{"vars":{"id": "89527:4990"}}

ഏയ്ഞ്ചൽ: ഭാഗം 1

 

രചന: സന്തോഷ് അപ്പുകുട്ടൻ

" കടലിൽ വീണ ആളുകളെ ഇത്ര ആത്മാർത്ഥതയോടെ രക്ഷപ്പെടുത്താൻ നിങ്ങളെ ദൈവം പറഞ്ഞേൽപ്പിച്ചതാണോ?" മൊബൈലിൽ നിന്ന് കാതോരം വന്നു ചേർന്ന പെൺശബ്ദം ആദിത്യനെ ഒരു നിമിഷം സ്തബ്ധനാക്കി. തീരത്തേക്ക് വന്നണയുന്ന തിരയുടെ ഗർജ്ജനം പോലെയായിരുന്നു ആ ശബ്ദമെന്ന് ആദിത്യന് തോന്നി. അവൻ്റെ കാൽപാദങ്ങളെ നനച്ചു, മടങ്ങിപോയ തിരകളുടെ പാൽ നുരയിലേക്ക് അവൻ നിശബ്ദം നോക്കി നിന്നു. "ഏയ് മാൻ.... നിങ്ങൾക്ക് ചെവി കേട്ടുകൂടെ? ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല..... " വീണ്ടും അതേ ശബ്ദം മൊബൈലിലൂടെ ഉയർന്നപ്പോൾ, അവൻ തിരകളിൽ ചാഞ്ചാടി നിൽക്കുന്ന വഞ്ചിയെയും, വഞ്ചി പിടിച്ചു തൻ്റെ വരവിനായ് കാത്തിരിക്കുന്നവരെയും ശ്രദ്ധിച്ചു. "നിങ്ങളാരാണ്?" ഒരു നിമിഷത്തെ മൗനത്തിനു ശേഷം ആദിത്യൻ ചോദിച്ചപ്പോൾ, അങ്ങേതലയ്ക്കൽ പല്ലു ഞെരിയുന്ന ശബ്ദമാണ് അവൻ കേട്ടത്. "എൻ്റെ ഡീറ്റെയിൽസ് കിട്ടിയാൽ മാത്രമേ നിങ്ങൾ ഉത്തരം പറയുകയുള്ളൂ?" "പൂയ്.... ആദിത്യാ " വഞ്ചിയും പിടിച്ചു അക്ഷമയോടെ നിൽക്കുന്നവർ നീട്ടി വിളിച്ചതവൻ കേട്ടു. അവനും കൂടിയെത്തിയാൽ വഞ്ചി കടലിലേക്ക് ഇറക്കാൻ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു അവർ..... "ആദിത്യാ.... തിരയൊതുങ്ങിയ നേരമാണ്..... എത്രയും പെട്ടെന്ന് വഞ്ചി കടലിലേക്കിറക്കണം.... " ആദിത്യനെ നോക്കി വഞ്ചിക്കാരിലൊരാൾ വിളിച്ചു പറഞ്ഞപ്പോൾ അവൻ, ചക്രവാളം മുട്ടിയിരുമ്മുന്ന കടലിനെ നോക്കി. ഇതുവരെ ആകാശത്തോളം അലറി തുള്ളിയിരുന്ന തിരമാലകൾ തളർന്നതു പോലെ, ചെറിയ ചെറിയ തിരകളായ് മാറിയിരിക്കുന്നു. കാർമേഘങ്ങളാൽ ഇരുൾ മൂടിയ ആകാശം, പുതിയൊരു മഴയ്ക്കുള്ള കാത്തിരിപ്പാണ്..... ചക്രവാളത്തിൽ നിന്ന് വീശിയടിക്കുന്ന കാറ്റ്, തിരകളെ താലോലിച്ചുകൊണ്ട് അവനെയും ചുംബിച്ച്, തീരത്ത് നിരനിരയായി നിൽക്കുന്ന തെങ്ങിൻ കൂട്ടങ്ങളിലെ തലപ്പുകളിലെത്തുമ്പോൾ രൗദ്രഭാവം പൂണ്ടു തുടങ്ങിയിരുന്നു..... തെങ്ങോല