നാഗമാണിക്യം: ഭാഗം 7

എഴുത്തുകാരി: സൂര്യകാന്തി വീട്ടിൽ ചെന്നു കയറുമ്പോഴും പത്മയുടെ മനസ്സിൽ ശ്രുതിയുടെ വാക്കുകളിൽ കൂടെ അറിഞ്ഞ അവൾക്കു പരിചയമില്ലാത്ത അനന്തനായിരുന്നു. നാഗകാളി മഠം വാങ്ങാനായി വന്നയാൾ പണക്കാരനാവുമെന്നറിയാമായിരുന്നു… പക്ഷേ…
 

എഴുത്തുകാരി: സൂര്യകാന്തി

വീട്ടിൽ ചെന്നു കയറുമ്പോഴും പത്മയുടെ മനസ്സിൽ ശ്രുതിയുടെ വാക്കുകളിൽ കൂടെ അറിഞ്ഞ അവൾക്കു പരിചയമില്ലാത്ത അനന്തനായിരുന്നു. നാഗകാളി മഠം വാങ്ങാനായി വന്നയാൾ പണക്കാരനാവുമെന്നറിയാമായിരുന്നു… പക്ഷേ… എന്താവും അനന്തപത്മനാഭന്റെ മനസ്സിൽ? പഴമകളുറങ്ങുന്ന നാലുകെട്ടിനോടുള്ള വെറുമൊരു കൗതുകത്തിനപ്പുറം…? എന്തോ ഉണ്ടെന്ന് തന്നെ മനസ്സ് പറയുന്നുണ്ട്. നാഗകാളി മഠത്തിനും നാഗക്കാവിനും ദോഷമാവുന്നതൊന്നും സംഭവിക്കല്ലേയെന്നു മനസ്സിൽ പ്രാർഥിക്കവേ പത്മ ഉറപ്പിച്ചു.

അതിനു വേണ്ടി എന്തും ഞാൻ ചെയ്യും… എന്തും… പത്മ വേഷം മാറി അടുക്കളയിൽ കയറി, ചായ എടുത്തു കുടിച്ചു, പൂമുഖത്തേക്ക് ചെന്നപ്പോൾ സുധയും മാധവനും സംസാരിക്കുകയായിരുന്നു. അവരുടെ സംസാരത്തിൽ നിന്നും ശ്രീക്കുട്ടൻ അമ്മാവന്റെ വീട്ടിൽ നിന്നും തിരികെ വന്നെന്നും വീട്ടിൽ വന്ന അനന്തന്റെ കൂടെ അവൻ മനയ്ക്കലേക്ക് പോയിട്ടുണ്ടെന്നുമറിഞ്ഞ പത്മ അമ്പരന്നു. ചെറുപ്പത്തിലെപ്പോഴോ മനയ്ക്കലെ പറമ്പിൽ ഒറ്റയ്ക്ക് ഒരു പാമ്പിന്റെ മുൻപിലകപ്പെട്ടതിനു ശേഷം പിന്നെയവൻ ആ പറമ്പിൽ കാലു കുത്തിയിട്ടില്ല. ശ്രീക്കുട്ടന് പാമ്പിനെ വലിയ പേടിയാണ്..

“മോള് നാളെ ക്ലാസ്സിൽ പോവണ്ട, ദത്തൻ തിരുമേനി വരുന്നുണ്ട്. നിന്നെയും കാണണമെന്ന് പറഞ്ഞിട്ടുണ്ട് ” മാധവൻ പറഞ്ഞത് കേട്ട് പത്മ ചോദിച്ചു. “ന്നെയോ..? ന്തിന്? ” മാധവനും സുധയുമൊന്ന് പരസ്പരം നോക്കി. സുധ പറഞ്ഞു. “നീയെന്താ കുട്ട്യേ ഒന്നുമറിയാത്തത് പോലെ സംസാരിക്കണെ, വർഷം കുറെയായില്ല്യേ മനയ്ക്കലെ കാവിൽ നീ തിരി വെയ്ക്കാൻ തുടങ്ങീട്ട്… വെറുതെ ആർക്കെങ്കിലും അവിടെ തിരി തെളിയിക്കാനാവോ നാഗങ്ങളുടെ പ്രീതിയില്ലാതെ? ” “അമ്മ പറഞ്ഞത് ശരിയാണ് മോളെ മനയ്ക്കൽ നമുക്ക് അവകാശങ്ങളൊന്നും ഇല്ല്യെങ്കിലും നമ്മുടെ ജീവിതവും അവിടവുമായി വിട്ടു പോവാനാവാത്ത ബന്ധമുണ്ട് ”

പത്മയുടെ മനസ്സിൽ അപ്പോഴും എന്തൊക്കെയോ ദഹിക്കാതെ കിടപ്പുണ്ടായിരുന്നു. “അയാൾ ന്തിനാ ശരിക്കും ഇല്ലം വാങ്ങിയെ? ” മാധവനും പത്മയും ഒന്നും മിണ്ടാതെ വീണ്ടും പരസ്പരം നോക്കി. “അയാൾക്ക് എന്തൊക്കെയോ ഉദ്ദേശമുണ്ട്..” “അതൊക്കെയെങ്ങനെയാ മോളെ നമ്മൾ തിരക്കുന്നേ? ” “അച്ഛനറിയാഞ്ഞിട്ടാ അയാൾ വല്യ പണക്കാരനാ, വല്യൊരു ബിസിനസ്‌ ഗ്രൂപ്പിന്റെ ഉടമസ്ഥൻ.. ” “പിന്നെ പണമില്ലാതെയാണോ ഇല്ലം വിലയ്ക്കു വാങ്ങിയത്?, എന്തൊക്കെയാ പത്മേ നീ ഈ പറയണത്? ” “അതല്ല അമ്മേ.. ”

