വാക പൂത്ത നാളിൽ : ഭാഗം 29

 

രചന: കടലാസിന്റെ തൂലിക

"നിന്നെ ഞങ്ങൾ കൊല്ലില്ല. കൊല്ലാതെ കൊല്ലും. എന്ന് വെച്ച് ഈ രാത്രി ഒറ്റക്ക് ഒരു പെണ്ണിനെ കിട്ടിയിട്ട് വേണ്ടത് ചെയ്യില്ല ഞങ്ങൾ. ഞങ്ങളുടെ വീട്ടിലും പെണ്ണുങ്ങൾ ഉണ്ട്. പക്ഷെ നിന്നെ ജീവ ഛവം ആയി കിടത്തും. നിന്റെ അവസ്ഥ കണ്ടു നിന്റെ അച്ഛൻ കരയണം. ജീവിതകാലം മുഴുവൻ ഉരുകി ചാവണം. ഞങ്ങളുടെ വേദന അവനും അറിയണം." ഞാൻ ജീവച്ഛവം ആയി കിടന്നാൽ വേദനിക്കുന്ന അച്ഛനെ വെറുതെ ഞാൻ ആലോചിച്ചു. വെറും സ്വപ്നം മാത്രം... അധിക നേരം ആലോചിക്കാൻ തുടങ്ങുമ്പോഴേക്ക് അവരുടെ മൂർച്ചയെറിയ വാൾ എന്റെ വയറ്റിൽ കുത്തി കേറിയിരുന്നു... പെട്ടന്ന് കണ്ണുകൾ തുറന്നു ഞാൻ വയറ്റിലേക്ക് നോക്കി. ഇല്ല...കുത്തിയിട്ടില്ല. ഞാൻ നേരെ നോക്കിയപ്പോൾ അവർ എന്റെ നേരെ ഒരു വാളുമായി വരുന്നുണ്ട്. മരിക്കുന്നത് വരെ ഞങ്ങൾ പൊറുതുക തന്നെ ചെയ്യും. ഇന്ന് പ്രസംഗത്തിനിടയിൽ കേട്ട വാക്കുകൾ മനസ്സിലേക്ക് വന്നതും അവിടെ നിന്ന് എങ്ങനെ എങ്കിലും രക്ഷപ്പെടണം എന്ന് എനിക്ക് തോന്നി.അവരുമായി ഫൈറ്റ് ചെയ്തു ജയിക്കാൻ എനിക്ക് ഒരിക്കലും സാധിക്കില്ല.അത്‌ കൊണ്ട്...

ഞാൻ അവിടെ നിന്ന് ഓടി.. പെട്ടന്ന് അവർക്ക് ഒന്നും മനസ്സിലായില്ലെങ്കിലും എന്റെ പിന്നാലെ അവരും ഓടി വരുന്നുണ്ടായിരുന്നു. എവിടേക്ക് എന്നോ എന്തെന്നോ ഇല്ലാതെ ഞാൻ കുറെ ഓടി.റോഡിൽ ഒന്നും ഒരു മനുഷ്യൻ പോലും ഇല്ലാഞ്ഞത് എനിക്ക് കൂടുതൽ പേടി ഉണ്ടാക്കി. പെട്ടന്ന് ഒരു ബുള്ളറ്റ് ന്റെ ശബ്ദം കേട്ടു.ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഞാൻ വീണ്ടും ഓടി .ആ ബൈക്ക് നേരെ ഞങളുടെ അടുത്തെത്തി ബ്രേക്ക്‌ ഇട്ടു.അതോടെ എന്റെ പിന്നിലേക്ക് ഓടി വന്നവർ തിരിഞ്ഞു ഓടി.ആ ബൈക്കിൽ ഉള്ള ആളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അതിൽ ഉള്ള ആളെ കണ്ടു എന്റെ മുഖം സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും നിറഞ്ഞു. *സഖാവ്..!!!* നിന്നിടത്തു നിന്ന് ഡാൻസ് കളിക്കാൻ ആണ് എനിക്ക് തോന്നിയത്.അത്രയും സന്തോഷം.അത് പറഞ്ഞറിയിക്കാൻ പറ്റുന്നുണ്ടായില്ല. സഖാവ് വേഗം ബുള്ളറ്റിൽ നിന്ന് ഇറങ്ങി. "നീയന്താ ഈ നേരത്ത് ഇവിടെ.ആരാ അവർ." സഖാവിന്റെ മുഖത്തു ദേഷ്യവും പരിഭ്രാന്തിയും നിഴലിച്ചു കണ്ടു.ഞാൻ ഉണ്ടായ സംഭവങ്ങൾ മുഴുവൻ പറഞ്ഞു കൊടുത്തു. "നിന്റെ വീട്ടിൽ ആരും ഇല്ലെടി.. നിന്നെ കയറൂറി വീട്ടിരിക്കുകയാണോടി ഈ നേരത്ത്." ആൾട്ടിമേറ്റ് കലിപ്പിൽ ആയിരുന്നു അത് ചോദിച്ചത്.

