രചന: മിത്ര വിന്ദ
അമ്മുവിന് ഒരുപാട് മാറ്റങ്ങൾ വന്നു എന്ന്, നകുലിന് തോന്നിത്തുടങ്ങി. നേരത്തെ എല്ലാത്തിനും അവൾ ഒരു അകൽച്ച കാണിയ്ക്കുമായിരുന്നു, പക്ഷെ ഇപ്പോൾ ദിവസം ചെല്ലും തോറും അമ്മുന് തന്നോട് താല്പര്യം ആയി തുടങ്ങിയിരിക്കുന്നു.ഹ്മ്മ്.... മാറ്റിഎടുക്കാം... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. **** ജോലി കഴിഞ്ഞു ആദ്യം മടങ്ങി എത്തിയത് യദു ആയിരുന്നു. അവന്റെ ബൈക്ക് വന്നു നിന്നപ്പോൾ ഗിരിജ ഉമ്മറത്തുണ്ട്.. ബൈക്കിൽ നിന്നും ഇറങ്ങിയ ശേഷം അവനെന്തൊ ഒരു കവർ കയ്യിലേക്ക് എടുത്തു. എന്നിട്ട് അതുമായി കയറി വന്നപ്പോഴാണ് അമ്മയെ കാണുന്നത്. അമ്മയെപ്പോ എത്തി? യദു,ചെരിപ്പൂരി വെളിയിൽ ഇട്ടിട്ട് അകത്തേക്ക് കയറി വരുന്നതിനിടയിൽ അമ്മയോട് ചോദിക്കുകയാണ്. ഗിരിജയാണെങ്കിൽ അത് കേട്ട ഭാവം പോലും നടിക്കാതെ, ഇരു കൈകളും നെഞ്ചിൽ പിണച്ചുകൊണ്ട് കസേരയിൽ ചാരി ഇരിപ്പുണ്ട്. കുറച്ചു നിമിഷങ്ങൾ അവൻ അമ്മയെ നോക്കി നിന്നു, അപ്പോഴേക്കും മീനാക്ഷി ഉമ്മറത്തേക്ക് വന്നു.. ദ.... കുറച്ചു മീനാണ്, ഫ്രഷ് ആയിട്ട് കിട്ടിയതുകൊണ്ട് വാങ്ങിയത്, നീ കുളിയൊക്കെ കഴിഞ്ഞായിരുന്നോ... മടിയാണെങ്കിൽ ഇനി നാളെ മീൻ ഒക്കെ വെട്ടി കറി വയ്ക്കാം.അത് പോരേ അവളെയും കൂട്ടി അകത്തേക്ക് കയറി പോകവേ യദു ചോദിക്കുന്നത് ഗിരിജ കേട്ടു. ഗിരിജയാണെങ്കിൽ പല്ലിരുമ്മിക്കൊണ്ട് അവര് പോകുന്നത് ഒന്ന് നോക്കി. യദു നേരെ മുറിയിലേക്ക് പോയ്. വേഷം ഒക്കെ മാറ്റി ഫ്രഷായി ഇറങ്ങിവന്നു. മീനാക്ഷിയപ്പോൾ അവനുള്ള ചായ എടുത്തു വച്ചിരുന്നു. ഒപ്പം അവല് വിളയിച്ചതും. അമ്മ ചായ കുടിച്ചിരുന്നോ? അവൻ ശബ്ദം താഴ്ത്തി. ഇല്ല യദുവേട്ട... ഞാൻ കുറെ നിർബന്ധിച്ചതൊക്കെയാണ്, പക്ഷേ അമ്മ വന്നില്ല. കാലത്തെ വന്നപ്പോൾ ഞാൻ ചായ കൊടുത്തിരുന്നു. അതു കുടിച്ചു, ഭക്ഷണം കഴിക്കുവാൻ ഒക്കെ വിളിച്ചപ്പോൾ, മൈൻഡ് ചെയ്ത പോലുമില്ല, പിന്നെ ഞാൻ അകത്തേക്ക് കയറി പോയശേഷം, അമ്മ തനിയെ വന്നിരുന്നു കഴിക്കുകയായിരുന്നു. ഹ്മ്മ്....... അമ്മയ്ക്കുള്ള ചായ എടുത്തോ,, അവൻ പറയുകയും മീനാക്ഷി പെട്ടെന്ന് തന്നെ ഒരു ഗ്ലാസിലേക്ക് ചായ പകർന്നൊഴിച്ചു. അതും മേടിച്ചു കൊണ്ട് യദു അമ്മയുടെ അടുത്തേക്ക് ചെന്നു.. അമ്മേ...... ഇതാ ചായ. അവനത് അവരുടെ നേർക്ക് നീട്ടി. നീ കുടിച്ചോ, എനിയ്ക്ക് വേണ്ട. ഞാൻ കുടിച്ചോളാം,ഇതു അമ്മയ്ക്ക് എടുത്തത് അല്ലേ.. കുടിക്ക്, എന്നും നാലു മണിയാവുമ്പോൾ ചായ കുടിക്കുന്ന