സ്വന്തം ❣️ ഭാഗം 48

 

രചന: ജിഫ്‌ന നിസാർ

"പണം... പണം വേണം അർജുൻ, ഈ സമൂഹത്തിൽ ജീവിക്കാനുള്ള പവറും പണവും അത്യാവശ്യമാണ് "

ടോണിയവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

ഒന്നും മിണ്ടാതെ കടുത്ത
മുഖത്തോടെയിരിക്കുന്ന അർജുനെയും അവനെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവരെയും ടോണി മാറി മാറി നോക്കി.

ചുറ്റും നിൽക്കുന്നവർ വീണ്ടും മുഖം കൊണ്ട് പ്രോത്സാഹനം നൽകിയപ്പോൾ ഒന്ന് തലയാട്ടി കൊണ്ട് ടോണി വീണ്ടും അർജുന് നേരെ തിരിഞ്ഞു.

"ഇപ്പൊ തന്നെ നീ പറഞ്ഞ നിന്റെ ആഗ്രഹം, നല്ലൊരു ജോലി വാങ്ങിയിട്ട് നിന്റെ കുടുംബം നല്ല രീതിയിൽ കൊണ്ട് പോവുകയെന്നത്. ഇവിടുത്തെ പഠനം കഴിഞ്ഞിറങ്ങിയ ഉടനെയൊന്നും നമ്മൾക്കാർക്കും ജോലി കിട്ടാനൊന്നും പോകുന്നില്ല. അതിന് ഞാൻ മുന്നേ പറഞ്ഞത് പോലെ, ഒന്നല്ലങ്കിൽ പണം വേണം. ഇല്ലെങ്കിൽ പിറകിലാള് വേണം. ഇതിപ്പോ പണം ഏതായാലുമില്ല. പിറകിൽ നിൽക്കാമെന്ന് വാക്ക് തരുന്നവരെ നീ അടുപ്പിക്കുന്നുമില്ല"

ടോണി അർജുനെ ചേർത്ത് പിടിച്ചു.

അർജുൻ അപ്പോഴും ഒന്നും മിണ്ടിയില്ല.

കലങ്ങി മറിഞ്ഞു കിടക്കുന്ന മനസ്സിലൂടെ ഓടി മാറുന്നത് മുഴുവനും അനാവശ്യചിന്തകളാണ്.

ആത്മസംഘർഷങ്ങളുടെ വേലിയേറ്റമാണ്.

"പണമുണ്ടങ്കിലേ മോനെ നമ്മുക്ക് നമ്മുടെ വീട്ടിൽ പോലും ഒരു സ്ഥാനമുള്ളു. അല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിന് പോലും കണക്ക് പറയുന്നത് കേൾക്കേണ്ടി വരും. ഞാനും നീയുമടക്കം."

ടോണിയുടെ വാക്കുകളുടെ നാറ്റം അർജുന്റെ ഹൃദയമാണ് ഏറ്റെടുത്തത്.

സീതയുടെയും പാർവതിയുടെയും മുഖം അവനുള്ളിലൂടെ ഓടി മാഞ്ഞു.

അർജുൻ കണ്ണുകൾ ഇറുക്കിയടച്ചു.

കാതിൽ കൂട്ടുകാരുടെ കളിയാക്കൽ മുഴങ്ങി.
ഹരിയെ കുറിച്ചോർത്തതും അവന്റെ കൈകൾ താനേ ചുരുണ്ടു.

"ഒറ്റയടിക്ക് നോ പറയാതെ നീ ശരിക്കും ഒന്നാലോചിച്ചു നോക്ക്. ഇപ്പൊ എതിർക്കാൻ ഒരായിരം ആളുകൾ കാണും. അവരാരും പക്ഷേ നമ്മുക്ക് പണം തന്ന് സഹായിക്കാനുണ്ടാവില്ല. ഉപദേശം തന്ന് വീർപ്പിച്ചു മുട്ടിച്ചത് കൊണ്ട് മാത്രം നമ്മുടെ ഒരാവിശ്യവും നടന്നു പോകുകയുമില്ല."

ടോണിയുടെ വാക്കുകൾക്ക് അർജുന്റെ മനസ്സിലേക്കിറങ്ങി ചെല്ലാൻ എളുപ്പമായിരിന്നു, അപ്പോഴത്തെ അവന്റെ മാനസികാവസ്‌ഥയിൽ.

"നാല് കാശ് കയ്യിൽ വരുമ്പോൾ ഈ പറഞ്ഞവരൊക്കെ നമ്മുക്ക് ഒപ്പമുണ്ടാവും. എത്ര വലിയ സിംഹങ്ങൾ മേഞ്ഞ കാട്ടിലും വീട്ടിലും പിന്നെ നമ്മളാണ് താരങ്ങൾ. നമ്മൾ പറയുന്നത് അനുസരിക്കാൻ മാത്രം ജീവിക്കുന്നവർ. വേണ്ടേ.. അങ്ങനൊരു സന്തോഷത്തിന്റെ ലഹരി വേണ്ടേ നിനക്ക്.?"

