{"vars":{"id": "89527:4990"}}

ശിശിരം: ഭാഗം 68

 

രചന: മിത്ര വിന്ദ

സമയം വെളുപ്പിന് ഒരു മണി. യദു ഇതേവരെ ആയിട്ടും എത്തിയിട്ടില്ല. മീനാക്ഷി കുറേഫോണിൽ വിളിക്കുന്നുണ്ട്. പക്ഷെ സ്വിച്ച് ഓഫ് ആണ്. അവൾ ജനാലയുടെ അരികിൽ ഇരുപ്പ് തുടങ്ങിയിട്ട് കുറേ നേരം ആയി.. അവൻ അടിച്ചിട്ട് പോയ കവിൾത്തടം നീര് വന്നു വീർത്തുകിടപ്പുണ്ട്.ദേഷ്യവും പകയും നുരഞ്ഞു പൊന്തി വരുന്നുണ്ട്. അച്ഛനെ വിളിച്ചു കാര്യങ്ങൾ പറയാൻ ആദ്യം തീരുമാനിച്ചു, പക്ഷെ പിന്നീട് കരുതിയത് നാളെ ഇവിടെ നിന്നും വീട്ടിലേക്ക് മടങ്ങി പോകാം എന്നായിരുന്നു. യദുവിന്റെ ഒപ്പം ഒരു ജീവിതം.. അതിനി വേണ്ട... തന്റെ ദേഹത്തു കൈവെച്ചവനാണ്. ഇനി വെറുതെ വിടില്ല... നൂറായിരം ചിന്തകൾ കടന്നു പോയി. പക്ഷെ അതിനേക്കാൾ ഉപരി ഇത്ര നേരം ആയിട്ടും യദു വരാതിരുന്നപ്പോൾ എന്തോ ഒരു പേടി വന്നു അവളെ കീഴ്പ്പെടുത്തി.. ആ നാശംപിടിച്ച കിളവി ഉറങ്ങിപ്പോയെന്ന് തോന്നുന്നു. മകൻ വന്നോന്നു പോലും അവർക്ക് അറിയേണ്ട... പല്ലിരുമ്മി കൊണ്ട് അവൾ വീണ്ടും വെളിയിലേക്ക് നോക്കി ഇരുന്നു. ഇടയ്ക്ക് എപ്പോളോ മീനാക്ഷിയുടെ കണ്ണൊന്നു അടഞ്ഞു. ആ നേരത്താണ് പുറത്ത് യദുവിന്റെ ബൈക്ക് വന്നു നിന്നത്. കതക് ചാരിയിട്ടിട്ടെയൊള്ളു. അതുകൊണ്ട് അവൻ തുറന്നു അകത്തേക്ക് കയറി. റൂമിലേക്ക് പോയില്ല.മനഃപൂർവം തന്നേ. സെറ്റിയില്ക്ക് പോയി കിടന്നു. മീനാക്ഷി ഒരുറക്കം കഴിഞ്ഞു കണ്ണു തുറന്നു. സമയം 4മണി. യദു വന്നില്ലെന്ന് കരുതി അവൾ വീണ്ടും ഫോൺ എടുത്തു. അപ്പോളും സ്വിച് ഓഫ് ആണ്.. രണ്ടും കല്പിച്ചുകൊണ്ട് വാതിൽ തുറന്നു ഇറങ്ങി. അപ്പോളേക്കും കേട്ട് അവൻ വലിയ ശബ്ദത്തിൽ ശർദിക്കുന്നത്. മീനാക്ഷി വേഗം ഓടിചെന്നു. യദു മദ്യപിച്ചിട്ടുണ്ടെന്ന് അവൾക്ക് പിടികിട്ടി. വായും മുഖവും കഴുകിയ ശേഷം തലയൊന്നു കുടഞ്ഞുകൊണ്ട് അവൻ തിരിഞ്ഞത് മീനാക്ഷിയുടെ നേർക്ക് ആയിരുന്നു. അവളെക്കണ്ടതും വെട്ടിത്തിരിഞ്ഞവൻ നടന്നു. ** രാവിലെ അടുക്കളയിൽ ആയിരുന്നമ്മു. അപ്പോളാണ് നകുലൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നത്. അമ്മു... രണ്ട് ദിവസത്തേക്ക് ഞാൻ ലീവ് എടുത്തു കെട്ടോ . നമ്മൾക്ക് വീട്ടിലൊന്നു പോയിട്ട് വരാം. അടുത്ത ആഴ്ച പോകാം നകുലേട്ടാ,എനിയ്ക്കൊരു എക്സാം ഉണ്ട്. അല്ലെങ്കിൽ പിന്നെ, ഇന്ന് പോയിട്ട് എക്സാം കഴിഞ്ഞു ഞാൻ തിരിച്ചു വരാം. ഓഹ്.. ആ കാര്യം ഞാൻ മറന്ന് പോയല്ലോടി.... എന്നാൽപ്പിന്നെ ലീവ് ക്യാൻസൽ ചെയ്യാമല്ലേ.. അതാവും നല്ലത്. അങ്ങനെ നകുലൻ അന്നത്തെ പ്ലാനൊക്കേ മാറ്റി. എന്നിട്ട് ഓഫീസിൽ പോകാൻ റെഡി ആയി. ദോശയും ചമ്മന്തിയും ആയിരുന്നു ബ്രേക്ഫാസ്റ്റ്. നകുലനുള്ളത് എടുത്തു വെച്ചിട്ട് അമ്മു അവനു ചോറ് പൊതികൂടി കെട്ടി. വൻപയർതോരനും, അയില വറുത്തതും നെല്ലിക്ക അച്ചാറും, ആയിരുന്നു കറികൾ. ഒൻപത് മണിയ്ക്ക് ശേഷം അവൻ ഓഫീസിലേക്ക് പോയത്. അമ്മു.... ഇങ്ങനെ തുടരാനാണോ നിന്റെ തീരുമാനം. ആ ചെക്കൻ സഹിക്കുന്നതിനു ഒരു പരിധിയുണ്ട് കേട്ടോ.. ചുവരിൽ ചിരിച്ചുകൊണ്ടിരിക്കുന്ന നകുലന്റെ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് നിന്നപ്പോൾ ആയിരുന്നു അമ്മുന്റെ ഉള്ളിൽ എവിടെയോയിരുന്ന അവളുടെ മനസാക്ഷി സട കുടഞ്ഞു പുറത്തേക്ക് ചാടി വന്നത്. ഇന്നലെ രാത്രിയിൽ പറഞ്ഞ പോലെ അവനൊരു പാവമായത് കൊണ്ട്. ഇല്ലെങ്കിൽ കാണാരുന്നു കേട്ടോ, നിന്റെ വിളച്ചിൽ ഒക്കെ അങ്ങ് മാറ്റി വെച്ചിട്ട്, ആ ചെക്കനെയങ്ങു മതിയാവോളം സ്നേഹിക്കു പെണ്ണേ.. വൈകുന്നേരം അവൻ ജോലി കഴിഞ്ഞു വരുമ്പോൾ,  നല്ല അസ്സലായിട്ട് അവനെ കെട്ടിപിടിച്ചു ആ വലത്തേ കവിളിൽ ഒരു മുത്തം കൊടുക്കുന്നെ.. ഞെട്ടി പിടഞ്ഞുകൊണ്ട്  മുഖംമുയർത്തുമ്പോൾ അവന്റെ ഇടത്തെ കവിളിലും കൂടി ഒന്ന് മുത്തിച്ചുവപ്പിയ്ക്ക് കൊച്ചേ നീയ്. അല്ലാണ്ട് എന്നും ഇങ്ങനെ കഴിയാനാണോ നിന്റെ പ്ലാൻ.... അത് നടക്കില്ല കേട്ടോ, ഇങ്ങനെ തുടർന്നാലെ നകുലന്റെ മറ്റൊരു മുഖം നീ കാണേണ്ടി വരും. അമ്മു പെട്ടെന്ന് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയി. ആ സമയത്ത് ആയിരുന്നു ബിന്ദുവിന്റെ ഫോൺ വന്നത്. ഹലോ അമ്മായി..... ആഹ് മോളെ.. അവൻ പോയോടി. ഉവ്... അമ്മായി കാപ്പിയൊക്കെ കുടിച്ചോ. ഹമ്... കഴിച്ചു, നീയോ. ഞാനും കഴിച്ചു.. ജോലിയൊക്കെ കഴിഞ്ഞോടി.. ആഹ് കഴിഞ്ഞു. ശ്രീജേച്ചി വിളിച്ചോ.. അവള് വിളിക്കുന്ന നേരം ആയില്ലടി.. അവനും കൂടി ഇല്ലാത്ത കൊണ്ട് ശ്രീജ മടുത്തു. ആ കുഞ്ഞ് ആണെങ്കിൽ രണ്ട് ദിവസം ആയിട്ട് ഭയങ്കര വഴക്കാന്നു. ചേട്ടൻ വരാറായില്ലല്ലേ... ഓഹ് ഇല്ലന്നേ.... രണ്ട് ആഴ്ച കൂടിയെടുക്കുന്നു... കിച്ചനും മറ്റും വേറെ താമസിക്കാൻ പോയടി. ഇന്നലെ നകുലൻ പറഞ്ഞാരുന്നോ നിന്നോട്. പറഞ്ഞു... അമ്മായി വിളിച്ചപ്പോൾ ഞാൻ അരികിലുണ്ടായിരുന്നു. എന്തോ പറയാനാടി... ആ പെൺപിള്ളേരു രണ്ടും കൂടി വഴക്ക് കൂടിയെന്ന് .