സുറുമി: ഭാഗം 41

 

എഴുത്തുകാരി: അവന്തിക

തളർന്ന മനസ്സും ശരീരവുമായി ഒരു തരം നിർവീകരതയോടെയാണ് സുറുമി മുറിയലേക്ക് കടന്നത്.. കുറുമ്പുകളും കുസൃതിയും പ്രണയവും പിണക്കങ്ങളും പരിഭവങ്ങളും പങ്ക് വെച്ച അവന്റെ ഓർമ്മകൾ മാത്രമുള്ള അവന്റെ ഗന്ധമുള്ള ആ മുറിയിലേക്ക്... കട്ടിലിൽ അവൻ അഴിച്ചിട്ട ടീഷർട് കാണെ പുറത്തേക്ക് വന്ന കരച്ചിലിന്റെ ചീളുകൾ അവൾ ചുണ്ടുകളാൽ അടക്കി വെച്ചു... അത് കയ്യിലെടുത്ത് മുഖത്തോട് അടുപ്പിച്ചപ്പോൾ എന്നും നെഞ്ചോട് ചേർന്ന് കിടക്കുമ്പോ ആസ്വദിക്കാറുള്ള അവന്റെ ഗന്ധം നാസികയിൽ നിറഞ്ഞു... ആഞ്ഞു വലിച്ചു കൊണ്ടവൾ ആ ഗന്ധം ശ്വസിച്ചു... കരഞ്ഞു പോയിരിന്നു അവൾ....ഓർമ്മിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച് അവൻ പോയപ്പോൾ നെഞ്ച് പിടഞ്ഞ് കരഞ്ഞ എന്നെ എന്തെ അവൻ ഓർത്തില്ല.... ഇനി കാത്തിരിപ്പാണ്.. നീണ്ട കാത്തിരിപ്പ്.... കഴിഞ്ഞ് പോയ നല്ല നാളുകളെ ഓർത്ത് കൊണ്ടും വരാനിരിക്കുന്ന നാളുകൾക്കായി സ്വപ്നം നെയ്തു കൊണ്ടും വേദനയും വിരഹവും സമ്മാനിക്കുന്ന വേദനയൂറുന്ന കാത്തിരിപ്പ്... അവൾക്ക് അത്രെയും ഇഷ്ട്ടപ്പെട്ട അവന്റെ വിയർപ്പിന്റെ ഗന്ധമുള്ള ആ ടീഷർട് നെഞ്ചോട് ചേർത്ത് അവന്റെ ഗന്ധമുള്ള തലയണയിൽ മുഖം അമർത്തി കണ്ണുകളകടച്ച് കിടന്നു അവൾ...

അപ്പോഴും കണ്ണുകൾ ഒഴുകുന്നുണ്ടായിരിന്നു.. പിറ്റേന്ന് രാവിലെ തന്നെ കാർ കൊണ്ട് പോകാൻ ആള് വന്നു.. അവൻ വരുമ്പോൾ ഒന്നോ രണ്ടോ മാസത്തിനു വേണ്ടി റെന്റിന് എടുക്കുന്നതാണ് കാർ.. ചാവി അവർക്ക് കൈമാറുമ്പോൾ വല്ലാത്തൊരു നീറ്റലായിരുന്നു ഉള്ളിൽ....പിണങ്ങി നിൽക്കുന്ന ദിവസങ്ങളിൽ അവളുടെ പിണക്കം മാറ്റാൻ ഉമ്മയോട് പല കള്ളങ്ങളും പറഞ്ഞ് കറങ്ങാൻ പോയതും എണ്ണിയാൽ ഒടുങ്ങാത്ത പരിഭവങ്ങൾ അവൾക്കേറ്റവും ഇഷ്ട്ടമുള്ള സ്വീറ്റ് കോണിലോ ഷവർമയിലോ തീർത്തതും അവന്റെ കുസൃതിയും പ്രണയവും പങ്ക് വെച്ചതുമെല്ലാം ആ കാറിൽ വെച്ചായിരുന്നു.. വീടിന്റെ ഓരോ മൂലയും അവന്റെ സാന്നിധ്യമാണ് ഓർമപ്പെടുത്തുന്നത്.. അടുക്കളയിലെ തിരക്കിട്ട പണികൾക്കിടയിൽ കുസൃതിയോടെ വന്ന് ഉമ്മ വെച്ച് ഓടുന്നതും പണികൾ തീർത്ത് എന്തെങ്കിലും കാരണമുണ്ടാക്കി എവിടേലും കറങ്ങാൻ പോകുന്നതും.. വൈകുന്നേരങ്ങളിൽ ചെടി പരിപാലനത്തിനായി ഇറങ്ങുമ്പോ സിറ്റൗട്ടിൽ ഇരുന്ന് കമന്റ്‌ അടിച്ചും ചളി പറഞ്ഞും കളിയാക്കുന്നതും അതിർവരമ്പുകൾ ഇല്ലാത്ത ആ കണ്ണുകളിലെ പ്രണയം അതിന്റെ മാധുര്യം ഒട്ടും ചോരാതെ തന്നിലേക്ക് മാത്രമായി പകർന്ന് നൽകിയ രാവുകളും കുറുമ്പുകൾക്കും കുസൃതികൾക്കും മൂക സാക്ഷിയായ മുകളിലെ ആ മുറിയും... അങ്ങനെ ഓരോ ഇടങ്ങളും അവളെ ചുട്ടു പൊള്ളിക്കുകയിരുന്നു....

പകലൊക്കെ എങ്ങനെക്കെയോ തള്ളി നീക്കും.. രാത്രിയാൽ വല്ലാത്തൊരു ഒറ്റപ്പെടലാണ്... ആരുടെ സാന്നിധ്യം കൊണ്ടും നികത്താൻ കഴിയാത്ത ഒറ്റപ്പെടൽ.. അവന്റെ സാന്നിധ്യം ഓർമപെടുത്തുന്ന ഓരോ ഇടങ്ങളിലും വല്ലാത്തൊരു വീർപ്പമുട്ടലോടെ ഉള്ളിലെ നോവിന് മീതെ തെളിമയില്ലാത്തൊരു പുഞ്ചിരി എടുത്തണിഞ്ഞ് നടക്കുന്ന അവളെ കണ്ട് സഫയാണ് ഉമ്മയോട് പറഞ്ഞ് മോളെ കാണാൻ വന്ന സൽമാനൊപ്പം വലിയേടത്തേക്ക് വിട്ടത്. അതവൾക്കും വലിയൊരു ആശ്വാസമായിരുന്നു... കുറച്ച് ദിവസം മാറി നിന്നാൽ ഇത്തിരി ആശ്വാസം കിട്ടിയാലോ.. റംസാൻ കച്ചവടാവിശ്യത്തിനായി പുറത്തായത് കൊണ്ട് സമീറയും മക്കളും വലിയേടത്ത് ഉണ്ടായത് അവൾക്ക് കുറച്ചാന്നുമല്ല ആശ്വാസം പകർന്നത്.. ദിവസങ്ങൾ പോകെ അവളുടെ മനസ്സും ആ സാഹചര്യത്തോട് പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു.. അവിടെ എത്തിയതിൽ പിന്നെ മശൂദും തിരക്കിലായി... പോകുന്നതിന് മുമ്പുള്ള അവളുടെ മോട്ടിവേഷൻ കാരണമായി കൂടുതലൊന്നും ഇല്ലെങ്കിലും പറ്റുന്ന പോലെ അവളെ വിളിക്കാൻ അവൻ ശ്രമിക്കാറുണ്ട്... അവന്റെ ജോലിയുടെ സ്ട്രസ്സ് അവനിലൂടെ അറിഞ്ഞത് കൊണ്ട് അവളും ക്ഷമ കൈകൊണ്ടു.. മോളുടെ നൽപ്പത്തിന്റെ ചടങ്ങിനാണ് പിന്നെ വെങ്ങാട്ടിലേക്ക് തിരിച്ചു പോയത്.. 🍁🍁🍁

സൽമാൻ കോയമ്പത്തൂർ ആയത് കൊണ്ട് കുഞ്ഞിന് വാക്സിൻ കൊടുക്കാൻ സഫയെയും മോളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നതാണ് സുറുമി... ഉമ്മയുമുണ്ട് കൂടെ.. ഉമ്മക്ക് മുട്ട് വേദനക്ക് ഓർത്തോ സ്‌പെഷ്യലിസ്റ്റിനെ കാണിക്കുകയും വേണം.... വാക്സിൻ ചെയ്ത ശേഷം ഉമ്മയെയും സഫയെയും ഓർത്തോ സ്പെഷ്യലിസ്റ്റിന്റെ ഓപി ക്ക് മുന്നിൽ ഇരുത്തി മോൾക്കുള്ള മരുന്ന് വാങ്ങാൻ ഫാർമസിയിൽ വന്നതാണ് സുറുമി.. കുറിപ്പ് കൊടുത്ത് മരുന്നിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് എൻക്യുറി ക്ക് സമീപം കുറച്ചപ്പുറത്തായി ഗൈനൊക്കോളിജിസ്റ്റ് പി വത്സല എന്നെഴുതിയ ബോർഡിലേക്ക് അവിചാരിതമായി കണ്ണുകൾ ഉടക്കിയത്... പുറത്ത് രണ്ട് മൂന്ന് ആളുകളുമുണ്ട്.. അറിയാതെ കൈകൾ വയറിലേക്ക് നീണ്ടു... ഒരു നിമിഷം ഒന്നാലോചിച്ചു നിന്നു... പ്രതീക്ഷിക്കരുത്.. അതിന്റെ സമയം ആകുമ്പോ ആകും... ഇതാലോചിച്ച് ടെൻഷൻ അടിക്കരുത്... അങ്ങനെ ഒരു വിധി ഇല്ലെങ്കിൽ വേണ്ടടി... നമുക്ക് നമ്മളുണ്ടല്ലോ എന്നൊക്കെ പറഞ്ഞിട്ടാണ് പോയത് ...എന്നിരുന്നാലും മറിയുമോളെയും റൂമിയെയും ഒക്കെ കൊഞ്ചിക്കുമ്പോ ആ കണ്ണുകളിൽ അലയടിക്കുന്ന മോഹം... അതെത്ര ഒളുപ്പിച്ചാലും കാണാറുണ്ട്.. മരുന്ന് വാങ്ങി കാലുകൾ അറിയാതെ ചലിച്ചത് റിസെപ്സ്ഷനിലേക്കാണ്...

