ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സിൽ വൻ ബാറ്റിംഗ് തകർച്ച; നാല് വിക്കറ്റുകൾ വീണു

 

ഡൽഹി ടെസ്റ്റിൽ ഇന്ത്യക്കും ഒന്നാമിന്നിംഗ്‌സിൽ ബാറ്റിംഗ് തകർച്ച. 100 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലാണ്. രോഹിത് ശർമ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, ശ്രേയസ് അയ്യർ എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്

സ്‌കോർ 46ൽ ആണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 17 റൺസെടുത്ത രാഹുലിനെ ലിയോൺ വിക്കറ്റിന് മുന്നിൽ കുരുക്കി. സ്‌കോർ 53ൽ രോഹിത് ശർമയെ ലിയോൺ ക്ലീൻ ബൗൾഡ് ചെയ്തു. ഒരു പന്തിന് ശേഷം പൂജാരയും ലിയോണിന് മുന്നിൽ മുട്ടുകുത്തി. സ്‌കോർ 66ൽ ശ്രേയസ്സും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ശ്രേയസ്സിന്റെ വിക്കറ്റും ലിയോൺ തന്നെയാണ് സ്വന്തമാക്കിയത്

ലഞ്ചിന് പിരിയുമ്പോൾ വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. കോഹ്ലി 14 റൺസും ജഡേജ 15 റൺസുമെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 263 റൺസാണ് എടുത്തത്. ഇന്ത്യ ഇപ്പോഴും ഓസീസ് സ്‌കോറിനേക്കാൽ 175 റൺസ് പിന്നിലാണ്‌