❣️വൈഗ❣️: ഭാഗം 20

 

എഴുത്തുകാരി: മയിൽപ്പീലി

"""അമ്മ... ഉമ്മറത്ത് നിൽക്കുന്ന സ്ത്രീയിലേക്ക് കണ്ണുകൾ പായിച്ചുകൊണ്ട് വൈഗയിൽ നിന്നും ആ വാക്കുകൾ ഊർന്നു വീണു. എന്തോ നഷ്ടപ്പെടാൻ പോകുന്നപോലെ ദച്ചുവിനെയും ഒരു പരവേശം പൊതിഞ്ഞിരുന്നു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വൈഗ മുന്നിൽ കാണുന്നത് സത്യമാണോ മിഥ്യയണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത് പോലെ വിറയ്ക്കുന്ന കാലടികളോടെ വീടിനടിത്തേക്ക് നടന്നു. """മോളേ...! ഉമ്മറത്ത് നിന്നും ആ സ്ത്രീ അവൾക്കരുകിലേക്ക് ഓടിയടുത്തു. """വൈഗേ... നിന്നേ കാണാതെ ഞങ്ങൾ അനുഭവിച്ച വേദന എത്രത്തോളം ആണെന്ന് അറിയുമോ... ""അതേ മോളേ എത്ര നഗര ജീവിതം നയിക്കുന്നവരാണെങ്കിലും സ്വന്തം മകളുടെ കാര്യത്തിൽ ഞങ്ങളും സാധാരണ അച്ഛനമ്മമാരാണ്..! വൈഗയുടെ അച്ഛനും അവൾക്കരുകിലേക്ക് വന്നു. """മമ്മാ... വൈഗ അവരെ കെട്ടിപിടിച്ചു.

"""എന്റെ മോളേ എനിക്ക് കിട്ടിയല്ലോ അത് മതി. അവളെ അടർത്തിമാറ്റി കവിളിലും തലയിലും ഒക്കെ തഴുകി പറഞ്ഞുകൊണ്ടവർ അവളുടെ നെറ്റിയിൽ മുകർന്നു. """എന്റെ കുട്ട്യേ... നീ എത്തിയില്ലേ എന്ന് ചോദിച്ച് ഇവര് വിളിച്ചപ്പോഴാണ് നീ ഇങ്ങോട്ടേക്ക് വരുന്ന കാര്യം പോലും അറിയുന്നത്. ഇനി ഇതുപോലുള്ള തമാശകൾ ഒന്നും വേണ്ടാട്ടോ... നിന്റെ സർപ്രൈസ് കാരണം ഞങ്ങൾ തീ തിന്നു. മുത്തശ്ശി അന്ന് മുതൽ പ്രാർത്ഥനയിലാ.. """അതിന്റെ ഫലമാ അച്ഛാ അവൾ ഇതുപോലെ ഒരു വീട്ടിൽ ഏത്തപ്പെട്ടത്. അവൾ വന്നപ്പോൾ മുഖത്ത് ഉണ്ടായിരുന്ന സന്തോഷം കണ്ടാൽ അറിയാം അവൾ ഈ വീട്ടിൽ എത്ര സുരക്ഷിത ആയിരുന്നെന്ന്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ... നിങ്ങളോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അവർ സുഭദ്രമ്മയെയും ദേവനെയും ഒക്കെ നോക്കി പറഞ്ഞു. അച്ഛനും അവിടെ ഉണ്ടായിരുന്നു. """അതൊന്നും സാരമില്ല. എല്ലാം ദൈവ നിശ്ചയം. ഞങ്ങൾക്കും ഒരു പെൺകുട്ടി ഉള്ളതല്ലേ..! ദേവന്റെ അച്ഛൻ പറഞ്ഞതും അമ്മയും അത് ശരിവച്ചു.

