തോളോട് തോൾ ചേർന്ന്: ഭാഗം 1

എഴുത്തുകാരി: ജിച്ചന്റെ കാവു ദ്രുതിക്കടുത്തേക്ക് പാഞ്ഞു ചെന്നു ഭാർഗവൻ കൈവീശുമ്പോൾ ഇരുകണ്ണുകളുമടച്ചുകൊണ്ട് ഭയന്നു നിൽക്കുന്നവളെ തള്ളിമാറ്റി ധ്വനി അയാളെ തടയാൻ വൃഥാ പരിശ്രമിച്ചു… പരുപരുത്ത ബലമേറിയ ഉറച്ച
 

എഴുത്തുകാരി: ജിച്ചന്റെ കാവു

ദ്രുതിക്കടുത്തേക്ക് പാഞ്ഞു ചെന്നു ഭാർഗവൻ കൈവീശുമ്പോൾ ഇരുകണ്ണുകളുമടച്ചുകൊണ്ട് ഭയന്നു നിൽക്കുന്നവളെ തള്ളിമാറ്റി ധ്വനി അയാളെ തടയാൻ വൃഥാ പരിശ്രമിച്ചു… പരുപരുത്ത ബലമേറിയ ഉറച്ച കൈയ് അവളുടെ ഇടതുതോളിൽ പതിഞ്ഞതും ശരീരമാകെ തളരും വിധമൊരു വേദന അവളിൽ പടർന്നു.. മുഖമൊന്നു ചുളുങ്ങി… “ഓഹ്.. നാശം.. എന്തിനാടി നീ ഇടയിൽ കേറുന്നത്??.. ഏഹ്??.. അനിയത്തിയെ രക്ഷിക്കാനൊ?? ആണോന്ന്… എന്നാ നീ പറ… എവിടന്നാടി ഈ സ്വർണമോതിരം?? പറ… ” അടിക്കൊണ്ട് വേച്ചുപോയ ധ്വനിയുടെ കൈയിൽ പിടിച്ച് മുറുക്കികൊണ്ടയാൾ ശബ്ദമുയർത്തുമ്പോൾ അയാളുടെ പുറകിൽ വേദനയോടെ നിന്നിരുന്നവർക്കിടയിൽ ഒരു മുഖം തേടുകയായിരുന്നവൾ…

കണ്ണുകൾ പായും നേരം എപ്പോഴോ കണ്ടു ഏറ്റവും പുറകിൽ മുഖം കുനിച്ചു നിൽക്കുന്നവനെ.. അയാളുടെ അച്ഛന്റെ ഓരോ അലർച്ചക്കും കണ്ണു മുറുക്കിയടച്ചു മുഖം ഉയർത്താതെ നിൽക്കുന്നുണ്ടയാൾ… ” നീ ആയിട്ട് പറയുന്നോ അതോ നിന്റെ ഈ പുന്നാര ദേവൂട്ടിയെക്കൊണ്ട് തന്നെ ഞാൻ പറയിക്കണോ?? വേണോന്ന്??.. ” പിന്നെയും ഭാർഗവന്റെ ശബ്ദം ചെവിയെ തുളച്ചു കയറി.. ധ്വനി ഭരതിൽ നിന്നും കണ്ണുകൾ മാറ്റി അയാളെ നോക്കി… കൈയ്കൾ പിന്നെയും ഉയർന്നു താണു… എതിർത്തൊരു വാക്കുപോലും പറയാൻ അധികാരമില്ലാതെ ഭാനുവും ഗീതയും വായപൊത്തി തറഞ്ഞു നിന്നുപോയിരുന്നു…കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി… ഭഗതിന്റെയും അവസ്ഥ മറിച്ചല്ലായിരുന്നു…