ആളാണല്ലോ, എന്നിട്ട് ഇന്ന് എന്തുപറ്റി... അവര് അവനോട് ഒന്നും പറയാതെ മുന്നോട്ട് നോക്കിയിരുന്നു. അപ്പോഴേക്കും ഒരു പ്ലേറ്റിൽ ആയി കുറച്ച് അവല് വിളയിച്ചത് കൂടിയെടുത്തു മീനാക്ഷി ഇറങ്ങിവന്നു.. എന്നിട്ട് അരഭിത്തിയിൽ വെച്ചു. ആഹ്... ഇതും കൂട്ടി ചായ കുടിയ്ക്കമ്മേ.... യദു അവരെ പിന്നെയും നിർബന്ധിച്ചു. ആ സമയത്ത് ആയിരുന്നു കിച്ചനും ശ്രുതിയും എത്തിയത്. അവരെ കണ്ടതും ഗിരിജയുടെ മിഴികൾ ഒന്ന് തിളങ്ങിയതായി യദുവിന് മനസ്സിലായി. കിച്ചൻ മടങ്ങി വന്ന വിവരം ഒന്നും ഗിരിജയ്ക്ക് അറിയില്ലായിരുന്നു. ആഹ്.... ആരിത്, ദേശാടനം ഒക്കെ കഴിഞ്ഞ് എപ്പോ എത്തി. അല്പം ഉറക്കെ അമ്മയോട് ചോദിച്ചുകൊണ്ടാണ് കിച്ചൻ അകത്തേക്ക് കയറി. പിന്നാലെ ശ്രുതിയും. ഗിരിജ, അവനോടും മറുപടിയൊന്നും പറയാതെ ഇരിക്കുകയാണ്. ഇതെന്തുപറ്റി..... പ്രിയമോളുടെ വീട്ടിൽ പോയിട്ട് വന്നപ്പോഴേക്കും അമ്മയുടെ, നാവിന്റെ നീളം ഒക്കെ കുറഞ്ഞു പോയോ, അതോ അവരത് കുറച്ചെടുത്തിട്ടാണോ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.. കിച്ചൻ യദുവിനെ പോലെയല്ല,രണ്ടിലൊന്ന് തീരുമാനിച്ച് മടങ്ങു എന്ന് മട്ടിൽ അവൻ അമ്മയുടെ അരികിലേക്ക് വന്നു. എന്നിട്ട് കസേരയിൽ ഇരിക്കുന്ന അവർക്ക് അഭിമുഖമായി അരഭിത്തിയിലേക്ക് കയറിയിരുന്നു. കേൾക്കട്ടെ,,, വിശേഷങ്ങൾ, എന്തുപറ്റി അമ്മ അവിടുന്ന് മടങ്ങിപ്പോകുന്നത്, പൊറുതിയൊക്കെ മതിയാക്കുവാൻ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടായോ.? ഇരു കൈകളും ഭിത്തിയിലേക്ക് ഊന്നി, അല്പം മുന്നോട്ട് ചാഞ്ഞിരുന്നു കൊണ്ടാണ് കിച്ചന്റെ ചോദ്യം ഒക്കെ.. പ്രിയമോളുടെ അമ്മായിമ്മ, എടുത്തിട്ട് കുടഞ്ഞു കാണുമല്ലേ. ലക്ഷണം കണ്ടിട്ട് എനിക്ക് അങ്ങനെയാ തോന്നുന്നത്, അല്ലെങ്കിൽ പിന്നെ ഇത്ര തിടുക്കപ്പെട്ട മടങ്ങി വരില്ല.. അല്ലേടാ യദു.. അവൻ യദുവിനെ നോക്കി ചോദിച്ചു.. മറുപടിയായി യദു ചെറുതായി ഒന്ന് പുഞ്ചിരിച്ചു നിന്നതേയുള്ളൂ. നീ എന്തുപറ്റി നിന്റെ പെണ്ണുമ്പിള്ളേം കൂട്ടി ഇവിടെന്നു ഇറങ്ങിയിട്ട് പെട്ടെന്ന് ഇങ്ങോട്ട് തിരിച്ചു കേറി വന്നത്,എല്ലാം വാരിക്കെട്ടി അന്ന് ഓടിയപ്പോൾ ഞാൻ കരുതിയത് ഇനി ഉടനെയൊന്നും നിന്റെ മടക്കവും ഉണ്ടാവില്ലെന്ന് ആയിരുന്നു. ഹ്മ്മ് മ്...... അപ്പോൾ വായിൽ നാക്കുണ്ട് കേട്ടോ....ഞാൻ പേടിച്ചു,ഇനി എന്റെ അമ്മയുടെ സംസാരശേഷി ഒക്കെ നഷ്ടമായോന്നു...