{"vars":{"id": "89527:4990"}}

നിലാവിന്റെ തോഴൻ: ഭാഗം 43

 
[ad_1]

രചന: ജിഫ്‌ന നിസാർ

സ്കൂൾ ബസ് ഗേറ്റിനുള്ളിലേക്ക് കയറി പോയതിനു ശേഷമാണ് ഫൈസി പുറത്ത്, മതിലിനോട് ചാരി അവന്റെ ബൈക്ക് നിർത്തിയത്.
ബസ്സിനറങ്ങി വരുന്നവരുടെ ആരാവങ്ങൾ പുറത്തേക്ക് അലതല്ലി കേൾക്കുന്നുണ്ട്.

സ്കൂൾ കൊമ്പൗണ്ട് നിറയെ.. കുട്ടികളെ വിളിക്കാൻ വന്നവരുടെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.
അഞ്ചോ ആറോ ബൈക്കുകൾ ഫൈസിയുടെ ബൈക്ക് നിർത്തിയതിന്റെ എതിരെ നിർത്തിയിട്ടുമുണ്ട്.

ബസ്സിൽ നിന്നുയരുന്ന പാട്ടും.. കുട്ടികളുടെ കൂവി വിളിക്കലും.. അവരാ യാത്രയുടെ അവസാനനിമിഷങ്ങളെ അത്രമേൽ ആസ്വദിക്കുകയാണ്.

ബൈക്കിൽ നിന്നും ചാവിയൂരിയെടുത്ത് പോക്കറ്റിലേക്കിട്ട്.. ഫൈസിയും അകത്തേക്ക് ചെന്നു.

വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളും.. മൊബൈൽ ഫ്ലാഷുകളും കൊണ്ട്.. സ്കൂൾ മുറ്റം ഒരു ഉത്സവം പോലെ.

അതിനിടയിയിൽ കൂടി പ്രിയപ്പെട്ടവളെ തേടി അവന്റെ കണ്ണുകൾ ഉഴറി നടന്നു.

ബസ്സിൽ നിന്നും എല്ലാവരും പുറത്തേക്കിറങ്ങി കഴിഞ്ഞിരിക്കുന്നു.

മുന്നോട്ടു നടക്കുന്ന ഫൈസിയുടെ കണ്ണുകളെ വെട്ടിക്കാൻ അവൾക്ക് കഴിയില്ലെന്നത് പോലെ... ബസ്സിൽ ചാരി ഇടം വലം നോക്കി ടെൻഷനോടെ നിൽക്കുന്ന മീരയിൽ ഉടക്കി നിന്നു 

അവളുടെ കൂട്ടുകാരികൾ ആണെന്ന് തോന്നുന്നു. രണ്ടു പെൺകുട്ടികൾ അവളുടെ തോളിൽ പിടിച്ചു കൊണ്ടെന്തോ പറയുന്നുണ്ട്.
എന്നിട്ടും ഭയം നിറഞ്ഞ ആ കണ്ണുകളെ അകലെ നിന്നിട്ടും ഫൈസിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു.

ക്രിസ്റ്റിയെയാവും അവൾ തിരയുന്നത്. ആ നോട്ടം കണ്ടതും അവനുറപ്പിച്ചു.
തന്നെയൊരിക്കലും ഈ നേരത്ത് ഇവിടെ അവൾ പ്രതീക്ഷിക്കുന്നുണ്ടാവില്ല.

അവൻ നേർത്തൊരു ചിരിയോടെ അവളുടെ നേരെ ചെന്നു.

മീരാ.. "

ഫൈസി കരുതിയത് പോലെ തന്നെ.. ആ വിളി കേട്ട് തിരിഞ്ഞു നോക്കിയവളുടെ കണ്ണിൽ അത്ഭുതം നിറഞ്ഞു.
വീണ്ടും അവന് പിന്നിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു.

"അവൻ വന്നിട്ടില്ല.ക്രിസ്റ്റിയെ ഞാനും വിളിച്ചിട്ട് കിട്ടിയില്ല. അവനെ അന്വേഷിച്ചു പോയാൽ താനെത്തുമ്പോ ഇവിടെ ആളുണ്ടാവില്ല. അതാണ് നേരെ ഇങ്ങോട്ട് പോന്നത് "

തനിക്ക് പിന്നിൽ അവളാന്വേഷിക്കുന്നത് ക്രിസ്റ്റിയെ ആണെന്ന് ഫൈസിക്ക് ഉറപ്പുണ്ടായിരുന്നത് കൊണ്ടാണ് ഫൈസി അങ്ങനെ പറഞ്ഞത്.