ഓർമ വച്ച കാലം മുതൽ ശബ്ദമുയർത്താതെ അനുസരിച്ചാണ് ശീലം… “ധച്ചേച്ചി…” കരഞ്ഞുകൊണ്ടുള്ള ദേവൂട്ടിയുടെ സ്വരം… പുറകിൽ നിന്നും ഭരത് നിറമിഴിയോടെ മുഖമുയർത്തി നോക്കുമ്പോൾ നിലത്തു വീണു കിടക്കുന്ന ധ്വനിയും അവൾക്കരികിൽ ഇരുന്നു കരയുന്ന ദേവൂട്ടിയും… അടികൊണ്ട് വീണ പെണ്ണിനേക്കാളും കരഞ്ഞുകലങ്ങിയ ദേവൂട്ടിയുടെ കുഞ്ഞിമുഖം പിന്നെയും അവനുള്ളിൽ തീക്കനലായി മാറുമ്പോൾ മറ്റൊന്നും ഓർക്കാത്തവൻ അവൾക്കടുത്തേയ്ക്ക് പാഞ്ഞു… ” മര്യാദക്ക് പറഞ്ഞോ… എവിടന്നാടി നിനക്കീ മോതിരം??… ഒറ്റൊരു രൂക്ഷമായ നോട്ടംകൊണ്ട് ഭരതിന്റെ കാലുകൾക്ക് കൂച്ചുവിലങ്ങിട്ടു ദേവൂട്ടിയുടെ കൈയിൽ പിടിച്ചുയർത്തി ഭാർഗവൻ ഒരിക്കൽ കൂടെ ചോദിച്ചു…

അയാളുടെ കണ്ണുകളുടെ ഭാവം ആ കുഞ്ഞുപെണ്ണിൽ ഭയമുളവാക്കി… അവളൊന്നു ഏന്തി ശ്വാസം വലിക്കാൻ ശ്രമിച്ചു… ” നിക്ക്… നിക്ക് ഗിഫ്റ്റ് കിട്ടീതാ… അവിടെ… മുറിയിൽ…. കുഞ്ഞിപ്പെട്ടിയിൽ ആക്കി… അവിടെ… പിറന്നാളിന്റെ സമ്മനായിട്ട് തന്നതാ.. ധച്ചേച്ചി…തന്ന സർപ്രൈസാണെന്ന് കരുതിയാ… ഞാൻ അതെടുത്തിട്ടത്… സത്യാ… സത്യാ മാമേ… ദേവൂട്ടി പൈസ.. കട്ട്… കട്ട് വാങ്ങിച്ചതല്ല… നിക്ക് ഇത് കിട്ടീതാ.. ഗിഫ്റ്റ്..” അയാളുടെ പരുത്ത കൈയ് അവളുടെ കയ്യ്ത്തണ്ടയെ വേദനിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ വിറയലാർന്ന സ്വരത്തിൽ അവൾ പറഞ്ഞൊപ്പിച്ചു… ഭയവും വേദനയുമെല്ലാം അവളുടെ മുഖത്താകെ പ്രതിഫലിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയും തുടുത്ത കവിളുകൾ വിറകൊള്ളുകയും ചെയ്തു…

കൈയിൽ പിന്നെയും അമരുന്ന വിരലുകളിൽ വേദനയോടെ നോക്കി… നോവിനാൽ മുഖം ചുളുക്കിക്കൊണ്ട് ആശ്രയത്തിനെന്നവണ്ണം മറ്റുള്ളവരെയെല്ലാം നോക്കി കണ്ണുകളാൽ യാചിച്ചു… മിഴിനീർ നിറച്ചുകൊണ്ടുള്ള പെണ്ണിന്റെ നോട്ടം അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു… ഓടിച്ചെന്നവളെ വാരി പുണരാൻ… മുറുക്കെ നെഞ്ചോട് ചേർക്കാൻ… നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ ചുംബിക്കാൻ അലമുറക്കൂട്ടുന്ന മനസിനെ തടയാനാവാതെ അവളിലേക്കടുത്തു… അച്ഛന്റെ മുഖത്തേയ്ക്ക് നോക്കാതെ തന്നെ ആ കണ്ണുകളിലെ ഭാവം തിരിച്ചറിയുമ്പോൾ അവനിൽ ഉരുതിരിഞ്ഞു വരുന്ന ഭയത്തെ പെണ്ണിന്റെ കണ്ണുനീർ തോൽപ്പിച്ചു…

