{"vars":{"id": "89527:4990"}}

ഏയ്ഞ്ചൽ: ഭാഗം 17

 

രചന: സന്തോഷ് അപ്പുകുട്ടൻ

"വർഷങ്ങൾക്കു മുൻപ് ഒരു പുരുഷൻ്റെ കരുത്തിന് മുന്നിൽ ഞെരിഞ്ഞമർന്നത്, മനസ്സിനും, ശരീരത്തിനും സമ്മതമില്ലാതെയായിരുന്നു " വിറയാർന്ന കൈവിരലുകളാൽ എഴുതി കൊണ്ടിരിക്കുന്ന ഡയറിയിൽ, വരികൾക്കൊപ്പം ഗദ്ഗദത്തോടെ രണ്ടിറ്റു കണ്ണുനീർ തൂവി വീണു. "അതിനു ശേഷം ഒരു പുരുഷൻ്റെ ചൂടും, ചൂരും ഇക്കാലമത്രയും ആഗ്രഹിക്കാതിരുന്നത് മനസ്സും, ശരീരവും തളർന്നിട്ടല്ല... വേണ്ടായെന്ന് വെച്ചതാണ്... എൻ്റെ മോനു വേണ്ടി... എൻ്റെ അരുണിനു വേണ്ടി... എന്നിട്ടിപ്പോൾ....?" ചോദ്യചിഹ്നത്തോടൊപ്പം പാതിയിൽ നിശ്ചലമായ വരികളിലേക്കും, ഉറങ്ങി കിടക്കുന്ന അരുണിലേക്കും മാറി മാറി നോക്കി ഏയ്ഞ്ചൽ. കൈയ്യെത്തിച്ച് അരുണിൻ്റെ മുടിയിഴകളിൽ വാത്സല്യത്തോടെ തഴുകി കൊണ്ട് ഏയ്ഞ്ചൽ വീണ്ടും പേന ചലിപ്പിച്ചു. "എന്നിട്ടിപ്പോൾ പറയുന്നത്, വർഷങ്ങളോളം എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച്, എല്ലാ ബന്ധങ്ങളും മാറ്റിനിർത്തി ഞാൻ പൊന്നുപോലെ നോക്കിയ എൻ്റെ മകനെ വിട്ടു കൊടുക്കണമെന്ന്..." വിളറിയ ചിരിയോടോപ്പം, അവൾ വേദയുടെ മുഖം മനസ്സിലേക്ക് നിറച്ചു. "എത്ര നിസ്സാരമായിട്ടാണ് നീ അത് പറഞ്ഞത് വേദാ... വർഷങ്ങൾക്കു ശേഷം നിൻ്റെ സ്വരം കേട്ട് നിറയെ പൂത്തുലഞ്ഞ എൻ്റെ മനസ്സിനെ, ഒരു വാക്ക് കൊണ്ട് എത്ര പെട്ടെന്നാണ് നീ കരിയിച്ചു കളഞ്ഞത് എൻ്റെ പ്രിയ കൂട്ടുകാരീ?" അവസാന വരിയെഴുതുമ്പോഴെക്കും അവളുടെ കണ്ണിൽ സങ്കടകടലിളകി അക്ഷരങ്ങൾ അവ്യക്തമായി തുടങ്ങി... മിടിക്കുന്ന ഹൃദയത്തോടൊപ്പം അവളുടെ കൈവിരലുകൾക്കിടയിൽ ചേർന്നു നിന്നിരുന്ന പേനയും വിറച്ചു തുടങ്ങി. ഉള്ളുരുക്കുന്ന ഓർമ്മകളെ തണുപ്പിക്കാനെന്നവണ്ണം, ജാലക വാതിലൂടെ കടന്നു വരുന്ന തണുത്ത കാറ്റിനു നേരെ ഏയ്ഞ്ചൽ മുഖം തിരിച്ചുപിടിച്ചു. കണ്ണീരിനെയുണക്കി, കവിളോരം തഴുകി സാന്ത്വനിപ്പിക്കുന്ന കാറ്റിനൊപ്പം, അവളുടെ ചിന്തകളിടെ ചൂടും കുറയുകയയിരുന്നു. പുറത്ത് മഴക്ക് ശക്തി പ്രാപിച്ചിരിക്കുന്നത് അവളറിഞ്ഞു. കാറ്റിലിളകുന്ന ജാലകവിരിയുടെ പഴുതിലൂടെ കടന്നു വന്ന് ഇടക്കിടെ അവളെ തഴുകുന്ന മിന്നൽ വെട്ടത്തോടൊപ്പം, മഴ തുള്ളികളും അവളെ പതിയെ നനക്കുന്നുണ്ടായിരുന്നു. കൈവിരലുകൾക്കിടയിൽ പേനയും, മനസ്സിനുള്ളിൽ ഒരുപാട് ഓർമ്മകളുമായ് അവൾ നിമിഷങ്ങളോളം പുറത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി ഇരുന്നു. ഒരു മാത്ര അവളുടെ മിഴികൾ, ബെഡ്ഡിൽ സ്വിച്ച്ഡ് ഓഫ് ആയി കിടക്കുന്ന മൊബൈലിലേക്കു നീണ്ടു. കൈയെത്തിച്ച് മൊബൈൽ എടുത്ത് അവൾ സങ്കടത്തോടെ അതിലേക്ക് നോക്കി. വറ്റാത്ത സ്നേഹവുമായി വർഷങ്ങൾക്കു ശേഷം അപ്രതീക്ഷിതമായി വന്ന പ്രിയ കൂട്ടുകാരിയുടെ വാക്കുകൾ പാതിയിൽ അവസാനിപ്പിച്ച് മൊബൈൽ സ്വിച്ച്ഡ് ഓഫ് ചെയ്തതോർത്ത് അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു. ഓർമ്മകളിൽ മുറുകിയ മനസ്സോടെ, അവൾ പതിയെ കണ്ണടച്ചു കസേരയിൽ ചാരിയിരുന്നു. ഇരുട്ടിൻ്റെ വിജനതയിൽ നിന്ന്, ഒരുപാട് അസ്ത്രങ്ങൾ പോലെ വേദയുടെ വാക്കുകൾ കടന്നു വന്നു കർണപുടത്തിൽ കുത്തി മുറിവേൽപ്പിച്ചതും, അവൾ ഒരു ഞെട്ടലോടെ കണ്ണു തുറന്നു. ശരം കൊണ്ട മുറിവിൽ നിന്ന് ചോര പതിയെ കിനിഞ്ഞിറങ്ങുന്നത് അവളറിഞ്ഞു. "എന്തുകൊണ്ട് നടക്കില്ല ഏയ്ഞ്ചൽ? നടക്കുന്ന കാര്യം തന്നെയാണ് ഞാൻ പറഞ്ഞത്? ആദിയുടെ മകന് സമ്മതമാണെങ്കിൽ ഒരു എതിർപ്പും കൂടാതെ നടക്കുന്ന കാര്യം " വേദയുടെ വാക്കുകൾ വീണ്ടും വീണ്ടും മനസ്സിനെ മുറിവേൽപ്പിച്ചതും, എഴുതുന്നത് നിർത്തി കസേരയിൽ നിന്നെഴുന്നേറ്റ് ഏയ്ഞ്ചൽ ജാലകത്തിന് അഭിമുഖമായി നിന്നു. വീശിയടിക്കുന്ന കാറ്റും, പെയ്തു കൊതിതീരാത്ത മഴയും പുറത്ത് വാശിയേറിയ മത്സരത്തിലാണ്. നിശബ്ദം ഒഴുകിയിറങ്ങുന്ന കണ്ണീരിലേക്ക്, മഴ തുള്ളികളും കൂട്ട് ചേർന്നപ്പോൾ, ഒരു മാത്ര അവൾ ബെഡ്ഡിൽ കിടന്നുറങ്ങുന്ന അരുണിനെ തിരിഞ്ഞൊന്നു