{"vars":{"id": "89527:4990"}}

കിനാവിന്റെ തീരത്ത്... 💛🦋: ഭാഗം 5

 
[ad_1]

രചന: റിൻസി പ്രിൻസ്

" ചേച്ചി വിഷമിക്കാതെ ഒരു മാസത്തിനുള്ളിൽ നമ്മുടെ കൊച്ചിന് പറ്റിയ നല്ലൊരു പയ്യന്റെ ആലോചനയും കൊണ്ട് ഞാൻ ഇങ്ങോട്ട് വരും...

അയാളുടെ ആ വാക്ക് അവളുടെ ഹൃദയത്തിൽ ആണ് പതിച്ചത്.

അയാൾ അവിടെ നിന്നും ഇറങ്ങിയപ്പോൾ തന്നെ അമ്മ കാണാതെ അടുക്കള ഭാഗത്തേക്ക് കയറി അവിടെ ഇരുന്ന് ബക്കറ്റിൽ നിന്നും കൈയും മുഖവും നന്നായി കഴുകി അവൾ മുറിയിലേക്ക് പോയിരുന്നു.... ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം തന്റെ ബാഗിൽ നിന്നും ഫോണെടുത്ത് കുറച്ച് മാറി നിന്ന് അർജുന്റെ നമ്പർ ഡയൽ ചെയ്തു.... ഒന്ന് രണ്ട് ബെല്ലിന് ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്,

"ഹലോ...!

 ഉറക്കക്ഷീണം ഉള്ള ശബ്ദം,
 അവൻ നല്ല ഉറക്കത്തിലായിരുന്നുവെന്ന് അവൾക്ക് തോന്നിയിരുന്നു....

" അജു ശരിക്കും നീ എന്നെ കല്യാണം കഴിക്കുമോ...?

പിന്നെ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു അവളിൽ നിന്നും വന്നത്.... പെട്ടെന്നുള്ള അവളുടെ ആ ശബ്ദവും കരച്ചിലും അവനെയും ആശങ്കയിലാഴ്ത്തി.....

" എന്താണ്...? എന്താടി...?

അറിയാതെ അവൻ പെട്ടെന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റു ഇരുന്നു....

" എന്താടി എന്തുപറ്റി നീ എന്തിനാ കരയുന്നത്...?  എന്താ പറ്റിയത് അവൻ പലതവണ ഫോണിൽ കൂടി ചോദിച്ചപ്പോഴും അവളുടെ ഗൽഗഥങ്ങളും എങ്ങലടിയും മാത്രമാണ് പുറത്തേക്ക് വന്നത്...  അത്രമാത്രം അവൾ സങ്കടപ്പെടുന്നുണ്ടെന്ന് അവനും മനസ്സിലായിരുന്നു....

" മീര.....

 ആർദ്രമായി അവൻ വിളിച്ചു,

"  ഇപ്പോൾ ഇവിടെ ഒരു ബ്രോക്കർ വന്നു, ആറു മാസത്തിനുള്ളിൽ എനിക്ക് നല്ലൊരു കല്യാണാലോചന കൊണ്ടുവരുമെന്ന് ഉറപ്പു കൊടുത്തിട്ട്  ആണ് പോയിരിക്കുന്നത്...

എങ്ങലിന്റെ  മേമ്പൊടിയോടെ അവൾ പറഞ്ഞപ്പോൾ അവളുടെ മനസ്സിലെ വിഷമത്തിന്റെ ആഴം എത്രയാണെന്ന് അവനും മനസ്സിലാക്കാൻ സാധിച്ചിരുന്നു....

"  എനിക്ക് മനസ്സിലായി.... നീ വിഷമിക്കേണ്ട,  ഞാൻ ഇന്ന് തന്നെ അച്ഛനോട് കാര്യം പറയാം.... നീ ഒന്ന് സമാധാനപെട്...  ഒന്നും പറ്റിയില്ലെങ്കിൽ നീ പറഞ്ഞതുപോലെ ഞാൻ വീട്ടിൽ വന്നു അമ്മയോട് കാര്യങ്ങളൊക്കെ പറയാം...  എനിക്കൊരു ജോലി കിട്ടുന്നത് വരെ വെയിറ്റ് ചെയ്യണം എന്നും പറയാം, നീ സമാധാനമായി ഇരിക്ക്... മോൾ കരയാതെ....

