരാനുള്ള മരുന്നൊക്കെ വെച്ചപ്പോ വേദന വന്നെങ്കിലും ഡെലിവറിക്കുള്ള സാധ്യത കുറഞ്ഞു തന്നെ നിന്നു... ഒടുവിൽ ഇനിയും നോർമൽ ഡെലിവറിക്ക് കാത്താൽ അത് കുഞ്ഞിനെ ബാധിക്കുമെന്നുള്ളത് കൊണ്ട് സിസേറിയൻ ചെയ്യാൻ തീരുമാനമായി..... അനസ്തീഷ്യ കൊടുത്ത് ഓപറേഷൻ ടീയറ്റർ കൊണ്ട് പോയി പത്തു മിനുട്ട് ആയപ്പോഴേക്കും ഒന്ന് രണ്ട് ദിവസത്തെ ആകുലതക്ക് തിരശീലയെന്നോണം ആ സന്തോഷ വാർത്ത വന്നു..

സഫയുടെ സിസേറിയൻ കഴിഞ്ഞു.. പെൺകുഞ്ഞ്.. വലിയേടത്തും വെങ്ങാട്ടും ഒരു പോലെ സന്തോഷം... വലിയേടത്ത് ഫെറക്ക് ശേഷം ഒരു കുഞ്ഞുണ്ടായതാണ്.. അതും പെൺ കുഞ്ഞ്,ഫെറക്ക് സന്തോഷമാണെങ്കിലും ഫഹീമിന്റെ അഹങ്കാരത്തോടെയുള്ള ഭാവം കാണുമ്പോ അവളുടെ മുഖവും വീർക്കും.. മാമിക്ക് ഉണ്ടാകുന്നത് ആൺ കുഞ്ഞാണെങ്കിൽ തറവാട്ടിൽ ഇപ്പൊ ഫാഹീമിനുള്ള സ്ഥാനം ആ കുഞ്ഞിന് ആകും... അതല്ല കുഞ്ഞ് പെൺകുഞ്ഞാണെങ്കിൽ ഫെറയുടെ സ്ഥാനവും...ഇങ്ങനെ പറഞ്ഞ് അവരെ കുശുമ്പ് കയറ്റി വെച്ചേക്കുവാണ് റംസാൻ.. സ്ഥാനം പോയാലും വേണ്ടില്ല ബേബി ഗേൾ ആയാൽ മതിയെന്ന് ഫെറ.. മുടി കെട്ടി കുഞ്ഞിനെ ഒരുക്കി കൊടുക്കാനും അവളുടെ ബാർബി ഡോൾസ് കൊടുക്കാനുമെല്ലാം ഫെറ തയാറാണ്.. അതറിയാമെങ്കിലും ഒന്നാണെങ്കിൽ അതൊരു ഗെറ്റപ്പ് ആണെന്നാണ് ഫഹീം പറയുന്നത്... അത് കൊണ്ട് ബേബി ഗേൾ ആണെന്ന് അറിഞ്ഞപ്പോ മുതൽ അവനൊരു ഗും ഒക്കെ ഇട്ടാണ് നടപ്പ്.. രണ്ട് കുഞ്ഞനിയത്തിമാർക്കുള്ള ഒരു ഇക്കാക്കയല്ലേ...

സിസേറിയൻ ആയത് കൊണ്ട് അഞ്ചു ദിവസം വേണ്ടി വന്നു ഡിസ്ചാർജ് ആകാൻ.. ഉമ്മ സഫക്കൊപ്പം ഹോസ്പിറ്റലിൽ ആയത് കൊണ്ട് വീട്ടിൽ സുറുമിയും മഷൂദുമാണ്.. ഈ അഞ്ചു ദിവസവും ഹോസ്പിറ്റലിലേക്ക് ഭക്ഷണം കൊടുത്തു വിടണമെന്നത് കൊണ്ട് പിടിപ്പത് പണി ഉണ്ടായിരുന്നു സുറുമിക്ക്.. പക്ഷെ എല്ലാ ജോലികളെയും കാറ്റിൽ പറത്തി വിടുകയായിരുന്നു മഷൂദ്.. രാവിലെ അവനെഴുന്നേറ്റത് മുതൽ അവൾക്കൊപ്പം കൂടും.. പിന്നെ രണ്ട് പേരും ഒരുമിച്ചാണ് ജോലി തീർക്കുക... പാത്രം കഴുകലും നിലം തൂക്കലും തുടക്കലും എന്തിന് വിറക് കൂട്ടി അടുപ്പ് വരെ കത്തിച്ചു കൊടുക്കും അവൻ.. ഉച്ചക്ക് അവർക്കുള്ള ഭക്ഷണവും കൊണ്ട് പോകുമ്പോ അവളെയും കൂട്ടും.. കുറച്ചു നേരം ഹോസ്പിറ്റലിൽ നിന്ന് വൈകീട്ടാണ് മടക്കം.. അതും ലേറ്റ് ആയി എന്തേലും ഫുഡ്‌ ഒക്കെ കഴിച്ച് പതുകെ പതുക്കെ വീട്ടിലേക്ക് ... മുകളിലെ അവരുടെ കുഞ്ഞു മുറിയിൽ ഒതുങ്ങിയിരുന്ന കുറുമ്പുകൾക്കും കുസൃതികൾക്കും അവന്റെ കുറുമ്പ് നിറഞ്ഞ ലീലാവിലാസങ്ങൾക്കും അവളുടെ കിലുങ്ങനെ ഉയരുന്ന കളി ചിരികൾക്കുമെല്ലാം ഈ അഞ്ചു ദിവസങ്ങളായി വീടിന്റെ ഓരോ ഇടവും മൂക സാക്ഷിയാണ്....

