വേനൽമഴ...🍂💛: ഭാഗം 43

 

രചന: റിൻസി പ്രിൻസ്‌

എൻറെ മനസ്സിലുള്ള കണ്ണേട്ടൻറെ സ്ഥാനം അത് എനിക്ക് പറഞ്ഞു തരാൻ അറിയില്ല, ഒന്നു മാത്രം എനിക്ക് പറയാൻ പറ്റു, എൻറെ എല്ലാ പ്രിയപ്പെട്ടവരെക്കാളും മുകളിലാണ് ആ സ്ഥാനം, അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഒപ്പം ഹൃദയവും.. " അപ്പോൾ ഞാൻ തന്റെ ദൈവമാണ്... ദൈവത്തോട് സാധാരണ ആരാധന ആണല്ലോ, എന്റെ ആരാധികയാണ്, ചിരിയോടെ അവൻ പറഞ്ഞു... " പണ്ടും ആരാധന ആയിരുന്നല്ലോ കണ്ണേട്ടാ.... എത്രയോ സിനിമകളിൽ ഞാൻ ഈ മുഖം കണ്ടിരുന്നു, " അപ്പോൾ തനിക്ക് ഇഷ്ടമായിരുന്നോ...? ഒരു കുട്ടിയുടെ കൗതകത്തോടെ അവൻ ചോദിച്ചു... " ആ സിനിമകളൊക്കെ കണ്ട് കണ്ണേട്ടനെ ഇഷ്ടമില്ലാത്ത പെൺകുട്ടികൾ ഉണ്ടാവുമോ.? ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് പെൺകുട്ടികളുടെയെല്ലാം ഹീറോ ആയിരുന്നു, എല്ലാവരുടെയും ക്രഷ് ആയിരുന്നു... " തൻറെയോ...? മിഴികളിൽ ഒളിപ്പിച്ച കുസൃതിയോട് അവനത് ചോദിക്കുമ്പോൾ ആ മുഖത്തെ നേരിടാൻ സാധിക്കാതെ ആയിരുന്നു അവൾ നിന്നിരുന്നത്...

എന്താണ് താൻ പറയുക അന്നല്ല ഇന്നാണ് തനിക്ക് അവനോട് അഗാധമായ പ്രണയം എന്ന് തുറന്നു പറയണമെന്നുണ്ടായിരുന്നു, പക്ഷേ തങ്ങൾക്ക് ഇടയിലുള്ള പല മതിലുകളും അകലങ്ങൾ തീർക്കുന്നത് പോലെ, ആ മുഖത്തേക്ക് നോക്കാതെ ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ മറ്റെവിടെയോ നോക്കി പറഞ്ഞു... " ഞാൻ പണ്ടുമുതലേ നടക്കാത്ത കാര്യങ്ങളെപ്പറ്റി ചിന്തിക്കാറില്ല, " താൻ ഒരു സമർത്ഥയായ പെൺകുട്ടിയാണ്, എങ്ങനെ സംസാരിക്കണം എന്ന് തനിക്കറിയാം, അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി അവൻ പറഞ്ഞപ്പോൾ അതിന് പല അർത്ഥങ്ങളുണ്ട് എന്ന് അവൾക്കും തോന്നിയിരുന്നു, " ചേച്ചി...! അന്ന് ചേച്ചി എനിക്ക് ഒരു കവിത എഴുതി തന്നില്ലേ അത് ഞാൻ പാടി, യൂത്ത്ഫെസ്റ്റിവലിനു കവിത മത്സരത്തിൽ, എല്ലാർക്കും ഇഷ്ടമായി അതിന് എനിക്ക് പ്രൈസ് കിട്ടി, ഒരു ചെറിയ ട്രോഫി കാണിച്ചുകൊണ്ട് കുഞ്ഞി അത്‌ പറഞ്ഞപ്പോൾ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി മിഥുൻ ചോദിച്ചു.. " താൻ എഴുതുമോ..? "പിന്നെ...! ചേച്ചി അടിപൊളിയായിട്ട് കവിതയെഴുതും, ഒരുപാട് കവിതകൾ എഴുതിയിട്ടുണ്ട്... ഒരു ബുക്ക് ഉണ്ടായിരുന്നു ചേച്ചിക്ക്, അതൊന്നും കാണാൻ പോലും കിട്ടുന്നില്ല, ഇവിടെ എല്ലാം നോക്കി ഞാൻ.... ആ ബുക്ക് എനിക്ക് ഒന്ന് കാണണമല്ലോ... മിഥുൻ പറഞ്ഞു...

