{"vars":{"id": "89527:4990"}}

നിലാവിന്റെ തോഴൻ: ഭാഗം 46

 
[ad_1]

രചന: ജിഫ്‌ന നിസാർ

അത് വരെയും ഉണ്ടായിരുന്ന ഉത്സാഹമൊതുക്കി ഹൃദയമവളെ ചതിച്ചു.
ഒരടി അനങ്ങാൻ കഴിയാത്തത് പോലെ ഫാത്തിമ നിന്നിടത്തു തന്നെ തറഞ്ഞു പോയി.

ഏതൊക്കെയോ ചിന്തകളുടെ ഭാരവും പേറി നടക്കുന്നത് കൊണ്ട് തന്നെ പാത്തുവിന്റെ വളരെ അടുത്തെത്തിയിട്ടാണ് ക്രിസ്റ്റി അവളെ കണ്ടത്.

തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന അവളെ കണ്ടതും ഒരു നിമിഷം അവനും നിശ്ചലമായി പോയിരുന്നു.

എങ്കിലും ആ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.
ഉള്ളിലെ ആനന്ദം ചുണ്ടിൽ ചിരിയായി വിരിഞ്ഞു.

പാത്തുവിന്റെയും അവസ്ഥ അത് തന്നെയായിരുന്നു.

അവനെ കണ്ടതും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.

ശരീരം തളർന്നു.. അടുത്തുള്ള റബ്ബർ മരത്തിൽ അവൾ ചാരി നിന്നു.

"താനെന്താടോ ഇവിടെ?"
ചിരിയോടെ തന്നെ ആദ്യം മൗനമുടച്ചത് ക്രിസ്റ്റിയാണ്.

ഫാത്തിമ ഒന്ന് ഞെട്ടി.

അവളേറെ ഭയന്ന ചോദ്യം!

"ഞാൻ.. പിന്നെ.."

വാക്കുകൾ കിട്ടാത്ത അവൾ വേഗം മുഖം കുനിച്ചു.

"ഞാൻ കരുതി നമ്മളെയെല്ലാം മറന്നു പോയെന്ന് "
പരിഭവം പോലെ ക്രിസ്റ്റി പറഞ്ഞു കേട്ടതും അവൾ പെട്ടന്ന് മുഖം ഉയർത്തി അവനെ നോക്കി.

"മറക്കാൻ... ഏതെങ്കിലും ഒരു നിമിഷം ഞാൻ നിന്നെ ഓർക്കാതിരുന്നിട്ട് വേണ്ടേ..?"

തിരികെ അവനോടുള്ള ചോദ്യം അവൾ ഹൃദയത്തിലൊതുക്കി.

നേരിയൊരു ചിരിയോടെ അവനെ നോക്കി.

"എന്തെങ്കിലുമൊന്നു പറയെടോ.. താനെന്താ ഒന്നും മിണ്ടാതെ.. തന്റെ പ്രശ്നങ്ങളൊക്കെ തീർന്നോ?"

ക്രിസ്റ്റി അവളെ നോക്കി വീണ്ടും ചോദിച്ചു.

"മ്മ്.."

"കാണാതായപ്പോ ഞാൻ കരുതി.. കൂടുതൽ പ്രശ്നങ്ങളിൽ പെട്ടു കാണുമോ ന്ന്. ഓർത്തിരുന്നു. തിരഞ്ഞു വരണം എന്നുണ്ടായിരുന്നു. പക്ഷേ.. എന്ത് പറഞ്ഞിട്ട് വരും. ഇനി അതുമല്ലങ്കിൽ.. താനൊറ്റക്ക് തന്നെ താന്റെ പ്രശ്നം സോൾവ് ചെയ്‌തെങ്കിൽ.. ഞാൻ അന്വേഷിച്ചു വരുന്നത് വീണ്ടും തനിക്കൊരു... ബുദ്ധിമുട്ട്.അങ്ങനൊക്കെ കരുതിയിട്ടാണ് വരാതിരുന്നത്. പക്ഷേ ഓർത്തിരുന്നു.. പ്രാർത്ഥനയുണ്ടായിരുന്നു തനിക്കു വേണ്ടി "

അവന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയഭിത്തിയിൽ തട്ടി പൊട്ടി ചിതറി.കൂടുതൽ തളർന്നു..

ഓർത്തിരുന്നുവെന്ന്...

കാണാൻ വരാൻ തോന്നിയിരുന്നുവെന്ന്..

ഒടുവിൽ തനിക്ക് പ്രശ്നമാവരുത് എന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു കളഞ്ഞെന്ന്..

സ്നേഹമല്ലേയത്..

