വാക പൂത്ത നാളിൽ : ഭാഗം 3

 

രചന: കടലാസിന്റെ തൂലിക

"ഓയ് സഖാവിന്റെ സഖി...." അവന്റെ വിളി കേട്ട് അവൾ ദേഷ്യത്തോടെ തിരിഞ്ഞു നിന്നു. "നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് എന്നെ എങ്ങനെ വളക്കരുത് എന്ന്.എന്തു പറഞ്ഞാലും നീ എന്താ കേൾക്കാത്തത്." "ഈ കോളേജ് മുഴുവൻ അങ്ങനെ തന്നെ അല്ലെ നിന്നെ വിളിക്കുന്നത്.പിന്നെ ഞാൻ മാത്രം എന്തിനാ വെറുതെ മാറ്റുന്നത്".അവൻ കുസൃതിയോടെ അവളെ നോക്കി പറഞ്ഞു. "ദേ.. എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.അവരെല്ലാം എന്നെ ദേവികഎന്ന് കൂടി വിളിക്കാറുണ്ട്.നീ മാത്രം എപ്പോ നോക്കിയാലും സഖാവിന്റെ സഖി.. സഖാവിന്റെ സഖി.. എന്നും വിളിച്ചു പിന്നാലെ ഉണ്ടാവും.കൂടുതൽ ആയാൽ മോൻ വിവരം അറിയും.ഞാൻ പോയി സഖാവിനോട് പറഞ്ഞു കൊടുക്കും." "എന്നാലും ഞാൻ എന്റെ വിളി നിർത്താൻ പോണില്ല സഖാവ്ന്റെ സഖിയെ.." "ഈൗ.... ഇവനെ ഞാനിന്ന് കൊല്ലും" അവൾ പല്ലും കടിച്ചു പിടിച്ചു പറഞ്ഞപ്പോൾ അവൻ അവിടെ നിന്ന് പൊട്ടി ചിരിച്ചു.അവന്റെ ചിരി കണ്ട് അവൾ നിലത്ത് കാൽ ആഞ്ഞു കുത്തി നടന്നു പോയി.. അവന്റെ ചുണ്ടിൽ അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞു.തീർത്തും മനോഹരമായ ഒരു പുഞ്ചിരി. **** "അഭി വന്നിട്ട് എന്താ കാര്യം എന്ന് പറ." "അവൻ വരട്ടെ." "പറഞ്ഞു തീർന്നില്ല. അവൻ വന്നല്ലോ.."

ഗോകുൽ അത് പറഞ്ഞപ്പോൾ അവരെല്ലാം അവിടേക്ക് നോക്കി.അഭി ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നിരുന്നു. "ഗോപേട്ടാ.. ഒരു കട്ടൻ." "നീ ഇങ്ങനെ കട്ടനും കുടിച് ഇരുന്നോ.. നീ അറിഞ്ഞോ ഗോകുലിന് ഫസ്റ്റ് ഇയറിലെ ഒരു കുട്ടിയോട് പ്രേമം." "ഏഹ്.. ആരാണാവോ അത്രയും ഭാഗ്യം ഇല്ലാത്ത കുട്ടി." "അവന്റെ ഭാഗ്യം നീ പറയണ്ട.ഭാഗ്യം ഉള്ള ഒരു കുട്ടിയെ ഞാൻ പറഞ്ഞു തരാം." "നീ ധൈര്യം ആയി പറ അമലേ.. "അഭി സപ്പോർട്ട് ചെയ്തപ്പോൾ അമൽ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അപ്പോഴേക്കും കട്ടനുമായി ഗോപേട്ടൻ എത്തിയിരുന്നു. ഗോപേട്ടൻ പോയി കഴിഞ്ഞതും അമൽ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ എടുത്തു. "സ്നേഹം നിറഞ്ഞ അഭിയേട്ടന്." കയ്യിലുള്ള പേപ്പറിൽ നിന്ന് അത് വായിക്കുന്നത് കേട്ട് അഭിയുടെ തരിപ്പിൽ ചായ കേറി ചുമക്കാൻ തുടങ്ങി. "നീ ചുമക്കാൻ ആയിട്ടില്ല. ഇനിയും ഉണ്ട്. വായിക്കാം." ബാക്കി വായിക്കാനായി അവൻ തുടങ്ങുമ്പോഴേക്കും അഭി ആ പേപ്പർ തട്ടി പറിച്ചു വായിച്ചിരുന്നു. "ഇതെന്താഡാ.." "ആഹ്.. നിനക്ക് കൊടുക്കാൻ പറഞ്ഞിട്ട് ഒരു കുട്ടി തന്ന പ്രണയലേഖനം." "ആഹാ.. ബെസ്റ്റ്. ഒരാൾ വിശ്വസിച്ചു ഒരു കാര്യം ഏല്പിക്കുമ്പോൾ വേഗം തന്നെ അത് പൊട്ടിച്ചു വായിച്ചോളും അല്ലെ..ഇത് ആര് ആയാലും എനിക്ക് തന്നതല്ലേ.. നാണം ഇല്ലല്ലോ അത് പൊട്ടിച്ചു വായിക്കാൻ."