അവളിൽ മുറുകുന്ന അച്ഛന്റെ കൈയ്കളിൽ ഭരത് പിടിക്കാനായുമ്പോഴേക്കും ധ്വനിയുടെ കൈയ്കൾ അവളെ മോചിപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നു… ” വിട്… വേണ്ട മാമേ… ന്റെ കുട്ടി പറഞ്ഞില്ലേ… ദേവൂട്ടി.. അവൾ കട്ടെടുക്കില്ല ഒന്നും… ഉപദ്രവിക്കല്ലേ മാമേ.. ” അവളുടെ കൈയ്കളെ മോചിപ്പിക്കാൻ ശ്രമിക്കുമ്പോൾ ധ്വനി പറഞ്ഞുകൊണ്ടിരുന്നു… “കട്ടെടുക്കില്ലത്രേ… എന്നാ പറയെടി.. ഇവള്ടെ പിറന്നാളിന് നീ ഗിഫ്റ്റ് കൊടുത്തതാണോ ഇത്??.. ഏഹ്??.. ആണോന്ന്..???…” ദേവൂട്ടിയുടെ കൈയിൽ നിന്നും പിടിവിട്ടുകൊണ്ടയാൾ ധ്വനിക്ക് നേരെ ചീറി… ഭയമുളവാക്കുന്ന അയാളുടെ മുഖഭാവത്തിൽ അറിയാതെ തന്നെയവൾ ഇല്ലായെന്നു തലയാട്ടിക്കൊണ്ടിരുന്നു… കുനിഞ്ഞു തുടങ്ങിയ മുഖത്തിലെ കണ്ണുകൾ മാത്രമുയർത്തി ഭരതിനെ നോക്കി…

അവന്റെ കണ്ണുകൾ അപ്പോഴും ദേവൂട്ടിയുടെ കരഞ്ഞുതളർന്ന മുഖത്തായിരുന്നു… ഇടക്കൊന്നു നോട്ടം അവളിലേക്കും വീണു.. കണ്ണുകളിലെ ഭാവം പെണ്ണിന് തിരിച്ചറിയാനാവുന്നില്ലായിരുന്നു… “..അല്ലേ.. ജോലീം കൂലിം ഇല്ലാത്ത നീ ഇതിനും മാത്രം പൈസ എങ്ങനെയുണ്ടാക്കാനാ ധച്ചു ??.. ഇനിപ്പോ വേറെ വല്ല പണീം..” “അച്ഛാ….” പുച്ഛത്തോടെയുള്ള അയാളുടെ വാക്കുകൾ മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ഭരത് ശബ്ദമുയർത്തുമ്പോൾ ദേവൂട്ടി അവളുടെ ധചേച്ചിയെ മുറുക്കെ പിടിച്ചു… ആദ്യമായാണ് അവന്റെ സ്വരം ആ വീട്ടിൽ അത്രയും ഉയരുന്നത്… അതുവരെ നിശബ്ദമായി തേങ്ങിയിരുന്ന ഭാനുമതി ഉറക്കെയുറക്കെ പൊട്ടികരഞ്ഞുപോയി…

അപ്പോഴും കേട്ട വാക്കുകളുടെ അർത്ഥതലങ്ങൾ കൂരമ്പുകണക്കെ മുറിവേൽപ്പിക്കുമ്പോൾ പിടഞ്ഞുകൊണ്ട് ധ്വനി അയാളെ നോക്കി നിന്നു… അമ്മാവനാണ്… അമ്മയുടെ ചേട്ടൻ… ഓർമ വച്ച കാലം മുതൽ എല്ലാവരും ഒന്നിച്ചായിരുന്നു… ഒരേ വീട്ടിൽ… അച്ഛനെപോലയെ കണ്ടിട്ടുള്ളൂ… അങ്ങനെ തന്നെയാണ് പെരുമാറിയിരുന്നതും… മൂന്ന് മാസങ്ങൾക്കു മുൻപ് അച്ഛന്റെ ചലനമറ്റ ശരീരം ഈ വീട്ടുമുറ്റത്തു കൊണ്ട്കിടത്തും വരെ സ്നേഹത്തോടെ മാത്രമേ മാമനും ഇടപെട്ടിട്ടുള്ളൂ… സ്വന്തം മക്കളുടെയും ഭാര്യയുടെയും മുൻമ്പിൽ കർക്കശക്കാരനും മറ്റുള്ളവർക്ക് മുൻപിൽ നല്ലൊരു മനുഷ്യനുമായിരുന്നു അദ്ദേഹം…