"""എന്നാൽ ഇറങ്ങാം. മുത്തശ്ശി അവിടെ കാത്തിരിക്കാ..! """അയ്യോ ഇന്ന് തന്നെ പോകണോ.. ഇന്നിപ്പോൾ സന്ധ്യ കഴിഞ്ഞില്ലേ രാത്രി യാത്ര പാടില്ല. മാത്രമല്ല മോള് ഈ ഒരു രാത്രി കൂടി ഇവിടെ ഉണ്ടാകുമല്ലോ..! സുഭദ്രമ്മ അവരെ നോക്കി പറഞ്ഞു. '""അത്... """അതേ ഭദ്ര പറഞ്ഞതാ ശരി. ഇനിയിപ്പോ രാവിലെ പോകാം. വൈഗയുടെ അച്ഛൻ എന്തോ പറയാൻ വന്നതും ദേവന്റെ അച്ഛൻ കൂട്ടിച്ചേർത്തു. """എന്നാൽ പിന്നേ അങ്ങനെയാവട്ടേ. """"എങ്കിൽ വരൂ.. ദേവന്റെ അച്ഛനും അമ്മയും അവരെ അകത്തേക്ക് ക്ഷണിച്ചു. വീടിനുള്ളുലേക്ക് കയറുമ്പോൾ വൈഗയുടെ നോട്ടം തൂണിനടുത്തായി നിന്ന ദേവനിൽ പതിഞ്ഞു. ഇരുവരുടെയും നോട്ടം തമ്മിൽ കൊരുത്തു നിന്നു. കലങ്ങി മറിയുന്ന മനസ്സിലെ വാക്കുകൾ പറയാതെ പറയുന്നുണ്ടായിരുന്നു ഇരുവരും. """മോളേ.. അമ്മ വിളിച്ചതും ബോധം വന്നപോലെ അവൾ നോട്ടം മാറ്റി അകത്തേക്ക് നടന്നു. ഇരുവരുടെയും നെഞ്ചിൽ ഒരു പാറകക്ഷണം എടുത്ത് വച്ചപോലെയുള്ള ഭാരം തോന്നി... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

""നിങ്ങൾക്കൊക്കെ മോളോടുള്ള സ്‌നേഹം കാണുമ്പോൾ എനിക്ക് വല്ലാത്ത സന്തോഷം ഉണ്ട്.. രാത്രി ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വൈഗയുടെ അമ്മ പറഞ്ഞു '"" വൈഗ മോള് ഞങ്ങളെപ്പോലെ തന്നെയാ... പുറത്ത് പഠിച്ച കുട്ട്യാന്ന് പറയേ ഇല്ല. കറി വിളമ്പിക്കൊണ്ട് സുഭദ്രമ്മ പറഞ്ഞു. """ഹാ അവള് അവിടെയാണ് വളർന്നതെങ്കിലും ഇവിടുത്തെ സംസ്കാരമാ അവൾക്കും ഇഷ്ട്ടം. ഞങ്ങളുടെ കൂടെ നിൽക്കുന്നതിനേക്കാൾ ഇവിടെ തറവാട്ടിൽ നിൽക്കാനാ ഇഷ്ട്ടം. അതല്ലേ അവിടുന്ന് എങ്ങോട്ടേക്ക് വന്നത്. """അത് ശരിയാ ഗ്രാമത്തിലെ ശുദ്ധിയും ഐശ്വര്യവും, ഇവിടുത്തെ ശാന്തതയും ഒന്നും മറ്റെവിടെയും കിട്ടില്ല...! വൈഗയുടെ അച്ഛൻ പറഞ്ഞതും മുത്തശ്ശനും കൂട്ടിച്ചേർത്തു. ""അല്ല വൈഗ ഇവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു.?. ദേവന്റെ അച്ഛൻ ചോദിച്ചു. """മോളുടെ ബാഗ് ആരോ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചിരുന്നു.

