ആഷസിൽ ഇംഗ്ലണ്ട് 172ന് ഒന്നാമിന്നിംഗ്‌സിൽ പുറത്ത്; ഓസ്‌ട്രേലിയയുടെ തുടക്കവും ഞെട്ടലോടെ
ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും പെർത്തിലെ പിച്ചിൽ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളാകെ പാളുകയായിരുന്നു. സ്‌കോർ ബോർഡ് തുറക്കും മുമ്പ് തന്നെ ഇംഗ്ലണ്ടിന് ഓപണർ സാക്ക് ക്രൗളിയെ നഷ്ടമായി.
പിന്നീടിങ്ങോട് കൃത്യമായ ഇടവേളകളിൽ ഓസീസ് ബൗളർമാർ സ്‌ട്രൈക്ക് ചെയ്തതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 32.5 ഓവറിൽ 172 റൺസിന് തീർന്നു. 52 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറർ. ഏകദിന ശൈലിയിലായിരുന്നു പലരും ബാറ്റേന്തിയത്
ഒലി പോപ് 46 റൺസും ജെയ്മി സ്മിത്ത് 33 റൺസും ബെൻ ഡക്കറ്റ് 21 റൺസുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല. ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് 6 റൺസിന് വീണപ്പോൾ ജോ റൂട്ട് പൂജ്യത്തിൽ മടങ്ങി.
7 വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തകർത്തത്. ബ്രൻഡൻ ഡക്കറ്റ് രണ്ട് വിക്കറ്റും കാമറോൺ ഗ്രീൻ ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്കും ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. നേരിട്ട രണ്ടാം പന്തിൽ തന്നെ ജേക്ക് വെതറാൾഡ് വീണു. ആർച്ചർക്കാണ് വിക്കറ്റ്. ലാബുഷെയ്‌നും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