ടോക്കൺ എടുത്ത് കാത്തിരിക്കുമ്പോ പ്രതീക്ഷിക്കുന്ന കാര്യം ഇല്ലെങ്കിൽ അത് ഉൾകൊള്ളാൻ മനസ്സിനെ സജ്ജമാക്കുകയായിരിന്നു സുറുമി..... ഉമ്മയോ സഫയോ കാണുമോ എന്ന വെപ്രാളം വേറെയും... നെഗറ്റീവ് എന്ന ഉത്തരം ആണെങ്കിൽ അവരോട് എന്ത് പറയും... ഡോക്ടറെ കണ്ട് ടെസ്റ്റിന് കൊടുത്ത് റിസൾട്ടിന് വേണ്ടി അക്ഷമയോടെ കാത്തിരിക്കുമ്പോ ആ നിമിഷങ്ങൾക്ക് വല്ലാത്ത ദൈർഗ്യം തോന്നി പോയി സുറുമിക്ക്... നിമിഷങ്ങൾ കഴിഞ്ഞതും ഡോക്ടർ തന്നെ ആ സന്തോഷവർത്ത അവളെ അറിയിച്ചു.. സുറുമിയുടെയും മഷൂദ്ന്റെയും പ്രണയസാക്ഷത്കരണം.... ഉദരത്തിൽ ഒന്നര മാസം പ്രായമായ ഒരു കുഞ്ഞ് ഉണ്ടെന്നത് അവളെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു... കൂടെ ഇറുകെ പുണർന്ന് ആ ചെവിയിലായ് ഇതൊന്ന് പങ്ക് വെക്കാൻ അവനില്ലല്ലോ എന്ന നോവും... തിരികെ വീട്ടിലെത്തിയിട്ടും എന്തോ ഉമ്മയോടും സഫയോടൊമൊന്നും പറയാൻ തോന്നിയില്ല... എന്ത് കൊണ്ടോ ഈ കാര്യം ആദ്യം അറിയുന്നത് അവനായിരിക്കണം എന്നൊരു ആഗ്രഹം.. രാവേറെ കഴിഞ്ഞിട്ടും മിസ്സ്ഡ് കാളുകളുടെ ചാകര തന്നെ തൊടുത്ത് വിട്ടു കൊണ്ട് അവന്റെ വിളിക്കായി പ്രതീക്ഷയോടെ കാത്തിരുന്ന് എപ്പോഴോ ഉറങ്ങി പോയി അവൾ ... അവന്റെ ഫോൺ കാൾ തന്നെയാണ് ഉണർത്തിയതും..

പ്രതീക്ഷയോടെ ഫോൺ എടുത്തെങ്കിലും നല്ല ക്ഷീണമുണ്ട് നാളെ വിളിച്ചാൽ പോരെ എന്ന അവന്റെ പതിഞ്ഞ ചോദ്യം കേട്ടതോടെ നിരാശയോടെ അവളൊന്ന് മൂളി കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.. പിറ്റേന്നും ഒരുപാട് കാത്തിരുന്നു... തുടരേയുള്ള അവളുടെ മിസ്സ്ഡ് കാൾ കണ്ട് സഹിക്ക വെയ്യാതെ ആയിരിക്കണം രണ്ട് തവണ വിളിച്ചെങ്കിലും കാൾ കണക്ട് ചെയ്ത് മറുവശം ആരോടോ ഓഫീസ് സംബന്ധമായ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു അവൻ നിരാശയോടെ അവളെയൊന്ന് കേൾക്കാൻ പോലും മെനക്കേടാത്ത അവനോട്‌ ഒരുപാട് പരിഭവിച്ചു കൊണ്ടാണ് അവൾ ഉറക്കത്തിലേക്ക് വഴുതിയത്.. പിറ്റേന്ന് വെള്ളിയാഴ്ചയാണ്...മഷൂദ് ന് ഓഫ്‌ ഡേ ആണ്... ആ ചിന്ത ഉണ്ടായത് കൊണ്ട് തന്നെ ഉന്മേഷത്തോടെയാണ് എഴുന്നേറ്റത്... ആളൊന്ന് ഉറങ്ങി എഴുനേറ്റ് ലാൻഡ് ഫോണിലേക്ക് വിളിക്കാറുണ്ട്... ഉമ്മയോട് വിശദമായി സംസാരിക്കാറുള്ളതും ഈ ദിവസങ്ങളിൽ ആണ്... ഉള്ളിന്റെ ഉള്ളിൽ അലയടിക്കുന്ന സന്തോഷം മറച്ചു വെച്ച് കൊണ്ടാണ് രാവിലെ അടുക്കളയിലേക്ക് കയറിയത്.. ആരും അറിഞ്ഞിട്ടില്ലല്ലോ.. അവിടെ എത്തിയപ്പോ നല്ല മട്ടൻ വേവിക്കുന്ന മണം... പൊതുവെ അതിന്റെ മണമോ ടേസ്‌റ്റോ ഇഷ്ടമില്ലാത്തതാണ്... പക്ഷെ ഇത്തവണ വയറു ചതിച്ചു....

മണം അടിച്ചു കയറിയതും വല്ലാത്തൊരു അസ്വസ്ഥതയോടെ വയറിൽ നിന്നെന്തോ ഉരുണ്ട് കയറി തൊണ്ട വരെ എത്തി... പാതി തുറന്ന് വെച്ച പിൻ വാതിൽ വലിച്ചു തുറന്ന് കൊണ്ടവൾ ഓടി.. കാലി വയറായത് കൊണ്ടായിരിക്കാം വോമിറ്റ് ചെയ്യുന്ന ശബ്ദം മാത്രേ പുറത്തേക്ക് വന്നോള്ളൂ... അസ്വസ്ഥതയോടെ നെഞ്ചും വയറും ഉഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോ ഉമ്മയതാ ഗൗരവം ഒക്കെ വിട്ട് ചെറു ചിരിയോടെ നിൽക്കുന്നു... അവളും ഒന്ന് ഇളിച്ചു കാണിച്ചു.. പിന്നെയങ്ങോട്ട് മീഡിയ വൺ ന്യൂസ്‌ ചാനെൽ പോലെ ആയിരുന്നു... ഉച്ചയോട് അടുക്കുമ്പോഴേക്ക് അവളുടെ മഷ്‌ക്ക ഒഴിച്ച് കുടുംബം മൊത്തം അറിഞ്ഞ പോലെയായി ... ഫങ്ക്ഷൻ വന്നവരെല്ലാം ഉമ്മയോടും ചോദിച്ചിരിക്കണം... ഇത് വരെ ഒന്നുമായില്ല എന്ന് രണ്ട് മൂന്ന് പേരോട് പറഞ്ഞപ്പോഴുള്ള ഉമ്മാടെ മുഖത്തെ നിരാശ അവളും കണ്ടതാണ്... സൽമാനെയും ഉമ്മനെയും സമീറനെയും ഒക്കെ വിളിച്ച് അറിയിച്ചത് സഫയാണെങ്കിലും പറയാതെ വെച്ചതിനുള്ള പരിഭവം വേറെയും കേൾക്കേണ്ടി വന്നു സുറുമിക്ക്..... പണിയൊക്കെ തീർന്ന് കുളിക്കാൻ പോകാതെ കൊഴി മുട്ടയിടാൻ നടക്കുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടന്ന് സമയം കളയുകയാണ് സുറുമി.. വേറൊന്നുമല്ല... മഷൂദ് ന്റെ ഫോൺ ഏത് നിമിഷവും വരുമെന്ന പ്രതീക്ഷയിലാണ് അവൾ ... ഫോൺ റിങ് ചെയ്താലുടൻ എടുക്കാനും അവളാൽ ആ കാര്യം പറയാനും വല്ലാത്തൊരു കൊതി....

