വേനൽമഴ...🍂💛: ഭാഗം 42

 

രചന: റിൻസി പ്രിൻസ്‌

നെഞ്ചിൽ ചേർന്ന് കിടന്നവളെ കൈകളാൽ പുണരാൻ അവൻ കൊതിച്ചു, ആ നിമിഷം തന്നെ അവൻ അവളെ തന്നോട് ചേർത്തു നിർത്തി, ഒരു നിമിഷം മറ്റൊന്നും ഓർക്കുന്നില്ല, ഒരു പൂച്ചക്കുഞ്ഞിനെ പോലെ കുറുകി അവന്റെ നെഞ്ചിൽ അവൾ.... " ഹേയ്....! അവൻ തോളിൽ തട്ടി വിളിച്ചപ്പോഴാണ് അവൾക്ക് സ്വബോധം വന്നത്, ആ നിമിഷം അവൾക്ക് വല്ലാത്തൊരു ചമ്മൽ അനുഭവപ്പെട്ടു, അവനിൽ നിന്നും അവൾ പെട്ടെന്ന് അകന്നുമാറി, ആ മുഖത്തുനോക്കാൻ ഒരല്പം മടിയോടെ, പിന്നെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.... " സോറി കണ്ണേട്ടാ..! ഞാൻ പെട്ടെന്ന് പേടിച്ചപ്പോൾ അറിയാതെ... ഇരുട്ടും ഇടിയും എനിക്ക് ഭയങ്കര പേടിയാ, അതുകൊണ്ടാണ്.... " താൻ എന്നെ ഒന്ന് ഹഗ് ചെയ്താൽ ഇപ്പോൾ എന്ത് സംഭവിക്കാനാണ്... ജസ്റ്റ്‌ ലീവ് ഇറ്റ്.... സംഭവിച്ച അബദ്ധം അവളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു,ഉള്ളിൽ ഒരു ഗൂഢ സന്തോഷം നിറഞ്ഞു നിന്നു എങ്കിലും അത് പുറത്തേക്ക് കാണിച്ചിരുന്നില്ല അവൻ... അവളുടെ സ്പർശനത്തിലൂടെയും സാമീപ്യത്തിലൂടെയും താൻ അനുഭവിക്കുന്ന സന്തോഷം എത്രവലുതാണെന്ന് അറിയുകയായിരുന്നു, ഒരാളുടെ സാന്നിധ്യത്തിൽ നമ്മുടെ ഉള്ളിൽ വേദനകൾക്ക് ശമനം ലഭിക്കുന്നുണ്ടെങ്കിൽ അത് യഥാർത്ഥ പ്രണയം തന്നെയാണ്, പക്ഷേ ഇനിയും തെളിയാനുണ്ട്...

