{"vars":{"id": "89527:4990"}}

കളിച്ചത് വെറും 4 മത്സരങ്ങൾ: റൺവേട്ടയിൽ 11ാമൻ, ഇന്ത്യൻ താരങ്ങളിൽ മൂന്നാമൻ; കംപ്ലീറ്റ് സഞ്ജു ഷോ

 

വെറും രണ്ടേ രണ്ട് മത്സരങ്ങളിലെ പ്രകടനം കൊണ്ട് 2026 ടി20 ലോകകപ്പ് താരമായി സഞ്ജു സാംസൺ മാറി. നിർണായകമായ രണ്ട് മത്സരങ്ങൾ, അതും ഡു ഓർ ഡൈ മാച്ചുകളിൽ ടീമിനെ സ്വന്തം ചുമലിലേറ്റി മുന്നോട്ടു കൊണ്ടു പോകാൻ സഞ്ജുവിന് സാധിച്ചു. ക്വാർട്ടർ ഫൈനലിന് തുല്യമായ സൂപ്പർ 8ലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ പ്രകടനം ഇന്ത്യയെ സെമിയിൽ എത്തിച്ചെങ്കിൽ ഇന്നലെ സെമിയിൽ നടത്തിയ പ്രകടനം ഇന്ത്യയെ കലാശപ്പോരിലേക്കും സഞ്ജു എത്തിച്ചു

ഈ ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യയുടെ ഫസ്റ്റ് ഇലവനിൽ പോലും ഇല്ലാതിരുന്ന താരമാണ് സഞ്ജു. കളിച്ചത് വെറും നാല് മത്സരങ്ങൾ മാത്രം. എന്നാൽ ലോകകപ്പിലെ റൺവേട്ടക്കാരിൽ 11ാം സ്ഥാനത്ത് എത്താൻ ഈ നാല് മത്സരങ്ങൾ കൊണ്ട് മാത്രം സഞ്ജുവിന് സാധിച്ചു. മാത്രമല്ല, ഏറ്റവും കൂടുതൽ റൺസ് എടുത്ത ഇന്ത്യൻ താരങ്ങളിൽ മൂന്നാമനാണ്‌ സഞ്ജു. നാല് മത്സരങ്ങളിൽ നിന്നായി 232 റൺസാണ് സഞ്ജു സ്വന്തമാക്കിയത്

വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസാണ് സഞ്ജുവിന്റെ ഉയർന്ന സ്‌കോർ. ഇന്നലെ സെമിയിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും സഞ്ജു നേടിയിരുന്നു. 77.33 ശരാശരിയാണ് സഞ്ജുവിനുള്ളത്. 201.73 ആണ് സ്‌ട്രൈക്ക് റേറ്റ്. ലോകകപ്പിൽ ഫിൻ അലിന് പിന്നിൽ ഏറ്റവും കൂടുതൽ സ്‌ട്രൈക്ക് റേറ്റുള്ള താരവും സഞ്ജുവാണ്. 16 സിക്‌സുകളും നാല് മത്സരങ്ങളിൽ നിന്നായി സഞ്ജു പറത്തി

383 റൺസുള്ള പാക്കിസ്ഥാന്റെ ഷാഹിബ്‌സദ ഫർഹാനാണ് റൺവേട്ടക്കാരിൽ ഒന്നാമത്. സിംബാബ് വെയുടെ ബ്രയൻ ബെന്നറ്റ് 292 റൺസുമായി രണ്ടാമതും ഇംഗ്ലണ്ടിന്റെ ഫിൻ അലൻ 289 റൺസുമായി മൂന്നാമതുമുണ്ട്. ഇഷാൻ കിഷൻ 263 റൺസുമായി ഏഴാം സ്ഥാനത്തും 242 റൺസുമായി സൂര്യകുമാർ യാദവ് ഒമ്പതാം സ്ഥാനത്തുമുണ്ട്.