സ്വന്തം ❣️ ഭാഗം 10

 

രചന: ജിഫ്‌ന നിസാർ

"ഞാൻ പറയുന്നതൊന്ന് കേൾക്ക് മനു ആദ്യം. ഞാൻ മനഃപൂർവ്വം ചെയ്തെന്നാണോ നീ പറഞ്ഞുവരുന്നത്?"

അർജുൻ ദേഷ്യത്തോടെയാണ് മുന്നിലിരിക്കുന്നവരെ നോക്കിയത്.

"നീ കൂടുതലൊന്നും പറയേണ്ട അർജുൻ. നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു ഇന്ന് ക്ലാസ്സിൽ കയറേണ്ടന്ന്. കേട്ടോ നീയത്... അപ്പോളെന്തായിരുന്നു നീ പറഞ്ഞത്. പഠിക്കാനും കൂടിയാണ് ഇങ്ങോട്ട് വരുന്നതെന്ന്. എന്നിട്ടിപ്പോ പറയുന്നു മനഃപൂർവ്വമല്ലെന്നും"

മനു ഉറക്കെ പറഞ്ഞുകൊണ്ട് കത്തിക്കയറുകയാണ്.

കോളേജിലെ കുട്ടി സഖാക്കളുടെ കൂട്ടത്തിൽ ഒരുത്തനെ ആരോ ഗ്രൗണ്ടിലിട്ട് അടിച്ചു. അതിന്റെ പേരിൽ അവർ നടത്താനിരുന്ന സമരത്തെ വേണ്ടവിധത്തിൽ പരിഗണന കൊടുക്കാതെ അർജുൻ മാറി നിന്നെന്നാണ് ആ ചർച്ചയിലെ മുഖ്യ പരാതി.

സീതയുടെ വാക്കുകളോടുള്ള പേടിയും ഹരിയുടെ സംസാരവും അർജുനെ ചെറുതായിട്ടൊന്ന് പേടിപ്പിച്ചു നിർത്തിയിരുന്നു.

അന്ന് അവൻ കൂട്ടുകാരുടെ കൂടെനിൽക്കാതെ ക്ലാസ് അറ്റന്റ് ചെയ്തു.

അതിനെ ചോദ്യം ചെയ്യാൻ തടിച്ചു കൂടിയവരാണ്.

എത്രപറഞ്ഞിട്ടും അവർക്കത് മനസ്സിലാവുന്നില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ട് അർജുൻ പിന്നെയൊന്നും പറയാതെ മൗനം കൂട്ട് പിടിച്ചു.

"ഞങ്ങൾക്ക് നീ അല്ലെങ്കിൽ വേറൊരാൾ. അത്രേയുള്ളൂ. പക്ഷേ, ഇവിടെ ഒരു പുൽക്കൊടിയുടെ വിലപോലുമില്ലായിരുന്ന നീ ഞങ്ങളുടെ കൂടെ കൂടിയതിൽ പിന്നെയാണ് അൽപ്പം നിലയും വിലയുമൊക്ക വന്നത്. അത് നീ മറന്ന് കളയേണ്ട. മറന്നാൽ നിനക്ക് തന്നെയാണ് നഷ്ടം. അറിയാലോ നിനക്ക്?"

കൂട്ടത്തിലെ ഒരുത്തൻ തനിക്ക് നേരെ വിരൽ ചൂണ്ടി സംസാരിക്കുന്നതിൽ അർജുന് കടുത്ത അമർഷമുണ്ട്. പക്ഷേ ഇവരിത്രയും പേരോട് തർക്കിച്ച് ജയിക്കാനാവില്ല.

അല്ല.. ഇവരെ പറഞ്ഞിട്ടും കാര്യമില്ല.

എന്ത് ചെയ്യാനും കൂടെ നിന്നോളാം എന്നതാണ് കൂട്ടത്തിൽ ചേർന്നപ്പോൾ ഇവർക്ക് കൊടുത്ത വാക്ക്.

അതിൽ നന്മയെന്നോ തിന്മയെന്നോ ഇല്ലായിരുന്നു. പറയുന്നത് അനുസരിക്കും എന്നുള്ള ഉറപ്പ് മാത്രം.