പട്ടകൾ കാറ്റിൽ പറിഞ്ഞു പോകും പോലെ ഇളകിയാടി.... "നിമിഷങ്ങൾക്കുള്ളിൽ ഒരു മഴക്ക് സാധ്യതയുണ്ട്" എന്ന് മന്ത്രിച്ചു കൊണ്ട്, തന്നെ തൊട്ടു തഴുകുന്ന തിരയിൽ നിന്ന് അവൻ വഞ്ചിയിലേക്കും, മൊബൈലിലേക്കും മാറി മാറി നോക്കി. "മാഡം.... നിങ്ങളാരാണെന്നു പറഞ്ഞാൽ ഉത്തരം ഞാൻ പിന്നെ തരാം... ഞാനിപ്പോൾ വഞ്ചിയിറക്കുവാ" അവൻ പൊടുന്നനെ പറഞ്ഞു കൊണ്ട് മൊബൈൽ ഓഫ് ചെയ്ത് വഞ്ചിക്കരികിലേക്ക് ഓടി. ഓളങ്ങളിൽ ചാഞ്ചാടി നിൽക്കുന്ന വഞ്ചിയെ ശക്തിയിൽ മുന്നോട്ടു തള്ളിയതിനു ശേഷം ആദിത്യൻ വഞ്ചിപടിയിലേക്ക് ചാടിയിരുന്നു യമഹ എഞ്ചിൻ സ്റ്റാർട്ടാക്കിയതും,ശാന്തമായി കിടക്കുന്ന കടലമ്മയുടെ മാറിലൂടെ അവരെയും കൊണ്ട് വഞ്ചി പതിയെ പുറംകടലിലേക്ക് കുതിച്ചു.... കൂട്ടം തെറ്റിയ കുഞ്ഞാടുകളെ പോലെ ആകാശത്ത് നട്ടം തിരിയുന്ന കാർമേഘങ്ങൾക്കു താഴെ, കടൽ കാക്കകൾ വട്ടമിട്ടു പറക്കുന്നതും നോക്കി ആദിത്യൻ വഞ്ചിപടിയിലിരുന്നു..... "ആരായിരുന്നെടാ ഫോണിൽ?" തിരകളെ കീറിമുറിച്ചു കൊണ്ട് പാഞ്ഞു പോകുന്ന വഞ്ചിയിലിരുന്നു അനിൽ ചോദിച്ചപ്പോൾ, യമഹ എഞ്ചിനെ നിയന്ത്രിച്ചു കൊണ്ടിരുന്ന അവൻ അറിയില്ലെന്ന് തലയാട്ടി. " പിന്നെ... അറിയാത്ത ആളോടല്ലേ ഇത്രേം നേരം സംസാരിക്കുന്നത്?" വലിച്ചു തീർന്ന ബീഡികുറ്റി കടലിലേക്ക് എറിഞ്ഞു കൊണ്ട് ബിജു ചിരിച്ചു. " പറ ആദീ.... വല്ല പൂമീനും ചൂണ്ടയിൽ കൊത്തിയോ?... " ബിജുവിൻ്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാതെ ആദിത്യൻ കുറച്ചു ദൂരെ ആകാശത്ത് വട്ടമിട്ടു പറക്കുന്ന കടൽ പക്ഷികളിലേക്ക് നോക്കി. "രാമേട്ടാ.... വഞ്ചി നമ്മൾക്ക് അങ്ങോട്ട് അടുപ്പിക്കാം അല്ലേ?... " ആദിയുടെ ചോദ്യം കേട്ടതും, കൂട്ടത്തിൽ തലമൂത്ത കാരണവരായ രാമനാശാൻ, കണ്ണുകൾക്കു മുന്നിൽ കൈപ്പടം വെച്ചു, ആദി ചൂണ്ടിയയിടത്തേക്കു നോക്കി. "വെള്ളത്തിന് നിറവ്യത്യാസവും, പക്ഷികൾ താണു പറക്കുന്നും ഉണ്ട്.... അങ്ങോട്ടേയ്ക്ക് തന്നെ അടുപ്പിച്ചോ ആദിമോനേ.... " രണ്ട് മിനിറ്റോളം അങ്ങോട്ടേക്ക് തന്നെ നോക്കി