ഓഹ് ഇപ്പഴാ സമാധാനമായത്.. അമ്മയല്ലാരുന്നോ മക്കളുടെ രണ്ട്പേരുടെയും സമാധാനക്കേട്, അതുകൊണ്ട് ഇറങ്ങിപ്പോയതാ. എന്നിട്ട് എന്തിനാ അമ്മ വീണ്ടും കേറിവന്നത്,പോയിടത്ത് സ്ഥിരതാമസം പറ്റിയില്ലേ,? നീ എന്തിനാ പിന്നെയും കയറിവന്നത് അതൊന്നു കേൾക്കട്ടെ..? ഞാനതിന് എന്റെ പെണ്ണുമ്പിള്ളേയുമായിട്ട് ഹണിമൂൺ ആഘോഷിക്കാൻ പോയതല്ലേ,അല്ലാണ്ട് ഇവിടുന്ന് വീട് വിട്ട് ഇറങ്ങിപ്പോയെന്നൊക്കെ അമ്മയോട് ആരാ പറഞ്ഞേ, അങ്ങനെയങ്ങ് എനിക്ക് പോകാൻ സാധിക്കുമോ, ഈ കണ്ട സ്വത്തും മുതലെല്ലാം ഇവിടെ കിടക്കുമ്പോൾ. സ്വത്തിന്റെ മുതലിന്റെയും ഒക്കെ കാര്യമോർത്ത് കണ്ണു മഞ്ഞളിച്ചു കയറിവന്നതാണല്ലേ,അത് ശരി... ഗിരിജ മൂക്കത്ത് വിരൽ വെച്ചുകൊണ്ട് മകനെ നോക്കി. എന്റെ അപ്പനപ്പൂപ്പൻമാരു അധ്വാനിച്ചുണ്ടാക്കിയത് അല്ലേ, അല്ലാണ്ട്, കോയിക്കലേ ഗിരിജയുടെ വീട്ടിൽ നിന്നും കൊണ്ടുവന്നതൊന്നുമല്ല. കിച്ചാ..... നീ പറഞ്ഞു പറഞ്ഞു ഒരുപാട് അങ്ങ് കയറിപ്പോകുന്നു,വേണ്ട കേട്ടോ.. അതൊന്നും വേണ്ട. ഓഹ്, വേറെ ആരുടെയും അടുത്ത് അല്ലല്ലോ എന്റെ സ്വന്തം അമ്മയുടെ അടുത്തല്ലേ, അതുകൊണ്ട് കുഴപ്പമില്ലന്നേ. കിച്ചൻ ഗിരിജയുമായി സംസാരിച്ചു നിന്നപ്പോൾ, മീനാക്ഷി അവനു കുടിക്കുവാൻ ചായ കൊണ്ടുവന്നു കൊടുത്തു . ഇതെന്താ അമ്മ ചായ കുടിച്ചില്ലേ, അവൻ ഗിരിജയെയും മീനാക്ഷിയെയും മാറിമാറി നോക്കി. ഞാൻ കുടിച്ചോളാം, നീ പോയ് വേഷം ഒക്കെ മാറ്റ്. ഗിരിജ, ചായ ഗ്ലാസും എടുത്തു അവരുടെ മുറിയിലേക്ക് പോയ്. കിച്ചേട്ടൻ ഇത്തിരി ഓവർ ആകുന്നുണ്ട് കേട്ടോ, എന്തിനാ അമ്മയോട് അങ്ങനെയൊക്കെ പറയുന്നത്,, അവര് പോയതും ശ്രുതി ശബ്ദം താഴ്ത്തി കിച്ചനെ വഴക്കു പറഞ്ഞു.. പത്തി മടക്കണമെങ്കിൽ ഇത്തിരി പാടുപെടും അല്ലേടാ യദുവേ.. അവന്റെ പറച്ചിൽ കേട്ടതും യദു തലയാട്ടിക്കൊണ്ട് ഒന്ന് ചിരിച്ചു.. ** അത്താഴം ഒക്കെ കഴിച്ചുകിടക്കുമ്പോൾ നകുലൻ അവളോട് പറ്റിച്ചേർന്നു. ദേ...നാകുലേട്ടാ... വേണ്ട... അവൾ അവനെ കൂർപ്പിച്ചു നോക്കിയപ്പോൾ നകുലൻ ഒരു കള്ള ചിരിയൊക്കെ ചിരിച്ചു കിടക്കുകയാണ്. എന്താ നകുലേട്ടന്റെ ഉദ്ദേശം. അവന്റെ നേർക്ക് തിരിഞ്ഞ് കിടന്നുകൊണ്ട്, ഇരു കൈകളും കോർത്തിണക്കി, അവളുടെ താടിമേൽ മുട്ടിച്ചു വെച്ച്, നകുലൻ അറിയാതെ പോലും അവളെ ഒന്ന് സ്പർശിക്കാതിരിക്കുവാൻ ആയുള്ള സുരക്ഷ മാർഗ്ഗമൊക്കെ സ്വീകരിച്ചാണ് അമ്മുവിന്റെ കിടപ്പ്. അത് മുൻകൂട്ടി നകുലൻ മനസ്സിലാക്കുകയും ചെയ്തു. ഹ്മ്മ്... എന്തേ,,,, അവന്റെ ചൂഴ്ന്നുള്ള നോട്ടം കണ്ടപ്പോൾ അമ്മ നെറ്റി ചുളിച്ചു ....തുടരും………