ഡിസ്ചാർജ് ആയി അമ്മയും കുഞ്ഞും വെങ്ങാട്ടിൽ എത്തിയതിൽ പിന്നെ എട്ടാം ദിവസം ചടങ്ങ് വെക്കാൻ തീരുമാനമായി.. ചടങ്ങ് തീരുമാനിച്ചതിന്റെ പിറ്റേന്ന് തന്നെ മഷൂദ് തിരികെ പോകാനുള്ള ടിക്കറ്റും എടുത്തു.. ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞിറങ്ങിയ ആള് വന്നപ്പോൾ മുഖത്തെ മ്ലാനത കണ്ടാണ് സുറുമി കാര്യം തിരക്കിയത്.. ചടങ്ങ് കഴിഞ്ഞുള്ള മൂന്നാം നാൾ തിരികെ പോകണം...വേദനയോടെ പുഞ്ചിരിച്ചു കൊണ്ടവൻ കാര്യം പറഞ്ഞപ്പോൾ അവളുടെ ഉള്ളൊന്ന് ഉലഞ്ഞു... ഇനി വെറും പത്തു ദിവസം... അത് കഴിഞ്ഞാൽ പ്രാണൻ പറിച്ചെറിയുന്ന വേദനയോടെ അവൻ പിരിയും... ഓരോ രാത്രിയും അവന്റെ നെഞ്ചിലേക്ക് ചേർന്ന് കൊണ്ടവൾ അവളുടെ നീണ്ടു മെലിഞ്ഞ കൈകൾ കൊണ്ട് കണക്ക് കൂട്ടി പറയും...മഷ്ക്കാ ഒമ്പത്..... എട്ട്....ഏഴ്... ഉള്ളിലെ പിടച്ചിൽ മറച്ചു വെച്ച് കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ടവൻ ഓർമിപ്പിക്കും ......ഈ ഒരു തവണ കൂടെ ... അത് കഴിഞ്ഞാൽ പിന്നെ എന്നും ഒരുമിച്ചാണ്.... സ്വന്തമായി ബിസിനസ് എന്നൊക്കെയാണ് മനസ്സിൽ, എങ്കിലും അതെന്ത് എന്നത് വലിയൊരു ചോദ്യമാണ്...

അതിനും അവൾക്ക് മറുപടിയുണ്ട് .. ന്റെ പ്രാർത്ഥനയുണ്ട്...... നോക്കിക്കോ...എന്തേലും വഴി കാണും.. അത് കേൾക്കുമ്പോ അവനും ആശ്വാസമാണ്.. തെളിയുമായിരിക്കും.. തന്റെ പെണ്ണ് കൂടെയുണ്ടല്ലോ.... അവളുടെ പ്രാർത്ഥനയും.. കുഞ്ഞിന്റെ ചടങ്ങെല്ലാം നല്ല രീതിയിൽ കഴിഞ്ഞു..പല പേരുകൾ പറഞ്ഞെങ്കിലും സൽമാൻ മറിയം എന്ന പേരാണ് പറഞ്ഞത്.... ഒടുവിൽ അതുറപ്പിക്കുകയും ചെയ്തു ... മഷൂദും സുറുമിയും കൂടെ കുഞ്ഞിന്റെ കാലിൽ കൊലുസ് കെട്ടി .. സാധാരണ നാല്പതിന്റെ ചടങ്ങിനാണ് പൊന്ന് കെട്ടുന്ന പതിവെങ്കിലും മഷൂദ് പോവുകയായത് കൊണ്ട് അതവർ നേരത്തെ തീർത്തു. മശൂ വന്ന് പോകാറായി... ഇത് വരെ വിശേഷം ഒന്നുമായില്ലേ എന്ന് ചോദിച്ചവർക്കെല്ലാം ഉള്ളിലെ നോവിന് മീതെ പുഞ്ചിരി ചാലിച്ചു കൊണ്ടവൾ ഉത്തരം നൽകി.... പരിപാടി കഴിഞ്ഞ് ഏറെ വൈകിയും സൽമാനും നിഹാലും നിയാസും റംസാനുമെല്ലാം വെങ്ങാട്ട് ഉണ്ടായിരുന്നു.. ഹനയും നദീനും ട്രിവാൻഡറത്ത് ആണ്.. അന്നേ ദിവസം കഴിഞ്ഞതോടെ രണ്ട് രാത്രിയും മൂന്ന് പകലുമെന്ന ഓർമ അവളുടെ ഉള്ളിനെ നോവിച്ചു കൊണ്ടിരിന്നു...