“അനന്തൻ പറഞ്ഞിട്ടുണ്ട് ന്നോട്. നിഹം എന്നൊരു വല്യ ഗ്രൂപ്പിന്റെ ഉടമസ്ഥനാണെന്ന്.. ” മാധവൻ പറഞ്ഞു. “ഓ.. ” പത്മ ആലോചനയോടെ പിന്നെയും ചോദിച്ചു. “ന്നാലും അയാൾ ന്തിനാവും ഇവിടെ വന്നത്? ” “അതൊക്കെ നമ്മക്ക് ചോദിക്കാൻ പറ്റോ മോളെ, അറിഞ്ഞിടത്തോളം അവൻ നല്ലവനാ. ഇല്ലത്തിനും നമുക്കും ദോഷം വരുന്നതൊന്നും ചെയ്യില്ല്യാന്നൊരു തോന്നൽ.. ” മാധവൻ പറഞ്ഞു നിർത്തിയതും പത്മ ചോദിച്ചു. “നമുക്കോ? അയാളും നമ്മളും തമ്മിലെന്ത് ബന്ധം? ” “ഒരു ബന്ധവുമില്ല, ന്റെ പത്മേ നീ ഈ ക്രോസ്സ് വിസ്താരം ഒന്ന് നിർത്തുന്നുണ്ടോ.

വല്ലതും നാലക്ഷരം ചെന്നു പഠിക്കു പെണ്ണേ. എന്തേലും ജോലി പറയുമ്പോൾ മാത്രം ഞാനിതാ പഠിച്ചു റാങ്ക് മേടിക്കാൻ പോവാണെന്ന ഭാവമാണ്…” ഇനി നിന്നാൽ സംഗതി കൈ വിട്ടു പോവുമെന്നറിഞ്ഞു പത്മ പതിയെ അവിടുന്ന് വലിഞ്ഞു. തന്നെ നൈസ് ആയിട്ട് ഒതുക്കാനുള്ള അമ്മയുടെ സൂത്രമാണ് ഈ പഠിത്തക്കാര്യമെന്ന് മനസ്സിലാവാഞ്ഞിട്ടില്ല, പക്ഷേ പിന്നെയത് അവിടെന്നും പോയി കല്യാണകാര്യത്തിൽ എത്തി നിൽക്കും. ആ കൃഷ്ണക്കണിയാർക്കിട്ട് ഒരു പണി കൊടുക്കാനുള്ള സമയമായിട്ടുണ്ട്.തന്നെ കെട്ടിക്കാതെ അയാൾക്കുറക്കമില്ലെന്നാണ് തോന്നുന്നത്.

ഈ കൊല്ലം തന്റെ വിവാഹം നടക്കുമെന്നാണ് അയാൾ അമ്മയോട് പറഞ്ഞുപിടിപ്പിച്ചേക്കണത്.ഇങ്ങിനെയാണെ ൽ മിക്കവാറും അയാളുടെ കൊലപാതകം ആവും നടക്കുക.. തൊടിയിലേക്ക് നടക്കുന്നതിനിടയിൽ അവൾ മനസ്സിലോർത്തു. കിണറ്റിൻ കരയിലെത്തിയതും പേര മരം കണ്ണിൽ പെട്ടു. പതിയെ വലിഞ്ഞു കയറുമ്പോൾ മനയ്ക്കലെ കാഴ്ചകളായിരുന്നു ലക്ഷ്യം. മുകളിലേക്കുള്ള കൊമ്പിൽ ചവിട്ടിയതും പാവാട തുമ്പ് കാലിലുടക്കി. വീഴാതിരിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും നടന്നില്ല.

നടുവും കുത്തി തന്നെ വീണു. ഒന്ന് രണ്ടു തവണ ശ്രെമിച്ചിട്ടാണ് എഴുന്നേൽക്കാൻ പറ്റിയത്. നടുവിന് നല്ല വേദനയുണ്ട്, മെല്ലെ താങ്ങി നിൽക്കവെയാണ് ഒരു പൊട്ടിച്ചിരി കേട്ടത് കൂടെ നല്ല പരിചയമുള്ളൊരു ചിരിയും. മുറ്റത്തെ കെട്ടിനരികിൽ എല്ലാം നോക്കി കണ്ടു ചിരിച്ചു നിൽക്കുന്ന അനന്തനും ശ്രീക്കുട്ടനും. അനന്തൻ ശ്രീക്കുട്ടന്റെ ചുമലിലൂടെ കൈയിട്ടു പിടിച്ചിട്ടുണ്ട്. പത്മ വേഗം കൈ മാറ്റി വേദന കടിച്ചു പിടിച്ചു നിവർന്നു നിന്നു. “എന്റെ ശ്രീക്കുട്ടാ നിന്റെ ചേച്ചിയ്ക്ക് ഇത് തന്നെയാണോ പണി?

