{"vars":{"id": "89527:4990"}}

സൂര്യനെ മോഹിച്ചവൾ: ഭാഗം 50

 
[ad_1]

രചന: ശിവ എസ് നായർ

തറവാട്ട് കുളത്തിനരികിൽ നിന്നും ശബ്ദ കോലാഹലങ്ങൾ ശ്രവിച്ച സൂര്യൻ വിറയ്ക്കുന്ന കാലടികളോടെ അങ്ങോട്ടേക്ക് ചുവടുകൾ വച്ചു.

കുളത്തിൽ പൊന്തി കിടന്നിരുന്ന നിർമലയുടെ ശരീരം രണ്ട് പേര് ചേർന്ന് പടവിലേക്ക് കിടത്തുകയായിരുന്നു അപ്പോൾ. അരയ്ക്ക് കീഴ്പോട്ട് വെള്ളത്തിലും ശിരസ്സ് കുളപ്പടവിലുമായി കിടക്കുന്ന നിർമലയുടെ ചേതനയറ്റ ശരീരം കണ്ടവൻ ഞെട്ടി വിറച്ച് നിന്നു. 

"നിർമലേ..." അലറി കരഞ്ഞുകൊണ്ട് സൂര്യൻ അവൾക്ക് നേരെ പാഞ്ഞടുത്തു. 

നിർമലയുടെ നേർക്ക് പാഞ്ഞടുക്കുന്ന സൂര്യനെ കണ്ടതും കുറച്ചു പോലിസ് അവന് ചുറ്റും വളഞ്ഞു. തന്നെ പിടിച്ചു വയ്ക്കാൻ ശ്രമിച്ച പോലീസുകാരെ തട്ടിയെറിഞ്ഞു കൊണ്ട് സൂര്യൻ ഒറ്റ കുതിപ്പിൽ നിർമലയ്‌ക്കരികിൽ വന്നിരുന്നു. അവളെ പടവിലേക്ക് എടുത്ത് കിടത്താൻ തുനിഞ്ഞവരെ ആട്ടിപായിച്ച സൂര്യൻ അവളെ തന്റെ കൈകളിൽ കോരിയെടുത്തു. അവളുടെ ശിരസ്സ് മടിയിലേക്ക് എടുത്ത് വച്ചവൻ കുളപ്പടവിലിരുന്നു. 

"നിർമ്മലേ... കണ്ണ് തുറക്ക് മോളെ... ഞാൻ... ഞാൻ വന്നു നിർമലേ... നിന്നോട് എനിക്കൊരു ദേഷ്യവുമില്ലെടി. അപ്പോഴത്തെ സങ്കടത്തിൽ നിന്നോട് ഞാനെന്തൊക്കെയോ പറഞ്ഞു പോയതാ. പിണങ്ങി കിടക്കാതെ എണീറ്റ് വാടി നീ... നീയില്ലാതെ എനിക്ക് പറ്റില്ലെന്ന് അറിയില്ലേ." നിർമലയുടെ കവിളിൽ തട്ടി അവൻ വിളിച്ചു. 

തന്റെ മടിയിൽ കിടക്കുന്ന തണുത്തു മരവിച്ച നിർമലയുടെ ചേതനയറ്റ ശരീരം കാണവേ സൂര്യന്റെ മനോനില തെറ്റി തുടങ്ങി. ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ടവൻ സ്വന്തം ശിരസ്സിൽ ആഞ്ഞുതല്ലി. ഒരു നിമിഷം തന്റെ ഹൃദയം നിലച്ചു പോയെങ്കില്ലെന്ന് അവൻ ആഗ്രഹിച്ചു പോയി. അവളുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന താൻ ചാർത്തിയ താലി കണ്ടപ്പോൾ അവന്റെ സങ്കടം ഇരട്ടിച്ചു. 

അപ്പോഴേക്കും കൂടുതൽ പോലീസുകാർ അങ്ങോട്ട്‌ വന്ന് സൂര്യനെ അവിടുന്ന് ബലമായി പിടിച്ചു മാറ്റി. അവരുടെ പിടിയിൽ നിന്നും കുതറി മാറാൻ സൂര്യൻ ആവതും ശ്രമിച്ചെങ്കിലും പോലീസുകാർ അവനെ ജീപ്പിന് നേർക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. 


പോലീസുകാർ തങ്ങളുടെ തുടർ നടപടികൾ ആരംഭിച്ചു. അമ്പാട്ട് തറവാട്ടിൽ ജോലിക്ക് വരുന്ന രാധമ്മയെയാണ് പോലിസ് ആദ്യം ചോദ്യം ചെയ്തത്. 

