വിരൽത്തുമ്പിലാരോ : ഭാഗം 4

 

രചന: ശിവാ എസ് നായർ

"ശ്രീയേട്ടനെ എനിക്കിഷ്ടമാണ്... ഒരുപാടൊരുപാട് ഇഷ്ടമാ..." അർച്ചന അവന്റെ തോളോട് മുഖം ചേർത്ത് കാതിൽ പതിയെ മൊഴിഞ്ഞു. അത് പറയുമ്പോൾ അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത് ശിവപെരുമാൾ ക്ഷേത്രനടയിൽ നിന്നും പടവുകൾ കയറി വരുന്ന ശ്രീഹരിയുടെ മുഖം മാത്രമായിരുന്നു. "ഞാൻ ആദ്യമായി ശ്രീയേട്ടനെ കാണുന്നത് ശിവ പെരുമാളിന്റെ അമ്പലനടയിൽ വച്ചാണ്. ഭഗവാനെ തൊഴുത് പുറത്തേക്കിറങ്ങുമ്പോൾ എന്റെ നേർക്ക് പടവുകൾ കയറി വരുകയായിരുന്നു ശ്രീയേട്ടൻ. അന്നെന്റെ പ്ലസ്‌ ടു റിസൾട്ട്‌ വരുന്ന ദിവസമായിരുന്നു. അമ്പലത്തിൽ നിന്നും തെഴുത്തിറങ്ങിയപാടെ ഞാൻ കണ്ടത് ശ്രീയേട്ടന്റെ മുഖവും. ആദ്യ കാഴ്ചയിൽ തന്നെ ഈ മുഖം എന്റെ ഹൃദയത്തിൽ പതിഞ്ഞുപോയിരുന്നു. പിന്നെ ഇടയ്ക്കിടെ അമ്പലത്തിൽ വരുമ്പോൾ ശ്രീയേട്ടനെ ഞാൻ കാണാറുണ്ടായിരുന്നു. ശ്രീയേട്ടൻ ആരാണെന്നോ എവിടുന്ന് വരുന്നെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഈ മുഖം കാണുമ്പോഴൊക്കെ മനസ്സിന് വല്ലാത്തൊരു കുളിർമ അനുഭവപ്പെടുമായിരുന്നു. വീണ്ടും കാണാൻ മനസ്സിൽ അതിയായ മോഹം തോന്നുമായിരുന്നു. മുഖത്ത് നിന്നും കണ്ണെടുക്കാൻ തോന്നില്ല...." അർച്ചന വാചാലയായി. ചെറുപുഞ്ചിരിയോടെ ശ്രീഹരി അവളെ കേട്ടുകൊണ്ടിരുന്നു. "നമ്മൾ തമ്മിൽ കണ്ടുമുട്ടണമെന്നുള്ളത് ഈശ്വരന്റെ തീരുമാനമാണ് അർച്ചന...