രാമേട്ടൻ പറഞ്ഞപ്പോൾ, യമഹ എഞ്ചിൻ്റെ ഗതിമാറ്റി ആദി.... സമതലം പോലെ കിടക്കുന്ന ഉൾകടലിലൂടെ ആ വഞ്ചി ഒരു ശരംകണക്കെ ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു....... " പുലരേ പൂന്തോണീ.... പെരുമീൻ വെള്ളാട്ടം...." ബിജു ആകാശത്തേക്ക് നോക്കി പാടുന്നതിനിടയിൽ ഇടയ്ക്കിടെ ആദിയെ നോക്കി, അർത്ഥം വെച്ച് തലയാട്ടുന്നുണ്ടായിരുന്നു... ബിജുവിൻ്റെ ഭാവം കണ്ടതും, ആദി പുച്ഛത്തോടെ അവനെ നോക്കി കണ്ണുയർത്തി. ഒന്നുമില്ലായെന്ന അർത്ഥത്തിൽ ബിജു കണ്ണടച്ച് കാണിച്ചപ്പോൾ ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയൂറി.... പൊടുന്നനെ,ആകാശത്ത് നിന്ന് മഴ തുളളികൾ വീണു കടലിൽ ചിതറി തുടങ്ങി..... കാറ്റിൻ്റെ ശക്തിയേറി തുടങ്ങിയതോടൊപ്പം, തിരകൾ പതിയെ ഉയർന്നു..... കര കാണാൻ കഴിയാത്ത വിധം, നാലുപാടും വെള്ളത്തിൽ ചുറ്റപ്പെട്ട കടലിൽ, ആ കൊച്ചുവഞ്ചിയും, അതിലുള്ള നാലുപേരും മാത്രം! "പൊല്ലാപ്പാവുമോ രാമേട്ടാ.... " പ്രക്യതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം കണ്ട്, ആദി ഒരു ചിരിയോടെ രാമേട്ടനെ നോക്കി. "നീ എഞ്ചിൻ പിടിക്കാനുണ്ടെങ്കിൽ പിന്നെ എനിക്കൊരു ഭയവുമില്ല ആദിമോനെ ...." അകലെ വട്ടമിട്ടു പറക്കുന്ന കടൽ പക്ഷികളിൽ നിന്ന് നോട്ടം മാറ്റാതെ രാമേട്ടൻ തുടർന്നു...... "കാറ്റടിച്ചാലും, തിരയുയർന്നാലും, കടൽ ഒന്നാകെ ചൂളം വിളിച്ച് പാഞ്ഞു വന്നാലും, ഒരു പൊടി ഭയക്കാതെ എഞ്ചിൻ ലക്ഷ്യസ്ഥാനത്തേക്ക് ഒരിഞ്ച് തെറ്റാതെ ഓടിക്കുന്ന എൻ്റെ ചങ്ങായിയുടെ ചോരയല്ലേ നിൻ്റെത്...." "അതാണ് ഞങ്ങളുടെയും ആശ്വാസം.... നമ്മടെ ശങ്കരേട്ടൻ്റെ മോൻ എഞ്ചിൻ പിടിക്കുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസമാ...." രാമേട്ടൻ്റെ വാക്കുകളെ അനുകൂലിച്ച് അനിലും പറഞ്ഞപ്പോൾ ആദിയുടെ കണ്ണ് പൊടുന്നനെ നനഞ്ഞു..... അച്ഛനെ പറ്റിയുള്ള ഓർമ്മകളിൽ അവൻ്റെ മനസ്സ് വട്ടം ചുഴറ്റി.... ആദിയുടെ ഭാവമാറ്റം കണ്ട രാമേട്ടൻ അവനെ സങ്കടത്തോടെ നോക്കി. " എന്നാണ് ഇനി അച്ചനെ ആശൂത്രിലേക്ക് കൊണ്ടോവണ്ടത്?.... രാമേട്ടൻ്റ ചോദ്യം കേട്ടതും, ഓർമ്മകളിൽ നിന്നുണർന്ന അവൻ പതിയെ നനഞ്ഞ കണ്ണുകൾ തുടച്ചു.... "രണ്ട് ദിവസം കഴിഞ്ഞാ കൊണ്ടു പോകണം രാമേട്ടാ.... അതിനുള്ള പൈസ ഇല്ലാത്തോണ്ടാ ഇന്ന് ഞാൻ വഞ്ചീ കേറീത്...." ആദിയുടെ നനഞ്ഞ ശബ്ദം കേട്ടതും, രാമേട്ടൻ്റെ കണ്ണു നിറഞ്ഞു. "എല്ലാം ശരിയാകും മോനെ.... നീ വിഷമിക്കാതിരി" രാമേട്ടൻ്റെ വാക്കുകൾ കേട്ടപ്പോൾ അവൻ പതിയെ തലയാട്ടി. " പത്ത് വർഷം മുൻപ് ശങ്കരേട്ടന് അപകടം സംഭവിക്കുമ്പോൾ ഇതേ നേരം തന്നെയായിരുന്നു മക്കളെ.... കടൽ നല്ല കൂടുതലായിരുന്നു... ആരും കടലിലേക്ക് വഞ്ചി ഇറക്കിയിട്ടുണ്ടായിരുന്നില്ല.... ശങ്കരേട്ടനാണ് കടലിലേക്ക് പോകാന്നും പറഞ്ഞ് ഞങ്ങളെ കൂട്ടിയത്...." സംസാരിക്കുന്നത് നിർത്തി രാമേട്ടൻ, കീശയിൽ തിരുകിയ പോളിത്തീൻ കവറിൽ നിന്നു ബീഡിയെടുത്ത് ചുണ്ടിൽ വെച്ചു.... തീപ്പെട്ടിയിൽ കമ്പ് ഉരതി തീ കത്തിച്ച് കൈപ്പത്തികൾ കൊണ്ട് മറ സൃഷ്ടിച്ച്, ചുണ്ടിലിരിക്കുന്ന ബീഡിയ്ക്ക് തീ കൊളുത്തി കൊണ്ട് ഒന്നു രണ്ട് പുക ആഞ്ഞു വലിച്ച് പുറത്തേക്ക് തള്ളി.... കടൽ കാറ്റിൽ അലിയുന്ന പുകയിലേക്കും നോക്കി രാമേട്ടൻ തുടർന്നു. "വറുതിയ്ക്ക് ഒരു അറുതിയില്ലാത്ത ആ സമയത്ത്, പുളിവെള്ളം ചവിട്ടാനാകാതെ ഒരു മാസത്തോളം കുടീലിരുന്നു.... ഇനിയും ഇരുന്നാൽ കുട്ടികൾ മുഴു പട്ടിണിയാവുകയും, അടുപ്പിൽ ചേര പാമ്പ് കയറുമെന്നും മനസ്സിലായപ്പോൾ ഞങ്ങളും മനസ്സില്ലാ മനസ്സോടെ, കടലിലേക്കിറങ്ങാൻ സമ്മതിക്കുകയായിരുന്നു. പാതിയിലണഞ്ഞ ബീഡിക്ക് വീണ്ടും തീ പിടിപ്പിച്ചു കൊണ്ട് രാമേട്ടൻ വഞ്ചിയിലുള്ളവരെ നോക്കി.. " ദേ ഇതുപോലെ നാലുപേരായിരുന്നു ഞങ്ങൾ... ഒഴുകി പോകാതിരിക്കാൻ നൂറ് മീറ്ററോളം അകലെ കരയിൽ വെച്ചിരുന്ന വഞ്ചി, കടലിലേക്ക് തണ്ടിൽ ചുമന്നു വരുമ്പോൾ... കടൽ തിരമാലകൾ ഒന്നൊന്നായി ആകാശത്തോളം ഉയർന്നു പൊങ്ങുകയായിരുന്നു... " പൊടുന്നനെ വലിയൊരു തിര, പടിഞ്ഞാറ് നിന്ന് വന്ന് വഞ്ചി ആടിയുലഞ്ഞപ്പോൾ രാമേട്ടൻ സംസാരം നിർത്തി. ഒന്നിനു പുറകെ ഒന്നൊന്നായി