"ഇല്ല.നാണം ഇല്ല.ഞങ്ങൾക്കേ കിട്ടുന്നില്ല.അപ്പോൾ കിട്ടുന്നവരുടെ വായിക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല." "അങ്ങനെ ഇപ്പോൾ നിങ്ങൾ വായിക്കേണ്ട".അതും പറഞ്ഞു അഭി ചിരിച്ചു കൊണ്ട് ആ പേപ്പർ മടക്കി പോക്കറ്റിൽ വെച്ചു. "എന്നാലും എന്റെ അഭി.. കോളേജ് തുറന്നിട്ട് ഇതിപ്പോൾ മൂന്നാമത്തെ പ്രേമലേഖനം ആണ്.ഇതൊക്കെ നീ എവിടെ കൊണ്ട് പോയി വെക്കുന്നു.എന്തു കണ്ടിട്ടാണ് ഈ പെൺകുട്ടികൾ ഒക്കെ നിന്നെ ഇഷ്ടപ്പെടുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്." "അസൂയക്കും കുശുമ്പിനും മരുന്നില്ല." "ഓ.. ആയ്ക്കോട്ടെ.ദേവു അറിയുന്നത് വരെ ഉള്ളു.. അവൾ അറിഞ്ഞു കഴിയുമ്പോൾ ഏതെങ്കിലും പെണ്ണിനെ അവളായി തന്നെ നിന്റെ പിടലിക്ക് വെച്ച് തന്നോളും" "ആയ്ക്കോട്ടെ.മിക്കവാറും അവൾ തന്നെ ആയിരിക്കും എനിക്ക് വേണ്ടി പെണ്ണിനെ തിരയുന്നത്.പക്ഷെ ഇപ്പോൾ വേണ്ട.എല്ലാത്തിനും ഓരോ സമയം ഉണ്ട് ദാസാ.." "മ്മ്മ്..അതെ അതെ." എല്ലാവരും ഒന്നിച്ചു മൂളിയപ്പോൾ അവൻ അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. *** കോളേജിൽ വന്നു ഒരു മാസക്കാലം പെട്ടന്ന് കടന്നു പോയി.അതിനുള്ളിൽ ക്ലാസ്സിലെ എല്ലാവരും ആയി കമ്പനി ആയി.പിന്നെ ഞങ്ങളുടെ സീനിയർസുമായും.വേറെ ആരുമായും കമ്പനി കൂടാൻ അവസരം കിട്ടിയിട്ടില്ല. ഇന്ന് ഒരു പീരിയഡ് ഫ്രീ കിട്ടിയപ്പോൾ വെറുതെ പുറത്തിറങ്ങി ഗ്രൗണ്ടിലൂടെ ഒക്കെ ഒന്ന് നടന്നു.കൂടെ ഭാമയും ഉണ്ട്.

"ഭാമേ.. നമുക്ക് ഒന്ന് ലൈബ്രറി വരെ പോയാലോ.. ഇത് വരെ നമ്മൾ ലൈബ്രറിയിലേക്ക് പോയിട്ടിയില്ലല്ലോ.." "അങ്ങോട്ട് പോണോ.. അവിടെ ഫുൾ പുസ്തകപുഴുക്കൾ ആയിരിക്കും." "അങ്ങനെ ഒന്നും ഇല്ല.നീ വന്നേ.. "അവളുടെ കയ്യും പിടിച്ചു വലിച്ചു ലൈബ്രറിയിലേക്ക് കൊണ്ട് പോയി. അവിടെ പേരും ക്ലാസും ഒക്കെ പറഞ്ഞു കൊടുത്തു അകത്തേക്ക് പോയി.വളരെ വലിയ ഒരു ലൈബ്രറി ആയിരുന്നു അത്.സ്കൂളിൽ വെച്ച് കണ്ടതിനേക്കാൾ ഒക്കെ ഒത്തിരി ഒത്തിരി വലുത്.വെറുതെ അവിടെ ഒക്കെ ഒന്ന് ചുറ്റി നടന്നു. കഥ വിഭാഗം എത്തിയപ്പോൾ പെട്ടന്ന് ഒരു പുസ്തകം എന്റെ കണ്ണിൽ പെട്ടു. നീർമാതാളം പൂത്ത കാലം. ഒത്തിരി നാളായി ഈ പുസ്തകം അനേഷിച്ചു നടക്കാൻ തുടങ്ങിയിട്ട്.സാഹചര്യം കൊണ്ട് കിട്ടാറില്ല.ആ പുസ്തകം അപ്പോൾ തന്നെ കയ്യിലെടുത്തു.ഇന്ന് ഇത് വായിക്കാം എന്ന് മനസിൽ ഉറപ്പിച്ചു. ലൈബ്രറി വിട്ടു കടക്കാൻ തുടങ്ങിയപ്പോൾ ആണ് 'ഭ്രാന്തൻ ചിന്തകൾ' എന്ന് പേര് വെച്ച് ഒരു സെക്ഷൻ കണ്ടത്.കൗതുകം കൊണ്ട് എന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു. ഷെൽഫ് തുറന്ന് ആദ്യം കണ്ട മാഗസിൻ പോലെ ഉള്ള പുസ്തകം കയ്യിലെടുത്തു. അതിന്റെ പുറം ചട്ട മേൽ ""നീ''" എന്ന് എഴുതിയിരുന്നു.ശരിക്കും അതൊരു പുസ്തകം ആയിരുന്നില്ല.ചെറിയ ഒരു ഫയൽ പോലെ..