പുറമെ പുഞ്ചിരിയുടെ മൂടുപടം എടുത്തണിഞ്ഞ് നടക്കുമ്പോഴും ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരിന്നു .. അന്ന് രാത്രി അവന്റെ നെഞ്ചോട് ചേർന്ന് ഉള്ളിൽ തിരയിടിക്കുന്ന നോവിനെ അവൻ ക്ക് മുമ്പിൽ പങ്കു വെക്കുമ്പോ അവനൊരു കുഞ്ഞു വിശേഷം പറയാനുണ്ടായിരുന്നു അവളോട് ... ഒരു വർഷം കഴിഞ്ഞ് നാട്ടിൽ എന്ന് തീരുമാനിച്ചെങ്കിലും നാട്ടിൽ എന്ത് എന്നത് വലിയൊരു ചോദ്യം തന്നെയായിരുന്നല്ലോ. അതിനിത്തിരി ആശ്വാസം തരുന്ന ഒരു കാര്യമായിരുന്നു അത്... നിഹാലും അവന്റെ ഉപ്പയും കൂടെ ഒരു ബിസിനസ് തുടങ്ങാനുള്ള പ്ലാനുണ്ട്.. പ്ലാൻ അല്ല.. ഏകദേശം ഉറപ്പിച്ച മട്ടാണ്.. അവന്റെ ഉപ്പ നാട്ടിൽ വന്ന ശേഷം റിയൽ എസ്റ്റേറ്റ് ന്റെ ചെറിയൊരു ഏർപ്പാടൊക്കെയായി പോവുകയായിരുന്നു.. വലിയൊരു സാലറി ഒന്നുമില്ലാത്ത ജോലി ആയത് കൊണ്ട് നിഹാലും ബാംഗ്ലൂരിലെ അവന്റെ ജോലി റിസൈൻ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു..പഴയ പോലെ ഒറ്റതടി അല്ലാലോ..ദിനം പ്രതി കൂടി വരുന്ന ഭാരിച്ച ചിലവുകൾ കൊണ്ട് ഓരോത്തരും ജീവിക്കാനുള്ള നെട്ടോട്ടത്തിൽ അല്ലെ..

. ഉപ്പ സ്വന്തമായി ഒരു ബിസിനസ് എന്ന കാര്യം മുന്നോട്ട് വെച്ചപ്പോൾ തന്നെ അവന് മറ്റൊന്ന് ചിന്തിക്കാനില്ലായിരുന്നു .. മറ്റു സംസഥാനങ്ങളിൽ നിന്ന് സീസണൽ ഫ്രൂട്ട്സ് കൊണ്ട് വരുന്ന പരിപാടിയാണ് അവൻ പറയുന്നത് ... കുറച്ചൊരു തലവേദന പിടിച്ച പരിപാടിയാണ്.. ഓരോ ഫ്രൂട്ട്സും ലഭ്യമായ സീസണിൽ അതാത് സംസഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ട് വരണം.. തമിഴ്നാട്, ആന്ധ്രാ, കാരണാടക, ഗുജറാത്ത്‌, കശ്മീർ ഇങ്ങനെ പോകുന്നു സംസഥാനങ്ങൾ... അതാത് സീസണിൽ അവിടെ പോയി ആ സംസ്ഥാങ്ങളിൽ ഉള്ള മെയിൻ പാർട്ടിയുമായി സഹകരിച്ച് വേണം ചെയ്യാൻ... അത് മാത്രമല്ല.. വലിയൊരു വെല്ലുവിളി നേരിടുന്ന പരിപാടിയാണ്.. കാരണം നാട്ടിൽ തന്നെ ആ ഗ്രൂപ്പിസ്മായി വർഷങ്ങളായി ലക്ഷങ്ങളുടെ ഇറക്കുമതി സ്ഥിരമായി നടത്തുന്ന വേറെയും പാർട്ടികൾ നമ്മുടെ നാട്ടിലുണ്ട്...അവർക്ക് സ്ഥിരമായി കസ്റ്റമേഴ്‌സും ഉണ്ടായിരിക്കെ നടത്താനിരിക്കുന്ന ചെറുകിട വ്യാപാരം ക്ലച്ച് പിടിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്..