ഞാൻ ആദ്യമായി കാണുമ്പോളും തമ്പുരാട്ടി മരക്കൊമ്പിലായിരുന്നു ” “പപ്പേച്ചിയെ താഴെയൊന്നും കണ്ടില്ലേൽ ഏതേലും മരക്കൊമ്പിൽ നോക്കിയാൽ മതിയെന്നാണ് അമ്മ പറയാറ്..ഇത്തിരി സമയം കിട്ടിയാൽ മനയ്ക്കലെ പറമ്പിലെ മരക്കൊമ്പിലാ, പ്രത്യേകിച്ചു ആ മുറ്റത്തെ മാവിൻ കൊമ്പിൽ ” പത്മ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതും ശ്രീക്കുട്ടൻ ഒന്ന് പരുങ്ങി. അനന്തനെ കണ്ണു കൊണ്ടു കാണിച്ചു അവൻ മെല്ലെ പൂമുഖത്തേയ്ക്ക് കയറി.പത്മ അനന്തനെ രൂക്ഷമായി നോക്കി കൊണ്ടു തൊടിയിൽ നിന്ന് മുറ്റത്തേക്ക് കയറി.

അനന്തൻ ചിരിയോടെ പറഞ്ഞു. “തമ്പുരാട്ടി ചെന്നു നടുവിന് ചൂട് പിടിക്കാൻ നോക്ക് ” “താൻ പോടോ.. വായ്നോക്കി.. ” “ടീ.. ആരാടി വായ്നോക്കി..? ” “പിന്നെ താനെന്തിനാടോ എപ്പോഴും എന്റെ പിന്നാലെ നടക്കണത്? ” “ഓ പിന്നാലെ നടക്കാൻ പറ്റിയൊരു മുതല്, പോയി കണ്ണാടി നോക്ക് പെണ്ണേ.. ” അവളെയൊന്ന് അടിമുടി നോക്കി അവൻ തുടർന്നു. “ഉണ്ടക്കണ്ണുകളും മത്തങ്ങാ പോലുള്ള മുഖവും.. പിന്നെ ആകെയുള്ള അരച്ചാൺ നീളം നിറച്ചും അഹങ്കാരവും.. നിന്നെയൊക്കെ ആര് നോക്കാനാ കൊച്ചേ.. ”

“ടോ.. ” പത്മയുടെ മിഴികൾ ജ്വലിക്കുന്നുണ്ടായിരുന്നു. “തമ്പുരാട്ടിയ്ക്ക് ഇപ്പോൾ എന്നെ കത്തി കൊണ്ട് കുത്താൻ തോന്നുന്നുണ്ടോ ” പത്മയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. കാരണം അനന്തൻ പറഞ്ഞത് സത്യമായിരുന്നു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അനന്തൻ വഴിയിലേക്കിറങ്ങി നടന്നു. “ഏച്ചി അനന്തേട്ടൻ എന്താ പറഞ്ഞേ..? ” പത്മ കോലയിലേക്ക് കയറുമ്പോൾ ഇത്തിരി അകലം വിട്ടാണ് ശ്രീക്കുട്ടൻ ചോദിച്ചത്. “അയാളുടെ അടിയന്തരത്തിന്റെ ഡേറ്റ് കുറിപ്പിക്കുന്നതിനെ പറ്റി ചർച്ച ചെയ്തതാ എന്തെ നീ പോണുണ്ടോ? ”

രംഗം പന്തിയല്ലെന്ന് കണ്ടു ശ്രീക്കുട്ടൻ മെല്ലെ പിൻവലിഞ്ഞു. നാഗക്കാവിലെ മതിൽക്കെട്ടിൽനിന്നപ്പോൾ താഴേയ്ക്ക് ഇഴഞ്ഞിറങ്ങുകയായിരുന്നു ആ കരി മൂർഖൻ… മെല്ലെ ആൽത്തറയ്ക്കു മുകളിൽ എത്തിയതും വേരുകൾക്കിടയിലെ പൊത്തിലേയ്ക്കത് ഇഴഞ്ഞു കയറി.. സർപ്പഗന്ധിയിൽ ചുറ്റികിടന്ന കരിനാഗം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു അപ്പോഴും.. അവളുടെ റൂമിലെത്തിയതും പത്മ മെല്ലെ കണ്ണാടിയുടെ മുൻപിലേക്ക് നീങ്ങി നിന്നു. അനന്തന്റെ മുൻപിൽ വെച്ച് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവന്റെ വാക്കുകൾ ഉള്ളിലെവിടെയോ കൊളുത്തി കിടന്നിരുന്നു.

ഒരു നിമിഷം കണ്ണാടിയിൽ ആകെയൊന്ന് നോക്കിയതും പത്മ കൈ കൊണ്ട് സ്വയം തലയ്ക്കു കൊട്ടി ചിരിച്ചു. കുറച്ചു നേരം കഴിഞ്ഞു പത്മ പുസ്തകങ്ങൾക്കിടയിൽ എന്തോ തിരയുമ്പോഴാണ് ശ്രീക്കുട്ടൻ അകത്തേക്ക് തല നീട്ടിയത്. “പപ്പേച്ചി…? ” “ന്താ..? ” ഒരു മൂളലോടെ ഗൗരവത്തിൽ തന്നെയാണ് പത്മ മറുചോദ്യം ചോദിച്ചത്. നീട്ടി പിടിച്ച കൈയിൽ നിറയെ ചോക്ലേറ്റുമായാണ് അവൻ അവൾക്കരികിൽ എത്തിയത്. പത്മയ്ക്ക് അത് ഒത്തിരി ഇഷ്ടമാണെന്ന് അറിയാവുന്നത് കൊണ്ടാണ് സോപ്പിടാൻ അവൻ അതുമായി എത്തിയത്. “ഇതെവിടുന്നാ..? ”

