സ്വന്തം ❣️ ഭാഗം 55

 

രചന: ജിഫ്‌ന നിസാർ

"പാറു.. നിന്നെ അർജുൻ അന്വേഷിക്കുന്നു "

ക്യഷ്വലിറ്റിയിൽ നിന്നും ഇറങ്ങി വന്നിട്ട് ഹരി പറഞ്ഞത് കേട്ട് പാർവതി വെപ്രാളത്തോടെ പിടഞ്ഞെഴുന്നേറ്റു.

പെട്ടന്ന് എഴുന്നേറ്റത് കൊണ്ട് തന്നെ അവൾക് കാലിടറി.

ഒരുപാട് കരഞ്ഞത് കൊണ്ടോ.. സഹിക്കാൻ വയ്യാത്ത വേദനയെ പേറുന്നത് കൊണ്ടോ.. അവൾക്കൊരു മന്ദത തോന്നിയിരുന്നു.

പക്ഷേ വീഴും മുന്നേ ഹരിയവളെ താങ്ങി.

വിറച്ചു കൊണ്ട് തന്നെ നോക്കുന്നവളെ അവൻ അലിവോടെ നോക്കി.

"വീഴല്ലേ..സൂക്ഷിച്ച്... അവനിപ്പോ കുഴപ്പമൊന്നുമില്ല."
ഹരി പതിയെ പറഞ്ഞു.
നിറഞ്ഞു തൂവുന്ന അവളുടെ മിഴിയാഴങ്ങളിൽ അവന്റെ മനസ്സിടറി പോയിരുന്നു.

ഇപ്പോഴീ മിഴികൾ കലങ്ങി ചുവന്നത് തന്റെ വെളിപ്പെടുത്തലിന്റെ പരിണിതഫലമെന്നുറപ്പാണ്. അത് കൊണ്ട് തന്നെ പിടയുന്നതും തനിക്കാണ്.

"നിനക്കെന്നെ പേടിയാണോ പാറു?"
വിളറി വെളുത്ത അവളുടെ മുഖം കണ്ടപ്പോഴുള്ള അതേ വേദനയവന്റെ വാക്കുകളിലും ഉണ്ടായിരുന്നു.

ഉണ്ടന്നോ ഇല്ലന്നോ പറയാതെ അവൾ വീണ്ടും ചൂളി ചുരുങ്ങി.

"നിന്നോട് തുറന്നു പറയാതൊരു ഇഷ്ടത്തിന്റെ ഭാരവും പേറി ഞാനെത്ര തളർന്നു പോയിട്ടുണ്ടന്നറിയോ പാറു നിനക്ക്? ഒട്ടും സഹിക്കാൻ വയ്യെന്ന് തോന്നിയപ്പോഴാ നിനക്ക് മുന്നിലെൻറെ ഹൃദയം തുറന്നത്. അതിന് പറ്റിയ നേരമാണോ... കേൾക്കാൻ പറ്റിയൊരു മാനസിക അവസ്ഥയിലാണോ നീ എന്നൊന്നും ഞാനോർത്തില്ല. നിനക്ക് മറ്റൊരു വേദനയാവനല്ല പാറു... നിന്റെ വേദനകൾക്കൊരു അവസാനമാകാനാണ് എനിക്കിഷ്ടം. നിന്നെ സ്നേഹിച്ചു എന്നതൊരു കുറ്റമല്ല. പക്ഷേ .. നിന്നെ നഷ്ടപെടുമോ എന്ന പേടിയോടെ..ഞാനെന്നെ നിനക്ക് മുന്നിൽ തുറന്നു കാണിക്കുമ്പോൾ.. നിന്റെ അവസ്ഥയെ കുറിച്ചോർത്തില്ല. നിനക്കതെത്ര വേദനിക്കും എന്നുമോർത്തില്ല..ക്ഷമിക് "
ഹരി അവളിൽ നിന്നും കൈ എടുത്തു മാറ്റി.

"ചെല്ല്. അവൻ കാത്തിരിക്കുന്നുണ്ട്. ഞാൻ പുറത്തുണ്ടാവും "

ഹരി പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു.

രക്ഷപെട്ടത് പോലെ പാർവതി അകത്തേക്ക് ധൃതിയിൽ കയറി പോകുന്നത് കണ്ടിട്ട് ഹരിക്ക് ചിരി വന്നു.
അതേ ചിരിയോടെ പിന്തിരിഞ്ഞു നടക്കുമ്പോൾ.. കുറച്ചു മാറി കണ്ണൻ സീതയോട് ചേർന്നിരിപ്പുണ്ട്.