വർഷങ്ങളായി ഇത് നടത്തി കൊണ്ട് പോകുന്ന വ്യാപാരികൾ അവരുടെ ഫീൽഡിലേക്ക് ഇതുപോലെയുള്ള ചെറുകിട വ്യാപാരികളെ വളരാൻ അനുവദിക്കില്ല... അത് മാത്രമല്ല അവിടെ നിന്ന് കയറ്റുമതി ചെയ്യുന്നവ നൂറു ശതമാനം പ്യുർ ആയിരിക്കണം... പറ്റിക്കപ്പെടാൻ ചാൻസ് ഉണ്ട്... അവർ നല്ലതാണോ ചീത്തയാണോ കയറ്റി അയക്കുന്നത് എന്ന് ഇവിടെ വന്നാലേ പറയാൻ പറ്റൂ.. അവർ അവരുടെ വിളവ് വിറ്റയക്കാനെ ശ്രമിക്കൂ... അത് കൊണ്ട് അവരുമായി നല്ലൊരു ബോണ്ടിങ് വേണം...കഴിഞ്ഞില്ല പ്രശ്നം....ഇവിടെ അത് ഇറക്കുമതി ചെയ്യുമ്പോ സാധനം കൃത്യമായ പഴുപ്പിലും പാകമായ വിളവിലും തന്നെ ആകണമെങ്കിൽ അവിടെ നിന്നും കൃതമായ സമയത്ത് കയറ്റുമതി ചെയ്താലേ ഒന്നോ രണ്ടോ മൂന്നോ ദിവസം എടുത്ത് കിലോമീറ്റർ താണ്ടി ലോഡ് ഇവിടെ എത്തുകയൊള്ളൂ... എത്തിയാൽ പിന്നെ ഒരു നിമിഷം പഴക്കാതെ മാർക്കറ്റുകളിലേക്ക് എത്തിക്കണം...കാരണം ഇത് വൈകുന്നതിന് അനുസരിച്ച് കയറ്റി വന്ന സാധനം കേടുവരാനുള്ള സാധ്യത ഏറെയാണ് .. രണ്ടോ മൂന്നോ ലക്ഷങ്ങൾ വേണ്ടി വരും ഒരു ലോഡ് ഇമ്പോർട് ചെയ്യാൻ....

കുറച്ചേറേ ക്യാഷ് ഇറക്കിയാലേ പരിപാടി തുടങ്ങാൻ പറ്റൂ... രണ്ട് മൂന്ന് വർഷത്തേക്ക് വലിയൊരു പ്രതീക്ഷ ഒന്നും കൊടുക്കുകയും ചെയ്യരുത്.. പക്ഷെ ക്ലിക് ആയാൽ അതൊരുന്നൊന്നര വിജയവുമായിരിക്കും .. ഒക്കെ കേട്ടപ്പോൾ ചെറിയൊരു പേടി തോന്നി സുറുമിക്ക്... പുലിവാൽ പിടിച്ച പരിപാടിയാണ്... ഒന്നോ രണ്ടോ ദിവസം ലോഡ് വൈകിയാൽ ലക്ഷങ്ങളുടെ നഷ്ട്ടമാണ് സംഭവിക്കുക.. അവളുടെ മറുപടിക്കായി പ്രതീക്ഷയോടെ നിൽക്കുന്നവന് സുറുമി ആശ്വാസം പകർന്നു .... അടുത്ത മാസം ആദ്യവാരത്തിൽ നിഹാലും ഉപ്പയും ഉപ്പാടെ ഒരു കൂട്ടുക്കാരൻ കൂടെ പങ്കാളികളായി പരിപാടി തുടങ്ങുകയാണ്.. താൽപ്പര്യം ഉണ്ടെങ്കിൽ മശൂദ്നോട് പറ്റുന്ന പോലെ മസാമാസം എമൗണ്ട് ഡെപ്പോസിറ്റ് ചെയ്ത് പാർട്ണർ ആയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട് നിഹാൽ... അതാകുമ്പോ നാട്ടിൽ വരുമ്പോ ബിസിനസിൽ നേരിട്ട് പങ്കാളിയാകാലോ... അവന്റെ പ്രതീക്ഷയോടെയുള്ള വാക്കുകൾ കേട്ടപ്പോ ഒരുപാടൊരുപാട് അനുകമ്പ തോന്നി പോയി അവൾക്ക്... ആൾക്ക് ആകെ കിട്ടിയ കച്ചി തുരുമ്പാണ് ....

കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞു കൊണ്ടവൾ അവനെ പുണരുമ്പോ ഒരു കാര്യം മാത്രം അവളാ ചെവിയിൽ പതിയെ മന്ത്രിച്ചു... കൂടെയുണ്ടാകും... പക്ഷെ ഇനിയൊരു തിരിച്ചു വരവിൽ തന്നെ വിട്ടു പോകരുതെന്ന്....ഇനി ഒരു തവണ കൂടെ ചങ്ക് പറിച്ചെറിയുന്ന വേദനയോടെ തന്നെ വിട്ട് പോയാൽ ഭ്രാന്ത് പിടിച്ച് പോകമെന്ന്... പറഞ്ഞു തീർന്നപ്പോഴേക്കും അവളുടെ സ്വരം ചിലമ്പിച്ചിരിന്നു.....ഭയമാണവൾക്ക് അവനില്ലാത്ത ആ ശ്യൂനതയിലേക്ക് നടന്ന് ചെല്ലാൻ... പിന്നെയുള്ള മൂന്ന് പകലും തിരക്ക് പിടിച്ചതായിരുന്നു...അലക്കി തേച്ച അവന്റെ വസ്ത്രങ്ങൾ വൃത്തിയായി പാക്ക് ചെയ്ത് കൊടുക്കണം... കൊണ്ടുപോകാനുകള്ള അച്ചാറുകൾ, പലവക സാധനങ്ങൾ ഉണ്ടാക്കണം... അത് വൃത്തിയായി പാക്ക് ചെയ്ത് പൊതിഞ്ഞു കെട്ടി വെക്കണം...അങ്ങനെ അങ്ങനെ... കഴിഞ്ഞ തവണ ഉമ്മയാണ് എല്ലാം ചെയ്തതെങ്കിലും ഇത്തവണ എല്ലാം അവളായിരുന്നു.... അതവളുടെ സ്വാർത്ഥ ഇഷ്ട്ടങ്ങളായിരുന്നു... പുലർച്ചെയാണ് ഫ്ലൈറ്റ്.. അത് കൊണ്ട് വെളുപ്പിന് ഒരു മണി ആകുമ്പോഴേക്കും ഇറങ്ങണം..