അർജുന് ഓർക്കുമ്പോൾതന്നെ ദേഷ്യം വരുന്നുണ്ട്.

എല്ലാംകൂടി ഇട്ടെറിഞ്ഞ് ഓടിപ്പോവാനും തോന്നുന്നുണ്ട്.

"അർജുൻ"

പുറകിൽ നിന്നുള്ള വിളി കേട്ട് അവനൊന്ന് തിരിഞ്ഞു നോക്കി.

നിരഞ്ജനയാണ്.

ഇവളുടെയൊരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. അർജുൻ പല്ല് കടിച്ചു.

"ചെല്ല്.. പ്രാണേശ്വരി വന്ന് വിളിച്ചത് കേട്ടില്ലേ നീ?"

വികാസിന്റെ ശബ്ദത്തിൽ പരിഹാസമാണ്.

"നിന്നെയൊക്കെ അല്ലേലും ഇങ്ങനെ ഒലിപ്പിച്ച് നടക്കാനേ പറ്റൂ"

മനു കൂടി പറഞ്ഞതോടെ അർജുൻ ദേഷ്യത്തോടെ അവിടെ നിന്നും തിരിഞ്ഞു നടന്നു.

അവനൊപ്പം ഇരുന്നിരുന്നവരെ ഒന്നുക്കൂടി നോക്കിക്കൊണ്ട് നിരഞ്ജന അവനൊപ്പം ഓടി.

"നിൽക്ക് അർജുൻ. ഞാൻ നിന്നെ കാണാനാ വന്നത്" അവൾ അർജുന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.

"നിന്നോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്? ഒരായിരം പ്രാവശ്യം ഞാൻ പറഞ്ഞിട്ടില്ലേ എന്നെത്തിരഞ്ഞ് ഈ സ്ഥലത്തേക്ക് വരരുതെന്ന്. അനുസരിക്കരുത്. ഒരു കാര്യം പറഞ്ഞാ അനുസരിക്കരുത്"

അർജുൻ അവൾക്ക് നേരെ ചീറി.

നിരഞ്ജന അവനെ സങ്കടത്തോടെ നോക്കി.

"പറഞ്ഞാലും മനസ്സിലാവാത്തൊരു സാധനം. എടീ അവിടൊന്നും നിനക്ക് വന്നു നിൽക്കാൻ പറ്റുന്ന സ്ഥലമല്ല. പറഞ്ഞ് തന്നിട്ടില്ലേ ഞാൻ നിനക്കവന്മാരുടെ സ്വഭാവം. പിന്നെയും പിന്നെയും എന്തിനാ നീ അങ്ങോട്ട്‌ ഓടിപ്പാഞ്ഞു വരുന്നേ.. ഏഹ്?"

അർജുന് ദേഷ്യം അടക്കാൻ കഴിയുന്നില്ല.

അവനവളുടെ തോളിൽ പിടിച്ചുലച്ചുകൊണ്ട് വീണ്ടും തുറിച്ചു നോക്കി.

"ശെരി. ഞാനവിടെ ഇനി വരുന്നില്ല. പക്ഷേ നീയും പോവാൻ പാടില്ല. എന്തേ. അത് പറ്റുമോ നിനക്ക്?"

നിരഞ്ജന അവനെനോക്കി ശാന്തമായി ചോദിച്ചു.

"എന്നെപ്പോലെയാണോടി നീ?" അവന്റെ കൈകൾ വീണ്ടും നിരഞ്ജനയുടെ തോളിൽ മുറുകി.

"നിനക്കെന്താ അജു.. കൊമ്പുണ്ടോ?" അവൾ വീണ്ടും അവനെ സൂക്ഷിച്ചു നോക്കി.

ആ മുഖം ദേഷ്യംകൊണ്ട് കൂടുതൽ ചുവന്ന് പോയിരുന്നു.

"ഞാൻ പോയാലും നീ പോയാലുമെല്ലാം പ്രശ്നം തന്നെയാണ്. അവന്മാരെ കുറിച്ച് ശെരിക്കറിയാമെന്ന് വീമ്പ് പറയുന്നുണ്ടല്ലോ നീ. എന്നിട്ടുമെന്തേ നിനക്ക് തിരിച്ച് നടക്കാൻ തോന്നാത്തത്? ചെന്ന് ചാടിക്കൊടുത്ത കുഴിയുടെ വലുപ്പം, എന്നെ പറഞ്ഞു മനസ്സിലാക്കിയാ മാത്രം മതിയോ അജൂ. നീ കൂടി ഓർക്കണ്ടേയത്?"