"വാ.. പോവാം. ഞാനാക്കി തരാം വീട്ടിലേക്ക് "

അവളെ നോക്കി പറഞ്ഞിട്ട് അവൻ തിരികെ നടന്നു.

വന്നവരിൽ ഏറെക്കുറെ എല്ലാവരും മടങ്ങി തുടങ്ങിയിരിക്കുന്നു.

"വാ..."
മൂന്നാലടി നടന്നിട്ട് തിരിഞ്ഞു നോക്കുമ്പോൾ മീരാ നഖം കടിച്ചു കൊണ്ട് അവിടെ തന്നെ നിൽക്കുന്നത് കണ്ടതും ഫൈസി വീണ്ടും വിളിച്ചു.

"സാറിനോട്.. പറഞ്ഞിട്ട്.."
അവൾ അവനെ നോക്കി.

"ഞാൻ പറയണോ..?അതോ നീ പറയുവോ?"
അവൻ തിരിച്ചു ചോദിച്ചു.

"ഞാൻ.. ഞാൻ പറയാം "
അത് പറഞ്ഞിട്ട് ബസ്സിനരികിൽ നിൽക്കുന്ന സാറിന്റെ അടുത്തേക്ക് അവൾ നടന്നു.

"ഇത് നിന്റെ ഇച്ഛായുടെ ആ കലിപ്പൻ ഫ്രണ്ട് അല്ലേ മീരേ?"

മീരയുടെ കൂടെ നടക്കുന്നതിനിടെ ടീന അവളോട് ചോദിക്കുന്നത് ഫൈസി കേട്ടു.

"ആ.. ആ മരപ്പട്ടി തന്നെ "

മീരയുടെ മറുപടി കേട്ടതും ഇപ്രാവശ്യം അവൻ അമർത്തി ചിരിച്ചു.
"ഇങ്ങേരു പിന്നെ പിന്നെ ഗ്ലാമർ കൂടുവാണല്ലോ ടീ. ഞാനൊന്ന് ലൈൻ വലിച്ചു നോക്കിയാലോ?"

ടീനയുടെ സംശയവും അവളതിന് കൊടുക്കുന്ന ഉത്തരവും അറിയാൻ ഫൈസിക്കും ആകാംഷ തോന്നി.

"പൊന്നുമോളെ.. അത് വേണോടീ? അറിഞ്ഞു കൊണ്ട് നിന്നെയൊരു കെണിയിലേക്ക് തള്ളി വിടാൻ വയ്യാത്തത് കൊണ്ടാ. ആ ഗ്ലാമർ മാത്രം ഒള്ളു. സ്വഭാവം പത്തു പൈസക്കില്ല..മൂരാച്ചി എന്നൊക്കെ പറഞ്ഞു വല്ലാണ്ട് കുറഞ്ഞു പോകും."

മീരാ വളരെ കാര്യമായിട്ട് കൂട്ടുകാരിയെ സ്നേഹിക്കുന്നുന്നത് ഫൈസി വ്യക്തമായി കേട്ടിരുന്നു.

'പിന്നെ... നീയൊരു മദർ തെരേസ.. കാണിച്ച് തരാടി പിശാച്ചെ.. നിനക്കെന്റെ ഒറിജിനൽ സ്വഭാവം. അതറിഞ്ഞ നീ താങ്ങുവോ എന്നാണ്..."

അവൾ പോയ വഴിയേ നോക്കി അവൻ പല്ല് കടിച്ചു.

തന്നെ ചൂണ്ടി കാണിച്ചിട്ട് അവളെന്തോ സാറിനോട് പറയുന്നതും പിന്നെ തിരിഞ്ഞു തനിക് നേരെ നടന്നു വരുന്നതും നോക്കി ഫൈസി നെഞ്ചിൽ കൈ കെട്ടി നിന്നു.
അവൾക്ക് പിറകെ അവളുടെ വാലുകളുമുണ്ട്.

എന്ത് പറഞിട്ടാവും അവൾ സാറിന് തന്നെ പരിചയപ്പെടുത്തിയിട്ടുണ്ടാവുക?
ആ വരവ് നോക്കി നിൽക്കെ ഫൈസി അതാണ് ഓർത്തത്.