പക്ഷെ അതിനുള്ളിൽ ധാരാളം എഴുത്തു കുത്തുകൾ ഉണ്ട്.ആദ്യ പേജ് ഞാൻ തന്നെ മറിച്ചു നോക്കിയപ്പോൾ അത്ഭുതം കൊണ്ടേന്റെ കണ്ണുകൾ വിടർന്നു.അതിലെ വരികൾ വായിക്കാൻ ഞാൻ വെമ്പൽ കൊണ്ടു. *ചുവപ്പിനോളം മറ്റൊരു പ്രണയവും എന്നിൽ പൂവിട്ടിട്ടില്ല. എൻ കയ്യാലേ നിന്നിൽ ചാർത്തിയ സിന്ദൂരപൊട്ടും എന്നിലെ പ്രണയം തന്നെയായിരുന്നു* ആ വരികളിൽ വെറുതെ വിരലോടിച്ചു.ഇതിന്റെ സൃഷ്ട്ടാവ് ആരാണെന്നറിയാൻ തോന്നി.ഉടനെ ഭാമയെയും പിടിച്ചു ലൈബ്രെറിയന്റെ അടുത്തേക്ക് പോയി. "ഭ്രാന്തൻ ചിന്തകൾ ഇവിടുത്തെ കുട്ടികളുടെ എഴുത്തു കുത്തുകൾ ആണ്.അവരുടെ തന്നെ കൈ പടയിൽ എഴുതി അവർ അവിടെ വെക്കുന്നത്." ശരിയാണ്.അച്ചടിയിൽ ആയിരുന്നില്ല ആ എഴുത്ത്.കൈപ്പടയിൽ തന്നെയായിരുന്നു. "ഈ 'നീ' എന്ന് പേരുള്ളഫയൽ ആരുടേയ.." "അത് നോക്കേണ്ടി വരും.തിരഞ്ഞു കണ്ട് പിടിക്കണം.നാളേക്ക് നോക്കിയാൽ മതിയോ.." "ആഹ്.. മതി.ഇത് കൊണ്ട് പോവാൻ പറ്റുമോ.." "പുസ്തകം കൊണ്ട് പോയി പിന്നെ കൊണ്ട് വന്നാൽ മതി.പക്ഷെ ഈ ഫയൽ ഇവിടെ വെക്കണം.അത് ലൈബ്രറിയിൽ വെച്ച് വായിക്കനെ പറ്റുള്ളൂ.." "ആ.. അത് മതി."അയാളോട് അത് പറഞ്ഞു എങ്കിലും എന്തോ ഒരു വിഷമം എന്നെ പിടി കൂടിയിരുന്നു. നീർമാതളം പൂത്ത കാലവും കൊണ്ട് ഞാൻ ആ ലൈബ്രറി വിട്ടു ഇറങ്ങി. കോളേജ് വിട്ടു വീട്ടിലേക്ക് പോകുമ്പോൾ പതിവ് പോലെ ഒരു തരം മടുപ്പ് ആയിരുന്നു.

വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടു ഉമ്മറത്തും വീടിന് മുമ്പിലും അകത്തും ആയി ഒത്തിരി ആളുകൾ.മുഴുവൻ വെള്ളയിൽ മുക്കിയ വസ്ത്രം ധരിച്ചവർ.അകത്തേക്ക് കയറിയപ്പോൾ സ്ഥിരം കാഴ്ച തന്നെ.അച്ഛനെ കാണാൻ ഒത്തിരി പേർ.അനിയത്തി ഗംഗ സ്കൂൾ വിട്ടു വന്നു ടീവി കാണാൻ ഇരുന്നു.വന്നു കയറിയതെ ഉള്ളു എന്ന് അവളെ കണ്ടാൽ മനസ്സിലാക്കാമായിരുന്നു. "ഡി.. ചേച്ചി.വാ വന്നു ടീവി കാണ്.കുറെ നാളായില്ലേ സ്വസ്ഥം ആയി ടീവി കണ്ടിട്ട്." അവൾ പറഞ്ഞത് ശരി ആണ്.എപ്പോഴും വീട് നിറയെ ആളുകൾ.എന്റെ അച്ഛൻ എം ൽ എ ആകുന്നതിനു മുന്പും ഇത് തന്നെ ആയിരുന്നു.മുൻപ് മന്ത്രി ആയി ഭരിച്ചപ്പോഴും കൂടുതൽ അല്ലാതെ കുറവ് ഉണ്ടായിരുന്നില്ല. "ഗംഗേ.. ആ ടീവി ഓഫ് ആക്കിയേ.. അച്ഛനെ കാണാൻ ആരൊക്കെയോ ഇങ്ങോട്ട് വരുന്നു എന്ന്." അമ്മ പറയുന്നത് കേട്ട് ദേഷ്യം ആണ് വന്നത്.സ്വന്തം വീട്ടിൽ കുറച്ചു പോലും സ്വാതന്ത്ര്യം ഇല്ലാതെ എന്തു ജീവിതം.അച്ഛൻ ഞങ്ങളോട് നേരെ ചൊവ്വേ മിണ്ടിയിട്ട് പോലും ഒത്തിരി ദിവസങ്ങൾ ആയി.