"നിങ്ങളല്ലേ ഡെഡ്ബോഡി ആദ്യം കണ്ടത്." സി ഐ ഷാനവാസ്‌ ചോദ്യം ചെയ്യൽ തുടങ്ങി.

"അതേ സാറേ..." ഭയത്തോടെ അവർ ഉത്തരം പറഞ്ഞു.

"അപ്പോൾ സമയം ഏകദേശം എത്രയായിട്ടുണ്ടാകും?"

"ഒരു ഏഴ് മണി കഴിഞ്ഞു കാണും സാറേ."

"നിങ്ങളെന്തിനാ രാവിലെ തന്നെ ഇങ്ങോട്ട് വന്നത്?" 

"മുറ്റം അടിച്ചു വാരിയിട്ട് കയ്യും കാലും മുഖവുമൊക്കെ ഒന്ന് കഴുകാനായി വന്നതാ... അപ്പഴാ സാറേ..."

"സൂര്യനും നിർമലയും തമ്മിൽ എന്തെങ്കിലും വഴക്കോ മറ്റോ ഉണ്ടായോ? ഇവർ തമ്മിൽ എങ്ങനെയായിരുന്നു."

"മിനിഞ്ഞാന്ന് വരെ അവരുടെ ജീവിതം നല്ല സന്തോഷത്തിൽ തന്നെയായിരുന്നു സാറേ. രണ്ടുപേരും തമ്മിൽ തമ്മിൽ വഴക്കോ പിണക്കമോ ഒന്നും ഇതുവരെ ഉണ്ടാവുന്നത് ഞാൻ കണ്ടിട്ടില്ലായിരുന്നു. മോന് നിർമലയെന്ന് വച്ചാൽ ജീവനായിരുന്നു.  പക്ഷേ മിനിഞ്ഞാന്ന് രാവിലെ മുതൽ രണ്ടാളും തമ്മിൽ എന്തോ ഒരു പ്രശ്നമുള്ളതായി എനിക്ക് തോന്നി. സൂര്യൻ നിർമലയെ വഴക്ക് പറയുന്നതും മോളിരുന്ന് കരയുന്നതും ഞാൻ കണ്ടതാ. ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല. അന്ന് രാവിലെ നിർമല തല ചുറ്റി വീണിട്ട് പരിശോധിക്കാൻ വന്ന ഡോക്ടർ മോള് ഗർഭിണി ആണെന്ന് പറഞ്ഞതിന് ശേഷം ആണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഏറ്റവും സന്തോഷത്തോടെ ഇരിക്കേണ്ട നേരത്താണ് ഇങ്ങനെയൊക്കെ നടക്കുന്നത്. 


അന്ന് രാത്രി ഞാനിവിടുന്ന് പോകുമ്പോ മോനും മോളും പിണക്കത്തിലായിരുന്നു. പിറ്റേന്ന് അത് മാറുമെന്ന് ഞാൻ വിചാരിച്ചു. അന്ന് സൂര്യൻ മോൻ നിർമല കൊച്ചിനോട് അതിന്റെ വീട്ടിലേക്ക് പോകാനൊക്കെ പറയുന്നത് ഞാൻ കേട്ടതാ. അത് കഴിഞ്ഞു ഇന്നലെ രാവിലെ വന്ന് നോക്കുമ്പോ മുൻവാതിൽ അടഞ്ഞു കിടന്നെങ്കിലും സാക്ഷ ഇട്ടിട്ടില്ലായിരുന്നു. ഇവരെ രണ്ടാളെയും ഇവിടെയൊന്നും കണ്ടതുമില്ല. ഞാൻ അപ്പൊത്തന്നെ വാതിലടച്ചു വീട്ടിലേക്ക് പോയി. ഇന്ന് രാവിലെ വന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു. നിർമല വീട്ടിലേക്ക് പോയി കാണുമെന്ന് ഞാൻ വിചാരിച്ചു. രണ്ട് പേരുടെയും വഴക്കും പിണക്കവും കഴിഞ്ഞു കാണില്ലെന്നും അതാകും വാതിൽ അടയ്ക്കാനൊക്കെ വിട്ട് പോയതെന്ന് ചിന്തിച്ചു ഞാൻ പോകാൻ തുടങ്ങുമ്പോഴാണ് കാര്യസ്ഥൻ പരമു പിള്ള ഇങ്ങോട്ട് വന്നത്.

അയാളോട് ഞാൻ അവര് തമ്മിൽ വഴക്കിട്ടതും രണ്ടാളേം ഇവിടെ കാണുന്നില്ല എന്നൊക്കെ പറഞ്ഞപ്പോൾ അന്വേഷിക്കാമെന്ന് എന്നോട് പറഞ്ഞു. ഇനിയിപ്പോ വന്ന സ്ഥിതിക്ക് മുറ്റം അടിച്ചു വാരിയിട്ട് പൊയ്ക്കോളാൻ പരമു പിള്ള എന്നോട് പറഞ്ഞു. മുറ്റവും തൊടിയുമൊക്കെ വൃത്തിയാക്കിയിട്ട് കൈയ്യും കാലും കഴുകാനാ ഞാൻ ഇങ്ങോട്ട് വന്നത്. അപ്പഴാ സാറെ നിർമല മോളെ ശരീരം കുളത്തിൽ....

എന്റെ നിലവിളി കേട്ട് കാര്യസ്ഥൻ ഓടി വന്നു. അയാൾ ഉടനെ തന്നെ മെമ്പറെ വിളിച്ചു വിവരം അറിയിച്ചു. അതാ സാറേ ഉണ്ടായത്. " തനിക്കറിയാവുന്ന കാര്യങ്ങൾ രാധമ്മ പോലീസിനോട് പറഞ്ഞു.

"നിങ്ങൾ പറഞ്ഞതൊക്കെ സത്യം തന്നെയല്ലേ."

"അതേ സാറേ..."

"കൂടുതൽ എന്തെങ്കിലും അറിയാനുണ്ടെങ്കിൽ ഞാൻ സ്റ്റേഷനിൽ വിളിപ്പിക്കും."

"ശരി സാറേ..."

സി ഐ ഷാനവാസ്‌ അടുത്തതായി ചോദ്യം ചെയ്തത് കാര്യസ്ഥനെയായിരുന്നു. ഇതിനിടയിൽ നിർമലയുടെ മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനായി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. 

പ്രഥമദൃഷ്ട്യ പോലീസിന് നിർമലയുടെ മരണം ആത്മഹത്യയായാണ് തോന്നിയത്. എങ്കിലും സംശയങ്ങൾ ബാക്കിയായി. മരണം ആത്മഹത്യയാണോ കൊലപാതകം തന്നെയാണോ എന്നത് ഉറപ്പിക്കണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരണം. രാധമ്മയെ ചോദ്യം ചെയ്തതിൽ നിന്ന് പോലിസ് എത്തിച്ചേർന്ന നിഗമനം സൂര്യനും നിർമലയും തമ്മിലുണ്ടായ വഴക്ക് അവളുടെ മരണത്തിലേക്ക് എത്തിച്ചുവെന്നാണ്. 

സൂര്യനെ ചോദ്യം ചെയ്യാൻ ശ്രമിച്ചെങ്കിലും നിർമല മരിച്ച ഷോക്കിൽ നിന്നും പുറത്ത് വരാത്തതിനാൽ അവൻ ചോദ്യം ചെയ്യലിന് പോലീസുമായി തീരെ സഹകരിച്ചില്ല. 

പ്രതിയെന്ന സംശയത്തിൽ വിശദമായ ചോദ്യം ചെയ്യലിനായി പോലിസ് സൂര്യന്റെ കൈയ്യിൽ വിലങ്ങു വച്ച് അവനെ അറസ്റ്റ് ചെയ്തു. ആൾക്കൂട്ടത്തിന് നടുവിലൂടെ സൂര്യനെ അവർ ജീപ്പിന് നേർക്ക് നടത്തിച്ചു.

അതോടെ നാട്ടുകാർക്ക് മുൻപിൽ സ്വന്തം ഭാര്യയെ കൊന്നവനെന്ന പേരും അവന് കിട്ടി. ആളുകളുടെ കൂക്കി വിളികളൊന്നും അവന്റെ കാതിൽ പതിഞ്ഞില്ല. ചുറ്റിലുമുള്ള കളിയാക്കലുകളോ കുറ്റപ്പെടുത്തലോ പരിഹാസമോ ഒന്നും തന്നെ സൂര്യൻ അറിഞ്ഞില്ല. അവന്റെ മനസ്സ് നിറയെ നിർമലയുടെ മുഖം മാത്രമായിരുന്നു. അവൾ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാൻ അവന് പ്രയാസം തോന്നി. 

