{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 140

 

രചന: മിത്ര വിന്ദ

അമ്മയെ വിളിച്ചു പറയുന്നുണ്ടോ ഏട്ടാ.. വീട്ടിൽ എത്തിയ ശേഷം മീനാക്ഷി യദുവിനോടായി ചോദിച്ചു. ഹേയ് ഇല്ലെടോ.. തത്കാലം അമ്മയും പ്രിയയും ഈ കാര്യം അറിയാണ്ട് ഇരിക്കുന്നതാണ് നല്ലത്. വെറുതെ എന്തിനാ മനസ്സിൽ ഓരോ  ദുഷിച്ച ചിന്തകൾ  വരുത്തുന്നത്. അവരോട് കൂടി പറയൂ ഏട്ടാ...? വേണ്ട മീനാക്ഷി, കഴിഞ്ഞ കാര്യങ്ങളൊന്നും  പെട്ടെന്ന് അങ്ങോട്ട് മറക്കുവാൻ എനിക്ക് സാധിക്കില്ല. പ്രിയയ്ക്കും വിശേഷവും ഉണ്ടായിരുന്നല്ലോ. എന്നിട്ട് ഒരു വാക്ക് നമ്മളോട് അവളോ അളിയനോ അമ്മയോ ആരെങ്കിലും പറഞ്ഞോ. അവർക്ക് ഇങ്ങോട്ട് ഇല്ലാത്ത  സ്നേഹം തിരിച്ചു നമുക്കും വേണ്ട. യദു കടുപ്പത്തിൽ പറയുകയാണ്.. പിന്നീട് അവനോട് കൂടുതൽ ഒന്നും പറഞ്ഞു നിർബന്ധിക്കുവാൻ മീനാക്ഷിയും മെനക്കെട്ടില്ല. ഇട്ടിരുന്ന ചുരിദാർ മാറ്റിക്കൊണ്ട് അവൾ മുറിയിൽ നിൽക്കുകയാണ്. ആ സമയത്തു യദു പിന്നിലൂടെ വന്നിട്ട് അവളെ ഇറുക്കി പുണർന്നു. യ്യോ... പേടിപ്പിച്ചു കളഞ്ഞല്ലോ യദുവേട്ടാ.. കഷ്ടമുണ്ട്.. അവൾ തിരിഞ്ഞു വന്നിട്ട് അവന്റെ നെഞ്ചിൽ തട്ടി നിന്നു യദു അപ്പോൾ നിലത്തേക്ക് മുട്ടുകുത്തിയിരുന്നു കൊണ്ട് അവളുടെ ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തി... ആ വയറിന്മേൽ ചുണ്ടുകൾ അമർത്തി. വാവേ........ അവൻ മെല്ലെ വിളിച്ചു കൊണ്ട് മീനാക്ഷിയുടെ വയറിൽ ഇറുക്കി പുണർന്നു... അവൻ കരയുകയാണന്ന് മീനാക്ഷിയ്ക്ക് മനസിലായി മീനാക്ഷിയും ചങ്ക്പൊട്ടിയാണ് നിൽക്കുന്നത്.. മീനാക്ഷി... നമ്മുട ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്,,, അതൊക്കെ മാറി ഇപ്പോൾ ഈശ്വരൻ നമ്മുക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിച്ചിരിക്കുകയാണ്, ഏറ്റവും സന്തോഷമുള്ള ദിവസങ്ങൾ ആണെടോ ഇനി വരാൻ പോകുന്നത്... അതുകൊണ്ട് താൻ ഇനി ഒരിക്കലും സങ്കടപ്പെടരുത്. നമ്മുക്ക് നമ്മൾ മാത്രം മതി.. പിന്നെ നമ്മുട വാവയും...