ചുറ്റും അലയടിക്കുന്ന ആരവങ്ങൾക്കിടയിൽ ഒന്ന് ചേർത്ത് പിടിക്കാൻ കൂടി കഴിയാത്ത വിഷമം അവന്റെ മുഖത്തു നിന്നും ഹരി പിടിച്ചെടുത്തു.

അവരുടെ നേരെ പോവാതെ, ഹരി നേരെ എതിർ സൈഡിലേക്കാണ് നടന്നത്.

"ഹരി "
അവൻ തിരിഞ്ഞ് നടക്കുന്നത് കണ്ടിട്ടാവും കണ്ണൻ ഉറക്കെ വിളിച്ചത്.

'"എന്താടാ.. എന്തെങ്കിലും വാങ്ങിക്കാനുണ്ടോ? "
കണ്ണൻ കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു.
അവനൊപ്പം സീത കൂടി എഴുന്നേറ്റു.

"ഒന്നുല്ലെടാ.. ഞാൻ.. ഞാൻ പുറത്തേക്കൊന്നു പോയിട്ട് വരാം "
തനിക്കരികിലേക്ക് നടന്നു വരുന്ന കണ്ണനെയും സീതയെയും നോക്കി ഹരി ചിരിയോടെ കണ്ണടച്ച് കാണിച്ചു.

"അജൂന്.. എങ്ങനുണ്ട് ഹരി?"
സീത ഹരിയെ നോക്കി.

കണ്ണനൊപ്പം നിൽക്കുമ്പോൾ ഹരിയെ ഫേസ് ചെയ്യാൻ അവൾക്കൊരു പതർച്ചയുണ്ടെന്ന് അവർക്ക് രണ്ടു പേർക്കും മനസ്സിലായി.

കാര്യമെല്ലാം ഹരിക്കറിയാമെങ്കിലും താൻ അവനോട് പറയാതെ വെച്ചതിന്റെയൊരു ചെറിയ പരിഭവം അവനുള്ളിലുണ്ടാവുമോ എന്നവൾ വെറുതെ ആകുലപെട്ടു.

"അവനൊരു കുഴപ്പമില്ലടി. ഡ്രിപ് തീർന്നാലുടൻ വീട്ടിൽ പോവാം "
ഹരിയവളുടെ തോളിൽ തട്ടി.

അവന്റെ ചേർത്ത് പിടിക്കൽ... സീതയുടെ കണ്ണ് നിറഞ്ഞു.

"കണ്ടോ കണ്ണാ... സീതാ ലക്ഷ്മി സ്ട്രോങ്ങാണ്. "

ഹരി കണ്ണനെ നോക്കി പറഞ്ഞു.

സീതയുടെ മുഖം കൂർത്തു.

"അനിയൻ എവിടുന്നോ കിട്ടിയൊരു കിംവദന്തി പറഞ്ഞു പരത്തിയതിനു.. ഇങ്ങനെ ഒടിഞ്ഞു തൂങ്ങി നിൽക്കുന്ന ഇവളണല്ലോ ദൈവമേ ഞാൻ സ്ട്രോങ്ങെന്നും പറഞ്ഞു നടക്കുന്നത്?"
ഹരിയുടെ ആത്മഗതം കേട്ടിട്ട് കണ്ണൻ സീതയെ നോക്കി അടക്കി ചിരിച്ചു.

"നീയിങ്ങ് വന്നേ "
സീത പല്ല് കടിച്ചു കൊണ്ട് ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു.

"പിന്നെ.. എനിക്കതല്ലേ പണി? ഒന്ന് പോയെടി പെണ്ണേ. നിനക്കെന്നെ എടുത്തിട്ട് അടിക്കാനല്ലേ?
ഹരി ചുണ്ട് കോട്ടി.
സീത അവനെ നോക്കി കണ്ണുരുട്ടി.

കണ്ണൻ ചിരിയോടെ അവരുടെ നേരെ നോക്കി നിൽപ്പുണ്ട്.

"ദേ നിക്കുന്നു നിന്റെ ചെക്കൻ. വിളിച്ചോണ്ട് പോ. എന്നിട്ട് ചങ്കീ കത്തുന്ന സങ്കടം നീ അവനോട് പറ.. ഇനി അവനുണ്ടാവും നിനക്ക് തുണയായിട്ട് "
ഹരി സീതയുടെ തോളിൽ പിടിച്ചടുപ്പിച്ചു കൊണ്ട് പറഞ്ഞു.

