വിനേഷ് ഫോഗട്ടിന് വൻ ആശ്വാസം; ഏഷ്യൻ ഗെയിംസ് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് വലിയ ആശ്വാസം. റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (WFI) കടുത്ത എതിർപ്പുകളെയും വിലക്കിനെയും മറികടന്ന്, വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ കോടതി വിനേഷിന് അനുമതി നൽകി. മെയ് 30, 31 തീയതികളിൽ നടക്കുന്ന ട്രയൽസിൽ വിനേഷിനെ പങ്കെടുപ്പിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
പ്രസവത്തെത്തുടർന്ന് (Maternity Leave) കളിയിൽ നിന്ന് താൽക്കാലിക ഇടവേള എടുത്ത വിനേഷ് ഫോഗട്ടിനെ യോഗ്യതയില്ലെന്ന് കാണിച്ച് ട്രയൽസിൽ നിന്ന് മാറ്റിനിർത്താനായിരുന്നു ഡബ്ല്യു.എഫ്.ഐയുടെ ശ്രമം. എന്നാൽ ഫെഡറേഷന്റെ ഈ നയം വിവേചനപരവും കായികതാരങ്ങളെ പുറന്തള്ളുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു. മാതൃത്വത്തിന്റെ പേരിൽ വനിതാ കായികതാരങ്ങളെ മാറ്റിനിർത്താനോ പാർശ്വവത്കരിക്കാനോ കഴിയില്ലെന്നും ഒരു സ്ത്രീ കടന്നുപോകുന്ന ശാരീരിക വെല്ലുവിളികളെ കായിക സംഘടനകൾ മനസ്സിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
കൂടാതെ പാരീസ് ഒളിമ്പിക്സിലെ അയോഗ്യതയുടെ പേരിൽ വിനേഷിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ ഫെഡറേഷന്റെ നടപടിയെ 'പ്രതികാരബുദ്ധിയോടെയുള്ളത്' എന്ന് കോടതി രൂക്ഷമായി വിമർശിച്ചു.
സുതാര്യത ഉറപ്പാക്കാൻ കോടതി നിർദ്ദേശങ്ങൾ:
- മെയ് 30, 31 തീയതികളിൽ നടക്കുന്ന സെലക്ഷൻ ട്രയൽസ് പൂർണ്ണമായും വീഡിയോയിൽ പകർത്തണം.
- സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI), ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) എന്നിവയിൽ നിന്നുള്ള രണ്ട് സ്വതന്ത്ര നിരീക്ഷകർ ട്രയൽസ് നേരിട്ട് വിലയിരുത്തി കോടതിക്ക് റിപ്പോർട്ട് നൽകണം.
ഈ വിധിയോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള വിനേഷ് ഫോഗട്ടിന്റെ പ്രതീക്ഷകൾക്ക് പുതിയ ജീവൻ ലഭിച്ചിരിക്കുകയാണ്.