ഈ നേരത്ത് എന്താ ഒരു കുഴപ്പം എന്ന് തിരിച്ചു ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ആ മുഖത്തെ കലിപ്പ് കണ്ടപ്പോൾ ചോദിക്കാൻ വന്നത് ഞാൻ അപ്പാടെ വിഴുങ്ങി. "അച്ഛനും അമ്മയും ഗംഗയും കൂടി അമ്മയുടെ വീട്ടിൽ പോയേക്കുവാ.. കസിന്റെ മാരേജ് ആണ്." "എന്നിട്ട് ഇത് വരെ തിരിച്ചു വന്നില്ലേ.." "ഇടുക്കിയിൽ ആണ് വീട്.വരാൻ നേരം വൈകും എന്ന് പറഞ്ഞിരുന്നു." "അത്‌ വരെ എന്തു ചെയ്യും.ഈ റോട്ടിൽ തന്നെ നിൽക്കാൻ ആണോ ഭാവം." "ഞാൻ ഒന്നും മിണ്ടിയില്ല." "നിന്നെ ഞാൻ വീട്ടിൽ കൊണ്ടാക്കണോ.." "അയ്യോ.. വേണ്ട എനിക്ക് പേടിയാ.." ദേഷ്യത്തിന് ഇടയിലും മൂപ്പർക്ക് അപ്പോൾ ചെറുതായി ചിരി വരുന്നുണ്ടായിരുന്നു. "എന്തായാലും എന്റെ എതിർ സ്ഥാനാർഥിക്ക് നല്ല ധൈര്യം ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി." ചിരിച്ചു കൊണ്ട് അത് പറയുമ്പോൾ ഞാൻ സഖാവിനെ നോക്കി പല്ല് കടിക്കുകയായിരുന്നു. "എന്തായാലും നീ അച്ഛനെ വിളിക്ക്." "മ്മ്.." അച്ഛനെ വിളിക്കാൻ എനിക്ക് ഒട്ടും ധൈര്യം ഉണ്ടായില്ല.അത്‌ കൊണ്ട് തന്നെ ഫോൺ എടുത്ത് അമ്മയേയുമ് ഗംഗയെയും മാറി മാറി വിളിച്ചു.

പക്ഷെ രണ്ട് പേരും ഫോൺ എടുത്തില്ല.ഞാൻ നിസഹായതയോടെ സഖാവിനെ നോക്കി. "ഇനി ഇപ്പോൾ എന്താ ചെയ്യാ.. അവർ വരാൻ 9 മണി എങ്കിലും കഴിയും." "എന്താ ചെയ്യേണ്ടത്.റോഡിൽ തന്നെ നിൽക്കാൻ പറ്റില്ലല്ലോ.." ഞാൻ അപ്പോൾ പരമാവധി നിഷ്കു ആയി സഖാവിനെ നോക്കി.എന്നെ പോലെ ഒരു നിഷ്കുവിനെ അപ്പോൾ മഷി ഇട്ട് നോക്കിയാൽ പോലും കിട്ടില്ലായിരുന്നു. "മ്മ്.. ഒരു കാര്യം ചെയ്യ്.9 മണി കഴിയുമ്പോൾ ഞാൻ വീട്ടിൽ കൊണ്ട് ചെന്നാക്കി തരാം.അത്‌ വരെ എന്റെ കൂടെ പോര്." "അയ്യട.. എന്തു വിശ്വാസത്തിൽ ഞാൻ നിങ്ങളെ പിന്നിൽ വന്നു ഇരിക്കും.എന്നെ വല്ല ഇടത്തും കൊണ്ട് പോയി കളഞ്ഞാലോ.. എതിർ സ്ഥാനാർഥി അല്ലെ ഞാൻ.." ഇച്ചിരി പുച്ഛത്തിൽ ഞാൻ പറഞ്ഞു "ഒറ്റക്ക് ഒരു പെണ്ണിനെ ഒത്തു കിട്ടിയാൽ മുട്ടി നോക്കുന്നത് അല്ല എന്റെ പാരമ്പര്യം.അതിപ്പോൾ എതിർ സ്ഥാനാർഥി ആണെങ്കിലും ആരാണെങ്കിലും.പെണ്ണിന്റെ വില അറിയുന്നവൻ ആണ് ഞാനും. എന്നെ പ്രസവിച്ചതും ഒരു പെണ്ണാണ്.ഒരു പെണ്ണിന്റെ മാനത്തിന് വില പറയുന്നവൻ അല്ല സഖാവ്.വിശ്വാസം ഉണ്ടെങ്കിൽ കൂടെ വരാം.അല്ലെങ്കിൽ ഇവിടെ തന്നെ നിൽക്കാം." ഇച്ചിരി വെയിറ്റ് ഇടാൻ വേണ്ടി പറഞ്ഞത് ആണെങ്കിലും പിന്നെ പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി.