“അത്.. അത്.. അനന്തേട്ടൻ തന്നതാ.. ” പത്മയുടെ നോട്ടം കണ്ടു ഒന്നും മിണ്ടാതെ അവൻ മെല്ലെ തിരിഞ്ഞു നടന്നു. “ടാ.. അവിടെ നിന്നേ.. ” പത്മ അരികിലേക്ക് വരുമ്പോൾ തെല്ലു പേടിയോടെയാണ് ശ്രീക്കുട്ടൻ നിന്നത്. ഒരിളിഞ്ഞ ചിരിയോടെ അവന്റെ കയ്യിലെ ചോക്ലേറ്റ് എടുത്തു കൊണ്ട് അവൾ പറഞ്ഞു. “ചുമ്മാതെന്തിനാ വെറുതെ അയാളോടുള്ള ദേഷ്യം ചോക്ലേറ്റിനോട്‌ കാണിക്കുന്നേ ” പകച്ചു നിൽക്കുന്ന ശ്രീക്കുട്ടനെ നോക്കി കണ്ണിറുക്കി കൊണ്ട് പത്മ പറഞ്ഞു.

“ഇനി ഇതെങ്ങാനും പോയി ആ അലവലാതിയോട് കൊട്ടി ഘോഷിച്ചാലുണ്ടല്ലോ ” ഒന്നും മിണ്ടാതെ പുറത്തേക്ക് നടക്കുന്നതിനിടയിൽ വാതിൽക്കൽ എത്തിയപ്പോൾ തിരിഞ്ഞു നിന്ന് ശ്രീക്കുട്ടൻ ചോദിച്ചു. “ഏച്ചിയ്ക്ക് ന്തിനാ അനന്തേട്ടനോട്‌ ഇത്രേം ദേഷ്യം? ” “നിക്കിഷ്ടമല്ല അയാളെ.. ” അവളെ ഒന്ന് നോക്കിയിട്ട് ശ്രീക്കുട്ടൻ പുറത്തേയ്ക്കു നടക്കുമ്പോഴും പത്മയുടെ മനസ്സിലും ആ ചോദ്യമായിരുന്നു.. എന്തിനാണ് അയാളോട് തനിക്കിത്രയും ദേഷ്യം? പലപ്പോഴും അയാളുടെ അരികിൽ മനസ്സിനെ ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയുന്നില്ല.

ഇടയ്ക്കെപ്പോഴൊക്കെയൊ അയാളിലേക്ക് ആകർഷിക്കപ്പെടുന്നത് താനറിയുന്നുണ്ട്.. പാടില്ല.. കളി ചിരികൾക്കപ്പുറം തന്നെപോലൊരു പെണ്ണിനെ ഒരിക്കലും അനന്തനെ പോലൊരാൾ ആഗ്രഹിക്കില്ല.. ഇനി അഥവാ അങ്ങിനെ തോന്നിയാലും അയാൾക്കത് വെറുമൊരു നേരം പോക്കായിരിക്കും. എന്തിന്റെ പേരിലായാലും അനന്തന്റെ മുൻപിൽ തോൽക്കുന്നതിനേക്കാൾ താൻ ആഗ്രഹിക്കുന്നത് മരണമാണ്.. പതിവിലും നേരത്തെ, ശ്രീക്കുട്ടനെ ഒഴിവാക്കിയാണ് പത്മ നാഗക്കാവിൽ എത്തിയത്. അസ്വസ്ഥമായ മനസ്സോടെ തിരി വെച്ച് തൊഴുതു അവൾ ആൽത്തറയുടെ പടവിലിരുന്നു.

അതാണ്‌ പത്മയുടെ പതിവ്.. ഇലഞ്ഞിപ്പൂമണം നിറയുന്നുണ്ടായിരുന്നു അവിടമാകെ.കണ്ണുകളടച്ചു രണ്ടും കൈ കൊണ്ടും മുഖം മറച്ചു പത്മ കുനിഞ്ഞിരുന്നു. ആൽമരത്തിന്റെ വേരുകൾക്കിടയിലൂടെ കരിമൂർഖൻ ഇഴഞ്ഞിറങ്ങിയിരുന്നു. ഒരു നിമിഷം തലയുയർത്തിയ അത് ചുറ്റും നോക്കി പകച്ചെന്ന പോലെ അനങ്ങാതെ നിന്നു. തനിക്കു ചുറ്റും നിറഞ്ഞ നാഗത്താൻമാരുടെ മുന്നിൽ ശിരസ്സ് പതിയെ താഴ്ത്തി നിലത്തമർത്തി കൊണ്ട് കരിമൂർഖൻ കിടന്നു.