വരുന്ന തിരമാലകൾ കണ്ടപ്പോൾ ബിജു ഭീതിയോടെ രാമേട്ടനെ നോക്കി. " ആഴകടലിൽ ഇങ്ങിനെ തിരയുണ്ടാകാറില്ലല്ലോ രാമേട്ടാ... എന്തോ സംഭവിക്കാൻ പോകുന്നതു പോലെ എനിക്ക് തോന്നുന്നു. നമ്മൾക്ക് തിരിച്ചു പോയാലോ?" ബിജുവിൻ്റെ ഭീതിയേറിയ സംസാരം കേട്ടതും, രാമേട്ടൻ ഒന്നു പുഞ്ചിരിച്ചു. " അന്ന് ആ ആകാശം മുട്ടുന്ന തിരമാലകൾക്കിടയിലൂടെ വഞ്ചി ഓടിക്കുമ്പോൾ, ഞങ്ങളെല്ലാം ഭയന്നു വിറച്ചപ്പോൾ, കരളുറപ്പിനോടൊപ്പം ചങ്കുറപ്പും ഉള്ള ശങ്കരേട്ടൻ അണിയത്തിരുന്നു, എഞ്ചിൻ നിയന്ത്രിക്കുകയായിരുന്നു. പറയുന്നതിനോടൊപ്പം രാമേട്ടൻ്റെ മുഖഭാവം മാറി.... പുഞ്ചിരിയുതിർന്ന ആ ചുണ്ടുകളിൽ വിഷാദത്തിൻ്റെ കാർമേഘം പടർന്നു. " സ്വന്തം ജീവൻ രക്ഷിക്കാനാണ് ശങ്കരൻ ശ്രമിച്ചിരുന്നതെങ്കിൽ ഒരു പോറൽ പോലും ആ ദേഹത്ത് പറ്റില്ലായിരുന്നു.... പക്ഷേ പേടിച്ചിരിക്കുന്ന ഞങ്ങളെ മൂന്നു പേരെയും രക്ഷിക്കാനും, വഞ്ചി തകരാതിരിക്കാനും വേണ്ടി വഞ്ചി കരയിലേക്ക് ഓടിക്കുമ്പോൾ, പിന്നിൽ നിന്ന് വന്ന തിരയിൽ എഞ്ചിനുയർന്ന്, ശങ്കരൻ്റെ പുറം ഭാഗത്ത് ഇടിക്കുകയായിരുന്നു.... എന്നാലും ധൈര്യം വിടാതെ ഞങ്ങളെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കരയിലെത്തിച്ച ശേഷമേ അവൻ തളർന്നുവീണുള്ളൂ... അത് ഇനിയൊരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത വിധമുള്ള വീഴ്ചയാണെന്ന് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല" പറഞ്ഞു നിർത്തുമ്പോൾ രാമേട്ടൻ്റെ ശബ്ദം സങ്കടം കൊണ്ട് അടഞ്ഞു പോയിരുന്നു. കണ്ണുകളിൽ നിന്ന് പതിയെ നീർ, ആ ശുഷ്കിച്ച കവിൾത്തടത്തിലേക്ക് ഒലിച്ചിറങ്ങി..... മൗനമായ നിമിഷങ്ങൾക്കു ശേഷം, പേടിയോടെ ഇരിക്കുന്ന അനിലിനെയും, ബിജുവിനെയും നോക്കി രാമേട്ടൻ പുഞ്ചിരിച്ചു. " അന്നത്തെ കടലിൻ്റെ അവസ്ഥ വെച്ചു നോക്കുമ്പോൾ ഇത് വളരെ ചെറുത്.... പിന്നെ നിയന്ത്രിക്കുന്നത് എൻ്റെ ശങ്കരൻ്റെ മോനല്ലേ? അതോണ്ട് നിങ്ങൾ പേടിക്കാതിരി മക്കളെ " രാമേട്ടൻ പറഞ്ഞു നിർത്തി മറ്റൊരു ബീഡിക്ക് തീ കൊളുത്തി. രാമേട്ടൻ ആശ്വസിപ്പിച്ചെങ്കിലും അനിലിൻ്റെയും, ബിജുവിൻ്റെയും മനസ്സിൽ ഭീതി പടർന്നു കഴിഞ്ഞിരുന്നു.... ചക്രവാളത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടന്ന പോലെ ഒന്നിനു പിന്നെ മറ്റൊന്നായി അലറി പാഞ്ഞു വരുന്ന തിരകളിലേക്ക് അവർ ഭീതിയോടെ നോക്കി. "നമ്മൾക്ക് മടങ്ങി പോകാം രാമേട്ടാ.... കണ്ടില്ലേ തിരകൾ പാഞ്ഞു വരുന്നത് ?" പടിഞ്ഞാറോട്ടേയ്ക്ക് നോക്കി ബിജു ഭീതിയോടെ പറഞ്ഞപ്പോൾ അതിനൊരു കരച്ചിലിൻ്റെ ചുവ ഉണ്ടായിരുന്നു. ബിജുവിൻ്റെയും, അനിലിൻ്റെയും പേടി കണ്ടറിഞ്ഞ രാമേട്ടൻ ആദിയെ നോക്കി. ആദി സാരമില്ല എന്നർത്ഥത്തിൽ കണ്ണടച്ചു, യമഹ എഞ്ചിൻ്റെ സ്പീഡ് കൂട്ടി. "രാമേട്ടാ ഇന്നൊരു കാക്കാലത്തി കൈ നോക്കിയിട്ട് പറയാ... ഈ മാസം എൻ്റെ കല്യാണം ഉണ്ടാവുംന്ന് " ബിജുവിൻ്റെ പേടി മാറ്റാൻ വേണ്ടി ആദി പെൺവിഷയമെടുത്തിട്ടപ്പോൾ അവൻ്റെ കണ്ണുകൾ പാഞ്ഞു വരുന്ന തിരമാലയിൽ നിന്ന്, ആദിയുടെ മുഖത്തിനു നേരെ നീണ്ടു..... " ആ തോപ്പിൽ വെച്ച് കാക്കാലത്തി നിൻ്റെ കൈ നോക്കുന്നത് കണ്ടിരുന്നു... ആ കാക്കാലത്തി പറയുന്നത് അച്ചട്ടാ ആദീ... ആട്ടെ എന്താ ആ കാക്കാലത്തി പറഞ്ഞത്?" അനിൽ ആകാംക്ഷയോടെ ചോദിച്ചു കൊണ്ട് ഉത്തരത്തിനായ് ആദിയെ നോക്കി. "പ്രേമവിവാഹമാണെന്ന്. അതും അന്യമതത്തിൽ പെട്ടത്...." ചിരിയോടെ ആദി പറഞ്ഞപ്പോൾ ബിജു ആകാംക്ഷയോടെ അവൻ്റെ അടുക്കലേക്ക് ചേർന്നിരുന്നു.... "എനിക്ക് അപ്പോഴെ സംശയമുണ്ടായിരുന്നു... ആരെടാ നിന്നെ ഫോണിൽ വിളിച്ചത്..." കൂർത്ത നോട്ടത്തോടെ, തലയിളക്കി കൊണ്ട് ബിജു ചോദിച്ചപ്പോൾ ആദി ചിരിയോടെ അവനെ നോക്കി. " ആരാണെന്ന് അറിയില്ല ബിജുകുട്ടാ.... എന്തായാലും അവൾ ആകില്ല... അതുറപ്പാ... ബാക്കിയുള്ള ഏതെങ്കിലും പെണ്ണാണെന്ന് പറഞ്ഞാൽ ഞാൻ സമ്മതിക്കാം...... " മൊബൈലിലൂടെ വന്ന അവളുടെ സംസാരത്തിലെ ദേഷ്യവും, പല്ലിറുമ്മലും ഓർത്ത് ആദി ചിരിയോടെ പറഞ്ഞു..... "നേരാണോ മോനേ കാക്കാലത്തി പറഞ്ഞത്?" ഒരു ബീഡി കത്തിച്ചു കൊണ്ട് ആകാംക്ഷയോടെ രാമേട്ടൻ ചോദിച്ചപ്പോൾ, ആദി സഹതാപത്തോടെ നോക്കി. "രാമേട്ടനും ഇവരെ പോലെ ആയോ? കാക്കാലത്തി നോക്കിയതും ഇങ്ങിനെ പറഞ്ഞതും നേര് തന്നെ... അത് അവരുടെ വയറ്റി പിഴപ്പ്...