അതുകൊണ്ടല്ലേ നമ്മൾ തമ്മിൽ പരസ്പരം തുറന്നുപറയാതെ തന്നെ ഒരിഷ്ടം നമുക്കിടയിൽ തോന്നിയത്." ശ്രീഹരി പറഞ്ഞു. "അതേ... ആ വിധിയിൽ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. ഒരിക്കലും എന്നെവിട്ട് പോകാതിരുന്നാൽ മാത്രം മതി." അതുപറയുമ്പോൾ അർച്ചനയുടെ കണ്ഠമൊന്നിടറി. "ഞാൻ കൂടെയുണ്ടാവും അർച്ചന..." ദുർബലമായ സ്വരത്തിൽ അവൻ പറഞ്ഞു. കുറച്ചുദൂരം കൂടെ ബൈക്കിൽ കറങ്ങിയ ശേഷം അർച്ചനയെ ബസ്സ്റ്റോപ്പിൽ ഇറക്കി ശ്രീഹരി തിരികെ പോയി. ************** ദിവസങ്ങൾ കടന്നുപോയി... അർച്ചനയുടെയും ശ്രീഹരിയുടെയും പ്രണയം അനുദിനം വളർന്നുകൊണ്ടിരുന്നു. ആർക്കും സംശയത്തിനു ഇടനൽകാതെയാണ് ഇരുവരും പരസ്പരം സ്നേഹിച്ചത്. ട്യൂഷൻ ക്ലാസ്സിൽ വച്ച് തമ്മിൽ കണ്ടുമുട്ടുമ്പോൾ ഒരു നോട്ടത്തിലോ ചിരിയിലോ അവർ തങ്ങളുടെ പ്രണയത്തെ ഉള്ളിലൊതുക്കി. ശനിയാഴ്ച ദിവസങ്ങളിൽ മാത്രം ഉച്ചയ്ക്ക് ട്യൂഷൻ ക്ലാസ്സ്‌ കഴിയുമ്പോൾ രണ്ടുപേരും ഏതെങ്കിലും കൂൾബാറിൽ പോയി സംസാരിക്കും. ആ സമയം അർച്ചനയ്ക്ക് ഫോണൊന്നുമില്ലായിരുന്നതുകൊണ്ട് ഇരുവർക്കും പരസ്പരം മനസ്സുതുറന്ന് സംസാരിക്കാൻ പറ്റുന്നത് ശനിയാഴ്ച ദിവസങ്ങളിൽ മാത്രമാണ്. സ്വന്തമായി ഫോണില്ലാത്തതു കൊണ്ട് അമ്മ കുളിക്കാൻ കയറുന്ന സമയം നോക്കി അമ്മയുടെ ഫോണെടുത്ത് അർച്ചന ശ്രീഹരിയെ വിളിക്കും. അനിത കുളിച്ചിറങ്ങും വരെ അവരുടെ സംസാരം നീണ്ടുപോകും.

അമ്മ വരുന്നത് കാണുമ്പോൾ തന്നെ അർച്ചന കാൾ കട്ട്‌ ചെയ്ത് നമ്പർ ഡിലീറ്റ് ചെയ്തശേഷം ഫോൺ എടുത്ത സ്ഥലത്തു തന്നെ കൊണ്ടുവയ്ക്കും. ദിവസേന ഇത് തുടർന്നപ്പോൾ അവൾക്ക് തന്നെ പേടിയായി തുടങ്ങി. ദിവസം ചെല്ലുതോറും അവളുടെ പേടി കൂടുകയായിരുന്നു. അമ്മയ്ക്കെങ്ങാനും സംശയം തോന്നി പിടിക്കപ്പെട്ടാൽ അതോടെ ട്യൂഷൻ ക്ലാസ്സിലേക്കുള്ള പോക്ക് മുടങ്ങും. അതുകൊണ്ട് സ്വന്തമായി ഒരു ഫോൺ വാങ്ങണമെന്ന് അവൾ മനസ്സിലുറപ്പിച്ചു. ട്യൂഷൻ ക്ലാസ്സിൽ പോയി കിട്ടുന്ന പൈസയൊക്കെ അവൾ സ്വരുകൂട്ടി വച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ സമ്മതം ചോദിച്ച് അർച്ചന ഇഎംഐ യിൽ ഒരു ഫോൺ വാങ്ങി. പുതിയ ഫോണും സിമ്മും ഒക്കെ എടുത്തശേഷം അർച്ചന ആദ്യം വിളിച്ചത് ശ്രീഹരിയെയാണ്. ശ്രീഹരിയുടെ നമ്പർ ഡയൽ ചെയ്തശേഷം അവൾ ഫോൺ ചെവിയോട് ചേർത്തു. മറുതലയ്ക്കൽ റിംഗ് ചെയ്യുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. "ഹലോ... ആരാണ്?" റിംഗ് ചെയ്ത് തീരാറായപ്പോഴാണ് ശ്രീഹരി കാൾ അറ്റൻഡ് ചെയ്തത്. "ശ്രീയേട്ടാ... ഞാനാ..." അർച്ചന പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. "അർച്ചന... നീയായിരുന്നോ?? ഇതേതാ നമ്പർ.?" ശ്രീഹരി ആകാംക്ഷയോടെ ചോദിച്ചു. "ഞാൻ പുതിയ ഫോൺ വാങ്ങി. ഇന്ന് രാവിലെയാ വാങ്ങിയത്. അപ്പോൾ തന്നെ സിം കാർഡും എടുത്തു. ഫസ്റ്റ് വിളിക്കുന്നതും ശ്രീയേട്ടനെയാണ്." സന്തോഷത്തോടെ അവൾ പറഞ്ഞു.

