ഹൃദയം: ഭാഗം 15
രചന: മുല്ല
ആളും ആരവങ്ങളും ആയി ദേവർമഠം തറവാട് ഇന്ന് ഒരു കല്യാണത്തിനായി ഒരുങ്ങുകയാണ്....
ഗൗതമിന്റെയും ദീപികയുടെയും വിവാഹം......
ദേവർമഠം ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ എല്ലാം...
വെളുപ്പിനെ തന്നെ അപ്പച്ചിയാണ് ദീപുവിനെ വന്നു വിളിച്ചത്... അവര് തന്നെ ആണ് അമ്മയുടെ സ്ഥാനത്തു നിന്ന് ഓരോന്നും അവൾക്കായി ചെയ്ത് കൊടുത്തതും... അനുവിനെ കൂടാതെ തനിക്ക് ഒരു മകളെ കൂടി കിട്ടിയ സന്തോഷത്തിൽ ആണ് അവർ...
വെളുപ്പിനെ അമ്പലത്തിൽ പോയി തൊഴുതു വന്നതും ദീപുവിനെ ഒരുക്കാൻ ആളുകൾ എത്തിയിരുന്നു....
കരിം ചുവപ്പ് കാഞ്ചിപുരം പട്ടുസാരിയിലും സ്വർണത്തിലും മൂടിയ തന്നെ കണ്ട് അവൾക്ക് തന്നെ അത്ഭുതം തോന്നി.... എല്ലാം മുത്തശ്ശിയുടെയും ഗൗതമിന്റെ അമ്മയുടെയും നിർബന്ധം ആയിരുന്നു... ഒരു രാജകുമാരിയെ പോലെ ഒരുക്കണം ദീപുവിനെ എന്നത്.....
ഓഫ് വൈറ്റ് സിൽക്ക് ഷർട്ടിലും സ്വർണ കസവുകര മുണ്ടിലും ഗൗതം ഒരുങ്ങി വന്നത് കണ്ട് ദീപു അവനെ തന്നെ നോക്കി നിന്നു പോയി....
ദക്ഷിണ കൊടുക്കുമ്പോൾ എല്ലാം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
ഞങ്ങളില്ലേ മോൾക്ക് എന്ന് പറഞ്ഞാണ് എല്ലാവരും അവളെ ആശ്വസിപ്പിച്ചത്....
ഓഡിറ്റോറിയത്തിൽ ചെന്നു ഇറങ്ങുമ്പോൾ ആരൊക്കെയോ വന്നിട്ടുണ്ട്....
ആദ്യം മണ്ഡപത്തിലേക്ക് കയറിയത് ഗൗതം ആയിരുന്നു.... ദീപുവിനെ അപ്പുറത്തേക്ക് കൊണ്ട് പോയി... ഒരുമിച്ച് താലവുമേന്തി വരാൻ ഉള്ള പെൺ കിടാങ്ങളും റെഡി ആയിരുന്നു....
മണ്ഡപത്തിൽ സൂര്യൻ ജ്വലിക്കുന്നത് പോലെ പുഞ്ചിരിയോടെ ഇരിക്കുന്ന ഗൗതമിനെ കണ്ട് രണ്ടു കണ്ണുകളിൽ അസൂയ നിറഞ്ഞിരുന്നു.... അത് മറ്റാരുമായിരുന്നില്ല.... യദു തന്നെ ആയിരുന്നു....