എത്ര പെട്ടന്നാണ് സ്വഭാവം മാറിമറഞ്ഞത്… മാമന്റെ തീരുമാനങ്ങൾക്ക് മുൻപിൽ ശബ്ദമുയർത്താൻ അനുവദിക്കാതെ വീട്ടിൽ തന്നെ തളച്ചിട്ടിരിക്കുകയാണ് ആറ് ജന്മങ്ങളെ… പാവകളിക്കാരന്റെ കൈയിലെ നൂൽപ്പാവ പോലെ… സ്വന്തം ചിന്തകൾക്കും താല്പര്യങ്ങൾക്കുമൊപ്പം ചലിക്കാൻ അനുവദിക്കാതെ നിറമുള്ള കൂട്ടിൽ അദൃശ്യമായ ചങ്ങലകളാൽ ബന്ധിതമായ ജീവിതം… മൂന്നേമൂന്നു മാസംകൊണ്ട് തന്നെ സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു… അച്ഛന്റെ മരണശേഷമുള്ള ഈ മൂന്നുമാസങ്ങളിലാണ് ഭരതേട്ടന്റെയും ഭഗതിന്റെയും കഴിഞ്ഞ കുറെ കൊല്ലങ്ങളായിട്ടുള്ള ജീവിതം മനസിലാകുന്നത്… ഗീതമ്മായിയുടെയും…

എത്രത്തോളം അവരിന്നും മാമയെ ഭയക്കുന്നുണ്ടെന്നു തിരിച്ചറിഞ്ഞത്… സ്വന്തം മക്കളോടില്ലാത്ത സ്നേഹം എങ്ങനെ പെങ്ങളുടെ മക്കളോടുണ്ടാവാനാണ്???.. അവരോടില്ലാത്ത എന്ത് ദയയാണ് ഞങ്ങളോടുണ്ടാവുക??… ചുറ്റുമുള്ളവരുടെ ശരീരവും മനസ്സും ഒരേപോലെ നോവിച്ചു സുഖം കണ്ടെത്താൻ കഴിയുന്നൊരുവനിൽ നിന്നും ഇതിലും മോശമായത് മാത്രമല്ലേ പ്രേതീക്ഷിക്കാനാവൂ??… ” പൊക്കോണം… മതി… ഇന്നത്തോടെ നിർത്തിക്കോ… അമ്മേം മക്കളുടേം പൊറുതി… ന്റെ വീടാ ഇത്… ഈ ഭാർഗവന്റെ… അല്ലാതെ ചത്തുപോയ നിന്റെയൊക്കെ തന്ത ഉണ്ടാക്കിയതല്ല… നാശങ്ങൾ… ”

