ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ 113 റൺസിന് ഓൾ ഔട്ട്; ഇന്ത്യക്ക് 115 റൺസ് വിജയലക്ഷ്യം

 

ഡെൽഹി ടെസ്റ്റിൽ ഇന്ത്യക്ക് 115 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 113 റൺസിന്റെ ഓൾ ഔട്ടായി. ഒരു റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സഹിതം 114 റൺസിന്റെ ലീഡാണ് ഓസ്‌ട്രേലിയക്കുള്ളത്. ഇതോടെയാണ് ഇന്ത്യക്ക് വിജയലക്ഷ്യം 115 റൺസായി മാറിയത്. ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയാണ് ഓസീസിനെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി

ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലാണ് ഓസീസ് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 52 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള ഒമ്പത് വിക്കറ്റുകളും ഓസീസിന് നഷ്ടമാകുകയായിരുന്നു. 43 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. ലാബുഷെയ്ൻ 35 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല

ഓസീസിന്റെ പത്ത് വിക്കറ്റും സ്വന്തമാക്കിയത് സ്പിന്നർമാരാണ്. ജഡേജ ഏഴും അശ്വിൻ മൂന്നും വിക്കറ്റ് സ്വന്തമാക്കി. രണ്ടിന്നിംഗ്‌സിലുമായി ജഡേജക്ക് പത്തും ആശ്വിന് ആറും വിക്കറ്റായി. രണ്ടാമിന്നിംംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഒരു റൺസെടുത്ത രാഹുലാണ് പുറത്തായത്. പൂജാരയും രോഹിതുമാണ് ക്രീസിൽ. ഇന്ത്യ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയിലാണ്‌