തന്റെ തറവാടിനെക്കാൾ പേരും പെരുമയും കേട്ട ദേവർമഠം തറവാട്ടിലെ ഗൗതമിനോട് ചെറുപ്പം മുതലേ സൗഹൃദം സ്ഥാപിച്ചു അവന്റെ നേട്ടങ്ങളും ഇഷ്ടങ്ങളും തകർക്കാൻ നടന്നു ... എല്ലായിടത്തും ഒന്നാമതായി ജയിച്ചു കേറുന്ന അവനെ ഒന്നുമല്ലാതാക്കാൻ താൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്... അവൻ ഒരു ചിരിയോടെ തനിക്ക് പലതും വിട്ട് തന്നിട്ടുണ്ട്... അവന്റെ ഇഷ്ട്ടം എന്ന് തോന്നിയ ദീപുവിനെ പോലും സ്വന്തമാക്കാൻ ശ്രമിച്ചത് അവനോടുള്ള തന്റെ ദേഷ്യം കൊണ്ട് മാത്രം ആയിരുന്നു.... അവന്റെ കണ്ണിൽ അവൾക്ക് വേണ്ടി വിരിഞ്ഞ പ്രണയം താൻ കണ്ടുപിടിച്ചു... അവളെ പറ്റി അന്വേഷിച്ചു കണ്ട് പിടിച്ചു... ഇത്തിരി കഷ്ടപ്പെട്ടിട്ട് ആണെങ്കിലും അവളെ കൊണ്ട് yes പറയിപ്പിച്ചു... അതിനും തന്റെ അടുത്ത് ട്രിക്ക് ഉണ്ടായിരുന്നു... അവളില്ലെങ്കിൽ താൻ സൂയിസൈഡ് ചെയ്യും എന്ന് പറഞ്ഞപ്പോൾ ആയിരുന്നു അവൾ തന്നോട് ഇഷ്ടം പറഞ്ഞത്... ആരും ഇല്ലാത്ത ഒരു പൊട്ടിപ്പെണ്ണ് ആയത് കൊണ്ട് തന്നെ താൻ ഒന്ന് പിണങ്ങുമ്പോഴേക്കും അവളുടെ മുഖം വാടുമായിരുന്നു... അന്ന് ഫ്ലാറ്റിൽ വെച്ച് നടന്നത് അവൾ കണ്ടില്ലായിരുന്നുവെങ്കിൽ ഇന്നും അവൾ തന്റെ പിന്നാലെ ഉണ്ടായിരുന്നെനെ... കൂടെ നടന്നിരുന്നപ്പോൾ താൻ കുറെ ശ്രമിച്ചതായിരുന്നു അവളെ ഒന്ന് എങ്ങനെയെങ്കിലും കിട്ടാൻ ... പക്ഷെ എങ്ങനെ ഒക്കെയോ അവൾ വഴുതി മാറി... അവളുടെ ദേഹത്തു ഒന്ന് അമർത്തുന്നത് പോലും അവൾക്ക് താല്പര്യം ഇല്ലായിരുന്നു... അപ്പോഴെല്ലാം തന്നോട് ദേഷ്യം കാണിക്കും... ഗൗതമിനെ കാണുമ്പോൾ ഒക്കെ അവളെ ചേർത്ത് പിടിച്ചു നടക്കുമെങ്കിലും അവൾക്ക് അതൊന്നും ഇഷ്ടപ്പെടുന്നില്ലെന്ന് അറിയാമായിരുന്നു... പക്ഷെ തന്റെ ലക്ഷ്യം അവനെ വേദനിപ്പിക്കുക എന്നതായിരുന്നു... അതുകൊണ്ട് തന്നെ ആണ് അവനോട് അവൾ എല്ലാ അർത്ഥത്തിലും തന്റെതായി എന്ന് നുണ പറഞ്ഞത്.... അവന്റെ മുഖത്ത് നിറയുന്ന വേദന കാണാൻ.... കണ്ടു... ആവോളം കണ്ട് ആസ്വദിച്ചു താൻ... അവൻ തന്റെ അടുത്ത് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കണ്ണു നിറഞ്ഞത് കണ്ട് ഉള്ളിൽ പൊട്ടിച്ചിരിച്ചു താൻ.... എന്നാലും ഒരു നോട്ടം കൊണ്ട് മാത്രം കണ്ടവളോട് ഇത്രയും പ്രണയമോ...
അല്ല താൻ എന്തിനാണ് ഇപ്പോൾ അവളെ പറ്റി ഓർക്കുന്നത്... അവളെ തള്ളിക്കളഞ്ഞതല്ലെ താൻ... ഒരിക്കൽ ബീച്ചിൽ വെച്ച് കണ്ടിരുന്നു ഇവനോടൊപ്പം പോകുന്ന അവളെ... ഇഷ്ട്ടം ആയിരുന്നു എന്ന് പറഞ്ഞിട്ടുണ്ടാകുമോ ഇവൻ... ഏയ്.... താൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞു എന്ന് പറഞ്ഞവളെ എന്തായാലും ഇവൻ സ്വീകരിക്കില്ല...