"ഇനി ടെൻഷനേതുമില്ലാതെ സൗകര്യമായി വിളിക്കാലോ. അമ്മ അറിയുമോന്നുള്ള പേടി വേണ്ടല്ലോ." "അമ്മ വീട്ടിലുള്ളപ്പോൾ വിളിച്ചാലും പ്രശ്നമാണ്. അമ്മ കാണാതെ മാറിനിന്ന് ഫോണിൽ സംസാരിച്ചാൽ സംശയം തോന്നില്ലേ. അതുകൊണ്ട് മുൻപത്തെ പോലെ അമ്മ കുളിക്കാൻ കയറുമ്പോഴേ കാൾ ചെയ്യാനൊക്കെ പറ്റു." അർച്ചന നിരാശ നിറഞ്ഞ സ്വരത്തിൽ പറഞ്ഞു. "കാൾ വേണോന്നില്ലല്ലോ... നമുക്ക് വാട്സാപ്പിൽ ചാറ്റ് ചെയ്യാലോ. കാണാൻ തോന്നുമ്പോൾ ഫോണിലൂടെ വീഡിയോ കാൾ വിളിച്ചു കാണാമല്ലോ." ശ്രീഹരിയുടെ വാക്കുകൾ അവൾക്ക് ഉന്മേഷം പകർന്നു. "എനിക്ക് വാട്സാപ്പ് ഒന്നും യൂസ് ചെയ്യാൻ അറിയില്ല.... ശ്രീയേട്ടൻ അതൊക്കെ ഒന്ന് പറഞ്ഞു തരോ." "അതൊക്കെ ഞാൻ പറഞ്ഞുതരാം.. നീയിപ്പോ എവിടെയാ?" "ഞാൻ വീട്ടിലേക്കുള്ള വഴിയേ നടക്കുവാ... ഇപ്പോ എത്തും." "വീട്ടിൽ അമ്മയുണ്ടാവോ ഇപ്പൊ?" "ഈ സമയം അമ്മ സമീറിക്കയുടെ വീട്ടിലായിരിക്കും." അന്ന് ഒരു അവധി ദിവസമായിരുന്നതിനാൽ ട്യൂഷൻ ക്ലാസും കോളേജുമൊക്കെ അവധിയായിരുന്നു. "ഞാൻ വാട്സാപ്പ് യൂസ് ചെയ്യേണ്ടതെങ്ങനെയെന്ന് പറഞ്ഞു തരാം. നീ വീട്ടിൽ പോയിട്ട് അതുപോലെ ചെയ്തുനോക്കു." ശ്രീഹരി അവൾക്ക് വാട്സാപ്പ് എങ്ങനെ എടുക്കണമെന്നും ഉപയോഗിക്കേണ്ട വിധമൊക്കെ കൃത്യമായി പറഞ്ഞു കൊടുത്തു.