പത്തി വിടർത്തി ചുറ്റും നിൽക്കുന്ന നാഗങ്ങൾക്ക് നടുവിൽ മൂന്നു തവണ തല നിലത്തടിച്ചു മൂർഖൻ ചുറ്റും നോക്കി. നാഗങ്ങൾ വഴി മാറി. കരിമൂർഖൻ ആൽത്തറയിൽ നിന്നിറങ്ങി പതിയെ ഇഴഞ്ഞു നീങ്ങി. നാഗക്കാവിന്റെ പുറത്തേയ്ക്കുള്ള മതിൽക്കെട്ടിലെത്തി അത് അപ്രത്യക്ഷമാകുവോളം നാഗക്കാവിലെ നാഗത്താൻമാർ പുറകെ ഉണ്ടായിരുന്നു. തനിക്ക് പിറകിൽ നടന്ന കാര്യങ്ങളൊന്നുമറിയാതെ പത്മ അപ്പോഴും കൈകളിൽ മുഖം താങ്ങിയിരിപ്പായിരുന്നു. ഇടയ്ക്കിടെ അവളെ തലോടുന്ന ഇളം കാറ്റിൽ നീണ്ട മുടിയിഴകൾ പാറിപറക്കുന്നുണ്ടായിരുന്നു.

നാഗത്തറയ്ക്കു മുൻപിൽ കൽവിളക്കിലെ തിരി നാളം ജ്വലിച്ചു കൊണ്ടേയിരുന്നു. “ഭദ്രകാളി ഇപ്പോൾ ശാന്തസ്വരൂപിണിയാണെന്ന് തോന്നുന്നല്ലോ..? ” കൈകൾ മാറ്റുന്നതിന് മുൻപേ തന്നെ അനന്തന്റെ സ്വരം പത്മ തിരിച്ചറിഞ്ഞിരുന്നു. അവൾ മുഖം തുടച്ചു നേരേയിരുന്നതും അനന്തൻ അവൾക്കരികിൽ എത്തിയിരുന്നു. അവൻ അടുത്ത് ഇരുന്നിട്ടും ഒന്നും പറയാതെ, അവനെ നോക്കാതെ, എഴുന്നേറ്റു പോകാൻ ശ്രമിക്കാതെ പത്മ ഇരുന്നു. നാഗത്തറയ്ക്ക് മുൻപിൽ പ്രകാശിക്കുന്ന തിരി നാളത്തിലേയ്ക്കു നോക്കി അനുസരണയില്ലാതെ നെറ്റിയിലേയ്ക്ക് വീണ മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ട് അനന്തൻ മൃദുവായി ചോദിച്ചു.

“പത്മാ ദേവിയുടെ മനസ്സിനെ എന്തോ ഒന്ന് അലട്ടുന്നുണ്ടല്ലോ…” പത്മ ഒന്നും മിണ്ടിയില്ല, അനന്തനെ നോക്കിയതുമില്ല.. “പറയെടോ…” ഒരു നിമിഷം കഴിഞ്ഞാണ് പത്മ ചോദിച്ചത്. “നിഹം ഗ്രൂപ്പിന്റെ സിഇഒ അനന്ത് എങ്ങിനെ നാഗകാളി മഠത്തിൽ എത്തി? എന്തിന് വേണ്ടി? ” “ഓ അതാണോ.. എനിക്ക് ഈ ഇല്ലങ്ങളും പഴയ തറവാടുകളുമൊക്കെ ഒത്തിരി ഇഷ്ടമാണ്.. ” “കള്ളം… ” പത്മ പതിയെ അവന്റെ കണ്ണുകളിലേക്ക് നോക്കി, ആ ചെമ്പൻ കൃഷ്ണമണികൾ എന്തൊക്കെയോ ഒളിക്കാൻ വേണ്ടിയെന്നോണം അവളിൽ നിന്ന് തെന്നി നീങ്ങിയെങ്കിലും നിയന്ത്രണമില്ലാതെ പിന്നെയും അവളിൽ തിരികെയെത്തി.

“കള്ളമാണ് അനന്തേട്ടൻ പറഞ്ഞതൊക്കെ…” ഒരു മന്ത്രണം പോലെ പത്മയുടെ വാക്കുകൾ അവൻ കേൾക്കുന്നുണ്ടായിരുന്നു. ഒന്നും പറയാതെ പരസ്പരം എന്തൊക്കെയോ അറിയാനെന്ന പോലെ കണ്ണുകൾ കൊരുത്തു നിന്നതിനിടയിൽ നിമിഷങ്ങൾ കടന്നു പോയി. പത്മയാണ് മിഴികൾ പിൻവലിച്ചത്. ഒന്നും പറയാതെ, അനന്തനെ നോക്കാതെ, എഴുന്നേൽക്കാൻ ശ്രെമിക്കുന്നതിനിടെ അവന്റെ കൈകൾ അവളെ പിന്നെയും അരികെ ഇരുത്തി. “ശരിയാണ്.. അനന്തൻ നാഗകാളി മഠത്തിലേക്ക് വെറുതെ വന്നതല്ല.വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വ്യക്തമായ ലക്ഷ്യത്തോടെ എത്തിയതാണ്.. ”

പത്മയെ ഒന്ന് നോക്കി അവൻ തുടർന്നു. “നിന്നോട് എല്ലാം ഞാൻ പറയാം. ഇപ്പോഴല്ല..സമയമാവുമ്പോൾ… ഒരു കാര്യം മാത്രം ഉറപ്പു തരാം. നാഗകാളി മഠവും നാഗക്കാവുമെല്ലാം നിന്നെ പോലെ തന്നെ എനിക്കും പ്രിയപ്പെട്ടതാണ്…” പത്മ ഒന്നും മിണ്ടാതെ അവന്റെ വാക്കുകൾക്കായി കാതോർത്തിരിക്കുകയായിരുന്നു. “പൂർണ്ണമായെല്ലെങ്കിലും നാഗകാളി മഠത്തിന്റെ കഥ പറയാം ഞാൻ..” ആകാംഷയോടെ നോക്കിയിരിക്കുന്ന പത്മയെ നോക്കാതെ അനന്തൻ പറഞ്ഞു തുടങ്ങി.

“നാഗകാളി മഠവും നാഗക്കാവും നില നിർത്താൻ വേണ്ടിയാണ് ഇവിടെ അവകാശികളെ തമ്മിൽ വിവാഹം കഴിപ്പിച്ചിരുന്നത്. നാഗക്കാവിലെ അധിപതിയായിരിക്കുന്ന സ്ത്രീയെ നാഗക്കാവിലമ്മ എന്നാണ് വിളിച്ചിരുന്നത്. നാഗദേവതമാരുടെ അനുഗ്രഹമുള്ള അവർക്ക് നാഗമാണിക്യം ശിരസ്സിലേന്തിയ നാഗരാജാവിനെ പ്രത്യക്ഷപെടുത്തുന്നതടക്കം ഒരു പാട് സവിശേഷതകൾ ഉണ്ടാവുമത്രേ..” “അവസാനം കാവിലമ്മ ആയിരുന്ന ഭാഗീരഥി തമ്പുരാട്ടിയുടെ തലമുറയ്ക്കും ഒരുപാട് മുൻപാണ് നാഗകാളി മഠത്തിലെ നാഗക്കാവിലമ്മയായി രേവതി തമ്പുരാട്ടി ഉണ്ടായത്.

നാഗകാളി മഠത്തിന് തുല്യം നിൽക്കുന്ന മാന്ത്രികരുടെ തറവാടായിരുന്നു വാഴൂരില്ലം. അതിവിശിഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങൾ അവിടുത്തെ നിലവറയിൽ സൂക്ഷിച്ചിരുന്നത്രേ. അവിടുത്തെ അഞ്ച് സഹോദരന്മാർ ക്കിടയിലെ മുതിർന്നയാളായിരുന്നു മഹാ മാന്ത്രികനായിരുന്ന അഗ്നിശർമ്മൻ… ” “ഭഗവതിക്കാവിൽ വെച്ച് അതിസുന്ദരിയായ രേവതി തമ്പുരാട്ടിയെ കണ്ടു മോഹിച്ചു അഗ്നിശർമ്മൻ വിവാഹാലോചനയുമായി മഠത്തിലെത്തി. നാഗക്കാവിലമ്മയായി അവരോധിച്ച കന്യകയെ മുറച്ചെറുക്കന് മാത്രമേ വിവാഹം കഴിക്കാൻ അവകാശമുള്ളൂയെന്ന് പറഞ്ഞു അഗ്നിശർമ്മനെ അവർ തിരിച്ചയച്ചു.

അയാൾക്ക് രേവതിയെ മറക്കാനായില്ല. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് രേവതി തമ്പുരാട്ടി ഒരു ദിനം അഗ്നിശർമ്മന്റെ കൂടെ പടിയിറങ്ങി പോയി. നാഗക്കാവിലെ പൂജകൾ മുടങ്ങി. കൽവിളക്കിൽ നാഗങ്ങൾ പിണഞ്ഞു കിടന്നു ആരെയും അവർ കാവിലേക്ക് അടുപ്പിച്ചില്ല ” ശ്വാസം പോലുമടക്കിപിടിച്ചു അനന്തന്റെ വാക്കുകൾക്കായി കാതോർത്തിരുന്നു പത്മ. “കാലം കഴിയവേ രേവതിയിൽ അഗ്നിശർമ്മന് ഒരു കുഞ്ഞു പിറന്നു. ഭൈരവൻ എന്ന് വിളിപ്പേരുള്ള ദേവശർമൻ. ഭൈരവൻ ജനിച്ചു മാസങ്ങൾക്കുള്ളിൽ നാഗകാളി മഠത്തിന്റെ കാവിനപ്പുറത്തെ നാട്ടുവഴിയിൽ വെച്ച് അഗ്നിശർമ്മൻ വിഷം തീണ്ടി മരിച്ചു.

അയാളുടെ ചിത കത്തി തീരുന്നതിനു മുൻപേ രേവതി തമ്പുരാട്ടിയെ വാഴൂരില്ലത്ത് നിന്ന് കാണാതെയായി. പിറ്റേന്ന് വൈകുന്നേരം യാദൃശ്ചികമായാണ് ആരോ നാഗകാളി മഠത്തിലെ കാവിനുള്ളിൽ നാഗത്തറയിൽ വീണു കിടക്കുന്ന തമ്പുരാട്ടിയെ കണ്ടത്. കൽവിളക്കിലെ നാഗത്താൻമാരെ എവിടെയും കണ്ടില്ല. തമ്പുരാട്ടി നാഗത്തറയിൽ തല തല്ലിയതിന്റെ അടയാളമായി തറയിൽ ചോര പടർന്നിരുന്നു. കരി നീലിച്ച, ചുരുട്ടി പിടിച്ചിരുന്ന വലം കൈ വെള്ളയിൽ രണ്ടു മുറിപ്പാടുകളുണ്ടായിരുന്നു. കാവിലമ്മയ്ക്ക് നാഗത്താൻമാരുടെ ആശീർവാദം.