എങ്കിലും ഇവൻ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിന്റെ പേര് തന്നോട് പറഞ്ഞില്ലല്ലോ... ആരോരും ഇല്ലാത്ത ഒരു കുട്ടിയാണ് എന്ന് അമ്മ പറഞ്ഞിരുന്നു... ഇനിയിപ്പോൾ ദീപു ആയിരിക്കുമോ അത്.. ഏയ്.... ഇല്ല... ഒരിക്കലുമാവില്ല.... കാരണം തന്നോട് അവൾക്ക് ഉണ്ടായിരുന്നത് അഗാധമായ പ്രേമം ആയിരുന്നു... തന്നെ അല്ലാതെ മറ്റൊരാളെ തന്റെ സ്ഥാനത്ത് കാണാൻ കഴിയില്ലെന്ന് അവൾ തന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്... അങ്ങനെ ആണെങ്കിൽ അവൾ ഒരിക്കലും ഇവന് പിന്നാലെ പോകില്ല.... ഇത് മറ്റാരോ ആണ്... ദീപു ഇവന്റെ ഫ്രണ്ട് മാത്രം ആയിരിക്കും.... തന്നെ പറ്റി പറഞ്ഞിട്ടുണ്ടാവും ഇവനോട്... എന്നാലും തനിക്ക് ഒന്നുമില്ല... തനിക്ക് ഇവനോട് ആത്മാർത്ഥമായ ഫ്രണ്ട്ഷിപ്പോ അവളോട് ആത്മാർത്ഥമായ പ്രണയമോ ഉണ്ടായിരുന്നില്ലല്ലോ....
"ദേ യദു... പെണ്ണ് വരുന്നുണ്ട്....."
അവന്റെ അമ്മ പറഞ്ഞത് കേട്ട് തിരിഞ്ഞു നോക്കിയ യദു ഗൗതമിന്റെ പെണ്ണിനെ കണ്ട് വിശ്വസിക്കാനാവാതെ തറഞ്ഞു ഇരുന്നു പോയി....
"ദീപു....."
പതിയെ ഉരുവിട്ടു കൊണ്ടവൻ അവളുടെ പുഞ്ചിരിയും നാണവും നിറഞ്ഞു നിൽക്കുന്ന മുഖത്തേക്ക് നോക്കി..... പട്ടുസാരിയും ദേഹം മൂടുന്ന ആഭരണങ്ങളും അണിഞ്ഞു വരുന്നവളെ ഒരു ദേവതയെ പോലെ തോന്നിച്ചു.... ഇത് താൻ സ്നേഹിച്ചിരുന്ന ദീപു തന്നെ ആണോ... വല്ലാതെ മാറി പോയിരിക്കുന്നു അവൾ..... സാക്ഷിയെക്കാൾ സുന്ദരി.... അപ്പോൾ ഇവളെ ആണോ ഗൗതം കല്യാണം കഴിക്കാൻ പോകുന്നത്... ഇതെങ്ങനെ ശെരിയാകും.... അവളുടെ മുഖത്ത് ഒരു തരി സങ്കടം പോലും ഇല്ല.... സന്തോഷമാണ് മുഖം നിറയെ.... മുന്നോട്ട് നോക്കുന്ന അവളുടെ കണ്ണുകളിൽ ഗൗതമിനെ കണ്ടതും നാണവും.... സഹിക്കാൻ കഴിയുന്നില്ല.... അവന്റെ സന്തോഷവും അവളുടെ കണ്ണുകളിലെ പ്രണയവും തിളക്കവും....
"നല്ല ഐശ്വര്യം ഉള്ള കൊച്ച് അല്ലേ യദു ... ഞാൻ നിനക്ക് ഇത് പോലെ ഉള്ള ഒരു കുട്ടിയെ ആണ് ആഗ്രഹിച്ചേ യദു .... ഉണ്ണിക്ക് ഭാഗ്യം ഉണ്ട് ട്ടോ...."
അമ്മയുടെ പറച്ചിൽ അവന് അരോചകമായി തോന്നി...
