{"vars":{"id": "89527:4990"}}

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 1

 

രചന: റിൻസി പ്രിൻസ്‌

മടിവാളയിലേ  ബിഎംടിസി കമ്പനിയിൽ നിന്നും പുറത്തേക്കിറങ്ങി,  ആ സായംസന്ധ്യയുടെ വെയിലിൽ നടക്കുമ്പോൾ തൊട്ടടുത്തുള്ള ഫുഡ്കോർട്ടിൽ കയറിയത്,  അവിടെനിന്നും ഒരു ചിക്കൻ ക്രിസ്പ്പി  ബർഗറും മിന്റ് ജ്യൂസും വാങ്ങി അത് കുടിച്ചുകൊണ്ട് വെറുതെ ഫോൺ എടുത്തു, അത് സൈലന്റ് മോഡിൽ നിന്നും മാറ്റി,  പിന്നെ നെറ്റ് ഓൺ ആക്കി ചുമ്മാ സ്ക്രോള് ചെയ്തു കൊണ്ടിരുന്നു...  അതിനിടയിലാണ് ഇൻബോക്സിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കിടക്കുന്നത് കണ്ടത്,  ഓപ്പൺ ചെയ്തു നോക്കി... " ഹായ്..!  ഫോൺ റീസെറ്റ് ചെയ്തപ്പോൾ നിന്റെ നമ്പര് പോയി എനിക്ക് ഒന്നും മെസ്സേജ് ചെയ്തേക്കണം,  വാട്സ്ആപ്പ് നമ്പറും പേർസണൽ നമ്പറും അവൾക്ക് മെസ്സേജ് ചെയ്തു, കഴിക്കുന്ന ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു, ഉച്ചയ്ക്ക് പിടിപ്പത് ജോലി ആയതുകൊണ്ട് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല,  അതുകൊണ്ട് വല്ലാതെ ക്ഷീണം തോന്നിയിരുന്നു...  ഭക്ഷണം കൂടി കഴിച്ച് കഴിഞ്ഞപ്പോഴേക്കും ഉറക്കം വരുന്നത് പോലെ തോന്നിയിരുന്നു,  ഇന്നലെയും മിനിഞ്ഞാന്നും എല്ലാം ഓഡിറ്റിങ് ആയതുകൊണ്ട് വലിയ തിരക്കായിരുന്നു,  അതുകൊണ്ട് തന്നെ നന്നായി ഉറങ്ങാൻ സാധിച്ചില്ല... നാളെ ലീവ് പറഞ്ഞിട്ടുണ്ട്, സുഖമായി ഒന്നുറങ്ങണം അതാണ് പ്രധാനപ്പെട്ട ലക്ഷ്യം..  അവിടെ നിന്നു തന്നെ മൂന്നാല് വലിയ ബോട്ടിൽ മിനറൽ വാട്ടറും വാങ്ങിച്ചിരുന്നു, ശേഷം അടുത്തുകണ്ട ഓട്ടോറിക്ഷയിൽ നേരെ ഫ്ലാറ്റിലേക്ക്,  മൂന്നുപേർ ഒരുമിച്ച് താമസിക്കുന്ന ഒരു ഫ്ലാറ്റ് ആണ്...  2  പേരിൽ ഒരാൾ കോളേജ് സ്റ്റുഡന്റ് ആണ്,  മറ്റൊരാൾ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ലെച്ചർ ആണ്, ആൾ മാരീഡ് ആണ്... രണ്ടുപേരും വന്നിട്ടില്ല,  അതുകൊണ്ടു തന്നെ കൈയിലുണ്ടായിരുന്ന സ്പെയർ ഉപയോഗിച്ച് ഫ്ലാറ്റ് തുറന്നു,  ശേഷം ഫ്രിഡ്ജിന് അകത്തു നിന്ന് ഒരു ബോട്ടിൽ തണുത്ത വെള്ളമെടുത്തു കുടിച്ചു,  അപ്പോൾ തന്നെ ഒരു ഉണർവ് വന്നത് പോലെ തോന്നി...  