സുൽത്താൻ : ഭാഗം 5

എഴുത്തുകാരി: ദിവ്യ കഷ്യപ്പ് അങ്ങനെ അവസാനത്തെ പരീക്ഷ ദിവസം എത്തി… ഒരവസാന വട്ട നോട്ടത്തിനിടയിലാണ് ഫിദുവും തനുവും… പുസ്തകത്താളുകൾ മറിച്ചു പഠിച്ചതെല്ലാം ഒന്നുകൂടി ഉറപ്പിക്കുകയാണ് ഇരുവരും…. വൈശു
 

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

അങ്ങനെ അവസാനത്തെ പരീക്ഷ ദിവസം എത്തി… ഒരവസാന വട്ട നോട്ടത്തിനിടയിലാണ് ഫിദുവും തനുവും… പുസ്തകത്താളുകൾ മറിച്ചു പഠിച്ചതെല്ലാം ഒന്നുകൂടി ഉറപ്പിക്കുകയാണ് ഇരുവരും…. വൈശു ക്‌ളാസ്സിനുള്ളിൽ ആണ്… “ഫിദു… നീ അന്നൊരു മൗനപ്രണയത്തിന്റെ കാര്യം പറഞ്ഞില്ലേ… അതാരുടേയാ…? “തനു ചോദിച്ചു… ഫിദു തനുവിനെ നോക്കി… പറയണോ വേണ്ടയോ എന്നർത്ഥത്തിൽ….പിന്നീട് പറഞ്ഞു…

“ഒന്നൂടി ഞാനൊന്ന് ഉറപ്പിക്കട്ടെ എന്നിട്ട് പറയാം… ഇനി രണ്ടാഴ്ച ക്ലാസ്സില്ലല്ലോ… വീട്ടിൽ നിന്നു തിരിച്ചു വന്നിട്ട് പറയാം… ” “മ്മ്.. “തനു മൂളി… പറയുന്നതിനിടയിലും ഫിദു ചുറ്റും നോക്കിക്കൊണ്ടിരുന്നു…. ഫർദീനോട് ഇന്നാണ് മറുപടി പറയേണ്ടത്… അവന്റെ മുഖമോർത്തപ്പോഴേ അവളിൽ ഒരു വിറയൽ ഉണ്ടായി…. എന്ത് പറയും…. ഇഷ്ടമാണോ അല്ലയോ എന്ന് സ്വയം ചോദിച്ചിട്ട് ഒരുത്തരം അവൾക്കു കിട്ടുന്നുണ്ടായിരുന്നില്ല …… എക്സാം തീർന്നു….

ഫിദു പുറത്തേക്കിറങ്ങി…. പതിവിന് വിപരീതമായി ഇന്ന് ആദി അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു… ഫിദുവിന്‌ ആശ്വാസം തോന്നി… ആദി യുണ്ടെങ്കിൽ ഫർദീൻ വരില്ല… അവൾ വേഗം ആദിയുടെ അടുത്തേക്ക് ചെന്നു… അവൾ വരുന്നത് നോക്കി ആദി നിന്നു… വീട്ടിലേക്കു പോകുന്നതിനു മുൻപ് മനസിലുള്ളത് അവളോട്‌ പറയണം എന്ന നീരജിന്റെ വാക്കുകൾ അവന്റെ ഓർമയിലേക്ക് വന്നു…

“എന്താടാ… ആലോചിക്കുന്നേ… “ഫിദു അവനോടു തിരക്കി… “ഏയ്.. “അവൻ ചിരിയോടെ മുഖം തിരിച്ചു… “അപ്പൊ എങ്ങനാ… ഇന്ന് നാട്ടിലേക്ക് പോകുവല്ലേ…? “അവൾ ചോദിച്ചു “ഞാനും നീരുവും കൂടി കോയമ്പത്തൂർക്കാണ്…. രണ്ടു ദിവസം അവിടെ അവന്മാരുമായി കൂടിയിട്ടേ തിരികെയുള്ളൂ.. നീയോ…? ” “ഞങ്ങൾ നാളെയെ ഉള്ളൂ…പാലക്കാട് വരെ വൈശു ഉണ്ടല്ലോ… പിന്നെ അങ്ങോട്ട് ബോറടി… നീയുണ്ടാരുന്നെങ്കിൽ ആലപ്പുഴ വരേ കൂട്ടായേനെ…. ”

“നേരത്തെ അവന്മാരുമായി പ്രോഗ്രാം ചാർട്ട് ചെയ്തു പോയി… ഇല്ലെങ്കിൽ വരാമായിരുന്നു…. “ആദി പറഞ്ഞു.. ഫർദീൻ എതിരെ നടന്നു വരുന്നത് ഫിദ കണ്ടു… അവളുടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി… അവളുടെ നേർക്കു തന്നെ നോക്കി വന്ന അവൻ അടുത്ത് വന്നു ആദിയെ നോക്കിചിരിച്ചു കൊണ്ടു എന്തോ ചോദിച്ചു… ആദി അതിനു മറുപടി പറയുന്നതിനിടയിൽ നൊടിനേരത്തേക്കു അവൻ ഫിദയുടെ വിരലുകളിൽ ആദിയറിയാതെ ഒന്ന് വിരൽ കോർത്തു…