കൈ വിലങ്ങണിഞ്ഞു പോലിസ് ജീപ്പിനുള്ളിൽ ഇരിക്കുമ്പോൾ സൂര്യൻ കണ്ടു, ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവുമായി അവനെ നോക്കി നിൽക്കുന്ന നീലിമയെ. സൂര്യൻ അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റിക്കളഞ്ഞു. പരമു പിള്ള അവനെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അവനൊന്നും കേട്ടില്ല. കണ്ണുനീർ വന്ന് കാഴ്ചയെ മറച്ചിരുന്നു. കാതുകൾ കൊട്ടിയടക്കപെട്ടിരുന്നു. 


സൂര്യന്റെ അസ്തമയം കാണാൻ കൊതിച്ചവർക്ക് സുഖമുള്ളൊരു കാഴ്ച്ചയായിരുന്നു അത്. 

🍁🍁🍁🍁🍁

സ്റ്റേഷനിൽ വച്ച് പോലീസുകാരുടെ ചോദ്യം ചെയ്യലിൽ സൂര്യൻ നിർവികാരനായി തന്നെ ഇരുന്നു. കലിപൂണ്ട പോലീസുകാർ അവനെ തലങ്ങും വിലങ്ങും തല്ലിയെങ്കിലും അവരുടെ ചോദ്യത്തിനൊന്നും അവൻ ഒരുത്തരവും പറഞ്ഞില്ല. അവന്റെ നിസ്സഹരകണം പോലീസുകാർക്ക് അവന്റെ മേലുള്ള സംശയം വർധിപ്പിക്കാൻ കാരണമായി. സൂര്യൻ, നിർമലയെ കൊലപ്പെടുത്തിയിട്ട് തങ്ങൾക്ക് മുന്നിൽ നാടകം കളിക്കുന്നതാണോന്ന് അവർക്ക് തോന്നി. 

അഭിഷേക് ലീവിൽ ആയിരുന്നത് കൊണ്ട് തന്നെ അവിടെ നടക്കുന്ന വിവരങ്ങളൊന്നും അവൻ അറിഞ്ഞില്ല. 

അമ്പാട്ട് പറമ്പിൽ സൂര്യ നാരായണന്റെ ഭാര്യ നിർമല ദുരൂഹ സാഹചര്യത്തിൽ തറവാട്ട് കുളത്തിൽ മരിച്ചു കിടന്നത് നാട് മുഴുവനും അറിഞ്ഞു. സൂര്യൻ തന്നെ അവളെ കൊലപ്പെടുത്തിയ രീതിയിലാണ് ചിലരുടെ സംസാരം. മറ്റ് ചിലർ ആത്മഹത്യയെന്നും വിധിയെഴുതി. സംഭവം അറിഞ്ഞയുടനെ നിർമലയുടെ വീട്ടുകാരും പല്ലാവൂരിൽ എത്തിച്ചേർന്നു. 

മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അവളുടെ വീട്ടുകാർ സൂര്യന് എതിരായി പോലീസിൽ മൊഴി കൊടുത്തു. അങ്ങനെ വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി പോലിസ്, സൂര്യനെ കസ്റ്റഡിയിൽ എടുത്തു.

കാര്യസ്ഥൻ പരമുപിള്ള സൂര്യന് വേണ്ടി ജാമ്യത്തിന് ശ്രമിച്ചെങ്കിലും അവൻ അതിനൊന്നും സമ്മതിച്ചില്ല. അവർക്കിടയിൽ എന്താ സംഭവിച്ചതെന്ന് പിള്ള എത്ര ചോദിച്ചിട്ടും അവൻ അയാളോടും ഒന്നും പറഞ്ഞില്ല.

"മോനെ... സൂര്യാ... നാട്ടുകാരും പോലീസിൽ ചിലരും പറയുന്നത് നീയാണ് നിർമലയെ കൊന്നതെന്നാ. അതല്ല നീ അവളോട് വഴക്കിട്ട് പിണങ്ങിയതിന്റെ പേരിൽ നിർമല ആത്മഹത്യ ചെയ്തുവെന്നും കേൾക്കുന്നു. 

സത്യം പുറത്ത് വരണമെങ്കിൽ നീ മൗനം വെടിഞ്ഞേ മതിയാകൂ. എന്താ സംഭവിച്ചതെന്ന് നീ എന്നോടെങ്കിലും തുറന്ന് പറയ്യ്. നീ അവളെ കൊല്ലുകയില്ലെന്ന് എനിക്കറിയാം. കൊച്ചു നാൾ മുതൽ നിന്നെ കാണുന്നതല്ലേടാ ഞാൻ. നിന്നെ എനിക്ക് വിശ്വാസ മോനെ." ജയിലിൽ അവനെ കാണാൻ വന്ന പരമുപിള്ള സൂര്യനോട് പറഞ്ഞു.

"നിർമല മരിക്കാൻ കാരണം ഞാനാ മാമാ... ഒരുനിമിഷം ഞാനവളെ അവിശ്വസിച്ചു... അതിന് അവളുടെ ജീവന്റെ വിലയുണ്ടായിരുന്നുവെന്ന് ഞാനറിഞ്ഞില്ല... ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി എന്നത് സത്യമാ... അതിന്റെ പേരിലാ എന്റെ നിർമല ജീവൻ വെടിയാൻ തീരുമാനിച്ചതെന്ന് എനിക്കുറപ്പാ. ഞാനില്ലാതെ അവൾക്ക് പറ്റില്ലാന്ന് തോന്നിക്കാണും. അതിന് ശിക്ഷയായി ഈ ജയിലഴിക്കുള്ളിൽ തന്നെ ഞാൻ കഴിഞ്ഞോളം. മാമൻ എനിക്ക് വേണ്ടി ഒന്നും ചെയ്യണ്ട. എനിക്ക് ജാമ്യത്തിൽ ഇറങ്ങുകയും വേണ്ട. എനിക്കിപ്പോ ജീവിക്കണം എന്ന് തന്നെ ആഗ്രഹമില്ല." പിള്ളയുടെ കൈകൾ കൂട്ടിപ്പിടിച്ചവൻ ഹൃദയം വിങ്ങി കരഞ്ഞു.

"മാമനോട് പറ മോനെ എന്താ ഉണ്ടായതെന്ന്."

"വേണ്ട മാമാ... ആരും ഒന്നും അറിയണ്ട... എന്റെ തെറ്റ് കൊണ്ടാ അവൾ മരിച്ചത്. അത്രേം അറിഞ്ഞ മതി മാമൻ. ഞാനവളെ ഒന്ന് വിശ്വസിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു. മാമൻ പൊയ്ക്കോ... എന്നെ രക്ഷിക്കാൻ ശ്രമിക്കണ്ട... ഇതെന്റെ വിധിയാണ്... എനിക്കൊരിക്കലും സമാധാനം നിറഞ്ഞ ജീവിതം കിട്ടില്ല..." 

"സൂര്യാ... ഇങ്ങനെയൊന്നും പറയല്ലേ മോനെ... മാമൻ പറയുന്നത് നീയൊന്ന് കേൾക്ക്. എല്ലാരും കൂടി നിന്നെ വീണ്ടും ചെയ്യാത്ത കുറ്റത്തിന് ജയിലിൽ അടയ്ക്കും."

"അടച്ചോട്ടെ മാമാ... ജീവിക്കണമെന്ന് പോലും എനിക്ക് ആഗ്രഹമില്ല... എനിക്കിനി എന്തൊക്കെ സംഭവിച്ചാലും നിർമലയുടെ നഷ്ടത്തിനോളം വലുതല്ല എനിക്കൊന്നും." 

താനിനി അവനോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായ പരമുപിള്ള ദുഃഖത്തോടെ അവിടുന്ന് പിൻവാങ്ങി.


നിർമല ആത്മഹത്യ ചെയ്യാൻ കാരണം താനാണല്ലോ എന്ന കുറ്റബോധത്തിൽ കോടതിയിൽ നിന്നും കിട്ടുന്ന എന്ത് ശിക്ഷയും ഏറ്റ് വാങ്ങാൻ തയ്യാറായിട്ടാണ് സൂര്യൻ നിൽക്കുന്നത്. 

നിർമലയ്ക്കൊപ്പം നിറമുള്ള ജീവിതം സ്വപ്നം കണ്ടവൻ ഇന്ന് ജീവിതം തന്നെ തകർന്ന് വീണ്ടും ജയിലിൽ അടയ്ക്കപ്പെട്ടു. ആദ്യമായി കഞ്ചാവ് കേസിൽ ജയിലിൽ പോയപ്പോൾ താൻ നേരിട്ട അതിക്രമങ്ങളൊക്കെ ഒരു നിമിഷം അവന്റെ മനസ്സിലൂടെ കടന്ന് പോയി.  എല്ലാം അവിടെ തീർന്നുവെന്ന് അവന് ഉറപ്പായി. അല്ലെങ്കിൽ തന്നെ ഇനി താൻ ആർക്ക് വേണ്ടിയാ ജീവിക്കേണ്ടത്. മെല്ലെ മെല്ലെ സൂര്യന്റെ മനസ്സ് മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]