ദേവൻ മുൻപ് അവളുടെ ഫോട്ടോയും ബാംഗ്ലൂരിലെ അഡ്രസ്സും പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. ബന്ധപ്പെട്ട് ആരെങ്കിലും വന്നാൽ അറിയാൻ.മോള് കേറിയ ബസ് വച്ചാണ് ഇവിടെ എത്തിയത്. അങ്ങനെ ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ വിവരം പറഞ്ഞപ്പോൾ അവർ ബാഗിലെയും ഞങ്ങൾ പറഞ്ഞ അഡ്രസ്സും ഒത്തു നോക്കി. അപ്പോഴാണ് ദേവൻ കൊടുത്ത അഡ്രസ്സും ഒന്നാണെന്നറിഞ്ഞത്. തറവാട്ടിലെ അഡ്രെസ്സ് അറിയാത്തത് കൊണ്ട് വീട്ട് പേര് മാത്രം ദേവൻ കൊടുത്ത അഡ്രെസ്സിൽ മെൻഷൻ ചെയ്തിരുന്നു. അതാണ് അവര് നോക്കാഞ്ഞത്. വൈഗയുടെ അച്ഛൻ പറഞ്ഞു. അവർക്കൊപ്പം കഴിക്കാൻ ദേവനും അച്ഛനും ഉണ്ടായിരുന്നു. അച്ഛനും അവരോടൊപ്പം സംസാരത്തിൽ ഏർപ്പെട്ട് വീട്ടിലെ ഓരോരുത്തരുടെയും ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ദേവൻ ഇതൊന്നും കേൾക്കുന്നേ ഉണ്ടായിരുന്നില്ല. അവൻ അപ്പോൾ മനസ്സിൽ അപ്പോൾ അവൾ വന്ന ദിവസത്തിന്റെ പിറ്റേന്ന് ആ അഡ്രെസ്സ് പോലീസ് സ്റ്റേഷനിൽ കൊടുക്കാൻ തോന്നിയ നിമിഷത്തെ ശപിക്കുകയിരുന്നു...