പാത്തുവിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

കലങ്ങിയ ആ കണ്ണിലെ പതർച്ചയിലേക്കും പുതുഭാവത്തിലേക്കും കണ്ണിമ വെട്ടാതെയാണ് ക്രിസ്റ്റി നോക്കി നിന്നത്.

"താനിപ്പോ എന്നെ കാണാൻ വന്നത് തന്നെയാണോ?"

അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും ക്രിസ്റ്റി വീണ്ടും ചോദിച്ചു.

അതേയെന്നവൾ തലയാട്ടി.

"എന്തേ..? ഇനിയും എന്തെങ്കിലും സഹായം വേണോ.. ദൈവമല്ലേ ഞാൻ.. നിനക്ക് മുന്നിൽ? "

കണ്ണ് ചിമ്മി ചിരിച് കൊണ്ട് അവനത് പറയുമ്പോൾ ആ ചിരിയിലുടക്കി പോയിരുന്നു അവളുടെ മനസ്സത്രയും.

"നിങ്ങളുടെ... നിങ്ങളുടെ പേരൊന്നു പറഞ്ഞു തായോ... പ്ലീസ് "

കേഴും പോലെ അവളത് ചോദിച്ചതും അവന്റെ ചിരി മാഞ്ഞു.

നെടുവീർപ്പോടെ.. അവൻ അവളുടെ അരികിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു.

"ഫാത്തിമ ആയിട്ടല്ല. പാത്തുവായിട്ട് ഓർത്തു നോക്ക്..പാത്തൂന്റെ ഓർമയിൽ ഒരിടത്തും എന്നെ കാണുന്നില്ലേ നീ?"
തികച്ചും ശാന്തമായി... പതിയെ അവൻ അവളുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.

"എനിക്ക്... എനിക്കോർമ്മ..കിട്ടാഞ്ഞിട്ടാ ."

ഏതോ ഓർമകൾ കൊണ്ടവൾക്ക് വീണ്ടും അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

"മറവിയെത്ര തട്ടിയെടുക്കാൻ നോക്കിയിട്ടും പാത്തൂന്റെ ഇച്ഛാ... അവളെ മറന്നിട്ടില്ല കേട്ടോ.നിധി പോലെ..അവളെയൊരിക്കലും വിട്ടു കൊടുക്കാതെ ഹൃദയത്തിൽ സൂക്ഷിച്ചു.. സംരക്ഷണം കൊടുത്തു. പക്ഷേ.. പക്ഷേ.. പാത്തു വാക്ക് പാലിച്ചില്ല.. ഇച്ഛയെ മറന്നുവല്ലേ?"

ഹൃദയം രണ്ട് കഷ്ണമായി പൊട്ടിയത് പോലൊരു നടുക്കം..
പാത്തുവിന്റെ ശ്വാസം പോലും നിലച്ചു.. അവന്റെയാ പറച്ചിലിനു മുന്നിൽ.

"വിശ്വാസം വരുന്നില്ല അല്ലേ.. ക്രിസ്റ്റിയാണ് ഞാൻ.. പാത്തൂന്റെ മാത്രം ഇച്ഛാ "

അവളെ നോക്കി വീണ്ടും കണ്ണ് ചിമ്മി ചിരിച്ചു കൊണ്ടവൻ പറഞ്ഞതും രണ്ടു കൈകൾ കൊണ്ടും പാത്തു വാ പൊതിഞ്ഞു പിടിച്ചു.. കണ്ണ് നിറച്ചു കൊണ്ടവനെ നോക്കി.

അവളുടെ കയ്യിലുള്ള മൊബൈൽ താഴെ വീണതൊന്നും അറിഞ്ഞിട്ടില്ല.

"ആദ്യമായി നിന്നെ കണ്ടപ്പോ തന്നെ എന്റെ ഹൃദയമെന്നേ വെല്ലുവിളി നടത്തിയതാണ്. എന്നിട്ടും നീ പറയുമ്പോൾ മാത്രമാണ് എനിക്ക് നിന്നെ തിരിച്ചറിയാൻ കഴിഞ്ഞത്. തമ്മിലൊരു നോക്ക് കാണാതെ ഒരക്ഷരം മിണ്ടാതെ ഇത്രേം വർഷം.ഇവിടം ഉപേക്ഷിച്ചു പോകുമ്പോഴും തമ്മിലൊരു ഉടമ്പടിയുമില്ലാഞ്ഞിട്ടും വരുമെന്നൊരു ഉറപ്പുമില്ലാഞ്ഞിട്ടും ഞാൻ കാത്തിരുന്നത്.. എനിക്ക് തിരികെ കിട്ടിയെന്ന്..കാരണം എനിക്കത്ര മേൽ വിശ്വാസമായിരുന്നു എന്റെ,സൗഹൃദത്തെ.. സ്നേഹത്തെ."

