ഖത്തറിൽ വൻ അട്ടിമറി: അർജന്റീനയെ 2-1ന് തകർത്ത് സൗദി അറേബ്യ, ഞെട്ടിത്തരിച്ച് ആരാധകർ

 

ഖത്തർ ലോകകപ്പിനെ ഞെട്ടിച്ച് ആദ്യ അട്ടിമറി. ലോക ചാമ്പ്യൻമാരാകാൻ വന്ന അർജന്റീനയെ സൗദി അറേബ്യയാണ് അട്ടിമറിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സൗദിയുടെ വിജയം. ആക്രമണാത്മക ഫുട്‌ബോൾ ഇരു ടീമുകളും കാഴ്ച വെച്ച മത്സരത്തിൽ ആർത്തലച്ചുവന്ന കാണികൾക്ക് മുന്നിൽ ജയം നേടാനാകാതെ മെസിയും സംഘവും തല താഴ്ത്തി മടങ്ങുകയായിരുന്നു

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. ഏഴാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് മെസി എടുക്കുന്നതിനിടെയാണ് സൗദി താരങ്ങൾ  പരേഡസിനെ ബോക്സിൽ വീഴ്ത്തിയത്. ഇതോടെ റഫറി പെനാൽറ്റി വിളിക്കുകയായിരുന്നു. കിക്ക് എടുത്ത മെസിക്ക് പിഴച്ചില്ല. അർജന്റീന ഒരു ഗോളിന് മുന്നിൽ.

22ാം മിനിറ്റിൽ മെസി വീണ്ടും ഗോൾ നേടിയെങ്കിലും ഓഫ് സൈഡായി. 28ാം മിനിറ്റിൽ മാർട്ടിനസും 35ാം മനിറ്റിൽ മാർട്ടിനസ് വീണ്ടും വല ചലിപ്പിച്ചെങ്കിലും ഇതും ഓഫ് സൈഡായി മാറി. ആദ്യ പകുതി 1-0ന് അവസാനിച്ചു

രണ്ടാം പകുതിയുടെ തുടക്കത്തിലെ അർജന്റീന ഞെട്ടി. 48ാം മിനിറ്റിൽ സലേ അൽ ഷെഹ്രിയൂടെ സൗദി സമനില പിടിച്ചു. എന്നാൽ ആരാധകരുടെ ചങ്കിടിപ്പ് കരച്ചിലിന് വഴിമാറാൻ അഞ്ച് മിനിറ്റ് കൂടിയേ വേണ്ടി വന്നുള്ളു. 53ാം മിനിറ്റിൽ സലീം അൽദസ്വാരി സൗദിയെ മുന്നിലെത്തിച്ചു. കളി 2-1

ഒരു ഗോളിന് പിന്നിലായതോടെ അർജന്റീന ആക്രമണം കടുപ്പിച്ചെങ്കിലും വിജയത്തിലേക്ക് എത്താൻ ഇത് പ്രാപ്തമായിരുന്നില്ല. സെക്കൻഡുകളുടെ വ്യത്യാസത്തിൽ സൗദി ബോക്‌സിലേക്ക് പന്തുകൾ എത്തിക്കൊണ്ടിരുന്നു. എന്നാൽ സൗദി പ്രതിരോധനിരയുടെയും ഗോളിയുടെയും പ്രകടനം ഇതെല്ലാം നിഷ്പ്രഭമാക്കുകയായിരുന്നു.