പിക് ചെയ്യാൻ നിഹാൽ വരാമെന്ന് ഏറ്റിട്ടുണ്ട്.. ഓരോ നിമിഷം കടന്ന് പോകും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു... എന്തോ ഭാരം വന്നടഞ്ഞ പോലെ വൈകീട്ട് തന്നെ വലിയേടത്ത് നിന്ന് വാപ്പച്ചിയും ഉമ്മയും നിയാസും ഷെറിയുമെല്ലാം വന്നിരിന്നു...എല്ലാവരും വന്ന് യാത്ര പറഞ്ഞു പോയി.. അതൊരു കണക്കിന് അവൾക്കൊരു ആശ്വാസമായിരുന്നു... . അവസാന നിമിഷങ്ങളിൽ തന്റെ മേൽ അലിവോടെയുള്ള നീളുന്ന കണ്ണുകളുടെ എണ്ണം കുറയുമല്ലോ.... ഉള്ളം ആർത്തലച്ച് കരയുമ്പോഴും പുറമെ ഒരിളം പുഞ്ചിരി എടുത്തണിഞ്ഞു നടക്കുകയാണ് ..... ഒരു പക്ഷെ അടക്കി വെച്ചതെല്ലാം ഉമ്മയേയൊ വാപ്പച്ചിയെയോ കാണുമ്പോ പൊട്ടി ചിതറിയാലോ ..... ഷോപ്പ് അടച്ച് രാത്രിയോടെയാണ് സൽമാൻ വന്നത്.... സൽമാൻ വന്ന് മടങ്ങുന്നത് വരെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളാൽ വെങ്ങാട്ട് വീട് ഉണർന്നിരുന്നു.. അടുക്കളയിലെ ജോലിയെല്ലാം തീർത്ത് സുറുമി വരുമ്പോ ഉമ്മയും മഷൂദും സംസാരത്തിലാണ് .. സഫയെ കണ്ടില്ല.. കിടന്ന് കാണും..അവളോർത്തു.. കുറച്ച് നേരം അവരുടെ സംസാരം കേട്ട് കോണിപടിയിൽ ഇരുന്നു...ഒരു ഇളം പുഞ്ചിരി എടുത്തണിഞ്ഞ് അവിടെ ഇരുന്നെങ്കിലും മനസ്സ് അവിടെ ഒന്നുമല്ലായിരുന്നു... ഏതാനും മണിക്കൂറുകൾ...

അത് കഴിഞ്ഞാൽ പിന്നെ... ഓർക്കും തോറും കണ്ണുകൾ നീറി... നെഞ്ചിൽ എന്തോ ഭാരം വന്നടയുന്ന പോലെ... അതിങ്ങനെ തൊണ്ട വരെ എത്തി നിൽക്കുവാണ്.. ഇറങ്ങാൻ നേരം വിളിക്കാൻ പറഞ്ഞ് ഉമ്മ പോയി കിടന്നു... ഒരു മണിക്കാണ് ഇറങ്ങേണ്ടത്.... അത് വരെ ഉമ്മ ഉറക്കമുളച്ചിരിക്കേണ്ട കാര്യമില്ലല്ലോ.... അറിയാതെ പോലും കണ്ണുകൾ ഹാളിലെ ക്ലോക്കിലേക്ക് നീണ്ടു... പത്തു മണി കഴിഞ്ഞ് മുപ്പത് മിനുട്ട്...രണ്ടര മണിക്കൂർ.... അവന്റെ കണ്ണുകളും ക്ലോക്കിലേക്കാണെന്ന് കണ്ടതും വേദനയോടെയവൾ ഒരു നിമിഷം അവനെ തന്നെ നോക്കി നിന്നു ... ഉള്ള് പിടയുന്നത് ആ കണ്ണുകൾ വിളിച്ചോതുന്നുണ്ട്.. ഇന്നലെ വരെ തനിക്ക് ആശ്വാസം പകർന്ന് കുസൃതിയോടെ പുഞ്ചിരിച്ച ആ ചുണ്ടുകളിൽ ഇപ്പൊ ആ കുസൃതിയില്ല.... അവൻ നോക്കുന്നത് അറിഞ്ഞതും ഒന്ന് പുഞ്ചിരിച്ചെന്ന് വരുത്തി... നീണ്ട ഒരു നിശ്വാസത്തോടെയവൾ എഴുനേറ്റ് കോണിപടികൾ കയറി... അവൻ വരുമ്പോൾ മുറിയിൽ തറയിലിരുന്ന് തല ബെഡിലേക്ക് ചായച്ച് കിടക്കുകയാണ് സുറുമി....