“ദത്തൻ തിരുമേനിയുടെ മുത്തച്ഛനായ വാസുദേവൻ തിരുമേനിയാണ് കാവിൽ പൂജകളൊക്കെ ചെയ്തു വീണ്ടും തിരി തെളിയിച്ചത്. അടുത്ത കാവിലമ്മയായി സാവിത്രി തമ്പുരാട്ടിയെ അവരോധിച്ചു. വിവാഹപ്രായമായപ്പോൾ മുറച്ചെറുക്കൻ ശങ്കരനുമായി വിവാഹം നടത്തി. കുഴപ്പങ്ങളൊന്നുമില്ലാതെ മാസങ്ങൾ കടന്നു പോയി. ഒരു ദിനം കാവിൽ തിരി വെയ്ക്കാനെത്തിയ സാവിത്രിയെ കാണാതെയായി.അവളോടൊപ്പമുണ്ടായിരുന്ന ശങ്കരൻ താമരക്കുളത്തിന്റെ പടവുകളിൽ ജീവനറ്റു കിടന്നു… ” എഴുന്നേറ്റു പത്മയെ നോക്കി കൊണ്ടു അനന്തൻ പറഞ്ഞു.

“നാഗകാളി മഠത്തിലെ ദുരന്തങ്ങൾ വീണ്ടും ഉഗ്രരൂപം പ്രാപിക്കുകയായിരുന്നു. അടുത്തതായി എത്തിയവർക്കും ഇതേ ഗതിയായിരുന്നു. കാവിലമ്മയെ കാണാതെയാവും. അവരുടെ ഭർത്താവ് താമരക്കുളത്തിന്റെ പടവുകളിലുണ്ടാവും. ഭാഗീരഥി തമ്പുരാട്ടിയുടെ മുറച്ചെറുക്കനായിരുന്ന ജാതവേദൻ തിരുമേനി അസാമാന്യ ധൈര്യശാലിയായിരുന്നു. മന്ത്ര തന്ത്രങ്ങളിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന് യോജിച്ച പത്നിയായിരുന്നു ഭാഗീരഥി തമ്പുരാട്ടി. മറ്റുള്ളവർക്ക് വന്ന ദുർഗതി അവർക്കുണ്ടായില്ല.

അവരുടെ മൂത്ത പുത്രിയായിരുന്നു സുഭദ്ര, ആരും മോഹിക്കുന്ന അതിസുന്ദരിയായ നർത്തകി ” “സുഭദ്രയോളമോ അല്ലെങ്കിൽ അതിലധികമോ ജാതവേദൻ തിരുമേനിയ്ക്ക് പ്രിയ്യപ്പെട്ടവനായിരുന്നു അദ്ദേഹത്തിന്റെ സഹോദരീപുത്രനായിരുന്ന വിഷ്ണു. സുഭദ്രയുടെ മുറച്ചെറുക്കൻ. ജാതവേദനോളം തന്നെ സമർത്ഥൻ. കൗമാരത്തിലേ തന്നെ അഗാധമായ പ്രണയത്തിൽ ആയിരുന്നെങ്കിലും ഒരിക്കലും പരസ്പരം തോറ്റു കൊടുക്കാതെ മത്സരിക്കുന്നവരായിരുന്നു സുഭദ്രയും വിഷ്ണുവും… പ്രണയത്തിൽ പോലും.. ”

“അവർക്കിടയിലേക്കാണ് അവൻ വന്നത്… ഭൈരവൻ…. നാഗകാളി മഠത്തിലെ തന്നെ അംശമായ, രേവതി തമ്പുരാട്ടിയുടെ മകൻ.. ജാതവേദന്റെ മരണശേഷം, സുഭദ്രയുടെയും വിഷ്ണുവിന്റെയും വിവാഹത്തലേന്ന് സുഭദ്രയെ കാണാതെയായി. പതിവിന് വിപരീതമായി താമരക്കുളത്തിന്റെ പടവുകളിൽ കിടന്നിരുന്ന വിഷ്ണുവിന്റെ മൃതശരീരത്തിൽ ഒരു കത്തി കുത്തിയിറക്കിയിരുന്നു, അതിൽ ചുറ്റി പിണഞ്ഞു സുഭദ്രയുടെ കഴുത്തിൽ കിടന്നിരുന്ന മാലയും.. നാഗരൂപം കൊത്തിയ ലോക്കറ്റോടു കൂടിയ ഒരു മാല ” ഒരു ഞെട്ടലോടെ പത്മ തന്റെ കഴുത്തിലെ മാലയിൽ പിടി മുറുക്കി.

നാഗപ്രതിഷ്ഠയ്ക്ക് പിന്നിലെ മണിനാഗത്തിന്റെ നീലക്കണ്ണുകളും അവളുടെ കഴുത്തിലെ നാഗരൂപത്തിലെ കല്ലുകൾ പോലെ തിളങ്ങി. “ഭൈരവൻ… അയാളെങ്ങിനെ.. ഇത്രയും വർഷങ്ങൾക്ക് മുൻപുള്ളയാൾ…? ” “കഥകൾ ഇനിയും ഒരുപാട് ബാക്കിയാണ് പത്മ.. ചിലതൊക്കെ ഞാൻ ഇപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കയാണ്. സുഭദ്രയും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ ഒരു പക്ഷേ നാഗകാളി മഠത്തിന്റെ ശാപങ്ങൾ അവിടെ തീർന്നേനെ ” പുഞ്ചിരിയോടെ അനന്തൻ അവൾക്കു നേരേ കൈ നീട്ടി.