പിന്നെ ഞാൻ ബോട്ടിലുമായി നേരെ മുറിയിലേക്ക് ചെന്നു,  ബാത്റൂമിലേക്ക് കയറി  ക്ലോറിൻ നിറഞ്ഞ വെള്ളം ആയതുകൊണ്ട് തന്നെ തലമുടി കഴുകുന്നത് രണ്ടുമൂന്നു ദിവസം കൂടുമ്പോഴാണ്,അതിനാണ് മിനിറൽ വാട്ടർ വാങ്ങിയത്...  ഇന്ന് ക്ഷീണം അധികരിച്ച് ദിവസമാണ്, മുടി കഴുകാതെ ഉറങ്ങാൻ പറ്റില്ലന്ന് തോന്നിയതുകൊണ്ടാണ് നേരെ വന്ന് ക്ഷീണം മാറും മുൻപേ കുളിക്കാൻ വേണ്ടി കയറിയത്, കുളി കഴിഞ്ഞ് ഒരു ബനിയനും പലസോയും ധരിച്ചു പുറത്തിറങ്ങി,  ഒരു ക്ഷീണം അനുഭവപ്പെട്ടതുകൊണ്ടു തന്നെ ഗ്രീൻ ടീ ഉണ്ടാക്കി കുടിച്ചു,  അതുമായി ബാൽക്കണിയിലേക്ക് ചെന്നിരുന്നു. നഗരക്കാഴ്ചകൾ എന്നും കണ്ണിനു പുതുമയാണ്,  ആദ്യമായി ഇവിടെ എത്തിയ നാൾ മുതൽ തന്നെ ഈ കാഴ്ചകൾ ഇഷ്ടപ്പെട്ട് തുടങ്ങിയതാണ്..  ആ സമയം തന്നെ ഫോൺ എടുത്തു അമ്മയെ വിളിച്ചു,  ഒന്ന് രണ്ട് റിങ്ങിൽ തന്നെ ഫോൺ എടുക്കപ്പെട്ടു,  അല്ലെങ്കിലും വിളിക്കുമ്പോൾ പെട്ടെന്ന് ഫോൺ എടുക്കുന്നത് അമ്മ അല്ലാതെ മറ്റാരാണ്.? " ഉച്ചയ്ക്ക് ഞാൻ വിളിച്ചപ്പോൾ നിന്നെ കിട്ടിയില്ലല്ലോ... എടുത്തതെ പരാതി പറഞ്ഞു... "ഭയങ്കര തിരക്കായിരുന്നു,  അതുകൊണ്ടാണ്... " സച്ചു വന്നില്ലേ.. " വന്നു ഇപ്പോഴാ ട്യൂഷന് പോയത്, അതുവരെ എന്തൊക്കെയോ ഫോണിൽ ചെയ്യുകയായിരുന്നു...  എന്ത് ചോദിച്ചാലും ചെക്കൻ ഒന്നും മിണ്ടില്ല, ഫോണിൽ നോക്കിയ വർത്താനം പറയുന്നത് പോലും..... അമ്മ പരിഭവം തുടങ്ങി.. "  അതൊക്കെ അങ്ങനെയാ അമ്മേ, ഞാൻ പഠിക്കുന്ന കാലത്ത് ഒക്കെ ഇത്രയും സൗകര്യം ഉണ്ടായിരുന്നേൽ ഞാൻ രക്ഷപെട്ട് പോയേനെ, ഇപ്പോൾ അസൈൻമെന്റും പ്രോജക്ടും എല്ലാം ഫോണിൽ കിട്ടുമല്ലോ, ഞാനൊക്കെ എന്ത് കഷ്ടപ്പെട്ടിട്ടുണ്ട്, അവൾ പറഞ്ഞു " ആ കാലമായിരുന്നു നല്ലത്..!  ഇതിപ്പോ മനുഷ്യർ തമ്മിൽ പോലുമില്ല  സംസാരം... അമ്മയ്ക്ക് ദേഷ്യം തോന്നി തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി...  അതുകൊണ്ടുതന്നെ വിഷയത്തിൽ നിന്നും ശ്രദ്ധ മാറ്റി, " നീ ഇനി എന്നാണ്.. " ഞാൻ കഴിഞ്ഞ മാസത്തിൽ അല്ലെ അങ്ങോട്ട് വന്നത്, ഇനിയും സമയമുണ്ടല്ലോ എറണാകുളത്തോ തിരുവനന്തപുരമോ ആയിരുന്നുവെങ്കിൽ എല്ലാ ആഴ്ചയിലും വരാരുന്നു, ഇത് അവിടെ വന്നിട്ട് തിരികെ വരുന്നത് വലിയ ബുദ്ധിമുട്ടാണ് അമ്മേ,  അങ്ങോട്ടുള്ള യാത്ര,  ഇവിടെ വന്നു കഴിഞ്ഞാൽ പിന്നെ എനിക്ക് ക്ഷീണമാണ്...  