" ഇവൾക്ക് വട്ടാണ്.... ഞാൻ അങ്ങനെ ഒന്നും എഴുതില്ല, വെറുതെ കാക്ക പൂച്ച കവിതകളൊക്കെ, അതൊക്കെ കണ്ണേട്ടൻ ആണെങ്കിലും പെട്ടെന്ന് പറ്റാവുന്ന കാര്യമേ ഉള്ളൂ, ചെറുചിരിയോടെ പറഞ്ഞ ചായകുടിച്ച് തീർത്ത ഗ്ലാസ്സുമായി അവൾ അടുക്കളയിലേക്കു പോയിരുന്നു... കുറേസമയം എല്ലാവരെയും കണ്ട് സംസാരിച്ച് പ്രാതലും കഴിച്ച് അമ്മയോടും ഒക്കെ യാത്ര പറഞ്ഞ് ആണ് രണ്ടുപേരും അവിടെ നിന്നിറങ്ങാൻ തുടങ്ങിയത്, ഇറങ്ങുന്നതിനു മുൻപ് മുൻപ് മുത്തശ്ശിയോടും കുഞ്ഞിനോടും ഒക്കെ സ്നേഹത്തിൽ ചാലിച്ച തന്നെയാണ് അവൻ യാത്രപറഞ്ഞത് .. അതോടൊപ്പം രാഘവനെ വിളിച്ച് ഇന്ന് വൈകുന്നേരം തന്നെ ഒരു ഡോക്ടർ എത്തുമെന്നും അമ്മയെ കാണിക്കാനാണ് എന്നൊക്കെ പറഞ്ഞപ്പോൾ ആ മുഖങ്ങളെല്ലാം ഒരേപോലെ പ്രകാശിച്ചിരുന്നു... തിരികെയുള്ള യാത്ര ഒരല്പം വേദന സരയുവിൽ നിറച്ചിരുന്നു, വീട്ടിൽ നിന്ന് തിരികെ പോകുന്നത് എന്നും ഒരു വിങ്ങലാണല്ലോ പെൺകുട്ടികൾക്ക്, കണ്ണു നിറയാതിരിക്കാൻ അവൾ ശ്രമിച്ചിരുന്നു... അങ്ങോട്ടുള്ള യാത്രയിൽ രണ്ടുപേരും മൗനത്തിലായിരുന്നു, പല ചിന്തകളിലൂടെ അവർ പല യാത്രകൾ നടത്തി... അതിനിടയിൽ ഇൻറർവ്യൂ ഇൻറർവ്യൂ പ്രധാനമായി ചോദിക്കാൻ പോകുന്ന ചില ചോദ്യങ്ങളെ കുറിച്ചുമൊക്കെ ഒരേകദേശധാരണ അവൾക്ക് നൽകുവാനും മിഥുൻ മറന്നിരുന്നില്ല... എറണാകുളം എത്തിയപ്പോഴേക്കും വല്ലാതെ ക്ഷീണിച്ചു പോയിരുന്നു അവൻ, "

എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ട് നമുക്ക് മാളിൽ കയറി എന്തെങ്കിലും കഴിച്ചാലോ...? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു, അവൾ സമ്മതത്തോടെ തലയാട്ടി... മാളിലെ കാർ പാർക്കിംഗിലേക്ക് ചെന്നതിനു ശേഷം ഉള്ളിലേക്ക് കയറുമ്പോൾ അധികം ആളുകൾ ശ്രദ്ധിക്കാതിരിക്കാൻ കുനിഞ്ഞാണ് നടന്നത്, ഒരു തൊപ്പി കൂടി വെച്ചിട്ടുള്ളതുകൊണ്ട് പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കില്ലായിരുന്നു... എസ്കലേറ്ററിൽ കയറുന്നതിന് തൊട്ടുമുൻപ് സരയു അവന്റെ കൈകളിൽ മുറുകെ പിടിച്ചു, ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി... " എനിക്ക് പേടിയാ... ഇതിലൊന്നും ഞാൻ കയറിയിട്ടില്ല, ഞാനെങ്ങാനും വീണുപോയാലോ... " അത്ര വലിയ പ്രശ്നമൊന്നുമില്ല, താൻ ഒന്നും ചെയ്യേണ്ട, അതിൽ കയറി നിന്നാൽ മതി... മുകളിൽ ഇറങ്ങുന്നു, " ഞാൻ സ്റ്റെപ്പിലൂടെ വന്നോളാം, ഇതിൽ എങ്ങനെയാണ് പോകുന്നത് എന്ന് എനിക്ക് അറിയില്ല... " അറിയാത്ത കാര്യങ്ങളെപ്പറ്റി ഒക്കെ നന്നായിട്ട് പഠിക്കണം, ഇങ്ങനെയല്ലേ നമ്മൾ പുതിയ പുതിയ കാര്യങ്ങൾ പഠിക്കുന്നത്, " എനിക്ക് പേടി ആയതുകൊണ്ടാണ് കണ്ണേട്ടാ, അങ്ങനെ പേടിച്ചാൽ പറ്റൂമോ..? ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികളാണ് നമ്മൾ തരണം ചെയ്തിരിക്കുന്നത്, അപ്പോൾ പിന്നെ ഇതിനാണോ പ്രശ്നം, ഇത് സാധാരണ ഒരു എസ്കലേറ്റർ, ഞാൻ പിടിച്ചോളാം എന്റെ കൈകളിൽ മുറുകെ പിടിച്ചോ.... അതിലേക്ക് കയറുമ്പോഴും കാലുകൾക്ക് വല്ലാത്ത ഒരു വിറയൽ ഉണ്ടായിരുന്നു,

കണ്ണുകളടച്ച് അവൻറെ നെഞ്ചിലേക്ക് ചാരി ആണ് അവൾ നിന്നത്... ആ നിമിഷം അത്രയും അവളുടെ സാമീപ്യത്തിന്റെ സന്തോഷത്തിലായിരുന്നു അവൻ, അവളുടെ കൂന്തലിൽ നിന്നും വമിക്കുന്ന കാച്ചെണ്ണയുടെ ഗന്ധം അവനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് ഞാൻ എത്തിച്ചിരുന്നു, വീഴുമെന്ന് പറഞ്ഞത് അവളാണ് എങ്കിലും വീണുപോയത് അവനായിരുന്നു... അവളുടെ സാമിപ്യത്തിന്റെ ശക്തിയിൽ, മുകളിൽ എത്തിയപ്പോഴേക്കും കണ്ണുതുറക്കാൻ അവളോട് ആവശ്യപ്പെടുകയും ഇറങ്ങാൻ സഹായിക്കുകയും ചെയ്തിരുന്നു... " കണ്ടില്ലേ ഇത്രേയുള്ളു കാര്യം, അത്യാവശ്യം വലിയൊരു ഫുഡ്ക്കോർട്ടിൽ കയറിയാണ് ഭക്ഷണം കഴിക്കാൻ വേണ്ടിയിരുന്നത്, ഭക്ഷണം കഴിക്കാനെത്തിയ ആളെ കണ്ട് അവിടെയുള്ളവരെല്ലാം ഒന്ന് അമ്പരന്നതുകൊണ്ടുതന്നെ പ്രത്യേകമായി ഒരു മുറിയും കൊടുത്തു, അവൻ ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ ഒന്നും പേര് ജീവിതത്തിൽ സരയു കേട്ടിട്ടുണ്ടായിരുന്നില്ല, അതിൽ പലതും എങ്ങനെ കഴിക്കണമെന്ന് പോലും അവൾക്ക് അറിയുമായിരുന്നില്ല, ആദ്യം മുതൽ എല്ലാം കാണിച്ചു കൊടുക്കുകയായിരുന്നു മിഥുൻ ചെയ്തത്, ജീവിതത്തിൽ പുതിയ പുതിയ അനുഭവങ്ങളും സംഭവങ്ങളും പഠിക്കുകയായിരുന്നു സരയു...