ഒരു ഞെട്ടലോടെ ഫിദു ഒന്നകന്നു മാറിയപ്പോൾ അവൻ അവളുടെ കയ്യിൽ മൃദുവായൊന്നമർത്തി കണ്ണടച്ച് കാട്ടി ചിരിച്ചു കൊണ്ടു നടന്നകന്നു…. ഫിദുവിന്റെ നെഞ്ചിലെ മിടിപ്പ് കെട്ടടങ്ങുന്നുണ്ടായിരുന്നില്ല…. ഇതൊന്നുമറിയാതെ ആദി തന്റെ പെണ്ണിനെ നോക്കുകയായിരുന്നു… നെഞ്ചിൻകൂടിൽ ഒളിപ്പിച്ചു വെച്ചൊരാ കുഞ്ഞു പ്രണയത്തെ പുറം ലോകം കാണിക്കാൻ വെമ്പൽ കൊള്ളുകയായിരുന്നു… കാണാൻ പോകുന്ന ആ പുതിയ ലോകത്തെ വർണ്ണങ്ങൾക്കായി ആ പ്രണയവും കൊതിക്കുകയായിരുന്നു..

അന്ന് വൈകിട്ട് തന്നെ ആദിയും നീരജും കോയമ്പത്തൂരിലേക്ക് പോയി…. പിറ്റേദിവസം രാവിലെ ഫിദയും വൈശുവും കൂടി വീട്ടിലേക്കും….. പാലക്കാട് എത്തി… സ്റ്റാന്റിൽ വൈശുവിന്റെ മുത്തശ്ശൻ കാത്തു നിൽപ്പുണ്ടായിരുന്നു… അവിടുന്ന് പത്തു മിനിറ്റ് കഴിഞ്ഞേ വണ്ടി എടുക്കുകയുള്ളായിരുന്നു… അത് കൊണ്ടു തന്നെ ഫിദയും പുറത്തേക്കിറങ്ങി… “ആഹ് ഫിദമോൾ മമ്മിയുടെ വീട്ടിലേക്കു വരുന്നില്ലേ.. “വൈശുവിന്റെ മുത്തശ്ശൻ ചോദിച്ചു… “ഇല്ല മുത്തശ്ശാ… ഇത്തവണ നാട്ടിലേക്കാ…

“ഫിദ ചിരിയോടെ മറുപടി പറഞ്ഞു… ഡ്രൈവർ വന്നു കയറിയപ്പോൾ അവരോടു യാത്ര പറഞ്ഞു ഫിദ അകത്തേക്ക് കയറി തന്റെ സീറ്റിലിരുന്നു…. വൈശു ഇരുന്ന സ്ഥലം ഒഴിഞ്ഞു കിടക്കുന്നു… അവൾ ഹെഡ്സെറ്റെടുത്തു ചെവിയിലെക്കി തിരുകി പുറകിലേക്കു ചാഞ്ഞിരുന്നു…. ആരോ ഒരാൾ അടുത്ത് വന്നിരുന്നതറിഞ്ഞു അവൾ അല്പം കൂടി ഒതുങ്ങിയിരുന്നു… കഴുത്തിൽ ഒരു ചുടു നിശ്വാസം അറിഞ്ഞു അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു… തന്റെ തോളോട് തല ചേർത്ത് ചാഞ്ഞിരുന്നു കണ്ണുകൾ രണ്ടും ഉയർത്തി തന്റെ മുഖത്തേക്കുറ്റു നോക്കിയിരിക്കുന്നു ഫർദീൻ….

ഫിദക്ക് ശ്വാസം വിലങ്ങി… ശബ്ദം പുറത്തേക്കു വന്നില്ല….അവൾ ആകെ വെമ്പലോടെ അവനെ നോക്കി… ഒന്ന് ശ്വാസം വീണ്ടെടുത്തു മുരടനക്കി ശബ്ദമുണ്ടെന്നു ഉറപ്പു വരുത്തിയിട്ട് അവൾ പതിയെ ചുറ്റും നോക്കിയിട്ട് പറഞ്ഞു…. “മാറിയിരിക്ക്… ആൾക്കാർ ശ്രദ്ധിക്കും…. ” “ശ്രദ്ധിക്കട്ടെ… അതിനെന്താ… ആരെങ്കിലും ചോദിക്കുകയാണെങ്കിൽ നിനക്ക് നികാഹ് പറഞ്ഞു വെച്ചിരിക്കുന്ന ആളാണ്‌ എന്ന് പറഞ്ഞാൽ മതി… ” പറഞ്ഞുകൊണ്ട് അവൻ അവളുടെ തോളിലേക്ക് കിടന്നു കണ്ണുകളടച്ചു… “ഫർദീൻ… നീ മാറിയിരുന്നേ…. പ്ലീസ്… ”