കണ്ണുകൾ പെയ്യുന്നുണ്ട്... അവനെ കണ്ടതും പിടഞ്ഞെഴുനേറ്റ് കണ്ണുകൾ തുടച്ച് ചിരിക്കാൻ ശ്രമിച്ചു അവൾ.. അടുത്ത നിമിഷം ഒരു പൊട്ടി കരച്ചിലോടെയവൾ അവനെ പുണർന്നു..കണ്ണുനീരിന്റെ ചൂട് ഉടുപ്പിനെ നനച്ച് നെഞ്ചിലേക്ക് പകരുന്നത് അറിയുന്നുണ്ടായിരുന്നു.... ആശ്വസിപ്പിക്കാൻ വാക്കുകൾ ഒന്നും വന്നില്ല.. കരയട്ടെ... അങ്ങനെ എങ്കിലും അവൾക്കിത്തിരി ആശ്വാസം കിട്ടിയാലോ.... രണ്ട് മൂന്ന് ദിവസമായി മനസ്സ് നീറി പുറമെ പുഞ്ചിരി എടുത്തണിഞ്ഞ് നടക്കുവാണ്....പതിയെ കൈകൾ കൊണ്ടവളുടെ പുറം മേനിയിൽ തടവി കൊടുത്തു.. അവന്റെ കണ്ണുകളും നീറുന്നുണ്ടായിരിന്നു...നെഞ്ചകം വിങ്ങുന്നുണ്ടായിരിന്നു..... അവനിൽ നിന്നടർത്തി മാറ്റി കലങ്ങിയ കണ്ണുകളിലേക്ക് അവൻ നോക്കി.. കൃത്രമമായി പുഞ്ചിരിച്ചു കൊണ്ടവൻ കവിളിനെ നനച്ച മിഴിനീർ തുള്ളികൾ തുടച്ച് നീക്കി.... രണ്ട് തോളിലും പിടിച്ച് അവനിലേക്ക് അടുപ്പിച്ച് അവളുടെ നെറ്റിയുമായി അവന്റെ നെറ്റി മുട്ടിച്ചു... മൂക്കു കൊണ്ട് അവളുടെ മൂക്കിൽ ഉരസി... അവന്റെ കണ്ണുകളും കലങ്ങിയിരിന്നു ... കട്ടിലിൽ ചെരിഞ്ഞു കിടക്കുന്ന അവനോട് ചേർന്ന് അവന്റെ കൈയിന് മുകളിലായി തല ചായച്ച് കിടക്കുമ്പോഴും അവർക്കിടയിൽ മുമ്പില്ലാത്ത വണ്ണം മൗനം കടന്ന് കൂടിയിരുന്നു...

കൂടെ കൂടെ ഉയരുന്ന നീണ്ട നിശ്വാസങ്ങളൊഴിച്ചാൽ തീർത്തും മൗനമായിരുന്നു ഇരുവരും.. ഇടതടവില്ലാതെ അവളുടെ നെറ്റിയിലും കവിളിലുമായി അവന്റെ ആദരങ്ങൾ പതിഞ്ഞു കൊണ്ടിരിന്നു.....കൈകൾ അവളെ വലയം ചെയ്തു കൊണ്ടും.. ക്ലോക്കിൽ പന്ത്രണ്ടര കാണിച്ചതും ഫ്രഷ് ആയി വരാമെന്ന് പറഞ്ഞു കൊണ്ടവൻ എഴുനേറ്റു... ഫ്രഷ് ആയി വന്നപ്പോഴേക്കും ഇടാനുള്ള ഷർട്ടും പാന്റ്സും അവൾ എടുത്ത് വെച്ചിരുന്നു... സാധാരണ ഷർട്ട്‌ ധരിച്ചയുടനെ വേണ്ടെന്ന് പറഞ്ഞാലും അധികാരപൂർവ്വം ബട്ടൻസ് ഇട്ട് തന്ന് കൈകൾ പിടിച്ചെടുത്ത് സ്ലീവ് മടക്കി തരുന്നവളാണ്.. നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ തന്റെ മുഖത്തേക്ക് നോക്കി നിൽക്കുന്നവളുടെ നേരെ നിന്നു അവൻ.... ചുണ്ടുകൾ കൂട്ടി പിടിച്ചു കൊണ്ടവൾ വേദനയോടെ മുഖം തിരിച്ചപ്പോൾ അവനാ കൈ വലിച്ചെടുത്ത് ഷർട്ടിൽ പിടിപ്പിച്ചു..... നിറഞ്ഞു തൂവുന്ന കണ്ണുകളോടെ ബട്ടൻസ് ഓരോന്നും ഇട്ടു കൊടുത്തു അവൾ..അവൻ കൈ നീട്ടിപിടിച്ചപ്പോൾ ഒഴുകുന്ന കണ്ണുകൾ തൂത്തെറിഞ്ഞ് വിറ കൊള്ളുന്ന ചുണ്ടുകൾ അടക്കി നിർത്താൻ പാടുപെട്ടു കൊണ്ടവൾ ഷർട്ടിന്റെ സ്ലീവ് വൃത്തിയായി മടക്കി കൊടുത്തു ... ചീപ്പ് കയ്യിൽ വെച്ച് കൊടുത്തു കൊണ്ടവൻ അവൾക്ക് ചീകാൻ പാകത്തിൽ തല കുനിച്ചു കൊടുത്തു....