മിഥുനും അറിയുകയായിരുന്നു ആ വീടിന് പുറത്ത് ലോകം കണ്ടിട്ടില്ലാത്ത ഒരു നിഷ്കളങ്കയായ പെണ്ണിനെ.... തിരികെ ഇറങ്ങുമ്പോൾ അവിടെയുള്ള ഒരു ബോട്ടിക്കിലേക്ക് അവൻ കയറുന്നത് കണ്ടു, അവനോടൊപ്പം അവളും കയറി, ടിഷുമെറ്റീരിയലിൽ ഉള്ള മയിൽപീലി ബോർഡർ വരുന്ന ഒരു മനോഹരമായ സെറ്റ് സാരി അവൻ തിരഞ്ഞെടുത്തു, അതിന് ചേർന്ന് രീതിയിലുള്ള ബ്ലൗസ് എടുത്ത് അപ്പോൾ തന്നെ സ്റ്റിച്ച് ചെയ്യാനും പറഞ്ഞു, ഒന്നും മനസ്സിലാവാതെ സരയു അവന്റെ മുഖത്തേക്ക് നോക്കി... " തനിക്ക് മോഡേൺ വേഷങ്ങൾ ഒന്നും ചേരില്ല, നാടൻ വേഷങ്ങളിൽ തന്നെ കാണാൻ എനിക്ക് ഇഷ്ടമാണ്... ഞാൻ പൊതുവെ മോഡേൺ വേഷങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളാണ്, പക്ഷേ തനിക്ക് അത്‌ ഇടുമ്പോൾ എന്തോ പോലെ, വേറെ ആരോ പോലെ... താൻ ഇന്റർവ്യൂവിൽ സാരി ഉടുത്താൽ മതി, എത്ര വലിയ പാർട്ടി വെയർ ഇട്ടാലും തന്റെ നാച്ചുറൽ സൗന്ദര്യം കിട്ടണമെങ്കിൽ താൻ സാധാരണ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ തന്നെ ഇടണം, ഒരു പുഞ്ചിരി മാത്രമാണ് അവൾ അതിനു പകരം നൽകിയത്...

തിരികെ കാറിലേക്ക് കയറുമ്പോൾ കഴിഞ്ഞ ഒരു രാത്രികൊണ്ട് അവനുമായുള്ള അകലം ഒരുപാട് കുറഞ്ഞുവെന്ന് അവൾക്കും തോന്നിയിരുന്നു... " നമുക്ക് ഒരു ഹോസ്പിറ്റൽ കൂടി കേറിയാലോ, തൻറെ കാൽ കാണിക്കേണ്ടേ... തിരികെയുള്ള യാത്രയിൽ അവൻ ചോദിച്ചു... " വേണ്ട കണ്ണേട്ടാ ശരിയായി.... തിരികെ വീട്ടിലേക്ക് ചെന്ന് അരുന്ധതിയോട് എല്ലാ വിശേഷങ്ങളും പറഞ്ഞു, വൈകുന്നേരം ഇന്റർവ്യൂവിന് പോകുവാൻ വേണ്ടി രണ്ടുപേരും തയ്യാറെടുത്തിരുന്നു, അപ്പോഴേക്കും മിഥുന്റെ മേക്കപ്പ് ആർട്ടിസ്റ്റ് എത്തിയിരുന്നു, ഒരുക്കിയത് വലിയ രീതിയിൽ മേക്കപ്പ് വേണ്ടന്ന് മിഥുൻ നിർദ്ദേശിച്ചു... അല്ലാതെ തന്നെ അവൾ സുന്ദരിയായിരുന്നു, കുറച്ചു സമയം അവളെ നോക്കി നിന്നു പോയിരുന്നു അവൻ, നീളൻ മുടി പിന്നി അതിൽ മുല്ലപ്പൂ കൂടി വച്ചപ്പോൾ ഒരു നവവധുവിനെ പോലെ തോന്നി അവളെ കണ്ടപ്പോൾ... ചാനലിന്റെ സ്റ്റുഡിയോയിലേക്ക് കയറിയപ്പോൾ വല്ലാത്തൊരു ഭയം സരയുവിനെ പിടികൂടിയിരുന്നു, അവന്റെ കൈകളിലേക്ക് അവൾ മുറുക്കിപ്പിടിച്ചു, ഭയം തോന്നുമ്പോഴെല്ലാം ഈ കരങ്ങളെ പുണരുന്നത് ഒരു പ്രത്യേകത വിശ്വാസമാണ് തനിക്ക് നൽകുന്നതെന്ന് അത്ഭുതത്തോടെ സരയൂ ഓർത്തു... അവളുടെ ഭയം അറിഞ്ഞിട്ട് എന്നതുപോലെ ആ കൈകൾ വിടാതെ ചേർത്തു പിടിച്ചിരുന്നു മിഥുൻ,