"പറഞ്ഞതൊക്കെ മനസ്സിലായോ?" ശ്രീഹരി ചോദിച്ചു. "ഏകദേശ ധാരണയൊക്കെ കിട്ടി... ഞാൻ വീട്ടിൽ എത്തിയ ശേഷം എടുത്തുനോക്കാം." "നീ എത്താറായോ?" "ആഹ് ഇപ്പൊ എത്തും. ശ്രീയേട്ടൻ എവിടെയാ, വീട്ടിലാണോ?" "മ്മ് ഞാൻ വീട്ടിലുണ്ട്..." "എങ്കിൽ ശരി ഞാൻ വീടെത്തിയിട്ട് വിളിക്കാം ശ്രീയേട്ടാ." "ഓക്കേ, നീ നോക്കിയിട്ട് വിളിക്ക്." ശ്രീഹരി പറഞ്ഞു. അർച്ചന കാൾ കട്ട്‌ ചെയ്ത് ഫോൺ ബാഗിലേക്കിട്ട് ധൃതിയിൽ നടന്നു. എത്രയും വേഗം വീട്ടിലെത്താൻ അവളുടെ ഉള്ളം തുടിച്ചു. വീടെത്തിയ ഉടനെ തന്നെ തന്റെ കൈയിലുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അവൾ അകത്തേക്ക് കയറി. മുൻവാതിൽ അടച്ച് ലോക്ക് ചെയ്ത ശേഷം അർച്ചന അവളുടെ റൂമിലേക്ക് നടന്നു. റൂമെത്തിയതും കട്ടിലിലേക്ക് വീണുകൊണ്ടവൾ ഫോൺ എടുത്ത് വാട്സാപ്പ് ഓപ്പൺ ആക്കി. ഫോൺനമ്പർ ടൈപ്പ് ചെയ്തുകൊടുക്കേണ്ടിടത്ത് അവൾ തന്റെ നമ്പർ ടൈപ്പ് ചെയ്തു. കുറച്ചുനിമിഷങ്ങൾക്കുള്ളിൽ തന്നെ അർച്ചന വാട്സാപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തു. അപ്പോഴാണ് അവൾക്ക് ശ്രീഹരിയുടെ നമ്പറിൽ നിന്നും വാട്സാപ്പിൽ "hii" എന്നൊരു മെസ്സേജ് വന്നത്. ഫോൺ സ്‌ക്രീനിൽ ശ്രീഹരിയുടെ നമ്പറിൽ നിന്നുള്ള മെസ്സേജ് കണ്ടപ്പോൾ അത്യധികം സന്തോഷത്തോടെയും അതിലേറെ അത്ഭുതത്തോടെയും അർച്ചന അവന്റെ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി. ശ്രീഹരി അയച്ച മെസ്സേജിനു മറുപടിയായി അവളും ഒരു "hi" തിരിച്ചയച്ചു.

"വാട്സാപ്പ് യൂസ് ചെയ്യാൻ മനസ്സിലായോ?" ശ്രീഹരിയുടെ മെസ്സേജ് വായിച്ച ശേഷം അർച്ചന മറുപടി ടൈപ്പ് ചെയ്തു. "കുറച്ചു കുറച്ചായി പഠിച്ചു വരുന്നു... ഇതിലെങ്ങനെയാ കണ്ടുസംസാരിക്കാൻ പറ്റുന്നേ?" സ്മാർട്ട്‌ ഫോൺ ആദ്യമായി യൂസ് ചെയ്യുന്നതിന്റെ കൗതുകവും അമ്പരപ്പും അവളിൽ നിറഞ്ഞു നിന്നിരുന്നു. അർച്ചനയുടെ മെസ്സേജ് കണ്ടതും ശ്രീഹരി അവളെ വീഡിയോ കാൾ ചെയ്തു. പെട്ടന്ന് അവന്റെ കാൾ കണ്ടപ്പോൾ അർച്ചനയ്ക്കാകെ പരിഭ്രമമായി. കാൾ എങ്ങനെ അറ്റൻഡ് ചെയ്യണമെന്ന് അവൾക്കറിയില്ലായിരുന്നു. ഒടുവിൽ സ്‌ക്രീനിൽ മുകളിലേക്ക് സ്വയ്പ്പ് ചെയ്തപ്പോൾ വീഡിയോ കാൾ കണക്ട് ആയി. മൊബൈൽ സ്‌ക്രീനിൽ പുഞ്ചിരി തൂകി ഇരിക്കുന്ന ശ്രീഹരിയെ കണ്ടപ്പോൾ അർച്ചനയ്ക്ക് ആഹ്ലാദം അടക്കാനായില്ല. "ശ്രീയേട്ടാ...." അത്ഭുതം നിറഞ്ഞ സ്വരത്തിൽ അവൾ വിളിച്ചു. "എന്തോ..." അവൻ അവളുടെ വിളി കേട്ടു. "ഇത്... ഇതെങ്ങനെ...?" "സ്മാർട്ട്‌ ഫോണിൽ ഇങ്ങനെ ചില ഗുണങ്ങളൊക്കെയുണ്ട്. ഇനി നമുക്ക് എപ്പോ കാണാൻ തോന്നിയാലും നിമിഷനേരം കൊണ്ട് കാണാം. ഇനി അഥവാ കാൾ ചെയ്യാൻ പറ്റാത്ത സിറ്റുവേഷനാണെങ്കിൽ ഇഷ്ടം പോലെ ചാറ്റും ചെയ്യാം." ശ്രീഹരി പറഞ്ഞു. "എനിക്കെന്താ പറയേണ്ടതെന്ന് അറിയില്ല ശ്രീയേട്ടാ... അത്രയ്ക്ക് സന്തോഷം തോന്നുന്നുണ്ട്. ഇനി അമ്മയ്ക്ക് സംശയം തോന്നുമോന്ന് ആലോചിച്ച് പേടിക്കണ്ടല്ലോ. അമ്മയുള്ളപ്പോൾ ശ്രീയേട്ടനോട് സംസാരിക്കാൻ പറ്റിയിലെങ്കിലും ഇങ്ങനെ വീഡിയോ വിളിച്ച് കണ്ടോണ്ടിരിക്കാലോ എനിക്ക്."

അർച്ചനയ്ക്ക് ആഹ്ലാദമടക്കാൻ കഴിഞ്ഞില്ല. ഓരോന്നും മിണ്ടിയും പറഞ്ഞും സമയം പോകുന്നത് ഇരുവരും അറിയുന്നുണ്ടായിരുന്നില്ല. ഫോൺ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതിനെ പറ്റിയൊക്കെ ശ്രീഹരി അവൾക്ക് പറഞ്ഞു കൊടുത്തു. "പുതിയ ഫോൺ വാങ്ങിയതൊക്കെ കൊള്ളാം, മുഴുവൻ സമയം ഇതിൽ തന്നെ തോണ്ടിയിരുന്ന് പഠിത്തം ഉഴപ്പരുത്. മര്യാദക്ക് പഠിച്ച് നല്ലൊരു ജോലി വാങ്ങണം. അമ്മ കഷ്ടപ്പെടുന്നത് കാണുന്നുണ്ടല്ലോ അല്ലെ?" ശ്രീഹരി താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു. "ഇല്ല ശ്രീയേട്ടാ... ഞാൻ നന്നായി പഠിച്ചോളാം. ശ്രീയേട്ടൻ ഒപ്പമുണ്ടെങ്കിൽ ഞാൻ എല്ലാം നേടും. പഠിച്ച് ഒരു ജോലി വാങ്ങും ഞാൻ." അർച്ചന അവന് ഉറപ്പ് കൊടുത്തു. പിന്നെയും അവരുടെ സംസാരം നീണ്ടുപോയി. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു. "അർച്ചനാ ഞാനെന്നാ ഫോൺ വയ്ക്കട്ടെ, അമ്മ ഇപ്പൊ കഴിക്കാൻ വിളിക്കും. നീയും പോയി എന്തെങ്കിലും കഴിക്ക്. എന്നിട്ട് ബുക്കെടുത്ത് കുറച്ചുനേരം പഠിക്ക്. എനിക്കും പിഎസ്സി എക്സാമിന് വേണ്ടി പോർഷൻസ് പഠിക്കാനുണ്ട്." "ശരി ശ്രീയേട്ടാ... ഏട്ടൻ ഫ്രീ ആകുമ്പോൾ മെസ്സേജ് ഇടണേ.." "അർച്ചനാ..." ശ്രീഹരി ആർദ്രമായി വിളിച്ചു. "എന്താ ശ്രീയേട്ടാ.?" അവൾ ആകാംക്ഷയോടെ അവനെ നോക്കി. "ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യം ആവോ?" ശ്രീഹരി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. "ശ്രീയേട്ടന് എന്നോട് എന്തും ചോദിക്കാലോ.. ഞാൻ എന്തിനാ ദേഷ്യപ്പെടണേ." അർച്ചന നിഷ്കളങ്കമായി ചിരിച്ചു. "എന്നാ ഞാൻ ചോദിക്കട്ടെ..."