“ഫിദു… കഷ്ടമുണ്ടെടി… ഇന്നലെ ഒട്ടും ഉറങ്ങീട്ടില്ല…. നീ എത്രമണിക്കാ പോകുന്നതെന്നറിയില്ലാരുന്നല്ലോ… അത് കൊണ്ടു വെളുപ്പിന് മൂന്നര മുതൽ നിന്റെ ഹോസ്റ്റലിന്റെ മുന്നിൽ നിൽക്കുവായിരുന്നു… അവിടുന്ന് നാലുമണിക്കുള്ള ഫസ്റ്റ് ബസിലായിരിക്കും നീ പോരുന്നതെന്നു വിചാരിച്ചു…. നിന്നോട് വിളിച്ചു ചോദിച്ചാൽ നീ പറയില്ലല്ലോ… ആ സമയത്ത് കാണാതിരുന്നത് കൊണ്ടു മനസിലായി ആറ് മണീടെ ബസിനായിരിക്കുമെന്ന്…

നീ ഇറങ്ങുന്നത് ഉറപ്പ് വരുത്തി ആ ബസിന്റെ പുറകെ ഉണ്ടായിരുന്നു ബൈക്കിൽ… പാലക്കാട് വൈശു ഇറങ്ങി കഴിഞ്ഞു ബൈക്ക് കൂട്ടുകാരനെ ഏൽപ്പിച്ചിട്ട് കയറിയതാ നിന്നെ കാണാൻ…. ഞാൻ ഇത്തിരി ഉറങ്ങിക്കോട്ടെടി പ്ലീസ്…. “കൊച്ചു കുട്ടികളെ പോലെ കൊഞ്ചിക്കൊണ്ട് അവൻ പറയുന്നത് കേട്ടു ഫിദുവിന്‌ അവനോടു വാത്സല്യം തോന്നി.. അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു…. “ഇങ്ങനെ നോക്കല്ലെടി പെണ്ണേ… “അവൻ ചിരിയോടെ വീണ്ടും അവളുടെ തോളിലേക്കു ചാഞ്ഞു…

ചുണ്ടിലൂറി വന്ന ചെറുപുഞ്ചിരി അമർത്തി കൊണ്ടു ഫിദ പുറത്തേക്കു നോക്കിയിരുന്നു… കുറച്ചു സമയത്തിനുള്ളിൽ അവൻ നന്നായി ഉറക്കം പിടിച്ചു എന്ന് ഫിദക്ക് തോന്നി… അവൾ പതിയെ തല ചരിച്ചു നോക്കി… ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്നു… നെറ്റിയിലേക്ക് കുറെ മുടിയിഴകൾ വീണു കിടപ്പുണ്ട്… ഷർട്ടിന്റെ തുറന്നിട്ടിരിക്കുന്ന ബട്ടണിനിടയിലൂടെ മാലയുടെ ‘F ‘ എന്നെഴുതിയ ലോക്കറ്റ് പുറത്തേക്കു കിടക്കുന്നു…. അവൾ അവനെ തന്നെ ഉറ്റുനോക്കിയിരുന്നു…..

നീയെന്തേ എന്നെയിങ്ങനെ വിടാതെ പിന്തുടരുന്നേ…. ഇത്രക്കിഷ്ടപ്പെടാൻ എന്തേ കാര്യം… ഇഷ്ടമല്ല എന്നൊക്കെ വിചാരിച്ചിട്ടും ഇടക്കൊക്കെ ഇത്തിരി ഇഷ്ടം തോന്നി പോകുന്നെടാ നിന്നോട്…. മനസിലാണ് പറഞ്ഞതെങ്കിലും മനസിലെ പ്രണയത്തിന്റെ ഭാവങ്ങളൊക്കെയും അവളുടെ മുഖത്ത് മിന്നിമറഞ്ഞു… ആ സമയം തന്നെ ഫർദീൻ കണ്ണുകൾ തുറന്നു മുഖമുയർത്തി അവളെ നോക്കി.. ഒരു ചമ്മലോടെ അവൾ മുഖം തിരിച്ചു… ഒന്ന് ചെറുതായി ചുമച്ചു കാണിച്ചു കൊണ്ടു അവൻ നേരെ ഇരുന്നു…

കുസൃതി ചിരിയോടെ ഇടങ്കണ്ണിട്ട് അവളെ നോക്കിയപ്പോൾ തന്നെ അവളും തിരിഞ്ഞു നോക്കിയിരുന്നു… വീണ്ടും തലതിരിച്ചിരുന്ന അവളുടെ ചെവിയോരം ചെന്ന് “എനിക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടി കേട്ടോ… “എന്ന് പറയുമ്പോൾ അവന്റ നെഞ്ചകം സന്തോഷത്താൽ തുടികൊട്ടുകയായിരുന്നു.. “എന്ത് പിടികിട്ടിയെന്നു..? “ഒരു കൃത്രിമ ഗൗരവം മുഖത്ത് വരുത്തി അവൾ മറുചോദ്യം ചോദിച്ചു… ഒന്ന് തലയാട്ടി ചിരിച്ചു കാണിച്ചു കൊണ്ടു അവൻ കൈകെട്ടി സീറ്റിലേക്കു ചാരിയിരുന്നു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…