എത്രമാത്രം നേർച്ച നേർന്നു, പ്രാർത്ഥിച്ചു... ഒടുവിൽ ദൈവം നമ്മുട പ്രാർത്ഥന കേട്ടല്ലോ... അവൻ അവളെ ചേർത്തു പിടിച്ചപ്പോൾ മീനാക്ഷി, യദുവിന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്കൊണ്ട് വിങ്ങിപ്പൊട്ടി.. *** വീട്ടിലെത്തിയപ്പോൾ അമ്മു ആയിരുന്നു ബിന്ദു അമ്മയോട് ശ്രീ ചേച്ചിയോടും ഒക്കെ മീനാക്ഷിക്ക് വിശേഷം ഉണ്ടെന്നുള്ള കാര്യം അവതരിപ്പിച്ചത്. നടന്ന കാര്യങ്ങളൊക്കെ അവൾ വള്ളി പുള്ളി വിടാതെ അവരോട് വിശദീകരിച്ചു. നകുലൻ ഒന്നും മിണ്ടാതെ ഉമ്മറത്ത് കുഞ്ഞിനെയും ആയിട്ട് ഇരിപ്പുണ്ട്.. കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാളായില്ലേ മോളെ. അവൾക്ക് ഒരുപാട് സങ്കടം ഉണ്ടായിരുന്നു. എന്തായാലും ഈശ്വരൻ ഒരു കുഞ്ഞിനെ നൽകിയല്ലോ.. സമാധാനം. ബിന്ദു പറഞ്ഞപ്പോൾ ശ്രീജയും അമ്മുവും അത് കേട്ട് തലകുലുക്കി. അപ്പോൾ ഗിരിജ ഇവിടെ ഇല്ലല്ലേ....? ഇല്ലമ്മേ.. അമ്മായി കഴിഞ്ഞദിവസം വഴക്കുണ്ടാക്കി പ്രിയചേച്ചിയുടെ വീട്ടിലേക്ക് പോയെന്ന്.. ഹമ്... ഇനിയിപ്പോ ഇങ്ങോട്ട് കേറ്റുമെന്നു തോന്നുന്നില്ല കേട്ടോ.. അവൾക്കിനി പ്രിയമോളുടെ ഒപ്പം കൂടാം. ഹേയ്.. കുറച്ചു കഴിഞ്ഞു വരുവാരിക്കും അമ്മേ.. എത്ര നാളെന്നു പറഞ്ഞു അവിടെ നിൽക്കുന്നെ നകുലൻ ആ സമയത്തു ജയന്തി ചേച്ചിയുടെ കൈയിൽ കുഞ്ഞിനെ കൊടുത്തിട്ട് മുകളിലേക്ക് കയറിപ്പോയിരുന്നു. അമ്മു.... അല്പം കഴിഞ്ഞതും നകുലൻ വിളിച്ചു. ദാ വരുന്നു നകുലേട്ടാ.. അമ്മു വേഗത്തിൽ അവന്റെ അടുത്തേക്ക് കയറി ചെന്നു. റൂമില് ആയിരുന്നു അവൻ. ഇട്ടിരുന്ന ഷർട്ട്‌ ഊരി മാറ്റിക്കൊണ്ട് നിൽപ്പുണ്ട്. നകുലേട്ടാ... അമ്മു വിളിച്ചതും അവൾ തിരിഞ്ഞു നോക്കി. കഴിഞ്ഞില്ലേ നിന്റെ പ്രസംഗം.. കുറെ നേരമായല്ലോ തുടങ്ങീട്ട്. നകുലൻ ദേഷ്യത്തിൽ അമ്മുവിനോട് ചോദിച്ചു.. മറുപടിയായി അവനെ നോക്കി മുഖം വീർപ്പിച്ചു കൊണ്ട്, അമ്മു അവന്റെ അരികിലേക്ക് നടന്നുവന്നു. നമ്മൾ അവിടെ ചെന്നപ്പോൾ അവൾ തലകറങ്ങി വീണു, അതിന്റെ പേരിൽ മാത്രമാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. അത് അവിടം കൊണ്ട് കഴിയുകയും ചെയ്തു. പിന്നെയും വിശദീകരിച്ചു കൊണ്ടിരിക്കുകയാണോ. നേരം കുറെ ആയല്ലോ തുടങ്ങിയിട്ട്.. അവൻ അമ്മുനെ നോക്കി. സന്തോഷമുള്ള കാര്യമല്ലേ ഏട്ടാ.. എന്നെ ഉപദ്രവിച്ചവരാണ്. ഒക്കെ ശരി തന്നെ.. എന്നാലും ഈയൊരു കാര്യത്തിൽ  എനിക്ക് സന്തോഷമുണ്ട് കേട്ടോ.. നകുലന്റെ അടുത്തേക്ക് വന്നിട്ട് അവൻ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടണുകൾ ഒന്നൊന്നായി അഴിച്ചുമാറ്റി കൊണ്ട്  അമ്മു പറയുകയാണ്. ഇനി എന്താ.. നിനക്ക് പലഹാരോം വാങ്ങിക്കൊണ്ട് പോണോ അവളുടെ അടുത്തേക്ക്... അങ്ങനെ നാട്ടു നടപ്പ് ഉണ്ടൊ. ഓഹ്.. ഇതെന്താ മനുഷ്യ ഇങ്ങനെയൊക്കെ പറയുന്നേ.. അതു അവിടം കൊണ്ട് കഴിഞ്ഞുന്നേ... പിന്നെ അമ്മായിയോടും ശ്രീ ചേച്ചിയോടും ഞാൻ ഒന്നും പറഞ്ഞു എന്നേയുള്ളൂ. അതിന് നകുലേട്ടനെന്തിനാ ഇത്രയ്ക്കു വയലന്റ് ആകുന്നത്.. അങ്ങനെ തോന്നി.. അതുകൊണ്ട്? അവരുമായിട്ടുള്ള ബന്ധം പുതുക്കാൻ ഒന്നും പോയതല്ലല്ലോ  നകുലേട്ടാ. ഇതിപ്പോ ഇങ്ങനെയൊക്കെ സംഭവിച്ചു പോയി. അതിനെ ആ ഒരു സെൻസിൽ കണ്ടാൽ മതിന്നേ.. അവന്റെ മീശതുമ്പു പിടിച്ച്  മേൽപ്പോട്ടും കീഴ്പോട്ടും  ആക്കിക്കൊണ്ട് ആ കവിളിൽ മെല്ലെയൊന്ന്  നുള്ളി അമ്മു അപ്പോൾ. നെറ്റി ചുളിച്ചു പിടിച്ചുകൊണ്ട് നിൽക്കുകയാണ് നകുലൻ അപ്പോഴും. പിണക്കമാണോ ഏട്ടാ....? അതേ..... എന്തിനു? എനിക്ക് ഇഷ്ട്ടമല്ല. അതുകൊണ്ട് എനിയ്ക്കും ഇഷ്ട്ടമൊന്നുമല്ല.. കഴിഞ്ഞതൊക്കെ മറന്നിട്ടുമില്ല.. അവൾ ആരോടെന്നല്ലാതെ പറഞ്ഞു. എന്നിട്ട് ഒരു നൈറ്റിയും എടുത്തു കൊണ്ട് വാഷ് റൂമിലേക്കു കയറിപോയി.. ഹോസ്പിറ്റലിലൊക്കെ പോയി വന്നതുകൊണ്ട് ഒന്ന് കുളിച്ച് ഇറങ്ങാം എന്ന് കരുതിയാണ് അമ്മു. പെട്ടന്ന് തന്നെ അവൾ കുളിച്ചിട്ട് വരികയും ചെയ്തു.. അപ്പോഴേക്കും കുഞ്ഞ് വഴക്കുണ്ടാക്കിയിട്ട് ജയന്തി