ഒരിക്കൽ പോലും താൻ ചീകുന്ന പോലെ ചീകിവെക്കാൻ കഴിഞ്ഞില്ലേലും എന്നും അവകാശത്തോടെ തന്നിൽ നിന്ന് തട്ടിപ്പറിച്ച് കോമ്പ് വാങ്ങി ചീകി തരുന്നവളാണ്... ചീപ്പ് മുടിയിലൂടെ ഓടിക്കുമ്പോൾ പൊട്ടി വരുന്ന എങ്ങലടികൾ ചുണ്ടുകൾക്കിടയിൽ ഞെരിഞ്ഞമർത്താൻ അവൾ പ്രയാസപ്പെടുന്നുണ്ടായിരുന്നു.... "ന്താ പെണ്ണേ.... ഇത്തവണയും ശരിയായില്ലലോ " എന്ന് പറഞ്ഞു കൊണ്ട് അവളിൽ നിന്ന് ചീപ്പ് വാങ്ങി കണ്ണാടിയിൽ നോക്കികൊണ്ടവൻ തന്നെ ചീകി തൃപ്തിയണഞ്ഞു .... വീണ്ടും കൈകൾ അവൾക്ക് നേരെ നീട്ടി പിടിച്ചപ്പോൾ യന്ത്രികമായി തന്നെ വാച്ച് എടുത്ത് കയ്യിൽ കെട്ടി കൊടുത്തു അവൾ .. ഇനിയെന്തന്ന പോൽ ആ കണ്ണുകൾ ചുറ്റും പരതുന്നത് കണ്ടതും ഉയർന്നു വന്ന ഏങ്ങലടിയോടെയവൾ അവന്റെ മാറിലേക്ക് വീണു.... "ന്തിനാ ഇങ്ങനെ... മതി പോകണ്ട.... സലുക്ക വന്നപ്പോഴും പറഞ്ഞ് കമ്പനിയിൽ ഒഴിവുണ്ടെന്ന്.. അവിടെ കയറിക്കൂടെ... എന്നെ വിട്ട് പോകണ്ട..എല്ലാം ഉള്ളിലൊതുക്കൊണ്ടുള്ള ഈ മുഖം കാണാൻ വയ്യ മഷ്‌ക്ക... ഒന്ന് കരയെങ്കിലും ചെയ്യ്......"

പതം പറഞ്ഞു കൊണ്ടവൾ അവന്റെ നെഞ്ചിൽ കിടന്ന് വിങ്ങി പൊട്ടി... അവളുടെ ചങ്ക് പൊട്ടിയുള്ള നിൽപ്പും ഉയർന്നു വരുന്ന എങ്ങലടികളും കാണും തോറും നെഞ്ച് പൊട്ടി പോകുന്ന പോലെ... നെഞ്ചിലെ ഭാരം കുമിഞ്ഞു കൂടി തൊണ്ടവരെ എത്തിനിൽക്കുവാണ്.... ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത വണ്ണം തളർന്നു പോവുകയാണ്... വേണമെങ്കിൽ സൽമാനോട് പറഞ്ഞ് കമ്പനിയിൽ കയറാം... എല്ലാം ഉള്ളിലൊതുക്കിയുള്ള സുറുമിയെ കണ്ടപ്പോൾ സൽമാൻ അത് സൂചിപ്പിച്ചതാണ്... തന്റെ നെറികേട് കൊണ്ട് ഭാര്യവീട്ടുക്കാരുടെ ഔദാര്യത്തിൽ ജോലി.....ഭാവിയിൽ ബന്ധങ്ങളിൽ വിള്ളൽ വീഴാൻ സാധ്യത ഏറെയാണ്....വിയർപ്പൊഴുക്കിയാണെങ്കിലും സ്വന്തം കാലിൽ നിൽക്കുന്നത് അന്തസാണ്... ചിന്തകൾ പലതരത്തിലായിരുന്നു... അവളുടെ കണ്ണുനീർ കണ്ട് പോലും തനിക്കൊരു അലിവ് വരുന്നില്ലല്ലോ മഷൂദ്...ഈഗോ ഒന്ന് മാറ്റി വെക്കടാ... നിന്റെ പെണ്ണ് നിനക്ക് വേണ്ടിയാണ് ഈ സഹിക്കുന്നത്.. നിന്റെ സാന്നിധ്യം എന്നും എപ്പോഴും കൂടെ ഉണ്ടാകാൻ.....