വല്ലാത്തൊരു മുഖഭാവത്തോടെ അവളിലേക്ക് മുഖമടുപ്പിച്ചുകൊണ്ടയാൾ ചീറിയതും പെണ്ണൊന്നു ഞെട്ടി ചിന്തകളിൽ നിന്നും ഉണർന്നു… കരഞ്ഞുകൊണ്ട് ദേവൂട്ടി അവളെ ചുറ്റിപ്പിടിച്ചിരുന്നു… അവളുടെ ഏന്തലുകൾ അമ്മയുടെ കരച്ചിലിന്റെ ശബ്ദത്തിൽ തിരിച്ചറിയാതെയായിരിക്കുന്നു… ” അച്ഛനെന്തൊക്കെയാ ഈ പറയുന്നത്??.. ഇവരൊക്കെ എങ്ങോട്ട് പോവാൻ??.. ഇതെങ്ങനെ അച്ഛന്റെ മാത്രം വീടാവുന്നത്??.. ശേഖരമാമേം കൂടി… ” ഭരത് അച്ഛനോടായി പറയുമ്പോൾ ഭർത്താവിനോടുള്ള ഭയംകൊണ്ട് ഗീത ഓടിവന്നു അവനെ വലിച്ചുമാറ്റുവാനും വായ പൊത്തിപിടിക്കുവാനും ശ്രമിച്ചുകൊണ്ടിരുന്നു.. ആദ്യമായി അച്ഛനെതിരെ അവൻ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ കണ്ണുകളാൽ ആ അമ്മ മകനോട് അരുതെന്നു യാചിച്ചു…

വേദനക്കൊപ്പം അമർഷവും കണ്ണുകളടച്ചുകൊണ്ടവൻ ഉള്ളിലൊതുക്കി… വാക്കുകളെ ബന്ധിച്ചു… പുച്ഛത്തോടെ അതിലുപരി കണ്ണിലെരിഞ്ഞ തീക്കനലോടെ അവരെ തന്നെ നോക്കുന്ന ഭാർഗവനെ നോക്കിക്കൊണ്ട് ധ്വനി നിന്നു… നെഞ്ചോരം ചെന്നുനിൽക്കുന്ന ദേവൂട്ടിയെ മുറുക്കെ പിടിച്ചു… കണ്ണുകടച്ചു ഒരു നിമിഷം അച്ഛനെ ഓർത്തു… ” ഞങ്ങൾ പൊക്കോളാം… ” എവിടെന്നോ കിട്ടിയ ധൈര്യത്തിൽ അത്രമാത്രം പറയുമ്പോൾ നെഞ്ചിൽ ചേർത്തുവച്ച മുഖമുയർത്തി ദേവൂട്ടിക്കൊപ്പം മറ്റെല്ലാവരും അവളെ തന്നെ ഉറ്റു നോക്കി… കണ്ണുകളാൽ കൂടെനിൽക്കണമെന്ന് അമ്മയോടപേക്ഷിച്ചു… മിഴികൾ ഭരതിനെ തേടുമ്പോൾ ആ നിറഞ്ഞ മിഴികളിൽ ദേവൂട്ടി നിറഞ്ഞു നിന്നിരുന്നു…

പോവരുതെന്നവൻ മൗനമായ് മൊഴിഞ്ഞു… ” നോക്കി നിൽക്കാതെ ഇറങ്ങേടി… നിന്റെ മക്കളേം വിളിച്ചോണ്ട്.. ” ഭാനുവിനെ നോക്കി അയാൾ അലറുമ്പോൾ സാരിതലപ്പാൽ വായ പൊത്തി പിടിച്ചുകൊണ്ടവർ ദയനീയമായയാളെ നോക്കി… “ഏട്ടാ… ന്റെ കുട്ട്യോള്…” നേർത്തുപോയിരുന്നു അവരുടെ സ്വരം… പറയുന്നത് മുഴുവനാക്കാൻ പോലും കഴിയാതെ ഏന്തി കരയുന്ന അമ്മയെ നോക്കി നിൽക്കുമ്പോൾ എല്ലാത്തിനോടും എല്ലാവരോടും ഒരു തരം വാശിയും ദേഷ്യവും മാത്രമായിരുന്നു അവൾക്ക് തോന്നിയിരുന്നത്… ഇറങ്ങാൻ നേരം അവസാനമായി ഒരിക്കൽ കൂടി അകത്തളമാകെ കണ്ണോടിച്ചു… കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലമായി കളിച്ചും ചിരിച്ചും ചിലവഴിച്ചയിടം… ധ്വനിയുടെ കണ്ണുകൾ ചുമരിലെ അച്ഛന്റെ ചിരിച്ച ഫോട്ടോയിൽ ഉടക്കുമ്പോൾ അവ നിറഞ്ഞൊഴുകി..