ഒരു നേരം ഒന്ന് കിടക്കാൻ പോലും പറ്റില്ല, അതിനു മുൻപ് ഡ്യൂട്ടിക്ക് കേറണം, അതിലും നല്ലത് ഞാൻ ഒരുമിച്ച് കുറച്ച് അവധി കിട്ടുമ്പോൾ  വീട്ടിലേക്ക് വരുന്നത് അല്ലെ, "  വീട്ടിൽ വന്നാലും അടങ്ങിയിരിക്കില്ലല്ലോ,  എല്ലായിടത്തും കറക്കം, " അത് പിന്നെ എത്ര കാലം കൂടി വീട്ടിലേക്ക് വരുന്നത്... സത്യം പറഞ്ഞാൽ ഇവിടെ നിൽക്കുമ്പോഴ് നമ്മുടെ നാട് മിസ് ചെയ്യുന്നത് ആണ് അമ്മേ.. " നിനക്ക് അല്ലെ നിർബന്ധം, "  നിർബന്ധം കൊണ്ട് ഒന്നും അല്ലല്ലോ,  ഇവർ പറഞ്ഞ  ശമ്പളം കേട്ടിട്ടല്ലേ ഇങ്ങോട്ട് വന്നത്,  ഇപ്പോൾ വന്നു മൂന്ന് വർഷം ആകുമ്പോഴേക്കും എന്തുമാറ്റം ആണ് ഉള്ളത്,  ഒരുപാട് മാറിയില്ലേ കാര്യങ്ങൾ ഒക്കെ,  ചെറുതെങ്കിലും വീടൊക്കെ കുറെ ശരിയാക്കിയില്ലേ..? "മതി കാര്യങ്ങൾ മാറിയത്, ഇനി വരുമ്പോ കല്യാണം നോക്കണം, , "  ഈ വട്ടം എന്താണെങ്കിലും കല്യാണം കഴിക്കുന്നില്ല,  രണ്ട് വർഷം  കഴിയട്ടെ അമ്മേ... " 2 വർഷമോ..?  ഇപ്പൊ തന്നെ ആയി നിനക്ക് 24  വയസ്സ് ആയി.. " 24  വയസ്സ് ഒക്കെ ഒരു പ്രായമാണോ  അമ്മ,  ഒരു 28 വയസ്സ് എങ്കിൽ ആവട്ടെ അപ്പൊ കല്യാണം കഴിക്കാനുള്ള പക്വത ഒക്കെ വരും..  ആ സമയത്ത് കെട്ടാം... "വരും ആ പ്രായത്തിൽ നിന്നെ കേട്ടാൻ ആൾ, " ഞാൻ കുറച്ചു നേരം കിടന്നു ഉറങ്ങാൻ പോവാ,  അവളുമാരൊക്കെ വരുമ്പോൾ 7 ആകും, അതുവരെ ഞാൻ ഉറങ്ങാട്ടെ, കല്യാണം നമ്മുക്ക് പിന്നെ നടത്താം, " എങ്കിൽ കിടന്നോ,  ക്ഷീണം അല്ലെ " ശരി അമ്മ.... അതും പറഞ്ഞ് ഫോൺ കട്ട് ചെയ്തു,  ബെഡിലേക്ക് കിടക്കാൻ തുടങ്ങിയപ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും ഫോൺ വരുന്നത്,  അതുകൂടി അറ്റൻഡ് ചെയ്തു..  ഹലോ പറയും മുൻപ് അവിടെ നിന്നും ശബ്ദം കേട്ടു, "ഡീ ഞാനാ സംഗീത, ന്റെ കൈയ്യിൽ നിന്ന് നിന്റെ നമ്പർ  പോയി, നമ്മുടെ കൂടെ പഠിച്ചവരുടെ നമ്പർ ഒക്കെ നിന്റെ കയ്യിൽ ഉണ്ടോ...? സ്കൂളിൽ  ഒപ്പം പഠിച്ച കൂട്ടുകാരിയാണ്, "  എല്ലാവരുടെയും ഒന്നുമില്ല കുറച്ചുപേരുടെ കയ്യിൽ ഉണ്ട്,  പിന്നെ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ള