ഇടയ്ക്ക് ഉമ്മാടെ മുറിയിലെ ലാൻഡ് ഫോണിലേക്ക് കണ്ണുകൾ പായ്ക്കുന്നുമുണ്ട് അവൾ.. ഒടുവിൽ ഉമ്മാടെ സ്നേഹത്തോടെയുള്ള ശാസന വേണ്ടി വന്നു കുളിക്കാൻ പോകാൻ... ഉച്ച കഴിഞ്ഞാൽ നീരിറങ്ങി പനി വരുമെന്ന്.. മനസ്സില്ലാ മനസ്സോടെ ബാത്‌റൂമിൽ കയറി കുളി തുടങ്ങിയതും ലാൻഡ് ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടു .. നെറ്റിയിൽ കൈ വെച്ച് പോയി അവൾ.. ആരോടെന്നില്ലാതെ ദേഷ്യം തോന്നി അവൾക്ക് ... ഉറപ്പാണ് അത് അവൻ ആണെന്ന്... ഉമ്മ പറയുമെന്നതും ഉറപ്പാണ്.... ഒരു കുഞ്ഞിന്റെ അച്ഛൻ ആകാൻ പോകുന്നു എന്ന അറിവ് ഏതൊരു മനുഷ്യനെയും പോലെ അവനെയും സന്തോഷത്തിന്റെ....അഭിമാനത്തിന്റെ മൂർദ്ധാവസ്ഥയിൽ എത്തിക്കും.. അടുത്തുണ്ടെങ്കിൽ ആ കണ്ണുകളിലെ തിളക്കം അനുഭവിച്ചറിയാമായിരുന്നു.... വാക്കുകളാൽ പ്രകടിപ്പിക്കാത്ത അവന്റെ സ്നേഹവും സന്തോഷവും അവന്റെ പ്രവർത്തിയാൽ അനുഭവിച്ച് അറിയാമായിരുന്നു...വെറുതെ പോലും അതവൻ ആകല്ലേ എന്ന് ഉള്ളാലെ പ്രാർത്ഥിച്ചു അവൾ... കുളിച്ചിറിങ്ങിയതും ഉമ്മാടെ വിളി വന്നു... മശൂ ആണ്.. ഫോൺ അവൾക്ക് തരാൻ പറഞ്ഞു എന്ന്... രണ്ട് ദിവസമായി ഈ ഒരു കാര്യം അവനെ അറിയിക്കാൻ ശ്രമിച്ചിട്ടും ഒന്ന് കേൾക്കാൻ പോലും മെനക്കേടാത്ത അവനോടും അവന്റെ ഒടുക്കത്ത തിരക്കിനോടും പരിഭവിച്ചു കൊണ്ടാണവൾ ഫോൺ കാതോട് ചേർത്തത്.. രണ്ട് നിമിഷം മൗനമായി റെസിവർ കാതോട് ചേർത്ത് നിന്നു അവൾ ..

ഹെലോ എന്ന് പറഞ്ഞതും ഒന്ന് മൂളിയവൻ.... വല്ലാത്തൊരു അവസ്ഥയിലാണ് അവനെന്ന് മനസ്സിലാക്കാൻ അവൾക്ക് ആ മൂളൽ മതിയായിരിന്നു... "ഉമ്മ പറഞ്ഞു..."അവനൊന്ന് നിർത്തി.... "ഹാ... രണ്ടൂസായി ഇതൊന്ന് പറയാൻ വേണ്ടി ഞാൻ പാട്പെടുന്നു..." അവളൊന്ന് പരിഭവിച്ചു.. "നിനക്കൊന്ന് പറഞ്ഞൂടായിരുന്നോ..?" "അവിടെ ആരോടോ സംസാരിക്കുന്ന നിങ്ങളോടോ...?" "ഹ്മ്മ്...." "എന്തോന്ന് ഹും.... എനിക്കങ്ങോട്ട് വിറഞ്ഞു കയറുന്നുണ്ട്... തേനേ ചക്കരെ ന്ന പോലെ കൂടെ നടന്ന ആളാ.. അവിടെ പോയപ്പോ വേറൊരു സ്വഭാവം...." "തിരക്ക് കൊണ്ടല്ലേ..." അവനൊന്ന് ചിരിച്ചു.... "തിരക്ക്...."വാക്കുകളിൽ അത്രയും പരിഭവം മാത്രമായിരുന്നു.. "പിണങ്ങല്ലേ... " "ഹാ....കേട്ടപ്പോ സന്തോഷായോ..?" പ്രതീക്ഷയോടെ അവൾ ചോദിച്ചു... "ഹ്മ്മ്..."മനസ്സ് നിറഞ്ഞ് വാക്കുകൾ നഷ്ടപ്പെട്ടിരിന്നു അവന്.. "അത്രേ ഒള്ളൂ..." "ഒരുപാട് സന്തോഷായി.." "രണ്ടേരണ്ടു വാക്കിൽ അതും തീർത്ത്...." ആ സംഭാഷണം അവസാനിക്കുമ്പോഴും സന്തോഷാവസ്ഥയിൽ പോലും മനസ്സ് തുറക്കാത്ത അവനോടുള്ള പരിഭവമായിരുന്നു അവൾക്ക്.. ദിവസങ്ങൾ കടന്ന് പോയി... മാസങ്ങളും..... തിരക്കെന്ന് പറഞ്ഞ് അവഗണിക്കുന്ന അവനോടുള്ള പിണക്കവും പരിഭവവും ദേഷ്യവുമൊക്കെയായി സുറുമി കാത്തിരിപ്പിലാണ്...

ഒരു കുഞ്ഞതിഥിയെ വരവേൽക്കാൻ... ഡെലിവറിക്ക് ഇനി ഒരു മാസം കൂടെയുള്ളൂ... അപ്പോഴേക്ക് അവൻ വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അവൾ... ആ പ്രതീക്ഷ അസ്തമിച്ചത് കുറച്ചധികം ഇഷ്യൂ ഉണ്ട് വരാൻ പറ്റില്ല എന്ന അവന്റെ മറുപടി കേട്ടപ്പോഴാണ്.. "ഷെറിയുടെയും സഫയുടെയും ഡെലിവറിക്ക് നാട്ടിൽ എത്താനുള്ള വെപ്രാളമൊന്നും എന്തെ എന്റെ കാര്യത്തിൽ ഇല്ലാതായി പോയത്.. അല്ലെങ്കിലും അടുത്ത് കിട്ടുമ്പോ നിങ്ങളുടെ ആവിശ്യം പൂർത്തീകരിക്കാൻ ഉള്ള ഒരു വസ്തു ആണല്ലോ ഞാൻ.... അതല്ലേ ഇങ്ങനെ വിളിക്കാതെയും മര്യദക്ക് സംസാരിക്കാതെയും എന്നെ ഇങ്ങനെ തട്ടി കളിക്കുന്നത്....." ഒരുപാട് പ്രതീക്ഷിച്ച് കാത്തിരുന്ന് ഒടുക്കം അവൻ വരില്ല എന്ന് പറഞ്ഞപ്പോ അപ്പോഴത്തെ ദേഷ്യത്തിൽ അവളിൽ നിന്ന് ഉതിർന്ന വാക്കുകൾ ആണിവ... വലിയേട്ത്തേക്ക് കൊണ്ട് വന്നതിൽ പിന്നെ എന്നും പ്രതീക്ഷയായിരുന്നു.... വെറുതെ ഇരിക്കുമ്പോഴൊക്കെ പകൽ കിനാവ് പോലെ സ്വപ്നം കാണും അവൾ..അവൻ വരുന്നതും വയറുന്തി തടിച്ച് വീർത്ത അവളെ കണ്ട് അത്ഭുതമൂറുന്നതും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നതും കുഞ്ഞിനോട് സംസാരിക്കുന്നതും...

പൈൻ വന്ന് കൊണ്ടുപോകുമ്പോ അരികിലായ് അവൻ ഉണ്ടാകുന്നതും കുഞ്ഞിനെ ആദ്യമായി കയ്യിലെടുക്കുന്നതും സ്നേഹസമ്മാനമായി നെറുകയിൽ അവന്റെ ചുംബനം പതിയുന്നതും... അങ്ങനെ ഓരോന്നും ഒരു സ്വപ്ന ജീവിയെ പോലെ അവൾ കിനാവ് കണ്ടത് കൊണ്ടായിരിക്കാം ഒരൊറ്റ വാക്കിൽ വരാൻ പറ്റില്ല എന്ന് അവൻ തീർത്തു പറഞ്ഞപ്പോൾ ഉള്ളിലെ സങ്കടം ദേഷ്യമായിട്ട് പരിണമിച്ചത്.. ആദ്യമായിട്ടായിരിക്കാം അവൾ അവനോട് കയർത്തു സംസാരിക്കുന്നത്.. എന്ത് കൊണ്ടോ അവനും അവളോട് തട്ടി കയറി... " ആണ്... എന്റെ കാമം തീർക്കാൻ തന്നെയാണ് നിന്നെ മഹർ കൊടുത്ത് കെട്ടിയത്.... എന്തെ..വല്ല കൊഴപ്പോം ഉണ്ടോ... ഉണ്ടേൽ നീ നിന്റെ പണി നോക്കി പൊടി....... അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തന്നെയാ... നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രം നടന്നാൽ മതി... ആണുങ്ങളുടെ വിയർപ്പും കഷ്ടപ്പാടൊന്നും നിങ്ങൾക്ക് അറിയേണ്ടല്ലോ... നന്ദി ഇല്ലാത്ത വർഗം... " ആദ്യമായിട്ടാണ് അവനിൽ നിന്ന് വഴക്ക് കേൾക്കുന്നത്... അവളെപ്പോഴും പരിഭവം നടിച്ച് പിണങ്ങി നടക്കാറുണ്ടെങ്കിലും എല്ലാം അവളുടെ കുറുമ്പായി കണ്ട് ഒരു കോംപ്രമൈസിന് അവൻ തന്നെയാണ് മുന്നിടാറ്.. അവന്റെ വാക്കുകൾ കുറച്ചൊന്നുമല്ല അവളെ വേദനിപ്പിച്ചത്...

