നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സ്, 13 പന്തിൽ ഫിഫ്റ്റി; തീക്കാറ്റായി യശസ്വി ജയ്‌സ്വാൾ

​​​​​​​

 

ഐപിഎൽ റെക്കോർഡുമായി രാജസ്ഥാന്റെ ഓപണർ യശസ്വി ജയ്‌സ്വാൾ. ഐപിഎല്ലിലെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോർഡാണ് രാജസ്ഥാൻ താരം സ്വന്തമാക്കിയത്. വെറും 13 പന്തിലാണ് ജയ്‌സ്വാൾ അർധ ശതകം തികച്ചത്. 14 പന്തിൽ ഫിഫ്റ്റി നേടിയ കെഎൽ രാഹുലിന്റെയും പാറ്റ് കമ്മിൻസിന്റെയും റെക്കോർഡാണ് ജയ്‌സ്വാൾ സ്വന്തം പേരിലാക്കിയത്

നേരിട്ട ആദ്യ പന്തിൽ തന്നെ സിക്‌സർ നേടി ജയ്‌സ്വാൾ വരാനിരിക്കുന്ന ബാറ്റിംഗ് വെടിക്കെട്ടിന്റെ സൂചന നൽകിയിരുന്നു. നിതീഷ് റാണ എറിഞ്ഞ ആറ് ഓവറിൽ രണ്ട് സിക്‌സ് ഉൾപ്പെടെ 26 റൺസാണ് ജയ്‌സ്വാൾ അടിച്ചുകൂട്ടിയത്. നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സ്. മൂന്നും നാലും ബോളുകൾ ബൗണ്ടറി. അഞ്ചാം ബോളിൽ രണ്ട് റൺസ്. അവസാന പന്തിൽ വീണ്ടും ബൗണ്ടറി എന്നിങ്ങനെയായിരുന്നു ആദ്യ ഓവറിലെ തന്നെ പ്രകടനം

വിജയലക്ഷ്യമായ 150 റൺസ് ജയ്‌സ്വാളിന്റെയും സഞ്ജുവിന്റെയും ബാറ്റിംഗ് മികവിൽ വെറും 13.1 ഓവറിലാണ് രാജസ്ഥാൻ മറികടന്നത്. അതേസമയം ജയ്‌സ്വാളിന് രണ്ട് റൺസ് അകലെ സെഞ്ച്വറി നഷ്ടമായി. 47 പന്തിൽ 12 ഫോറും അഞ്ച് സിക്‌സും ഉൾപ്പെടെ 98 റൺസുമായി ജയ്‌സ്വാൾ പുറത്താകാതെ നിന്നു. 29 പന്തിൽ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം സഞ്ജു 48 റൺസുമായും പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ നേരത്തെ പൂജ്യത്തിന് പുറത്തായിരുന്നു.