"അപ്പൊ.. അപ്പൊ നീയെന്നെ തീർത്തും ഉപേക്ഷിച്ചു കളഞ്ഞോടാ?"
സീത ഹരിയുടെ നേരെ നോക്കി ചോദിച്ചു.
അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയതല്ലാതെ അവനൊന്നും പറയാനായില്ല.

"അങ്ങനെ പെട്ടന്നൊരു ദിവസം ഉപേക്ഷിച്ചു കളയാനാണോ ടി ഞാൻ നിന്നെയെന്റെ ചങ്കാണ് മാങ്ങയാണ് എന്നൊക്ക പറഞ്ഞു കൂടെ ചേർത്തത്?"
ഹരി കണ്ണുരുട്ടി.

സീത ചിരിയോടെ അല്ലെന്ന് തലയാട്ടി.

"നിന്നെ നീയായിട്ട് മനസ്സിലാക്കുന്ന ഒരുത്തൻ.. അവനിലേക്ക് നീ ചേരുമ്പോൾ നിന്നെക്കാൾ ഒരുപക്ഷെ സന്തോഷം എനിക്കാണ്. കാരണം... "

ഹരി ഒരു ദീർഘനിശ്വാസത്തോടെ കണ്ണനെയും സീതയെയും നോക്കി.

കണ്ണനപ്പോഴും നേർത്തൊരു ചിരിയുടെ ആവരണമുണ്ട്, മുഖം നിറയെ.

"കാരണം... സീതാ ലക്ഷ്മിയെന്ന എന്റെ കൂട്ടുകാരിയുടെ വേദനകൾ എന്റേത് കൂടിയായായിരുന്നു. അവൾക്കൊരു സന്തോഷം വന്നാലും അതും എന്റേത് കൂടിയാണ്."

ഹരി വീണ്ടും കണ്ണടച്ചു കാണിച്ചു.

വീർപ്പൂമുട്ടലോടെ സീതയുടെ മിഴികൾ കണ്ണന് നേരെ പാഞ്ഞു.

"ഇതാണെന്റെ കൂട്ടുകാരൻ ഹരി.. ഈ ഹരിയെ എനിക്കൊരുപാട് ഇഷ്ടമാണ് "
അവളുടെ കണ്ണുകളിൽ നിന്നും കണ്ണനാ വാക്കുകളെ പൊറുക്കിയെടുത്തു.

"ചെല്ല്... രണ്ടാളും പോയി മനസ്സ് തുറന്നു സംസാരിച്ചു വാ.. ഞാനൊന്ന് പുറത്ത് പോയിട്ട് വരാം "

അവൻ അവർക്കായ് ഒഴിഞ്ഞു മാറുകയാണ്.
സീതയ്ക്കും കണ്ണനും അത് വളരെ പെട്ടന്ന് തന്നെ മനസ്സിലായി.

ഹരി സീതയുടെ തോളിൽ നിന്നും കയ്യെടുത്തു.

"വിളിച്ചോണ്ട് പോടാ ഡോക്ടറെ "

ഉടുത്തിരുന്ന മുണ്ടോന്ന് മടക്കി കുത്തി മുന്നോട്ട് നടക്കുന്നതിനിടെ ഹരി വിളിച്ചു പറഞ്ഞു.

                         ❣️❣️❣️❣️❣️

"പേടിച്ചുപോയോ? "

മങ്ങിയ വെളിച്ചമുള്ള ഇടനാഴിയിൽ കണ്ണനൊപ്പം ചേർന്ന് നിൽക്കുമ്പോൾ സീത വീണ്ടും തളർന്നു പോവുന്നുണ്ട്.

മറക്കാൻ ശ്രമിച്ചിരുന്നതൊക്കെയും പൂർവ്വാധികം ശക്തിയോടെ ഉള്ളിലേക്കിരച്ചെത്തുന്നു.

വാക്കുകൾ കൂർത്ത അമ്പുകൾ പോലെ ഹൃദയം കുത്തി കീറുന്നു.
വീണ്ടുമവൾക്ക് നെഞ്ച് നീറി..
കണ്ണുകൾ കലങ്ങി ചുവന്നു.

