{"vars":{"id": "89527:4990"}}

ഖത്തറിനെതിരെ തകർപ്പൻ ജയം; ലോകകപ്പ് പ്രതീക്ഷകൾ സജീവമാക്കി ബോസ്നിയ, അഭിമാനമെന്ന് ഗോൾകീപ്പർ വാസിലി

 

​2026 ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബോസ്നിയ ആൻഡ് ഹെർസഗോവിന നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടത്തിൽ നേടിയ ഈ തകർപ്പൻ വിജയത്തോടെ ബോസ്നിയ അടുത്ത റൗണ്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടാനുള്ള സാധ്യത വർദ്ധിപ്പിച്ചു. ഇതോടെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി.

​മത്സരശേഷം സംസാരിച്ച ബോസ്നിയൻ ഗോൾകീപ്പർ നിക്കോള വാസിലി (Nikola Vasilj), സ്റ്റേഡിയത്തിൽ തങ്ങളെ പിന്തുണയ്ക്കാനെത്തിയ പതിനായിരക്കണക്കിന് ആരാധകർക്ക് നന്ദി അറിയിക്കുകയും ഇതൊരു ഫെന്റാസ്റ്റിക് അനുഭവമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

​ആരാധകരുടെ വൻ പങ്കാളിത്തം തങ്ങൾക്ക് സ്വന്തം നാട്ടിൽ കളിക്കുന്ന പ്രതീതിയാണ് ഉണ്ടാക്കിയതെന്നും ടീമിന്റെ പ്രകടനത്തിൽ ഏറെ അഭിമാനമുണ്ടെന്നും വാസിലി കൂട്ടിച്ചേർത്തു. മത്സരത്തിൽ 18 കാരനായ കെരിം അലാജ്ബെഗോവിച്ച്, എർമിൻ മഹ്മിച്ച് എന്നിവർ ബോസ്നിയക്കായി ഗോളുകൾ നേടിയപ്പോൾ സുൽത്താൻ അൽ-ബ്രേക്കിന്റെ വക ഒരു ഓൺ ഗോളും ടീമിന് തുണയായി. ഖത്തറിന്റെ ഏക ആശ്വാസ ഗോൾ ഹസൻ അൽ-ഹൈദോസ് നേടി. ഈ വിജയത്തോടെ ഗ്രൂപ്പിൽ 4 പോയിന്റോടെ ബോസ്നിയ മൂന്നാം സ്ഥാനത്തെത്തി.