നിരഞ്ജനയുടെ സ്വരം നേർത്തു പോയി.

"നീ മുമ്പൊക്കെ പറയുംപോലെ സീതേച്ചി ഇപ്പോഴും കഷ്ടപെട്ടിട്ട് തന്നെയല്ലേ നിന്നെ ഇങ്ങോട്ട് വിടുന്നത്. ആ നീ ഇവിടെ ക്ലാസ്സിലും കയറാതെ ആ വൃത്തികെട്ടവന്മാരുടെ കൂടെ രാഷ്ട്രീയം കളിച്ചു നടപ്പാണെന്ന് ആ പാവം ചേച്ചിയറിഞ്ഞാൽ അതിനെത്ര വേദനയാവും. അതോർത്തോ നീ? നീ തന്നെയല്ലേ എന്നോട് പറഞ്ഞിട്ടുള്ളത്.. നിന്റെ സീതേച്ചി ഒരുപാട് പാവമാണെന്ന്. സീതേച്ചിയുള്ളത് കൊണ്ടാണ് നിനക്കിങ്ങനൊരു ജീവിതം കിട്ടിയതെന്നൊക്കെ. അതെല്ലാം ഇത്ര പെട്ടന്ന് മറന്നു പോയോ അജൂ നീ?"

ഇപ്രാവശ്യം നിരഞ്ജന അർജുന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു.

അർജുന്റെ കൈകൾ അയഞ്ഞു..

"മതി.. നിർത്തിക്കേ. എന്നിട്ട് നീ ക്ലാസ്സിൽ പോയേ. ഞാനിത്തിരി ഒറ്റക്കിരിക്കട്ടെ നിമ്മീ" അർജുൻ അസ്വസ്ഥതയോടെ പറഞ്ഞു.

"ഓ.. ഞാൻ പോയേക്കാം. ഇനി നീയതിന് കിടന്ന് തുള്ളണ്ട. ആലോചിക്ക് ഇവിടിരുന്ന്. നന്നായി ആലോചിക്ക് നീ. ഇപ്പോഴും നിനക്ക് മുന്നിലെ സമയം കഴിഞ്ഞു പോയിട്ടില്ല. തിരുത്താൻ ഇനിയും സമയമുണ്ട്"

നിരഞ്ജന അവന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു.

അർജുൻ അതിനൊന്നും മറുപടി കൊടുത്തില്ല.

"ഇന്ന് രാവിലെ മുതൽ നോക്കി നടക്കുവാ അജൂ നിന്നെ ഞാൻ. ഒന്ന് കാണാൻ. നിനക്കിപ്പോ എന്നേക്കാൾ വലുതായി മറ്റുപലതും കാണും. എനിക്ക് പക്ഷേ.."

നിരഞ്ജനയുടെ മുഖത്ത് സങ്കടം നിറഞ്ഞു.

അർജുൻ അവളെയൊന്ന് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.
പറയാനൊന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഒരു വർഷം നിരന്തരം അവൾക്ക് പിറകെ നടന്ന് കഷ്ടപെട്ട് നേടിയെടുത്ത ആ പ്രണയത്തെപോലും തനിക്കിന്ന് ഓർമയില്ലാതായിപ്പോയോ?

അവൻ സ്വയം ചോദിച്ചു.

"പരാതി പറഞ്ഞതൊന്നുമല്ല അജു. ഞാനെന്റെ സങ്കടമാണ് പറഞ്ഞത്. ഇങ്ങനാണ് പോക്കെങ്കിൽ.. പറഞ്ഞതാണ് ഞാൻ നിന്നോട് പലവട്ടം.. എനിക്കിത് മുന്നോട്ടു കൊണ്ടുപോവാൻ നല്ല ബുദ്ധിമുട്ടാണ്. മറ്റൊന്നും കൊണ്ടല്ല. നിന്റെ പോക്ക് നാശത്തിലേക്കാണ്. അറിഞ്ഞുകൊണ്ട് നീ അങ്ങോട്ട്‌ നടന്ന് കയറുവാണ്. അതിലെനിക്ക് നിന്റെ കൂടെ നിൽക്കാൻ കഴിയില്ല"

നിരഞ്ജന ഗൗരവത്തിൽതന്നെ പറഞ്ഞു.