"അർജുൻ പറഞ്ഞത് പോലെ... ഒരൊറ്റ രാത്രി കൂടെ കിടന്നാൽ തീരാവുന്ന ലഹരിയെ എന്റെ സ്നേഹത്തിനൊള്ളു എന്ന് നീയും വിശ്വാസിക്കുന്നുണ്ടോ ലച്ചു?"
വേദനയോടെയാണ് കണ്ണന്റെ ചോദ്യം.

സീതയുടെ കണ്ണുകൾ നിറഞ്ഞു.
അത് വരെയും മരവിച്ചു നിന്നിരുന്ന വേദനകൾക്ക് ജീവൻ വെച്ചിരിക്കുന്നു.

ഹോസ്പിറ്റലിൽ ആണെന്നോ.. ഇത്തിരി ദൂരെ ആളുകളും ആരവങ്ങളുമുണ്ട ന്നോ... ഒന്നും.. ഒന്നും അവളുടെ ഓർമകളിൽ പോലും ഉണ്ടായിരുന്നില്ല.

അവളും അവളുടെ പ്രിയപ്പെട്ടവനും മാത്രം നിറഞ്ഞു നിൽക്കുന്നൊരു ലോകം.

അവിടെ... അവളുടെ വേദനകളെ തൊട്ടറിയാൻ പാകത്തിന് ചേർത്ത് നിർത്തിയ അവളുടെ പ്രിയപ്പെട്ടവൻ.

കണ്ണന്റെ കഴുത്തിൽ കൈ ചുറ്റി സീത കരച്ചിലിന്റ കെട്ട് പൊട്ടിച്ചു.

കണ്ണൻ ഒരു കൈ കൊണ്ടവളെ കൂടുതൽ അവനിലേക്ക് ചേർത്ത് പിടിച്ചു.

തഴുകി തലോടിയിട്ടും.. നെറുകയിൽ നുകർന്നിട്ടും കൂടെയുണ്ടെന്ന് അവനോർമ്മിപ്പിച്ചു.

"ഞാൻ... ഞാൻ അവന് മുന്നിൽ ചീത്തയാണ് കണ്ണേട്ടാ "
എത്രയൊതുക്കി പിടിച്ചിട്ടും ആ വാക്കുകളുടെ നീറ്റൽ അവളുടെ സങ്കടം കൂട്ടി.

"എനിക്ക് മുന്നിലാണ് നീ പരിശുദ്ധയാണെന്ന് തെളിയിക്കേണ്ടത്.അതിൽ നീ വിജയിച്ചതല്ലേ ലച്ചു. മനസ്സ് കൊണ്ട് നിയെത്ര പരിശുദ്ധയാണെന്ന് എന്നോളം നിന്റെ അനിയന് അറിയില്ല.."
കണ്ണൻ സീതയുടെ കവിളിൽ കൈ ചേർത്ത് വെച്ചു.

"നീ എന്റെയാണ്... അത് നിന്റെ അനിയന് മുന്നിൽ ചെന്നിട്ട് ഞാൻ തന്നെ പറയുന്നതോടെ ഈ വേദന അവസാനിക്കും "

കണ്ണൻ സീതയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു.

"അവൻ... അവൻ വിശ്വാസിക്കില്ല കണ്ണേട്ടാ "
സീത ഭയത്തോടെ കണ്ണനെ നോക്കി.

"അതോർത്തു നീ ടെൻഷനാവണ്ട ലച്ചു. പറഞ്ഞല്ലോ.. അത് ഞാൻ ഡീൽ ചെയ്‌തോളാം. സീതാ ലക്ഷ്മി കിരൺ വർമ്മയുടെ സ്വന്തമാണെന്നതിൽ അർജുൻ ഇനിയൊരു സംശയവും ഒരിക്കലും പറയില്ല.. നിന്നോടെന്നല്ല... ആരോടും പറയില്ല. എന്താ.. അത് പോരെ?"

കണ്ണൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചു.

അവൾ ചിരിച്ചു.

"നിന്നോടെനിക് എന്ത് മാത്രം സ്നേഹമുണ്ടെന്നു ഞാൻ മനസ്സിലാക്കിയ കുറച്ചു നിമിഷങ്ങളാണ് കഴിഞ്ഞു പോയത്. ഹരിയെന്നെ വിളിച്ചറിയിച്ചത് മുതൽ... എന്റെ കണ്മുന്നിൽ ചങ്ക് പിടച്ചു കൊണ്ട്... നീ ഉണ്ടായിരുന്നു ലച്ചു. എന്നെ... എന്നെയതെത്ര നൊമ്പരപ്പെടുത്തിയെന്നറിയാവോ നിനക്ക്?"
കണ്ണൻ ആർദ്രതയോടെ വീണ്ടും സീതയുടെ മുഖം നെഞ്ചിൽ ചേർത്ത് വെച്ചു.

