{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 40

 

രചന: മിത്ര വിന്ദ

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് അമ്മു. അച്ഛമ്മ അടുത്ത കട്ടിലിൽ കിടന്നു കൂർക്കം വലിച്ചു ഉറങ്ങുന്നു. ഹേമയെയും മകനെയും അധികം അടുപ്പിക്കാൻ പാടില്ല. അത് അപകടം ആണ്. അവന്റെ നോട്ടം ഒന്നും ശരിയല്ല. നകുലേട്ടൻ പറഞ്ഞത് സത്യം ആണ്. അമ്മുവിന് ആ രാത്രി ഉറക്കം വന്നതേ ഇല്ലാ. വെളുപ്പാൻ കാലം ആയി ഒന്ന് കണ്ണടച്ചപ്പോൾ. എന്നിട്ടും 5മണി ആയപ്പോൾ അവൾ ചാടി പിരണ്ടു എഴുന്നേറ്റു. മുൻ വാതിൽ തുറന്നു ഉമ്മറത്തേക്ക് ഇറങ്ങിയതും അവൾ ഒരൊറ്റ നിലവിളി. എന്താടി,കിടന്നു തൊള്ള വെയ്ക്കുന്നെ,നാട്ടുകാര് മൊത്തം എഴുന്നേറ്റ് കാണുല്ലോ... നകുലൻ അരഭിത്തിയിൽ നിന്നും എഴുന്നേറ്റ് മുണ്ട് ഒക്കെ മുറുക്കി ഉടുക്കുന്നുണ്ട്. നകുലേട്ടൻ എപ്പോ വന്നു, ഞാൻ അറിഞ്ഞു പോലും ഇല്ലാലോ. ആഹ് കൂടുതൽ അറിയണ്ട, അതാ നല്ലത്. പറഞ്ഞു കൊണ്ട് അവൻ ഉമ്മറത്തക്ക് ഇറങ്ങി. ഏട്ടാ, കാപ്പി എടുക്കാം. നില്ക്കു.. വേണ്ടടി, ഞാൻ പോയേക്കുവാ, ഇന്ന് ഇത്തിരി പരിപാടി ഉണ്ട്. അവൻ തിരിഞ്ഞു നോക്കതെ പെട്ടെന്ന് നടന്നു പോയി. നകുലേട്ടൻ വന്നു കിടക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ആൾ ഇഷ്ട്ടം അല്ലാത്ത മട്ടിൽ ഇറങ്ങി പോയപ്പോൾ അമ്മേടെ കർമത്തിനു പോലും ഇവിടേക്ക് വരില്ല എന്നായിരുന്നു താൻ ഓർത്തത്. റോഡിൽ നിന്നും അവന്റെ ബുള്ളെറ്റ് സ്റ്റാർട്ട് ആകുന്ന ശബ്ദം കേട്ട് അമ്മു മുറ്റത്തു നിന്നു. കട്ടൻകാപ്പി എടുത്തു കപ്പിലേക്ക് ഒഴിച്ചപ്പോൾ അച്ഛമ്മ എഴുന്നേറ്റ് വരുന്നുണ്ട്. ഉറക്കം ശരിയായില്ല കുഞ്ഞേ, വീട് മാറി കിടന്ന കൊണ്ടേ.. ഒരു കോട്ടുവാ ഇട്ട് കൊണ്ട് അച്ഛമ്മ പറഞ്ഞപ്പോൾ അമ്മു ഒന്ന് ചിരിച്ചു. തലേ രാത്രിയിൽ കിടന്ന കിടപ്പിൽ ആയിരുന്നു അവര്.ഒരൊറ്റ ഉറക്കം.. കാലത്തെ താൻ ഉണർപ്പോൾ അതേ വശത്തേക്ക് തന്നെ ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ട്.ആ പാർട്ടിയാണ് ഉറങ്ങിയില്ല എന്ന് പറഞ്ഞത്... അച്ഛമ്മയ്ക്ക് കാപ്പി കൊടുത്തിട്ട് അമ്മു മുറ്റം അടിക്കാൻ ഇറങ്ങി. അഞ്ചര ആയത് ഒള്ളു,നേരം വെളുത്തിട്ട് അടിക്കാം മോളെ,ഇങ്ങട് കേറി വാ.. ഇറയത്തു വന്നു നിന്ന് അവർ അമ്മുനോട് പറഞ്ഞു. കുഴപ്പമില്ല,അച്ഛമ്മ പോയി കിടന്നോ.ഇവിടെ എന്നും ഇങ്ങനെ ഒക്കെയാണ് പതിവ്. മുഖം ഒന്ന് ഉയർത്തി പോലും നോക്കാതെ അമ്മു മറുപടി പറഞ്ഞു.