ടോണിയുടെ ചോദ്യത്തിന് നേരെ അർജുൻ തുറിച്ചു നോക്കി.

"അത്രയ്ക്ക് വല്ല്യ ആളാണെങ്കിൽ നീ പോയി കൊണ്ട് വാടാ. എന്നിട്ട് വീമ്പിളക്ക് "
സീതയുടെ ദേഷ്യത്തോടെയുള്ള വാക്കുകൾ വീണ്ടും വീണ്ടും അർജുന്റെ മനസ്സിൽ തികട്ടി വന്നു.

"എനിക്ക്... എനിക്കൊന്ന് ഒറ്റക്കിരിക്കണം "

ടോണിയോട് അർജുൻ കടുപ്പത്തിൽ പറഞ്ഞു.

"ഇട്സ് ഒക്കെ. ഒറ്റക്കിരുന്നു നന്നായി ആലോചിച്ചു നോക്ക് നീ. നല്ലൊരു ജീവിതത്തിലേക്കാ നിന്നെ കൈ പിടിച്ചു കൊണ്ട് പോവുന്നത്. ചെയ്യേണ്ടത് അത്ര വലിയൊരു കാര്യമൊന്നുമല്ല. നീ ചെയ്തില്ലങ്കിൽ നിന്നെ പോലെ മറ്റൊരാൾ അത് ചെയ്തിട്ട് കിട്ടുന്ന പ്രതിഫലവും വാങ്ങി പോകും. ആദർശം പറഞ്ഞിരിക്കാം എന്നല്ലാതെ, അത് കൊണ്ട് ജീവിതത്തിൽ വേറെയൊന്നും ചെയ്യാനാവില്ല. അത് കൊണ്ട് നീ ആലോചിച്ചു നോക്ക്. ഞാൻ വൈകുന്നേരം വിളിക്കാം നിന്നെ "

ടോണി അവനരികിൽ നിന്നും എഴുന്നേറ്റു.

കാത്ത് നിൽക്കുന്നവർക്ക് നേരെ വിജയിച്ചുവെന്ന അർഥത്തിൽ വിരൽ ഉയർത്തി കാണിച്ചു.

അവരുടെ മുഖത്തും നിറഞ്ഞ സന്തോഷമായിരുന്നു.
നിർത്തിയിട്ടിരുന്ന കാറിൽ കയറും മുന്നേ അവരൊരിക്കൽ കൂടി അർജുനെ തിരിഞ്ഞു നോക്കി, പുച്ഛത്തൊടെ.

എന്നാൽ ഇതൊന്നുമറിയാതെ... പുതിയ കണക്ക് കൂട്ടലിലായിരുന്നു അർജുൻ.

                           ❣️❣️❣️❣️❣️

"ഇവിടെയല്ലേ നിരഞ്ജന വരുമെന്ന് പറഞ്ഞത്?"

കണ്ണൻ ചോദിച്ചു.

മുന്നിൽ കാണുന്ന ഷോപ്പിംഗ് മാളിന് നേരെ ഒന്ന് നോക്കിയിട്ട് സീത തലയാട്ടി കാണിച്ചു.

"നീ അകത്തേക്ക് ചെല്ല്. നിരഞ്ജന പറഞ്ഞിടത്തു തന്നെ വെയിറ്റ് ചെയ്യണം "

കണ്ണൻ പറഞ്ഞത് കേട്ട് തലയാട്ടി കൊണ്ട് സീത ഡോർ തുറക്കാൻ തിരിഞ്ഞു.

"ടെൻഷനുണ്ടോ ലച്ചു?"
അവളിറങ്ങും മുന്നേ കണ്ണൻ ആ കയ്യിൽ പിടിച്ചു നിർത്തി.

അവളൊന്നും പറയാതെ അവനെയൊന്ന് നോക്കി.

"ഒറ്റയ്ക്കാണെന്നുള്ള തോന്നലേ വേണ്ട. നീ നോക്കിയ കാണുന്നിടത്ത് ഞാനുണ്ടാവും. മ്മ് "

അവൻ ചിരിയോടെ പറഞ്ഞു.

സീത ഒന്ന് തല കുലുക്കി.

"അവൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കണം. നല്ലതോ ചീത്തയോ എന്ത് തന്നെ ആയാലും നമ്മളതിനെ നേരിടും. നിന്റെ കൂടെ നിരഞ്ജനയെ കാണാൻ ഞാനും വന്നിരുന്നു. പക്ഷേ.. ഞാൻ ആരാണ് എന്നവൾ ചോദിക്കും. ഉറപ്പാണ്."

