ദാമ്പത്യം: ഭാഗം 37

എഴുത്തുകാരി: തുഷാര ലക്ഷ്മി നിമിഷയേയും,വെങ്കിയേയും കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്ത സാഹചര്യമാണെങ്കിലും അഭിക്കും,ആര്യയ്ക്കും തിരികെ പോകാനുള്ള ദിവസമടുത്തിരുന്നു… പക്ഷേ അച്ഛനേയും അമ്മയേയും ഇപ്പോഴത്തെ സാഹചര്യത്തിൽ ആ വീട്ടിൽ വിട്ടിട്ട്
 

എഴുത്തുകാരി: തുഷാര ലക്ഷ്മി

നിമിഷയേയും,വെങ്കിയേയും കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്ത സാഹചര്യമാണെങ്കിലും അഭിക്കും,ആര്യയ്ക്കും തിരികെ പോകാനുള്ള ദിവസമടുത്തിരുന്നു… പക്ഷേ അച്ഛനേയും അമ്മയേയും ഇപ്പോഴത്തെ സാഹചര്യത്തിൽ ആ വീട്ടിൽ വിട്ടിട്ട് പോകാൻ അഭിയ്ക്കു താല്പര്യമില്ലായിരുന്നു…

അതുകൊണ്ടുതന്നെ അവരെ തങ്ങളുടെ കൂടെ എറണാകുളത്തേക്കു കൊണ്ടുപോകാനുള്ള തന്റെ ആഗ്രഹമറിയിക്കുമ്പോഴും അവരത് സമ്മതിക്കുമെന്നു അഭിക്കും പ്രതീക്ഷയേതുമില്ലായിരുന്നു…പക്ഷേ ഒരു മാറ്റം ആഗ്രഹിച്ചിരുന്ന ശേഖരൻ അത് സമ്മതിച്ചു…പ്രഭയ്ക്കും,ജനുവമ്മയ്ക്കും എതിരഭിപ്രായമില്ലായിരുന്നു… അരവിന്ദിനേയും, നിമിഷയേയും കുറിച്ച് ചോദിക്കുന്നവർക്കു മറുപടി കൊടുത്തു അവരും മടുത്തിരുന്നു….. എല്ലാം അറിഞ്ഞു വെച്ച് പിന്നെയും കുത്തി നോവിക്കുന്നവരോട് എന്ത് മറുപടി പറയാനാണ്… അതുകൊണ്ടൊക്കെയാകും അവരും ഒന്നു മാറി നിൽക്കാനാഗ്രഹിച്ചത്….അഭി ഓർത്തു… അവരുടെ സമ്മതം കിട്ടിയതോടെ അഭി എറണാകുളത്തേക്കു പോയിരുന്നു..

ഒരു വീട് റെന്റിനെടുത്തു….എല്ലാവരും എത്തുന്നതോടെ തങ്ങളുടെ ടൂ ബെഡ്‌റൂം ഫ്ലാറ്റ് പോരാതെ വരും… അധികം വൈകാതെ എല്ലാവരും എറണാകുളത്തേക്കു തിരിച്ചു….കരഞ്ഞുകൊണ്ടു വീട് വിട്ടിറങ്ങിയ അമ്മയെയും,ജനുവമ്മയെയും അഭിയും,ആര്യയും ചേർത്തു പിടിച്ചു… നാല് ബെഡ്‌റൂമോടു കൂടി എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഇരുനില വീട്…അമ്മയുയും, ജാനുവമ്മയുടെയും ഇഷ്ടമറിഞ്ഞ പോലെയായിരുന്നു അഭി ആ വീട് കണ്ടുപിടിച്ചത്…സിറ്റിയുടെ ബഹളങ്ങളിൽ നിന്നു മാറി….മതിൽകെട്ടിനകത്തു നിറയെ മരങ്ങൾക്കിടയിലായിരുന്നു ആ വീട്….