ചിരിയോടെ അവൻ അവളെ നോക്കി.

"ഇച്ഛാ....

അവളുടെ സ്വരം വിറച്ചു.

കാലങ്ങളും കാഥങ്ങളും താണ്ടി വീണ്ടും ആ വിളി അവന്റെ ഹൃദയധമനികളെ കുളിരണിയിച്ചു കൊണ്ട് തഴുകി തലോടി.

അവൻ വിടർത്തി പിടിച്ച കൈകൾക്കുള്ളിലേക്ക് പാഞ്ഞു കയറി ആ നെഞ്ചിൽ ഒതുങ്ങി കൂടുമ്പോൾ... അവൾക്കുള്ളിൽ ഒരു പേമാരി തന്നെ ഉണ്ടായിരുന്നു.

ക്രിസ്റ്റിയവളെ നെഞ്ചിൽ ഒതുക്കി പിടിച്ചു.

"മറന്നു പോയതല്ല ഞാൻ. എനിക്കോർക്കാൻ ഇഷ്ടമുള്ളതാണ് എന്നും ഇച്ഛന്റെ ഓർമകൾ "

ഏറെ നേരം അവന്റെ നെഞ്ചിൽ കരഞ്ഞൊഴിഞ്ഞതിന് ശേഷം മുഖമുയർത്തി കൊണ്ടവൾ പറഞ്ഞതും..അവനാ കവിളിൽ കൈകൾ ചേർത്ത് വെച്ചു.

"എനിക്ക് എനിക്കറിയാവുന്ന പോലെ.. തോന്നിയിരുന്നു. എത്ര പ്രാവശ്യം ഞാൻ ചോദിച്ചു നമ്മൾ തമ്മിൽ കണ്ടിട്ടുണ്ടോ ന്ന്. അന്നൊന്നും പറയാത്തതെന്തേ?"

പരിഭവം പറയും പോലെ അവളുടെ കണ്ണുകൾ ചുരുങ്ങി.

ക്രിസ്റ്റി ചേർത്ത് വെച്ച കൈയ്യിൽ അവളും മുറുകെ പിടിച്ചു.

"പറയാതെ പാത്തു ഇച്ഛയെ അറിയുമോ എന്നറിയാനുള്ള ഒരു കുഞ്ഞു കുസൃതി."

അവൻ വീണ്ടും കണ്ണ് ചിമ്മി കാണിച്ചു.

കണ്ടിട്ടും കണ്ടിട്ടും മതിയാവാത്തത് പോലെ രണ്ടു പേരും പരസ്പരം നോക്കി നിന്നു.

പുലരി വെളിച്ചത്തിന്റെ നിറമേറുന്നത് പോലെ.. അവർക്കുള്ളിലും പുതിയൊരു പുലരി ഒരുങ്ങി ചമയുന്നുണ്ടായിരുന്നു.

പറഞ്ഞു തീർക്കാൻ ഒരായിരം കഥകളുണ്ടായിട്ടും ആ നിമിഷം അവിടെ ഏറ്റവും മനോഹരമായത് പ്രണയത്തിന്റെ മൗനമാണ്.

ഹൃദയങ്ങൾ തമ്മിലുള്ള ദൂരം ഒരു നോട്ടത്തിന്റെ നൂലിഴതുമ്പിൽ കോർത്തെടുത്തത് പോലെ...

നെഞ്ചിലൊരായിരം നിലാവുകൾ ഒരുമിച്ച് തിളങ്ങിയത് പോലെ..
കാത്തിരിപ്പിന്റെ എന്ത് മാത്രം കിനാവുകളാണ് ആ നിമിഷം രണ്ടാളുടെയും ഉള്ളിലൂടെ തെന്നി മാറിയത്.

കാത്തിരിക്കുമെന്നും.. ഓർത്തിരിക്കുമെന്നും യാതൊരു ഉറപ്പുമില്ലാഞ്ഞിട്ടും..ഒറ്റപ്പെടലെന്ന വേനലിൽ മനസ്സൊരു മരുഭൂമിയെന്നത് പോലെ വരണ്ട് പോയപ്പോഴും.. ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്തെങ്കിലും ഉണ്ടാവുമല്ലോ.. നമ്മളിൽ ഓരോരുത്തർക്കും. അത് പോലൊരാൾ.

അതായിരുന്നു ക്രിസ്റ്റിക്ക് പാത്തുവും പാത്തുവിന് ക്രിസ്റ്റിയും.
മടുത്തും മരവിച്ചും ജീവിച്ചു തീർത്തതിന്റെ പുണ്യം പോലെയുള്ള ആ ഒത്തു ചേരൽ..