കണ്ണൻ കണ്ണടച്ച് കൊണ്ട് അവളെ നോക്കി.
സീതയുടെ നെറ്റി ചുളിഞ്ഞു.

"ഇവനെന്റെ ചെക്കനാണെന്ന് പറയാൻ നിനക്ക് ധൈര്യമുണ്ടോ? അല്ലെങ്കിൽ ഞാനങ്ങനെ പറയുന്നത് കൊണ്ട് കുഴപ്പമുണ്ടോ "
കണ്ണൻ കുസൃതിയോടെ ചോദിച്ചു.

ഉള്ളിൽ അലയടിക്കുന്നൊരു കടലിനെ ഒതുക്കി പിടിച്ചിട്ട് ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെ അവന് മുന്നിലിരിക്കുന്ന സീത പക്ഷേ, അതൊന്നും ആസ്വദിക്കാൻ പറ്റിയൊരു മാനസികാവസ്ഥയിൽ ആയിരുന്നില്ല.

"സ്ട്രോങ്ങാണെന്ന് ഇരുപത്തിനാല് മണിക്കൂറും പറഞ്ഞു നടന്നത് കൊണ്ടായില്ല. സ്ട്രോങ്ങായിട്ട് തീരുമാനമെടുക്കേണ്ട സമയം.. അങ്ങനെയാണെന്ന് തെളിയ്ക്കുന്നവരാണ് ശരിക്കും സ്ട്രോങ്ങ്‌. മനസ്സിലായോ എന്റെ സ്ട്രോങ്ങ്‌ സീതാ ലക്ഷ്മിക്ക് "

കണ്ണൻ അവളുടെ മൂക്കിൽ തുമ്പിൽ പിടിച്ചുലച്ചു.

നേർത്തൊരു ചിരിയോടെ സീത അവനെ നോക്കി.

"എങ്കിൽ ധൈര്യമായിട്ട് ചെല്ല് "

ആ കയ്യിൽ ഒന്നുകൂടി അമർത്തി പിടിച്ചിട്ട് കണ്ണൻ പറഞ്ഞു.

സീത ബാഗ് തോളിലേക്കിട്ട് വീണ്ടും ഡോർ തുറക്കാൻ ആഞ്ഞു.

"ഹേയ്.. വൺ മിനിറ്റ്.. നീയാ ഹരിയുടെ നമ്പറൊന്ന് സെൻറ് ചെയ്തെ എനിക്ക് "

പതിയെ ഒന്ന് പൊങ്ങിയിട്ട് കണ്ണൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ വലിച്ചെടുത്തു.

"അതെന്തിനാ, ഹരിയുടെ നമ്പർ?"

സീത സംശയത്തോടെ കണ്ണനെ നോക്കി.

"അവനെയെനിക് കല്യാണമാലോചിക്കാൻ. എന്തേയ്?"

അവൻ കണ്ണുരുട്ടി.

സീത അവനെ കൂർപ്പിച്ചു നോക്കി.

"നമ്പർ പറയെടി ചീതാ ലക്ഷ്മി "
കണ്ണൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.

"അവനോട്... അവനോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല കണ്ണേട്ടാ "
സീത സങ്കോചതോടെ കണ്ണനെ നോക്കി.

"എന്ത് പറഞ്ഞിട്ടില്ലെന്ന്?"
കണ്ണന് കള്ളച്ചിരിയാണ്.

"നമ്മുടെ... നമ്മുടെ കാര്യമൊന്നും.."
സീത വിക്കി കൊണ്ട് അവനെ നോക്കി.

"നിന്നെ ഞാൻ എന്റേതാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞില്ലേ? "

കണ്ണൻ അവളെ നോക്കി.

സീത ഒന്ന് മൂളി.

"എന്നിട്ടാരോടും പറയാഞ്ഞതെന്തേ?"

"എനിക്ക്... എനിക്കന്ന് കണ്ണേട്ടനോട് ഇഷ്ടമില്ലല്ലോ. എന്നെങ്കിലും തിരികെ വന്നാൽ എനിക്ക് തന്ന മാല ഏൽപ്പിക്കണമെന്ന് മാത്രം ഉണ്ടായിരുന്നുള്ളു എന്റെ മനസ്സിൽ "

"ഇപ്പഴോ..? ഇപ്പൊ നിനക്ക് കണ്ണേട്ടനോടുള്ളതെന്താ?"
അവന്റെ സ്വരം ആർദ്രമായി.

സീത ഒന്നും പറയാതെ മുഖം കുനിച്ചു.

