ഫുട്‌ബോൾ എല്ലാക്കാലത്തും നീതി കാണിക്കില്ല; രാജ്യാന്തര ഫുട്‌ബോളിൽ നിന്നും വിരമിച്ച് സെർജിയോ റാമോസ്
 

 

സ്‌പെയിൻ മുൻ നായകൻ സെർജിയോ റാമോസ് രാജ്യാന്തര ഫുട്‌ബോളിൽ നിന്നും വിരമിച്ചു. സ്‌പെയിനിന് വേണ്ടി 18 വർഷം ദേശീയ ടീമിലുണ്ടായിരുന്ന റാമോസ് 180 മത്സരങ്ങളിൽ ബൂട്ട് കെട്ടി. 2010ൽ ലോകകപ്പ് നേടിയ സ്‌പെയിൻ ടീമിൽ അംഗമായിരുന്നു. 

സ്‌പെയിൻ പരിശീലകൻ ലൂയിസ് എന്റിക്വയുടെ ഭാവി പദ്ധതികളിൽ താൻ ഭാഗമല്ലെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നതെന്ന് 36കാരനായ താരം പറഞ്ഞു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് റാമോസ് തന്റെ വിരമിക്കൽ അറിയിച്ചത്. 

ദേശീയ ടീം പരിശീലകൻ ഇന്ന് എന്നെ വിളിച്ചിരുന്നു. എത്ര മികച്ച പ്രകടനം കാഴ്ചവെച്ചാലും അദ്ദേഹത്തിന്റെ ഭാവി പദ്ധതികളിൽ ഞാനുണ്ടാകില്ലെന്ന് പറഞ്ഞു. 18 വർഷമായി രാജ്യത്തിനായി കളിക്കുന്ന താരമെന്ന നിലയിൽ വിരമിക്കാനുള്ള തീരുമാനം എടുക്കാനുള്ള അവകാശം എനിക്ക് നൽകാമായിരുന്നു. ഞാനത് അർഹിച്ചിരുന്നു. പ്രായം മാത്രമല്ല, പ്രകടനവും കഴിവും കൂടി കണക്കിലെടുക്കും

ഈ പ്രായത്തിലും മോഡ്രിച്ചിന്റെയും മെസിയുടെയും പെപ്പെയുടെയും എല്ലാം പ്രകടനങ്ങളെ ഞാൻ ആദരിക്കുന്നു. എന്നാൽ എന്റെ കാര്യത്തിൽ അത് അങ്ങനെയായില്ല. കാരണം ഫുട്‌ബോൾ എല്ലാക്കാലത്തും നീതി കാണിക്കില്ല. റാമോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു