{"vars":{"id": "89527:4990"}}

അഗാർക്കറുടെ കസേര ഇളകുന്നു; പകരം വരുന്നത് ഹേറ്റേഴ്സില്ലാത്ത ആ 'ഗ്രേറ്റ്' താരം? ബി.സി.സി.ഐ പുതിയ നീക്കത്തിലേക്ക്

 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ കാലാവധി സെപ്റ്റംബറിൽ അവസാനിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റിലെ ഹേറ്റേഴ്സ് ഇല്ലാത്ത താരമായിരുന്ന വി.വി.എസ്. ലക്ഷ്മൺ ആയിരിക്കും പകരക്കാരൻ എന്നാണ് സൂചന. നിലവിൽ ബെംഗളൂരുവിലെ സെന്‍റർ ഓഫ് എക്സലൻസ് മേധാവിയാണ് ലക്ഷ്മൺ. ഗൗതം ഗംഭീറിന്‍റെ അഭാവത്തിൽ വിദേശ പര്യടനങ്ങളിൽ സീനിയർ ടീമിനെ പരിശീലിപ്പിക്കുന്നതും ലക്ഷ്മൺ തന്നെയാണ്. ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലും അദ്ദേഹമായിരുന്നു മുഖ്യ പരിശീലകൻ.

ചീഫ് സെലക്റ്റർ സ്ഥാനത്ത് അഗാർക്കറുടെ കാലാവധി 2026 ജൂണിൽ അവസാനിച്ചതാണ്. ഇത് ബിസിസിഐ മൂന്നു മാസത്തേക്ക് നീട്ടിക്കൊടുത്തിരുന്നു. സെപ്റ്റംബറിൽ അവസാനിക്കുന്ന ഈ കാലാവധി അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെ ദീർഘിപ്പിക്കുമെന്നായിരുന്നു മുൻ ധാരണ.

എന്നാൽ, കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ ഏകദിന ടീമിലെ രോഹിത് ശർമയുടെ ഭാവിയെച്ചൊല്ലിയുണ്ടായ വിവാദങ്ങൾ അഗാർക്കറുടെ സ്ഥാനം ദുർബലമാക്കിയെന്നാണ് പുതിയ വിവരം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര രോഹിതിന്‍റെ അവസാന പരമ്പരയായിരിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രോഹിതിനെ ഭാവി പരമ്പരകളിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി, ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള ടീം മാനെജ്മെന്‍റുമായി ചർച്ച നടത്തിയിരുന്നുവെന്ന വാർത്തകളും വന്നു.

ലോർഡ്സിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാമത്തെ ഏകദിനം രോഹിതിന്‍റെ അവസാന മത്സരമായിരിക്കുമെന്ന വിവരം പുറത്തുവന്നതോടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. നിർണായക മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹിത് ശർമയുടെ ബാറ്റിനു മുന്നിൽ സെലക്റ്റർമാർക്കും ബിസിസിഐക്കും ഉത്തരമില്ലാതായി.

മൂന്നാം ഏകദിനത്തിന് തൊട്ടുമുൻപ് രോഹിതിനെ പുറത്താക്കാനുള്ള തീരുമാനം ചോർന്നതോടെ, അഗാർക്കറുമായി കൂടിയാലോചിക്കാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിശദീകരണം പുറത്തിറക്കുകയും ചെയ്തു.

രോഹിത് ഇന്ത്യൻ ഏകദിന ടീമിന്‍റെ സ്ഥിരാംഗമാണെന്നും പദ്ധതികളിൽ ഉള്ളിടത്തോളം കാലം അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുമെന്നും ലോർഡ്സ് ഏകദിനം അദ്ദേഹത്തിന്‍റെ അവസാന മത്സരമായിരിക്കില്ലെന്നും സൈകിയ അന്നു വ്യക്തമാക്കി.

അതേസമയം, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ പത്ത് മത്സരങ്ങളിൽ എട്ടിലും തോറ്റത് സംബന്ധിച്ച് വിലയിരുത്താൻ ബിസിസിഐ നിശ്ചയിച്ചിരുന്ന അവലോകന യോഗം ഇതുവരെ നടന്നിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം യോഗം ചേരാൻ തീരുമാനിച്ചിരുന്നെങ്കിലും, അതിനു ശേഷം സിംബാബ്‌വെ പര്യടനം പൂർത്തിയാക്കിയ ടീം ഇപ്പോൾ ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിക്കാൻ പോയിരിക്കുകയാണ്.