പിന്നീട് അവർ വിളിക്കാനും പോയില്ല. രാവിലെ പുട്ടും കടലകറിയും ആയിരുന്നു കാപ്പിക്ക്.ഇരുവരും ഒരുമിച്ചു ഇരുന്ന് ആഹാരം കഴിച്ചത്. ഗിരീജേടേ മക്കളുടെ കല്യാണം കഴിഞ്ഞു അല്ലെ മോളെ? ഹമ്... കഴിഞ്ഞു അച്ഛമ്മേ. പെണ്ണുങ്ങൾ ഒക്കെ എങ്ങനെ ഉണ്ട്,മര്യാദക്കാര് ആണോ. ആഹ്,കുഴപ്പമില്ല... മോള് അങ്ങോട്ട് പോകാറുണ്ടോ...? ഉവ്വ്‌.. പോകും.. എന്താ അച്ഛമ്മേ. അല്ല,പിന്നെ ഇവിടെ ഒറ്റയ്ക്ക് നിക്കാതെ അങ്ങോട്ട് പോയി കിടക്കാൻ മേലേ,എന്തിനാ ആ ചെറുക്കൻ വന്നു കിടക്കുന്നത് കുഞ്ഞേ,അവൻ ആണെകിൽ വെള്ളം ഒക്കെ അടിച്ചു നടക്കുന്നത് അല്ലെ. നകുലേട്ടൻ പാവമാ,പിന്നെ വെള്ളം അടിക്കും,പക്ഷെ ഇവിടെ വരാൻ തുടങ്ങിയത്തിൽ പിന്നെ ഒരിക്കൽ പോലും കുടിച്ചു കണ്ടില്ല അവളുടെ പറച്ചിൽ കേട്ട് രാജമ്മ,ഒന്ന് സൂക്ഷിച്ചു നോക്കി.പക്ഷെ അമ്മു യാതൊരു ഭാവഭേദവും കൂടാതെ ഇരുന്ന് ഭക്ഷണം കഴിച്ചു എഴുന്നേറ്റു. അമ്മു അവളുടെ പണികൾ ഒന്നൊന്നായി ചെയ്തു കൊണ്ട് അതിലൂടെ ഒക്കെ നടന്നു. അന്നും ഒരു പതിനൊന്നു മണി ആയപ്പോൾ ശ്രീജ വന്നു.അവളെ കണ്ടതും അമ്മുന് സന്തോഷം ആയി.ഇരുവരും കൂടി ഉമ്മറത്ത് ഇരുന്നപ്പോൾ അച്ഛമ്മയും അവരുടെ അടുത്തേക്ക് വന്നു. പെട്ടന്ന് ശ്രീജ എഴുന്നേറ്റു. ഇതാരാ അമ്മു...? ഇത് ശ്രീജ ചേച്ചി,ബിന്ദു അമ്മായീടെ മോള്. ആഹാ,എന്റെ മോളെ നിന്നെ ഒക്കെ കണ്ടിട്ട് എത്ര വർഷം ആയി.. പെറ്റിക്കോട്ട് ഇട്ട് നടക്കുന്ന പ്രായത്തിൽ നീ ഇവിടെ വന്നപ്പോൾ ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്..എന്തൊക്കെയുണ്ട് വിശേഷം. സുഖം അച്ഛമ്മേ.. അച്ഛമയ്ക്ക് സുഖം അല്ലെ. ഓഹ്... സുഖം,എന്തോന്ന് സുഖം.. എന്റെ മോൻ പോയില്ലേ,, ഇപ്പൊ മരുമകളും.ഈ കൊച്ചു ഒറ്റയ്ക്ക് ആയി പോയത് കൊണ്ട് വയ്യേലും വന്നത്...പ്രായം തെകഞ്ഞ പെണ്ണാ.. എന്നേലും പറ്റി പോയിട്ട് കാര്യമുണ്ടോ... എന്റെ മകൻ ഇണ്ടായിരുന്നങ്കിൽ.. അതും പറഞ്ഞു അച്ഛമ്മ ഒരൊറ്റ കരച്ചിൽ ആയിരുന്നു. അമ്മുവും ശ്രീജയും വല്ലാതെ ആയി പോയി. കരയണ്ട അച്ഛമ്മേ, ഇവൾക്ക് ഇവിടെ ഞങ്ങളൊക്കെ ഉണ്ട്. ഇവിടുത്തെ കർമം കഴിഞ്ഞു, വീട്ടിലേക്ക് അമ്മുനെ കൊണ്ട് പോകാനാ, രണ്ടു  ദിവസം കൂടി അല്ലെ ഒള്ളു.. ശ്രീജ പറഞ്ഞതും പെട്ടന്ന് അച്ഛമ്മയുടെ മുഖം മാറി ഹേയ്.. അതൊന്നും ശരിയാവില്ല മോളെ..അമ്മുനെ ഞാൻ കൊണ്ടുപോകും. ഹേമ അതിനാ എന്നേ വിട്ടത്. മറ്റന്നാൾ ഉച്ച കഴിഞ്ഞു ഞങ്ങളോട് ഒരുങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഇന്നലെ ഹേമ പോയത്..