വല്ലാത്തൊരു വാശിയോടെ മിഴി നീര് തുടച്ചുകൊണ്ടവൾ ആ ഫോട്ടോയെടുത്തു നെഞ്ചോട് ചേർത്തു… തിരിഞ്ഞു നിന്നുകൊണ്ട് ഗീതമ്മായിയോടും ഭഗതിനോടും മൗനമായ് യാത്ര പറഞ്ഞു.. നിറഞ്ഞിരിക്കുന്ന അവരുടെ കണ്ണുകളിലെ നിസ്സഹായവസ്ഥ തിരിച്ചറിഞ്ഞെന്ന വണ്ണം ഒന്ന് പുഞ്ചിരിച്ചു… അവരിൽ നിന്നും നീങ്ങി നിൽക്കുന്ന ഭരതിനടുത്തേക്ക് ചലിക്കുമ്പോൾ വാതുക്കലിൽ അമ്മയോടൊപ്പം നിൽക്കുന്ന ദേവൂട്ടിയെയൊന്നു നോക്കി… ” ടി… എങ്ങോട്ടാ… ഇവിടന്ന് ഇറങ്ങിക്കോ വേഗം… പഴയതും പുതിയതുമായ ബന്ധങ്ങൾ ഒന്നും ഇവടാരുമായും നിങ്ങൾക്കില്ല… കേട്ടില്ലേ… എന്റെ മക്കളെ കണ്ട് ആരും ഇനി മോഹിക്കണ്ടാ… ഇറങ്ങി പോവാൻ നോക്കെടി… ” ധ്വനിക്ക് മുൻപിൽ വന്നുനിന്നുകൊണ്ട് ഭാർഗവൻ പറയുമ്പോൾ അവളായാളെ നോക്കിയൊന്നു പുഞ്ചിരിച്ചു…

ആയിരം അർത്ഥങ്ങൾ ഒളിച്ചുവച്ചുകൊണ്ടുള്ള പെണ്ണിന്റെ പുഞ്ചിരി… പറയാനുള്ള മറുപടിയെല്ലാം അതിൽ ഒതുക്കിക്കൊണ്ട് പിന്നെയും ഭരതിനടുത്തേക്ക് നടന്നു… ” നിക്ക് ഇത് വേണ്ട ഏട്ടാ… ഇതല്ലേലും നിക്ക് അവകാശപെട്ടതല്ല…” വലതുകയ്യുടെ മോതിരവിരലിൽ നിന്നും ഭരത് എന്നെഴുതിയ മോതിരം ഊരിയെടുത്തു അവന്റെ കൈയിൽ വച്ചുകൊടുത്തുകൊണ്ട് ധ്വനി പറഞ്ഞു… ” ന്റെ അച്ഛന്റെ സ്നേഹത്തിനു മുൻപിൽ ഞാനും ഏട്ടന്റെ അച്ഛന്റെ ഭീക്ഷണിക്കു മുൻപിൽ ഏട്ടനും തോറ്റുകൊടുത്തതിന്റെ അടയാളം… അത് മാത്രമാണീ മോതിരങ്ങൾ…” നിറഞ്ഞ മിഴികളുയർത്തി അവനവളെ നോക്കി… മനസ്സാൽ ഒരായിരം വട്ടം മാപ്പ് പറഞ്ഞുകൊണ്ടിരുന്നു… ഇടയ്ക്കിടെ ദേവൂട്ടിയിലേക്ക് കണ്ണുകൾ പാഞ്ഞു…