കുറെ പേരുടെ ഉണ്ട്... "  ഞാൻ ഗ്രൂപ്പിൽ നിന്നും എക്സിറ്റ് ആയി പോയി,  നിയാ  ഗ്രൂപ്പിൽ അഡ്മിൻ ആണെങ്കിൽ എന്നെ ആഡ് ആക്കിക്കോ, "  ഞാൻ അഡ്മിൻ ഒന്നുമല്ല പലപ്പോഴും  മെസ്സേജ് കണ്ട ആരെയെങ്കിലും ബർത്ത്ഡേക്ക് എന്തെങ്കിലും വിഷ് ചെയ്യുന്നത് അല്ലാതെ ഗ്രൂപ്പ് ആയിട്ട് എനിക്ക് യാതൊരു ബന്ധവുമില്ല.. "  ഒരു കാര്യം ചെയ്യാം നമ്മുടെ ആര്യ ആണ് അതിന്റെ അഡ്മിന്,  അവൾക്ക് മെസ്സേജ് അയക്കാം നിന്നെ ആഡ് ചെയ്യാൻ... "അത് മതി, അതൊക്കെ പോട്ടെ നീ എവിടെയാ...? "ഇപ്പോൾ ബാംഗ്ലൂർ സിറ്റി, "  എല്ലാരും പല വഴിക്കായി അല്ലേടി ഴ് ഞാനിപ്പോ ചെറിയൊരു ടീച്ചർ  ആണ്... സംഗീത പറഞ്ഞു... അവൾ അല്ലേലും പണ്ടേ നോൺസ്റ്റോപ്പ് ആണ്... " ചെറിയ ടീച്ചറോ..? "  അതെ ചെറിയതോതിൽ ഒരു ടീച്ചർ,     നമ്മുടെ പൈസ കൊടുത്താൽ ജോലി കിട്ടും,  ഇപ്പോൾ അങ്ങനെയല്ലാതെ ഒരിടത്ത് ഒരു വർഷത്തേക്ക് കയറിയിരിക്കുകയാണ്... " നന്നായി, അതൊക്കെ നടക്കും..  നീ പിഎസ് എഴുതുന്നില്ലേ..? " എല്ലാം നോക്കുന്നുണ്ട്... " ഞാൻ നിന്നെ വിളിച്ചത് ഒരു കാര്യം പറയാനുണ്ട്, അതാണ്.. "കല്യാണം ആയോഡി..? " അതെ എങ്ങനെ മനസ്സിലായി... സംഗീത അത്ഭുതമൂറി... "  സാധാരണ ഇങ്ങനെ പഠിച്ചു കഴിഞ്ഞിട്ട് ആരെങ്കിലും വിളിക്കുന്നത് ഒന്നുങ്കിൽ കല്യാണത്തിന്,  അല്ലെങ്കിൽ മറ്റാരെങ്കിലും പരിചയത്തിലുള്ളവരെ കുറിച്ച് ചോദിക്കാൻ...  അത് അങ്ങനെയായിരിക്കും, "ഒന്ന് പോടീ... കല്യാണം ആണ്, നിശ്ചയം അടുത്ത മാസം 20 ന്.. എന്തൊക്കെയാണെങ്കിലും ലീവെടുത്ത് വരണം, പറ്റില്ലാന്ന് എന്ന് പറയരുത്, എനിക്ക്  നീ കുറെ കാണിച്ചു തന്നിട്ടുണ്ട്,  അതുകൊണ്ടാണ് ഞാൻ പരീക്ഷയൊക്കെ ജയിച്ചതെന്ന് പറഞ്ഞാൽ മതി, അവൾ ഒന്ന് ചിരിച്ചു... "വരാടി...! വീട്ടിൽ വിളിക്കാൻ പോകുന്നുണ്ടോ...? "പിന്നെ അച്ഛൻ വീട്ടിൽ എല്ലാരും പരിചയമുണ്ടല്ലോ,  പക്ഷേ നിന്നെ ഒന്ന് വിളിച്ചിട്ട് ആകട്ടെന്ന് കരുതി,  ആദ്യത്തെ നിന്നോട്, അത് ഞാൻ തന്നെ പറയണം എന്ന് എനിക്കൊരു നിർബന്ധം,  അതുകൊണ്ട് വിളിച്ചു നേരത്തെ വിളിച്ചു പറഞ്ഞു... " നിനക്ക് അറിയാലോ എനിക്ക് വരാൻ പറ്റുമെന്ന് ഉറപ്പില്ല,  നോക്കാം, "  നോക്കിയാൽ പോരാ വരണം,  എല്ലാരും വരും, എല്ലാരേം വിളിക്കുന്നുണ്ട്.. കുറെയൊക്കെപേര് വരുമെന്ന് ഉറപ്പുണ്ട്...  