ചേച്ചി മുകളിലേക്ക്  കയറി വന്നിരുന്നു. വാവയെ മേടിച്ച്  നകുലൻ അതിലൂടെയൊക്കെ നടന്നു. അമ്മു വേഷമൊക്കെ മാറിയ ശേഷം കുഞ്ഞിനെ പാല് കൊടുത്തുറക്കി. *** ദിവസങ്ങൾ ഒന്നൊന്നായി കടന്നുപോയി. നൂലുകെട്ട് ചടങ്ങിന് ആരൊക്കെയാണ് വിളിക്കുന്നത് എന്നുള്ള ലിസ്റ്റ് എടുക്കുകയാണ് നകുലനും അമ്മയും ഒക്കെ ചേർന്ന്.. കണക്ക് കൂട്ടി വന്നപ്പോൾ ഏകദേശം 150 ആളോളം ഉണ്ട്. അതും അടുത്ത ബന്ധുക്കൾ മാത്രം. പിന്നെ കുറച്ച് അയൽവക്കത്തെ ആളുകളും. ഗിരിജയെയും മക്കളെയും വിളിക്കേണ്ട ആവശ്യമില്ലന്നായിരുന്നു നകുലിന്റെ തീരുമാനം അവനെ അതിൽ നിന്നും പിന്തിരിപ്പിക്കുവാൻ  ശ്രീജയും ബിന്ദുവും ഒക്കെ ശ്രമിച്ചു എങ്കിലും  നകുലൻ അതുകൂടാക്കിയില്ല. ഈ നാടായ നാട്ടിലെ മുഴുവൻ ആളുകളോടും എന്നെക്കുറിച്ച് എന്തൊക്കെ അപവാദങ്ങൾ പറഞ്ഞു കൂട്ടിയവരാണ്  ഗിരിജചെറിയമ്മയും മക്കളും. അവര് ഓരോന്ന് പറഞ്ഞു നടന്നിട്ട്, അമ്മയോട് തന്നെ എത്രയോ പേര് ചോദിച്ചിട്ടുണ്ട്  നകുലിന്റെ സ്വഭാവം ഇങ്ങനെയൊക്കെയാണോന്ന്. എത്രയോ തവണ ഈ ഉമ്മർത്തിരുന്ന് ഇക്കാര്യത്തെ ചൊല്ലി അമ്മ കരഞ്ഞിട്ടുണ്ട്. അതൊന്നും എനിക്ക് മറക്കാനാവില്ല.അവരുട ആണ്മക്കൾ ഇപ്പോ ഒടുക്കം എങ്ങനെയായിന്നുള്ളത് എല്ലാർക്കും അറിയാല്ലോ. എടാ അതൊക്കെ പോട്ടെ മോനേ. നിനക്ക് ആദ്യമായിട്ട് ഉണ്ടായ കുഞ്ഞല്ലേടാ. ഒന്നു പറഞ്ഞേക്കാം... ഈ വാശിയും വൈരാഗ്യവുമൊക്കെ എന്തിനാ മോനെ.. നീ അതൊക്കെ മറന്നു കള. അമ്മ അമ്മയുടെ പണി നോക്ക്... എന്റെ കുഞ്ഞിന്റെ പേരിടീൽ ചടങ്ങിന് ഗിരിജയും മക്കളും ഇവിടെ വേണ്ട. ആ തീരുമാനത്തിൽ മാറ്റവും ഉണ്ടാവില്ല. ഇനി ഈ കാര്യത്തെ ചൊല്ലി ഇവിടെ ഒരു തർക്കംവേണ്ട. അങ്ങനെ കഴിഞ്ഞതൊന്നും പെട്ടെന്ന് മറക്കുവാൻ എനിക്ക് സാധിക്കുകയുമില്ല. പറഞ്ഞു കൊണ്ടവൻ എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് എവിടേയ്‌ക്കോ പോവുകയും ചെയ്തു.....തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…