നോക്കി. ഇത്രയും വർഷം മകനെന്ന പ്രതീക്ഷയിലാണ് ഈ ഏയ്ഞ്ചൽ ജീവിച്ചത്... അവന് വേണ്ടിയാണ് ഈ ഏകാന്തവാസം തിരഞ്ഞെടുത്തതും... നിറയെ നിറവും, സുഗന്ധവുമായി പുലർകാലപൂ പോലെ ജ്വലിച്ചു നിന്നിരുന്ന ഏയ്ഞ്ചലിനെ തേടി വന്നിരുന്ന കാമുകകൂട്ടങ്ങളുടെ പ്രൊപ്പോസലുകൾ ഒഴിവാക്കിയതും അവനു വേണ്ടി തന്നെയാണ്... "ജീവിതം ഒന്നേയുള്ളൂ ഏയ്ഞ്ചൽ? അത് ആസ്വദിക്കാനുള്ളതാണ്, മരിച്ചു കഴിഞ്ഞാൽ വെറും മണ്ണായി തീരും ഈ സൗന്ദര്യവും, ജീവിതവും" ഓരോരുത്തരുടെയും പ്രൊപ്പോസലിനെ അവഗണിക്കുമ്പോൾ, അവസാന ആശ്രയം പോലെ അവർ പറയുന്ന തത്വജ്ഞാനം കേട്ട് ചിരിക്കാനേ നേരമുണ്ടായിരുന്നുള്ളൂ... നൈമിഷികമായ ഈ ജീവിതത്തിനെ പറ്റിയും, അത് എങ്ങിനെയൊക്കെ ആസ്വദിക്കണമെന്നും, ആ ആസ്വാദനത്തിൽ മുന്നിൽ നിൽക്കുന്നത് രതിയാണെന്നും പറയാതെ പറയുന്ന അവരോടൊക്കെ, മാതൃത്വത്തമെന്ന വികാരമാണ് ഏറ്റവും ആസ്വദിക്കാൻ കഴിയുന്നതെന്ന് വലിയ വായിലേ വിളിച്ചു പറഞ്ഞിട്ടുണ്ട്.... ആ ഏയ്ഞ്ചലിനോടാണ് സ്വന്തം മകനെ വിട്ടുകൊടുക്കുവാൻ ഇത്രയും സില്ലിയായി വേദ പറഞ്ഞിരിക്കുന്നത്. അവൻ്റെ അച്ഛന് അവനിൽ അധികാരമുണ്ടെത്രെ! അവനെ പ്രസവിച്ച്, കണ്ണിലെ കൃഷ്ണമണി പോലെ ഇന്നോളം വരെ കാത്തു സൂക്ഷിച്ച എനിക്ക് ഇല്ലാത്ത എന്ത് അധികാരമാണ് നിൻ്റെ ആദിയ്ക്കുള്ളത് വേദാ? പ്രതിബന്ധങ്ങളും, പ്രതിഷേധങ്ങളും, ഉപദേശങ്ങളും ഒരായിരം വട്ടം തന്നെ പൊതിഞ്ഞുവെക്കാൻ ശ്രമിച്ചപ്പോൾ, കുതറിയോടി ദൂരെയൊളിച്ചത്, ആരെങ്കിലും ഇതുപോലെ പറയുമ്പോൾ എൻ്റെ മകനെ വിട്ടു കൊടുക്കുവാനല്ല വേദാ! നിനക്കറിയാവുന്ന കാര്യങ്ങളൊക്കെയല്ലേ വേദാ അതൊക്കെ..... എന്നിട്ടും എത്ര ലാളിത്യത്തോടെയാണ്, ഒന്നു രണ്ട് വാചകങ്ങളിലൂടെ നീയെൻ്റെ ഹൃദയവും, മനസ്സും കീറി മുറിച്ചത്? കീറി മുറിഞ്ഞ മനസ്സിൽ നിന്നും, ഹൃദയത്തിൽ നിന്നും ഇപ്പോഴും ചോര വാർന്നൊഴുകുന്നുണ്ട് വേദാ... പെണ്ണിൻ്റെ സമ്മതമില്ലാതെ കീഴ്പ്പെടുത്തിയ ശരീരത്തിൽ, അവൻ്റെ ബീജം വളരുന്നതെന്നറിഞ്ഞ ആ നിമിഷം കണ്ണീരോടെ ഓടിയതല്ലേ വേദാ ഞാൻ.... ഇല്ല വേദാ.... നീയെത്ര പറഞ്ഞാലും ആദിയെ എൻ്റെ കുഞ്ഞിൻ്റെ അച്ഛനായി കാണാൻ ഒരു കാലത്തും കഴിയില്ല.... അതിനു കാരണം നിനക്ക് ആദിയെ വിട്ടു കൊടുക്കാൻ മാത്രമായിരുന്നില്ല... അതിനുമപ്പുറം പെണ്ണിൻ്റെ സമ്മതമില്ലാതെ അവളുടെ മനസ്സും, ശരീരവും കീറി മുറിച്ച അവനോടുള്ള പകയാണ്... വർഷങ്ങൾ കഴിഞ്ഞാലും, ഒരിഞ്ചു മാറ്റം വരാത്ത അടങ്ങാത്ത പക! നിൻ്റെയൊരു വാക്ക് ഇല്ലായിരുന്നെങ്കിൽ അന്നേ ഞാനവനെ കടലിലൊഴുക്കിയേനെ... അങ്ങിനെ ചെയ്യാതിരുന്നത് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണെന്ന്, ഇപ്പോൾ നിൻ്റെ വാക്കുകൾ കേട്ടപ്പോൾ തോന്നുന്നു... നീയല്ല, ഇനി ആരു പറഞ്ഞാലും, കണ്ണീരൊഴുക്കിയാലും അവന് ഒരിക്കലും വിട്ടുകൊടുക്കുകയുമില്ല എൻ്റെ മകനെ.... അതിനു വേണ്ടി നിയമത്തിൻ്റെ ഏത് അറ്റത്തേക്ക് വരെയും ഞാൻ യാത്ര പോകും. മനസ്സിൽ ദൃഢമായി മന്ത്രിച്ചു കൊണ്ട് അവൾ വീണ്ടും കസേരയിൽ ചെന്നിരുന്നു ഡയറി തുറന്നു. അതു വരെ എഴുതിയ ഭാഗങ്ങൾ വെട്ടി അവൾ ഒരു വരണ്ട ചിരിയോടെ, വെട്ടിയ ഭാഗത്തിൻ്റെ മുകളിലുള്ള വരിയിലേക്ക് നോക്കി. " ഇന്നോളം വരെ ഈ എയ്ഞ്ചലിനോട് ഇങ്ങിനെ ആരും കൽപ്പിച്ചിട്ടില്ല വേദാ:.... കൽപ്പിച്ചാൽ തന്നെ അതൊക്കെ പുറം കാൽ കൊണ്ട് തൊഴിച്ചെറിഞ്ഞ ചരിത്രമേ ഈ ഏയ്ഞ്ചലിനുള്ളൂ... " മൊബൈലിലൂടെ പകയോടെ മന്ത്രിച്ചു കൊണ്ട് ഏയ്ഞ്ചൽ, ബോധശൂന്യനായ് തീരത്ത് കിടക്കുന്ന ആദിയുടെ കൈയിൽ പിടിച്ചു.... പിന്നെ വിജനമായ തീരത്തേക്കൊന്നു നോക്കി, അവൾ അലറുന്ന കടലിലേക്ക് ആദിയെയും വലിച്ചു നടന്നു.... " വായിച്ചു തീർന്നതും അവൾ ക്രൂരമായൊന്നു ചിരിച്ചു. ഈ കഥ ഇവിടം വരെ മതി വേദാ... ആദിയെ ഏയ്ഞ്ചൽ കടലിലേക്കൊഴുക്കാൻ വേണ്ടി തീരത്തുകൂടെ വലിക്കുന്നതു വരെ മതി! ബാക്കിയുള്ള കാര്യങ്ങൾ നിനക്ക് അറിയാമെങ്കിലും, എൻ്റെ മകന് അറിയില്ലല്ലോ? ആദി കടലിനടിയിൽ ശ്വാസം