വിവാഹം കഴിക്കാത്തവർക്ക് അങ്ങിനെ കേൾക്കുമ്പോൾ ഒരു സംതൃപ്തി ഉണ്ടാകുമെന്ന് അവർക്കറിയാം ...." പൊടുന്നനെ വന്ന തിരയിലൂടെ വഞ്ചി കയറിയപ്പോൾ അവരുടെ സംസാരം നിലച്ചു.... ചിതറി തെറിച്ച കടൽവെള്ളം ആദിയുടെ മുഖത്തേക്ക് ശക്തിയോടെ പതിച്ചു.... "ഇവരെ ഒന്നു സമാധാനപ്പെടുത്താനാ ഞാൻ ആ കാര്യം പറഞ്ഞത് രാമേട്ടാ... അല്ലാതെ അവർ പറയുന്നതൊക്കെ നടക്കുമെന്ന വിശ്വാസത്തിൽ അല്ല...." തിരയിൽ നിന്ന് വഞ്ചിയിറങ്ങിയപ്പോൾ ആദി പറഞ്ഞതും കേട്ട് രാമേട്ടൻ ചിരിച്ചു. " ശങ്കരന് നിൻ്റെ വിവാഹം കഴിഞ്ഞു കാണാൻ വല്ലാത്ത ആശയുണ്ടെന്ന് എന്നോടു പറഞ്ഞിരുന്നു... ഇതു കേട്ടപ്പോ ഒരു സന്തോഷം തോന്നി... അതു കൊണ്ട് ചോദിച്ചതാ മോനെ..... " "സുഖദു:ഖങ്ങൾ പങ്കിടാനും, സങ്കടങ്ങളിൽ കണ്ണീരൊപ്പാനും, പണിയെടുത്ത് പട്ടിയെ പോലെ കിതച്ചു വരുമ്പോൾ ചാരെ ചേർത്തു നിർത്തി ആശ്വസിപ്പിക്കാനും ഒരു പാതി വേണമെന്ന് എനിക്കും ആഗ്രഹമുണ്ട് രാമേട്ടാ.... പക്ഷെ അതൊക്കെ ൻ്റെ അച്ചുവിൻ്റെ പഠിത്തവും, വിവാഹവും കഴിഞ്ഞിട്ട് മാത്രം മതി.... അമ്മയില്ലാത്ത കുട്ടിയാ അവൾ " ഇടർച്ചയോടെ പറഞ്ഞു തീർന്നതും ഒരു വിളറിയ ചിരിയോടെ അവരെ നോക്കി ആദി.... അനിയത്തിയോടുള്ള ആഴമേറിയ ഇഷ്ടം വിളിച്ചു പറയുന്നതായിരുന്നു അവൻ്റെ നീരണിഞ്ഞ വാക്കുകളെന്ന് അവർക്ക് മനസ്സിലായി...... മഴയ്ക്ക് ശക്തിയേറിയതും, അന്തരീക്ഷം അന്ധകാരം പൂണ്ടതും പൊടുന്നനെയായിരുന്നു... ഇരച്ചെത്തുന്ന കാറ്റിൽ വഞ്ചി ചാഞ്ചാടാൻ തുടങ്ങി..... ഭീമാകാരങ്ങളായ തിരകൾ ഒന്നിനു പിന്നാലെ ഒന്നൊന്നായി തങ്ങളെ വിഴുങ്ങാനെന്ന പോലെ പടിഞ്ഞാറു നിന്ന് കുതിച്ചു വരുന്നത് കണ്ട് അവർ സ്തബ്ധരായി..... "തിരിച്ചു പോകുന്നത് അബദ്ധമാണ് രാമേട്ടാ... തിരകളെ കീറിമുറിക്കുകയേ രക്ഷയുള്ളൂ..... അല്ലെങ്കിൽ നമ്മുടെ ജീവൻ നഷ്ടപ്പെടുകയോ, ൻ്റെ അച്ഛനെ പോലെ പാതി ചത്തതുപോലെ കിടക്കുകയുള്ളൂ..... " ആദിയുടെ ആത്മവിശ്വാസത്തിലുള്ള സംസാരം കേട്ടപ്പോൾ രാമേട്ടൻ അഭിമാനത്തോടെ തലയാട്ടി. വഞ്ചിപടിയിൽ പാതി പ്രാണനോടെ ഇരിക്കുന്ന ബിജുവിനെയും അനിലിനെയും നോക്കി ആദി പുഞ്ചിരിച്ചു. " തളർന്നാലും, തകർന്നാലും നമ്മൾ നമ്മുടെ കടൽതീരത്ത് തന്നെയല്ലേ വന്നടിയുന്നത്... അത് ജീവനോടെയോ, പാതി ജീവനോടെയോ അല്ലെങ്കിൽ മരിച്ചിട്ടായാൽ പോലും.... അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ലല്ലോ?" ആദിയുടെ വാക്കുകൾ കേട്ടതോടെ ബിജുവിനും അനിലിനും ധൈര്യം പതിയെ വന്നു തുടങ്ങി..... കടലിൻ്റെ മക്കൾ..... പിറന്നതും, ഒടുങ്ങുന്നതും ഇവിടെയാകുമ്പോൾ അതൊരു പുണ്യമാണ്.... കടലിൻ്റെ താരാട്ട് കേട്ട് ഒരു അന്ത്യം....... " കേറ്റി വിടെടാ വഞ്ചീ" അകലെ നിന്നു വരുന്ന തിരമാലകളെ നോക്കി വഞ്ചിയിൽ എഴുന്നേറ്റു നിന്ന് ബിജു അലറിയതും, ആദിയുടെ മൊബൈൽ അടിച്ചതും ഒരുമിച്ചായിരുന്നു..... "നിങ്ങൾ ആരാണ്?" ആദ്യം വന്ന നമ്പർ ആണെന്ന് മനസ്സിലായതും ആദി അലറി. "ഞാൻ ഒരു പെൺകുട്ടി...... ആദ്യം പറഞ്ഞതൊക്കെ വെറുതെ നാട്യമായിരുന്നു കേട്ടോ.... " പതിഞ്ഞ സ്വരത്തിലുള്ള അവളുടെ സംസാരം കേട്ടതും അവന് ദേഷ്യം വന്നു..... ഒറ്റ കൈ കൊണ്ട് യമഹ എഞ്ചിൻ നിയന്ത്രിച്ചു കൊണ്ട് കുതിച്ചു വരുന്ന തിരമാലകളുടെ നേർക്ക് ഓടിച്ചു കൊണ്ടിരുന്ന അവൻ്റെ ചെവിയോരം ചേർന്നിരുന്ന മൊബൈലിൽ കൂടി വീണ്ടും ആ പതിഞ്ഞ സ്വരമുയർന്നു..... "മരണത്തെ പുൽകാനിരുന്ന എന്നെ ജീവിതത്തിലേക്കു വീണ്ടും വലിച്ചിട്ടതിന് ഇത്തിരി ദേഷ്യമുണ്ട്..... " ഒരു നിമിഷത്തെ മൗനത്തിനു ശേഷം വീണ്ടും പതിയെ ആ നനഞ ശബ്ദം ഒഴുകിയെത്തി. "എന്നാലും സാര്യല്ല... പോയി മുത്ത് വാരി വാ.... ദൈവം നിന്നോട് കൂടെയുണ്ട്.... കൂടെ ഞാനും " "ആരാണ് നീ? " ചോദിക്കുമ്പോഴെയ്ക്കും വഞ്ചി ഒരു കൂറ്റൻ തിരയിലേക്ക് പാഞ്ഞുകയറി..... " ഞാൻ വേദ.... " തിരകൾക്കു മുകളിൽ ഒരു നിമിഷം നിന്ന വഞ്ചിയിൽ അമരത്ത് ഇരുന്നു കൊണ്ട് അവൻ ആ പേര് ആകാശത്തേക്ക് നോക്കി പതിയെ മന്ത്രിച്ചു...... "വേദ " തുടരും.....