ഒരിക്കൽ മുറിവേറ്റ തന്റെ ഹൃദയം ചിതറിക്കിടക്കുകയാണ്, പല കഷണങ്ങളായി, അത് വീണ്ടും കൂട്ടിയോജിപ്പിക്കുക എന്നത് ഒരുപാട് സമയമെടുക്കുന്ന കാര്യമാണ്, പൂർണമായും അവളില്ലാതെ പറ്റില്ലന്ന് തോന്നുന്ന നിമിഷം മാത്രമേ തൻറെ മനസ്സ് അവൾക്കു മുൻപിൽ തുറക്കൂ എന്നൊരു ദൃഢനിശ്ചയം അവനെടുത്തു.... അറിയാതെയാണെങ്കിലും ആ നെഞ്ചിൽ ചേർന്നപ്പോൾ താനനുഭവിച്ച തരിപ്പ് അത്‌ അവളെ അമ്പരപ്പെടുത്തി... രണ്ടുപേരും ഒന്നും സംസാരിക്കാതെ ഒരേ കട്ടിലിൽ കിടന്നു,ഹൃദയം നിലച്ചു പോകുമോന്നു തോന്നിയ നിമിഷങ്ങൾ, കാലം ഇരുവർക്കും വേണ്ടി ഒരു വസന്തം കാത്തുവച്ചത് അറിയാതെ അവർ രണ്ട് ലോകങ്ങളിലേക്ക് കടന്നു.... രണ്ടുപേരുടെയും മനസ്സിൽ നിലനിന്നിരുന്നത് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും, പല ചോദ്യങ്ങളുടെയും ചിന്തകളുടെ വടംവലികളുടെയും ഇടയിൽ എങ്ങനെയൊക്കെയോ ആ രാവ് പുലർന്നു... രാവിലെ മുത്തശ്ശിയുടെ പ്രാർത്ഥനാഗീതം ആണ് രണ്ടുപേരെയും ഉണർത്തിയത്. മെല്ലെ എഴുന്നേറ്റ് നടക്കാൻ ഒരു ശ്രമം നടത്തി നോക്കി അവൾ, ഒറ്റ ദിവസം കൊണ്ട് തന്നെ ഇരിപ്പ് എത്ര ബുദ്ധിമുട്ടാണെന്ന് അവൾക്ക് മനസ്സിലായിരുന്നു... ഒരു മുറിക്കുള്ളിൽ ഇങ്ങനെ ഇരിക്കുന്നത് എത്ര വേദനിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കിയപ്പോൾ അവൾ ആദ്യം ചിന്തിച്ചത് അമ്മയെ കുറിച്ചാണ്,

എത്ര വർഷങ്ങളായി ആ മുറിക്കുള്ളിലെ കാഴ്ചകൾ മാത്രം കണ്ടു കൊണ്ട് അമ്മ ജീവിക്കുന്നു. എത്ര ഭീകരമായിരിക്കും അമ്മയുടെ അവസ്ഥ, ആ ചിന്ത പോലും അവളെ വല്ലാത്തൊരു വേദനയിൽ കൊണ്ടുചെന്നെത്തിച്ചു, കുറച്ച് നീങ്ങി കമിഴ്ന്നു കിടന്നു ഉറങ്ങുന്നവനെ അറിയാതെ അവൾ ഒന്നു നോക്കി, മലയാളസിനിമയുടെ ഭാവിവാഗ്ദാനം ആണ് തൻറെ വീട്ടിലെ പഴയ കട്ടിലിൽ കിടന്നുറങ്ങുന്നത്, എന്തൊരു വിരോധാഭാസമാണ്, ചിലപ്പോഴൊക്കെ വിധി ഇങ്ങനെയും ചില ഭാവങ്ങൾ എടുക്കുമ്പോൾ ചിരിയും സഹതാപവും ഒരുപോലെ വരും, കാൽ കുത്തിയപ്പോൾ ഒരു അല്പം വേദന തോന്നിയെങ്കിലും നടക്കാൻ അവൾ പരിശ്രമിക്കുകയായിരുന്നു, ചെറിയ ഏന്തുണ്ടെന്നുണ്ടെങ്കിലും നടക്കാൻ പറ്റും എന്ന അവസ്ഥയായിരുന്നു, അടുക്കളയിലേക്ക് ചെന്നപ്പോൾ കുഞ്ഞിയും അച്ഛനും കൂടി പ്രാതൽ തയ്യാറാക്കുന്ന തിരക്കിലാണ്, രണ്ടുപേർക്കും ഒപ്പം അവളും കൂടി, കാലു വയ്യാത്തതുകൊണ്ട് പോയിരുന്നോളാൻ രാഘവനും കുഞ്ഞും നിർബന്ധിച്ചെങ്കിലും അവൾ അതിന് തയ്യാറായില്ല, നല്ല മൊരിഞ്ഞ ദോശ ആണ് ഉണ്ടാക്കിയത്,