സഖാവിന്റെ കൂടെ പോകാൻ അവസരം കിട്ടിയ ഒരു ഗോൾഡൻ ചാൻസ് ആണ് ഇത്.ഇനി ഇത് പോലെ ഉള്ള അവസരം കിട്ടിയില്ലെന്നു വരാം.ദൈവം ആയിട്ട് മുന്നിൽ കൊണ്ട് തന്ന ചാൻസ് ആണ്. ദേവിയെ... മിന്നിച്ചേക്കണേ.. സഖാവ് ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങിയിരുന്നു.ഞാൻ ഓടി പോയി ബാക്കിൽ കേറിയിരുന്നു.എന്റെ പടച്ചോനെ.. അപ്പോൾ കിട്ടിയ ഫീൽ..!! രോമാഞ്ഞിഫിക്കേഷൻ!! "എന്തെ..ഇപ്പോൾ എവിടെ നിന്നു വന്ന വിശ്വാസം" "ഹും." ചിരിച്ചു കൊണ്ട് സഖാവ് ചോദിച്ചതിന് ഞാൻ പുച്ഛിച്ചു കൊണ്ട് തല തിരിച്ചു. സഖാവ് വണ്ടി എടുത്തപ്പോൾ ഞാൻ കണ്ണടച്ച് ഇരുന്നു.ബുള്ളറ്റ് ന്റെ ഹോൾഡറിൽ മാത്രം പിടിച്ചു.വേറെ എവിടെയും പിടിക്കാൻ തോന്നിയില്ല. "നിനക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.." "ഇല്ല." "മ്മ്മ്.. കുറെ പേർക്ക് ഉണ്ടാവും ഇത് പോലെ തല്ലണം കൊല്ലണം എന്നൊക്കെ.. അത്രക്ക് നല്ല ഭരണം ആയിരുന്നില്ലേ.." പുച്ഛിച്ചു കൊണ്ട് സഖാവ് അത് പറഞ്ഞപ്പോൾ ഞാൻ ഒന്നും മിണ്ടാൻ പോയില്ല. വെറുതെ എന്തിനാ വടി കൊടുത്തു അടി വാങ്ങുന്നത്. അല്ലെങ്കിലും അച്ഛൻ എങ്ങനെ ആണെന്ന് എനിക്ക് അറിയാവുന്നത് അല്ലെ.. "

എന്തായാലും ഗുണ്ടകൾ അല്ല. അവർ ആണെങ്കിൽ ആരെങ്കിലും വരുന്നു എന്ന് കണ്ടാൽ കുത്തി മലർത്തിയതിന് ശേഷമേ ഓടുകയുള്ളു.. ഇത് നിന്റെ അച്ഛൻ കാരണം ദുരിതം അനുഭവിക്കുന്ന വല്ല പാവപ്പെട്ടവർ ആയിരിക്കും." പിന്നെയും സഖാവ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും എന്റെ തലയിലേക്ക് കയറിയില്ല. എവിടേക്കാണ് എന്നെ കൊണ്ട് പോകുന്നത് എന്ന് പോലും ഞാൻ ചോദിച്ചില്ല. വിശ്വാസം ആയിരുന്നു സഖാവിനോട്. സഖാവുമായി ഒത്തുള്ള ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു അപ്പോൾ ഞാൻ. നല്ല നിലാവും കുളിർ കാറ്റും ഇടക്കുള്ള സ്രീറ്റ് ലൈറ്റിന്റെ വെളിച്ചവും കൂടെ എന്റെ മാത്രം.. എന്റെ സ്വന്തം സഖാവും. ആലോചിക്കും തോറും സന്തോഷം അങ്ങനെ അലതല്ലി വരുകയായിരുന്നു. കെട്ടിപിടിച്ചു ഇരുന്നു പോണം എന്ന് തോന്നി.അത്‌ സംഭവിച്ചാൽ ഉള്ള എന്റെ മോന്തയുടെ ഷേപ് ആലോചിച്ചപ്പോൾ അത്‌ വേണ്ടെന്ന് വെച്ചു. ബുള്ളറ്റിന്റെ ശബ്ദം കാതിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു . ചെറുതായ് തണുത്തു തുടങ്ങി എനിക്ക്..ഈ സമയം ഒരു ചൂട് കട്ടനും കൂടി ഉണ്ടെങ്കിൽ.....

പെട്ടന്ന് വണ്ടി ബ്രേക്ക്‌ ഇട്ടപ്പോൾ ഞാൻ ചുറ്റും നോക്കി. സഖാവ് ഇറങ്ങാൻ പറഞ്ഞപ്പോൾ ഇത്ര പെട്ടന്ന് സ്ഥലം എത്തിയോ എന്ന് കരുതി സങ്കടം വന്നു. "ഉച്ചക്ക് വല്ലതും കഴിച്ചതല്ലേ.. പിന്നെ വെള്ളം കുടിക്കാൻ പോലും സമയം കിട്ടിയിട്ടുണ്ടാവില്ലെന്ന് എനിക്ക് അറിയാം. നീ വാ.. നമുക്ക് വല്ലതും കഴിക്കാം." എന്റെ മനസ് മനസ്സിലാക്കുന്നത് പോലെ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്ക്... എനിക്ക് സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. സഖാവ് എന്റെ കൈ പിടിച്ചു റോഡ് ക്രോസ്സ് ചെയ്തു. സഖാവിന്റെ കൈകൾ എന്റെ കൈകളെ തൊട്ടപ്പോൾ ഉള്ളിലൂടെ കറന്റ്‌ പാസ്സ് ചെയ്ത പോലെ തോന്നി എനിക്ക്. ഓപ്പോസിറ്റ് ഉള്ള തട്ടുകടയിൽ ആണ് കൊണ്ട് പോയത്. ഞാൻ അപ്പോഴും അന്തം വിട്ടു നിൽക്കുകയായിരുന്നു. "ഇങ്ങനെ നോക്കി നിൽക്കാതെ ആ ബെഞ്ചിൽ ചെന്നു ഇരിക്ക്.എന്നിട്ട് എന്താ വേണ്ടേ എന്ന് വെച്ചാൽ പറ." ഞാൻ അപ്പോൾ ഏറെ മനോഹരമായ ഒരു പുഞ്ചിരി സഖാവിനായി സമ്മാനിച്ചു. അവിടെ ഉള്ള ബെഞ്ചിൽ പോയി ഇരിക്കുമ്പോഴും എന്റെ ഉള്ളിൽ സന്തോഷം മാത്രം ആയിരുന്നു.