ആ നെഞ്ചിടിപ്പ് കാതോർത്തു കൊണ്ട് സീത അവനോട് ചേർന്ന് നിന്നു.

                        ❣️❣️❣️❣️

പുറത്തേക്കിറങ്ങി വരുന്ന അർജുൻ ഉഷാറായിരുന്നു.

നെറ്റിയിൽ ഒട്ടിച്ചു വെച്ചൊരു ബാൻഡെജ്.. കയ്യിൽ രണ്ടു മൂന്ന് കെട്ടുകളും.
മുഖം അപ്പോഴും വീർപ്പിച്ചു തന്നെ പിടിച്ചിരിക്കുന്നു.

"പോവല്ലേ...ഹരിയേട്ടാ?"
അർജുൻ ഹരിയുടെ നേരെ നോക്കി.
എതിരെ നിൽക്കുന്ന സീതയെയും കണ്ണനെയും അവൻ കണ്ടിട്ടില്ല.

ഹരിയുടെ നോട്ടം കണ്ണന് നേരെ നീണ്ടു.

അവർക്ക് രണ്ടു പേർക്കും മനസ്സിലാവുന്ന എന്തൊക്കെയോ ആജ്ഞകളുണ്ടായിരുന്നു ആ നോട്ടത്തിൽ.

അർജുന് നേരെ നടക്കാനൊരുങ്ങിയ കണ്ണന്റെ കയ്യിൽ സീത അമർത്തി പിടിച്ചു.

അവളുടെ കണ്ണിലൊരു പിടച്ചിലുണ്ട്.
പരിസരം പോലും ഓർക്കാതെ അർജുൻ വിളിച്ചു പറയാൻ സാധ്യതയുള്ള
വിഷമുള്ളുകൾ കണ്ണനിൽ തറച്ചു കയറുന്നതവൾക്ക് ചിന്തിക്കാൻ കൂടി വയ്യ.

"ഒന്നുമുണ്ടാവില്ല .. വിട്. ഞാൻ നോക്കികൊള്ളാം "

കണ്ണൻ അവൾ പിടിച്ചു വെച്ച കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ടും അൽപ്പം ബലമായിട്ടാണ് കണ്ണനാ കൈകൾ വേർപെടുത്തിയെടുത്തത്.

മുന്നിലേക്ക് കയറി നിന്നവനെ അർജുൻ പകച്ചുനോക്കി.

"കിരൺ.. കിരൺ വർമ. ശ്രീ നിലയത്തിലെ നാരായണി മുത്തശ്ശിയുടെ കൊച്ചു മോൻ "
അർജുന്റെ കണ്ണിലേക്കു നോക്കിയാണ് കണ്ണനത് പറഞ്ഞത്.

നിമിഷനേരം കൊണ്ട് അർജുന്റെ മുഖം വലിഞ്ഞു മുറുകി.
വെറുപ്പോടെ വീണ്ടും അവന്റെ നോട്ടം സീതയുടെ നേരെ നീണ്ടു.

"നീ അറിഞ്ഞതൊന്നും സത്യമല്ല അർജുൻ "
അവന്റെ ഭാവമാറ്റം അറിഞ്ഞിട്ടും കണ്ണൻ ശാന്തമായിട്ടാണ് പറഞ്ഞത്.
പാർവതി ടെൻഷനോടെ വിരലുകൾ പരസ്പരം പിടിച്ചു ഞെരിക്കുന്നുണ്ട്.

ഹരിക്കവളെ ചേർത്ത് പിടിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി.
പക്ഷേ അതവൾക്ക് സമാധാനം പകരില്ലെന്നും കൂടുതൽ ടെൻഷനും വേദനയും നൽകുമെന്നും ഉറപ്പുള്ളത് കൊണ്ട് അവൻ കണ്ണുകൾ കൊണ്ടവളെ തഴുകി തലോടി..

ഹൃദയം കൊണ്ടവളെ ചേർത്ത് പിടിച്ചു..

"നിനക്കെങ്ങനെ എന്റെ മുന്നിൽ വന്നു നിൽക്കാൻ ധൈര്യം വന്നു?"
അർജുൻ അങ്ങേയറ്റം ദേഷ്യത്തോടെ ചോദിച്ചു.

"ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്ക് വിശ്വാസമുണ്ടായത് കൊണ്ട് "
കണ്ണൻ അവന്റെ മുന്നിൽ തല ഉയർത്തി നിന്നു.

"തന്റെ അസുഖം എനിക്കറിയാം. പക്ഷേ അതെന്റെ പെങ്ങളോട് വേണ്ട. തന്റെയത്ര കാശ് ഇല്ലായിരിക്കും. പക്ഷേ നിന്നെക്കാൾ അഭിമാനമുണ്ട്.."
അർജുൻ വിറക്കുന്നുണ്ടെന്ന് തോന്നി സീതയ്ക്ക്.

അവൾക്കാ നിമിഷം അവനോട് അലിവ് തോന്നി.

അവനുള്ളിലെ പെങ്ങന്മാരെ സംരക്ഷണം കൊടുക്കാനുള്ള ഒരു സഹോദരന്റെ കരുതലാണ് അവളപ്പോൾ കണ്ടതും.

"കൂടെ കിടത്തി ആഗ്രഹം തീരുമ്പോൾ ഉപേക്ഷിച്ചു കളയാൻ നിങ്ങള്... നിങ്ങള് വേറെ ആരെങ്കിലും കണ്ടു പിടിക്കണേ സാറേ.. ഞങ്ങൾ പാവങ്ങളാ. എനിക്കിവരും ഇവർക്ക് ഞാനും മാത്രമേയുള്ളൂ. ദയവായി എന്റെ സീതേച്ചിയെ വിട്ടേക്ക്.. നിങ്ങളൊക്കെ വല്ല്യ ആളുകളാ.. നിങ്ങളുടെ... നിങ്ങളുടെ ആഗ്രഹം തീർക്കാൻ എന്റെ ചേച്ചിയെ ഇരയാക്കരുത്.. അപേക്ഷയാണ് "

ദേഷ്യത്തിനും വൈരാഗ്യത്തിനുമപ്പുറം അർജുൻ കണ്ണന് മുന്നിൽ കൈ കൂപ്പി.
സീത നെഞ്ച് വിങ്ങി കൊണ്ട് ചുവരിൽ ചാരി.

പാർവതി എത്രയമർത്തി വെച്ചിട്ടും കരച്ചിലൊടുങ്ങാതെ കൈകൾ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു തിരിഞ്ഞ് നിന്നു.

ഹരിക്കും അർജുനെ നോക്കുമ്പോൾ നെഞ്ച് വേദനിച്ചു.

"ഒരൊറ്റ രാത്രി കൂടെ കിടന്നത് കൊണ്ട് അവസാനിച്ചു പോകുന്നതാണോ അർജുന് നിരഞ്ജനയോടുള്ള ഇഷ്ടം?"
കണ്ണൻ ചെറിയൊരു ചിരിയോടെ അർജുന്റെ തോളിൽ ചേർത്ത് പിടിച്ചു.

ആ ചോദ്യത്തിന് മുന്നിൽ അർജുൻ പകച്ചു പോയിരുന്നു.
അവന്റെ കണ്ണുകൾ പാർവതിയുടെയും സീതയുടെയും നേരെ പാഞ്ഞു.

കണ്ണൻ സീതനോക്കി അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.

"എനിക്കറിയാം.. അർജുൻ നിരഞ്ജനയെ സ്നേഹിക്കുന്നത് ഹൃദയം കൊണ്ടാണെന്നു.. അത് പോലെ എനിക്കെന്റെ ഹൃദയമാണിപ്പോൾ നിന്റെയീ ചേച്ചി. എന്റെ മരണം കൊണ്ടല്ലാതെ ഞാനിവളെ ഉപേക്ഷിച്ചു കളയില്ല. ഇവളെ മാത്രമല്ല. ഇനിയിപ്പോ നിന്നെയും.. സീതാ ലക്ഷ്മിയോട് ചേർന്നതിനോടെല്ലാം എനിക്കിഷ്ടമാണ്."

കണ്ണന്റെ വാക്കുകൾക്കൊപ്പം അവന്റെ കൈകളും അർജുന്റെ തോളിൽ മുറുകി.

തന്നെയും സീതേച്ചിയെയും ഒരുപോലെ ചേർത്ത് പിടിച്ചവനെ അർജുൻ ആവിശ്വസനീയതയോടെ നോക്കി.

ഒടുവിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഹരിയിൽ അവന്റെ നോട്ടം തടഞ്ഞു വീണിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...