ഇരു തട്ടിലിരുന്ന് മനസ്സ് അവൾക്ക് വേണ്ടിയും തനിക്ക് വേണ്ടിയും വാദിച്ചു.... ഫോൺ ശബ്ദിച്ചപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്... ഒരു കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് തന്നെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് സംസാരിച്ചു.. നിഹാലാണ്.. അവൻ വീട്ടിൽ നിന്നിറങ്ങി എന്ന് പറയാനാണ്... നിറഞ്ഞു തുളുമ്പാറയാ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ടവൻ അവളെ നേരെ നിർത്തി... കരഞ്ഞ് തളർന്നാ മുഖം അവന് കൈകുമ്പിളിൽ കോരിയെടുത്തു.... അലിവോടെ അവളുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി...വറ്റാത്ത നീരുറവ പോലെ അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ അപ്പോഴും ഒഴുകുന്നുണ്ടായിരുന്നു.. അവളുടെ നെറ്റിയിലും നനവാർന്നകണ്ണുകളിലും കണ്ണുനീർ വീണ കവിളുകളിലും അവൻ അമർത്തി ചുംബിച്ചു... ഈ ഒരു തവണ കൂടെ...യാചാനയോടെ അവന് പറഞ്ഞപ്പോ പുറത്തേക്ക് വന്ന തേങ്ങൽ ചുണ്ടുകൾക്കിടയിൽ അവൾ കടിച്ചമർത്തി... ഷർട്ടിൽ തിരുത്തി പിടിച്ച് കൊണ്ടവൾ അവനെ അവളിലേക്ക് അടുപ്പിച്ചു...പറയാതെ ഒരായിരം കാര്യം ഒളുപ്പിച്ച ആ കണ്ണുകളിലും തന്നെ നോക്കി കുസൃതിയോടെ ചിരിക്കുന്ന ആദരങ്ങളിലും അവളുടെ ആധരങ്ങൾ ഭ്രാന്തമായി പതിഞ്ഞു കൊണ്ടിരുന്നു... അവന്റെ കണ്ണുകളും പെയ്യുന്നുണ്ടായിരുന്നു.....

താഴെ ഇറങ്ങി മഷൂദ് ഉമ്മയെ വിളിച്ചുണർത്തിയ നേരം കൊണ്ട് സുറുമി സഫയെയും വിളിച്ചു കൊണ്ട് വന്നു.. ഉമ്മയെയും സഫയെയും പുണർന്നു കൊണ്ടവൻ യാത്ര പറയുന്ന നേരം കൊണ്ട് സുറുമി മെയിൻ ഡോർ തുറന്ന് ലെഗേജ് എല്ലാം സിറ്റൗട്ടിൽ കൊണ്ട് വെച്ചിരുന്നു... അവൻ സിറ്റൗട്ടിൽ എത്തിയതും കയ്യിൽ കരുതിയ പാസ്പോർട്ടും ടിക്കറ്റും അവനെ ഏല്പിച്ചു ... നെഞ്ചിനകത്ത് ഒരു തരം മരവിപ്പ് മാത്രമായിരുന്നു...അതവളുടെ കണ്ണുകളെയും ബാധിച്ചിരുന്നു.. നിമിഷങ്ങൾ കഴിഞ്ഞതും നിഹാലിന്റെ കാർ ഹോണടിയോടെ മുറ്റത്തേക്ക് വന്നു.. ലെഗേജ് എല്ലാം കയറ്റുന്ന നേരം കൊണ്ട് മഷൂദ് ഒരിക്കൽ കൂടെ യാത്ര പറഞ്ഞു... കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കുകയായിരുന്നു സുറുമി ... ഇനിയെന്നാ ഈ മുഖമൊന്നു കൺ നിറയെ കാണാൻ പറ്റാ.... നിമിഷങ്ങൾ.... കണ്ണൊന്നു ചിമ്മിയാൽ തനിക്ക് നഷ്ട്ടമാണ്,.. അവസാനമായി ആ കണ്ണുകൾ അവളുടെ മേൽ വന്ന് നിന്നു ...

വേദനയോടെയൊന്ന് പുഞ്ചിരിച്ചു അവൻ.... കണ്ണുകൾ കൊണ്ട് അനുവാദം ചോദിച്ചു....തലയാട്ടി സമ്മതം കൊടുക്കുമ്പോ ആ മുഖത്തെ നിർവികരമായ ഭാവവും ആ കണ്ണുകളിലെ നിസ്സഹായതയും അവളെ പൊള്ളിച്ചു... നിറം മങ്ങിയ കാഴ്ചയോടെ അകന്ന് പോകുന്ന കാർ അവൾ നോക്കി നിന്നു... പ്രാണൻ പകുത്ത് നൽകി സ്നേഹിച്ചിട്ട് ആ പ്രാണൻ പറിച്ചെടുക്കുന്ന വേദന മാത്രം സമ്മാനിച്ചു കൊണ്ടവൻ യാത്രയായി... ഇനിയൊരു നീണ്ട കാത്തിരിപ്പാണ്... വീണ്ടുമൊരു വസന്തകാലം പ്രതീക്ഷിച്ചു കൊണ്ടുള്ള നീണ്ട കാത്തിരിപ്പ്...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...