വൈഗ പോകുന്നതോർക്കേ അവനപ്പോൾ അങ്ങനെ ചിന്തിക്കാനേ തോന്നിയുള്ളൂ..! വൈഗ അമ്മയുടെയും ദച്ചുവിന്റെയും ഒപ്പം ഒരുന്നോളാം എന്ന് പറഞ്ഞ് ദച്ചുവിന്റെ കൂടെ സോഫയിൽ ഇരുന്നു. അവിടെ ഇരിക്കുന്നെങ്കിലും മനസ്സ് അവിടെ ഉണ്ടായിരുന്നില്ല. ദേവൻ വെറുതേ പ്ലേറ്റിൽ കയ്യിട്ടിളക്കി ഇരുന്നു. ഇടയ്ക്കിടെ അവന്റെ നോട്ടം സോഫയിൽ ഇരിക്കുന്ന വൈഗയിലേക്ക് വീഴുന്നുണ്ടായിരുന്നു. മുൻപ് കുറുമ്പോടേ അവളെ നോക്കിയിരുന്ന ആ കണ്ണുകളിൽ വിഷാദവും വേദനയും തളം കെട്ടി നിന്നു. ""ദേവൻ ഒന്നും കഴിച്ചില്ലല്ലോ.. ദേവൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റതുകണ്ട് വൈഗയുടെ അമ്മ ചോദിച്ചു . ""അത് ചെറിയ ഒരു തലവേദന അതാ.. വരുത്തിതീർത്ത ഒരു ചിരിയോടെ ദേവൻ പറഞ്ഞു. """എങ്കിൽ മോൻ റസ്റ്റ്‌ എടുത്തോളൂ... അവളുടെ അച്ഛൻ കൂടി പറഞ്ഞതും ദേവൻ കൈ കഴുകി മുറിയിലേക്ക് നടന്നു. എന്നാൽ അച്ഛൻ മാത്രം അവന്റെ യഥാർത്ഥ വേദനയെ തിരിച്ചറിയുന്നുണ്ടായിരുന്നു. ഒരു നിമിഷം അയാൾ അവൻ പോകുന്നത് നോക്കി ഇരുന്ന ശേഷം അവരുടെ സംഭാഷണത്തിൽ കൂടി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാത്രിയിൽ ദേവന് ഉറങ്ങാൻ കഴിഞ്ഞില്ല... അവന്റെ മനസ്സിൽ അത്രയും വൈഗ നിറഞ്ഞു നിന്നു. വൈഗയുടെയും അവസ്ഥ മറിച്ചായിരുന്നില്ല. ദേവനുമൊത്തുള്ള നിമിഷങ്ങൾ ഉള്ളിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു. മുത്തശ്ശി പറഞ്ഞ കാര്യങ്ങളും അവന്റെ കൈയ്യിലേക്ക് തന്റെ കൈകൾ ചേർത്ത് വച്ച രംഗങ്ങളും ഓരോന്നായി ഓർമ്മ വന്നു. ദച്ചുവിന്റെ അരികിൽ നിന്നും എഴുന്നേറ്റ് അവൾ ബാൽകണിയിലെ സോപനത്തിന്റെ അരികിൽ എത്തി. ഒരിക്കൽ അവനുമായി ഇവിടെ വന്നിരുന്നതോർക്കേ വൈഗയുടെ കണ്ണുകൾ നിറഞ്ഞു. ദേവനെ ഒന്ന് കാണാനും സംസാരിക്കാനും തോന്നി അവൾക്ക്.. അല്ലെങ്കിലും നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളതിനോട് ഇഷ്ട്ടം കൂടുതൽ ആയിരിക്കുമല്ലോ...!❤️❤️ ഏറെ നേരം ആ നിലാവിനെ നോക്കി നിന്നതിന് ശേഷം സോപാനത്തിൽ ഒന്ന് തഴുകി നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചവൾ മുറിയിലേക്ക് പോയി. ശ്വാസം മുട്ടുന്നത് പോലെ തോന്നി ദേവന്.. സമയം നീങ്ങരുതേ എന്നോർത്തുപോയി...! ഉള്ളിൽ എന്തോ തറച്ചപോലെ നോവുന്നുണ്ടായിരുന്നവന്...!

ദേവൻ പതിയെ മുറിക്ക് പുറത്തേക്കിറങ്ങി സോപനത്തിനരുകിൽ എത്തി... കുറേ നിറമുള്ള ഓർമ്മകൾ അവിടെ ചിത്രം പോലെ ഒഴുകി നടക്കുന്നതായി തോന്നി അവന്. അവൾ അവിടെ ഉണ്ടായിരുന്നെങ്കിൽ എന്നവൻ ആശിച്ചു. ഇരു മനസ്സുകളും പിരിയാൻ കഴിയാത്ത വേദനയിൽ പിടഞ്ഞുകൊണ്ടിരുന്നു. രണ്ട് നിമിഷങ്ങൾക്ക് മുൻപേ തന്റെ പ്രീയപ്പെട്ടവൾ വന്നതറിയാതെ അവനും.. തന്നേ പോലെ ഉരുകുന്ന മനസ്സുമായി അവൻ വന്നതറിയാതെ അവളും ആ രാത്രിയിൽ നീറിക്കൊണ്ടിരുന്നു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ എല്ലാവരും പോകാൻ റെഡി ആയി. ദേവൻ വാങ്ങി കൊടുത്ത ഒരു ചുരിദാർ ആയിരുന്നു വൈഗ ഇട്ടിരുന്നത്. വൈഗ സുഭദ്രമ്മയെ കെട്ടിപിടിച്ചു...അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. അവർക്ക് ഒരു മങ്ങിയ ചിരി നൽകി.. """ഇടയ്ക്ക് എങ്ങോട്ടേക്ക് വരണം ട്ടോ.. അവരുടെ ശബ്ദം നേർത്തിരുന്നു. """വൈഗേച്ചി...! ദച്ചു അവളെ ഇറുകെ പുണർന്നു. ""ചേച്ചി പോകണ്ട.. അതുകൂടി ആയതും വൈഗയുടേ നിറഞ്ഞ മിഴികൾ ഒഴുകിത്തുടങ്ങി...! """നന്നായി പഠിക്കണം കേട്ടോ...!