"ഞാൻ സീതാ ലക്ഷ്മിയെ പ്രണയിക്കുന്നു, അവളെന്റെ ജീവനാണ് എന്ന് ഹരിയെ അറിയിക്കാനുള്ള യോഗം ദൈവം എനിക്കാണ് വിധിച്ചിട്ടുള്ളത് എന്ന് കരുതി ആശ്വാസിക്കൂ "

കണ്ണൻ അവളെ കളിയാക്കി.

സീതയുടെ മുഖം വാടി.

"ഞാൻ പറയണ്ടേ ലച്ചു?"
അവൻ അവളെ നോക്കി.

"അവന്... ഇത് വരെയും ഞാൻ പറഞ്ഞില്ലെന്നു തോന്നുവോ കണ്ണേട്ടാ?"
സീത വിഷമത്തോടെ ചോദിച്ചു.

"ഹരി നിന്റെ നല്ല കൂട്ടുകാരനാണെന്നാണ് എന്റെ വിശ്വാസം. അത് അങ്ങനെതന്നെയാണെങ്കിൽ അവന് സന്തോഷമേ തോന്നൂ. ഇനി അതല്ല.. നീ അവനോട് സംസാരിച്ചതിന് ശേഷം മാത്രം ഞാൻ വിളിച്ചാൽ മതിയെങ്കിൽ അങ്ങനേം ചെയ്യാം. പക്ഷേ ഞാനിപ്പോ ഹരിയുടെ നമ്പർ ചോദിച്ചത്, അർജുന്റെ കാര്യം സംസാരിക്കാനാണ്. തീർച്ചയായും ഹരിയുടെയും സഹായം നമ്മൾക്ക് വേണ്ടി വന്നേക്കും "

കണ്ണൻ സീതയെ നോക്കി ശാന്തമായി പറഞ്ഞു.

"ഞാൻ.. ഞാൻ നമ്പർ പറഞ്ഞു തരാം "
മറ്റൊന്നും ആലോചിക്കാനില്ലെന്നത് പോലെ സീത പെട്ടന്ന് പറഞ്ഞു.

അവൾ പറഞ്ഞു കൊടുത്ത നമ്പർ കണ്ണൻ ഫോണിൽ സേവ് ചെയ്തു.

"ഇനി പോയിക്കോട്ടെ?"
അവൾ ചോദിച്ചു.

കണ്ണൻ ചിരിച്ചു കൊണ്ട് തലയാട്ടി.

സീത ഡോർ തുറന്നിട്ട്‌ പുറത്തേക്കിറങ്ങി.

ഡോർ അടച്ചു കൊണ്ടവൾ കുനിഞ്ഞു നിന്നിട്ട് ഒരിക്കൽ കൂടി അവനെ നോക്കി തലയാട്ടി.

കണ്ണൻ വിരൽ ഉയർത്തി കാണിച്ചു.

സീത അകത്തേക്കുള്ള ഗ്ലാസ്‌ ഡോർ തള്ളി തുറന്നു കേറി പോയതിന് ശേഷമാണ് ഹരി കാറെടുത്തു  പോയത്.

                             ❣️❣️❣️❣️

നിമിഷങ്ങൾ നീങ്ങുന്നതിനനുസരിച്ച് കണ്ണൻ പകർന്നു കൊടുത്ത ധൈര്യം അവളിൽ നിന്നും നേർത്തു നേർത്തു ഇല്ലാതെയായി പോവുന്നുണ്ട്.

ചുറ്റും തിരക്കിട്ട് നടക്കുന്ന അനേകം ആളുകൾ.

ചിലർ സ്വയം നിർമിച്ച ചെറിയ ലോകത്തിലെ കാഴ്ചകൾ കണ്ടു ഉൾവലിഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ, ലോകമേ തറവാട് എന്നൊരു മനസ്സോടെ.. സന്തോഷത്തോടെ ചുറ്റുമുള്ളതിലേക്ക്... ചുറ്റുമുള്ളവരിലേക്ക് സ്വയം ചേർത്ത് വെക്കുന്നു.

സീത വീണ്ടും വീണ്ടും നാല് പാടും കണ്ണോടിച്ചു.

നിരഞ്ജനയെ അവൾക്കറിയില്ല എന്നത് കൊണ്ട് തന്നെ.. അടുത്തേക്ക് വരുന്ന എല്ലാ മുഖങ്ങളിലും അവൾ നിരഞ്ജനയെ തിരഞ്ഞു.

സീതേച്ചി... വിടർന്നു ചിരിച്ചു കൊണ്ട് അവൾക്കരികിലേക്ക് നടന്നു വന്നൊരുവളെ കണ്ടപ്പോൾ സീതയുടെ കണ്ണുകൾ ചുരുങ്ങി.