അർജുൻ അവളെ തുറിച്ചു നോക്കി.

"നിന്റെ നോട്ടത്തിലൊന്നും ഞാൻ പേടിക്കൂല അജൂ. ഇപ്പൊത്തന്നെ ഈ ആഹ്വാനം ചെയ്ത സമരത്തിന്റെ പിന്നിലെ യഥാർത്ഥ കാരണമറിയോ നിനക്ക്?"

നിരഞ്ജന അവനെ നോക്കി.

"ഇല്ല" അവന്റെ മറുപടിയിൽ നിരഞ്ജനയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

"അറിയില്ല. നിനക്കൊന്നും.. ഒന്നുമറിയില്ല. കൂട്ടത്തിലൊരുത്തന് അടി കിട്ടിയെന്നേ നിനക്കറിയൂ. അതെന്തിനാണെന്നുള്ള അന്വേഷണം പോലും നടത്താതെ അതിനെതിരെ സമരം ചെയ്യാൻ കുറേ വിഡ്ഢികളും" നിരഞ്ജന വളരെ കാര്യമായിത്തന്നെ അവനെ കളിയാക്കി.

"നിന്ന് ഇളിക്കാതെ കാര്യം പറയെടി" അർജുൻ അവളെ നോക്കി കണ്ണുരുട്ടി.

"ഹോ.. ഇപ്പൊ എന്താ അവന്റെയൊരു ശുഷ്‌കാന്തി. നിന്റെ ഗ്യാങ്ങിലുള്ള ആ പരട്ടയുണ്ടല്ലോ, റെജി... റെജി മാത്യു.. അവനത് ചോദിച്ചു വാങ്ങിയതാണ്. ശാനയുടെ കയ്യിൽനിന്നും.. കുറച്ചു ദിവസമായിരുന്നു അവനൊരു ചൊറിച്ചിൽ തുടങ്ങിയിട്ട്. ഗ്രൗണ്ടിൽ വെച്ച് ശാനയോട് മോശമായി പെരുമാറിയതും പോരാഞ്ഞിട്ട് വീട്ടിലിരിക്കുന്ന അവളുടെ അച്ഛന് കൂടി വിളിച്ചു ഹീറോയിസം കാണിക്കാൻ ചെന്നവനെ.. അച്ഛനെ സ്നേഹിക്കുന്ന മക്കളങ്ങ് എടുത്തിട്ട് പെരുമാറി"

നിരഞ്ജന പറഞ്ഞപ്പോൾ അർജുൻ മുഖം ചുളിച്ചു.

ഇത്രേം വലിയൊരു പ്രശ്നം ഇതിന്റെ പിറകിലുണ്ടായിരുന്നോ?

അതാരും പറഞ്ഞില്ലല്ലോ.

"നീ നെറ്റി ചുളിക്കണ്ട. ഞാനുമുണ്ടായിരുന്നു ആ സമയം ഗ്രൗണ്ടിൽ. എല്ലാത്തിനും ദൃസ്സാക്ഷിയാണ്. പക്ഷേ സംഭവം പുറത്ത് വന്നപ്പോൾ ശാന അനാവശ്യമായി റെജി ഫിലിപ്പിനെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് കഥ വന്നത്. ആരും ചെയ്തു പോകുന്നതേ അവളും ചെയ്തിട്ടുള്ളു. അതിന്റെ സത്യാവസ്ഥ പോലും ചോദിക്കാൻ ഒരു നേതാക്കളെയും കണ്ടില്ല. ശെരിക്കും അതാണോ രാഷ്ട്രീയധർമ്മം? നീ തന്നെ എനിക്ക് പറഞ്ഞു താ അജൂ. സ്വന്തം ജീവിതം പോലും ഓർമ്മയില്ലാതെ നീയൊക്കെ കൂട്ട് നിൽക്കുന്നതും ഇതിനാണോ ഡാ"

നിരഞ്ജന ദേഷ്യത്തോടെ അർജുനെ നോക്കി.