അതിലേക്ക് നല്ല നെയ്യൊഴിച്ചു, എരിവുള്ള ചട്നിയും കൂടി ഉണ്ടാക്കി, മിഥുൻ ഉണർന്നെഴുന്നേൽക്കുമ്പോൾ അരികിൽ സരയുവിനെ കാണാതെ ഉമ്മറത്തേക്ക് എത്തിയവന്റെ കയ്യിലേക്ക് ഒരു സ്റ്റീൽ ഗ്ലാസ്സിൽ നല്ല ആവി പറക്കുന്ന ഏലക്കാ ചായയുമായി സരയു എത്തി... " ആഹാ താൻ അങ്ങ് ഉഷാർ ആയല്ലോ, ചെറുചിരിയോടെ അവൻ ചോദിച്ചു ശരിയായി... "' പിന്നെല്ലാതെ.... "എങ്കിൽ നമുക്ക് രാവിലെതന്നെ പോയേക്കാം, നല്ല ട്രാവൽ ഉള്ളതല്ലേ... വൈകുന്നേരം നമുക്ക് ഒരു ഇൻറർവ്യൂ ഉണ്ട്, " ഇൻറർവ്യൂവൊ...? " അതെ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ ഒരു ഇൻറർവ്യൂ പോലും കൊടുത്തിട്ടില്ലല്ലോ, കുറേ ദിവസമായി ആ ചാനലുകാർ എൻറെ പുറകെ നടക്കുകയാണ്... ഒരു ഇൻറർവ്യൂ കൊടുക്കാമെന്നു ഞാൻ പറഞ്ഞിരുന്നു, ഈവനിങ് അവരുടെ സ്റ്റുഡിയോയിൽ ഒന്ന് പോണം, ഇൻറർവ്യൂവിൽ എന്തൊക്കെയാണ് പറയേണ്ടതെന്ന് തന്നെ ഒന്ന് പ്രിപ്പയർ ചെയ്യിക്കേണ്ടേ..? " ഇൻറർവ്യൂ എന്നൊക്കെ പറയുമ്പോൾ എനിക്ക് ഒരു പേടിയുണ്ട് കണ്ണേട്ടാ.... " പേടിക്കുക ഒന്നും വേണ്ട ഞാൻ പറഞ്ഞു തരുന്നത് പോലെ അങ്ങ് പറഞ്ഞാൽ മതി, ചില കാര്യങ്ങൾ മാത്രമേ കള്ളം പറയേണ്ടിവരു, ഇപ്പൊൾ നമ്മൾ തമ്മിൽ അത്യാവശ്യം ഒരു അകലം ഒക്കെ കുറഞ്ഞത് കൊണ്ട് ഒരുപാട് കള്ളങ്ങൾ ഒന്നും ആവശ്യമായി വരില്ലായിരിക്കും, അവളൊന്ന് ചിരിച്ചു....

" എല്ലാ തിരക്കുകളും കഴിഞ്ഞ് എനിക്ക് കണ്ണേട്ടനോട്‌ ഒന്ന് സംസാരിക്കാനുണ്ട്, " എന്താടോ.... പ്രതീക്ഷയോടെ ആയിരുന്നു അവൻറെ ചോദ്യം, " അതിപ്പോ എങ്ങനെയാണ് ഞാൻ പറയുക, " തനിക്ക് എന്ത് കാര്യവും എന്നോട് പറയാമല്ലോ.... അപ്പോഴേക്കും ആ സ്വരം ഒന്ന് ആർദ്രം ആയിരുന്നു, " അത്‌ കണ്ണേട്ടാ ഞാനിത് പറയുമ്പോൾ എൻറെ ഒരു കണ്ടീഷൻ ആയോ അല്ലെങ്കിൽ അപേക്ഷയായോ എങ്ങനെ വേണമെങ്കിലും കണ്ണേട്ടൻ എടുത്തോളൂ, ഈ കുടുംബത്തിന് അപ്പുറം എനിക്കൊരു സന്തോഷം ഇല്ലെന്ന് അറിയാല്ലോ, ഇന്നലെ ഒരുദിവസം എൻറെ കാല് വയ്യാതായപ്പോൾ തന്നെ എനിക്ക് മനസ്സിലായി എത്ര ബുദ്ധിമുട്ടാണ് ഒരു മുറിക്കുള്ളിൽ ഇരിക്കുന്നത് എന്ന്, അപ്പോൾ അമ്മ എത്രയോ വർഷങ്ങളായി മുറിക്കുള്ളിൽ, നല്ലൊരു ഡോക്ടറെ കാണിക്കാം എന്ന് കണ്ണേട്ടൻ എന്നോട് പറഞ്ഞിരുന്നു, തിരക്ക് കഴിയുമ്പോൾ ഒന്ന് പരിഗണിക്കണം, എന്തൊക്കെയോ പ്രതീക്ഷിച്ചവൻറെ മുഖത്ത് ചെറിയൊരു മങ്ങൽ തെളിഞ്ഞിരുന്നുവെങ്കിലും അതിലെ ആത്മാർത്ഥത മനസ്സിലാക്കി ഒരു പുഞ്ചിരികൊണ്ട് അവൻ പറഞ്ഞു,

