{"vars":{"id": "89527:4990"}}

അർജന്റീന ടീം മാനേജർ ഇന്ന് കലൂർ സ്റ്റേഡിയം സന്ദർശിക്കും; മെസിപ്പടയുടെ എതിരാളികളെയും തീരുമാനിച്ചു
 

 

ലോക ഫുട്‌ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ കേരളാ പര്യടനം സംബന്ധിച്ച മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിലേക്ക്. അർജന്റീന ടീം മാനേജർ ഡാനിയൽ പബ്രേര ഇന്ന് കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങളടക്കം വിലയിരുത്തും. ഉച്ചയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന അദ്ദേഹം കായിക മന്ത്രി വി അബ്ദുറഹ്മാനൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും

നവംബർ 15ന് അർജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 15നും 18നും ഇടയിലാകും മത്സരം നടക്കുക. ഒരാഴ്ച മുമ്പ് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. 

അതേസമയം അർജന്റീനയുടെ എതിരാളികളെ സംബന്ധിച്ചും ധാരണയായെന്നാണ് വിവരം. കൊച്ചിയിൽ അർജന്റീനക്കെതിരെ സൗഹൃദ മത്സരം കളിക്കുന്നത് ഓസ്‌ട്രേലിയ ആകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ലോക റാങ്കിംഗിൽ 25ാം സ്ഥാനത്തുള്ള ടീമാണ് ഓസ്‌ട്രേലിയ. ഖത്തർ ലോകകപ്പിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1 ന് അർജന്റീന വിജയിച്ചു.