എന്നെങ്കിലും തമ്മിൽ കാണപ്പെടുന്നൊരു വസന്തമായിരുന്നു രണ്ട് പേർക്കുള്ളിലും നിറഞ്ഞു നിന്നതത്രയും.

ആ വസന്തത്തിനെ കൊതിച്ചു ജീവിച്ച രണ്ടു പൂച്ചെടികൾ.

പൂക്കുന്നതും തളിർക്കുന്നതും തമ്മിലൊരുമിക്കുന്ന നാളിലെന്ന് ഹൃദയം കൊണ്ടുറപ്പിച്ചവർ.

കണ്ണ് നിറയെ കാണാനായില്ലേലും മനസ്സ് നിറയെ കൊണ്ട് നടന്നിട്ടുണ്ട്.

കണ്ണടയുമ്പോഴുള്ള അവസാനയോർമയും കണ്ണ് തുറക്കുമ്പോഴുള്ള ആദ്യയോർമയും..ഒരാളായിരിക്കുകയെന്നത് ആ മനുഷ്യനോടുള്ള ഇഷ്ടത്തിന്റെ ഏറ്റവും തീവ്രമായ അടയാളപ്പെടുത്തൽ.

"തിരിച്ചു പോവണ്ടേ?"

ഏറെ നേരത്തിനു ശേഷം ക്രിസ്റ്റിയാണ് ചോദിച്ചത്.

റബ്ബർ മരത്തിൽ ചാരിയിരിക്കുകയാണ് രണ്ട് പേരും.

ഫാത്തിമ ഒന്നും പറയാതെ അവനെ നോക്കിയൊന്ന് ചിരിച്ചിട്ട് കോർത്തു പിടിച്ച അവന്റെ കൈകളിൽ വീണ്ടും പിടി മുറുക്കി.

കൈവിട്ടു കളഞ്ഞതെന്തോ തിരികെ കിട്ടിയത് പോലൊരു പ്രകാശം അവളെ മൂടി നിൽക്കുന്നുണ്ടായിരുന്നു.

"ഇന്നിനി വെട്ട് നടക്കില്ല.. വെയിലുദിച്ചു "
മരങ്ങൾക്കിടയിൽ കൂടി കടന്നു വരുന്ന സൂര്യകിരണങ്ങളെ നോക്കി ക്രിസ്റ്റി പറഞ്ഞു.

"വീട്ടിൽ അന്വേഷിച്ചു നോക്കില്ലേ?"

ക്രിസ്റ്റി വീണ്ടും ചോദിച്ചു.

"ഇല്ല "

"അതെന്തേ.. നിനക്ക് അറക്കലിൽ നിന്നും സ്വതന്ത്ര്യം കിട്ടിയോ?"അവൻ ചിരിയോടെ ചോദിച്ചു.

"ഷാഹിദ് വന്നിട്ടുണ്ട് അവിടെ.. ഇനിയാരും എന്നെ തിരഞ്ഞോടി നടക്കില്ല. ഞാനിപ്പോ പൂർണമായും അവന്റെ ഉത്തരവാദിത്തം പോലെയാണ്. അവന് വേണ്ടിയാണല്ലോ ഫാത്തിമ ഇവിടെ എത്തിയത് "

ക്രിസ്റ്റിയെ ഒന്ന് നോക്കിയിട്ട് പാത്തു പതിയെ പറഞ്ഞു.അവളുടെ കണ്ണിലൊരു കുറുമ്പ് മിന്നി മാഞ്ഞു.

ആ മറുപടി കേട്ടതും ക്രിസ്റ്റി ഒരു നിമിഷം സ്റ്റക്ക് ആയി പോയിരുന്നു.

"ആണോ?"
അതേ കുസൃതി അവനിലും നിറഞ്ഞു.

"ആയിരുന്നു.. ഇനി.. ഇനി അങ്ങനല്ല "പാത്തുവിന്റെ ഉറച്ച മറുപടി.. 

അവന്റെ കൈകൾ അവളുടെ വിരലിൽ മുറുകി.

"വരട്ടെ.. എല്ലാവരും കളത്തിലറങ്ങി വരട്ടെ "
കണ്ണ് ചിമ്മി കൊണ്ടവൻ പറഞ്ഞു 

"പേടിയുണ്ടോ പാത്തൂന്?"

ക്രിസ്റ്റി അവളെ നോക്കി.

"ഇല്ല... ഒട്ടുമില്ല."

അവൾ വീണ്ടും അവന്റെ വിരലിൽ കോർത്തു പിടിച്ച പിടി മുറുക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]