വിവാദ വെളിപ്പെടുത്തലുകൾ; ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ രാജിവെച്ചു
 

 

ഒളിക്യാമറയിൽ കുടുങ്ങി വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ചേതൻ ശർമ രാജിവെച്ചു. ഓസ്‌ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് രാജി. ദേശീയ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ പശ്ചാത്തലത്തിലാണ് രാജി. ചേതൻ ശർമയുടെ രാജി ബിസിസിഐ സെക്രട്ടറി ജയ് ഷാ അംഗീകരിച്ചിട്ടുണ്ട്

ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ മാറ്റിയെങ്കിലും ചേതൻ ശർമയെ കഴിഞ്ഞ മാസം വീണ്ടും മുഖ്യ സെലക്ടറായി ബിസിസിഐ തെരഞ്ഞെടുത്തിരുന്നു

ഇതിന് പിന്നാലെയാണ് ഒളിക്യാമറ ഓപറേഷൻ വന്നത്. ഇന്ത്യൻ സീനിയർ താരങ്ങളടക്കം മത്സരത്തിനിറങ്ങുമ്പോൾ കായികക്ഷമത ഉറപ്പുവരുത്താൻ കുത്തിവെപ്പ് എടുക്കാറുണ്ടെന്നും ഇത് ഉത്തേജക പരിശോധനയിൽ കണ്ടെത്താനാകില്ലെന്നും ചേതൻ ശർമ വെളിപ്പെടുത്തിയിരുന്നു. പല താരങ്ങളും തന്നെ വീട്ടിൽ വന്ന് കാണാറുണ്ടെന്നും ക്യാപ്റ്റൻസിക്കായി ഹാർദിക് പാണ്ഡ്യ തന്നെ വന്ന് കണ്ടിരുന്നുവെന്നും ചേതൻ ശർമ ഒളിക്യാമറയിൽ വെളിപ്പെടുത്തിയിരുന്നു.