 ആർദ്രമായി അവൻ പറഞ്ഞപ്പോൾ അവൾക്ക് കുറച്ച് ആശ്വാസം തോന്നിയിരുന്നു....

" മീരേ.....

 പുറത്തുനിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു....

അവൾ ഒരുപാട് വേദന അനുഭവിക്കുന്നുണ്ടെന്നും ഇത് ചെറിയ പ്രശ്നമല്ലെന്നും ഇതോടെ അർജുനും മനസ്സിലായിരുന്നു....  രണ്ടുംകൽപ്പിച്ച് അവൻ കട്ടിലിൽ നിന്നും എഴുന്നേറ്റു, താഴേക്ക് വന്നപ്പോൾ അച്ഛൻ പത്രം നോക്കിയിരിക്കുകയാണ്.....  അടുക്കളയിലേക്ക് ഒന്നു പോയി നോക്കി അമ്മയെ കാണുന്നില്ല,  അച്ഛന്റെ അരികിലേക്ക്  തന്നെ വന്നു നിന്നു....

" നീ എഴുന്നേറ്റോ...? അവൾ ഏതോ അമ്പലത്തിൽ പോയിരിക്കുകയാണ്,  വരാൻ പതിനൊന്നു മണി ആവും എന്ന് പറഞ്ഞത്.... ഫ്ലാസ്കിൽ ചായ ഇരിപ്പുണ്ട്..  പിന്നെ എന്തൊക്കെയോ ഉണ്ടാക്കി ഡൈനിങ് ടേബിളിൽ വച്ചിട്ടുണ്ട്..... എടുത്ത് കഴിക്ക്,  സമയം കുറെ ആയി. 

 അമ്മ ഇവിടെ ഇല്ലാത്ത ഈ സമയം തന്നെയാണ് അച്ഛനോട് കാര്യങ്ങൾ അവതരിപ്പിക്കാൻ നല്ലത് എന്ന് അവനും തോന്നിയിരുന്നു....  ഒന്നും മിണ്ടാതെ നിൽക്കുന്ന മകന്റെ ഭാവം കണ്ടപ്പോൾ അച്ഛനും അവന് എന്തോ പറയാനുണ്ടെന്ന് തോന്നിയിരുന്നു.... 

"എന്താടാ നിനക്ക് എന്തെങ്കിലും എന്നോട് പറയാൻ ഉണ്ടോ .?.

"അച്ഛന് അത് മനസ്സിലായി അല്ലേ...?

അമ്പരപ്പോടെ അവൻ ചോദിച്ചു...

 " എന്താ കാര്യം....

ഗൗരവത്തോടെ അച്ഛൻ ചോദിച്ചു...

"  അത് പിന്നെ അച്ഛാ.... എനിക്ക് എങ്ങനെ പറയണം എന്നറിയില്ല......  പക്ഷേ ഒരു കാര്യം ഞാൻ പറയാം, അച്ഛൻ എതിർക്കരുത്...

"  എന്താടാ വല്ല പ്രേമ ബന്ധത്തിന്റെയും കാര്യമാണോ...?

 കൃത്യമായി തന്റെ മനസ്സ് വായിച്ച് അച്ഛന്റെ മുഖത്തേക്ക് അവൻ അത്ഭുതത്തോടെ നോക്കി....

"  സത്യം അച്ഛാ....മൂന്നുവർഷമായി എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്.... അച്ഛനോട് ഒരു ജോലി കിട്ടിയിട്ട് പറയാമെന്നാണ് കരുതിയത്....  പക്ഷെ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല,  അവളുടെ വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി....

" ആരാ പെണ്ണ്...?

ഒരു ഭാവമാറ്റവും ഇല്ലാത്ത മറുപടി...