"പിന്നേ... എന്ത് ഭാഗ്യം.... അതൊരു അനാഥ പെണ്ണല്ലേ...."
പുച്ഛത്തോടെ പറയുമ്പോഴും ഇച്ഛാഭംഗം അവനിൽ നിറഞ്ഞിരുന്നു....
"നീയിങ്ങനെ പുച്ഛിക്കണ്ട... അനാഥ ആവുന്നത് അവരുടെ കുറ്റം അല്ലല്ലോ ഒരിക്കലും.... ആരോരും ഇല്ലാത്ത ഒരു പെൺകുട്ടിക്ക് ജീവിതം കൊടുക്കുന്നത് നല്ലൊരു കാര്യം അല്ലേ.... ഉണ്ണിയുടെ നല്ല മനസ്സാ...."
തന്റെ അമ്മ പോലും ഗൗതമിന്റെയും ദീപുവിന്റെയും ഒപ്പമാണ് എന്ന് തോന്നിയ നിമിഷം അവന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞു....
എല്ലാവരെയും നോക്കി പുഞ്ചിരിച്ചു നടന്നു വന്ന ദീപുവും ആളുകൾക്കിടയിൽ തന്നെ നോക്കി ഇരിക്കുന്ന യദുവിനെ കണ്ട് ഒരു വേള അമ്പരന്നു... പിന്നെ അവന്റെ ഓരോ വാക്കുകളും അവൻ ചെയ്ത പ്രവൃത്തിയും ഓർക്കെ പുച്ഛത്തോടെ അവനെ നോക്കിയൊന്ന് ചിരിച്ചിട്ട് മുന്നോട്ട് നടന്നു..... യദുവിന്റെ തല ആദ്യമായി താഴ്ന്നു പോയി....
മണ്ഡപത്തിൽ ഗൗതമിന്റെ ചാരെ ഇരുന്നു ദീപു....
അവളെ നോക്കി പുഞ്ചിരിച്ച ഗൗതമിന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം തിളങ്ങി നിന്നു.... അവളും അവനെ നോക്കി പുഞ്ചിരിച്ചു... പ്രണയത്തോടെ....
'താലി കെട്ടിക്കോളൂ......"
പോറ്റിയുടെ ശബ്ദം ഉയർന്നതും ദീപുവിന്റെ കഴുത്തിലേക്ക് താലി ചാർത്തി കൊടുത്തു ഗൗതം.... മൂന്ന് കെട്ടും മുറുക്കി.... പ്രാർത്ഥനയോടെ കൈകൾ കൂപ്പി ഇരിക്കുമ്പോൾ ദീപുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... സിന്ദൂര രേഖ ചുവപ്പിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ഒരു ചുംബനമർപ്പിച്ചു അവൻ....
"കരയണ്ട പെണ്ണെ .... ഇനി ഞാനുണ്ട് നിനക്ക്...."
പുഞ്ചിരിയോടെ പറയുന്നവനെ നോക്കി നിറഞ്ഞൊന്ന് ചിരിച്ചു ദീപു..... അവൾ ഗൗതമിന്റെ നെഞ്ചിൽ കൈ വെച്ച് അവന്റെ അടുത്തേക്ക് അടുത്തു കൊണ്ട് അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി....
യദുവിന്റെ കണ്ണുകൾ നിറഞ്ഞു.... അവനോടുള്ള വാശിക്കാണെങ്കിലും മൂന്ന് വർഷം സ്നേഹിച്ചു കൊണ്ട് നടന്നവളാണ് .... എപ്പോഴൊക്കെയോ അവളോട് സ്നേഹം തോന്നിയിരുന്നു... എപ്പോഴൊക്കെയോ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടിരുന്നു... സാക്ഷി തന്റെ ജീവിതത്തിലേക്ക് വരും വരെ....
നഷ്ടബോധം എന്താണെന്ന് അവന് ആദ്യമായി മനസ്സിലായി... കണ്ണുകൾ ഒന്ന് തുടച്ചിട്ട് അവൻ അവിടെ നിന്നും എഴുന്നേറ്റു അവരെയൊന്നു നോക്കി പുറത്തേക്ക് നടന്നു..............കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]