രസകരമായ പല ചോദ്യങ്ങളും ഇൻറർവ്യൂവിൽ ചോദിച്ചു, പ്രതീക്ഷിക്കാതെ ആയിരുന്നു അങ്ങനെയൊരു ചോദ്യം മിഥുനോട് അവതാരിക ചോദിച്ചത്... " ആദ്യമായിഇതാണ് എൻറെ സോൾമേറ്റ്, അല്ലെങ്കിൽ ഇനി ഈ ആൾക്ക് ഒപ്പം ആണ് എൻറെ ജീവിതം എന്ന ധാരണ തോന്നിയ ലൈഫ് ചെയ്ഞ്ചിങ് മോമെൻറ് ഏതായിരുന്നു...? ആ ചോദ്യത്തിന് ഹൃദയത്തിൽനിന്ന് തന്നെയായിരുന്നു മിഥുൻ മറുപടി പറഞ്ഞത്, " ഞാൻ ഒരിക്കലും ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുന്ന ഒരു കാര്യത്തിൽ വിശ്വസിക്കുന്ന ആളല്ല, ഒരാളെ കാണുമ്പോൾ തന്നെ നമുക്ക് പ്രണയം തോന്നുന്നുവെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്, അങ്ങനെയൊന്നും നമുക്ക് ഒരാളോടു തോന്നിയില്ല, അങ്ങനെ തോന്നുന്നത് ആകർഷണം മാത്രമാണ്.. സരയുവിനെ കണ്ടപ്പോൾ ആദ്യം എനിക്ക് ആകർഷണവും തോന്നിയിരുന്നില്ല, പക്ഷേ കൂടുതൽ മനസിലാക്കോയപ്പോൾ പലപ്പോഴും എനിക്ക് തോന്നിയിരുന്നു ഇതാണ് എൻറെ ജീവിതം, അല്ലെങ്കിൽ ഇതാണ് എനിക്ക് വേണ്ടിയുള്ള ഈശ്വരന്റെ കണ്ടെത്തൽ, ഇതിന് വേണ്ടി ആണ് ഞാൻ കാത്തിരുന്നത് എന്നൊക്കെ..

നമ്മുടെ കഴിഞ്ഞുപോയ വേദനിപ്പിക്കുന്ന നിമിഷങ്ങളെ നമ്മുടെ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞു അവിടെ സുന്ദരമായ ഒരു ചിരി വിരിയിക്കുവാൻ സാധിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ, എത്ര അകലെയാണെങ്കിലും ആ ഒരാളെ കാണാൻ നമ്മുടെ മനസ്സ് വെമ്പൽകൊള്ളുന്നുണ്ടെങ്കിൽ അതാണ് പ്രണയം, ഒരിക്കലും നമ്മൾ മിസ്സ് ചെയ്യുന്നത് അവർ ചെയ്തിട്ടുള്ള ജോലികളിൽ അല്ലെങ്കിൽ നമ്മൾ സ്ഥിരം കാണുന്ന അവരുടെ സാന്നിധ്യത്തിൽ അല്ല, ഒരു ദുഃഖം വരുമ്പോൾ അവർ നമ്മുടെ ഒപ്പം ഇല്ലെങ്കിൽ അല്ലെങ്കിൽ ഒരു സന്തോഷം വരുമ്പോൾ അവരോപ്പം ഇല്ലെങ്കിൽ ആ സന്തോഷം നമുക്ക് ഒരിക്കലും മുഴുവനായി ആഘോഷിക്കാൻ തോന്നില്ല, ആ ദുഃഖം നമ്മെ അഗാധ ദുഃഖത്തിലാഴ്ത്തും, അങ്ങനെയുള്ള അവസരങ്ങളിലാണ് നമ്മൾ മനസ്സിലാക്കുന്നത് ഇതായിരുന്നു എൻറെ ആളെന്ന്... അവളുടെ കണ്ണിൽ നോക്കി ആയിരുന്നു അവൻ പറഞ്ഞത്.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...