അപരിചിത : ഭാഗം 14
Jan 9, 2025, 08:46 IST
എഴുത്തുകാരി: മിത്ര വിന്ദ
ശ്രീഹരി വിട്ടിൽ എത്തിയപ്പോൾ പുറത്ത് ഒരു കാർ കിടപ്പുണ്ടായിരുന്നു.. , ദേവികചിറ്റ വന്നിട്ടുണ്ട് എന്നു അവനു മനസിലായി. അവൻ ബൈക്ക് ഒതുക്കി വെച്ചിട്ട് വീടിനകത്തേക്ക് പ്രവേശിച്ചു. ഉറക്കെ ഉള്ള ശകാരങ്ങളും, ശാപവാക്കുകളും ഉയർന്നു തന്റെ മുറിയിൽ നിന്നു ഉയർന്നു കേൾക്കാം.. അത് അമ്മയുടെ ആണെന്ന് മനസിലാക്കുവാൻ അവനു അധികം സമയം വേണ്ടി വന്നില്ല. ശ്രീഹരി തന്റെ മുറിയിലേക്ക് കയറി വന്നു. അവൻ നോക്കിയപ്പോൾ അമ്മ എന്തൊക്കെയോ പുലമ്പുന്നുണ്ട്. എടി.. നീ നല്ല കുടുംബത്തിലെ ആൺകുട്ടികളെ വലവീശി പിടിച്ചു നടക്കുന്നവൾ അല്ലേടി... ദേവിക ചിറ്റ ആണ് അടുത്ത ഊഴം. മേഘ്‌ന വിങ്ങി പൊട്ടുകയാണ്. നിന്റെ വായിൽ നാക്കില്ലെടി... നിന്നു മോങ്ങുന്നത് കണ്ടില്ലേ.. കള്ളി.... ഞങ്ങടെ കൊച്ചിന്റെ ജീവിതം കളഞ്ഞു കുളിച്ചില്ലേ . ദേവിക അമർഷം പൂണ്ടു.. ഇനി ഞാൻ ആ രേവതിയോട് എന്ത് പറയും... ന്റെ കണ്ണാ.... നീ എന്നെ പരീക്ഷിക്കല്ലേ.... ഗിരിജ പിന്നെയും കരയുക ആണ്. എടി.... ഇറങ്ങിക്കോണം നീ ഇവിടുന്നു.. ദേവികചിറ്റ മേഘ്‌നയുടെ കൈയിൽ പിടിച്ചു ഞെരിച്ചു.. അവൾ വേദന കൊണ്ട് പുളഞ്ഞു. ചിറ്റേ...... ശ്രീഹരി ഒരു അലർച്ച ആയിരുന്നു. അവളുടെ കൈയിൽ നിന്നു വിട്... അവൻ ദേവികയെ രൂക്ഷമായി നോക്കി. ദേവിക വേഗം മേഘ്‌ന യുടെ കൈയുടെ പിടിത്തം വിട്ടു. ശ്രീഹരിയുടെ ഇങ്ങനെ ഒരു ഭാവം ആരും ഇതിനു മുൻപ് കണ്ടിരുന്നില്ല. എന്താ ഇവിടെ എല്ലാവരും കൂടി... ശ്രീഹരി ദേഷ്യപ്പെട്ടു. എടാ.... നിന്റെ വേളി കഴിഞ്ഞു എന്നറിഞ്ഞു വന്നതാണ്. ഞങളുടെ കുടുംബത്തിൽ ആദ്യം ആയിട്ട് ഉണ്ടായ ഉണ്ണി അല്ലേ, അപ്പോൾ അത് അറിഞ്ഞു കൊണ്ട് നിന്നെ ഒന്നു കാണാൻ വന്നതാണ്... ദേവിക പുച്ഛഭാവത്തിൽ പറഞ്ഞു. ശ്രീഹരി അതിനു മറുപടി ഒന്നും പറഞ്ഞിരുന്നില്ല. എല്ലാവരും മുറിക്കു പുറത്തിറങ്ങി.