സഖാവ് ഒരു കട്ടൻ മാത്രം വാങ്ങി കുടിക്കുന്നുണ്ടായിരുന്നു.എനിക്കും കട്ടൻ മാത്രം മതി എന്ന് ഞാൻ പറഞ്ഞു. ഭക്ഷണം കഴിക്കാൻ എന്നെ ഒരുപാട് നിർബന്ധിച്ചെങ്കിലും ഒരു പുഞ്ചിരിയോടെ ഞാൻ അതിനെ നിരസിച്ചു. അവിടെ ഒരുപാട് ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല.ഉള്ളത് മുഴുവൻ മദ്യവയസ്കർ ആയ ആണുങ്ങൾ ആയിരുന്നു.അവരിൽ ചിലർ എന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ പേടിയോടെ സഖാവിനെ നോക്കി.എന്റെ നോട്ടം കണ്ടിട്ട് ആവണം സഖാവ് എന്റെ അരികിലായ് വന്നു ഇരുന്നു. എന്റെ തൊട്ടടുത്തു ഇരുന്നു അഭിയേട്ടൻ ചായ കുടിക്കുന്നത് കണ്ടപ്പോൾ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. "എന്റെ മുഖത്തേക്ക് അല്ല. ഗ്ലാസ്സിലേക്ക് നോക്കി ചായ കുടിക്ക് നീ." എവിടെയോ നോക്കി അഭിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും ചമ്മി പോയി. ഇതിന് നാല് ചുറ്റും കണ്ണുകൾ ഉണ്ടോ ആവോ.. ചായ കുടിച് ഗ്ലാസും പൈസയും കൊടുത്തു ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. എത്ര നാളായി ഉള്ള എന്റെ ആഗ്രഹം ആയിരുന്നു വഴിയോരത്തെ തട്ടുകടയിൽ നിന്ന് ഒരു കാലി ചായ കുടിക്കണം എന്നുള്ളത്...,

രാത്രി ബുള്ളറ്റിൽ ഇങ്ങനെ ആകാശവും കണ്ടു സഞ്ചരിക്കണം എന്നുള്ളത്...,സ്നേഹിക്കുന്ന ആളിൽ നിന്നുള്ള സംരക്ഷണം ഏറ്റുവാങ്ങുക എന്നുള്ളത്.., ഏതൊരു പെൺകുട്ടിയുടെയും സ്വപ്‌നങ്ങൾ ആണ് ഇത്. അതിനേക്കാൾ ഒക്കെ ഉപരി ആയി സഖാവിന് ഒപ്പം ഇരിക്കാൻ പറ്റിയ നിമിഷങ്ങൾ.. കുറച്ചു പേടിച്ചാൽ എന്താ.. എനിക്കായ് ഇതെല്ലാം ദൈവം കാത്ത് വെച്ചിരുന്നല്ലോ.. "സ്ഥലം എത്തി. ഇറങ്." അഭിയേട്ടൻ വിളിക്കുമ്പോൾ ആണ് ഞാൻ എന്റെ സ്വപ്നങ്ങളിൽ നിന്നെല്ലാം തിരികെ വന്നത്. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചുറ്റും നോക്കി. "പേടിക്കണ്ട. എന്റെ വീട് ആണ്. നീ കയറി വാ.." യ്യോ.. സഖാവിന്റെ വീടോ.. ഒരു നിലവിളക്കും കൂടി ഉണ്ടെങ്കിൽ ഉഷാറായി. ഞാൻ ഒന്ന് വെളുക്കനെ ചിരിച്ചു. പെട്ടന്ന് ഒരു മധ്യ വയസ്കൻ പുറത്തേക്ക് വന്നു. സഖാവിനെ നോക്കിയതിനു ശേഷം അയാൾ എന്നെ നോക്കി. "ആരാ അഭി ഇത്..." "ഇതാണ് നമ്മളെ ഗൗരി.." "ഗൗരി മോളോ.. " അതും പറഞ്ഞു ആള് എന്നെ അത്ഭുതത്തോടെ നോക്കി. "സത്യം പറയടാ.. നീയവളെ അടിച്ചോണ്ട് പോന്നതല്ലേ.." അതേല്ലോ... എന്തായാലും ഈ വീട്ടിലേക്ക് "തന്നെ വരേണ്ടവൾ അല്ലെ അച്ഛാ.. അപ്പോൾ ഇത്തിരി നേരത്തെ ആയിക്കോട്ടെ എന്ന് കരുതി." അവർ തമ്മിൽ പറയുന്നത് ആദ്യം എനിക്ക് കത്തിയില്ല