"നിരഞ്ജനയാണ് ഞാൻ "
സീതയുടെ നോട്ടം കണ്ടിട്ട് അവൾ സ്വയം പരിചയപെടുത്തി.

"ഇരിക്ക് "
മുന്നിലെ കസേരയിലേക്ക് ചൂണ്ടി സീത ചിരിച്ചു.

"സീതേച്ചി വന്നിട്ട് ഒരുപാട് നേരമായോ?"
കസേരയിൽ ഇരിക്കുന്നതിനിടെ നിരഞ്ജന ചോദിച്ചു.

"ഇല്ല. ഒരഞ്ചു മിനിറ്റ് "
സീത പറഞ്ഞു.

"ഒറ്റക്കാണോ വന്നത്?"
വീണ്ടും നിരഞ്ജന ചോദിച്ചു.

"അതേ "

സീത അവളെ തന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഒറ്റനോട്ടത്തിൽ തന്നെ സീതയ്ക്ക് നിരഞ്ജനയെ ഒരുപാട് ഇഷ്ടമായി.

രൂപത്തിൽ മാത്രമല്ല.. അവളുടെ സംസാരത്തിലും ചിരിയിലുമെല്ലാം ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്.

"നിരഞ്ജന... എന്നെ മുന്നേ കണ്ടിട്ടുണ്ടോ?"
സീത ചോദിച്ചു.

"ഇല്ല.. എന്തേ?"

"പിന്നെങ്ങനെ... എന്നെ മനസ്സിലായി?"
സീത അവളെ നോക്കി.

"അല്ല.. അത്.."
നിരഞ്ജന വാക്കുകൾക്കായി പരതി.

"പറഞ്ഞോളൂ "

സീത അവളിൽ നിന്നും നോട്ടം മാറ്റിയില്ല.

"ഞാൻ.. അജു കാണിച്ചു തന്നിട്ടുണ്ട്. സീതേച്ചിയെ മാത്രമല്ല. വല്യേച്ചിയെയും ലല്ലുമോളേം അച്ഛനേം എല്ലാം "
നിരഞ്ജനയുടെ സ്വരം നേർത്തു.

അതിന് സീത ഉത്തരം പറയും മുന്നേ അവളുടെ ഫോൺ ബെല്ലടിച്ചു.

നിരഞ്ജനയെ ഒന്ന് നോക്കിയിട്ട് അവൾ ബാഗിൽ നിന്നും ഫോൺ എടുത്തു.

കണ്ണനാണ് വിളിക്കുന്നത്.

കോൾ അറ്റന്റ് ചെയ്തു ചെവിയിൽ ചേർക്കുന്നതിനു മുന്നേ സീതയുടെ കണ്ണുകൾ അവനെ നാല് പാടും തിരഞ്ഞു.

"മുന്നോട്ട് നോക്കെടി "
കണ്ണന്റെ കുസൃതി നിറഞ്ഞ സ്വരം അവളുടെ കാതിൽ മുഴങ്ങി.

അവർ ഇരിക്കുന്നതിന്റെ ഒന്ന് രണ്ടു ടേബിൾ മാറി, അവളെ നോക്കി കൊണ്ട് അവനിരിക്കുന്നു.

ഹൃദയമിടിപ്പ് പതിയെ ശാന്തമാവുന്നത് സീതയറിഞ്ഞു.

അവൻ അരികിലുണ്ടെന്ന ഓർമകൾക്ക് പോലും തണുപ്പാണ്.

അവൾ നോക്കുന്നത് കണ്ടിട്ട് അവൻ കണ്ണടച്ച് കാണിച്ചു.
സീത മുന്നിലിരിക്കുന്ന നിരഞ്ജനയെ ഒന്ന് നോക്കി.

അവൾ ടെൻഷനോടെ വിരൽ പിടിച്ചു മടക്കിയും നിവർത്തിയും ഇരിക്കുന്നു.

വീണ്ടും സീതയുടെ കണ്ണുകൾ കണ്ണനു നേരെ പാഞ്ഞു.

"ഫോൺ കട്ട് ചെയ്യാതെ ഓഫാക്കി ടേബിളിൽ വെച്ചേക്ക് "

കണ്ണൻ ബ്ലൂടൂത് ചെവിയിൽ വെച്ചാണ് പറയുന്നത്.

"ടെൻഷനാവേണ്ട. നിരഞ്ജനക്ക് പറയാനുള്ളത് എന്താണെന്ന് ചോദിക്ക്."

കണ്ണൻ പറഞ്ഞത് പോലെ സീത അവന്റെ കോൾ കട്ട് ചെയ്യാതെ ഫോൺ ഓഫ് ചെയ്തു ടേബിളിൽ വെച്ചു.

നിരഞ്ജന അവളെ നോക്കി.