കുറച്ചു സമയം കഴിഞ്ഞതും അവർ ഗിരിജയോട് യാത്ര പറഞ്ഞു പോയി. മേഘ്‌ന മുറിയിൽ ചടഞ്ഞു കൂടി ഇരിക്കുക ആണ്. ഇത്രയും നേരം ആയിട്ടും വെള്ളം പോലും കുടിച്ചിട്ടില്ല.. തൊണ്ട വരളുന്നുണ്ടായിരുന്നു. ഈശ്വരാ... എന്ത് പരീക്ഷണം ആണ്.. അവൾക്ക് ചങ്ക്പൊട്ടുകയാണ്. ശ്രീഹരി മുറിക്കകത്തേക്ക് കയറി വന്നു. പോയി കുളിച്ചിട്ട് വരൂ... എനിക്ക് ലൈറ്റ് ഓഫ് ചെയ്തു കിടക്കണം... ശ്രീഹരി പറഞ്ഞു.. അവൾ വേഗം തന്നെ എഴുനേറ്റു.. ബാഗിൽ നിന്നു ഡ്രെസ് എടുത്തുകൊണ്ട് വാഷ്റൂമിൽ കയറി. കുളി കഴിഞ്ഞു അവൾ ഇറങ്ങി വന്നപ്പോൾ ശ്രീഹരി ഉറങ്ങിയിരുന്നു. അവൾ ഒരു ബെഡ്ഷീറ് എടുത്തു നിലത്തു വിരിച്ചു. എന്നിട്ട് ലൈറ്റ് ഓഫ് ചെയ്തിട്ട് കിടന്നു. ഈശ്വരാ.... എങ്ങനെ എങ്കിലും പെട്ടന്ന് ഇവിടെ നിന്നു പോകാൻ കഴിഞ്ഞിരുന്നു എങ്കിൽ... അവൾ മനമുരുകി പ്രാർത്ഥിച്ചു. ശ്രീഹരി വെറുതെ ഉറക്കം നടിച്ചു കിടന്നതാണ്. അവന്റെ മനസിലും നൂറായിരം ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ടായിരുന്നു. പെട്ടന്ന് വാതിലിൽ ആരോ തട്ടി. ശ്രീഹരി ചാടി എഴുനേറ്റു. പുറത്ത് മുത്തശ്ശി ആയിരുന്നു. എന്ത് ആണ് മുത്തശ്ശി.... അവൻ ആരാഞ്ഞു. മുത്തശ്ശി ചുറ്റിലും നോക്കിയിട്ട് രണ്ട് റോബസ്റ്റ പഴം ശ്രീഹരിയുടെ കൈയിൽ വെച്ചു കൊടുത്തു. മോനേ... ആ കുട്ടി ഒന്നു കഴിച്ചില്ലലോ.. നീ ഇത് അവൾക്ക് കൊടുക്ക്... മുത്തശ്ശി അത് പറഞ്ഞു കൊണ്ട് വേഗം അവിടെ നിന്നു നടന്നു പോയി. അപ്പോളാണ് ശ്രീഹരി പോലും അത് ചിന്തിച്ചത്.. ഒന്നും കഴിച്ചിരുന്നില്ല അല്ലേ... ആം സോറി... ശ്രീ അവളെ നോക്കി. ഇതാ... ഇത് കഴിച്ചോളൂ.. അവൻ അതും പറഞ്ഞു പഴം അവൾക്ക് കൊടുത്തു. അവൾ അത് ആർത്തിയോടെ കഴിച്ചു... ശ്രീഹരി അത് നോക്കി നിന്നു. അവൾക്ക് നന്നായി വിശക്കുന്നുണ്ട് എന്നു ശ്രീഹരിക്ക് മനസ്സിലായി. വെള്ളം വേണോ... അവൻ ചോദിച്ചപ്പോൾ അവൾ തലയാട്ടി. ശ്രീഹരി അപ്പോൾ തന്നെ അടുക്കളയിൽ ചെന്നു വെള്ളം എടുക്കാനായി. ഗിരിജ അവനെ അടിമുടി ഒന്നു നോക്കി. മകന് ഇങ്ങനെ ഒരു പതിവില്ലാത്തത് ആണ് എന്ന് അവർക്ക് അറിയാം. ശ്രീഹരി കൊടുത്ത വെള്ളവും കുടിച്ചിട്ട് അവൾ നന്ദിയോടെ അവനെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. കിടന്നോളു.... അവൻ പറഞ്ഞു......തുടരും