എങ്കിലും പിന്നെ മനസ്സിലായി അഭിയേട്ടൻ വെറുതെ അച്ഛനെ പറ്റിക്കാൻ പറയുന്നതാണെന്ന്. "ആ.. ഗൗരി ഇതാണ് ശിവാനന്ദൻ. നമ്മുടെ അച്ഛൻ. അച്ഛന്റെ അനുഗ്രഹവും വാങ്ങി വലത് കാൽ വെച്ചു ഐശ്വര്യം ആയി കയറി വാ.." ചിരിച്ചു കൊണ്ട് ആണെങ്കിലും പെട്ടന്ന് അഭിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. "ഡാ.. ഡാ.. മതി. മോള് അകത്തേക്ക് വാ.. " അഭിയേട്ടന്റെ അച്ഛൻ ക്ഷണിച്ചപ്പോൾ ഞാൻ അകത്തേക്ക് കയറി. "എന്തു പറ്റി പെട്ടന്ന് ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നത്." അച്ഛൻ ചോദിച്ചപ്പോൾ അഭിയേട്ടൻ നടന്നത് മുഴുവൻ പറഞ്ഞു. "ഓഹ്.. എന്തായാലും എനിക്ക് എന്റെ മരുമകളെ കാണാൻ പറ്റിയല്ലോ.." "ആഹാ.. എന്നാൽ അമ്മായപ്പനും മരുമകളും കൂടി ഇവിടെ കഥയും പറഞ്ഞു ഇരിക്ക്. ഞാൻ പോയി കുളിച്ചിട്ട് വരാം.." അതും പറഞ്ഞു അഭിയേട്ടൻ തോർത്തും എടുത്തു പോയി. ഇനിയും അച്ഛനെ ഇങ്ങനെ പറ്റിക്കുന്നത് ശരിയല്ല എന്നെനിക്ക് തോന്നി. "അച്ഛാ.. അത്‌ പിന്നെ..അന്ന് ദേവേച്ചി വെറുതെ തമാശക്ക്.." "എനിക്ക് എല്ലാം അറിയം മോളെ.. അവരുടെ മനസ്സിൽ മാത്രമേ ഉള്ളു നിങ്ങൾ ജോടികൾ ആയി ഉള്ളത് എന്നോട് ദേവൂട്ടി ആദ്യമേ എല്ലാം പറഞ്ഞിരുന്നു." അത്‌ കേട്ടപ്പോൾ എനിക്ക് നല്ല സമാധാനം തോന്നി. ഞാൻ ചെറുതായി ചിരിച്ചു കൊടുത്തു.

പിന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു ഇങ്ങനെ സമയം പോയി... ***** "അച്ഛാ.. വിശക്കുന്നു വല്ലതും എടുത്തു വെച്ചേ.." അഭികുളി കഴിഞ്ഞു വന്നു ആദ്യം ചോദിച്ചത് അതായിരുന്നു. ഉടനെ തന്നെ ശിവാനന്ദൻ ദോശയും ചമ്മന്തിയും ടേബിളിലേക്ക് എടുത്തു വെച്ചു. "അവളെയും വിളിച്ചോ.. നമ്മുടെ വീട്ടിൽ വന്നിട്ട് പട്ടിണി കിടത്തി എന്ന് പറയണ്ട." "മ്മ്മ്മ്മ്മ്.. " ഗൗരി ഒന്ന് മൂളി കൊണ്ട് അച്ഛന് അടുത്തായി ഇരുന്നു. ദോശ ചമ്മന്തിയിൽ മുക്കി ഒരു പ്രാവശ്യം കടിച്ചപ്പോഴേക്കും അഭിയുടെ കണ്ണുകൾ വിടർന്നു. അവന്റെ ഓരോ ഭാവവും ക്യാമറയിൽ എന്ന പോലെ ഒപ്പിയെടുക്കുകയായിരുന്നു ഗൗരി.. "അരെ വഹ്.. അടിപൊളി. കണ്ടില്ലെടി എന്റെ അച്ഛന്റെ കൈപ്പുണ്യം. നിന്റെ അച്ഛന് ഇത് വല്ലതും അറിയോ.." അവൾ വെറുതെ ഒന്ന് ചിരിച്ചു കൊടുത്തു. അവൻ വീണ്ടും ഒരു ദോശ കൂടി ഇട്ട് കഴിച്ചു. "എന്റെ അച്ഛാ... എന്തൊരു ടേസ്റ്റ് ആണ്.അച്ഛനെ ഞാൻ സമ്മതിപ്പിച്ചിരിക്കുന്നു.ഈ ഫുഡ്‌ ഉണ്ടാക്കിയതിന് അച്ഛന് ഞാൻ ഒരു അവാർഡ് തരും." "എന്നാൽ നീ അവാർഡ് ഗൗരിക്ക് കൊടുത്തോ.. അവള ഇന്ന് ഫുഡ്‌ ഉണ്ടാക്കിയത്.." പെട്ടന്ന് അഭിയുടെ നെറുകയിൽ ഫുഡ്‌ കയറി.അവൻ ആഞ്ഞു ചുമക്കാൻ തുടങ്ങി.അവന് പെട്ടന്ന് അവർ വെള്ളം കൊടുത്തു. ചുമ നിന്നപ്പോൾ ഗൗരിയും അച്ഛനും ചിരി തുടങ്ങി.കുറെ നേരം നിന്ന് ചിരിച്ചപ്പോൾ അഭി ഗൗരിയെ കലിപ്പിച്ചു നോക്കി.