" ഇതായിരുന്നോ പറയാനുള്ളത്...? താൻ പറഞ്ഞില്ലെങ്കിലും ഞാൻ ചെയ്യാനിരുന്ന കാര്യം തന്നെയാണ് ഇത്‌... നാളെയോ മറ്റെന്നാളോ ഒരു ഡോക്ടർ വന്നു അമ്മയെ നോക്കും, അവൻ എൻറെ ഫ്രണ്ട് ആണ്, ആവശ്യമെങ്കിൽ അവൻറെ ക്ലിനിക്കിലേക്ക് അമ്മയെ മാറ്റും, ഒരുപാട് കാലങ്ങൾ ഒന്നും ആവാതെ അമ്മ നടക്കും, സരയു പേടിക്കേണ്ട..... ഞാൻ വിചാരിച്ചു... " എന്തു വിചാരിച്ചു...? പെട്ടെന്ന് അവൻ ചോദിച്ചപ്പോൾ അതിന് എന്ത് മറുപടി പറയണമെന്ന് അറിയില്ലായിരുന്നു, "അല്ല മറ്റെന്തെങ്കിലും തനിക്ക് പറയാനുണ്ടായിരുന്നതെന്ന് ഞാൻ വിചാരിച്ചു, " എനിക്ക് മറ്റ് എന്ത് കാര്യമാണ് കണ്ണേട്ടാ പറയാനുള്ളത്.... എൻറെ ജീവിതം മുഴുവൻ എൻറെ കുടുംബത്തിനുവേണ്ടി തന്നെ ഞാൻ മാറ്റിവച്ചിരിക്കുകയാണ്, മറ്റൊരു ചിന്തകളും എൻറെ മനസ്സിലേക്ക് വരുന്നില്ല, വെറുതെ അവനൊന്നു ചിരിച്ചു... " സത്യം പറഞ്ഞാൽ തന്റെ വീട്ടിലുള്ളോരോടൊക്കെ എനിക്ക് വല്ലാത്ത അസൂയയാണ് തോന്നുന്നത്, എന്ത് സ്നേഹിക്കുന്നുണ്ട് താൻ അവരെ അതുപോലെ എന്നെ സ്നേഹിക്കാൻ ആരും ഉണ്ടായിട്ടില്ല, മിഥുന് പറഞ്ഞു...

