രചന: മിത്ര വിന്ദ
വെല്ലുവിളിയൊക്കെ നടത്തിയെങ്കിലും ഒടുവിൽ താൻ തോറ്റു പോയി....ജയിച്ചവൻ അണിയിച്ച താലി അപ്പോളും അവളുടെ മാറിൽ പറ്റി ചേർന്ന് കിടപ്പുണ്ടായിരന്നു. ചുവരിലെ ചിത്രത്തിൽ അവന്റെ ചിരിക്കുന്ന മുഖം നോക്കി അമ്മു പതിയെ കിടന്നു. ഈ സമയത്ത് അകലെ ഒരുവനും അവളെക്കുറിച്ച് ഉള്ള ഓർമകളിൽ അനങ്ങാതെ കിടക്കുകയാണ്.. വല്ലപ്പോഴും ആണ് അവളൊന്നു തന്റെ മുഖത്തേക്ക് നേരെ നോക്കുന്നത്. ആ സമയത്ത് പോലും തന്നെ നോക്കി മുഖം വെട്ടിത്തിരിച്ചു നടന്നു പോകും. എനിക്ക് നിങ്ങളെ ഇഷ്ട്ടം അല്ല.... മേലാൽ എന്റെ പിന്നാലെ വന്നേക്കരുത്.... ഈ ഒരു വരി മാത്രം ആകെക്കൂടെ തന്നോട് പറഞ്ഞിട്ടുള്ളത്. ഹമ്....... ഇതൊക്കെ ഒന്ന് മാറ്റി പറയിപ്പിക്കണം... എനിക്ക് എന്റെ നകുലേട്ടൻ മാത്രം മതി, ഏട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് പറ്റില്ലയെന്ന് പെണ്ണ് പറയുന്നത്... ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി തിളങ്ങി. ഇന്ന് തന്റെ കൂടെ ഈ ബെഡിൽ കിടക്കേണ്ടവൾ ആണ്..കൃത്യ സമയത്ത് ഇവിടെ ജോയിൻ ചെയ്യേണ്ടതായി വന്നു.. ആഹ് ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാ...എന്തായാലും മറ്റന്നാൾ വീട്ടിലേക്ക് പോണം. എന്നിട്ട് അമ്മുനെ ഇവിടേക്ക് കൂട്ടി കൊണ്ട് പോരണം.. അവൻ ചില കണക്ക്കൂട്ടലുകൾ ഒക്കെ നടത്തി.. ഓഹ് ഇന്നലെ എന്താരുന്നു പെണ്ണിന്റെ ഒരു വാശി, താൻ എത്ര തവണ പറഞ്ഞു ഒപ്പം കിടക്കാന്, സമ്മതിക്കോ... അവള് പിടിച്ച മുയലിനു കൊമ്പ് മൂന്നാണ്... ചിരിയോടെ നകുലൻ മിഴികൾ പൂട്ടി. അപ്പോളും അവന്റെ മനസ്സിൽ ആ പഴയ പട്ടു പാവാടക്കാരി ആയിരുന്നു..... ** നകുലൻ അരികിൽ വരുമ്പോൾ ഉള്ള ഗന്ധം ആയിരുന്നു ആ കിടക്കയിലും എന്ന് അമ്മുവിന് തോന്നി.. അവൾ ശ്വാസം ഒന്ന് എടുത്തു വലിച്ചു. അവൻ അരികിൽ കിടക്കും പോലെ അവൾക്ക് തോന്നി. കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ഓരോരോ വർത്താനം പറയുന്നവനെ അവൾ ഓർത്തു. ഒടുവിൽ തന്നേ ഇവിടെ എത്തിച്ചു കളഞ്ഞു ആള്. എന്തിനാണന്നു അറിയില്ല.. കരച്ചിൽ വരുന്നു.. കുറെ സമയം കിടന്ന് കരഞ്ഞു.. ** രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു താഴേക്ക് ഇറങ്ങി ചെന്നു. അമ്മായി അടുക്കളയിൽ ഉണ്ട്.