പാകിസ്താനിൽ നിന്ന് ലോകകപ്പ് മൈതാനങ്ങളിലേക്ക്; സാങ്കേതികവിദ്യയുമായി 2026 ലോകകപ്പ് പന്ത് അഡിഡാസ് ട്രിയോണ്ട
ഫുട്ബോൾ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോൾ ജർമ്മൻ കായിക ഉൽപന്ന നിർമ്മാതാക്കളായ അഡിഡാസ് പുറത്തിറക്കിയത് 2025 ഒക്ടോബർ 2 നാണ്. 'അഡിഡാസ് ട്രിയോണ്ട' (Adidas Trionda) എന്നാണ് ഈ പന്തിന് പേര്. 1970 മുതൽ ലോകകപ്പിനുള്ള പന്തുകൾ രൂപകൽപ്പന ചെയ്യുന്ന അഡിഡാസ്, ഇത്തവണ അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും മികച്ച ഡൈനാമിക്സ് സവിശേഷതകളുടെയും അകമ്പടിയോടെയാണ് ട്രിയോണ്ടയെ മൈതാനത്തിറക്കുന്നത്.
എന്താണ് 'ട്രിയോണ്ട'?
സ്പാനിഷ് ഭാഷയിലെ "ത്രീ വേവ്സ്" അല്ലെങ്കിൽ "മൂന്ന് തരംഗങ്ങൾ" എന്ന വാക്കിൽ നിന്നാണ് 'ട്രിയോണ്ട' എന്ന പേര് രൂപപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ - കാനഡ, മെക്സിക്കോ, അമേരിക്ക - സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് എന്ന സവിശേഷതയെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. മൂന്ന് രാജ്യങ്ങളുടെയും സാംസ്കാരിക ഐക്യവും ഫുട്ബോൾ ആവേശവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ.
നിറങ്ങൾ: കാനഡ, മെക്സിക്കോ, യുഎസ്എ എന്നീ രാജ്യങ്ങളുടെ ദേശീയ പതാകകളെ അനുസ്മരിപ്പിക്കുന്ന ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ പന്തിൽ സമന്വയിപ്പിച്ചിട്ടുണ്ട്.
രാജ്യങ്ങളുടെ ചിഹ്നങ്ങൾ: കാനഡയുടെ 'മേപ്പിൾ ലീഫ്', മെക്സിക്കോയുടെ 'ഈഗിൾ', അമേരിക്കയുടെ 'നക്ഷത്രം' എന്നിവയും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. കൂടാതെ ഫിഫ ലോകകപ്പ് ട്രോഫിയോടുള്ള ആദരസൂചകമായി സുവർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളും പന്തിലുണ്ട്.
ഫോർ-പാനൽ ഘടന
മുൻ ലോകകപ്പ് പന്തുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ട്രിയോണ്ടയുടെ ഘടന. വെറും നാല് പാനലുകൾ മാത്രം, തെർമൽ ബോണ്ടിംഗ് വഴി ഒട്ടിച്ച് ചേർത്താണ് ട്രിയോണ്ട നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പാനലുകൾ ഉപയോഗിക്കുന്ന പന്ത് എന്ന സവിശേഷതയും ഇതിനുണ്ട്. പന്തിന്റെ ഉപരിതലത്തിൽ ബോധപൂർവ്വം നൽകിയിരിക്കുന്ന ആഴത്തിലുള്ള തുന്നലുകളും സൂക്ഷ്മമായ വരകളും പന്ത് വായുവിൽ സഞ്ചരിക്കുമ്പോൾ മികച്ച ഇൻഫ്ലൈറ്റ് സ്റ്റെബിലിറ്റി ഉറപ്പാക്കുന്നുണ്ട്. മഴയുള്ളപ്പഴോ ഈർപ്പമുള്ള സാഹചര്യങ്ങളിലോ കളിക്കാർക്ക് പന്ത് ഡ്രിബിൾ ചെയ്യാനും ഷൂട്ട് ചെയ്യാനും കൂടുതൽ ഗ്രിപ്പ് നൽകുന്ന രീതിയിലാണ് ഇതിന്റെ പുറംഭാഗം നിർമ്മിച്ചിരിക്കുന്നത്.
വിധികർത്താക്കളെ സഹായിക്കാൻ 'കണക്റ്റഡ് ബോൾ ടെക്നോളജി'
2022 ലോകകപ്പിലെ പോലെ തന്നെ കളിയിലെ കൃത്യത ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതികവിദ്യ ട്രിയോണ്ടയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.500Hz മോഷൻ സെൻസർ ചിപ്പ് പന്തിന്റെ ഉള്ളിൽ ഘടിപ്പിച്ചിട്ടുണ്ട്. ഈ അത്യാധുനിക ചിപ്പ് പന്തിന്റെ ഓരോ ചലനവും കൃത്യമായി രേഖപ്പെടുത്തും. മൈതാനത്ത് പന്ത് ചലിക്കുന്ന വേഗതയും ദിശയും സംബന്ധിച്ച തത്സമയ വിവരങ്ങൾ ഈ ചിപ്പ് വഴി വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സിസ്റ്റത്തിലേക്ക് സെക്കൻഡുകൾക്കകം കൈമാറും. ഇത് ഓഫ്‌സൈഡ് പോലുള്ള തീരുമാനങ്ങൾ വളരെ വേഗത്തിലും കൃത്യതയോടും കൂടി എടുക്കാൻ മാച്ച് ഒഫീഷ്യൽസിനെ സഹായിക്കും.
നിർമ്മാണം പാകിസ്താനിൽ
ഫുട്ബോൾ നിർമ്മാണ രംഗത്ത് ലോകപ്രശസ്തമായ പാകിസ്താനിലെ സിയാൽകോട്ടിലുള്ള 'ഫോർവേഡ് സ്പോർട്സ്' എന്ന കമ്പനിയാണ് അഡിഡാസിന് വേണ്ടി ട്രിയോണ്ട നിർമ്മിക്കുന്നത്. 2022 ലോകകപ്പിലെ 'അൽ രിഹ്‌ല' എന്ന പന്ത് നിർമ്മിച്ചതും ഇതേ കമ്പനിയായിരുന്നു. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ മെക്സിക്കോ, കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളിൽ നടക്കുന്ന ആവേശപ്പോരാട്ടങ്ങളിൽ ഈ 'ട്രിയോണ്ട' പന്തായിരിക്കും വലകുലുക്കാൻ തരംഗമായി മാറുന്നത്.