“സമയം വൈകുന്നു, നിന്നെ അന്വേഷിച്ചിപ്പോൾ ആളെത്തും, പോവാം ” നുണക്കുഴികൾ തെളിഞ്ഞ ആ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു നിമിഷാർദ്ധത്തിൽ പണ്ടെന്നോ സ്വപ്നത്തിൽ കണ്ടു മറന്നൊരു മുഖം പത്മയുടെ മനസ്സിൽ മിന്നി മാഞ്ഞു. കാവിന് പുറത്തേക്ക് നടക്കുമ്പോൾ പതിയെ കൈകൾ വേർപെടുത്തിയ പത്മ അനന്തനെ ഒന്ന് നോക്കി വീട്ടിലേക്കുള്ള വഴിയേ നടന്നു. അവളെ നോക്കി നിന്ന അനന്തന്റെ ചുണ്ടിൽ അപ്പോഴും ആ പുഞ്ചിരിയുണ്ടായിരുന്നു… രാത്രി അത്താഴം കഴിക്കാനിരിക്കുമ്പോഴാണ് ലാൻഡ് ഫോൺ ബെല്ലടിച്ചത്.

അച്ഛൻ സംസാരിക്കുന്നത് പത്മ കേട്ടു. ഫോൺ വെച്ച് മാധവൻ തിരികെ സുധയോട് പറഞ്ഞ കാര്യങ്ങൾക്കായി പത്മ കാതോർത്തു. ദത്തൻ തിരുമേനി മറ്റന്നാളേ വരുന്നുള്ളൂ. കാവിൽ പുള്ളുവൻ പാട്ടും കളം വരപ്പുമടക്കം ഒട്ടനേകം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് മാധവൻ പറയുന്നത് പത്മ കേട്ടു. നാഗകാളി മഠത്തിലെ നടുമുറ്റത്തിനപ്പുറമുള്ള മണ്ഡപത്തിലിരുന്ന് വീണ മീട്ടി പാടുന്ന ആ ചെറുപ്പക്കാരന്റെ സ്വരത്തിൽ ലയിച്ചു ചുവടുകൾ വെയ്ക്കുകയായിരുന്നു ആ നർത്തകി. അവളുടെ ചിലങ്കയുടെ താളത്തിനായി മാത്രമായിരുന്നു അവന്റെ സ്വരവീചികൾ..

മണ്ഡപത്തിന്റെ നടുവിൽ ചുമരിനരുകിലായി വെച്ചിരുന്ന നടരാജ വിഗ്രഹത്തിൽ പത്തി വിടർത്തി ചുറ്റി കിടന്ന സ്വർണ്ണവർണ്ണമാർന്ന കുഞ്ഞു നാഗത്തിന്റെ ശിരസ്സ് പതിയെ താളത്തിൽ ആടുന്നുണ്ടായിരുന്നു… അനന്തൻ ഞെട്ടിയുണർന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ആ സ്വപ്നം… ആ മുഖങ്ങൾ… വര്ഷങ്ങളായി അടച്ചിട്ട അറയിൽ അപ്പോഴും ചിലങ്കയുടെ താളം അലയടിച്ചു, ഒപ്പം അയാളുടെ സ്വരവും. നിലവിളക്കിൽ പിണഞ്ഞു കിടന്ന കുഞ്ഞു നാഗം താളത്തിൽ തലയാട്ടുന്നുണ്ടായിരുന്നു… പുറത്തു അപ്പോഴും ചാറ്റൽ മഴയുണ്ടായിരുന്നു..

പിറ്റേന്ന് രാവിലെ പാലുമായി പത്മ എത്തിയപ്പോൾ എല്ലാവരും പൂമുഖത്തുണ്ടായിരുന്നു.മുറ്റത്തെ മാവിൻ ചുവട്ടിൽ നിന്ന് കൈകളിൽ നിറയെ മുല്ലപൂക്കളുമായി അഞ്ജലി ചാരുപടിയിൽ ഇരുന്ന അനന്തനരികിൽ എത്തി. “ഇതെന്തിനാ?നിനക്ക് മുല്ലപൂക്കളുടെ മണം ഇഷ്ടമല്ലല്ലോ അഞ്ജു? ” “ഇത് നിനക്ക് വേണ്ടി പറച്ചതാ അനന്തൂ, നിനക്കിത് ഇഷ്ടമാണല്ലോ ” പത്മയുടെ കണ്ണുകൾ അനന്തന് മുൻപിലെ ചാരുപടിയിൽ വെച്ചിരുന്ന മുല്ലപ്പൂക്കളിൽ ആയിരുന്നു. തേന്മാവിൻ ചുവട്ടിൽ അവൾ നട്ട മുല്ലച്ചെടിയിൽ വിരിഞ്ഞ പൂക്കൾ. പുതുമഴയുടെ തുള്ളികൾ അപ്പോഴും ആ ദളങ്ങളിൽ ഉണ്ടായിരുന്നു… പത്മയുടെ നോട്ടം അനന്തനിലെത്തിയതും ആ കണ്ണുകളും തന്നിലാണെന്നറിഞ്ഞു പത്മ ധൃതിയിൽ അകത്തേക്ക് നടന്നു…

(തുടരും )

നാഗമാണിക്യം: ഭാഗം 6