ഉരുണ്ട് കൂടിയ കണ്ണുനീർ വാശിയോട് തട്ടിയെറിഞ്ഞു കൊണ്ടവൾ ഫോൺ കട്ട്‌ ചെയ്തു... ഇടയ്ക്കിടെ അവൻ പറഞ്ഞ ഓരോ വാക്കുകളുംചെവിയിൽ മുഴങ്ങി കൊണ്ടിരിന്നു.. ഇങ്ങോട്ട് വിളിക്കാതെ ഇനി ഒരു മിസ്സ്ഡ് കാൾ പോലും ഉണ്ടാവില്ല എന്നുറപ്പിച്ചിരിക്കെ ആണ് അന്ന് വൈകീട്ട് നിഹാലും ഹിബയും മോളും കൂടെ സുറുമിയെ കാണാൻ വലിയേടുത്തേക്ക് വന്നത്... ഫ്രൂട്ട്സും സ്വീറ്റ്സുമൊക്കെയായിട്ടാണ് അവർ വന്നത്... വയറു കാണൽ എന്നത് ഒരു ചടങ്ങാണല്ലോ ..സഫയുടെ ഫങ്ക്ഷൻ ശേഷം കാണുകയാണ് ഹിബയെ .. ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരിന്നു പറയാൻ... സംസാരിക്കുന്ന കൂട്ടത്തിലാണ് നിഹാലും ഉപ്പയും ഉപ്പാടെ ഒരു സുഹൃത്തുമൊക്കെ പങ്കാളികളായി മശൂദും ചേർന്ന് തുടങ്ങിയ ബിസിനസിനെ കുറിച്ച് അവൾ പറയാൻ ഇടയായത്... അതിപ്പോ ഒന്ന് രണ്ട് മാസമായി നഷ്ടത്തിലാണ്.... വലിയ പ്രതീക്ഷയിൽ തുടങ്ങിയ സംരംഭമാണ്.. ഇപ്പൊ നഷ്ടമാണെങ്കിലും ഈ ഒരു മാസം ഒന്ന് ആഞ്ഞു പിടിച്ചാൽ പ്രതീക്ഷക്കുള്ള വകയുമുണ്ട്... അതിനായി കുറച്ച് എമൗണ്ട് ഒപ്പിക്കാനുള്ള ഓട്ടത്തിലാണ് നിഹാലും മഷൂദും എന്നവൾ പറഞ്ഞപ്പോൾ അവൻ വരാൻ പറ്റില്ല എന്നതിന്റെ കാരണവും അവൾക്ക് ഊഹിക്കാമായിരുന്നു .. ഈ കാര്യം അവനോട് ഇടയ്ക്കിടെ ചോദിക്കുമെങ്കിലും കൊഴപ്പല്ല്യാതെ പോകുന്നുണ്ട് എന്ന ഒഴുക്കിൻ മട്ടിലുള്ള അവന്റെ മറുപടിയാണ് കിട്ടാറുള്ളത്....

വരാൻ പറ്റില്ല എന്ന് പറഞ്ഞതിന്റെ കൂടെ കാരണം കൂടെ വ്യക്തമാക്കിയിരുന്നേൽ അവനോട് അങ്ങനെ തട്ടികയറി സംസാരിക്കില്ലായിരുന്നല്ലോ എന്ന ചിന്ത അവളുടെ മനസ്സിനെ കൂടെ കൂടെ ആസ്വസ്തമാക്കി കൊണ്ടിരിന്നു... മനസ്സ് അത്രെയും ആസ്വസ്തമായത് കൊണ്ടായിരിക്കാം അന്ന് രാത്രി വിശേഷം അറിയാൻ വേണ്ടി സമീറ വിളിച്ചപ്പോൾ അവൾ കാര്യങ്ങളെല്ലാം സമീറയുമായി പങ്ക് വെച്ചു. അവന്റെ അവഗണനയും വിളിച്ചാലും മര്യദക്ക് സംസാരിക്കില്ല എന്ന അവളുടെ പരാതിയും കേട്ടപ്പോൾ സമീറയും അവന്റെ ഭാഗം ന്യായീകരിച്ച് സംസാരിക്കുകയാണ് ചെയ്തത്... അവൻ കൂടെ ഉണ്ടാകുമ്പോ അവൻക്ക് മറ്റു ചിന്തകൾ ഒന്നുമില്ല...വീട്ടിലെ കാര്യം മാത്രം നോക്കിയാൽ മതി .. അത് കൊണ്ടാണ് അവൻ നിന്നെ മാക്സിമം സന്തോഷിപ്പിക്കുന്നതും നിന്നെ മനസ്സിലാക്കുന്നതും നിനക്കൊപ്പം നിഴൽ പോലെ ഉണ്ടാവുന്നതും.. അത് പോലെയല്ല പുറത്ത് പോയാൽ.. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും... സ്‌ട്രെസ് ഉണ്ടാകും..... ഒരു പ്രവാസിയുടെ ബുദ്ധിമുട്ടുകളും ജോലി ഭാരങ്ങളും നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറത്താണ്... നിനക്ക് വേണ്ടിയും നിങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടിയുമാണ് അവൻ അവിടെ പോയി വിയർപ്പൊഴുക്കുന്നത്....

ഇപ്പൊ കുറച്ചൊന്നു ബുദ്ധിമുട്ടിയാൽ വരും നാളുകളിൽ നിങ്ങൾക്കൊപ്പം നാട്ടിൽ സെറ്റൽഡ് ആകാനാണ് അവൻ ശ്രമിക്കുന്നതും...ഈ ഒരു അവസ്ഥയിൽ അവന്റെ കൂടെ നിന്ന് അവന് സമാധാനം കൊടുക്കേണ്ട നീ അവന്റെ സാഹചര്യം മനസ്സിലാക്കാതെ പ്രതികരിച്ചത് ഒട്ടും ശരിയായില്ല... എന്ന് സമീറ പറഞ്ഞപ്പോൾ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയത് ഓർത്ത് കുറ്റബോധം തോന്നി പോയി സുറുമിക്ക്.. അവനെ വിളിച്ച്,പറഞ്ഞു പോയതിൽ ക്ഷമ ചോദിച്ച് അവൻ ഇപ്പൊ അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാക്കി സമാധാനിപ്പിക്കണം എന്നൊക്കെ ഉണ്ടായിരുന്നെങ്കിലും അവൻ തൊടുത്തു വിട്ട വാക്കുകൾ ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചു.. പലതവണ ഫോൺ എടുത്ത് അവന് വിളിക്കാൻ ഒരുങ്ങിയെങ്കിലും അവൻ പറഞ്ഞ ഓരോന്നും ഓർമ വരുമ്പോ ആ ഉദ്യമം അവൾ ഉപേക്ഷിച്ചു.... പിറ്റേന്ന് വൈകുനേരം ആയപ്പോഴേക്കും ക്ഷമ നശിച്ചു പോയിരിന്നു അവൾക്ക്.. ഈ നേരം ആകുമ്പോഴേക്ക് മിസ്സ്ഡ് കാളുകളുടെ കൂമ്പാരം തന്നെ വിട്ട് അവനെ കൊണ്ട് തിരികെ വിളിപ്പിച്ച് അവിടെ സംസാരിക്കുന്ന ശബ്ദമോ അല്ലെങ്കിൽ അതിനടയിൽ വീണ് കിട്ടുന്ന കുശലന്വേഷങ്ങളോ എങ്കിലും കേൾക്കുന്നതാണ്.... എത്രയൊക്കെ ആസ്വസ്തയോടെ ചിന്തിച്ചു കൂട്ടിയിട്ടും അവനെയൊന്ന് വിളിക്കാൻ ഉള്ളിലെ ഈഗോ സമ്മതിച്ചില്ലെന്ന് വേണം പറയാൻ... വൈകീട്ട് മുറ്റത്ത് ഉലാത്തുമ്പോൾ ആണ് പതിവില്ലാതെ സൽമാൻ വന്ന് കയറി വന്നത്..