"ചോദിക്കെന്നെ.." അർച്ചന ആകാംക്ഷയോടെ അവനെന്താ ചോദിക്കാൻ പോകുന്നതെന്നറിയാതെ ചെവി കൂർപ്പിച്ചു. "എനിക്ക്.... എനിക്കൊരു ഉമ്മ തരാമോ?" ശ്രീഹരി ചോദിച്ചു. അവന്റെ ചോദ്യം കേട്ടതും അർച്ചനയ്ക്ക് എന്തെന്നില്ലാത്ത നാണം തോന്നി. ഒന്നും മിണ്ടാതെ അവൾ തല കുമ്പിട്ടിരുന്നു. "അർച്ചനാ..." ശ്രീഹരി വിളിച്ചു. "ഉം...." അവൾ ഒന്ന് മൂളി. "ചോദിച്ചത് ഇഷ്ടായില്ലെങ്കി വേണ്ട... സോറി.." "അയ്യോ... ശ്രീയേട്ടൻ എന്തിനാ സോറി പറയണേ. എനിക്ക്.... എനിക്ക് ഇഷ്ടക്കേടൊന്നുമില്ല..." അത് പറയുമ്പോൾ അവളുടെ മുഖത്ത് നാണത്തിൽ ചാലിച്ചൊരു പുഞ്ചിരി വിടർന്നു. അത് കണ്ടപ്പോൾ ശ്രീഹരിയുടെ മുഖം തെളിഞ്ഞു. "എങ്കിൽ എനിക്കൊരു ഉമ്മ തരോ... ദാ ഇവിടെ..." ശ്രീഹരി തന്റെ കവിളിൽ തൊട്ടുകൊണ്ട് ചോദിച്ചു. "തരാം..." അവളുടെ സ്വരം ദുർബലമായി. "എന്നാ വേഗം താ..." "ഉമ്മ്മ്മ്മ്മ്മ..." അർച്ചന മൊബൈൽ സ്‌ക്രീനിൽ ചുണ്ടുകൾ അമർത്തി. ശ്രീഹരിയുടെ മുഖം വിടർന്നു... മറുപടിയായി അവനും അവൾക്കൊരുമ്മ നൽകി. പിന്നെയും കുറച്ചുസമയം കൂടി സംസാരിച്ച ശേഷം ശ്രീഹരി തന്നെ കാൾ കട്ട്‌ ചെയ്തു. അർച്ചനയ്ക്ക് എന്തെന്നില്ലാത്തൊരു സന്തോഷവും പരവേശവുമൊക്കെ തോന്നി. മൊബൈൽ ചുണ്ടോട് ചേർത്ത് മിഴികളടച്ച് അവൾ കിടന്നു. ************** കോളേജ് വിട്ട് വൈകുന്നേരം വീട്ടിലെത്തി കുളിച്ചു ഫ്രഷ് ആയി പഠിത്തമൊക്കെ കഴിഞ്ഞ് ആഹാരം കഴിച്ചു കിടന്നാൽപ്പിന്നെ രാത്രി ഏകദേശം പന്ത്രണ്ടുമണി വരെ അർച്ചന ശ്രീഹരിയുമായി ചാറ്റ് ചെയ്യുന്നത് പതിവായി. ദിവസങ്ങൾ കഴിയുംതോറും അർച്ചന ശ്രീഹരിയിലേക്ക് കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു. പതിയെ പതിയെ ശ്രീഹരിയുടെ മെസ്സേജുകൾ മറ്റൊരുതലത്തിലേക്ക് മാറാൻ തുടങ്ങി.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...