ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ തന്നെ; ഇന്ത്യയുടെ മത്സരങ്ങൾക്ക് മറ്റൊരു വേദി കണ്ടെത്തും
 

 

സെപ്റ്റംബറിൽ നടക്കാനിരുന്ന ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ തന്നെ നടത്താൻ തീരുമാനം. ഇന്ത്യയുടെ മത്സരങ്ങൾ പാക്കിസ്ഥാന് പുറത്ത് നിഷ്പക്ഷ വേദിയിലാകും നടത്തുക. ഇന്ത്യ-പാക് ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള വലിയ തർക്കത്തിനൊടുവിലാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പുതിയ തീരുമാനം വന്നത്. 

പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന ബിസിസിഐയുടെ കടുംപിടിത്തത്തെ തുടർന്നാണ് ടൂർണമെന്റ് അനിശ്ചിതത്വത്തിലായത്. തുടർന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സമവായ നീക്കവുമായി രംഗത്തുവന്നത്. ആകെ 13 മത്സരങ്ങളുള്ള ടൂർണമെന്റിന്റെ വേദി പാക്കിസ്ഥാൻ തന്നെയായിരിക്കും. എന്നാൽ പാക്കിസ്ഥാനെതിരായ രണ്ട് ഗ്രൂപ്പ് മത്സരങ്ങളടക്കം ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു രാജ്യത്തേക്ക് മാറ്റും

യുഎഇ, ഒമാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയെയാണ് ഇന്ത്യൻ മത്സരങ്ങൾക്കുള്ള വേദിയായി പരിഗണിക്കുന്നത്. ഇതിൽ തീരുമാനം വൈകാതെ ഉണ്ടാകും. മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാണ് പ്രാഥമിക ഘട്ടത്തിൽ. ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ ഫോറിലെത്തും. 50 ഓവർ ഫോർമാറ്റിലാണ് മത്സരങ്ങൾ.