അപ്പോഴും അവനൊന്നും മിണ്ടിയില്ല.

"നീ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇവിടിരിക്ക്. ഞാൻ പോവാണ്. എനിക്ക് വേറെ പണിയുണ്ട്"

തോളിൽ കിടന്ന ബാഗ് ശരിയാക്കിക്കൊണ്ട് അർജുനെ ഒന്ന് കൂടി തിരിഞ്ഞു നോക്കി നിരഞ്ജന തിരികെ നടന്നു.

കോളേജ് ടോപ്പറായിരുന്ന അർജുന്റെ നിഴലാണ് അതെന്ന് തോന്നി അവൾക്ക് അവന്റെ ഇരുപ്പ് കണ്ടപ്പോൾ.

എന്തൊരു ഉത്സാഹത്തിൽ ഭാവിയെ കുറിച്ച് സ്വപ്നങ്ങൾ കണ്ടവനാണ്.

ആരാണാവോ അവനുള്ളിലേക്ക് നാശത്തിനായി മാത്രം രാഷ്ട്രീയത്തിന്റെ വിത്തുകൾ പാകിയിട്ടത്.

ഇന്നാ വിത്തുകളെല്ലാം മുളച്ചുപൊന്തി അവനുതന്നെ താങ്ങാവുന്നതിനും അപ്പുറമായിരിക്കുന്നു.

ഈ പറഞ്ഞതൊന്നുംതന്നെ അവനെ പിന്തിരിപ്പിക്കാൻ മതിയാവുന്ന വാക്കുകളായിട്ടില്ല.

അവന്റെ കാര്യത്തിൽ ഇനിയുമെന്താണ് ചെയ്യേണ്ടതെന്ന് അപ്പോഴും അവൾക്കറിയില്ലായിരുന്നു.

                    ❣️❣️❣️❣️❣️

പാർവ്വതിയെ തുറിച്ചു നോക്കി കിടക്കുന്നുവെന്നതല്ലാതെ കല്യാണിയമ്മ ഒന്നും പറയുന്നില്ല.

"അവള് യന്ത്രമൊന്നുമല്ലല്ലോ അമ്മമ്മേ. അവൾക്കും നോവുന്നുണ്ട്. ഇവിടെ കിടന്ന് ഓരോന്നു വിളിച്ച് പറയാൻ നിങ്ങൾക്ക് കഴിയുന്നത് അവള് കൊണ്ട് വരുന്നത് കുഴച്ചുരുട്ടി തിന്നിട്ടല്ലേ.. ആ നന്ദി കാണിച്ചില്ലേലും വേണ്ടില്ല. ഇത്തിരിയെങ്കിലും കരുണ കാണിച്ചൂടെ ആ പെണ്ണിനോട്"

പാർവ്വതിക്ക് ദേഷ്യവും സങ്കടവും ഒരുപോലെ തോന്നി.

"എന്തിനാണ് നിങ്ങൾക്കവളോട് ഇത്രേം ദേഷ്യം? ആർക്കും തട്ടിക്കളിക്കാൻ കൊടുക്കാതെ നിങ്ങളെ അവൾ ഏറ്റെടുത്തുകൊണ്ട് വന്നതാണോ സീത ചെയ്ത തെറ്റ്. ദയവ് ചെയ്ത് അവളെ കാണുമ്പോൾ നിങ്ങളുടെ ചൊറിയുന്ന സ്വഭാവം ഒന്നടക്കി വെക്കണം. പറയാനുള്ളത് മുഴുവനും നിങ്ങള് എന്നോട് പറഞ്ഞോളൂ. ഒരു പരാതിയും പറയാതെ ഞാൻ കേട്ടോളാം. ആ പെണ്ണിത്തിരി ശ്വാസം വിട്ടോട്ടെ"

പാർവ്വതിയുടെ സ്വരം കടുത്തു പോയി.

ഒരക്ഷരം മിണ്ടാതെ ചുവരിലേക്ക് നോക്കിക്കിടക്കുന്ന കല്യാണിയമ്മയെ ഒന്ന് കൂടി നോക്കിക്കൊണ്ട് പാർവ്വതി മുറി വിട്ട് പോയി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...