ഏട്ടന്റെ ഫ്രണ്ടാന്നാവുമോ?
ആ ചോദ്യം അവനെ ഒന്ന് പിടിച്ചുലച്ചു.

ഫൈസിയുടെ ചുണ്ടിലൊരു കള്ളച്ചിരി ഉണ്ടായിരുന്നു അവർ അരികിൽ എത്തിയപ്പോൾ.

"നിന്റെ കൂട്ടുകാരാണോ മീരാ? "

വളരെ മനോഹരമായി ചിരിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ മീരയാണ് ആദ്യം വാ പൊളിച്ചത്.
അത്രയും സൗമ്യമായിരുന്നു അവന്റെ സ്വരം.

"നിന്നെക്കാൾ സ്മാർട്.. ആൻഡ് ക്യൂട്ട് ആണല്ലോ നിന്റെ ഫ്രണ്ട്സ്"

അതേ മധുരത്തോടെ ഫൈസി വീണ്ടും പറഞ്ഞു.

"എന്താ... നിങ്ങളുടെ സ്വീറ്റ് നെയിം..?"
അവൻ കുറച്ചു കൂടി അവരുടെ ആരുകിലേക്ക് നീങ്ങി നിന്നിട്ട് ചോദിച്ചു.

"ഞാൻ ടീന.ഇത്..റിയ "

നേരത്തെ ഫൈസിയെ ലൈൻ വലിക്കാൻ പ്ലാൻ ചെയ്തവളാണ് ആവേശത്തിൽ ഉത്തരം പറഞ്ഞത്.

"നൈസ്.. നിങ്ങളെ പോലെ തന്നെ.. സുന്ദരമായ പേര് "

"പോവണ്ടേ..?"
മീരാ കുറച്ചു ഉറക്കെ ചോദിച്ചതും..ഫൈസി തല ചെരിച്ചു കൊണ്ടവളെ നോക്കി.

"ഞാനിവിടെ സംസാരിച്ചു നിൽക്കുന്നത് നീ കാണുന്നില്ലെ..?"

മുന്നേ ഉണ്ടായിരുന്ന മധുരമില്ലായിരുന്നു അപ്പോഴവന്റെ സ്വരത്തിൽ..
"ആ മതി കിന്നാരം പറഞ്ഞോണ്ട് നിന്നത്. എനിക്കുറക്കം വരുന്നു. വീട്ടിൽ പോണം "
അതും പറഞ്ഞു കൊണ്ട് മീരാ അവന് നേരെ തുറിച്ചു നോക്കി.

അവന് ചിരി വന്നു അവളുടെയാ വീർത്തു കെട്ടിയ മുഖം കണ്ടതും.

"ഒക്കെ ഗയ്സ്.. നമ്മക്ക് പിന്നെ വിശദമായി പരിചയപ്പെടാം. ബൈ.. ആൻഡ് ഗുഡ് നൈറ്റ്‌ "

വീണ്ടും അവരെ നോക്കി ചിരിച്ചു കൊണ്ട് പറയുന്നവനെ നോക്കി മീരാ പല്ല് കടിച്ചു.

                           ❣️❣️❣️

"ഫാത്തിമക്ക് അപ്പൊ ഇവിടാരെയും പരിചയമില്ല. അല്ലേ?"

ഷാദി ഗൂഡമായൊരു ചിരിയോടെ അവളെ നോക്കി.
ഇല്ലെന്നവൾ തലയാട്ടി.
ആ മനസ്സിലപ്പോഴും യാതൊരു പരിചയവുമില്ലാഞ്ഞിട്ടും ദൈവത്തെ പോലെ കണ്മുന്നിൽ വന്നു ചേർന്നവന്റെ മുഖം നിറഞ്ഞു..

അവന്റെ കരുതലിന്റെ ആഴങ്ങളോർത്തു.

വരും വരായ്കകളൊന്നും തന്നെ ഓർക്കാതെ സ്വന്തം വീട്ടിൽ തനിക്ക് സമാധാനത്തോടെയുറങ്ങാൻ ഒരിടം നൽകിയതോർത്തു.

തനിക്ക് മറുപടി പറയുമ്പോൾ കണ്ണ് ചിമ്മി ചിരിക്കുന്നതോർത്തു.