മുട്ടി മരിച്ചെന്നാണ് അവൻ കരുതുന്നത്! ആ കഥ ഒരു തിരുത്തും വരുത്താതെ അങ്ങനെ തന്നെ നിന്നോട്ടെ വേദാ! ബലാൽക്കാരമായി കീഴ്പെടുത്തിയ ഒരാളെ മമ്മി തന്ത്രപൂർവം കടലിലേക്കൊഴുക്കിയെന്ന് വിചാരിക്കുന്ന അവന് ഇപ്പോൾ എന്നോട് അടങ്ങാത്ത ആരാധനയാണ്... ഒരു വീരനായികയെ പോലെയാണ് എന്നെ കാണുന്നത്... ആദി മരിച്ചെന്ന് കരുതുമ്പോഴും ഒരു ദയപോലും, അവന് അയാളോടില്ല വേദാ... അച്ഛനെന്ന ആ ഒരു വികാരം അവനിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല.. ജീവിച്ചിരിക്കുന്നില്ലായെന്ന് കരുതുമ്പോഴും, ഇത്രയും വെറുക്കുന്ന ആദി ജീവനോടെ അവൻ്റെ മുന്നിൽ വന്നു നിന്നാലുണ്ടാകുന്ന ഭവിഷ്യത്ത് എപ്പോഴെങ്കിലും നീയൊന്നു മനസ്സിരുത്തി ചിന്തിക്കണം വേദാ... ചിന്തകൾക്ക് വിരാമമിട്ട്, ഡയറിയിലെ കണ്ണീരിൽ അവ്യക്തമായ അക്ഷരങ്ങളിലേക്ക് അവൾ നോട്ടമയച്ചു. ഈ കഥ ഇത്രേം മതി.... ഡയറി താളുകളിലെ ഈ അക്ഷരങ്ങൾ, പുസ്തകമായി പ്രസിദ്ധീകരിക്കുമ്പോൾ വായനക്കാർക്ക് ഒരു പൂർണ വിരാമമില്ലാത്തതുപോലെ അരോചകം തോന്നുമെങ്കിലും, കഥാകാരിയായ ഏയ്ഞ്ചലിൻ്റെ മനസ്സിനെ ആവോളം സന്തോഷിപ്പിക്കുന്ന അവസാനം തന്നെയാണ് ഇത്. അല്ലെങ്കിലും ഏതെങ്കിലും അവാർഡ് കിട്ടാൻ എഴുതുന്ന കഥയൊന്നുമല്ലല്ലോ ഇത്... സ്വന്തം മനസ്സിനെ തൃപ്തിപെടുത്താൻ, സ്വന്തം മകൻ്റ ചോദ്യത്തിൽ നിന്നും രക്ഷപ്പെടാൻ ജീവചരിത്രം പോലെ തയ്യാറാക്കുന്ന വെറും കഥ! സ്വന്തം മമ്മിയുടെ കഥയാണ് ഇതെന്ന് മകന് അറിയാമെങ്കിലും, മറ്റുള്ളവർക്കിത് വെറും ഏയ്ഞ്ചൽ എന്ന കഥാപാത്രം മാത്രം... അസത്യങ്ങളും, അർദ്ധ സത്യങ്ങളും, സത്യത്തോടൊപ്പം ഇഴചേർത്ത് കെട്ടിയുയർത്തിയ വെറും കഥയാണ് ഇതെന്ന് ഈ ഏയ്ഞ്ചലിന് അറിയാം! പക്ഷെ അങ്ങിനെ ചെയ്യാനേ എനിക്ക് നിർവാഹമുള്ളൂ.... കാരണം പ്രശസ്തമായ എഴുത്തുകാരി എന്ന പട്ടത്തിനെക്കാളും ഞാൻ വിലമതിക്കുന്നതും, അതിയായി ആഗ്രഹിക്കുന്നതും അരുൺ എന്ന എൻ്റെ മകൻ്റെ എല്ലാമായ മമ്മിയായിരിക്കാനാണ്... അതിനുമപ്പുറത്തേക്ക് ഈ ഏയ്ഞ്ചലിന് വലിയ ആഗ്രഹങ്ങളൊന്നുമില്ല. നീണ്ട ചിന്തകളിൽ നിന്നുണർന്ന ഏയ്ഞ്ചൽ, ഡയറിയിലെ അക്ഷരങ്ങൾ വെട്ടിയ ഭാഗത്തു ഒരിക്കൽ കൂടി തലങ്ങും, വിലങ്ങും പേന ചലിപ്പിച്ചു. അക്ഷരങ്ങളെല്ലാം അവ്യക്തതയിലേക്കമർ ന്ന, ആ നീല നിറക്കൂട്ടുകളെ നോക്കി അവൾ ആത്മസംതൃപ്തിയോടെ പുഞ്ചിരിച്ചു കൊണ്ട് പതിയെ മന്ത്രിച്ചു. ഇവിടുന്നങ്ങോട്ട് കഥയിൽ കാണും പോലെ ജീവിതത്തിലും, ഏയ്ഞ്ചലും, മകൻ അരുണും മാത്രമേയുള്ളൂ വേദാ.... ഇതിനുമപ്പുറം നിന്നോട് പറയാൻ ഈ ഏയ്ഞ്ചലിന് മറ്റൊന്നും ഇല്ല... അതു കൊണ്ട് നിൻ്റെ സ്വപ്നങ്ങളുമായി ഈ രാത്രി നീ ഉറങ്ങുക... എൻ്റെ ആഗ്രഹങ്ങളുമായി ഞാനും.... ഗുഡ് നൈറ്റ്! പതിയെ മന്ത്രിച്ചു കൊണ്ട് ഡയറിയും മടക്കിവെച്ച്, ഏയ്ഞ്ചൽ അരുണിൻ്റെ അരികെ കിടന്നു. ഇത്രയും കാലത്തിനിടയ്ക്ക്, വഴിതെറ്റി വന്ന ഒരു വിളി പോലെയുള്ള വേദയുടെ വാക്കുകളിലെ അർത്ഥമന്വേഷിച്ച്, ചിന്താഭാരത്താൽ ഉറങ്ങാൻ കഴിയാതിരുന്ന ഏയ്ഞ്ചൽ കുരിശ് വരച്ച്, കണ്ണുമടച്ചു കിടന്നു. നിമിഷങ്ങൾക്കുള്ളിൽ അരുണിൻ്റെ മൊബൈൽ അടിച്ചതും, പൊടുന്നനെ കണ്ണുതുറന്ന ഏയ്ഞ്ചൽ ഉറങ്ങിക്കിടക്കുന്ന അരുണിനെ ഒന്നു നോക്കി പൊടുന്നനെ കൈ നീട്ടി ടേബിളിൽ നിന്ന് മൊബൈൽ എടുത്തു.... അലീന റോയ് ഫിലിപ്പ് കോളിങ്ങ് എന്ന് ഡിസ്പ്ലേയിൽ കണ്ടതും, അവൾ ഒരു കള്ള ചിരിയോടെ അരുണിൻ്റെ മുടിയിഴകളിൽ തലോടി... "ഹായ് അലീന... ഇതു വരെ ഉറങ്ങിയില്ലേ?" ഏയ്ഞ്ചൽ ഫോൺ എടുത്ത് ചോദിച്ചതും, അപ്പുറത്ത് നിന്ന് ഒരു പതിഞ്ഞ ചിരിയുയർന്നു. " ഞാൻ അലീനയല്ല ടീച്ചർ... അവളുടെ പപ്പ ഡോക്ടർ റോയ് ഫിലിപ്പ് ആണ്... ടീച്ചറുടെ മൊബൈലിലേക്ക് വിളിച്ചപ്പോൾ സ്വിച്ച്ഡ്ഓഫ് ആണെന്നറിഞ്ഞു... അതു കൊണ്ടാണ് അരുണിൻ്റെ മൊബൈലിലേക്ക് വിളിച്ചത് " അപ്പുറത്ത് നിന്ന് ഡോക്ടറിൻ്റെ കുഴഞ്ഞ ശബ്ദമുയർന്നതും, അവൾ ഒരു ഞെട്ടലോടെ ഉറങ്ങികിടക്കുന്ന അരുണിനെ നോക്കി. " എന്താ ഡോക്ടർ ഈ പാതിരാത്രിയ്ക്ക്? ഡോക്ടർ കുടിച്ചിട്ടുണ്ടോ? വാക്കുകൾ കുഴയുന്നതു പോലെ " ഏയ്ഞ്ചലിൻ്റെ ചോദ്യമുയർന്നതും, അപ്പുറത്ത് നിന്ന് പഴയതുപോലെ ആ പതിഞ്ഞ ചിരി വീണ്ടുമുയർന്നു. " സ്വൽപ്പം.... കാരണം ഇന്ന് എൻ്റെ മോളുടെ പതിനഞ്ചാം ജന്മദിന വാർഷികമാണ്" കുഴഞ്ഞ വാക്കുകൾക്കിടയിലൂടെ, ഛർദ്ദിക്കുന്ന ശബ്ദം കേട്ടതും ഒരു അമ്പരപ്പോടെ ഏയ്ഞ്ചൽ ബെഡ്ഡിൽ എഴുന്നേറ്റിരുന്നു.... " അത്രയ്ക്കും സന്തോഷം നിറഞ്ഞ ദിവസത്തിലാണോ ഡോക്ടർ ഇങ്ങിനെ അമിതമായി മദ്യപിക്കുന്നത്?" "ഇന്ന് എൻ്റെ മോളുടെ പതിനഞ്ചാം ജന്മദിനമാണെങ്കിൽ, നാളെ എൻ്റെ ഭാര്യയുടെ പതിനഞ്ചാം ചരമവാർഷികമാണ്... ആ നീറുന്ന ഓർമ്മകളെ മനസ്സിൽ നിന്നകറ്റാൻ ഇത്തിരി കുടിച്ചെന്നേയുള്ളൂ" "ഡോക്ടർ " അറിയാതെ ഒരു നിലവിളി ഏയ്ഞ്ചലിൽ നിന്നുതിർന്നു. " അതേ ടീച്ചർ.. എൻ്റെ ഭാര്യ, എന്നെയും, മോളെയും തനിച്ചാക്കിയിട്ട് തിരിച്ചു വരാത്ത ലോകത്തേക്ക് യാത്രയായതിൻ്റെ പതിനഞ്ചാം വാർഷികമാണ് നാളെ... എൻ്റെ മോളെ എൻ്റെ കൈകളിലേക്കു തന്നതിൻ്റെ പിറ്റേ ദിവസം തന്നെ അവൾ ഞങ്ങളെ വിട്ടു പോയി " ഡോക്ടറുടെ കുഴഞ്ഞ ശബ്ദം കേട്ടതും മറുപടി പറയാൻ കഴിയാത്ത വിധം ഏയ്ഞ്ചലിൻ്റെ തൊണ്ട വരണ്ടു. ഒപ്പം പഠിക്കുന്ന അലീനയെ കുറിച്ച് അരുൺ ഒരു പാട് പറയാറുണ്ട്... അലീനയ്ക്ക് മമ്മിയില്ലെന്നും പറഞ്ഞിട്ടുണ്ട്. ഇത്രയും നേരത്തെ തന്നെ അലീനയുടെ മമ്മി പോയെന്ന് അറിയാമായിരുന്നില്ല. " അതൊക്കെ പോട്ടെ ഏയ്ഞ്ചൽ? ഇപ്പോൾ എങ്ങിനെയുണ്ട്? നെഞ്ച് വേദനയൊന്നും ഇല്ലല്ലോ?" "ഇല്ല ഡോക്ടർ... ഇപ്പോൾ എല്ലാം ഓകെ... " മറുപടിയായി അപ്പോഴും ആ പതിഞ്ഞ ചിരി തന്നെ ഡോക്ടറിൽ നിന്നുയർന്നു. " മദ്യപാനത്തിൻ്റെ ദൂഷ്യ ഫലങ്ങൾ അറിയുന്ന ഒരു ഡോക്ടർ ഇങ്ങിനെ മദ്യപിക്കുന്നത് വല്ലാത്ത കഷ്ടമാണ് ട്ടോ.... " ഏയ്ഞ്ചലിൻ്റെ വാക്കുകൾ സങ്കടം കൊണ്ട് വിറയാർന്നിരുന്നു. "അതിലുമേറെ കഷ്ടമല്ലേ ടീച്ചർ... പ്രസിദ്ധയായ ഒരു