പോവരുതെന്നു പറയാതെ പറഞ്ഞു… കണ്ണുകളാൽ ധ്വനിയോടായി യാചിച്ചു… ” വേണ്ട ഭരതേട്ടാ… ഒന്നും.. ഒന്നും അറിയില്ലെന്റെ കുട്ടിക്ക്… ഇനി അറിയേം വേണ്ടാ… ” അവനുമാത്രം കേൾക്കാവുന്നപോലെ പതിയെ പറഞ്ഞു.. “ധച്ചു… നിക്ക്.. നിക്ക് ഒത്തിരിയിഷ്ടാ… മറക്കാൻ നോക്കീതാ ദേവൂട്ടിയെ .. നിക്ക് പറ്റണില്ല…” വിറയലാർന്ന സ്വരത്തിൽ പറയാതെ പോയ പ്രണയത്തിന്റെ പിടച്ചിൽ… അവളൊന്നു പുഞ്ചിരിച്ചു… ” പ്രണയിക്കാനും ജീവിക്കാനും ഈ ചങ്ങല പൊട്ടിച്ചേ മതിയാവൂ ഏട്ടാ… നിക്ക് ജീവിക്കണം.. ന്റെ ദേവൂട്ടിക്കും അമ്മയ്ക്കും ജീവിക്കണം… ” അവളൊന്നു നിർത്തി…

ഭരതിനെ നോക്കി നിറഞ്ഞൊരു പുഞ്ചിരി നൽകി… അവന്റെ കണ്ണുകളിലെ അപേക്ഷ കണ്ടില്ലെന്നു നടച്ചു… ആ കണ്ണുകളിൽ അപേക്ഷയോ വേദനയോ കുറ്റബോധമോ അല്ല മറിച്ച് നിശ്ചയദാർഢ്യമായിരുന്നു അവൾക്ക് കാണേണ്ടിയിരുന്നത്… തെറ്റല്ല എന്നുറപ്പുള്ളതെന്തും ചെയ്യുവാനുള്ള മനോധൈര്യവും ആത്മവിശ്വാസവുമായിരുന്നു വേണ്ടിയിരുന്നത്… അമ്മയെയും ദേവൂട്ടിയെയും ചേർത്തുപിടിച്ചുകൊണ്ട് ഒരിക്കൽ കൂടി മൗനമായ് എല്ലാവരോടും യാത്ര പറഞ്ഞു .. അറിയാതെ പോലും ഭാർഗവന്റെ മുഖത്തേയ്ക്ക് നോക്കാൻ ശ്രമിച്ചില്ല… രക്ഷപ്പെടണം… അമ്മയെയും ദേവൂട്ടിയെയും രക്ഷപ്പെടുത്തണം…

അത് മാത്രം മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു… അച്ഛനുറങ്ങുന്ന മണ്ണും വിട്ട് നടന്നുനീങ്ങുമ്പോൾ പുതിയൊരു ധ്വനിയായി അവൾ സ്വയം മാറാൻ ശ്രമിക്കുകയായിരുന്നു… ചങ്ക് പൊട്ടുന്ന നോവിലും ശ്വാസം വിലങ്ങും പിടച്ചിലിലും നടന്നു നീങ്ങുന്നവരെ തന്നെ നോക്കി അവൻ നിന്നു… പെയ്തുകൊണ്ടിരിക്കുന്ന മിഴികൾ കാഴ്ചയെ മറച്ചുകൊണ്ടിരിക്കും വേളയിൽ കണ്ടു പതിയെ പിന്തിരിഞ്ഞുകൊണ്ടെല്ലാരേയും നോക്കുന്ന ദേവൂട്ടിയെ… വെപ്രാളത്തോടെ ഇരുകായ്യാലെയും മുഖം അമർത്തിത്തുടച്ചുകൊണ്ട് ചെറു പുഞ്ചിരി ചുണ്ടിൽ വരുത്തി അവളെ നോക്കി… അവളുടെ കണ്ണുകളും അവനിലേക്കെത്തിയതും നോവോടെ ഒന്ന് ചിരിച്ചു… പരിഭവമെന്തെല്ലാമോ അവളുടെ നിറഞ്ഞ മിഴികൾ പറഞ്ഞുകൊണ്ടിരുന്നു…