എന്തെന്ന് സംശയിച്ചപ്പോഴേക്കും സുറുമിയോട് വേഗം ഒരുങ്ങാൻ പറഞ്ഞ് ആള് റെഡി ആകാൻ മുറിയിലേക്ക് കയറി പോയി... പരിഭ്രമിച്ചാണ് അവൾ ഒരുങ്ങിയിറങ്ങിയത്.. സഫയും ഉമ്മയുമെല്ലാം ചോദിച്ചെങ്കിലും കാര്യം അത്ര ഗൗരമുള്ളതല്ല എന്ന് തോന്നുന്ന വിധത്തിലായിരുന്നു അവന്റെ മറുപടി... അതവൾക്കും ആശ്വാസമായിരുന്നു..യാത്രയിൽ ഉടനീളം പെട്ടന്ന് ഇതിപ്പോ എങ്ങോട്ടാ എന്തിനാ എന്നൊക്കെയുള്ള സംശയമായിരുന്നു അവൾക്ക്... വണ്ടി ചെന്ന് നിന്നത് നിഹാലിന്റെ വീട്ട് മുറ്റത്താണ്.. നിഹാലും ഹിബയും ഇന്നലെ വന്ന് പോയതല്ലേ ഒള്ളൂ... വീണ്ടും ഇങ്ങോട്ട് കൊണ്ടുവരാനുള്ള കാരണമെന്തായിരിക്കുമെന്ന ചിന്തയായിരിന്നു സൽമാനൊപ്പം കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുന്നത് വരെ... ഹാളിൽ എത്തിയതും ഹിബയുടെയും നിഹാലിന്റെയും ഉമ്മയുടെയും സംസാരങ്ങളും ചിരിയുമെല്ലാം കേട്ടു ..... സുറുമിയും സൽമാനും വന്നതൊന്നും അറിയാതെ അവർ ലിവിങ് റൂമിലെ ഡെയിനിങ് ടേബിളിന് നടുവിലായി കൂട്ടത്തോടെ നിന്ന് സംസാരിക്കുകയാണ്... അവരുടെ ശ്രദ്ധയെല്ലാം ടേബിളിലേക്കാണ് എന്ന് കണ്ടതും ചിരിച്ച് നിൽക്കുന്ന സൽമാനെ സംശയത്തോടെ നോക്കി കൊണ്ട് ആകാംഷയോടെ ഒന്നെത്തി നോക്കിയവൾ... അവളെ കണ്ടതും ഉമ്മയും ഹിബയുമെല്ലാം ചിരിയോടെ അവളോട് വരാൻ അംഗ്യം കാണിച്ചു...

അടുത്തെത്തിയതും കണ്ടു തുറന്ന് വെച്ച ലാപ്ടോപ്പിൽ അവൾക്കേറ്റവും പരിചതമായ അവളുടെ മഷ്ക്കാടെ മുഖം... അത്ഭുദം ഊറുന്ന കണ്ണുകളോടെ അവൾ ഒന്നൂടെ നോക്കി... അപ്പോഴേക്കും നിഹാൽ അവളെ കാണാൻ പാകത്തിൽ ലാപ്ടോപ് അവൾക്കരികിലേക്ക് വെച്ച് കൊടുത്തു... അവളെ കണ്ട അവന്റെ മിഴികളും തിളങ്ങി... മുഖത്ത് കാണാൻ കൊതിച്ച ആ കുസൃതി വിരിഞ്ഞു.. കണ്ണുകൾ അത്ഭുതത്തോടെ അവളെ നോക്കികാണുകയാണ്... നിഹാൽ തന്നെ ലാപ്ടോപ് അവളുടെ കൈയിൽ കൊടുത്ത് മുകളിലേക്ക് പോകാൻ പറഞ്ഞു.... മുകളിലെ ഹനയുടെ മുറിയിലേക്കാണ് അവൾ പോയത്... ലാപ്ടോപ് കയ്യിലേന്തി അവിടെ എത്തും വരെ ആ കണ്ണുകൾ അവളുടെ മുഖത്ത് ഓടി നടക്കുന്നത് അവൾ അറിയുന്നുണ്ടായിരിന്നു .. എന്ത് പറഞ്ഞ് തുടങ്ങണം എന്നറിയാതെ വിമ്മിഷ്ടപ്പെടുകയായിരുന്നു അവർ .... വിടർന്ന കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന അവനോടായി കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ ചോദിച്ചു കൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി .... ഇന്നേരം വരെ അവനോട് പരിഭവിച്ച് ചിന്തിച്ച് കൂട്ടിയതും അവൻ പറഞ്ഞ ഓരോന്നും ഓർക്കും തോറും അവനോട് തോന്നിയ ദേഷ്യവുമെല്ലാം പാടെ മറന്ന് പോയിരുന്നു അവൾ... ചോദിച്ചപ്പോൾ സ്‌കൈപ്പ് വീഡിയോ കാൾ ആണെന്ന് പറഞ്ഞു..

പെട്ടന്ന് ഇങ്ങനെ തോന്നാൻ എന്തെ എന്ന് ചോദിച്ചപ്പോൾ വെറുതെ എന്ന് കണ്ണടച്ച് കാണിച്ചു... വയർ കാണട്ടെ എന്ന് പറഞ്ഞപ്പോൾ എഴുനേറ്റ് നിന്ന് ഉന്തി നിൽക്കുന്ന വയർ കാണിച്ചു... പെട്ടന്ന് ഒരുങ്ങിറിയിറങ്ങാൻ പറഞ്ഞപ്പോൾ കയ്യിൽ തടഞ്ഞത് ഒരു ബ്ലാക്ക് അനാർക്കലിയാണ്...ആ ഡ്രെസ്സിൽ വയറ് നല്ല പോലെ പൊങ്ങി നിൽക്കുന്നത് കാണാം...സന്തോഷം കൊണ്ടും അത്ഭുദം കൊണ്ടും ആ കണ്ണുകളിൽ അലയടിക്കുന്ന ഭാവങ്ങളെയും ആ ചുണ്ടുകളിൽ മായാതെ നിൽക്കുന്ന ചിരിയും നോക്കിനിൽകയിരുന്നു സുറുമിയപ്പോൾ... മാസാവസാനം ആയത് കൊണ്ടാണ് വിളിക്കാൻ പോലും പറ്റാതെ തിരക്കായത് എന്ന് ക്ഷമാപണം പോലെ പറഞ്ഞപ്പോൾ അവൾ ശരിയെന്ന പോലെ തലയാട്ടി... ഞങ്ങൾക്ക് കയറാമോ എന്ന് ചോദിച്ചു കൊണ്ടാണ് നിഹാലും ഹിബയും സൽമാനും വന്നത്.. ഒരഞ്ചു മിനുട്ടോളാം എല്ലാവരുമായി സംസാരിച്ചു ... സന്തോഷം കൊണ്ട് തുടിക്കൊട്ടുന്ന മനസ്സോടെ... ഒരിളം ചിരിയാലേ അവരുടെ സംഭാഷണം കേട്ട് കൊണ്ട് സുറുമിയും... നിനക്ക് കേൾക്കണോ സുറുമി... ഇന്നലെ രാത്രി ഞാൻ ഇവനെ വിളിച്ചു.. സംസാരിക്കുന്നതിനിടെ നിന്നെ കാണാൻ വന്നത് പറയുകയും ചെയ്തു.. അപ്പൊ തന്നെ അവൻ ചോദിച്ചു.. ഒരുപാട് വയറുണ്ടോ ... നീ ഹാപ്പി ആയിരുന്നോ എന്നൊക്കെ...

അതിനുള്ള മറുപടി പറയുന്നതിനിടെയാണ് ഹിബ വന്നത്... തടിച്ച് ഉരുണ്ട് ഒരു മൊഞ്ചത്തിയായിട്ടുണ്ടെന്ന് ഇവളും വിളിച്ച് പറഞ്ഞു... ഒക്കെ കഴിഞ്ഞ് ഫോണും കട്ട്‌ ചെയ്ത് പത്തു മിനുട്ട് ആയില്ല.. പിന്നെയും ഇവന്റെ കാൾ... എന്താന്ന് ചോദിച്ചിട്ട് ഒരു ഉരുണ്ട് കളി..പിന്നെയല്ലേ കാര്യം കത്തിയത്.. ഇപ്പൊ തന്നെ പത്തു മുപ്പത് കിലോമീറ്റർ പോയി ഒരു പരിചയക്കാരന്റെ ഫ്ലാറ്റിൽ നിന്നാണ് അവൻ സംസാരിക്കുന്നത്.. അവൻ നിൽക്കുന്നിടത്ത് പരിചയമുള്ള ആരുടെ കയ്യിലും ലാപ് ഇല്ലെന്ന്... നിഹാൽ പറഞ്ഞവസാനിപ്പിച്ചപ്പോൾ മിഴിഞ്ഞ കണ്ണുകളോടെ സുറുമിയവനെ നോക്കി...കള്ളം പിടിക്കപ്പെട്ട പോലെ അവളെ നോക്കി ഇളിച്ചു കാണിച്ചു അവൻ....എന്തായിരിന്നു ബ്യുൾഡ് അപ്പ്... അവളൊന്ന് ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി.. ഇരുക്കണ്ണുകളുമടച്ച് കാണിച്ച് കൊണ്ടവനും.. ആ സംഭാഷണം അവിടെ അവസാനിക്കുമ്പോ എന്തോ ഒരു വിങ്ങലായിരുന്നു..... ഇനിയെന്നാ ആ മുഖമൊന്നു കാണാൻ പറ്റാ.... ദിവസങ്ങൾ പ്രതേകതകൾ ഒന്നുമില്ലാതെ കടന്ന് പോയി.. ഒരു രാത്രി അടിവയറ്റില് കൊളത്തി പിടിത്തം പോലെ തോന്നിയിട്ടാണ് എഴുനേറ്റിരുന്നത്... ലേബർ പൈൻ ആണെന്ന് മനസ്സിലാക്കാൻ അധികം നേരം വേണ്ടി വന്നില്ല സുറുമിക്ക് .. കുറച്ച് നേരം കൂടെ എങ്ങനെയൊക്കെയോ തള്ളി നീക്കി...

