ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 152ന് പുറത്ത്; ഇംഗ്ലണ്ട് 110ന് ഓൾ ഔട്ട്, ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ
ആഷസ് പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം വീണത് 20 വിക്കറ്റുകൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 152 റൺസിന് എല്ലാവരും പുറത്തായി. അതേ നാണയത്തിൽ ഓസീസ് ബൗളർമാർ തിരിച്ചടിച്ചപ്പോൾ ഇംഗ്ലണ്ട് 110 റൺസിനും ഓൾ ഔട്ടായി.
ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 42 റൺസിന്റെ ലീഡും സ്വന്തമാക്കി. ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 4 റൺസ് എന്ന നിലയിലാണ്. ഓസ്‌ട്രേലിയക്ക് നിലവിൽ 46 റൺസിന്റെ ലീഡുണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് ഇന്ന് ബാറ്റ്‌സ്മാൻമാരുടെ ശവപ്പറമ്പായി മാറുന്ന കാഴ്ചയാണ് കണ്ടത്
രണ്ട് ടീമുകളിലും ഒരാൾക്ക് പോലും അർധ സെഞ്ച്വറി പോലും തികയ്ക്കാനായില്ല. 35 റൺസെടുത്ത മിച്ചൽ നെസറാണ് ഓസീസിന്റെ ടോപ് സ്‌കോറർ. 41 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഓസീസ് നിരയിൽ അഞ്ച് പേർ രണ്ടക്കം കാണാതെ പുറത്തായി. ഇംഗ്ലണ്ട് നിരയിൽ വെരും മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്
അഞ്ച് വിക്കറ്റെടുത്ത ജോഷ് ടങ്കിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ ഒന്നാമിന്നിംഗ്‌സിൽ 152 റൺസിന് തളയ്ക്കാനായത്. ഗസ് അറ്റ്കിൻസൺ രണ്ടും ബ്രയ്ഡൻ കേഴ്‌സ്, ബെൻ സ്‌റ്റോക്‌സ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ നെസർ നാല് വിക്കറ്റെടുത്തപ്പോൾ സ്‌കോട്ട് ബോളൻഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക് രണ്ടും കാമറൂൺ ഗ്രീൻ ഒരു വിക്കറ്റുമെടുത്തു