"എന്താ നിരഞ്ജനക്ക് എന്നോട് പറയാനുള്ളത്?"
സീത ശാന്തമായി ചോദിച്ചു.

"ഞാൻ... ഞാനീ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നെനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ എന്റെ മനസ്സിൽ ഇതാണ് ശരി. ഒരുപാട് ആലോചിച്ചു... അതിന് ശേഷമാണ് ഞാൻ സീതേച്ചിയെ വിളിച്ചത് "
ഒരു മുഖവുര പോലെ നിരഞ്ജന പറഞ്ഞു.

"ഇത്രേം മുഖവുരയുടെ ആവിശ്യമുണ്ടോ മോളെ? ഇപ്പോഴും കാര്യമെന്താണെന്ന് പറഞ്ഞില്ല.നീ ധൈര്യമായിട്ട് കാര്യം പറ "
ടേബിളിൽ വെച്ചിരുന്ന നിരഞ്ജനയുടെ കയ്യിൽ സീത പതിയെ ഒന്ന് തൊട്ടു.

"ഞാനും.. ഞാനും അർജുനും തമ്മിൽ... ഇഷ്ടത്തിലായിരുന്നു "
സീതയെ നോക്കാതെ പതറി കൊണ്ടാണ് നിരഞ്ജന അത് പറഞ്ഞത്.

സീതയുടെ കണ്ണുകൾ കണ്ണന് നേരെ നീണ്ടു.
അവനും അവളെ നോക്കിയിരിപ്പാണ്.

സീത വേഗം നോട്ടം മാറ്റി.

"ഇഷ്ടത്തിലായിരുന്നു എന്നത് കഴിഞ്ഞു പോയ കാര്യമാണല്ലോ നിരഞ്ജന? അങ്ങനെയെങ്കിൽ എപ്പോ ആ ഇഷ്ടമില്ലെന്നാണോ ഞാൻ മനസ്സിലാക്കേണ്ടത്?"
സീത ചിരിച്ചു കൊണ്ടാണ് നിരഞ്ജനയെ നോക്കിയത്.

"അങ്ങനല്ല സീതേച്ചി. അർജുൻ... അവനിപ്പോഴും എന്റെ ജീവനാണ്. പക്ഷേ.. പക്ഷേയവൻ "
നിരഞ്ജനയുടെ കണ്ണുകൾ നിറഞ്ഞു.

സീതയുടെ ഹൃദയം ഒന്ന് തുള്ളി വിറച്ചു.

"നീ കാര്യം പറഞ്ഞാലേ മോളെ എനിക്കറിയാൻ കഴിയൂ."
സീത അവളെ സമാധാനിപ്പിച്ചു.

"ജീവിതത്തെ കുറിച്ചിട്ട് അർജുനൊരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അതിന് വേണ്ടി പ്രയക്നിക്കാൻ അവനൊരുക്കവുമായിരുന്നു. ടോണിയുടെ വലയിൽ വീഴുന്നത് വരെയുമുള്ള അർജുന്റെ കാര്യമാണ് ഞാൻ പറയുന്നത്.എന്റെ ലൈഫ് അവന്റെ കയ്യിൽ സേഫ് ആയിരിക്കും എന്നൊരു വിശ്വാസത്തോടെയാണ് ഞാനും എന്റെ ഇഷ്ടം അവനോട് തുറന്നു പറഞ്ഞത്.. പക്ഷേ "

അത്യന്തികം വേദനയോടെ നിരഞ്ജനയുടെ ഉടൽ വിറക്കുന്നത് സീത അവളുടെ കയ്യിൽ തൊട്ടറിഞ്ഞു.

അവളെത്രത്തോളം അർജുനെ സ്നേഹിക്കുന്നുണ്ടെന്ന് സീതക്കുള്ള തിരിച്ചറിവ് കൂടിയായിരുന്നു അത്.
സീതയുടെ കണ്ണുകൾ വീണ്ടും കണ്ണന് നേരെ ചെന്നു.

ടേബിളിൽ കൈ കുത്തി വെച്ചിട്ട് അവളെ നോക്കി തന്നെയാണ് ഇരിക്കുന്നത്.

"എനിക്ക്... എനിക്കവനെ ഉപേക്ഷിച്ചു കളയാൻ വയ്യ സീതേച്ചി. പക്ഷേ അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ അവനെയെനിക്ക് അംഗീകരിക്കാനും വയ്യ. ഞാൻ എന്നെ കൊണ്ടാവും പോലെ അവനെ തിരുത്താൻ ശ്രമിച്ചു. പക്ഷേ അവൻ അനുസരിക്കുന്നില്ല.അതിന്റെ പേരിൽ അവനോടുള്ള പരിഭവത്തിലാണ് ഞാനും. ഇപ്പൊ കാണാറോ വിളിക്കാറോയില്ല "
നിരഞ്ജന കണ്ണുകൾ തുടച്ചു കൊണ്ട് സീതയെ നോക്കി.