ഒടുവിൽ പൈൻ കൂടുന്നു എന്ന് കണ്ടതും ഉമ്മയെ വിളിച്ചുണർത്തി.. പിന്നെയെല്ലാം പെട്ടന്നായിരിന്നു..ഹോസ്പിറ്റലിൽ എത്തിയതും നേരെ ലേബർ റൂമിലേക്ക് മാറ്റുകയാണ് ചെയ്തത്.. മണിക്കൂറുകൾ നീണ്ട മരണതുല്യമായ വേദനക്കൊടുവിൽ സുറുമി ഒരാൺകുഞ്ഞിന് ജന്മം നൽകി...... ഒരു സ്ത്രീയെന്ന നിലയിൽ ഏറ്റവും അഭിമാനം ഉളവാക്കുന്ന ആ നിമിഷങ്ങളിലും കാണാൻ ഏറ്റവും ആഗ്രഹിക്കുന്ന ആ കുസൃതി നിറഞ്ഞ മുഖമായിരുന്നു മനം നിറയെ.....തന്നെയൊന്ന് ചേർത്ത് പിടിക്കാൻ അവനില്ലല്ലോ എന്ന ഓർമ അവളുടെ കണ്ണുകളെ ഈറനണിയിച്ചു... മണിക്കൂറുകൾ നീണ്ട ഒബ്സെർവഷൻ കഴിഞ്ഞ് റൂമിലേക്ക് മാറ്റുമ്പോഴും ഇല്ലെന്ന് ഉറപ്പുണ്ടായിരുന്നിട്ടും കണ്ണുകൾ വെറുതെ അവനെ തേടി......ഹൃദയം അവനുണ്ടായിരുന്നെങ്കിൽ എന്ന് അതിയായി കൊതിച്ചു പോയി....ഈ നിമിഷങ്ങളിൽ അവന്റെ മുഖത്ത് വിരിയുന്ന അഭിമാന തിളക്കവും കണ്ണുകളിൽ അലയടിക്കുന്ന തന്നോടുള്ള അടങ്ങാത്ത സ്നേഹവും പ്രണയവും വാത്സല്യവും നേരിൽ അനുഭവിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി അവൾ...

ഉച്ചയോട് അടുപ്പിച്ചാണ് മശൂദ്നെ വിളിച്ചിട്ട് കിട്ടിയതെന്നും അപ്പോഴാണ് അവൻ വിവരം അറിഞ്ഞതുമെന്നും ഒന്ന് ഉറക്കമുണർന്ന് എഴുന്നേറ്റപ്പോ അറിയാൻ പറ്റി.. വല്ലാത്ത സങ്കടം തോന്നി പോയി സുറുമിക്ക് ..ചേർത്ത് പിടിച്ച് ആ വേദനൊക്കൊപ്പം ഉണ്ടാകേണ്ടത് അവനായിരിന്നു...ഏറ്റവുമാദ്യം കുഞ്ഞിനെ ഏറ്റ് വാങ്ങേണ്ടിയിരുന്നതും അവനായിരിന്നു .. മണിക്കൂറുകൾ നീണ്ട ഭയാനകമായ ലേബർ റൂം വാസം കഴിഞ്ഞ് പുറത്തേക്ക് വരുമ്പോ കാണാൻ കൊതിച്ചതും അവനെയായിരുന്നു...ഒന്നുമുണ്ടായില്ല... വൈകീട്ടാണ് മശൂദ്നോട് സംസാരിക്കാൻ പറ്റിയത്.. മുഖം കാണാതെ അവനെ മനസിലാക്കുക പ്രയാസമാണ് എന്നത് സുറുമിക്ക് ഒന്നൂടെ തെളിഞ്ഞു.... മഷൂദ് വാക്കുകൾ നഷ്ട്ടപ്പെട്ട ഒരവസ്ഥയിൽ ആയിരുന്നു എന്ന് ചുരുക്കം.. ആദം മഷൂദ് എന്ന് നാമകരണം ചെയ്തത് സുറുമിയായിരുന്നു... 🍁 🍁 🍁 🍁 മാസങ്ങൾക്ക് ശേഷമുള്ള ഒരു മഴക്കാലം.. മഴ കനത്തതോടെ പനിയും വിട്ട് മാറാത്ത തലവേദനയുമൊക്കെ വ്യാപിച്ച ഒരു സമയമായിരുന്നു അത്.. രാത്രി മുഴുവൻ ആദം എന്ന ആദുവിന് നല്ല പനിയായിരിന്നു..

നല്ല കരച്ചിലും...സുറുമിക്ക് ഒരു പോള കണ്ണടക്കാൻ പറ്റിയിട്ടില്ല.... മോനെ ഒന്ന് ഡോക്ടറെ കാണിക്കാൻ വേണ്ടി പോകാനുള്ള തയാറെടുപ്പിലാണ് സുറുമി... നേരം പുലർന്നപ്പോഴാണ് അവനൊന്ന് മയങ്ങിയത്.. ആ നേരം കൊണ്ട് രാവിലെത്തെ പണിയൊക്കെ ഒരു വിധം തീർത്തപ്പോഴേക്ക് ആദു ഉണർന്നു.... ഉണർന്നതും നല്ല കരച്ചിലായി.. ഇപ്പഴും മേലാകെ ചെറു ചൂടുണ്ട്... മുട്ടിലഴഞ്ഞ് അവനെത്താത്ത ഒരു സ്ഥലം ഈ വീട്ടിലുണ്ടോ എന്ന് സംശയമാണ്... ഇപ്പൊ പിടിച്ച് പിടിച്ച് ഒന്നോ രണ്ടോ അടി വെക്കാനുള്ള ശ്രമത്തിലായിരുന്നു ആശാൻ... അവനെ കൊണ്ട് ആകുന്ന പോലെ എവിടെ വേണേലും എത്തി പിടിച്ച് കയറാനും മിടുക്കനാണ്.... ആ ആളാണ് ഒരു പനി വന്നപ്പോഴേക്ക് അവശയായി പോയത്...ചിരിയോടെ ചെറു ചൂടുള്ള അവന്റെ കവിൾ തടങ്ങളിൽ അവളൊന്ന് വാത്സല്യത്തോടെ മുത്തി....അവനെ ഫീഡ് ചെയ്ത് നനഞ്ഞ കോട്ടൺ വെച്ച് ഒന്ന് തുടച്ചെടുത്ത് ഡയപ്പർ കെട്ടി ഡ്രസ്സ് ഇടുവിപ്പിച്ചു... ഒരു രാത്രി കൊണ്ട് ആളാകെ ക്ഷീണിച്ച് പോയിട്ടുണ്ട്.... അപ്പോഴേക്ക് ഉമ്മയുടെ വിളി വന്നു.. ഉമ്മ റെഡി ആയിട്ടുണ്ട്.. ആദൂനെ ഉമ്മയെ ഏൽപ്പിച്ച് അവൾ ഫ്രഷ് ആകാൻ കയറി... ഫ്രഷ് ആകാൻ കയറിയതും ആദൂന്റെ ഉച്ചത്തിലുള്ള കരച്ചിലും അവ്യക്തമായി മ്മാ ന്ന് വിളിക്കുന്നതും കേട്ടപ്പോൾ കയ്യും മുഖവും കഴുകി ഡ്രസ്സ് മാറി ഇറങ്ങി..

കയ്യിൽ തടഞ്ഞ ഒരു സൽവാർ എടുത്തിട്ടു.. ഉചിയിൽ ക്രാബ് വെച്ച് കെട്ടിയ മുടി അഴിച്ച് ചീകുമ്പോഴാണ് മഷൂദ് അന്ന് പോകുന്നതിന് മുമ്പ് അഴിച്ച് വെച്ചിരുന്ന ടീഷർട് കണ്ണിൽ പെട്ടത്... ഒരു നിശ്വാസത്തോടെ അവളാ ടീഷർട് കയ്യിലെടുത്തു.... ഇപ്പൊ അവളെക്കേറ്റവും ഇഷ്ട്ടപ്പെട്ട വിയർപ്പിന്റെ ഗന്ധം അതിനില്ല... ഒന്നര വർഷം ആയില്ലേ.. അലമാരയിൽ കിടന്ന് കിടന്ന് ഇപ്പൊ അതിന് പൂപ്പലിന്റെ മണമാണ്.. എന്നിട്ടും അലക്കാൻ തോന്നിയില്ല.. ആ ശരീരത്തോട് ചേർന്ന് കിടന്ന ടീഷർട് അല്ലെ... അതെത്ര കഴിഞ്ഞാലും അവൾക്ക് പ്രിയമാണ്... ഇപ്പൊ എന്തായാലും സുഖല്ലേ എന്ന വെറും ചോദ്യത്തിന്റെ കൂടെ ഒരു ചോദ്യം കൂടെ കിട്ടിയിട്ടുണ്ട് പുള്ളിക്ക്... ആദു എവിടെ.... . അവനെന്തെടുക്കാ എന്ന ആവർത്തന ചോദ്യമായിരുന്നു ആദ്യം....പ്രസവം കഴിഞ്ഞ് പാത്താം നാൾ ആയപ്പോഴേക്കും ഒരു അഞ്ചു തവണ എങ്കിലും ഒരു ഫോൺ കാളിൽ ചോദിക്കും... ഇവിടെ ഒത്തൊരു പെണ്ണ് എന്തെടുക്കാ ന്ന് ഇത് വരെ ചോദിച്ചിട്ടില്ല... ഒടുവിൽ സഹിക്കെട്ട് "അവൻ നടക്കാണ് " എന്ന പറഞ്ഞപ്പോൾ ആ ചോദ്യം ഇപ്പൊ നിർത്തി അവൻ എവിടെ എന്നായി.. എന്തൊക്കെയായിരുന്നു... വെഡിങ് അണിവേഴ്സറി ക്ക് വരുന്നു... സെറ്റൽഡ് ആകുന്നു.. സർപ്രൈസ് തരുന്നു... അണിവേഴ്സറിയും കഴിഞ്ഞ് ആറു മാസമായി...

പലക്കാരണങ്ങൾ പറഞ്ഞ് ഇതാ ഇവിടെ വരെയും എത്തി... ഒരു പരിചയക്കാരൻ പോയപ്പോ അയാളുടെ കയ്യിൽ മോന്റെ ഫോട്ടോയും കുഞ്ഞു കുഞ്ഞു ക്ലിപ്സും അടങ്ങിയ മെമ്മറി കാർഡ് കൊടുത്ത് വിട്ടിരുന്നു.. അങ്ങനെ മോനെ കണ്ടിട്ടുണ്ട്.... പാവം... ഓർക്കുമ്പോ പാവം തോന്നി പോകും.... വിളിച്ചാൽ മര്യാദക്ക് സംസാരിക്കാത്ത സ്വഭാവം ഓർത്താൽ ദേഷ്യവും.... പറയുന്നതെല്ലാം കേട്ട് മൂളി ഇരിക്കുക എന്നത് മറുവശം സംസാരിക്കുന്നവർക്ക് എന്തൊരു വിരസതയാണ് തരുന്നത്.... ചോദിച്ചാൽ പറയും... അവിടെ അല്ലെ വിശേഷങ്ങൾ ഉള്ളത്.. നീ പറയ് ന്ന്... കേൾക്കാൻ ഇഷ്ട്ടമുള്ള ആൾക്ക് പറയാൻ ഒന്നുമില്ലാതെ ഇരിക്കുക എന്നതും ഭയങ്കര ബോറൻ പരിപാടിയാണ് എന്ന് ഇപ്പൊ മനസ്സിലായി...ഒരു തരത്തിൽ പറഞ്ഞാൽ അതും ഒരൊറ്റപെടലാണ്.... അവനെ കേൾക്കാനും ... അവനോട് സംസാരിക്കാനും മടുപ്പില്ലാത്ത വിധം ഇഷ്ടമുള്ളത് കൊണ്ടായിരിക്കും അവൻ പറയുന്നതൊക്കെ കുറവാണെന്നു തോന്നി പോകുന്നത്.... ചിന്തകളിൽ നിന്നുണർന്ന് ഹാങ്ങറിൽ നിന്ന് മദർ ബാഗ് എടുത്ത് അതിലേക്ക് ആദൂന്റെ ഒരു ജോഡി ഡ്രെസ്സും ഡെയിപ്പറും ബേബി ലോഷൻ ന്റെ ഒരു ബോട്ടിലും അവന്റെ കുഞ്ഞു പൂക്കളുള്ള കർച്ചീഫും വൃത്തിയായി അടുക്കി വെച്ചു...

ശർദ്ധിക്കുകയോ മറ്റോ ചെയ്താൽ ഒരു മുൻകരുതലിന് വേണ്ടി... പേഴ്‌സ് എടുത്ത് നോക്കിയപ്പോഴാണ് അഞ്ഞൂറ് രൂപയേ ആകെയൊള്ളൂ എന്നോർമ വന്നത്... മാസാവസാനമാണ്... എപ്പോഴെത്തെയും പോലെ ഈ മാസവും അവസാനിക്കാറായപ്പോഴേക്ക് ക്യാഷിനു തിടുക്കമായി... ഓട്ടോ കൂലിയും ഡോക്ടറുടെ ഫീയും മരുന്നും.. അവളൊന്ന് കണക്ക് കൂട്ടി... ഒപ്പിക്കാമായിരിക്കും.. ഇറങ്ങുന്നതിനു മുമ്പ് ഫോൺ എടുത്ത് മഷൂദ്ന് ഡയൽ ചെയ്തു... രണ്ട് തവണ മിസ്സ്ഡ് കാൾ അടിച്ച് നിരാശയോടെ ഫോൺ ബാഗിലെക്ക് വെക്കാൻ ഒരുങ്ങുമ്പോഴാണ് ഫോൺ റിങ് ചെയ്തത്... മശൂദ് ആണ്..രണ്ട് മൂന്ന് ദിവസമായി തിരക്കിലായത് കൊണ്ട് പതിവ് കാളുകൾ ഇല്ല... മിസ്സസ് കാൾ ഇട്ട് വെറുപ്പിക്കുമ്പോ മാത്രം ഒന്ന് വിളിച്ച് ചുരുക്കം വാക്കുകളിൽ സംഭാഷണം അവസാനിപ്പിക്കാറാണ്... ഫോൺ കാതോട് ചേർത്ത് ഹെലോ എന്ന രണ്ട് മൂന്ന് തവണ പറഞ്ഞിട്ടാണ് മറുവശത്തുള്ള സംസാരം നിർത്തി അവനൊന്ന് മൂളിയത്. ആദൂന് പനിയാ മഷ്ക്കാ... അവൾ പറഞ്ഞപ്പോൾ ഞാൻ വിളിക്കാം ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുവാണെന്ന് പറഞ്ഞ് മറ്റെന്തിങ്കിലും അവൾ പറയുന്നതിന് മുമ്പേ അവൻ കാൾ കട്ട്‌ ചെയ്തു കളഞ്ഞു ... ഇതാണ് അവന്റെ പ്രശ്നം... ഇവിടെയാണ് അവൾക്ക് ദേഷ്യം വരുന്നതും...വായയിൽ വന്ന ചീത്ത സംയമനം പാലിച്ച് അടക്കി നിർത്തി കൊണ്ടവൾ താഴേക്ക് ഇറങ്ങി.. മോൻ നിർത്താതെ കരച്ചിലായത് കൊണ്ട് നാസ്ത ഒന്ന് കഴിച്ചെന്നു വരുത്തി കൊണ്ടവൾ എഴുനേറ്റു...

കുറുക്കും കഞ്ഞിയും ഒക്കെ കൊടുക്കാറുണ്ട് അവന്... പനിയായത് കൊണ്ടായിരിക്കാം ഒന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല.. ഇന്ന് കുറച്ച് വെയില് കാണാനുണ്ട്.. സാധാരണ ഈ സമയമെല്ലാം കോരി ചൊരിയുന്ന മഴയാണ്... എന്ത് പറ്റി എന്തോ.. തെളിഞ്ഞ ആകാശം നോക്കി അവളൊന്ന് നിശ്വസിച്ചു... ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്.. അവിടെ എത്തിയപ്പോഴേക്കും മോൻ ഉറങ്ങിയിരുന്നു.. അവനെ ഉമ്മനെ ഏൽപ്പിച്ച് ഓട്ടോ ക്ക് കൂലി കൊടുത്ത് പറഞ്ഞു വിട്ടു.. പീഡിയാട്രിക്കിനെ കാണിക്കാൻ ടോക്കൺ എടുത്തപ്പോഴേക്കും ഉമ്മ ആദൂനെയും കൊണ്ട് ഓപ്പിക്ക് മുമ്പിൽ എത്തിയിരുന്നു.. നല്ല തിരക്കുള്ള ദിവസമാണ്... കുഞ്ഞുങ്ങളുടെ കരച്ചിലും അമ്മമാരുടെ കലപില ശബ്ദവുമൊക്കെയായത് കൊണ്ടായിരിക്കാം ആദൂ ഉണർന്നു.. അവളും ഉമ്മയും മാറി മാറി കൊണ്ട് നടന്നിട്ടാണ് കരച്ചിൽ ഒന്നടങ്ങിയത്.. ഒട്ടൊരു നേരം കാത്തിരിക്കേണ്ടി വന്നു ഡോക്ടറെ കാണാൻ... മോന്റെ നിർത്തതേയുള്ള കരച്ചിലും ടാബ്ലറ്റ് കൊടുത്തിട്ടും വിട്ട് പോവാതെയുള്ള പനിയും അവന്റെ ക്ഷീണവും കണ്ടത് കൊണ്ടായിരിക്കാം അപസ്‌മാരത്തിന്റെ ലക്ഷണമാണ്. രണ്ട് ദിവസം അഡ്മിറ്റ്‌ ചെയ്ത് ആന്റിബയോട്ടിക്ക് കൊടുത്ത് നോക്കാമെന്ന് ഡോക്ടർ വിധി എഴുതിയത്......