അതോടെ അവളുടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു. അച്ഛന് അപ്പോഴും ചിരി നിർത്താൻ പറ്റുന്നുണ്ടായിരുന്നു.അയാൾ ഇരുന്നും കിടന്നും ചിരിച്ചു. "ഇതിന് മാത്രം കിണിക്കാൻ ഒന്നും ഇല്ലല്ലോ.." "അത്‌ നിനക്ക് പറയാം.നിന്റെ ഇഞ്ചി കടിച്ച പോലെ ഉള്ള ഭാവം കണ്ടാൽ ആരായാലും ചിരിക്കും.." "ദേ.. ഞാൻ എന്റെ അമ്മയെ ഓർത്ത വെറുതെ വിടുന്നത്.അല്ലെങ്കിൽ കാണാമായിരുന്നു." "ഓഹോ.. നിന്റെ അമ്മ ആവുന്നതിനു മുൻപ് അവൾ എന്റെ ഭാര്യയ.. അവളെ ഓർത്ത ഞാൻ നിന്നെ വെറുതെ വിടുന്നെ.. രാത്രി കാലത്ത് ഒരു പെണ്ണിനേയും വിളിച്ചു വീട്ടിലേക്ക് വന്നേക്കുന്നു മോൻ.." "ഓഹോ.. അത്രക്കായോ... നിങ്ങളെ ഇന്ന് ഞാൻ.. " അഭി അച്ഛനെ ചുറ്റും ഇട്ട് ഓടിച്ചു.അച്ഛൻ അവനെയും. അവരുടെ കളികളെ ആസ്വദിക്കുകയായിരുന്നു ഗൗരി.. എല്ലാവരെയും അടക്കി ഭരിക്കുന്ന ഒരു അച്ഛനെയും അച്ഛനെ പേടിച്ചു കഴിയുന്ന ഒരു അമ്മയെയും അച്ഛനെയും തങ്ങളെയും തല്ലുന്നത് കണ്ടു കരയാൻ പോലും ആകാതെ വിതുമ്പുന്ന രണ്ട് പെൺകുട്ടികളെയും അവളുടെ മനസ്സിലേക്ക് വന്നു. കണ്ണിൽ ഉരുണ്ടു കൂടിയ വെള്ളം തുടച് കളഞ്ഞു അവൾ വീണ്ടും അവരുടെ കളികളിൽ സന്തോഷം കണ്ടെത്തി. **** ഇറങ്ങാൻ നേരം ശിവാനന്ദൻ അവളുടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.

"ഇനിയും വരണംട്ടോ മോളെ.." "വരാം അച്ഛാ.." തിരിച്ചുള്ള യാത്രയിൽ അവർ രണ്ട് പേരും നിശബ്ദതതയിൽ ആയിരുന്നു.അവളുടെ മനസ് കുറച്ചു മുന്പേ താൻ സന്തോഷിച്ചിരുന്ന സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു.. അവന്റെയും... ബുള്ളറ്റ് ഗേറ്റ് കടന്ന് അകത്തേക്ക് കയറി.അവളുടെ വീട്ടിൽ അപ്പോഴും ആരും വന്നിട്ടുണ്ടായിരുന്നില്ല. "സഖാവ് പൊയ്ക്കോളൂ.. അവർ ഇപ്പോൾ വരുമായിരിക്കും." "അവർ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ.." അവൾ ഉമ്മറ പടിയിൽ ഇരുന്നു.അവനും.. വീണ്ടും അവരുടെ ഇടയിൽ നിശബ്ദത മാത്രം നിറഞ്ഞു നിന്നു. അവളുടെ ഉള്ളിൽ ഒരു സംശയം പൊന്തി വന്നു.അത്‌ അവനോട് എങ്ങനെ ചോദിക്കും എന്നവൾക്ക് അറിയില്ലായിരുന്നു. "നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ ഗൗരി..." "അത്‌ പിന്നെ...." "എന്റെ അമ്മയെ പറ്റി ആണോ.." അവളുടെ മനസ് മനസ്സിലാക്കിയ പോലെ അവൻ ചോദിച്ചു.അവൾ ഒന്ന് മൂളി. "എനിക്ക് അമ്മയില്ല ഗൗരി.." അവന്റെ വാക്കുകൾ കേട്ട് അവൾ ഒരു നിമിഷം സ്തംഭിതയായി.അവൾക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലായിരുന്നു അത്‌. "എനിക്ക് മൂന്ന് മാസം പ്രായം ഉള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത്.പ്രസവനന്ദര ബുദ്ധിമുട്ടുകൾ തന്നെ ആണ് മരണകാരണം.