" ആരു പറഞ്ഞു...? കണ്ണേട്ടനെ അമ്മ ഒരുപാട് സ്നേഹിച്ചിട്ടുണ്ട്, " ഉണ്ടായിരിക്കാം.... " പക്ഷേ അമ്മയ്ക്ക് എന്നും എന്നെക്കാൾ ഇഷ്ടം അച്ഛനെ ആയിരുന്നു, അച്ഛനായിരുന്നു അമ്മയുടെ ലോകം, സാധാരണ എല്ലാവർക്കും മക്കളെ കഴിഞ്ഞേയുള്ളൂ പക്ഷേ അമ്മയ്ക്ക് എന്നും അച്ഛൻ കഴിഞ്ഞ ഉണ്ടായിരുന്നുള്ളൂ, അതിൽ എനിക്ക് കുശുമ്പ് ഒന്നുമില്ല, അങ്ങനെ തന്നെയാണ് വേണ്ടത്, അച്ഛൻ പോയതോടെ അമ്മ പൂർണമായും തകർന്നു, മാനസികമായി തകർന്ന അമ്മയെ രോഗവും കീഴ്പെടുത്തി, അമ്മ അച്ഛനെ സ്നേഹിച്ചപോലെ ശിഖ എന്നെ സ്നേഹിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു, ആഗ്രഹിച്ചു... പക്ഷെ ... അമ്മയ്ക്ക് എന്നോട് സ്നേഹം ആയിരുന്നു, ഒരുപാട് സ്നേഹം എനിക്ക് തരാൻ വേണ്ടി അമ്മ ബാക്കി വെക്കുകയും ചെയ്തു, സ്വീകരിക്കാൻ എനിക്ക് സാധിച്ചില്ല, എല്ലാമുണ്ടെങ്കിലും മനസ്സമാധാനം ഇല്ലെങ്കിൽ നമ്മുടെ ജീവിതത്തിന് യാതൊരു അർത്ഥവും ഇല്ല, നമ്മളെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ഒപ്പമുണ്ടാകും എന്ന് പറയുന്നത് അതൊരു വല്ലാത്ത വിശ്വാസം ആണ് നമുക്ക് നൽകുന്നത്, നമുക്ക് മരണത്തെപ്പോലും ജയിച്ചു വരാൻ തോന്നും, അത്രവലിയ വിശ്വാസം, " കണ്ണേട്ടൻ അങ്ങനെ വിഷമിക്കേണ്ട, കണ്ണേട്ടനെ എൻറെ കുടുംബത്തിലെ ഒരാളെ പോലെയല്ല ഞാൻ കാണുന്നത്....

അവന്റെ മുഖത്ത് നിരാശ പടർന്നു അങ്ങനെ ഒരു മറുപടി അവളിൽ നിന്ന് അവൻ പ്രതീക്ഷിച്ചില്ല... " എൻറെ മനസ്സിൽ കണ്ണേട്ടന്റെ സ്ഥാനം വളരെ വലുതാണ്, എന്റെ കുടുംബത്തിലുള്ളവരേക്കാൾ എൻറെ മനസ്സിൽ ഒരുപാട് മുകളിലാണ് കണ്ണേട്ടൻറെ സ്ഥാനം, ഞാൻ പറഞ്ഞില്ലേ ഞാനെന്നും പ്രാർത്ഥിക്കുന്ന ഈശ്വരൻമാർക്ക് തുല്യമായാണ് ഞാൻ കണ്ണേട്ടന് കാണുന്നത്..... അവന്റെ ഹൃദയം നിറഞ്ഞു... " ആദ്യമൊക്കെ ഭയമായിരുന്നു എനിക്ക്... ഒരു പുരുഷനോടൊപ്പം താമസിച്ചപ്പോൾ ഉണ്ടായ സങ്കോചവും എല്ലാം എനിക്ക് ഉണ്ടായിരുന്നു, പ്രത്യേകിച്ച് അയാൾ ഒരു സിനിമാനടൻ ആകുമ്പോൾ, എല്ലാ മോശം സ്വഭാവങ്ങളും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചത്, പക്ഷേ എന്നോടുള്ള പെരുമാറ്റത്തിൽ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു അങ്ങനെയല്ലന്ന്... ഇപ്പൊ എനിക്ക് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസം ഉള്ള ഒരാളെയുള്ളൂ... എൻറെ അച്ഛൻ കഴിഞ്ഞാൽ കണ്ണേട്ടൻ ആണ്, എനിക്കറിയാം ഈ മനസ്സ്.... എൻറെ മനസ്സിലുള്ള കണ്ണേട്ടൻറെ സ്ഥാനം അത് എനിക്ക് പറഞ്ഞു തരാൻ അറിയില്ല, ഒന്നു മാത്രം എനിക്ക് പറയാൻ പറ്റു, എൻറെ എല്ലാ പ്രിയപ്പെട്ടവരെക്കാളും മുകളിലാണ് ആ സ്ഥാനം, അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഒപ്പം ഹൃദയവും.,......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...