{"vars":{"id": "89527:4990"}}

ഇറാനെ പുറത്താക്കാൻ ഒത്തുകളി; ലോകകപ്പിനെ ഞെട്ടിച്ച് അൾജീരിയൻ ക്യാപ്റ്റന്റെ വാക്കുകൾ: വിവാദം പുകയുന്നു

 

ലോകകപ്പിൽ ഇറാനെ പുറത്താക്കാൻ വേണ്ടി അൾജീരിയയും ഓസ്ട്രിയയും തമ്മിൽ ഒത്തുകളിച്ചെന്ന ആരോപണങ്ങൾക്ക് ശക്തി പകർന്ന് അൾജീരിയൻ ക്യാപ്റ്റൻ റിയാദ് മഹ്‌റെസിന്റെ വാക്കുകൾ. ഇരു ടീമുകളും തമ്മിൽ നടന്ന മത്സരം 3-3 എന്ന സ്കോറിൽ സമനിലയിൽ അവസാനിച്ചതോടെയാണ് ഒത്തുകളി ആരോപണം ഉയർന്നത്. ഈ സമനിലയോടെ അൾജീരിയയും ഓസ്ട്രിയയും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുകയും ഇറാന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു.

​മത്സരത്തിൽ ഓസ്ട്രിയ ജയിച്ചിരുന്നെങ്കിൽ ഇറാന് നോക്കൗട്ടിലേക്ക് മുന്നേറാമായിരുന്നു. എന്നാൽ അൾജീരിയൻ ക്യാപ്റ്റന്റെ വെളിപ്പെടുത്തലുകൾ ഇറാൻ ആരാധകരുടെ സംശയങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. മത്സരത്തിൽ ഓസ്ട്രിയൻ കളിക്കാർ വേണ്ടത്ര പ്രതിരോധശ്രമം നടത്തിയിരുന്നില്ലെന്നും, അതാണ് തന്റെ രണ്ടാമത്തെ ഗോളിലേക്ക് നയിച്ചതെന്നുമാണ് മഹ്റെസ് വ്യക്തമാക്കിയത്. ഇതൊരു വിചിത്രമായ സാഹചര്യമായിരുന്നെന്നും എന്നാൽ ഫുട്ബോളിനെ ബഹുമാനിക്കേണ്ടതു കൊണ്ടാണ് താൻ ഗോൾ നേടാൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുവിൽ ഇരുടീമുകളും യോഗ്യത നേടിയതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും മഹ്റെസ് പറഞ്ഞു.

​അതേസമയം, മത്സരത്തിലെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളുടെയും പെരുമാറ്റം ഒത്തുകളിയുടെ ലക്ഷണമാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ഇഞ്ചുറി ടൈമിൽ റിയാദ് മഹ്റെസ് ഗോൾ നേടുന്നതിന് തൊട്ടുമുൻപ് എതിരാളികളിൽ നിന്നും യാതൊരു സമ്മർദ്ദവുമില്ലാതെ ഇരു ടീമുകളും ചേർന്ന് 110 പാസുകളാണ് പൂർത്തിയാക്കിയത്. കൂടാതെ, ഗോൾ അടിച്ചതിന് ശേഷം അൽജീരിയൻ പ്രതിരോധ താരം ഐസ മാൻഡി വായ കൈകൊണ്ട് മറച്ചുപിടിച്ച് റിയാദിനോട് സംസാരിക്കുന്നതിന്റെയും, ഓസ്ട്രിയൻ താരം മാർക്കോ അർനാട്ടോവിച്ച് ദേഷ്യത്തോടെ അൽജീരിയൻ ബെഞ്ചിനടുത്തേക്ക് എത്തുന്നതിന്റെയും ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.

​ഇരു ടീമുകളും ഒത്തുകളിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനും ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ഓസ്ട്രിയൻ ഹെഡ് കോച്ച് റാൽഫ് റാങ്‌നിക് പൂർണ്ണമായും നിഷേധിച്ചു. അവസാന നിമിഷങ്ങളിൽ പിറന്ന ഗോളുകൾ ഇരു ടീമുകളും ജയിക്കാനായി എത്രത്തോളം പോരാടി എന്നതിന്റെ തെളിവാണെന്നാണ് അദ്ദേഹത്തിന്റെ വാദം.