അന്ന് എന്നെ നോക്കി വളർത്താൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാവണം.ചുറ്റും നിന്ന് എല്ലാവരും മറ്റൊരു വിവാഹത്തിന് ആയി നിർബന്ധിച്ചു എങ്കിലും അച്ഛൻ വേറെ കല്യാണം കഴിച്ചില്ല അത്‌ മറ്റൊരു വിവാഹം കഴിച്ചാൽ എന്നെ അവർ നോക്കില്ല എന്ന് കരുതി ഒന്നും അല്ല.എന്റെ അമ്മയോടുള്ള പ്രണയം കൊണ്ട് തന്നെ ആയിരുന്നു. പഠിക്കുന്ന കാലത്ത് വിപ്ലവവും പ്രണയവും തലക്ക് പിടിച്ചിരിക്കുമ്പോൾ ആണ് അമ്മയെ അച്ഛൻ ഇറക്കി കൊണ്ട് വരുന്നത്. വേറെ വഴിയൊന്നും ഉണ്ടായില്ല എന്നാണ് കെട്ടിട്ടുള്ളത്. ഒരുപാട് പണവും മുതലും ഉണ്ടായിട്ടും അമ്മ ഇറങ്ങി വന്നത് ഒരു പട്ടിണി കാരന്റെ കൂടെ.. പകൽ പഠിത്തവും രാത്രി ഓട്ടോ ഓടിക്കലും ചെയ്യുന്ന ഒരാളുടെ കൂടെ.. അച്ഛന് കൂട്ടായി ആകെ ഉണ്ടായത് ദേവൂന്റെ വീട്ടുകാർ ആയിരുന്നു. കൂട്ടുകാരന്ടെ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിൽ ആണ് എന്റെ അച്ഛൻ വളർന്നത്.

എന്റെ അച്ഛനും ദേവിടെ അച്ഛനും കൂട്ടായത് പോലെ ആണ് പിന്നീട് ഞാനും ദേവികയും കൂട്ടാവുന്നത്. അച്ഛന്റെ എല്ലാ സുഖ ദുഖങ്ങളിലും കൂട്ടായി എന്റെ അമ്മയും ഉണ്ടായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രണയം റോമിയോ ജൂലിയേറ്റിന്റെയോ ലൈല മജ്നുവിൻടെയോ ഒന്നും അല്ല. അത് എന്റെ അച്ഛന്റെയും അമ്മയുടെയും ആണ്. അച്ഛൻ ഇപ്പോഴും അമ്മയെ പ്രണയിക്കുന്നുണ്ട് ഗൗരി.. അത് ഞാൻ കാണാറും ഉണ്ട്.. മരിച്ചു കഴിഞ്ഞും പ്രണയിക്കാൻ ആകുമോ എന്ന് ചിലർ സംശയിക്കും പക്ഷെ പ്രണയത്തിന് മരണം ഇല്ല... അമ്മ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട് എന്ന് തന്നെ ആണ് ഞങ്ങളുടെ വിശ്വാസം. അമ്മ ഇല്ല എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അമ്മ ഇപ്പോഴും എപ്പോഴും ഉണ്ട്.. അച്ഛന്റെ പ്രണയിനി ആയി എന്റെ അമ്മയായി ഇങ്ങനെ.." ........ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...