 " അച്ഛൻ വിചാരിക്കുന്നപോലെ വലിയ സാമ്പത്തിക ഭദ്രത ഉള്ള വീട്ടിലെ ആളൊന്നുമല്ല.....  അവൾക്ക് അച്ഛനില്ല, അമ്മ മാത്രമേ ഉള്ളൂ.... അമ്മ തൊഴിലുറപ്പിന് ഒക്കെ പോയിട്ട് ആണ് ജീവിക്കുന്നത്.... പക്ഷേ അവൾ നല്ല കുട്ടിയാണ്, വിവാഹത്തിന് സ്വത്തിനെക്കാളും കൂടുതൽ ഒരു പെൺകുട്ടിയുടെ സ്വഭാവമല്ലേ നോക്കേണ്ടത്...?

"  എവിടെയാ ആ കുട്ടിയുടെ വീട്....?

"  എല്ലാ ഡീറ്റെയിൽസ്സും ഞാൻ പറയാം....  അച്ഛനെ സമ്മതമാണെങ്കിൽ മാത്രം,

"   നീ പറയുന്നത് കേട്ടിട്ട് അവർ വലിയ ബുദ്ധിമുട്ടിൽ ജീവിക്കുന്നവർ ആണെന്ന് തോന്നുന്നു....

"  അതെ അച്ഛ... നല്ല ബുദ്ധിമുട്ടിൽ ആണ് അവർ ജീവിക്കുന്നത്.... 

"അവളുടെ വീട്ടിൽ വേറെ ആരുണ്ട്... അമ്മയും അവളും മാത്രമേ ഉള്ളോ..?

" അല്ല അവൾക്ക് രണ്ട് അനിയത്തിമാരും കൂടിയുണ്ട്...

"ഓ...

അയാളുടെ നെറ്റി ഒന്ന് ചുളുങ്ങി...

"അച്ഛൻ ആലോചിച്ച് എന്നോട് ഒരു തീരുമാനം പറയണം....

" ഞാൻ തന്നെ ആലോചിച്ച് തീരുമാനം എടുക്കേണ്ട കാര്യമില്ല ഇത്, നിന്റെ അമ്മ വരട്ടെ അവളോടും കൂടി ആലോചിച്ച് ഞാൻ ഉടനെ ഒരു തീരുമാനം പറയാം....

"  അമ്മ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല....  അവൾക്ക് അത്രയും പണം ഒന്നും ഇല്ലാത്തതുകൊണ്ട്,

"  എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ അജു, നിന്റെ കാര്യത്തിൽ എന്നെപ്പോലെതന്നെ അവകാശം ഉള്ളവളാണ് നിന്റെ അമ്മ,  അവളോട് ചോദിക്കാതെ ഞാൻ ഒരു തീരുമാനം എടുക്കില്ല.... ഒന്നാമത്തെ ഞങ്ങൾ പ്രാർഥനയും വഴിപാടും കഴിച്ചു ഉണ്ടായ മകനാണ്,  അതുകൊണ്ട് അവളെ എതിർത്ത് ഞാൻ ഒരു തീരുമാനം എടുക്കില്ല... അവൾ വരട്ടെ.... വന്നതിനുശേഷം ഞാൻ നിന്നോട് പറയാം എന്താണ് തീരുമാനമെന്ന്....

  അച്ഛന്റെ വാക്കുകൾ അവനിൽ ചെറിയൊരു പ്രതീക്ഷ നൽകിയിരുന്നു,  താൽപര്യമില്ലെങ്കിൽ ആദ്യം തന്നെ അച്ഛൻ അത് എതിർക്കുമെന്ന് അവന് ഉറപ്പായിരുന്നു....  ചെറിയൊരു കുളിര് അവന്റെ മനസ്സിൽ വീണു പക്ഷേ  മീരയോട് പറയാറായിട്ടില്ല  എന്ന് തോന്നി.....  വെറുതെ പ്രതീക്ഷ നൽകി ആശ്വാസം നൽകേണ്ട കാര്യമല്ല ഇത്,  എന്താണ് തീരുമാനം എന്ന് കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രം വിളിക്കാം എന്ന് വിചാരിച്ചു.....