അമ്മുനെ മറ്റാർക്കും വിട്ടു കൊടുക്കാതെ ഇരിക്കാൻ ഉള്ള ആലോചന ഒക്കെ അവള് നടത്തുന്നുണ്ട്. അച്ഛമ്മയുടെ ഉള്ളിലിരുപ്പ് അറിഞ്ഞ അമ്മുന്റെ മുഖം ഇരുണ്ടു. ഇതൊക്കെ സ്വന്തം ആയിട്ട് അപ്പച്ചി തീരുമാനിച്ചാൽ മതിയോ.. എന്നോട് പോലും ആലോചിക്കാതെ അങ്ങട് പറഞ്ഞാൽ എല്ലാം നടക്കൂന്നാ.. വെറുതെയാ അച്ഛമ്മേ.. ഞാൻ സമ്മതിയ്ക്കില്ല.. ഈ വീട് വിട്ടു ഞാൻ വരികയുമില്ല.അച്ഛമ്മ അവരോടൊപ്പം പൊയ്ക്കോളു.. അമ്മു പറഞ്ഞു നിറുത്തിയതും രാജമ്മ ഒന്ന് പതറി. ശ്രീജയും ഒന്നും മിണ്ടാതെ മുഖം കുനിച്ചു. അപ്പോളേക്കും അമ്മു എഴുന്നേറ്റു അകത്തേക്ക് പോയി. മോളെ ശ്രീജേ, അവളെ ഒന്ന് പറഞ്ഞു മനസിലാക്കിയ്ക്ക്, ഹെമേടെ മോൻ അരുൺ, നല്ല പയ്യനാ... യാതൊരു ചീത്ത സ്വഭാവവും ഇല്ലാ... ഇഷ്ട്ടം പോലെ പൈസയും ഉണ്ട്... അവർ പറയുന്നത് കേട്ട് ശ്രീജ ഒന്ന് മന്ദഹസിച്ചു. അമ്മുന്റെ പിന്നാലെ അകത്തേക്ക് അവളും ചെന്നു. മുഖം ഒക്കെ ഒരു കൊട്ട പോലെ ആക്കി അമ്മു പല്ല് ഞെരിച്ചു പിടിച്ചു അകത്തു നിൽപ്പുണ്ട്. അമ്മുസേ.... ശ്രീജ വന്നു തോളിൽ കൈ വെച്ചു മൈൻഡ് ചെയ്യണ്ട,,, അവര് ഇങ്ങനെ ഒക്കെ പറഞ്ഞുന്നു കരുതി കല്യാണം ഒന്നും നടക്കാൻ പോണില്ലന്നേ.. ദേ ഈ കാതിൽ കൂടെ കേട്ടു ഇതിലെ പറഞ്ഞു വിട്ടാൽ മതി. ശ്രീജ അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് പറഞ്ഞു. ആരും ഇല്ലാരുന്നു, എന്റെ അമ്മ ഒറ്റയ്ക്ക് അല്ലെ എന്നേ വളർത്തിയെ, ഹേമയപ്പച്ചി ഈ പടിയിൽ കാല് കുത്തിയിട്ടില്ല, അറിയാമോ ഏച്ചിയ്ക്ക്. എന്നിട്ട് ഇപ്പൊ സംബന്ധമാലോചിച്ചു വന്നേക്കുന്നു.. പോട്ടെടി... വിട്ടു കള, അവര് പറയാൻ ഉള്ളത് അച്ഛമ്മ പറഞ്ഞു. നീ മറുപടിയും കൊടുത്തു.. കഴിഞ്ഞന്നേ... അത്രേം ഒള്ളു. എന്നാലും... എനിക്ക് അങ്ങോട്ട്... ഹാ, കളയമ്മു... പറഞ്ഞത് തന്നേം പിന്നേം പുലമ്പാതെ.. നീ വാ, നമ്മൾക്ക് തുണി ഒക്കെ ഉണങ്ങിയെങ്കിൽ എടുത്തോണ്ട് വരാം. ശ്രീജ എഴുന്നേറ്റ് വാതിൽക്കൽ വന്നപ്പോൾ അച്ഛമ്മ പതുങ്ങി നിൽപ്പുണ്ട്. ചെവി ആണെങ്കിൽ ചുവരിലേക്ക് ചേർത്തു വെച്ചു കണ്ണുകൾ ഇറുക്കി അടച്ചാണ് നിൽപ്പ്.. അവര് പറയുന്നത് കേൾക്കാൻ വേണ്ടി. അച്ഛമ്മേ.. ശ്രീജ അവരുടെ അടുത്തേക്ക് വന്നു വിളിച്ചതും രാജമ്മ ഞെട്ടി പിടഞ്ഞു മുഖം ഉയർത്തി.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…