ചോദ്യങ്ങൾ കൊണ്ട് തനിക്ക് മുന്നിൽ കാരുണ്യത്തിന്റെ ആൾരൂപമായവനെ ഓർത്തവൾ സ്വയം മറന്നു നിൽക്കെ.. അവളെ തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്നവന്റെ കണ്ണിൽ മിന്നി മാഞ്ഞ ഭാവങ്ങളൊന്നും തന്നെ അവളറിഞ്ഞതുമില്ല.

"ഓർമകൾ കൊണ്ടൊരു വസന്തം തീർക്കുന്നവനെ.. ഒരിക്കൽ കൂടി നിന്നെയൊന്ന് കാണാൻ ഞാനത്രമേൽ കൊതിക്കുന്നുണ്ട്. ഒന്നിനുമല്ല.. വെറുതെ.. വെറും വെറുതെയൊന്ന് കാണാൻ..'

പുറത്തേ... റബ്ബർ മരങ്ങളെ കാണെ അവളുടെ ഉള്ളം മന്ത്രിച്ചു.

അത്രമേൽ മനോഹരമായ ചിരിയവളുടെ ചൊടിയിൽ വിരിയുന്നത് കൗശലത്തോടെ ഷാഹിദ് നോക്കി നിൽക്കുന്നുണ്ടായിരുന്നു.

അവനുള്ളിലെ സംശയങ്ങൾക്ക് കനമേറി തുടങ്ങി.

"ഹേയ്..."

അവൻ തട്ടി വിളിക്കുമ്പോഴാണ് സ്ഥലകാലബോധം വന്നത് പോലെ ഫാത്തിമ ഞെട്ടിയത്.
ഷാഹിദിന്റെ മുഖത്തേക്ക് നോക്കി അവളൊന്നു ചിരിച്ചു.

"ഫാത്തിമ.. അധികം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന കൂട്ടത്തിലല്ല എന്ന് തോന്നുന്നു.. ശെരിയല്ലേ?"

ഷാഹിദ് വീണ്ടും അവളോട് ചോദിച്ചു.

"അങ്ങനെ.. അങ്ങനെന്നുമില്ല. സത്യത്തിൽ ഞാനിങ്ങനെ ആയി പോയതാ. എന്നോടാരും സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നെ പിന്നെ ഞാനും ആരോടും മിണ്ടാതെയായി."

നോവോളിപ്പിച്ചു പിടിച്ചു കൊണ്ടവൾ.. അവനെ നോക്കി.

"ഇനിയെന്നാ ഞാൻ ഉണ്ടല്ലോ കൂടെ. എനിക്കും അറിയാൻ ആഗ്രഹമുണ്ട്. നിറയെ സംസാരിക്കാനാറിയാവുന്ന ഫാത്തിമയെ.."

ഷാഹിദ് ചിരിയോടെ തന്നെ പറഞ്ഞു.
"എത്ര കാലം...?"
അവൾ അവനെ നോക്കി ചോദിച്ചു.

അവന്റെ ചിരി മാഞ്ഞു.

"എത്ര കാലം എന്റെ കൂടെയുണ്ടാകും. അതാ ഞാൻ ചോദിച്ചത്?"
താൻ ചോദിച്ചത് അവന് മനസിലായിട്ടില്ല എന്ന് കരുതി അവളൊന്നു കൂടി ക്ലിയറായി ചോദിച്ചു.

"അങ്ങനെ... അങ്ങനെ കാലപരിധിയൊക്കെ വെച്ചിട്ടാണോ ഫാത്തിമ ഒരാളെ സ്നേഹിക്കേണ്ടത്. എനിക്ക്.. എനിക്ക് തന്നെ ഇഷ്ടമാണ്.എന്റെ ജീവനുള്ളടത്തോളം കാലം ഞാൻ കൂടെയുണ്ടാകും "

ഷാഹിദ് വീണ്ടും ചിരിയെ കൂട്ട് പിടിച്ചു കൊണ്ട് പറഞ്ഞു.

അതിനുത്തരം പറയാതെ അവളൊന്നു ചിരിച്ചു.

"നിനക്ക്.. നിനക്കൊരിക്കലും തോന്നിയില്ലേ..?എന്റെ ഒരു നോട്ടം കൊണ്ട് പോലും ഫീൽ ചെയ്തില്ലേ എനിക്കിഷ്ടമാണെന്ന്?"
ആ ചിരി കണ്ടതോടെ ഷാഹിദിന്റെ ചിരി മാഞ്ഞു പോയിരുന്നു.

"പറയുന്നത് കൊണ്ടൊന്നും തോന്നരുത്..ഇഷ്ടം.. സ്നേഹം.. ഇതിന്റെയൊക്കെ ശെരിക്കുമുള്ള ഫീൽ എന്തെന്ന് ഞാനിത് വരെയും അറിഞ്ഞിട്ടില്ല. പക്ഷേ.. പക്ഷേ ഇവിടെത്തിയത് മുതൽ എനിക്കറിയാം.. ഈ കാണിക്കുന്നതൊന്നുമല്ല സ്നേഹം. ഈ നോട്ടത്തിൽ ഉള്ളതൊന്നുമല്ല ഇഷ്ടം.ഇതിന് പിന്നിലെന്തോ ഉദ്ദേശമുണ്ട്. എന്നെ കൊണ്ട് മാത്രം നേടിയെടുക്കാൻ കഴിയുന്ന ഉദ്ദേശം.."

അവനെ നോക്കി അവളത് പറയുമ്പോൾ... ഷാഹിദിന്റെ മുഖം വിളറി പോയിരുന്നു.
എങ്കിലും അവനത് സമ്മർദ്ദമായി മറച്ചു പിടിച്ചു.

വിചാരിച്ചത് പോലല്ല.. ഇവളെ അത്രയെളുപ്പത്തിൽ പിടിച്ചു കെട്ടാനാവില്ല.

ആ മുഖത്തെ കടുപ്പം കണ്ടതും അവൻ മനസ്സിൽ പറഞ്ഞു പോയി..

                          ❣️❣️❣️

"ഇറങ്ങിക്കോളു"
കാർ നിർത്തിയിട്ടും മുഖം കുനിച്ചിരിക്കുന്ന ലില്ലിയെ പിന്നിലേക്ക് നോക്കി ക്രിസ്റ്റി പറഞ്ഞു.

അവളൊന്നു ഞെട്ടി കൊണ്ട് പുറത്തേക്ക് നോക്കി.
തന്റെ വീടിന്റെ മുന്നിലാണ് വന്നു നിൽക്കുന്നതെന്ന് മനസിലായതും ഞൊടിയിട കൊണ്ട് ആ മുഖത്തൊരു ആശ്വാസം നിഴലിച്ചു.

അവളിറങ്ങും മുന്നേ ഷാനവാസ് ഡോർ തുറന്നിറങ്ങിയിരുന്നു.

അത് കണ്ടതും ലില്ലിയും പെട്ടന്ന് തന്നെയിറങ്ങി.

അരണ്ട മഞ്ഞ വെളിച്ചം പകർന്നു കൊണ്ടൊരു ബൾബ് ഉമ്മറത്തു കത്തി കിടക്കുന്നുണ്ട്.
അതിന് താഴെ വഴി കണ്ണുകളുമായി... ഒരച്ഛനും അമ്മയും.
വീടിന്റെ നേർക്ക് നോക്കിയ ഷാനവാസ് ആദ്യം കണ്ട കാഴ്ച അതായിരുന്നു.

അവരുടെ കണ്ണിലെ ഭയം അത്ര അകലെ ആയിരുന്നിട്ട് കൂടി അയാൾക്ക് വളരെ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു.

അതയാളെ ഒരുപാട് വേദനിപ്പിച്ചു.

"അച്ഛനും അമ്മയുമാണോ?"
ഡോർ തുറന്നിറങ്ങി വന്ന ലില്ലിയെ നോക്കി അയാൾ ചോദിച്ചു.

അതേ എന്നവൾ തലയാട്ടി കാണിച്ചു.

"വേറെ ആരും...."

ആ ചോദ്യത്തിനും തല കുനിച്ചു കൊണ്ട് തന്നെ അവൾ ഇല്ലെന്ന് പറഞ്ഞു.

ആ ഉത്തരത്തിനും കണ്മുന്നിലെ കാഴ്ചകളിലും ലില്ലി എന്താണെന്നും.. അവളുടെ അവസ്ഥ എത്ര മാത്രം ദയനീയമാണെന്നും ഷാനവാസിനു മനസ്സിലാക്കി കൊടുത്തിരുന്നു.

"വാ.."
ലില്ലിയെ നോക്കി അലിവോടെ പറഞ്ഞിട്ട് അയാളാണ് ആദ്യം അകത്തേക്ക് ചെന്നത്.