ഈ ഒരു മടുപ്പ് എനിക്ക് അനുഭവപ്പെട്ടത് കൊണ്ടാണ് ഞാൻ അമ്മയുടെ തറവാട്ടിലേക്ക് പോയത് പോലും.എന്റെ അവസ്ഥ ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.കാണുന്നവർക്ക് മുമ്പിൽ എല്ലാം തികഞ്ഞവൾ.വലിയ വീട്.കാർ.അധികാരം.പദവി.പക്ഷെ ചില്ലും കൂട്ടിൽ ഒരു പാവയെ പോലെ കഴിയാൻ ആണ് വിധി എന്ന് ആർക്കും അറിയില്ലല്ലോ.. ഞാൻ വേഗം മുറിയിലേക്ക് പോയി.കുളിച്ചു ഫ്രഷ് ആയി വന്നപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു.ഭക്ഷണം എടുത്തു കൊണ്ട് വന്നു മുറിയിൽ പോയി കഴിച്ചു.ഇപ്പോൾ ഇതാണ് പരിപാടി.ഒന്നിച്ചിരുന്നു കഴിക്കാൻ ഞങ്ങൾക്ക് സാധിക്കാറേ ഇല്ല. അത്യാവശ്യം ചിലത് പഠിച്ചു കിടക്കാൻ കിടന്നപ്പോൾ ആണ് പുസ്തകത്തിന്റെ കാര്യം ഓർമ വന്നത്. അത് നാളെ വായിക്കാം എന്ന് കരുതി.അപ്പോൾ തന്നെ എന്റെ ഉള്ളിൽ ആ വരികൾ തെളിഞ്ഞു വന്നു.ഒരുപാട് എഴുതിയിട്ടുണ്ടെങ്കിലും വായിച്ചിട്ടുണ്ടെങ്കിലും ആ വരികൾ മനസ്സിൽ പതിഞ്ഞത് പോലെ.ആരായിരിക്കും അത് എഴുതിയ വ്യക്തി. ചെറു പുഞ്ചിരിയോടെ ഞാൻ എന്റെ എഴുത്ത് പുസ്തകം എടുത്തു.

എന്റെ ഭ്രാന്തുകൾ ഞാൻ കുത്തി കുറിക്കുന്നത് ഇതിൽ ആണ്. *ചുവപ്പിനോളം മറ്റൊരു പ്രണയവും എന്നിൽ പൂവിട്ടിട്ടില്ല. എൻ കയ്യാലേ നിന്നിൽ ചാർത്തിയ സിന്ദൂരപൊട്ടും എന്നിലെ പ്രണയം തന്നെയായിരുന്നു* വരികൾ വീണ്ടും ഓർത്തെടുത്തു.ചെറിയ ചിരിയോടെ ഒരു ചുവന്ന തൂലിക കയ്യിൽ എടുത്തു. *നിന്റെ കയ്യാൽ തൊടുന്ന സിന്ദൂരപൊട്ടാവാൻ മോഹം സഖാവെ.. എന്നിലെ പ്രണയവും എന്നിലെ ലഹരിയും ഇന്ന് നീ മാത്രം ആണ്. കാത്തിരിക്കാം നിനക്കായ്‌ ഈ ജന്മം മുഴുവനും* എഴുതി കഴിഞ്ഞ് അപ്പോൾ തന്നെ അത് അടച്ചു വെച്ചു.ചുവന്ന തൂലികയെ അതിനുള്ളിൽ തന്നെ വെച്ചു. ചുറ്റും നിന്നെല്ലാവരും നീലയെ പ്രണയിക്കുമ്പോഴും ഞാൻ മാത്രം എങ്ങനെ ഈ ചുവപ്പിന് അടിമ പെട്ടു പോയി............ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...