നമ്മൾ സ്കൂളൊക്കെ കഴിഞ്ഞു പിരിഞ്ഞിട്ട് എത്ര കാലായി,  ഒന്ന് കണ്ടിട്ട്  എത്ര നാളായടി... "ശരിയാഡി എന്താണെങ്കിലും നിന്റെ കല്യാണത്തിന് വേണ്ടി ഞാൻ ലീവ് എടുത്തിരിക്കും... "  സെപ്റ്റംബർ എട്ടാം തീയതി കല്യാണം,  ഏഴാം തീയതി  പാർട്ടി ഉണ്ട്, "  ഞാൻ എന്താണെങ്കിലും ഉണ്ടാവും...  നിനക്ക് അറിയാവുന്ന ആൾ ആണ്,  ഞാൻ നിനക്ക് വാട്സാപ്പിൽ ഫോട്ടോ ഇട്ടിട്ടുണ്ട്... നമ്മുടെ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ചാണ് കല്യാണം, "  ഓക്കേ എത്തിയിരിക്കും..... അതും പറഞ്ഞു അവൾ ഫോൺ വച്ചു, അപ്പോഴേക്കും ഉറക്കം ഒക്കെ എവിടെയൊക്കെയോ പോയിരുന്നു...  ബാൽക്കണി വാതിൽ തുറന്ന് വീണ്ടും ബാൽക്കണിയിൽ ഇറങ്ങി,  ഓർമ്മകൾ എവിടെനിന്നൊക്കെയോ പാഞ്ഞു വരുന്നു... എന്നും ഓർക്കാൻ ഇഷ്ടമുള്ള കാലം, കുട്ടിക്കാലം...! ചക്കരമിട്ടായിയുടെയും സിപ്പപ്പിന്റെയും രുചിയുള്ള കാലം, സ്കൂളിൽ പഠിച്ച സമയത്തെ ഓർമകളാണ് മനസ്സിൽ എന്നും പതിഞ്ഞ് പോകാറുള്ളത്...  പിന്നീട് കോളേജിൽ എത്തി എത്ര നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു,  പക്ഷേ കോളേജിലെ കൂട്ടുകാരുമായി ഒന്നും ഇപ്പോഴും ഒരു സൗഹൃദം പുലർത്തുന്നുമില്ല എന്നതാണ് സത്യം, സ്കൂളിൽ പഠിച്ചവരോട് അങ്ങനെയല്ല അവരെയൊക്കെ ഇപ്പോഴും ഓർക്കുമ്പോൾ മനസ്സിന് എന്തോ ഒരു പ്രത്യേകതയാണ്...  പെട്ടെന്ന് ആ കാലത്തിലേക്ക് തിരികെ പോകാൻ കൊതിക്കും ഇതുപോലെ, എല്ലാവരും പറയും കലാലയമാണ് മനോഹരമെന്ന് പക്ഷേ എനിക്ക് എന്നും ഇഷ്ടം എന്റെ സ്കൂൾ കാലഘട്ടമായിരുന്നു...  ഒരിക്കൽ കൂടി തിരികെ പോകാൻ പറ്റിയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്ന ആ സുന്ദരമായ കാലം, കുറച്ചുസമയം ആ ബാൽക്കണിയിൽ നിന്നപ്പോൾ ചെമ്മാനം ചുവക്കുന്നതും സായാഹ്ന സൂര്യൻ  മാഞ്ഞു തുടങ്ങുന്നതും കണ്ടു..  അതോടൊപ്പം ഒരു ചിത്രംകൂടി മനസ്സിലേക്ക് ഓർമ്മ വന്നു, രണ്ടുവശത്തേക്കും മുടി പിന്നി ചുവന്ന റിബൺ ഒക്കെ കെട്ടി  നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ  മുഖം, കുഞ്ഞു ശ്വേതാ തോമസിന്റെ മുഖം.. .....കാത്തിരിക്കൂ.........