മകളുടെ കൂടെ ഒരാൾ കയറി വരുന്നത് കണ്ടതും.. മാത്തച്ചനും ത്രേസ്യയും പരസ്പരം നോക്കുന്നത് ഷാനവാസ് കണ്ടിരുന്നു.

"ലില്ലി ജോലി ചെയ്യുന്ന കടയുടെ ഉടമയാണ് ഞാൻ. ഷാനവാസ് "

ആ മനസ്സുകളിൽ നിറഞ്ഞ ചോദ്യവും ഭയവും അറിഞ്ഞു കൊണ്ട് തന്നെ ഷാനവാസ് ആദ്യം സ്വയം പരിചയപ്പെടുത്തി.

വലിഞ്ഞു മുറുകി നിന്നിരുന്ന രണ്ട് മുഖങ്ങളും അൽപ്പം അയഞ്ഞു.

"ലില്ലി ഇന്ന് കടയിൽ നിന്നിറങ്ങാൻ അൽപ്പം ലേറ്റായി. ഈ നേരത്ത് വീട്ടിൽ നിന്ന് കൂട്ടി കൊണ്ട് പോകാൻ ആരെയോ വിളിച്ചിരുന്നു.ആ ആളെ കിട്ടാഞ്ഞത് കൊണ്ടാണ് ഞാൻ കൂട്ടി കൊണ്ട് വന്നത് "

ആ തുറന്നു പറച്ചിലോട് കൂടി അവരുടെ കണ്ണിലെ അവസാനത്തെ സംശയങ്ങളും മാഞ്ഞു പോയിരുന്നു.

"അകത്തോട്ടു കയറി വാ.."

മാത്തൻ ഔപചാരികതയോടെ ഷാനവാസിനെ ക്ഷണിച്ചു.

"ഇല്ല.. ഇന്നിപ്പോൾ സമയമില്ല. പിന്നെയൊരിക്കൽ തീർച്ചയായും വരാം "
നിറഞ്ഞ ചിരിയോടെ തന്നെ ഷാനവാസ് ആ ക്ഷണം നിരസിച്ചു.

പോട്ടെ... "

ലില്ലി നോക്കി പുഞ്ചിരിച്ചു കൊണ്ട് പെട്ടന്ന് തന്നെ ഷാനവാസ് അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

                             ❣️❣️❣️

ഹൃദയമിടിപ്പോടെ ഡോക്ടറുടെ മുറിയുടെ വാതിലിന് നേരെ നോക്കിയിരിക്കുകയാണ് ക്രിസ്റ്റി.

ഇനിയെന്ത് വേണമെന്നറിയാത്ത ഒരു നിസ്സഹായത അവനെ പൊതിഞ്ഞു നിന്നിരുന്നു.

ദിൽനയുടെ അവസ്ഥയിൽ അവന് അങ്ങേയറ്റം വേദനയുണ്ട്.

അതിനോടൊപ്പം തന്നെ അവളോട് നല്ല ദേഷ്യവും തോന്നുന്നുണ്ട്.

റോയ്‌സിനെ കുറിച്ചോർക്കുമ്പോൾ അവന്റെ കൈ തരിക്കുന്നുണ്ട്.

അതേ നിമിഷം തന്നെ വർക്കിയുടെ മനോഭാവം ഓർത്തവന്റെ മനസ്സ് പിടച്ചു.

വലിയൊരു ശബ്ദത്തിൽ ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി വന്ന വർക്കിയവന്റെ ചിന്തകളെ മുറിച്ചു.

ഉല പോലെ ചുവന്നു വിങ്ങിയ മുഖത്തോടെ ദിൽന കിടക്കുന്ന മുറിയിലേക്കയാൾ കയറി പോയതും ക്രിസ്റ്റി പിടഞ്ഞെഴുനേറ്റു.

ധൃതിയിൽ അയാൾക്ക് പിന്നാലെ അവനും ആ മുറിയിലേക്ക് കയറി.

പക്ഷേ അവനെത്തും മുന്നേ ദിൽനയുടെ വേദനകൊണ്ടുള്ള കരച്ചിലവന്റെ കാതിൽ മുഴങ്ങിയിരുന്നു.

കാറ്റ് പോലെ.. അവൻ അകത്തേക്ക് കുതിച്ചു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]