ഒരു റൂം എടുത്ത് മോനെ ഫീഡ് ചെയ്തപ്പോഴേക്കും നഴ്സ് വന്ന് ഇൻജെക്ഷൻ ചെയ്ത് മരുന്നും ട്രിപ്പും കയറ്റി തുടങ്ങിയിരുന്നു... സൂചി കുത്തിയിറക്കി ട്രിപ്പ്‌ ഇട്ടപ്പോഴേക്കും ആദൂ കരഞ്ഞ് തളർന്ന് ഉറങ്ങി പോയി... വാങ്ങാനുള്ള മരുന്നെഴുതി വെച്ച് അത് വാങ്ങി കൊണ്ടവരാൻ പറഞ്ഞ് നഴ്സ് പോയി... ഉള്ളിലെ പതർച്ച മറച്ചു വെച്ച് കരഞ്ഞു തളർന്ന് ഉറങ്ങുന്ന ആദൂനെ ഉമ്മനെ ഏൽപ്പിച്ച് കുറിപ്പുമായി സുറുമി ഫർമസിയിലേക്ക് നടന്നു... നമ്മൾ കണക്ക് കൂട്ടുന്നതല്ലല്ലോ മേലെയുള്ള ആള് കണക്ക് കൂട്ടുക.. ആദൂനെ അഡ്മിറ്റ്‌ ചെയ്യേണ്ടി വരുമെന്ന് വെറുതെ പോലും ചിന്തിച്ചില്ല... കയ്യിലുള്ള ക്യാഷ് കൊണ്ട് എന്താക്കാനാണ്... മശൂ വന്ന് പോയതിന് ശേഷം സുറുമിയുടെ പേരിൽ ഒരു അകൗണ്ട് ഉണ്ടാക്കി അതിലേക്കാണ് അവൻ ക്യാഷ് അയക്കാറുള്ളത്.. അവളാണല്ലോ പുറത്തേക്ക് ഇറങ്ങുന്നത്... അതിൽ നിന്നാണ് ഉമ്മക്കുള്ള ക്യാഷ് പോലും കൊടുക്കാറ്... അകൗണ്ടിൽ ക്യാഷ് ഇല്ല.. ആകെ കയ്യിലുള്ള ക്യാഷ് ആണ് ഈ അഞ്ഞൂറ്.... എന്ത് ചെയ്യണം ആരോട് ചോദിക്കണം എന്നറിയാതെ ആശുപത്രി വരാന്തയിൽ അവൾ സ്തംഭിച്ചു നിന്നു... താഴെ ഫാർമസിയിൽ എത്തുന്ന നേരം കൊണ്ട് അഞ്ചാറു പ്രാവിശ്യം മശൂദ്നെ വിളിച്ചെങ്കിലും റിങ് ചെയ്യുന്നുണ്ട് എന്നല്ലാതെ അവൻ ഫോൺ എടുത്തില്ല....

അവനോട് പറഞ്ഞാൽ എന്തെങ്കിലും വഴി കാണും,.. ഒന്നുമില്ലേലും ഒരുപാട് പരിചയക്കാരുള്ളതല്ലേ.. ദേഷ്യവും സങ്കടവും വന്നിരിന്നു അവൾക്ക്... ഇത്രയും പ്രാവിശ്യം ഒരാള് വിളിക്കുമ്പോ അത് അത്രെയും ഇമ്പോര്ടന്റ്റ്‌ ആണെന്ന് മനസ്സിലാക്കിക്കൂടെ മാഷ്ക്ക... അവൾ ആരോടെന്നില്ലാതെ പരിഭവിച്ചു... ദേഷ്യമാണ് അവന്റെ ഈ നിസാരമാക്കി കളയുന്ന മനോഭാവത്തോട്... അലസതയോടെ കാര്യങ്ങളെ സമീപിക്കുന്ന ഈ സ്വഭാവദൂഷ്യത്തോട്... പെട്ടന്ന് ഓർമയിലേക്ക് വന്നത് നിഹാലിന്റെ മുഖമാണ്.. പണ്ടെങ്ങോ എന്ത് ആവിശ്യം ഉണ്ടേങ്കിലും നവിയെ അറിയിക്കണം എന്ന് പറഞ്ഞ മഷൂദ് ന്റെ വാക്കുകളാണ് ഓർമയിൽ വന്നത്... നിഹാലിന്റെ നമ്പർ അറിയാത്തത് കൊണ്ട് ഹിബക്കാണ് വിളിച്ചത്... അവനെ തിരക്കിയപ്പോൾ ഇന്നലെ തമിഴ്നാട്ടിൽ നിന്ന് വന്ന ഒരു ലോഡ് സെയിൽ ചെയ്യാൻ ഇന്നലെ രാത്രി പോയതാണ്... ഇത് വരെ എത്തിയിട്ടില്ല എന്ന് പറഞ്ഞു .. എന്തെ എന്ന് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു സുറുമി... പിന്നെ ഓർത്തത് സൽമാനെയാണ്.. വിളിക്കാൻ.. അതും ക്യാഷ് ന്റെ അവിശ്യത്തിന് എന്തോ ഒന്ന് പിന്നോട്ട് വലിക്കുന്ന പോലെ... അവരൊക്കെ അവരുടേതായ ലോകത്താണ്...രണ്ടോ മൂന്നോ ദിവസത്തിന് വലിയേട്ത്തേക്ക് പോയാലും വേണ്ടത്ര പരിഗണന കിട്ടാറില്ല പലപ്പോഴും...

അവൻ രാവിലെ നേരത്തെ പോകും.. രാത്രി വൈകീട്ട് വരും... അവനും സഫയും മറിയുമോളും മാത്രമാണ് അവന്റെ ലോകം....ഒരു പരിധി കഴിഞ്ഞാൽ നമ്മുടെ വീട്ടിൽ നമ്മളൊക്കെ അതിഥികൾ ആണല്ലോ....എന്തിന് ഏറെ പറയുന്നു... മഷ്‌ക്ക ഉണ്ടെങ്കിൽ ഞാനും ആദുവുമായി ഒരു കുഞ്ഞു ലോകം പടുത്തുയർത്തി അതിൽ ഒതുങ്ങി ജീവിക്കാനല്ലേ ഇഷ്ട്ടപെടുക... അവൻ ലീവിന് വന്ന നാളുകൾ തന്നെ അതിനുദാഹരണമല്ലേ.... മടിച്ച് മടിച്ചാണെങ്കിലും സൽമാന് വിളിച്ചു.. സഫയാണ് ഫോൺ എടുത്തത്.. രാവിലെ എഴുന്നേറ്റത് മുതൽ ജലദോഷവും ചെറിയൊരു പനിക്കോളുമുണ്ട്... കമ്പനിയിൽ പോയിട്ടുമില്ല.. ടാബ്‌ലെറ്റ് കഴിച്ച് ഉറങ്ങുവാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു സുറുമി... വർധിച്ചു വരുന്ന ദുഃഖത്താൽ നിസ്സഹായതയോടെ അവൾ ഹോസ്പിറ്റലിലെ ആളൊഴിഞ്ഞ കസേരയിൽ തളർന്നിരുന്നു... ആദൂന്റെ തളർന്ന മുഖം ഓർമയിൽ തെളിഞ്ഞതും ഒന്നാർത്ത് കരയണം എന്ന് തോന്നി സുറുമിക്ക്.. ഫോൺ എടുത്ത് നിർത്താതെ മഷൂദ് ന്റെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരിന്നു..

ഓരോ പ്രാവിശ്യവും അവസാന ബെല്ലും അടിച്ച് തീരുമ്പോ വീണ്ടും വാശിയോടെ അടക്കാനാവാത്ത കോപത്തോടെ അവൾ വിളിച്ചു കൊണ്ടിരിന്നു... ഓരോ തവണയും റിങ് ചെയ്ത് തീരുമ്പോ അതവനോടുള്ള വെറുപ്പായി മാറുന്നത് അവൾ അറിയുന്നുണ്ടായിരിന്നു.... ദേഷ്യത്തോടെ അവൾ കൈകളിൽ മുഖം താങ്ങി ഒട്ടൊരു നേരം ഇരുന്നു...പിന്നെയെന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ എഴുനേറ്റ് നടന്നു.. ഇപ്പൊ വേണ്ടത് മനോധൈര്യമാണ്.. ആദൂന്റെ ചികിത്സക്കുള്ള പണം കണ്ടെത്താനുള്ള വഴിയാണ് നോക്കേണ്ടത്.... അവൾ നിശ്ചയാർഢ്യത്തോടെ ഹോസ്പിറ്റലിൽ നിന്നറങ്ങി.... ആർത്തിരമ്പി വരുന്ന ഒരു മഴക്ക് മുന്നോടിയായി മാനം ഇരുണ്ടു മൂടിയിരുന്നു... ഭൂമിയിലേക്ക് ഉതിർന്ന് വീഴുന്ന മഴത്തുള്ളികൾ സുറുമിയെയും നനച്ച് മണ്ണിലേക്ക് ഇറ്റ് വീണു... എത്രയൊക്കെ അടക്കി നിർത്തിയിട്ടും ഒഴുകിയിറങ്ങിയ മിഴിനീർ തുള്ളികളെ ഭൂമിയെ പുൽകാൻ സമ്മതിക്കാതെ വാശിയോടെ അവൾ തട്ടിയെറിഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...