നിറയെ കായ്ച്ചു നിൽക്കുന്ന മാവും, പ്ലാവും, പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നയുമൊക്കെ വീടിന്റെ മുൻവശത്തു തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്…അത് കൂടാതെ വീടിന്റെ എതിർവശത്ത്‌ ചെറിയൊരു ദേവി ക്ഷേത്രമുണ്ടായിരുന്നു…. അതു കണ്ടതോടെ അമ്മമാർക്ക് സന്തോഷമായി… രാവിലെ അമ്പലത്തിൽ നിന്നുള്ള കീർത്തനം കേട്ട് ഉണരാം.. പ്രഭയും,ജനുവമ്മയും ആര്യയെയും,മോളെയും കൂട്ടി അമ്പലത്തിൽ പോകുന്നത് പതിവായി…അത് അവർക്കും വലിയൊരു ആശ്വാസമായിരുന്നു…ചുറ്റുവട്ടത്തുള്ളവരോട് അത്യാവശ്യം പരിചയമായി… പതിയെ പുതിയ വീടും,ചുറ്റുപാടുമായി അവർ ഇണങ്ങി… ശർദ്ദിയുടെ ക്ഷീണമലട്ടുന്നുണ്ടെങ്കിലും ആര്യയും അഭിയുടെ സ്നേഹസംരക്ഷണത്തിൽ ഗർഭകാലം ആസ്വദിക്കുകയായിരുന്നു… ആര്യയ്ക്ക് രാത്രി ഉറക്കം കുറവാണ്…

ഹോസ്പിറ്റലിൽ നിന്നു ക്ഷീണിച്ചുവരുന്ന ദിവസങ്ങളിലും അവളുടെ കൂടെ ഉറക്കമൊഴിഞ്ഞിരിക്കുന്ന, ശർദ്ദിക്കുമ്പോൾ ഒരു മടിയും കൂടാതെ സ്വന്തം കൈ നീട്ടിത്തരുന്ന അഭിയെ കാണുമ്പോൾ ആ പെണ്ണിന് തന്റെ പാതിയെ പ്രവർത്തികളിൽ സന്തോഷം കൊണ്ടു കണ്ണ് നിറയും…അവന്റെ സ്നേഹവും കരുതലും ചിലപ്പോഴൊക്കെ അവളെ അത്ഭുതപ്പെടുത്താറുണ്ട്….ആ സ്നേഹമനുഭവിക്കാനുള്ള അർഹത തനിക്കുണ്ടോയെന്നു സംശയത്തോടെ ഓർക്കുമവൾ…..അപ്പോഴൊക്കെ പേരറിയാത്തൊരു നോവ് തന്നെ പിടികൂടുന്നത് അവളറിയുന്നുണ്ട്….

പക്ഷേ അവളുടെ മുഖം മാറുമ്പോഴേ അഭിക്കത് മനസിലാകും… അവന്റെ സ്നേഹശാസനയിൽ അവളൊരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ നെഞ്ചിലേക്ക് പതുങ്ങിയിരിക്കും…ആ ചൂടിൽ ഉള്ളിൽ കടന്നുകൂടിയ നോവ് അലിഞ്ഞങ്ങു പോകുകയും ചെയ്യും…. ചതിയുടെ വെയിലേറ്റു വാടി സങ്കടങ്ങളുടെ മരുഭൂമി താണ്ടി താനെത്തിയത് അഭിമന്യു എന്ന സംരക്ഷണ മരത്തിന്റെ സ്നേഹത്തണലിലേയ്ക്കാണല്ലോ… ഈശ്വരൻ അറിഞ്ഞു നൽകിയ അനുഗ്രഹം… അഭി മാത്രമല്ല ആ കുടുംബം മുഴുവൻ സംരക്ഷണമൊരുക്കി അവൾക്കു ചുറ്റുമുണ്ടായിരുന്നു….ആവണി മോള് പോലും കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുകയാണ്… ആര്യ ഗർഭിണി ആയതുകൊണ്ട് പുറത്തു നിന്നുള്ള പച്ചക്കറികൾ ഒന്നും വാങ്ങാതെ ശേഖരന്റെ മേൽനോട്ടത്തിൽ വീടിന്റെ പുറകുവശത്തായി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കിയിരുന്നു…