ഗിരിജ ആണെങ്കിൽ യദുന്റെ പെണ്ണിന്റെ ഒപ്പം ആണെന്നും പറഞ്ഞു കിച്ചൻ ഇന്നലെ അവളുമായി കോർത്തു .. എന്തിന്റെ കുറവാ ഉള്ളതന്നു ആർക്കറിയാം. വെറുതെ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാം.. അത്ര തന്നേ. അമ്മായിയോട് ആരാ ഇതെല്ലാം പറഞ്ഞത്. ഗിരിജ വിളിച്ചു കുറച്ചു മുന്നേ. ആണോ.. എന്നിട്ട് കിച്ചേട്ടൻ എവിടെയാ അമ്മായി.. ശ്രുതിടെ വീട്ടിലാണോ. അതൊന്നും അവൾക്കറിയില്ല. യദു ഇന്നലെ രാത്രിൽ ഇറങ്ങിപോയിട്ട് കൊറേ കള്ളും വലിച്ചു കേറ്റി വന്നിട്ട് വീട് മുഴുവൻ ഛർദിച്ചു നാശം ആക്കീന്നു. ദൈവമേ.... യദുവേട്ടനോ.. ആഹ്.. യദു... എന്നിട്ടോ അമ്മായീ.. എന്നിട്ടെന്താകാൻ, അവനും അവന്റെ പെണ്ണും കൂടി കാലത്തെ മുതൽ പൊരിഞ്ഞ വഴക്ക്.. ഗിരിജയാണെങ്കിൽ ഇങ്ങോട്ട് പോന്നോട്ടെന്നു ചോദിച്ചു എന്നോട്. അമ്മായിഎന്ത്‌ പറഞ്ഞു. എന്റെ പെണ്ണേ, നകുലൻ അറിഞ്ഞാൽ അവനെന്നെ ശരിയാക്കും. ഇപ്പൊ ഒന്നും മേലാത്ത അവസ്ഥയായിപ്പോയി എനിയ്ക്ക്..വരണ്ടന്നു പറയാൻ പറ്റുമോടി.... ഹമ്.....അമ്മു ഒന്ന് മൂളി. നകുലനോട് നീയൊന്നു പറഞ്ഞു മനസിലാക്കിയ്ക്ക്, അല്ലാണ്ട് ഞാനിപ്പോ എന്തോ ചെയ്യും.. മ്മ്.. പറയാം അമ്മായി... എന്നിട്ട് ഗിരിജമ്മായി വന്നോ. ഇല്ലടി വന്നോന്നുമില്ല.. പക്ഷെ ഉച്ചയാകുമ്പോൾ എത്തും.. മ്മ്...... മോളെ, ശ്രീജ വിളിക്കുന്നുണ്ട്, ഞാൻ വെയ്ക്കുവാടി. ബിന്ദു പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു. ഒരു തുള്ളി മദ്യം പോലും തൊടാത്തത് ആയിരുന്നു നാകുലേട്ടനും കിച്ചേട്ടനും.. യദുവേട്ടൻ ഇങ്ങനെയൊക്കെ കോലം കെട്ടിന്നു കേട്ടിട്ട്.... ഓർത്ത്കൊണ്ട് നിന്നപ്പോൾ അമ്മുന്റെ ഫോൺ വീണ്ടും റിങ് ചെയ്തു.അമ്മായി തന്നേയാണ്. ഹലോ അമ്മായി.. അവൾ വീണ്ടും അവരോട് സംസാരിച്ചുകൊണ്ടിരുന്നു. ഗിരിജയെ വീട്ടിൽ കേറ്റി താമസിപ്പിച്ചാൽ നകുലൻ വഴക്ക് ഉണ്ടാക്കും.. അത് അമ്മുന് നൂറു ശതമാനം അറിയാം.. അവനോട് തഞ്ചത്തിൽ കാര്യങ്ങൾ എല്ലാം ഒന്ന് ധരിപ്പിക്കണം. അതായിരുന്നു ഇരുവരുടെയും ചർച്ച. അന്ന് വൈകുന്നേരം നകുലൻ വരുന്നതും കാത്തിരുന്നു അമ്മു. എന്നും അഞ്ച്മണി കഴിഞ്ഞു എത്തുന്നത് ആണവൻ. അന്ന് പക്ഷെ ആറു മണി ആയിട്ടും നകുലൻ വന്നില്ല. അമ്മുന്റെ നെഞ്ചിടിപ്പ് ഏറി വന്നു. അവൾ ഫോൺ കൈയിൽ എടുത്തു കൊണ്ട് മുറിയിലൂടെ നടന്നു ബൈക്കിൽ ആയിരുന്നു അന്നവൻ ഓഫീസിൽ പോയത്.ഇനി ഡ്രൈവ് ചെയ്ത് വരുവണേൽ ശല്യം ചെയ്യേണ്ട എന്ന് കരുതി അമ്മു വിളിക്കാതെയിരുന്നു. ഒടുവിൽ രണ്ടും കല്പിച്ചു നമ്പർ ഡയൽ ചെയ്യാൻ തുടങ്ങിയതും കാളിംഗ് ബെൽ ശബ്ദിച്ചതും ഒരുമിച്ചു ആയിരുന്നു. ഓടിചെന്നു വാതിൽ തുറന്നപ്പോൾ നകുലന്റെ ഫ്രണ്ട് അരുൺ. അവന്റെ മുഖത്തെ പരിഭ്രാമം കണ്ടപ്പോൾ അമ്മുന്റെ ഉള്ളിൽ എന്തോ ഒരു അപകടം പോലെ...തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…