"സീതേച്ചി വിചാരിച്ച  അവനെയിപ്പോ രക്ഷപെടുത്താൻ ആയേക്കും. ഇനിയും വൈകിയ ചിലപ്പോൾ... അവന്റെ ജീവിതം മാത്രമല്ല, അവനെ കൂടി നമ്മൾക്ക് നഷ്ടം വരും. അത് പോലൊരു കെണിയിലാണ് അർജുൻ പോയി തല വെച്ചു കൊടുത്തിട്ടുള്ളത്."
നിരഞ്ജന പറഞ്ഞത് കേട്ട് സീതയുടെ ഹൃദയം വിറച്ചു.
കണ്ണുകൾ പേടിയോടെ കണ്ണനെ തേടി.

ഒന്നുമില്ലെന്ന് അവൻ കണ്ണടച്ച് കാണിക്കുന്നു.

എന്നിട്ടും അവളിലെ വിറയൽ നിന്നിട്ടില്ല.

"ഞാനിത് സീതേച്ചിയോട് പറഞ്ഞുവെന്നറിഞ്ഞാൽ തീർച്ചയായും അർജുന് എന്നോട് വെറുപ് തോന്നും. എന്നാലും സാരമില്ല. എനിക്കവന്റെ നന്മ മാത്രം കണ്ടാൽ മതി."

വിളറിയ ഒരു ചിരിയുണ്ടായിരുന്നു അത് പറയുമ്പോൾ നിരഞ്ജനയിൽ.

അവളെയൊന്നു ആശ്വാസിപ്പിക്കാൻ കൂടി കഴിയാത്ത വിധം സീത തളർന്നു പോയത് പോലെ.

ടോണിയെ കുറിച്ചും അവന്റെ രീതികളെ കുറിച്ചും അവൾക്കറിയാവുന്ന വിവരങ്ങൾ നിരഞ്ജന പറയുമ്പോഴൊക്കെയും സീതയുടെ കണ്ണുകൾ ഒരാശ്രയം പോലെ കണ്ണനിൽ ചെന്നു പതിക്കും.

"അവനെ... അവനെയങ്ങനെ വിട്ടു കളയാൻ പറ്റില്ലാലോ സീതേച്ചി."
നിരഞ്ജന സീതയുടെ കയ്യിൽ അമർത്തി പിടിച്ചു.
"എനിക്കൊറ്റയ്ക്കിത് സഹിക്കാൻ വയ്യ. ആരോടും എനിക്കിത് പറയാനും വയ്യ. അത് കൊണ്ടാണ് ഞാൻ സീതേച്ചിയെ വിളിച്ചത്."

സീത പണിപെട്ടു കൊണ്ടാണ് നിരഞ്ജനക്ക് നേരെ ഒരു ചിരി വരുത്തി തീർത്തത്.

"പേടിക്കണ്ട.. ഞാൻ.. ഞാൻ നോക്കിക്കോളാം "
ഇനിയെന്ത് ചെയ്യണം എന്ന് മനസ്സിൽ ഒരിത്തിരി പോലും ഉറപ്പില്ലാഞ്ഞിട്ടും സീത നിരഞ്ജനയോട് അങ്ങനെയാണ് പറഞ്ഞത്.

"ചേച്ചിമാരോട് അവന് വല്ല്യ സ്നേഹമാണ്. നിങ്ങൾക്ക് വേണ്ടിയാണ് അവന്റെ ജീവിതത്തിൽ എല്ലാം നേടാൻ ആഗ്രഹിക്കുന്നത്. നിങ്ങളില്ലെങ്കിൽ അവനില്ല എന്നൊക്കെ എന്നോട് അർജുൻ ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. സീതേച്ചിയില്ലെങ്കിൽ അവനിപ്പോ ഒരു കൂലി പണിക്കാരന്റെ കുപ്പായം എടുത്തിട്ട് കുടുംബം നോക്കാൻ ഇറങ്ങേണ്ടി വന്നിരുന്നുവെന്നൊക്കെ പറഞ്ഞിരുന്നു "
നിരഞ്ജനയത് പറഞ്ഞതും എത്രയൊക്കെ അമർത്തി പിടിച്ചിട്ടും സീതയുടെ കണ്ണുകൾ നിറഞ്ഞു.

"ചേച്ചി..."

അവൾ കരയുന്നത് കണ്ടതും നിരഞ്ജന കൂടുതൽ പതറി പോയത് പോലെ അവളുടെ കയ്യിൽ പിടിച്ചു.