ശ്രീജേച്ചി ഉണർന്നില്ലന്നു തോന്നുന്നു അമ്മായി...... അവളുടെ വിളിയൊച്ച കേട്ടതും ബിന്ദു തിരിഞ്ഞു നോക്കി. ആഹ് എഴുന്നേറ്റോ മോളെ... കുളീം കഴിഞ്ഞോ നീയ്... ഇതൊന്നു ഇവിടെ പതിവില്ല കേട്ടൊ.. അവർ സ്റ്റീൽ കപ്പിൽ ഇരുന്ന കാപ്പി എടുത്തു ഒരു ഗ്ലാസിലേക്ക് പകർന്നു. എന്നിട്ട് അമ്മുന് കൊടുത്തു. അവൻ വിളിച്ചാരുന്നോ ഇന്നലെ...? ഉവ്വ്.... ആഹ്, ഇനി നീയും അവന്റെകൂടെ പൊയ്ക്കോ അമ്മുവേ. അല്ലാണ്ട് അവിടേം ഇവിടേം നിന്നാൽ ഒക്കില്ല കേട്ടോ. അത് കുഴപ്പമില്ലമ്മായി... ഞാൻ ഇവിടെ നിന്നോളം. അമ്മായി ഒറ്റയ്ക്ക് അല്ലെയൊള്ളു. എന്റെ കാര്യം ഒന്നുമോർക്കേണ്ട, അവൻ ജോലിക്ക് പോകാൻ തുടങ്ങിയ കാലം മുതൽ ഞാൻ ഒറ്റയ്ക്ക് അല്ലെ. എനിക്ക് കൂട്ടിനായി ലീലചേച്ചി വരും. ഇപ്പൊ ഇവിടെ എല്ലാരും ഉള്ളത്കൊണ്ടാ മോളെ. അവർ ദോശക്ക് ഉള്ള മാവിലേക്ക് കുറച്ചു ഉപ്പിട്ട് ഇളക്കി വെയ്ക്കുകയാണ്. നിങ്ങള് രണ്ടാളും ആണ് ഒരുമിച്ചു ജീവിക്കേണ്ടത്. അവൻ എത്ര കാലം ആയിട്ട് നിന്റെ പിന്നാലെ നടക്കുന്നത് ആണോ, എന്നിട്ട് ഒടുവിൽ കൈയിൽ കിട്ടിയപ്പോൾ രണ്ടും രണ്ടിടത്തും... ബിന്ദു പറയുന്നത് കേട്ട് കൊണ്ട് ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്നു കാപ്പി മുഴുവനും അവൾ കുടിച്ചു തീർത്തു. അപ്പോഴേക്കും ബിന്ദുവിന്റെ ഫോൺ ശബ്ദിച്ചു. ഇതാരാ ഈ കൊച്ചു വെളുപ്പാൻകാലത്തെ,. ഫോൺ എടുത്തു നോക്കിയതും നകുലനായിരുന്നു.. ആഹാ നകുലൻ ആണല്ലോ. അവർ ഫോൺ കാതിലേക്ക് വെച്ചു. എന്നാടാ മോനേ.... ഒന്നുല്ലമ്മേ, ഞാൻ വെറുതെ വിളിച്ചതാ. അങ്ങനെ വെറുതെ നീ വിളിക്കാറില്ലല്ലോ എന്നേ ? എന്താടാ കാര്യം, എന്റെ അമ്മേ ഞാൻ വെറുതെ വിളിച്ചതാ,അതിപ്പോ കുറ്റമായോ.. ഒരു കുറ്റവും ആയിട്ടില്ല എന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട് കൊടുക്കണോ.. ചിരിയോടെ ബിന്ദു പറയുന്നത് നോക്കി അമ്മു അനങ്ങാതിരുന്നു.. ഓഹ്.. ഈ അമ്മേടെ ഒരു കാര്യം.. എങ്ങനെ മനസിലായി.. നീ എന്റെ വയറ്റിൽ നിന്ന് പോന്നവൻ അല്ലേ ഏറെക്കുറെ എനിക്ക് മനസ്സിലാകുമെന്ന് വെച്ചോടാ. അവളുടെ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലമ്മേ, അതാണ്... ഹമ്... അവള് കാലത്തെ കുളിയൊക്കെ കഴിഞ്ഞ് നല്ല മിടുക്കി ആയിട്ട് എഴുന്നേറ്റ് വന്നിരുന്ന് കാപ്പി കുടിക്കുന്നുണ്ട്. നീ എന്താ കരുതിയത് രായ്ക്ക് രാമാനം നിന്നെ ഇട്ടിട്ട് പോയിക്കളഞ്ഞെന്നാണോ.. അമ്മയുടെ പറച്ചിൽ കേട്ടതും നകുലൻ ചിരിച്ചു.. പേടിക്കൊന്നും വേണ്ടടാ,നിന്നെ ഉപേക്ഷിച്ചു അങ്ങനെ ഇറങ്ങിയൊന്നും പോകുവേല. പറഞ്ഞു കൊണ്ട് അവർ ഫോൺ അവൾക്ക് കൈമാറി. ഹലോ... നാകുലേട്ടാ.. ആഹ് നേരത്തെ എഴുന്നേറ്റോ നീയ്. ഹമ്... എഴുന്നേറ്റു. ഇന്ന് പോകണ്ടേ ജോലിക്ക്. മ്മ്... ഇവിടുന്ന് ഒരു പത്തു മിനിറ്റ് ദൂരം ഒള്ളു. അതനുസരിച്ചു ഇറങ്ങിയാൽ മതി. ആഹ്.... എന്നാൽ ശരി വെയ്ക്കട്ടെ, പിന്നെ വിളിക്കാം... ഹമ്.. ശരി ശരി... വീട്ടിലേക്ക് പോകും മുന്നേ വിളിക്ക് കെട്ടൊ. നാകുലൻ ഫോൺ കട്ട് ആക്കിയതും ബിന്ദുവിനു അവൾ തിരിച്ചു കൊടുത്തു. ഇന്നേവരെ ഈ സമയത്തു അവനെന്നെ വിളിച്ചിട്ടേയില്ല.. പെട്ടെന്ന് ഞാനൊന്നു പേടിച്ചു പോയി കൊട്ടോടി മോളെ . പിന്നെയല്ലേ ഗുട്ടൻസ് പിടി കിട്ടീത്.. ജോലികൾ ചെയ്യുന്ന നേരത്ത് ബിന്ദു അടക്കം പറഞ്ഞു അവളെ കളിയാക്കി.. അമ്മു, പതിയെ മുറ്റത്തേക്ക് ഇറങ്ങി. ചൂല് എടുത്തു കൊണ്ട് വന്നു മുറ്റം ഒക്കെ നല്ല വൃത്തിയായിട്ടു അടിച്ചു വാരി. അപ്പോളാണ് പാറുക്കുട്ടി ഉണർന്നു വരുന്നത്. പിന്നീട് കുഞ്ഞിനെ എടുത്തു അവൾ അതിലൂടെയൊക്കെ നടന്നു. ചെറിയൊരു മാറ്റം ഉണ്ടല്ലേമ്മേ. ശ്രീജ ശബ്ദം താഴ്ത്തി പറഞ്ഞു. ഹമ്... ശരിയാകുടി മോളെ, അവള് പാവമാന്നേ... പിന്നെ അമ്മയെന്തിനാ ഇവരെ പണ്ട് ഇറക്കിവിട്ടത്, സതിയപ്പച്ചി ആണേലും വെറും പാവമാരുന്നു. അതൊക്കെ അന്നേരത്തെ ഓരോ പൊട്ടവിചാരങ്ങൾ. നമ്മുടെ ഗിരിജ ചെറിയമ്മ അന്ന് എന്നോട് പറഞ്ഞതാ, സതിക്ക് വല്യച്ഛൻ സ്വത്ത് മുഴുവൻ കൊടുക്കുന്നു, എന്നിട്ട് നമ്മളെ ഇവിടുന്ന് ഇറക്കി വിടും, എല്ലാവരും പെരുവഴിയിൽ ആകും എന്നൊക്കെ. അതു കേട്ടപ്പോൾ എനിക്ക് എന്തോ പേടിയായി പോയി. എന്ന് കരുതി ഇവരെ ഇവിടന്നു ഓടിച്ചു വീട്ടിട്ടൊന്നുമില്ല.. അങ്ങിട്ടുമിങ്ങോട്ടും ഓരോന്ന് പറഞ്ഞു ബഹളം ഒക്കെ കൂട്ടി. അങ്ങനെ സതി ഇറങ്ങി പോയി.. ബിന്ദു ഒന്ന് നിറുത്തി. അമ്മയ്ക്ക് സങ്കടം ആയോ ഞാൻ ഇത് ചോദിച്ചത്. ഹേയ്.. സാരമില്ലടി മോളെ.. പിന്നെ അന്ന് അങ്ങനെ കാണിച്ചതിനൊക്കെ എനിക്ക് പ്രായശ്ചിത്തം ചെയ്യണം, അമ്മു നമ്മുടെ ഒപ്പം ഇല്ലേ..അവളെ ഈശ്വരൻ ഇവിടേക്ക് കൊണ്ട് വന്നു തന്നല്ലോ.. അതു മതി. ഇരുവരും ച്ചേർന്നു ജോലികൾ ഒക്കെ വേഗത്തിൽ ചെയ്തു. അമ്മുവും സഹായിക്കുന്നുണ്ട്. എന്നാലും ഒരുപാടൊന്നും അവളെ കൊണ്ട് അവർ അങ്ങനെ ചെയ്യിപ്പിച്ചില്ല. ബ്രേക്ക്‌ഫസ്റ്റ് കഴിഞ്ഞു ആയിരുന്നു അമ്മു റൂമിൽ എത്തിയത്.. നകുലന്റെ മിസ്സ്ഡ് കാൾ ഉണ്ട്. തിരിച്ചു വിളിക്കണോ എന്നോർത്ത് കുറച്ചു സമയം നിന്നു. എന്നിട്ട് അവന്റെ നമ്പറിലേയ്ക്ക് കാൾ ചെയ്തു. ഹലോ... അമ്മുക്കുട്ടാ... അവന്റെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞു...…..തുടരും………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…