എഴുത്തുകാരിയ്ക്ക് മനുഷ്യൻ്റെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ...?. " ഡോക്ടറുടെ ചോദ്യം കേട്ടതും, ഏയ്ഞ്ചലിൻ്റെ ഹൃദയത്തിലൂടെ ആപത്ശങ്കയുടെ ഒരു കൊള്ളിയാൻ പാഞ്ഞു. "എനിക്കൊരു കാര്യം പറയാനുണ്ട് ടീച്ചറോട്.. എൻ്റെ മോളും കൂടി നിർബന്ധിച്ചതോടെയാണ് ടീച്ചറോട് ചോദിക്കാമെന്ന് വെച്ചത്...." ഡോക്ടർ റോയിയുടെ വാക്കുകൾ കേട്ടതും ഏയ്ഞ്ചൽ അപകടം മണത്തു.... "എന്താണ് ഡോക്ടർ കാര്യം?" റോയ് ചോദിക്കാനിരിക്കുന്ന കാര്യം എന്താണെന്ന് അറിയാമായിരിന്നിട്ടും, അവൾ അറിയാത്ത മട്ടിൽ പതറിയ വാക്കുകളോടെ ചോദിച്ചു. " പറയാം ടീച്ചർ... ഇപ്പോൾ അല്ല... ടീച്ചർ ഒരു കഥ എഴുതി കൊണ്ടിരിക്കുകയാണെന്ന് അരുൺ പറഞ്ഞു. അതു തീരുംവരെ മമ്മിയെ ബുദ്ധിമുട്ടിക്കരുതെന്നും അവൻ പറഞ്ഞു.... " ഡോക്ടർ റോയ് ഒരു നിമിഷത്തെ മൗനത്തിനു ശേഷം കുഴഞ്ഞ വാക്കുകളോടെ വീണ്ടും തുടർന്നു. "എൻ്റെ മോൾ മാത്രമല്ല ആ കാര്യം പറയാൻ നിർബന്ധിച്ചത് ... ഞാൻ എൻ്റെ മോനെ പോലെ കരുതുന്ന, ടീച്ചറുടെ മകൻ അരുണും കൂടി ചേർന്നാണ് " വാക്കുകൾ കുഴഞ്ഞു പോകുന്നതോടെ, റോയിയുടെ ഛർദ്ദിയുടെ ശബ്ദവുമുയർന്ന് തുടങ്ങി.... തൻ്റെ മകൻ.... അവൻ കുറച്ചു മുൻപ് ഡോക്ടർ റോയി ഫിലിപ്പിനെ കുറിച്ചു പറഞ്ഞതിൻ്റെ കാര്യം ഇതായിരുന്നെന്ന് അവൾ മനസ്സിലാക്കി.... അവൾ നിറഞ്ഞ വാത്സല്യത്തോടെ ഉറങ്ങി കിടന്നിരുന്ന അവൻ്റെ മുടിയിഴകളിൽ പതിയെ തലോടി. "ഇപ്പോഴത്തെ മക്കളുടെ ഒരു കാര്യം... നമ്മളെക്കാളും അപ്ഡേറ്റ് ആണ് അവരെന്നു തോന്നിപ്പോകും... " വലിയൊരു ഛർദിയുടെ ശബ്ദത്തോടൊപ്പം ആ വാക്കുകൾ നിലച്ചതും, ഏയ്ഞ്ചൽ മൊബൈൽ കട്ട് ചെയ്ത് അരുണിനെയും കെട്ടിപ്പിടിച്ച് കിടന്നു. ഡോക്ടർ റോയിഫിലിപ്പ് ഏയ്ഞ്ചലിൻ്റെ മനസ്സിൽ ദു:ഖത്തിൻ്റെ പ്രതീകമായി തെളിഞ്ഞപ്പോൾ, പുറത്ത് പെയ്യുന്ന രാത്രിമഴ പോലെ, അവളുടെ കണ്ണുകളും നിറഞ്ഞു പെയ്യുവാൻ തുടങ്ങിയിരുന്നു അപ്പോൾ...!!!.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...