സീത പെട്ടന്ന് തന്നെ മുഖം തുടച്ചു.

"മോള് ധൈര്യമായിട്ട് പോയിക്കോ. എന്തുണ്ടങ്കിലും ചേച്ചിയെ വിളിച്ചറിയിക്കാൻ മറക്കരുത് ട്ടോ. അവനെ നമ്മൾ പഴയ അർജുനായിട്ട് തന്നെ തിരിച്ചു പിടിക്കും "

സീത നിരഞ്ജനയുടെ കൈ പൊതിഞ്ഞു പിടിച്ചു.

ഒന്ന് തലയാട്ടി കൊണ്ട് അവൾ പോവാൻ എഴുന്നേറ്റു.

സീതയെ ഒന്ന് കൂടി നോക്കിയതിന് ശേഷം ധൃതിയിൽ നടന്നു പോകുന്നവളെ നോക്കി സീത മരവിച്ചിരുന്നു.

നിരഞ്ജന ടോണിയെ കുറിച്ച് ഓർമിപ്പിച്ച ഓരോ വാക്കുകളും അവൾക്ക് ചുറ്റും മൂളി പറന്നു.

"വാ... എണീക്ക്. ഇവിടിരുന്നു കരഞ്ഞു സീൻ ആക്കണ്ട. ആളുകൾ ശ്രദ്ധിക്കുന്നു "

തോളിൽ ചേർത്ത് പിടിച്ചുയർത്തി കൊണ്ട് കണ്ണൻ അത് പറഞ്ഞപ്പോഴാണ് താൻ കരയുകയായിരുന്നു എന്നവൾക്ക് മനസിലായത്.

"കണ്ണേട്ടാ..."

സീത അവന്റെ കയ്യിൽ അമർത്തി പിടിച്ചു.

"ഒന്നുല്ല.. വാ.."
അവൻ വീണ്ടും അവളെ എഴുന്നേൽപ്പിച്ചു.ടേബിളിലിരുന്ന സീതയുടെ ഫോൺ അവനെടുത്ത് പോക്കറ്റിലിട്ടു കൊണ്ട് മുന്നോട്ടു നടന്നു.

"ഇവിടെ നിക്ക്. കാറെടുത്തിട്ട് വരാം "

താഴെ ഇറങ്ങിയിട്ട് കണ്ണൻ സീതയോട് പറഞ്ഞു.

അവളൊന്നും മിണ്ടാതെ അടുത്തുള്ള തൂണിലേക്ക് ചാരി നിന്നു.

"ലച്ചു... വാ കയറ് "
തൊട്ട് മുന്നിൽ വന്നു നിന്ന് അവൾക്ക് കയറാൻ ഡോർ തുറന്നു കൊടുത്തു കൊണ്ട് വിളിച്ചപ്പോൾ സീത ഞെട്ടി.

യാതൊന്നും മിണ്ടാതെ അവൾ വന്നിട്ട് അവനരികിലേക്ക് കയറിയിരുന്നു.

ഡോർ ലോക്ക് ചെയ്തിട്ട് കണ്ണൻ കാർ മുന്നേട്ടെടുത്തു.

അവളതൊന്നും അറിയാതെ സീറ്റിലേക്ക് ചാരികിടപ്പുണ്ട്.

കണ്ണൻ ഇടയ്ക്കിടെ നോക്കുന്നത് പോലുമറിയാതെ അവളതേയിരിപ്പാണ്.

ടൗണിൽ നിന്നും കുറച്ചു മാറി വലിയൊരു മരത്തിനു കീഴിൽ കണ്ണൻ വണ്ടിയൊതുക്കി.

"ലച്ചു...."

തോളിൽ പിടിച്ചു കൊണ്ട് കണ്ണൻ കുലുക്കി വിളിക്കുമ്പോൾ അവളവനെ പകച്ചുനോക്കി.

"ഞാൻ... ഞാനിനി എന്ത് ചെയ്യും കണ്ണേട്ടാ.. എനിക്ക് പേടിയാവുന്നു "

സീതയുടെ കൈകൾ കണ്ണന്റെ ഷർട്ടിൽ മുറുകി.

"നീ വിചാരിച്ചത് പോലെ അത്ര പ്രശ്നമൊന്നുമില്ല. ഞാൻ... ഞാനില്ലേടി? ഞാനേറ്റെന്ന് പറഞ്ഞതല്ലേ?"

കണ്ണൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു.

"എന്നാലും... എന്നാലും അവനെങ്ങനെ കഴിഞ്ഞു "

അത് വരെയും തടഞ്ഞു വെച്ചൊരു കരച്ചിലിന്റെ പെരുംമഴ കണ്ണന്റെ നെഞ്ചിൽ വീണു നനഞ്ഞു കുതിർന്നു പോയിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...