അതെല്ലാം കണ്ണിമ ചിമ്മാതെയവന്റെ കണ്ണുകൾ ഹൃദയത്തിലേക്ക് കയ്യ്മാറി… ഹൃദയം കേണു… ഉറക്കെ… ഉറക്കെ… കണ്മുൻപിൽ കാണുന്ന മൂന്ന് രൂപങ്ങൾ ചെറിയ പൊട്ടോളം ആവുന്നതും പിന്നീടവ കാഴ്ചയിൽ നിന്നും മറയുന്നതും നോക്കി നിന്നു… അപ്പോഴും ദേവധ്വനി എന്ന് ലേപനം ചെയ്ത മോതിരം അവന്റെ വലതുമോതിരവിരലിൽ കിടന്നിരുന്നു… ഇരുകയ്യാലെയും മുഖം പൊത്തി താഴെക്കൂർന്നുവീണു കരയുമ്പോൾ കുടുകുടെ ചിരിച്ചുകൊണ്ടെപ്പോഴും പുറകെ വന്നിരുന്ന പെണ്ണിന്റെ കണ്ണുകളായിരുന്നു അവനുള്ളിൽ നിറഞ്ഞു നിന്നിരുന്നത്… ഓർമയിൽ അവളെ ആദ്യമായി കണ്ടതുമുതലുള്ള കാര്യങ്ങൾ ഓരോന്നും മിന്നിമാറി… അവളുടെ കൊഞ്ചിക്കൊണ്ടുള്ള കളിചിരികളും കുറുമ്പുകളും ഉള്ളാകെ നിറഞ്ഞു…

ചിരിക്കുമ്പോൾ അടഞ്ഞുപോവുന്ന കണ്ണുകളും കുഞ്ഞിമുഖവും എന്നോ എപ്പോഴോ അവനുള്ളിലൊരു പ്രണയത്തിന്റെ രൂപം വരച്ചിടുകയായിരുന്നു… പ്രാണനായിരുന്നു അവൾ… പത്തിരുപതു വയസ്സായിട്ടും ഒരു കൊച്ചു കുഞ്ഞിന്റെ നൈർമല്യം അതേപടി അവളിൽ നിറഞ്ഞിരുന്നു… ആരാരും അറിയാതെ നിമിഷങ്ങൾ തോറും കൂടി വരുന്ന അവളോടുള്ള ഇഷ്ടവും വാത്സല്യവുമെല്ലാം ഉള്ളിലടക്കുമ്പോഴും എന്നേലുമൊരിക്കൽ നെഞ്ചോരം അവൾ ചേരുമെന്നുള്ള വിശ്വാസവുമുണ്ടായിരുന്നു… ആ പ്രേതീക്ഷകളും സ്വപ്നങ്ങളുമെല്ലാം തകർന്നടിഞ്ഞത് ധ്വനിയുമായുള്ള കല്യാണം ഉറപ്പിക്കുമ്പോളായിരുന്നു….

ആകെ തകർന്ന ആ നിമിഷങ്ങളിലും കാലുപിടിച്ചുകൊണ്ട് അച്ഛനോടായവൻ അപേക്ഷിക്കുമ്പോൾ ഉയർന്നു വന്ന ഭീക്ഷണികളെക്കാളും ദേഹോപദ്രവങ്ങളെക്കാളും അവനെ തളർത്തിയത് അമ്മയുടെ കണ്ണീരായിരുന്നു…യാചനയായിരുന്നു… ഹൃദയം നുറുങ്ങും വേദനയിൽ ധ്വനിയുടെ കൈയിൽ മോതിരം അണിയിക്കുമ്പോഴും കണ്ണിലും ഉള്ളിലും അവൾ മാത്രമായിരുന്നു… ദേവൂട്ടി… ഇന്നും അവന്റെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും അവളുടെ പേര് ഉറക്കെ വിളിച്ചോതുന്നു… അവളെറിയാതെ… ആരുമാരും അറിയാതെ… മഴവിൽ നിറങ്ങൾ ഏഴും പൂശിയാലും തടവറ എന്നും തടവറ തന്നെ… പ്രണയിക്കാനും ജീവിക്കാനും തടവറ തകർക്കണം.. ചങ്ങല പൊട്ടിചെറിയണം… പ്രണയമഴയിൽ നനയണം… ജീവിക്കണം… ഞാനായി തന്നെ ജീവിക്കണം…..  (തുടരും)