മറ്റൊന്നും പറയാതെ വൈഗ അത്ര മാത്രം പറഞ്ഞു. ""അച്ഛാ...! ""നന്നായി വരും... അമ്മ പറഞ്ഞതുപോലെ ഇടയ്ക്ക് വരണം.. എന്നും വിളിക്കണം..! അവളുടെ തലയിൽ തഴുകി അച്ഛൻ പറഞ്ഞു. """ദേവേട്ടൻ... അവിടെയാകെ കണ്ണുകൾ പായിച്ചുകൊണ്ട് വൈഗ ചോദിച്ചു. """ഏട്ടൻ മുകളിൽ ഉണ്ട് ചേച്ചി. ദച്ചു പറഞ്ഞതും വൈഗ കൈയ്യിൽ കരുതിയ ഒരു പൊതിയുമായി മുകളിലേക്ക് നടന്നു. ഇട നാഴിയിൽ കടന്നപ്പോഴേ കണ്ടു ദൂരെ സോപണത്തിനടുത്ത് ചാരി നിൽക്കുന്നവനെ. """ദേവേട്ടാ.. അത്രയും പതിഞ്ഞ സ്വരത്തിൽ വൈഗ അവനെ വിളിച്ചു. """പോകുവാണല്ലേ...? വേദന നിറഞ്ഞ വാക്കുകളോടെ അവൻ ചോദിച്ചു. """ഹ്മ്മ്... """ഇടയ്ക്ക് ഓർക്കണം... വൈഗയ്ക്ക് താൻ പൊട്ടി കരഞ്ഞു പോകുമോയെന്ന് തോന്നിപോയി... അവന്റെ മുഖത്തെ ഭാവം മതിയായിരുന്നു ആ മനസ്സിലെ സംഘർഷം മനസ്സിലാക്കാൻ. അവളെ ഒന്ന് നോക്കിയതും നിയന്ത്രണം വിട്ടുപോകുമോ എന്നവനും തോന്നി...