 ഉച്ചയോടെയാണ് ഇന്ദിര എത്തിയത്,  അവർ എത്തിയതും അക്ഷമനായി ഇറങ്ങി വരുന്ന മകനെ കണ്ടപ്പോൾ തന്നെ തീരുമാനത്തിന് വേണ്ടി അവൻ കാത്തിരിക്കുകയാണെന്ന് അനന്തനും മനസ്സിലായിരുന്നു..... കൈയ്യിലെ ചിന്തയിൽ നിന്നും അൽപം ചന്ദനം എടുത്ത് മകന്റെ നെറ്റിയിൽ തൊട്ടു ...

" നിങ്ങൾ ഒന്നും കഴിച്ചില്ലേ...?

അടച്ചു വച്ചിരിക്കുന്ന ഭക്ഷണം കണ്ടുകൊണ്ട് ഇന്ദിര  അച്ഛന്റെയും മകന്റെയും മുഖത്തേക്ക് നോക്കി ചോദിച്ചു...

" ഞാൻ കഴിച്ചു...! അവൻ കഴിച്ചില്ല....

അനന്തനാണ് മറുപടി പറഞ്ഞത്,

"എന്താടാ....! നിനക്ക് ഇഷ്ടപ്പെട്ട ഇടിയപ്പവും കിഴങ്ങ് സ്റ്റൂവും ആണല്ലോ ഉണ്ടാക്കി വെച്ചിരിക്കുന്നത്,  എനിക്ക് വിശപ്പ് തോന്നിയില്ല... അമ്മ അത്രയും പറഞ്ഞ് അച്ഛന്റെ മുഖത്തേക്ക് നോക്കി...  അവൻ മുകളിലേക്ക് കയറിയപ്പോൾ തങ്ങളുടെ തീരുമാനം അറിയാനാണ് അവൻ കാത്തിരിക്കുന്നതെന്ന് അനന്തനും മനസ്സിലായിരുന്നു...

"  നീ ഇങ്ങു വന്നേ....!  ഒരു കാര്യം പറയാനുണ്ട്,

ഇന്ദിരയെ വിളിച്ച് അനന്തൻ മുറിയിലേക്ക് പോയി....

" അജു..........!

കുറച്ചു സമയങ്ങൾക്ക് ശേഷം താഴെ നിന്നും അച്ഛന്റെ വിളി വന്നപ്പോൾ വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ ആണ് അവൻ താഴേക്ക് ഇറങ്ങി വന്നത്.... കരഞ്ഞു കലങ്ങി ദേഷ്യത്തോടെ തന്നെ നോക്കുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ അച്ഛൻ എല്ലാ കാര്യങ്ങളും അമ്മയോട് പറഞ്ഞിട്ടുണ്ട് എന്ന് അവന് മനസ്സിലായി,

" ഞങ്ങൾ രണ്ടു പേരും കൂടി ഒരു തീരുമാനമെടുത്തു.....

 അനന്തനാണ് സംസാരിച്ചു തുടങ്ങിയത്.....

" നിനക്കറിയാമല്ലോ നിന്നെ ഞങ്ങൾ വളർത്തിയ എങ്ങനെയാണെന്ന്, ഞങ്ങൾക്ക് ആകെയുള്ള ഒരു മകൻ ആണ് നീ... എങ്കിൽ നിന്റെ വിവാഹത്തെക്കുറിച്ച് എനിക്ക് നിന്റെ അമ്മയ്ക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് നിനക്ക് ഒരു പെൺകുട്ടി ഇഷ്ടമാണെന്ന് പറയുന്നു അത് ഞാനും നിന്റെ അമ്മയും അംഗീകരിച്ചേനെ, പക്ഷെ അവൾക്ക് രണ്ടനിയത്തിമാർ ഉണ്ട്...  നിന്റെ അമ്മ പറഞ്ഞപ്പോൾ ഞാനും ആലോചിച്ചു.... ആലോചിച്ചപ്പോൾ എനിക്കും തോന്നി ശരിയാണെന്ന്, അവരുടെ കാര്യങ്ങളും നീ നോക്കേണ്ടി വരും....  മാത്രമല്ല അവരുടെ വീട്ടിൽ ആണുങ്ങൾ എന്ന് പറയാൻ ആരുമില്ല.... നാളെ എന്റെ മകനെ അവിടേക്ക് കൊണ്ടു പോകണം എന്നോ മറ്റോ പറഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ഇവിടെ ആരും ഉണ്ടാവില്ല...  മാത്രമല്ല ആ വീട്ടിലെ മൂത്ത മരുമകൻ എന്ന് പറഞ്ഞാൽ മകന്റെ സ്ഥാനമാണ്,  ഇനി ആ വീട്ടിലെ എല്ലാ കാര്യങ്ങളും നീ വേണം നടത്താൻ... അവളുടെ സഹോദരിമാരുടെ പഠിപ്പും വിവാഹവും അങ്ങനെ എല്ലാ കാര്യങ്ങളും നീ വേണം ചെയ്യാൻ, മാത്രമല്ല അവിടെ ഒരു ആൺതുണയായി വേണ്ടതും നീ ആകും.... എന്റെ മകനെ മറ്റൊരു വീട്ടിലേക്ക് വിട്ടുകൊടുക്കാൻ എനിക്കും ഇവൾക്കും സമ്മതമല്ല....  ബാക്കിയൊക്കെ നിനക്ക് തീരുമാനിക്കാം, ഞങ്ങളുടെ ആഗ്രഹം അനുസരിച്ച് വിവാഹം നടക്കില്ല....  പിന്നെ എന്നെയും നിന്റെ അമ്മയെയും ഉപേക്ഷിച്ച് അവളെ വിവാഹം കഴിക്കാനാണ് നിന്റെ തീരുമാനം എങ്കിൽ അത് നിനക്ക് ചെയ്യാം...  പക്ഷേ പിറ്റേന്ന് തന്നെ ഞാനും അവളും ഈ ലോകത്തു നിന്നും വിടപറഞ്ഞിട്ട് ഉണ്ടാകും...  സാധാരണ അച്ഛനമ്മമാര് പറയുന്നത് പോലെ പേടിപ്പിക്കാൻ വേണ്ടി പറയുന്ന ഒരു വാക്കല്ല,  ഇത് ഞങ്ങളുടെ ജീവിതം ആണ്.... ഞങ്ങളുടെ മകന് വേണ്ടിയായിരുന്നു, വിവാഹം  കഴിഞ്ഞ് എട്ട് വർഷങ്ങൾക്കു ശേഷം  നീ ഉണ്ടായത്,  അത്രയും കാലം നിനക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥനകളും ചികിത്സകളും ആയിട്ട് നടന്നു....  നീ ജനിച്ചതിനു ശേഷം ഞങ്ങളുടെ ജീവിതം നിനക്ക് വേണ്ടി മാത്രമായിരുന്നു,  അങ്ങനെയുള്ള നീ നിന്റെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചാൽ പിന്നെ ഞങ്ങൾ ഉണ്ടാവില്ല....

"ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് നീ എന്നോട് സംസാരിച്ചാൽ മതി,

അത്രയും പറഞ്ഞ് ഇന്ദിരയും മുറിക്കകത്തേക്ക് കയറി, വാതിലടച്ചപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അർജുൻ....  ഒന്നും മിണ്ടാതെ അനന്തനും പുറത്തേക്കിറങ്ങി പോയിരുന്നു, പെട്ടെന്ന് അവന്റെ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോൾ,

" മീരാ കോളിംഗ്....

എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു... ജന്മം കൊടുത്തവരെ വേണോ അതോ വിശ്വസിച്ച് തനിക്കൊപ്പം നിൽക്കുന്ന പെണ്ണിനെ വേണോ.?  ഈ ചോദ്യത്തിന് മുൻപിൽ ഒരു ഉത്തരം ഇല്ലാതെ പകച്ചു നിൽക്കുകയായിരുന്നു ഇവർ.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]