ഒരു വീട്ടിലേക്കു വേണ്ട അത്യാവശ്യം പച്ചക്കറികളൊക്കെ ഇപ്പോൾ അവിടെ നിന്നു കിട്ടും….ഇപ്പോൾ ചുറ്റുവട്ടത്തുള്ളവർക്കും കൊടുക്കാറുണ്ട്… വൈകുന്നേരം എല്ലാവരും അവിടെ കൂടാറുണ്ട്… കുഞ്ഞു ആവണിയും, അഭിയുമൊക്കെ ആ തോട്ടത്തിലെ പണിക്കാരാണ്… ആര്യയെ മാത്രം ഒന്നും ചെയ്യാൻ സമ്മതിക്കില്ല…എങ്കിലും അവളുടെ ഇഷ്ടസ്ഥലമായി അവിടം മാറിയിരുന്നു… മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു… ആര്യയ്ക്ക് ഇപ്പോഴിത് ആറാം മാസമാണ്… ദേവനും,മേനകയും ,ഐശ്വര്യയും, സന്ദീപുമൊക്കെ ഇടയ്ക്കിടെ അവളെ കാണാനെത്താറുണ്ട്…. ശാരീരികാസ്വസ്ഥതകൾ ഉണ്ടെങ്കിലും സന്തോഷവതിയായിരുന്നു ആര്യ…അഭിയുടെ സ്നേഹലാളനകളിൽ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആസ്വദിക്കുകയായിരുന്നു അവൾ… ദാമ്പത്യം

എന്തോ സ്വപ്നം കണ്ടു ഞെട്ടി ഉണർന്നതാണ് ആര്യ…വല്ലാതെ കിതക്കുന്നുണ്ടായിരുന്നു അവൾ… എന്താണ് താനിപ്പോൾ കണ്ടത്…. എത്ര ശ്രമിച്ചിട്ടും അവൾക്കത് ഓർത്തെടുക്കാൻ കഴിഞ്ഞില്ല…പക്ഷേ തന്റെ വിയർത്തൊഴുകുന്ന ശരീരവും, അതിന്റെ വിറയലും, ക്രമം തെറ്റിയ ഹൃദയതാളവും താൻ കണ്ട സ്വപ്നത്തിന്റെ ഭീകരത അവൾക്കു വ്യക്തമാക്കി കൊടുത്തു… പതിയെ എഴുന്നേറ്റിരുന്നു…. കണ്ണുകളടച്ചു മനസ്‌ ശാന്തമാക്കാൻ ശ്രമിച്ചു….. കുറച്ചുനേരം കഴിഞ്ഞു എഴുന്നേറ്റു അല്പം വെള്ളമെടുത്തു കുടിച്ചു… സമയം നോക്കിയപ്പോൾ വെളുപ്പിന് രണ്ടര കഴിഞ്ഞിരിക്കുന്നു…

അഭിയേട്ടൻ ഇതുവരെ എത്തിയില്ലല്ലോ… രാത്രി ഹോസ്പിറ്റലിൽ നിന്നു വിളിച്ചിരുന്നു…എമർജൻസി കേസ് ആയതുകൊണ്ട് അപ്പോഴേ ഇറങ്ങിയതാണ്… അവൾക്കെന്തോ മനസ്‌ വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു….അഭിയെ ഓർത്തു…. എന്തോ ആപത്ത്‌ വരാൻ പോകുന്ന പോലെ…അല്പം മുൻപ് കണ്ട ആ സ്വപ്നം…എന്തോ ദുഃസൂചന പോലെ… പ്രതീക്ഷിക്കാതെ പെയ്ത വേനൽ മഴ പോലെ തന്നിലേക്കെത്തിയതാണ് അഭിയേട്ടന്റെ സ്നേഹം…ഇന്നിപ്പോൾ ആ സ്നേഹമഴയിൽ ആകെ നനഞ്ഞു, കുളിരണിഞ്ഞു നിൽക്കുകയാണ് മനസ്‌…. ഇനിയത് നഷ്ടപ്പെടുന്നത് ഓർക്കാൻ പോലും വയ്യ… ഒരാപത്തും വരരുതേയെന്നു പ്രാർത്ഥിച്ചു അഭിയെ വിളിക്കാനായി അവൾ ഫോൺ എടുത്തു…. ദാമ്പത്യം

അഭിയുടെ ശരീരത്തിൽ നിന്നു വെങ്കി കത്തി വലിച്ചൂരുന്ന സമയത്താണ് ആര്യയുടെ കാൾ അഭിയുടെ ഫോണിലേക്കു വന്നത്… ബോധം മറഞ്ഞു അവനാ റോഡിലേയ്ക്ക് വീഴുമ്പോഴും അകലെ അവരുടെ മുറിയിൽ ആ പെണ്ണ് ഫോൺ ചെവിയോട് ചേർത്ത് തന്റെ പ്രിയപ്പെട്ടവനെ ഓർത്തു ആശങ്കയോടെ ഇരിക്കുന്നുണ്ടായിരുന്നു….

…. കാത്തിരിക്കാം തുഷാര ലക്ഷ്മി തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദാമ്പത്യം: ഭാഗം 36