"""പോകാതിരുന്നുകൂടെ എന്നവനും ""പോവണ്ട എന്ന് പറഞ്ഞെങ്കിൽ എന്നവളും ആശിച്ചു. ഇരുവരുടെയും മനസ്സ് ഉച്ചത്തിൽ അലമുറയിട്ടിട്ടും അവ കാതുകളിലേക്കെത്തിയില്ല...! ""വൈഗേച്ചി വിളിക്കുന്നു...! ദച്ചു വന്ന് പറഞ്ഞിട്ട് പോയതും വൈഗയുടെ ഹൃദയം ഉച്ചത്തിൽ മിടിച്ചുകൊണ്ടുരുന്നു. വൈഗ ദേവനിൽ തന്നെ മിഴികൾ നാട്ടി നിന്നു. അവളുടെ നിറഞ്ഞ കണ്ണുകളിൽ അവന്റെയും നിറഞ്ഞ കണ്ണുകൾ കൂട്ടിയിണങ്ങി നിന്നു. തൊണ്ടയിൽ ഒരു ഗദ്ഗദം ഉയരുന്നതായി തോന്നി അവൾക്ക്. പൊട്ടി പോകുമെന്ന് തോന്നിയതും ദേവന്റെ കൈയ്യിലേക്ക് കരുതിയ പൊതി വച്ചു കൊടുത്തുകൊണ്ട് വൈഗ അവിടുന്ന് തിരികെ താഴേക്ക് ഓടി. എല്ലാം കൈവിട്ട് പോയതുപോലെ തന്നിൽ നിന്ന് അകലുന്നവളെ നോക്കി ദേവൻ വിറയ്ക്കുന്ന ശരീരത്തോടെ അവിടെ ചാരി നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വൈഗ താഴേക്ക് ചെന്നതും ഉമ്മറത്ത് എല്ലാവരും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. """ഇത് മോൾക്ക് അമ്മയുടെ സമ്മാനാ...! ഒരു മാല അവളുടെ കയ്യിൽ വച്ചു കൊടുത്തുകൊണ്ട് സുഭദ്രമ്മ പറഞ്ഞു. മറുതൊന്നും പറയാതെ അവൾ പുഞ്ചിരിച്ചു... ഒന്നുകൂടി അവരെ പുണർന്നു. ഉമ്മറത്തേക്ക് ഇറങ്ങിയതും എല്ലാവരും യാത്ര പറഞ്ഞു. ദേവൻ അപ്പോഴേക്കും താഴേക്ക് വന്നിരുന്നു. """എല്ലാവരും ഇനിയും വരണം അച്ഛൻ പുഞ്ചിയോടെ പറഞ്ഞു. എല്ലാവരും കാറിൽ കയറിയതും വൈഗയും കാറിനരുകിലേക്ക് ചെന്നു. കയറുന്നതിന് മുൻപേയായി എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞ് അവസാനം നോട്ടം ദേവനിൽ എത്തി നിന്നു. ഹൃദയത്തിൽ നിന്നും ഒരു കൊളുത്തിവലി അനുഭവപ്പെട്ടു...! അവളെ നേരിടാനാവാത്ത പോലെ നിസ്സഹായനായി അവന്റെ മുഖം കുനിഞ്ഞു. വൈഗ കാറിലേക്ക് കയറി. എന്നിട്ടും നോട്ടം അവനിൽ തറഞ്ഞു നിന്നു. ദേവൻ നോക്കിയതും അവളുടെ മിഴികൾ നിറഞ്ഞൊഴുകി. ഓടിച്ചെന്ന് അവളെ നെഞ്ചോടണയ്ക്കാൻ തോന്നി അവന്.. ആർക്കും വിട്ട് കൊടുക്കില്ലെന്ന് പറയാൻ തോന്നി.

എന്നിട്ടും എന്തോ അവനെ തടയുന്ന പോലെ തോന്നി.. ഒരുപക്ഷെ തങ്ങളുടെ മകളേ ഈ ഒരു മനസ്സോടെ ആണല്ലോ നോക്കിയതെന്നോ ഇത്ര നാളും ഇവിടെ നിന്നതിന് പകരമാണ് അവളെ ചോദിച്ചതെന്നോ തോന്നിയാൽ അത് തനിക്കും കുടുംബത്തിനും വലിയൊരു വേദനയുണ്ടാക്കും എന്ന ധാരണയാകും അവനെ പിന്നോട്ട് വലിച്ചത്...! കാർ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് നീങ്ങി തുടങ്ങിയതും തന്റെ ശരീരത്തിൽ നിന്നും ഒരവയവം മുറിഞ്ഞു പോകുന്നപോലെ..എന്തോ ഒന്ന് തന്നിൽ നിന്നകലുന്ന പോലെ തോന്നി ദേവന്. കാറ്‌ കണ്ണിൽ നിന്ന് മറഞ്ഞതും അത്രയും നേരം പിടിച്ചു നിർത്തിയ സങ്കടം അണപ്പൊട്ടി... അവന്റെ കണ്ണിൽ നിന്നും ഒരു മിഴിനീർക്കണം കവിളിനെ നനയിച്ചുകൊണ്ട് നിലത്തേക്കൂർന്നു വീണു...!  ... .. ( തുടരും..... )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...